ചൈനയും ഇറാനും ഇന്നിപ്പോള്‍ ആഭ്യന്തരയുദ്ധത്തിന്റെ വക്കിലാണ്, അവിടുത്ത ജനങ്ങള്‍ ചരിത്രത്തിലെ ഒരു വഴിത്തിരിവിലാണ്. ഇന്നത്തെ സാഹചര്യത്തില്‍ പാശ്ചാത്യ ലോകത്തിന്റെയും ഭാരതത്തിന്റെയും ജനാധിപത്യത്തിലൂന്നിയ മൂല്യാധിഷ്ഠിത നയതന്ത്രമാണ് അവരുടെ ശോഭനമായ ഭാവിയുടെ താക്കോല്‍.
1979 ല്‍ ഇറാനില്‍ അരങ്ങേറിയ ഇസ്ലാമിക വിപ്ലവാനന്തരം സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും, വംശീയ-മത ന്യൂനപക്ഷങ്ങളും വ്യാപകമായ വിവേചനത്തിനും അക്രമത്തിനും അനുദിനം വിധേയരായിക്കൊണ്ടിരിക്കുന്നു. നൂറുകണക്കിന് ആളുകള്‍ ഇക്കാലയളവില്‍ അന്യായമായി തടവിലാക്കപ്പെട്ടു. മനുഷ്യാവകാശങ്ങള്‍ സമാധാനപരമായി വിനിയോഗിച്ചതിന് മാത്രം ഇറാനില്‍ ആയിരക്കണക്കിന് വ്യക്തികളെ അന്യായമായി വിചാരണ കൂടാതെ ഏകപക്ഷീയമായി തടങ്കലില്‍ വയ്ക്കുകയും ചെയ്തു. നിയമനിര്‍മ്മാണ സംവിധാനങ്ങള്‍ ഇസ്ലാമിക വിശ്വാസത്തിലടിസ്ഥാനമാക്കിയ ശരിഅത്ത് നിയമത്തിലൂടെ വ്യക്തി സ്വാതന്ത്ര്യത്തിനും, അഭിപ്രായ പ്രകടനങ്ങള്‍ക്കും ഭീഷണിയായി. ഇത്തരത്തില്‍ മത പോലീസ് തടങ്കല്‍ പാളയങ്ങളിലാക്കിയവര്‍ക്ക് മതിയായ വൈദ്യസഹായം നിഷേധിക്കുന്നത് ഉള്‍പ്പെടെയുള്ള പീഡനങ്ങളും മറ്റ് തരത്തിലുള്ള മോശമായ പെരുമാറ്റങ്ങളും വ്യാപകവും വ്യവസ്ഥാപിതവുമായി ഇറാനില്‍ നേരിടേണ്ടി വന്നു. ചാട്ടവാറടി, ശിരസ്സ് ഛേദിക്കല്‍, കണ്ണുചൂഴ്‌ന്നെടുക്കല്‍ തുടങ്ങിയ പ്രാകൃത ശിക്ഷകളാണ് ഇറാനിലെ ഇസ്ലാമിക ശരിഅത്ത് കോടതികള്‍ വിധിച്ചുകൊണ്ടിരിക്കുന്നത്. അടിച്ചമര്‍ത്തല്‍ ഉപകരണമായി വധശിക്ഷയുടെ വ്യാപകമായ ഉപയോഗം ഇറാനില്‍ നിര്‍ലോഭം തുടരുന്നു.
വന്‍തോതിലുള്ള ഭരണവിരുദ്ധ പ്രതിഷേധവുമായി 2009-ലെ വേനല്‍ക്കാലത്ത് ഇറാന്‍ ജനത ഇസ്ലാമിക ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയപ്പോള്‍, CN4 Iran എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് അവരെ പിന്തുണയ്ക്കാന്‍ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ചൈനയിലെ ജനങ്ങള്‍ സ്വന്തം സുരക്ഷയെ പണയപ്പെടുത്തി മുന്നോട്ട് വന്നത്. ഇപ്പോള്‍, ഒരു ദശാബ്ദത്തിലേറെയായി, അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്കായി ഇരു രാജ്യങ്ങളും വീണ്ടും തെരുവിലിറങ്ങിയിരിക്കുന്നു.
