കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് – കമ്മ്യൂണിസ്റ്റ് കക്ഷികള്‍ നടത്തിവരുന്ന മതപ്രീണനത്തിന് ഐക്യ കേരളത്തിന്റെ രൂപീകരണത്തോളം പഴക്കമുണ്ട്. 1956 നവംബര്‍ 1 ന് കേരള സംസ്ഥാനം നിലവില്‍ വന്ന ശേഷം 1957 ല്‍ നടന്ന ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ നേരിടാന്‍ ഇടതുപക്ഷം പുറത്തെടുത്ത തുറുപ്പുചീട്ടായിരുന്നു ശബരിമല തീവെയ്പ്പ്. കമ്മ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്നാല്‍, ക്ഷേത്രം തീവെച്ചു നശിപ്പിച്ച കേസിലെ പ്രതികളെ കണ്ടെത്തി ശിക്ഷിക്കുമെന്ന വാഗ്ദാനം സാമാന്യ ഹിന്ദുക്കള്‍ വിശ്വസിക്കുകയും തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. അങ്ങനെ ലോകത്തിലാദ്യമായി കമ്മ്യൂണിസ്റ്റുകള്‍ ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തില്‍ വന്ന സംസ്ഥാനമായി കേരളം മാറിയത് ഹിന്ദുക്കളുടെ വോട്ടുകള്‍ കൊണ്ടാണ്. എന്നാല്‍ അധികാരത്തിലെത്തിയ ഇ.എം.എസ്. സര്‍ക്കാര്‍ ഹിന്ദുക്കള്‍ക്കു നല്‍കിയ വാക്കുപാലിച്ചില്ല. ക്രിസ്ത്യന്‍ സഭകള്‍ക്ക് കാര്യമായ പങ്കുണ്ടായിരുന്ന വിമോചന സമരത്തെ തുടര്‍ന്ന് നെഹ്‌റു സര്‍ക്കാര്‍ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടു. തുടര്‍ന്ന് 1960 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റുകാരെ നേരിടാന്‍ സ്വന്തമായി കരുത്തില്ലാതിരുന്ന കോണ്‍ഗ്രസ്സുകാര്‍ നെഹ്‌റു ചത്ത കുതിരയെന്നു വിശേഷിപ്പിച്ച, വിഭജനത്തിന് ഉത്തരവാദിയായതു മൂലം രാജ്യത്തുടനീളം സ്വാധീനം നഷ്ടപ്പെട്ട മുസ്ലിം ലീഗിന് മാന്യത നല്‍കി, അവരെ സഖ്യകക്ഷിയാക്കി കേരളത്തില്‍ മുസ്ലിം വോട്ടുബാങ്ക് രാഷ്ട്രീയത്തിന് തുടക്കം കുറിച്ചു. ഇടത്-വലത് മുന്നണികള്‍ മാറി മാറി മുസ്ലിം ലീഗിനെ പ്രീണിപ്പിക്കുന്നതാണ് തുടര്‍ന്ന് കേരളം കണ്ടത്. 1967 ല്‍ മലപ്പുറം ജില്ല അനുവദിച്ചുകൊണ്ട് മുസ്ലിങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചത് ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ്. അതേസമയം അധികാരത്തില്‍ വരുമ്പോഴെല്ലാം വിദ്യാഭ്യാസമടക്കമുള്ള പ്രധാന വകുപ്പുകളെല്ലാം ലീഗിന് അടിയറ വെച്ചു കൊണ്ട് മുസ്ലിങ്ങളെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ്സുകാര്‍ എക്കാലവും ശ്രമിച്ചിട്ടുള്ളത്. ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ അവരുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതില്‍ മത്സരിക്കുന്ന ഇരു മുന്നണികളും ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ഹിന്ദുക്കളെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ വ്യഗ്രത കാണിക്കാറില്ല എന്നതും ഒരു വിരോധാഭാസമാണ്.
