സുകൃതവതിയാം പമ്പേ നീയൊരുമധുരസംഗീതം
ശരണമന്ത്രത്തില്‍ ചേര്‍ന്നുലയിക്കും സുഗമസംഗീതം
ഭക്തലക്ഷം നിന്നില്‍ വന്നാമഗ്നരാകുമ്പോള്‍
ഭക്തിതന്‍ ലയലഹരിയില്‍ മനമാലയിക്കുന്നു.
പന്തളാധികപുത്രനയ്യനോടൊത്തു ചേരുന്നു
പമ്പമേളം മുഴക്കി ഹൃദയം പേട്ടതുള്ളുന്നു.
ഇരുമുടിക്കെട്ടേന്തി ഞങ്ങള്‍ മലചവിട്ടുമ്പോള്‍
ഇരവുപകലാകുന്നു ഞങ്ങള്‍ അഴലുമറക്കുന്നു.
മനസ്സുനിറയും ഭക്തിമറ്റൊരു പമ്പയാകുന്നു.
ഹരിഹരാത്മജനീശനെത്താന്‍ ശരണമടയുന്നു.
മകരസംക്രമദീപജ്യോതി കണ്ടുനില്‍ക്കുമ്പോള്‍
ഹൃദയമിന്നും തൊഴുതുനില്പ്പൂ നെയ്ത്തിരിയായി
മോഹിനീസുത ദേവ നിന്നുടെ ശരണമന്ത്രങ്ങള്‍
കാതുകള്‍ക്കൊരു പുണ്യമായി മുഴങ്ങിടുന്നല്ലോ
മലയിറങ്ങിവരുമ്പോഴെന്നുടെ ഹൃദയതാളങ്ങള്‍
തത്വമസിയുടെ തത്വമായെന്നയ്യനില്‍ ലയിപ്പു
ധര്‍മ്മശാസ്താവിന്റെ മാമലകണ്ടുതൊഴുവാനായ്
എന്‍മനസ്സൊരമ്പലക്കിളിയായ് പറക്കുന്നു.