ആനിബസന്റിന്റെ പ്രിയശിഷ്യനായിരുന്ന മഞ്ചേരി രാമയ്യര്‍, അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ച, മലബാറിനെ മുഴുവന്‍ കിടിലം കൊള്ളിച്ച സാമൂഹ്യവിപ്ലവകാരിയായിരുന്നു. അഭിഭാഷകവൃത്തി കുലത്തൊഴിലായി സ്വീകരിച്ച ഒരു കുടുംബത്തില്‍ 1877 ജൂലായ് 5-ാം തീയതിയാണ് രാമയ്യരുടെ ജനനം. മഞ്ചേരി സുന്ദരം അയ്യരും ലക്ഷ്മി അമ്മാളുമാണ് മാതാപിതാക്കള്‍. പ്രാഥമിക വിദ്യാഭ്യാസം മഞ്ചേരിയില്‍. സാമൂതിരി കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളായിരുന്നു ഉന്നത വിദ്യാഭ്യാസം. ബി.എയ്ക്ക് മദ്രാസ് (ചെന്നൈ) സംസ്ഥാനത്തില്‍ ഒന്നാമനായിരുന്നു.
ഹോം റൂള്‍ പ്രസ്ഥാനത്തില്‍
മദ്രാസില്‍വെച്ച് ആനിബസന്റുമായി പരിചയപ്പെട്ടത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. ആ വ്യക്തിപ്രഭാവം വല്ലാതെ ആകര്‍ഷിച്ചു. 1898-ല്‍ ബി.എല്‍ പാസ്സായി കോഴിക്കോട് വന്ന് പ്രാക്ടീസ് ആരംഭിച്ചു. മികച്ച ക്രിമിനല്‍ വക്കീലെന്ന ഖ്യാതി പെട്ടെന്ന് പരന്നു. പ്രസിദ്ധനായ വാഗ്മിയുമായിരുന്നു. 1916ല്‍ ആനിബസന്റ് ഹോംറൂള്‍ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ രാമയ്യര്‍ അതിന്റെ സജീവ പ്രവര്‍ത്തകനായി. മലബാറിലുടനീളം അതിന്റെ സന്ദേശമെത്തിച്ചത് രാമയ്യരും കെ.പി. കേശവമേനോനും മറ്റും ചേര്‍ന്നാണ്. അദ്ദേഹത്തിന്റെ ഏറ്റവും താത്പര്യമുള്ള വിഷയം തിയോസഫിയായിരുന്നു. തിയോസഫിയുടെ പ്രത്യക്ഷമൂര്‍ത്തിയായി കണ്ടത് ആനിബസന്റിനെയാണ്. അതുകൊണ്ടാണ് ആ മഹതിയുടെ ഏത് ആജ്ഞയും ശിരസ്സാവഹിക്കാന്‍ അദ്ദേഹം എപ്പോഴും സന്നദ്ധനായിരുന്നത്.
ഭാരതത്തിന്റെ അവകാശങ്ങള്‍ ബ്രിട്ടീഷ് ജനതയെ പറഞ്ഞ് മനസ്സിലാക്കാനും ബ്രിട്ടീഷ് മന്ത്രിസഭയ്ക്ക് മെമ്മോറാണ്ടം സമര്‍പ്പിക്കാനും ആനിബസന്റ് ഇംഗ്ലണ്ടിലേക്ക് അയച്ച നാലംഗ പ്രതിനിധി സംഘത്തില്‍ ഒരാള്‍ രാമയ്യരായിരുന്നു. എന്നാല്‍ അവര്‍ക്ക് ഇംഗ്ലണ്ടിലെത്താന്‍ കഴിഞ്ഞില്ല. ജിബ്രാള്‍ട്ടറില്‍വെച്ച് അവരെ തടഞ്ഞ് തിരിച്ചയയ്ക്കുകയാണുണ്ടായത്. ഇദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ് കൊച്ചിയിലും തിരുവിതാംകൂറിലും മലബാറിലും പ്രത്യേകം പ്രത്യേകമായി പ്രവര്‍ത്തിച്ചിരുന്ന ബ്രഹ്‌മവിദ്യാശാഖകളെ ഏകോപിപ്പിച്ച് കേരള തിയോസഫിക്കല്‍ ഫെഡറേഷനാക്കി മാറ്റിയത്. സാംസ്‌കാരികമായി ഈ മൂന്നു പ്രദേശങ്ങളും ഒന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തെ ഒരൊറ്റ ഘടകമായി കണ്ട് രൂപീകരിച്ച സംഘടനകളില്‍ ആദ്യത്തേതാണ് ഇത്.