ജിന മഹ്സ അമിനിയെന്ന നിസ്സഹായയായ യുവതി ഇസ്ലാമിക മത പോലീസിന്റെ കൈകളാല്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടിട്ട് രണ്ട് മസത്തിലേറെയായെങ്കിലും ഇറാനില്‍ പ്രതിഷേധ തരംഗം തുടരുകയാണ്. ‘അനുചിതമായ വസ്ത്രധാരണത്തിന്’ തടവിലാക്കപ്പെട്ട 22 കാരിയായ ആ കുര്‍ദിഷ് യുവതിയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് സപ്തംബര്‍ 16 ന് ആരംഭിച്ച പ്രതിഷേധത്തില്‍ 400-ലധികം ആളുകള്‍ കൊല്ലപ്പെടുകയും 14,000-ത്തോളം പേര്‍ അറസ്റ്റിലാവുകയും ചെയ്തതായി ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് ചെയ്യുന്നു.
മത-ലിംഗ ന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡന-വംശഹത്യ പരമ്പരകള്‍ അവസാനിപ്പിക്കാനും മൗലികാവകാശങ്ങളുടെ മേല്‍ മതത്തിന്റെ കടന്നുകയറ്റം അവസാനിപ്പിക്കാനും ഐക്യരാഷ്ട്രസഭ ഇറാനിലെ ഷിയാ മുസ്ലിം ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2013 മാര്‍ച്ചില്‍ ഷി ജിന്‍പിംഗ് അധികാരത്തിലെത്തിയത് മുതല്‍ ചൈനയില്‍ വ്യാപകമായ രീതിയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടമാടിവരുന്നു. 2017-ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച, കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തെ നിശിതമായി വിമര്‍ശിച്ചുവന്ന ലിയു സിയാവോബോ പോലീസ് കസ്റ്റഡിയില്‍ അതി ക്രൂരമായി കൊല്ലപ്പെടുകയുണ്ടായി. ഈ സംഭവത്തിലൂടെ ചൈനയില്‍ നടമാടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ ആഗോള തലത്തില്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചു. അനുദിനം വര്‍ദ്ധിച്ചു വരുന്ന ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ്, സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങളുടെ നിഷേധം, ന്യൂനപക്ഷ വിഭാഗങ്ങളെ അടിച്ചമര്‍ത്തല്‍, മനുഷ്യാവകാശ സംരക്ഷകരെ തടവിലിടല്‍ എന്നിവ ചൈനയില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ ചിലത് മാത്രമാണ്.
ഒരു കോടിയോളം മുസ്ലിം വിശ്വാസികളായ ഉയ്ഗൂറുകള്‍ വസിക്കുന്ന പടിഞ്ഞാറന്‍ ചൈനീസ് പ്രദേശമായ സിന്‍ജിയാങ്ങിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അമേരിക്ക ഈയിടെ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. തടങ്കല്‍പ്പാളയങ്ങളില്‍ അടിമകളെപ്പോലെ ജോലിയെടുക്കുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെ, പ്രധാനമായും മുസ്ലിം വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തര പീഡനം ചൈന നടത്തി വരുന്നതായി അമേരിക്കയും മിക്ക പാശ്ചാത്യ രാജ്യങ്ങളും പണ്ട് മുതലേ ആരോപണം ഉന്നയിച്ചിരുന്നു. ഉയ്ഗൂര്‍ ഇസ്ലാമിക വിശ്വാസികളെ ചൈന വംശഹത്യയ്ക്കിരയാക്കുകയാണെന്നുള്ള വാദം ബീജിംഗ് ശക്തമായി നിഷേധിക്കുന്നു.
