ഭാരതത്തില്‍ മുസ്ലിം മതവിശ്വാസികള്‍ അപകടത്തിലാണെന്നും അവരെ സംരക്ഷിക്കാന്‍ പ്രത്യേക രാഷ്ട്രീയ അജണ്ട വേണമെന്നുമുള്ള വാദങ്ങള്‍ക്ക് ചുരുങ്ങിയ പക്ഷം ഒരു നൂറ്റാണ്ടെങ്കിലും പഴക്കമുണ്ട്. സാമ്രാജ്യത്വ ശക്തിയായിരുന്ന ബ്രിട്ടനാണ് ഈ വാദം ആദ്യമുയര്‍ത്തിയത്. ഹിന്ദു-മുസ്ലിം വേര്‍തിരിവ് സൃഷ്ടിക്കാനും ഭാരതീയര്‍ എന്ന നിലയിലുള്ള ഐക്യബോധം ദുര്‍ബലമാക്കാനുമാണ് ബ്രിട്ടന്‍ അതുവഴി ലക്ഷ്യമിട്ടത്.
ഭിന്നിപ്പിച്ചു ഭരിക്കുക (Divide and Rule)എന്ന പേരിലാണ് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ ബ്രിട്ടന്റെ ഈ തന്ത്രത്തെ ഇപ്പോള്‍ പഠിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന രാംസെ മക്‌ഡൊണാള്‍ഡ് അവരുടെ പാര്‍ലമെന്റില്‍ തന്നെ ഇക്കാര്യം തുറന്നു സമ്മതിച്ചിട്ടുണ്ട്. ഭിന്നിപ്പിച്ച് കീഴടക്കല്‍ (Divide and Conquer) ഇന്ത്യയില്‍ ഒരു രാഷ്ട്രീയ നയമെന്ന രീതിയില്‍ നാം നടപ്പാക്കുകയാണെന്ന് മക്‌ഡൊണാള്‍ഡ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ 1932 ല്‍ നടത്തിയ പ്രസംഗത്തില്‍ പറയുന്നു.
1932 ല്‍ രാംസെ മക്‌ഡൊണാള്‍ഡ് ഇന്ത്യക്കു വേണ്ടി അവതരിപ്പിച്ച കമ്യൂണല്‍ അവാര്‍ഡ് ഈ നയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഇന്ത്യന്‍ നിയോജക മണ്ഡലങ്ങളെ ജാതീയമായും മതപരമായും വേര്‍തിരിക്കാനുള്ള തീരുമാനമായിരുന്നു അത്. മുസ്ലിം, ബുദ്ധ, ക്രൈസ്തവ വിഭാഗങ്ങളുള്‍പ്പെടെയുള്ള മത ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം കൂട്ടണം എന്ന ലക്ഷ്യമാണ് ബ്രിട്ടന്‍ പരസ്യമായി പ്രഖ്യാപിച്ചത്. യഥാര്‍ത്ഥത്തില്‍ മതസ്പര്‍ദ്ധയും ഭിന്നതയും സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.
ഇന്ത്യന്‍ ക്രിസ്ത്യന്‍, ആംഗ്ലോ ഇന്ത്യന്‍, യൂറോപ്യന്‍, ആദിവാസി, ദളിത്, മുന്നാക്ക വിഭാഗങ്ങള്‍ എന്നിങ്ങനെയെല്ലാം മണ്ഡലങ്ങള്‍ വിഭജിക്കപ്പെട്ടു. 1930-32 കാലത്ത് നടന്ന വട്ടമേശ സമ്മേളനങ്ങളുടെ തുടര്‍ച്ചയായിരുന്നു കമ്മ്യൂണല്‍ അവാര്‍ഡ്. 1932 ആഗസ്റ്റ് 16നാണ് ഈ നിയമം ബ്രിട്ടന്‍ പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം തന്നെ യര്‍വാദ ജയിലില്‍ തടവിലായിരുന്ന ഗാന്ധിജി ഇതിനെതിരെ നിരാഹാര സമരം പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതും വോട്ട് ചെയ്യേണ്ടതും തിരഞ്ഞെടുക്കപ്പെടേണ്ടതും ഭാരതീയര്‍ എന്ന ഏക മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ഗാന്ധിജി അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കി.