ജാതിക്കെതിരെ സന്ധിയില്ലാസമരം;ശൈശവ വിവാഹത്തിനും
ജനങ്ങളുടെ പൊതുവെയുള്ള പ്രബുദ്ധതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുവാനാണ് അദ്ദേഹം കൂടുതല്‍ സമയം ചെലവഴിച്ചത്. അയിത്തോച്ചാടനം, ജാതിധ്വംസനം, സമുദായ പരിഷ്‌കാരം എന്നിവ മുന്‍നിര്‍ത്തി അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങള്‍ എക്കാലത്തും സ്മരിക്കുന്നവയാണ്. ബ്രഹ്‌മവിദ്യാസംഘത്തിന്റെ പ്രവര്‍ത്തകര്‍ ജാതി, ശൈശവവിവാഹം, വര്‍ണ്ണവിദ്വേഷം എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ആനിബസന്റിന്റെ നിര്‍ദ്ദേശപ്രകാരം 1913ല്‍ സമരപ്രതിജ്ഞയെടുത്തു. രാമയ്യരുടെ നേതൃത്വത്തിലാണ് കേരളത്തിലെ പ്രതിജ്ഞ നടന്നത്. വെറും പ്രതിജ്ഞയെടുക്കുക മാത്രമല്ല, പ്രവൃത്തിയിലൂടെ അത് കാണിച്ച് കൊടുക്കുകയും ചെയ്തു. തന്റെ രണ്ട് പെണ്‍മക്കളെയും പ്രായപൂര്‍ത്തിയായതിന് ശേഷമാണ് വിവാഹം കഴിച്ച് കൊടുത്തത്. രാമയ്യരുടെ വിവാഹം ഒമ്പതാമത്തെ വയസ്സിലാണ് നടന്നത്; വധുവിന് ഏഴ് വയസ്സും. ബ്രാഹ്‌മണ സമൂഹത്തില്‍ ഈ ആചാരം തുടര്‍ന്ന് വരികയായിരുന്നു. അത് മാറ്റിയെടുക്കുവാനാണ് രാമയ്യരും സുഹൃത്തുക്കളും ശ്രമിച്ചത്.
സമുദായ ഭ്രഷ്ട്
1915 ഫെബ്രുവരിയില്‍ അദ്ദേഹം തന്റെ ഒരു തിയ്യ സുഹൃത്തിനോടൊന്നിച്ച് സഹഭോജനം നടത്തി. ഒരു ബ്രാഹ്‌മണന്‍ അയിത്തജാതിക്കാരന്റെ വീട്ടില്‍ കയറിയതേ തെറ്റ്, അത് മാത്രമല്ല തിയ്യര്‍ പാചകം ചെയ്ത ഭക്ഷണം തിയ്യര്‍ക്കൊപ്പമിരുന്ന് ഭക്ഷിക്കുക! ഓര്‍ക്കാന്‍ കൂടി വയ്യ. മലബാറിലുടനീളം കോളിളക്കമുണ്ടാക്കിയ സംഭവമാണിത്. ജാതിക്കോട്ടയ്ക്ക് നേരെ അകത്ത് നിന്ന് പ്രയോഗിച്ച ആദ്യത്തെ ഡൈനാമിറ്റ് ആയിരുന്നു അത്. യാഥാസ്ഥിതികര്‍ വെറുതെ ഇരുന്നില്ല. അവരാകെ ഇളകി. കുടുമകള്‍ കിടുകിടാ വിറച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍ കരുതലായും മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പായും രാമയ്യരെയും കുടുംബത്തെയും ജാതിഭ്രഷ്ടരാക്കി. ജാതി വിരുദ്ധസമരത്തില്‍ കേരളത്തിലാദ്യമായി ഭ്രഷ്ട് വരിച്ച ബ്രാഹ്‌മണനാണ് രാമയ്യര്‍. ഇത് കൊണ്ടൊന്നും രാമയ്യരുടെ മുന്നേറ്റത്തെ തടഞ്ഞു നിര്‍ത്താനായില്ല. അന്ധവിശ്വാസങ്ങള്‍ക്കും ജാതിവിവേചനങ്ങള്‍ക്കും എതിരായുള്ള തന്റെ സമരങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ മുന്നോട്ട് കൊണ്ടുപോയി.