കുറി തൊടുന്നവരെ മൃദു ഹിന്ദുത്വം പറഞ്ഞ് അകറ്റി നിര്‍ത്തരുതെന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ പ്രസംഗത്തിനു പിന്നില്‍ കോണ്‍ഗ്രസ് കാലങ്ങളായി പിന്തുടരുന്ന ന്യൂനപക്ഷ പ്രീണനത്തെ മറച്ചുവെക്കാനുള്ള ശ്രമമാണുള്ളത്. ദീര്‍ഘകാലമായി മുസ്ലീം ലീഗിനെ കൂടെ നിര്‍ത്തി മുസ്ലിങ്ങളെയും കേരള കോണ്‍ഗ്രസ്സിനെ കൂടെ നിര്‍ത്തി ക്രിസ്ത്യാനികളെയും പ്രീണിപ്പിച്ചിരുന്ന കോണ്‍ഗ്രസ്സുകാര്‍ക്ക് ഇപ്പോള്‍ കേരളത്തില്‍ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേരള കോണ്‍ഗ്രസ്സിനെ ഐക്യമുന്നണിയില്‍ നിന്ന് അടര്‍ത്തിമാറ്റിയതിലും തീവ്രവാദികള്‍ ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകളെ കൂടെ നിര്‍ത്തുന്നതിലും വിജയിച്ചതോടെ ന്യൂനപക്ഷ പ്രീണന രാഷ്ടീയത്തില്‍ കോണ്‍ഗ്രസ്സിനുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടമാകുകയും ഇടതുപക്ഷത്തിന് തുടര്‍ ഭരണം ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കേരള രാഷ്ട്രീയത്തില്‍ നഷ്ടപ്പെട്ട പ്രസക്തി വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ആന്റണിയുടെ പ്രസംഗം. ഇനിയും കോണ്‍ഗ്രസ്സിന്റെ ശക്തി കുറഞ്ഞാല്‍ മുസ്ലിം ലീഗ് ഐക്യമുന്നണി വിട്ടു പോകുമെന്ന ഭയവും കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. എന്നാല്‍ കോണ്‍ഗ്രസ്സില്‍ നിന്നു പോലും ഈ പ്രസംഗത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. തിരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ട് ലഭിക്കുന്നതിന് കാസര്‍കോടെത്തിയപ്പോള്‍ കുറി മായ്ച്ച രാജ്‌മോഹന്‍ ഉണ്ണിത്താനെ പോലുള്ളവരെ ആന്റണിയുടെ വാക്കുകള്‍ അസ്വസ്ഥമാക്കുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തേക്കും ബി.ജെ.പിയിലേക്കും പോയ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ഹിന്ദു വോട്ടുകള്‍ തിരിച്ചു പിടിക്കാനുള്ള അടവുനയമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ആന്റണിയുടെ പ്രസംഗത്തെ കാണുന്നത്. മുമ്പ് രണ്ട് തവണ ഇത്തരത്തില്‍ ആന്റണി സംസാരിച്ചപ്പോഴും ഐക്യമുന്നണിക്ക് വോട്ടുകള്‍ കുറഞ്ഞത് കേരള രാഷ്ടീയ രംഗത്തെ ന്യൂനപക്ഷ മേധാവിത്തത്തിന്റെ പ്രതിഫലനമായാണ് കണക്കാക്കുന്നത്. ശബരിമല വിഷയത്തില്‍ പരമാവധി ഹിന്ദു വോട്ടുകള്‍ കരസ്ഥമാക്കിയവര്‍ കണ്ണൂരില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഒരു പശുക്കുട്ടിയെ പരസ്യമായി അറുത്തപ്പോള്‍ പാലിച്ച നിശ്ശബ്ദതയും ആരെ പ്രീണിപ്പിക്കാനാണെന്ന് പറയേണ്ടതില്ലല്ലോ.