അപൂര്‍വ്വം ചില വര്‍ഗീയവാദികളൊഴികെ രാജ്യം മുഴുവന്‍ ഗാന്ധിജിക്കൊപ്പം അണിനിരന്നു. എതിര്‍പ്പ് ശക്തമായതോടെ സെപ്തംബര്‍ 24 ന് ബ്രിട്ടന്‍ കമ്യൂണല്‍ അവാര്‍ഡ് പിന്‍വലിച്ചു. ഗാന്ധിജിയുമായി നടന്ന ചര്‍ച്ചക്ക് ശേഷം പൂന പാക്റ്റ് അവതരിപ്പിച്ചു. ഇതനുസരിച്ച് സാമൂഹ്യ പിന്നാക്കാവസ്ഥ കണക്കിലെടുത്ത് പട്ടികജാതി-പട്ടികവര്‍ഗത്തില്‍ പെട്ടവര്‍ക്ക് മാത്രം പ്രത്യേക സംവരണം നല്കാന്‍ ധാരണയായി. മറ്റ് മതവിഭാഗങ്ങളെല്ലാം ഇന്ത്യയില്‍ തുല്യമായ സാമൂഹ്യ പദവി കയ്യാളുന്നവരാണെന്ന ഗാന്ധിജിയുടെ വാദം അംഗീകരിക്കപ്പെട്ടു. പിന്നീട് ഇന്ത്യന്‍ ഭരണഘടന രൂപീകരിക്കുന്ന സമയത്തും ഗാന്ധിജിയുടെ ഈ നിലപാടാണ് സ്വീകരിക്കപ്പെട്ടത്.
ഇതിനും രണ്ട് പതിറ്റാണ്ട് മുന്‍പ് തന്നെ ബ്രിട്ടന്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ബോധപൂര്‍വ്വമായ നിയമനിര്‍മാണ ശ്രമങ്ങള്‍ ഇവിടെ നടത്തിയിരുന്നു. 1909 ലെ മിന്റോ- മോര്‍ലി ഭരണപരിഷ്‌കാരങ്ങളിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് മുസ്ലിങ്ങള്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള്‍ എന്നതായിരുന്നു. പ്രത്യക്ഷത്തില്‍ ആകര്‍ഷകമെന്ന് തോന്നുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ മുസ്ലിം സമൂഹത്തെ അന്യവത്കരിക്കാനും മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റാനും മാത്രമേ ഇത് ഇടയാക്കൂവെന്ന് കോണ്‍ഗ്രസ് നേതൃത്വം അവരെ ബോധ്യപ്പെടുത്തി. ഒരു ചെറുവിഭാഗമൊഴിച്ച് ബാക്കി മുസ്ലിം നേതൃത്വം ഇതംഗീകരിക്കുകയും ചെയ്തു. അംഗീകരിക്കാന്‍ കൂട്ടാക്കാതെ നിന്നവരുടെ ആശയങ്ങളാണ് പിന്നീട് വേറിടല്‍ വാദത്തിലേക്കും ഇന്ത്യാ വിഭജനത്തിലേക്കും നയിച്ചത്.
മതവിശ്വാസം വ്യക്തിപരമായ കാര്യം മാത്രമാണെന്നും ഒരു വ്യക്തി ഏതെങ്കിലും പ്രത്യേക മതത്തില്‍ വിശ്വസിക്കുകയോ ഒന്നിലും വിശ്വസിക്കാതിരിക്കുകയോ ചെയ്യുമ്പോഴും രാഷ്ട്രീയത്തില്‍ അതിന് പ്രത്യേക പരിഗണനകളൊന്നും നല്‍കേണ്ടതില്ലെന്നുമുള്ള കാഴ്ചപ്പാടാണ് ആധുനിക മതേതര ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്. ഞാന്‍ ഇന്ന മതത്തില്‍ പെട്ടയാളായതുകൊണ്ട് എനിക്ക് രാഷ്ട്രീയപരമായി പ്രത്യേക പരിഗണന വേണമെന്ന വാദം അങ്ങേയറ്റം പ്രതിലോമപരവും വര്‍ഗീയവും മതേതര വിരുദ്ധവുമാണ്. മുസ്ലീം ജനസാമാന്യത്തിനിടയില്‍ ഇത്തരമൊരു വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് കോഴിക്കോട് നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ വേദിയില്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയത്.