തിയ്യര്‍ തുടങ്ങിയ ജാതിക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന തളി റോഡില്‍ കൂടി, മലബാര്‍ കലക്ടറെ മുന്‍കൂട്ടി അറിയിച്ച് നിരോധനപ്പലക വലിച്ചെറിഞ്ഞ് മിതവാദി പത്രാധിപര്‍ സി. കൃഷ്ണനും രാമയ്യരും ചേര്‍ന്ന് കടന്നുപോയ സംഭവം മലബാറിലെ അവര്‍ണ്ണ സമുദായങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യചരിത്രത്തിലെ നാഴികക്കല്ലാണ്.
ജാതിക്കോമരങ്ങള്‍ക്ക് ഞെട്ടലുണ്ടാക്കിയ മറ്റൊരു സംഭവമാണ് ഡോക്ടര്‍ ചോഴിയുടെ തീണ്ടല്‍ക്കേസ്. തിയ്യനായ ഡോക്ടര്‍ ചോഴി, ചാലപ്പുറം ശിവക്ഷേത്രക്കുളത്തിന്റെ അരികിലുള്ള വഴിയിലൂടെ ഒരു രോഗിയെ പരിശോധിക്കാന്‍ പോയി. നമ്പൂതിരിമാര്‍ കുളിക്കുന്ന കുളമാണത്. തിയ്യനായ ഡോക്ടറുടെ സാമീപ്യം കൊണ്ട് കുളത്തിലെ വെള്ളം അശുദ്ധമായത്രെ! ഡോക്ടര്‍ കുളത്തിലിറങ്ങുകയോ വെള്ളം തൊടുകയോ ചെയ്തിട്ടില്ല. കുളത്തിന്റെ കരയിലുള്ള വഴിയിലൂടെ പോകുകമാത്രമേ ചെയ്തിട്ടുള്ളു. കുളം അശുദ്ധമാക്കിയതിന് പുണ്യാഹം കഴിക്കണം. അതിന് ആവശ്യമായ തുക ഡോക്ടര്‍ കൊടുക്കണമെന്ന് ക്ഷേത്രഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍ അതിന് വിസ്സമ്മതിച്ചു. അത് പിന്നീട് പ്രമാദമായ കേസായി. അതിന്റെ വിധിക്ക് കേരളം മുഴുവന്‍ ഉറ്റുനോക്കുകയായിരുന്നു. പ്രതിഭാഗം കേസ് രാമയ്യര്‍ ഏറ്റെടുത്തു. വാദിഭാഗത്തെ വക്കീലന്മാര്‍ സ്മൃതികളും ആചാരക്രമങ്ങളും നിരത്തിവച്ച് കേസ് വാദിച്ചു. അതേ സ്മൃതികളിലെ ഉദ്ധരണികള്‍ കൊണ്ടു തന്നെ എല്ലാവാദമുഖങ്ങളും ഖണ്ഡിച്ചുകൊണ്ട് രാമയ്യര്‍ നടത്തിയ കേസ് ഡോക്ടര്‍ക്ക് അനുകൂലമായി വിധിച്ചു. അതോടുകൂടി ചാലപ്പുറം ക്ഷേത്രക്കുളത്തിന്റെ കരയില്‍ മാത്രമല്ല, മറ്റെല്ലാ നിരത്തില്‍കൂടിയും എല്ലാവര്‍ക്കും നടക്കാമെന്ന നിലവന്നു.
ജാതിക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള ബ്രാഹ്‌മണരെ സംഘടിപ്പിച്ച് ലീഗ് ഓഫ് ലിബറല്‍ ബ്രാഹ്‌മിന്‍സ് എന്നൊരു സംഘടനയ്ക്ക് രാമയ്യര്‍ രൂപം നല്‍കി. അതിന് ദക്ഷിണഭാരതത്തില്‍ ധാരാളം ശാഖകളുണ്ടായി. ഈ സംഘടനയാണ് പിന്നീട് ‘ഭാരത സമാജ’മെന്ന പേരില്‍ അഖിലഭാരതാടിസ്ഥാനത്തില്‍ വളര്‍ന്ന് പന്തലിച്ചത്. കാലത്തിനനുസരിച്ച് സമുദായം പുരോഗമിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിശ്രഭോജനം, മിശ്രവിവാഹം, വിധവാ വിവാഹം എന്നിവയെ പ്രോത്സാഹിപ്പിച്ചതും ബാല്യവിവാഹത്തെ നിരുത്സാഹപ്പെടുത്തിയതും.