ചൈനയിലെ വിദ്യാര്‍ത്ഥികളും സാധാരണക്കാരും ഏകാധിപതി ഷി ജിന്‍പിംഗിനും കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നയത്തിന്റെ ഭാഗമായ സീറോ-കോവിഡ് നിയന്ത്രണത്തിനെതിരെയും തെരുവിലിറങ്ങുന്നു. ”ഷി ജിന്‍പിംഗ് പടിയിറങ്ങണം,” ”ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം, ഞങ്ങള്‍ക്ക് മനുഷ്യാവകാശം വേണം,” ”ഞങ്ങള്‍ക്ക് സാര്‍വത്രിക മൂല്യങ്ങള്‍ വേണം” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അവര്‍ ഉറക്കെ വിളിക്കുന്നത് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. ചൈനയില്‍ നിന്നുള്ള ഒരു സോഷ്യല്‍ മീഡിയിലൂടെ പ്രതിഷേധക്കാര്‍ ഇറാനിലെ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുദ്രാവാക്യം വിളിക്കുന്നതും ലോകം കണ്ടു.
ചൈനയില്‍ ജനരോഷവും പ്രകടനങ്ങളും കാര്യമായി വര്‍ദ്ധിച്ചിട്ടും, സമാനമായ ജനരോഷത്തെ മുന്‍ കാലങ്ങളില്‍ ഉരുക്ക് മുഷ്ടിയുപയോഗിച്ച് നേരിട്ട കമ്മ്യൂണിസ്റ്റ് ഭരണകൂടം ഏതൊക്കെയോ കാരണങ്ങളാല്‍ ഇതുവരെ കാര്യമായ പ്രതികരണം നടത്തിയിട്ടില്ല. ജനരോഷത്തെ അടിച്ചമര്‍ത്തുന്നതില്‍ നിന്ന് ചൈനീസ് ഭരണകൂടം വിട്ടുനില്‍ക്കുന്നുവെന്ന പ്രതീതിയാണ് ഇപ്പോള്‍ നമുക്ക് കിട്ടുന്നത്. വാര്‍ത്തകളെ തമസ്‌ക്കരിക്കാനുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ കഴിവിനെ ഈ അവസരത്തില്‍ ആരും കുറച്ചു കാണുകയുമരുത്. സോവിയറ്റ് ഇരുമ്പ് മറയ്ക്ക് പിന്നില്‍ നടന്ന മനുഷ്യക്കുരുതിയുടെ ഭീകരമായ കണക്കുകള്‍ പുറത്തു വരാന്‍ വര്‍ഷങ്ങള്‍ തന്നെയെടുത്തു.
ഇറാനിലെ പ്രതിഷേധങ്ങള്‍ മത ഭീകരതുടെയും ലിംഗ വിവേചനത്തിന്റെയും ക്രൂരമായ യാഥാര്‍ത്ഥ്യങ്ങള്‍ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയപ്പോള്‍, സ്ത്രീകളുടെ അവകാശങ്ങളെ പിന്തുണയ്ക്കുന്നതില്‍ അഭിമാനിക്കുന്ന പാശ്ചാത്യ ഗവണ്‍മെന്റുകള്‍ക്ക് ഇറാനിലെ ഇസ്ലാമിക ഭരണ നേതൃത്വത്തോടുള്ള പ്രീണന നയത്തെ ഇന്നത്തെ സാഹചര്യത്തില്‍ ന്യായീകരിക്കാനാകുന്നില്ല. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലെ അംഗരാജ്യങ്ങള്‍ ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഒരു സ്വതന്ത്ര വസ്തുതാന്വേഷണ ദൗത്യം സ്ഥാപിക്കുന്നതിനുള്ള പ്രമേയം നവംബര്‍ 24 ന് വോട്ടിനിട്ട് പാസ്സാക്കി ചരിത്രം സൃഷ്ടിച്ചു. ചൈന ഉള്‍പ്പെടെ വെറും ആറ് രാജ്യങ്ങള്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്.