ദേശീയ തലത്തിലും വര്‍ഷങ്ങളായി ന്യൂനപക്ഷാനുകൂല നയമാണ് കോണ്‍ഗ്രസ് പിന്തുടരുന്നത്. അയോദ്ധ്യാ വിഷയത്തില്‍ ബാബര്‍ പക്ഷത്തു ചേര്‍ന്ന അവര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ഒരു ശ്രമവും നടത്തിയില്ല. രാജ്യത്തെ വിഭവങ്ങളില്‍ ഒന്നാമത്തെ പങ്ക് മുസ്ലിങ്ങള്‍ക്കുള്ളതാണെന്ന പടു വിഡ്ഢിത്തം പറഞ്ഞത് കോണ്‍ഗ്രസ്സുകാരനായ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ്. മറ്റൊരു കോണ്‍ഗ്രസ് നേതാവ് ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കുന്നതിന് ഭാരതത്തില്‍ എവിടെയുമില്ലാത്ത കാവി ഭീകരത എന്നൊരു പുതിയ പദപ്രയോഗം തന്നെ നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ പദയാത്രയില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് വേഷ ഭൂഷാദികള്‍ ധരിക്കുന്നതും അവരുടെ കാപട്യത്തിന് ഉദാഹരണമാണ്. 2014ലെ ലോകസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളെ കുറിച്ചു പഠിക്കാന്‍ ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് ഒരു സമിതിയെ നിയമിച്ചിരുന്നു. അതിരുകവിഞ്ഞ മുസ്ലീം പ്രീണനമാണ് കോണ്‍ഗ്രസ്സിന്റെ പരാജയകാരണമെന്നാണ് അവര്‍ കണ്ടെത്തിയത്. എന്നിട്ടും മുസ്ലിം പ്രീണനത്തിന്റെ പാതയില്‍ നിന്ന് ഒട്ടും വ്യതിചലിക്കാത്ത കോണ്‍ഗ്രസ്സിന്റെ നേതൃസ്ഥാനത്തിരുന്ന് ആന്റണി ഹിന്ദു ജന വിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ വേണ്ടി നടത്തുന്ന അധരവ്യായാമമാണ് ഇപ്പോഴത്തെ പ്രസംഗം. ഹിന്ദുക്കളെ വിഘടിപ്പിച്ച് വോട്ട് കരസ്ഥമാക്കുന്നതിനു വേണ്ടി കോണ്‍ഗ്രസ് കണ്ടുപിടിച്ച പ്രയോഗമാണ് മൃദു ഹിന്ദുത്വം എന്നത്. യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കള്‍ക്കിടയില്‍ അത്തരം വേര്‍തിരിവുകളൊന്നുമില്ലെന്ന് ആര്‍ക്കാണറിയാത്തത്? ദേശീയ ബോധവും രാജ്യത്തിന്റെ വികസനവും ഭാരതീയ സംസ്‌കാരത്തോടുള്ള പ്രതിബദ്ധതയുമാണ് ഇന്ന് ഹിന്ദു സമൂഹത്തെ പൊതുവെ സ്വാധീനിക്കുന്ന ഘടകങ്ങള്‍. ഇക്കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്ത് ന്യൂനപക്ഷ പ്രീണനത്തിനും അഴിമതിക്കും കളമൊരുക്കുന്നതു കൊണ്ടാണ് കോണ്‍ഗ്രസ്സടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ക്ക് ഇപ്പോള്‍ ജന മനസ്സുകളില്‍ സ്ഥാനം ലഭിക്കാത്തത്. പ്രീണനത്തിന്റെയും അഴിമതിയുടെയും വഴിയില്‍ നിന്നു മാറാന്‍ തയ്യാറാവുന്നില്ലെങ്കില്‍ ഇനി നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളിലും ഇതേ അനുഭവം തന്നെയാണ് അവരെ കാത്തിരിക്കുന്നത് എന്നേ പറയാനുള്ളൂ.