താന്‍ ഒരു ഹിന്ദു-ബുദ്ധിസ്റ്റ്-തിയോസഫിസ്റ്റ് ആണെന്നാണ് രാമയ്യര്‍ പറയാറുള്ളത്. അതിന്റെ പൊരുളും അദ്ദേഹം വിശദമാക്കാറുണ്ട്. ഒരു ഹിന്ദുവായി ജനിച്ചതില്‍ അഭിമാനിക്കുന്നുണ്ടെങ്കിലും പില്ക്കാലത്ത് ആ മതത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും അദ്ദേഹം വെറുത്തു. ഈ ദുരാചാരങ്ങളുടെ സ്പര്‍ശമില്ലാത്ത ബുദ്ധമതമാണ് അദ്ദേഹത്തിന് അഭിമതമായിരുന്നത്. ബുദ്ധമതതത്ത്വങ്ങള്‍ പ്രതിപാദിക്കുന്ന ഒരു പുസ്തകം അദ്ദേഹവും രാമകൃഷ്ണയ്യരും ചേര്‍ന്ന് രചിച്ചിട്ടുണ്ട്. ബുദ്ധമത പ്രചരണത്തിന് ശ്രീലങ്കയില്‍ നിന്ന് ഭിക്ഷു ജിനവംശനെ വരുത്തുകയും ഒരു വര്‍ഷത്തോളം തന്റെ അതിഥിയായി താമസിപ്പിക്കുകയും ചെയ്തു. 1929-ല്‍ മിതവാദി പത്രാധിപര്‍ സി. കൃഷ്ണന്‍ പാറന്‍സ് സ്‌ക്വയറില്‍ ഒരു ബുദ്ധക്ഷേത്രം പണിയിച്ചതിന്റെ മുഖ്യപ്രേരണ, ഉറ്റമിത്രമായ രാമയ്യരുടേതായിരുന്നു. അതിന്റെ ഉദ്ഘാടനത്തിന് ആനിബസന്റിനെ കൊണ്ടുവന്നതും അദ്ദേഹം തന്നെ. 1935ല്‍ മഹാബോധി സംഘം രൂപീകരിക്കാന്‍ മിതവാദി പത്രാധിപര്‍ സി. കൃഷ്ണനോടൊപ്പം പ്രവര്‍ത്തിച്ചതും മറ്റാരുമല്ല. ആ അവസരത്തില്‍ ബുദ്ധഭിക്ഷു സി.ജിനദാസനില്‍ നിന്ന് അനാഗാരികന്‍ എന്ന ബൗദ്ധദീക്ഷയും അദ്ദേഹം സ്വീകരിച്ചു. തിയോസഫി രാമയ്യരുടെ സിരകളില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുള്ളതാണ്.
1925ല്‍ ശ്രീനാരായണഗുരു കോഴിക്കോട് സന്ദര്‍ശിച്ചപ്പോള്‍ രാമയ്യര്‍ സ്വാമികളെ നേരില്‍ കണ്ട് പല വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു. ആനിബസന്റിനെപ്പോലെ, തന്നെ സ്വാധീനിച്ച മഹാനാണ് ഗുരുദേവനെന്ന് അദ്ദേഹം പറയാറുണ്ട്. ശ്രീകണ്‌ഠേശ്വരം ക്ഷേത്രനിര്‍മ്മാണത്തിന് അദ്ദേഹം കാര്യമായ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിന് ആനിബസന്റിനെ കൊണ്ടുവന്നത് രാമയ്യരാണ്. ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്ന അവസരങ്ങളില്‍ സ്‌നേഹസൂചകമായി ഒരു കൂട പൂക്കള്‍ അദ്ദേഹം കൊടുത്തയയ്ക്കാറുണ്ടായിരുന്നു.
കോടതിയില്‍
മുപ്പത്തിയഞ്ച് വര്‍ഷത്തോളം മലബാറിലെ ക്രിമിനല്‍ വക്കീലന്മാരുടെ കൂട്ടത്തില്‍ അഗ്രഗണ്യനായിരുന്നു രാമയ്യര്‍. അദ്ദേഹം കേസ് എടുത്ത് കഴിഞ്ഞാല്‍ ജയിക്കുമെന്ന കാര്യത്തില്‍ കക്ഷികള്‍ക്ക് ഉത്തമ വിശ്വാസമായിരുന്നു. അസാധാരണ ഓര്‍മ്മശക്തിയുള്ള അദ്ദേഹത്തിന് ക്രിമിനല്‍ നിയമമെല്ലാം കരതലാമലകമായിരുന്നു. തന്റെ കേസ്സിന് അനുകൂലമായ രേഖകള്‍ മേല്‍കോടതികളുടെ വിധികളില്‍ നിന്ന് ഉദ്ധരിക്കാന്‍ യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല. മറുഭാഗം വക്കീലിന്റെ എല്ലാ വാദഗതിയും ഖണ്ഡിച്ച് എല്ലാ തെളിവുകളും തന്റെ കക്ഷിക്ക് അനുകൂലമാക്കാനുള്ള കഴിവും, ഫലിതവും തമാശയും കലര്‍ന്നുള്ള പ്രതിപാദനരീതിയും ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. ഇത് കേള്‍ക്കാന്‍ മാത്രമായി ധാരാളം വക്കീലന്മാര്‍ അദ്ദേഹം കേസ് നടത്തുന്ന കോടതികളില്‍ ഹാജരാകുമായിരുന്നു.