ജോണ്‍ ബ്രിട്ടാസിന്റെ ഒറ്റപ്പെട്ട ശ്രമമല്ല ഇത്. സിപിഎം കാലങ്ങളായി പിന്തുടരുന്ന വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളുടെ തുടര്‍ച്ചയാണിത്. ഏറിയും കുറഞ്ഞുമുള്ള അളവുകളില്‍ ഇതേ വേറിടല്‍ – വര്‍ഗീയ വാദം സി പിഎം – സിപിഐ നേതൃത്വം കാലങ്ങളായി ഉയര്‍ത്തുന്നുണ്ട്. മുസ്ലിം സ്വത്വത്തെ അപരവത്കരിക്കാനും അവര്‍ക്കിടയില്‍ അരക്ഷിതബോധം ജനിപ്പിച്ച് രക്ഷകവേഷത്തില്‍ അവതരിക്കാനുമാണ് കമ്യൂണിസ്റ്റുകള്‍ ശ്രമിക്കുന്നത്. സംഘടിതമായ മുസ്ലിം വോട്ടുബാങ്ക് തങ്ങള്‍ക്കൊപ്പം നിലനിര്‍ത്തുക എന്ന ക്ഷുദ്രമായ രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് ഇതിനു പിന്നിലുള്ളത്.\
പാര്‍ലമെന്റിലെ മുസ്ലിം അംഗങ്ങളുടെ എണ്ണം കുറവായത് ബിജെപിയുടെ ബോധപൂര്‍വ്വമായ നീക്കമാണെന്ന ജോണ്‍ ബ്രിട്ടാസിന്റെ ആരോപണം വിഡ്ഢിത്തമാണ്. രാഷ്ട്രീയ പ്രവര്‍ത്തനം മത സാമുദായിക പ്രീണനവും പങ്കുവെപ്പുമാണെന്ന അധമബോധമാണ് ബ്രിട്ടാസിനെക്കൊണ്ട് ഇത് പറയിപ്പിക്കുന്നത്. വിഭജനാനന്തരമുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുസ്ലിം വിഭാഗങ്ങളില്‍ നിന്നുള്ള പങ്കാളിത്തം കുറവായിരുന്നു എന്നത് വസ്തുതയാണ്. ആ സമുദായത്തില്‍ നിന്നുള്ളവര്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ശ്രമിച്ചതാണ് അതിന് ഒരു കാരണം.
മുസ്ലീംലീഗ് വിഭജനത്തിന് കാരണക്കാരായെന്ന അപകര്‍ഷബോധവും ആ സമുദായത്തിലെ വലിയൊരു വിഭാഗത്തെ രാഷ്ട്രീയത്തില്‍ നിന്നകറ്റി. കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ളവര്‍ അവരെ ഒരിക്കലും മുഖ്യധാരാ രാഷ്്ട്രീയത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതുമില്ല. ഈ പാര്‍ട്ടികളുടെയൊക്കെ ദേശീയ സംസ്ഥാന നേതൃനിരയില്‍ എത്ര മുസ്ലീം മതവിശ്വാസികള്‍ ഉണ്ടെന്ന് പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും.
സ്വത്വ വാദവും സ്വത്വ രാഷ്ട്രീയവും വളര്‍ത്തി മുസ്ലീം ജനതയെ വോട്ടുബാങ്കാക്കി നിലനിര്‍ത്താനാണ് ആ പാര്‍ട്ടികള്‍ ശ്രമിച്ചത്. ദേശീയവാദികളും പുരോഗമന വീക്ഷണക്കാരുമായ മുസ്ലീം നേതാക്കളെ കോണ്‍ഗ്രസും സിപിഎമ്മും അകറ്റിനിര്‍ത്തി. തീവ്രവാദികളും മതവേറിടല്‍ മനോഭാവക്കാരുമായവരെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്തു. അരാഷ്ട്രീയ വാദികളും ജനാധിപത്യ ബോധം പുലര്‍ത്താത്തവരും മത തീവ്രവാദികളുമായ ചെറുസംഘങ്ങളെയും സംഘടനകളെയും പ്രോത്സാഹിപ്പിക്കുകയും ഒപ്പം നിര്‍ത്തുകയും ചെയ്തു.
ഷബാനു കേസില്‍ സ്ത്രീപക്ഷ നിലപാടെടുത്ത ആരിഫ് മുഹമ്മദ് ഖാന്‍ ഇവര്‍ക്ക് അനഭിമതനാകുന്നതും തീവ്രവാദ നിലപാടുകളുള്ള മദനിയും പോപ്പുലര്‍ ഫ്രണ്ടുമൊക്കെ ചങ്ങാതിമാരാകുന്നതും ഈ സാഹചര്യത്തിലാണ്. കാശ്മീരില്‍ വിഘടന വാദത്തെ എതിര്‍ക്കുകയും ദേശീയ വീക്ഷണം പുലര്‍ത്തുകയും ചെയ്യുന്ന ഗുലാംനബി ആസാദ് ഇരുകൂട്ടര്‍ക്കും പ്രിയപ്പെട്ടവനല്ലാതാകുന്നതും ഗിലാനിയെപ്പോലുള്ള തീവ്രവാദികള്‍ സുഹൃത്തുക്കളാകുന്നതും ഈ സാഹചര്യത്തിലാണ്. ലോകപ്രശസ്തനായ എപിജെ അബ്ദുള്‍ കലാമിനെ വാണം വിടുന്നവന്‍ എന്ന് മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ പരിഹസിക്കുന്നതിന്റെ രാഷ്ട്രീയവും ഇതാണ്.
ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ഒരു വ്യക്തിക്ക് ഏതെങ്കിലും അവസരം ലഭിക്കുന്നതിനോ നഷ്ടപ്പെടുന്നതിനോ മതം ഒരു കാരണമാകാന്‍ പാടില്ലാത്തതാണ്. മുസ്ലീം വിശ്വാസത്തിന്റെ പേരില്‍ മാത്രം അധികാരം ലഭിക്കുകയോ നഷ്ടമാവുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയെയല്ല ദൗര്‍ബല്യത്തെയാണ് വെളിപ്പെടുത്തുക.
മാര്‍ക്‌സിസ്റ്റുകാരുടെ ഇത്തരം കൗശലങ്ങളില്‍ വീണുപോകാതെ മുസ്ലീം യുവത്വം ഇന്ത്യയുടെ ദേശീയതക്കൊപ്പം നില്‍ക്കുകയും മുന്നേറുകയുമാണ് ചെയ്യേണ്ടത്. അവര്‍ക്ക് മുന്നില്‍ അത്തരം ധാരാളം മാതൃകകളുമുണ്ട്. മുക്താര്‍ അബ്ബാസ് നഖ്‌വിയും ഷാനവാസ് ഹുസൈനും നജ്മ ഹെപ്തുള്ളയും എം.ജെ അക്ബറും ഒമര്‍ അബ്ദുള്ളയും വ്യക്തിപരമായി തികഞ്ഞ ഇസ്ലാമിക വിശ്വാസികളായിരിക്കെത്തന്നെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവരാണ്. രാജ്യസഭാംഗം എന്ന നിലയില്‍ ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം ഉയര്‍ത്തുന്ന നൈതികമായ ചില ചോദ്യങ്ങളുണ്ട്. ഇന്ത്യന്‍ ഭരണഘടനയെ സാക്ഷിനിര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത് പാര്‍ലമെന്റംഗമായ ഒരാള്‍ മതത്തിന്റെ പേരില്‍ ആളുകളോട് സംഘടിക്കാനും പോരാടാനും ആഹ്വാനം ചെയ്യുന്നത് നാടിന്റെ മതേതര മനഃസാക്ഷിയെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതാണ്. രാജ്യസഭാംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ നഗ്‌നമായ ലംഘനമാണ് എം.പി. നടത്തിയത്.
പെരുമാറ്റച്ചട്ടം പന്ത്രണ്ടാം അനുഛേദത്തില്‍ വ്യക്തമാക്കിയിട്ടുള്ളത് എം.പിമാര്‍ മതവൈരമോ മത്സരമോ സൃഷ്ടിക്കുന്ന പ്രവൃത്തിയിലേര്‍പ്പെടരുതെന്നാണ്. പൗരന്മാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് കാണരുത്. മതത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിക്കാനോ സമ്മര്‍ദ്ദശക്തിയാകാനോ ആഹ്വാനം ചെയ്യരുത്. ഏതെങ്കിലും മത വിശ്വാസത്തിനെതിരായോ അധിക്ഷേപിച്ചോ സംസാരിക്കാനോ പ്രവര്‍ത്തിക്കാനോ പാടില്ല. ഈ നിബന്ധനകളെല്ലാം തന്റെ പ്രസംഗത്തില്‍ എം.പിയായ ജോണ്‍ ബ്രിട്ടാസ് ലംഘിച്ചിരിക്കുന്നു.
മുസ്ലീം സഹോദരങ്ങളെ ചേര്‍ത്തുപിടിക്കുന്ന കോടിക്കണക്കിന് ഹിന്ദുക്കളുടെ മനസ്സില്‍ ജോണ്‍ ബ്രിട്ടാസിന്റെ വര്‍ഗീയപ്രസംഗം നോവ് സൃഷ്ടിച്ചിട്ടുണ്ട്. മതത്തിന്റെ ഔദാര്യത്തിലല്ലാതെ, വിലപേശലിലല്ലാതെ രാഷ്ട്രീയത്തിലും ജനസേവനത്തിലും കഴിവ് തെളിയിക്കണമെന്നാഗ്രഹിക്കുന്ന മുസ്ലീം യുവാക്കള്‍ക്കിടയിലും ജോണ്‍ ബ്രിട്ടാസിന്റെ വര്‍ഗീയ വാദം പോറലേല്‍പ്പിച്ചുണ്ട്. ഇന്ത്യന്‍ മതേതരത്വത്തിന്റെയും ദേശീയതയുടേയും കരുത്ത് എന്തെന്ന് മാര്‍ക്‌സിസ്റ്റുകള്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല എന്നതാണ് സത്യം.