തന്റെ അഭിഭാഷകവൃത്തി ഒരു ധര്‍മ്മയുദ്ധം എന്ന നിലയിലാണ് നടത്തിയിരുന്നത്. പണക്കാരുടെ കേസുകളില്‍ നിന്ന് ധാരാളം പണം കിട്ടിയിരുന്നുവെങ്കിലും പാവങ്ങളില്‍ നിന്ന് ഫീസ് വാങ്ങിച്ചിരുന്നില്ല. അയിത്തത്തിന്റെയും ജാതിയുടെയും പേരിലുള്ള കേസുകളെല്ലാം സൗജന്യമായാണ് വാദിച്ചിരുന്നത്. ഫീസിനത്തില്‍ ഏറ്റവും കൂടുതല്‍ സംഖ്യ ലഭിച്ചിരുന്ന കാലത്തും തന്റെ ആവശ്യങ്ങള്‍ക്ക് വളരെകുറച്ച് മാത്രം എടുത്ത് മറ്റുള്ളതെല്ലാം പൊതുകാര്യങ്ങള്‍ക്കായി ചെലവഴിച്ചിരുന്നു. ഒന്നും ഭാവിയിലേക്ക് കരുതിവച്ചില്ല. അഭിഭാഷകരംഗത്ത് കത്തിനില്‍ക്കുന്ന കാലത്താണ് പ്രാക്ടീസ് നിര്‍ത്തിവച്ചത്. സ്വന്തമായൊരു വീടോ, കാര്യമായ ബാങ്ക് ബാലന്‍സോ ഉണ്ടായിരുന്നില്ല. സാധാരണ ജനങ്ങള്‍ ആഗ്രഹിച്ചിരുന്ന പണവും പദവിയും അധികാരവും രാമയ്യരെ ആകര്‍ഷിച്ചിരുന്നില്ല. ലഘുജീവിതവും ഉയര്‍ന്ന ആദര്‍ശവും സ്വീകരിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
ഇതിനിടയില്‍ കുറച്ചുകാലം നിലമ്പൂര്‍ രാജസ്വരൂപം ദിവാന്‍, സാമൂതിരി കോളേജ് വൈസ് പ്രിന്‍സിപ്പല്‍, പ്രിന്‍സിപ്പല്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. സനാതന ധര്‍മ്മം മാസികയുടെയും വെസ്റ്റ് കോസ്റ്റ് സ്‌പെക്‌ടേറ്റര്‍ എന്ന ഇംഗ്ലീഷ് ദ്വൈവാരികയുടെയും പത്രാധിപരായും ഇരുന്നിട്ടുണ്ട്.
ഫലിത ശിരോമണി
രാമയ്യരുടെ സഹജമായ സ്വഭാവവിശേഷങ്ങളില്‍ ഏറ്റവും പ്രധാനമായത് നര്‍മ്മബോധമായിരുന്നു. എത്രതന്നെ ഗൗരവമുള്ള വിഷയം കൈകാര്യം ചെയ്യുമ്പോഴും അതില്‍ വിനോദച്ഛായ കലര്‍ത്തി വിഷയം സരളവും ലളിതവുമാക്കാന്‍ അദ്ദേഹത്തിന് പ്രത്യേക പാടവമുണ്ടായിരുന്നു. യാതൊരു കൃത്രിമത്വവുമില്ലാതെ അറിയാതെതന്നെ വന്നുപോകുന്ന സ്വഭാവവിശേഷമായിരുന്നു അത്. ശ്രോതാക്കളെ രസിപ്പിച്ചിരുന്നതിന് പുറമെ പറയുന്ന കാര്യങ്ങള്‍ മനസ്സില്‍ ആഴത്തില്‍ പതിയുവാന്‍ സഹായിച്ചിരുന്നു. ഒട്ടേറെ ഉദാഹരണങ്ങള്‍ അദ്ദേഹത്തിന്റെ എണ്ണമറ്റ പ്രസംഗങ്ങളില്‍ നിന്നും കേസ് വിചാരണകളില്‍ നിന്നും എടുത്തു കാണിക്കാന്‍ കഴിയും. ചില സാമ്പിളുകളിതാ:
നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തിലെ വലിയൊരു സംഭവമായിരുന്നുവല്ലോ സൈമണ്‍ കമ്മീഷന്റെ വരവും അതിനെതിരായ പ്രതിഷേധവും. കോണ്‍ഗ്രസ്സിന്റെ ആഹ്വാനമനുസരിച്ച് സൈമണ്‍ കമ്മീഷനെ ബഹിഷ്‌കരിക്കുവാന്‍ ഭാരതം സടകുടഞ്ഞെഴുന്നേറ്റിരുന്ന സമയം. ആ അവസരത്തില്‍ കോഴിക്കോട് നടന്ന സംഭവമാണിത്. കമ്മീഷനെ സ്വാഗതം ചെയ്യുവാന്‍ കോഴിക്കോട് പൊതുയോഗം ചേരുന്നതായി ഒരു നോട്ടീസ് ഇറങ്ങി. അതില്‍ പന്ത്രണ്ട് പുരുഷന്മാരും ഒരു മഹിളയുമാണ് ഒപ്പിട്ടിരുന്നത്. പൊതുജനങ്ങളുടെ പേരില്‍ വിളിച്ച് ചേര്‍ത്തിരുന്ന യോഗമായതുകൊണ്ട് എല്ലാവര്‍ക്കും അതില്‍ പങ്കെടുക്കാമെന്ന ന്യായത്തില്‍ രാമയ്യരുടെ നേതൃത്വത്തില്‍ വലിയൊരു ജനക്കൂട്ടം യോഗസ്ഥലത്തെത്തി. സംഘാടകര്‍ സന്തോഷിച്ചു. നോട്ടീസില്‍ പേര്‍ വച്ചിരുന്ന മഹിളയല്ലാതെ സ്ത്രീകളായി മറ്റാരും എത്തിയിരുന്നില്ല. യോഗം ആരംഭിക്കാനായപ്പോള്‍ രാമയ്യര്‍ എഴുന്നേറ്റ് നിന്ന് ”ലേഡീസ് ആന്റ് ജെന്റില്‍മെന്‍” എന്ന് സംബോധന ചെയ്ത് പ്രസംഗിച്ച് തുടങ്ങിയപ്പോഴാണ് സംഘാടകര്‍ക്ക് തങ്ങള്‍ക്ക് പറ്റിയ അമളി മനസ്സിലായത്. പൊതുജന പിന്തുണയില്ലെന്ന് മനസ്സിലായ സംഘാടകര്‍ സ്വയം തെറ്റ് സമ്മതിച്ചു. ഇത് സൈമണ്‍ കമ്മീഷനെ അനുകൂലിക്കുന്നവരുടെ മാത്രം യോഗമാണെന്ന് അവര്‍ക്ക് പറയേണ്ടി വന്നു. അത് കേട്ടമാത്രയില്‍ രാമയ്യരും സഹപ്രവര്‍ത്തകരും യോഗസ്ഥലത്ത് നിന്ന് ഇറങ്ങിപ്പോയി. അവിടെ ശേഷിച്ചവര്‍ പതിമൂന്ന് പേര്‍ മാത്രം! ഇതിലും വലിയൊരു അപമാനം സഹിക്കാനുണ്ടോ?
അടുത്തരംഗം ഒരു തിരഞ്ഞെടുപ്പ് പ്രചരണയോഗമാണ്. രാഷ്ട്രീയ കാര്യങ്ങളിലോ പൊതുജന പ്രവര്‍ത്തനങ്ങളിലോ യാതൊരു പങ്കും വഹിച്ചിട്ടില്ലാത്ത ഒരു പണച്ചാക്ക് തിരഞ്ഞെടുപ്പിന് നിന്നിരുന്നു. അദ്ദേഹത്തിന്റെ എതിരാളിയാണെങ്കില്‍ രാഷ്ട്രീയരംഗത്തും പൊതുജനസേവനരംഗത്തും ദീര്‍ഘകാലത്തെ പാരമ്പര്യമുള്ള ഒരു മാന്യനാണ്. ഇദ്ദേഹത്ത അനുകൂലിച്ചും എതിരാളിക്ക് പൊതുജനപ്രതിനിധിയാകാന്‍ അര്‍ഹതയില്ലെന്ന് സ്ഥാപിച്ചുകൊണ്ടും രാമയ്യര്‍ ചെയ്ത പ്രസംഗത്തിലെ ഫലിതം എല്ലില്‍ തറയ്ക്കുന്നതായിരുന്നു. ആ പ്രസംഗ ഭാഗം ഇതാ:
”ഒരു കൊച്ചു ബാലന്‍ ബാര്‍ബര്‍ ഷോപ്പില്‍ ചെന്ന് കസേരയില്‍ കയറിയിരുന്ന് തന്റെ താടി തൊട്ടുകാണിച്ചു. ബാര്‍ബര്‍ ബാലന്റെ മുഖത്ത് സോപ്പ് തേച്ചപ്പോഴേക്കും മറ്റൊരാള്‍ ഷേവിങ്ങിന് വന്നു. ഉടനെ ബാര്‍ബര്‍ ബാലനെ വിട്ട് നവാഗതന്റെ മുഖം ഷേവ് ചെയ്യാന്‍ തുടങ്ങി. അത് കഴിഞ്ഞപ്പോള്‍ മറ്റൊരാള്‍ വന്നു. ഇങ്ങനെ പലരുടേയും മുടിവെട്ടുകയും ഷേവ് ചെയ്യുകയും ചെയ്തിട്ടും തന്നോട് കാണിക്കുന്ന ഈ അനാദരവിന്റെ കാരണമന്വേഷിച്ചു ബാലന്‍… അതിന് ബാര്‍ബറില്‍ നിന്ന് ലഭിച്ച മറുപടിയാണ് രസകരം: ”തിരക്ക് കൂട്ടാതെ, താടിരോമങ്ങള്‍ മുളച്ച് വരട്ടെ”. പൊതു കാര്യങ്ങളില്‍ യാതൊരു പരിചയവും താത്പര്യവും ഇല്ലാത്തവര്‍ തിരഞ്ഞെടുപ്പിന് നില്ക്കുകയാണെങ്കില്‍, ബാര്‍ബര്‍ ഈ ബാലനോട് പെരുമാറിയതുപോലെയാണ് വോട്ടര്‍മാര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് രാമയ്യര്‍ പറഞ്ഞപ്പോള്‍ സദസ്സില്‍ ചിരിയുടെ മാലപ്പടക്കം പൊട്ടി.
ഈ ധര്‍മ്മബോധം കോടതികളില്‍ കേസുകള്‍ വാദിക്കുമ്പോഴും പ്രകടിപ്പിച്ചിരുന്നു. കോയമ്പത്തൂര്‍ കോടതിയില്‍ വച്ചുണ്ടായ ഒരു സംഭവമിതാ. ഹോംറൂള്‍ പ്രക്ഷോഭണത്തിന്റെ പേരില്‍ ആനിബസന്റ്, അരുണ്‍ ഡേല്‍, വാഡിയ എന്നിവരെ അറസ്റ്റ് ചെയ്ത് കോയമ്പത്തൂരില്‍ ഒരു ബംഗ്ലാവില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. അവര്‍ ബംഗ്ലാവിന്റെ മുറ്റത്ത് ഹോംറൂള്‍ കൊടി നാട്ടി. ചുകപ്പും പച്ചയുമാണ് അതിന്റെ നിറം. പോലീസ് ഇത് കേസ്സാക്കി. ആനിബസന്റിന് വേണ്ടി ഹാജരായത് രാമയ്യരായിരുന്നു. കേസിന്റെ വിചാരണക്കിടയില്‍ സര്‍ക്കാര്‍ വക്കീല്‍ പറഞ്ഞു: ”ഈ കൊടി ഗവണ്‍മെന്റിനെതിരെ ഒരു പ്രകോപന സൂചനയാണ്”. രാമയ്യര്‍ ഉടനെ എഴുന്നേറ്റ് ഇങ്ങനെ പറഞ്ഞു: ”പച്ചയും ചുകപ്പും ഒന്നിച്ച് കണ്ടാല്‍ വിറളി പിടിക്കുന്ന പോലീസുകാര്‍, ചുകപ്പു റൗക്കയും പച്ചസാരിയും ധരിച്ച സ്ത്രീകളേയും ചുകപ്പുകൊടിയും പച്ചക്കൊടിയും കാണിക്കുന്ന റെയില്‍വേ ഗാര്‍ഡിനെയും പച്ചിലക്കിടയില്‍ ചുകപ്പു പൂവുള്ള കാട്ടുവാകയേയും പ്രോസിക്യൂട്ട് ചെയ്യുമല്ലോ”. ഇത് കേട്ട് ജഡ്ജിയടക്കമുള്ളവരെല്ലാം പൊട്ടിച്ചിരിക്കുകയും കേസ് ചീറ്റിപ്പോകുകയും ചെയ്തു.
ധാര്‍മ്മികബോധം
ജീവിതത്തിലെ ധാര്‍മ്മികബോധം കേസ് ഏറ്റെടുക്കുന്നതിലും പാലിച്ചിരുന്നു. 1921-ല്‍ മലബാറില്‍ നടന്ന ലഹളയെ സംബന്ധിച്ച സത്യസന്ധമായ വിവരങ്ങള്‍ അറിയാന്‍ ലഹളബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് തെളിവ് ശേഖരിക്കാന്‍ സര്‍വ്വന്റ്‌സ് ഓഫ് ഇന്ത്യാ സൊസൈറ്റി നിയോഗിച്ച ദേവധാറിനോടൊപ്പം രാമയ്യരും ലഹളബാധിത പ്രദേശങ്ങള്‍ മുഴുവന്‍ സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു. നേരിട്ട് അറിയാന്‍ കഴിഞ്ഞ പല സംഭവങ്ങളും വേദനിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായിരുന്നു. അതിനാല്‍ ലഹളക്കാര്‍ക്ക് വേണ്ടി കേസ് വാദിക്കാന്‍ അദ്ദേഹം തയ്യാറായില്ല. മനഃസാക്ഷിക്ക് വിപരീതമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നര്‍ത്ഥം.
എന്നാല്‍ ലഹളയ്ക്ക് ശേഷം, ലഹളയുമായി യാതൊരു ബന്ധവുമില്ലാത്ത പാവപ്പെട്ട മുസ്ലിങ്ങള്‍ക്കെതിരെ പോലീസുകാര്‍ കള്ളക്കേസുകള്‍ കെട്ടിച്ചമയ്ക്കാന്‍ തുടങ്ങിയപ്പോള്‍ രാമയ്യരുടെ ധാര്‍മ്മികരോഷം സടകുടഞ്ഞെഴുന്നേറ്റു. പല ഇംഗ്ലീഷ് പത്രങ്ങളിലും ഈ അനീതിക്കെതിരെ ലേഖനങ്ങള്‍ എഴുതി നിയമയുദ്ധം ആരംഭിച്ചു. അവസാനം കള്ളക്കേസുകള്‍ ചമച്ച പോലീസുകാര്‍ക്കെതിരെ മദ്രാസ് സര്‍ക്കാരിന് നടപടികളെടുക്കേണ്ടിവന്നു.
വിധിയുടെ ക്രൂരത
ജനങ്ങളുടെ നന്മയ്ക്കും പ്രബുദ്ധതയ്ക്കും വേണ്ടി മാത്രം പ്രവര്‍ത്തിച്ച രാമയ്യരോട് വിധി വലിയ ക്രൂരതയാണ് കാണിച്ചത്. 1937-ല്‍ ഭാര്യ അന്നപൂര്‍ണ്ണാംബാള്‍ നിര്യാതയായി. അതേത്തുടര്‍ന്ന് അടുത്തടുത്ത അവസരങ്ങളില്‍ ഉറ്റവരില്‍ പലരും വിട്ടുപോയി. മൂത്ത പുത്രി മരിച്ചു. മൂത്ത മകന്‍ മരിച്ചു. അധികം താമസിയാതെ രണ്ടാമത്തെ മകനും മരിച്ചു. രണ്ടാമത്തെ മകന്റെ രണ്ടു മക്കളും മരിച്ചു. ഒന്നിന് പുറകെ മറ്റൊന്ന് എന്ന നിലയില്‍ ഉണ്ടായ ഈ ദുരിതങ്ങള്‍ അദ്ദേഹത്തെ അന്തര്‍മുഖനാക്കി. ഐഹികബന്ധങ്ങളില്‍ നിന്ന് അകലാന്‍ പ്രേരിപ്പിച്ചു. ഒടുവിലൊടുവില്‍ ഒരു ജീവന്മുക്തഭാവം കൈവന്നു. യഥാര്‍ത്ഥ അനാഗാരിക രാമനായി. ആ നിലയില്‍ പത്ത് വര്‍ഷത്തോളം ജീവിച്ചിട്ടാണ് 1958ല്‍ ദേഹം ഉപേക്ഷിച്ചത്.