ഇറാനിലെയും ചൈനയിലെയും ജനങ്ങള്‍ പരസ്പരം മനസ്സിലാക്കി അന്യോന്യം പ്രചോദനം തുടരുമ്പോള്‍, അവരുടെ ഗവണ്‍മെന്റുകള്‍ അന്തര്‍ദ്ദേശീയ വേദിയില്‍ പോലും സ്വജനങ്ങളെ അടിച്ചമര്‍ത്താനുള്ള നയങ്ങളില്‍ പരസ്പരം പിന്തുണയ്ക്കുന്നത് നമുക്ക് കാണാനാകും.
പാശ്ചാത്യ ഉപരോധങ്ങള്‍ ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന് മേല്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തിയത്തിന്റെ ഭാഗമായിട്ട് ചൈനയുമായി അടുക്കാന്‍ അവര്‍ കഠിനമായി പരിശ്രമിച്ചു. ഇതിനെ തുടര്‍ന്ന് 2021 മാര്‍ച്ചില്‍, അന്നത്തെ ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ടെഹ്റാനില്‍ കൂടിക്കാഴ്ച നടത്തുകയും 25 വര്‍ഷം ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു. അക്കാലത്ത് ഇറാന്‍ പ്രസിഡന്റായിരുന്ന ഹസന്‍ റൂഹാനി ചൈനയുമായി ‘തന്ത്രപരമായ സഹകരണം’ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി അതികഠിനമായി പരിശ്രമിച്ചുകൊണ്ടേയിരുന്നു.
മേല്‍പ്പറഞ്ഞ നായതന്ത്രത്തിന്റെ ഫലമായി ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സി ഒ) കഴിഞ്ഞ വര്‍ഷം ഇറാന്റെ അംഗത്വ അഭ്യര്‍ത്ഥന തത്വത്തില്‍ അംഗീകരിച്ചു, 2023 ഏപ്രിലില്‍ ഇത് ഔദ്യോഗികമാകും. ഇറാന്‍ പാര്‍ലമെന്റ് കഴിഞ്ഞയാഴ്ച്ചയാണ് എസ്സിഒയിലെ സ്ഥിരാംഗത്ത്വത്തിന് അനുകൂലമായി വോട്ട് ചെയ്തത്. ഇതിന് പിന്നാലെ അവരുടെ വിദേശകാര്യ മന്ത്രി സോഷ്യല്‍ മീഡിയയില്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തു. ‘ഏഷ്യന്‍ രാജ്യങ്ങളുമായുള്ള പ്രാദേശിക, അന്തര്‍ദ്ദേശീയ, സാമ്പത്തിക സഹകരണം കെട്ടിപ്പടുക്കുന്നതില്‍ ഇറാന്‍ ഗൗരവമായി പ്രവര്‍ത്തിക്കുന്നു” ഇതായിരുന്നു ആ സന്ദേശം.
ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളിയായി ചൈന അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. 2022 ലെ ആദ്യ ഏഴ് മാസങ്ങളില്‍ ഉഭയകക്ഷി വ്യാപാരം 9.66 ബില്യണ്‍ ഡോളറെന്ന സര്‍വകാല ഉന്നതിയിലെത്തി. സൈനിക മേഖലയിലും ഉഭയകക്ഷി ബന്ധം ഇക്കാലയളവില്‍ വികസിച്ചു. ഒമാന്‍ ഉള്‍ക്കടലില്‍ ഇരു രാജ്യങ്ങളും സംയുക്ത സൈനികാഭ്യാസം നടത്തുമെന്ന് 2022 ഏപ്രില്‍ അവസാനം ടെഹ്റാനില്‍ ഇറാനിയന്‍ സായുധ സേനയുടെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് മുഹമ്മദ് ബഗേരിയും ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെംഗെയും പ്രഖ്യാപിച്ചിരുന്നു.
ചൈനയിലെയും ഇറാനിലെയും ഏകാധിപത്യ ഭരണകൂടങ്ങള്‍ അവരുടെ പരസ്പര ബന്ധം ശക്തിപ്പെടുത്താന്‍ അനുദിനം പ്രവര്‍ത്തിക്കുമ്പോള്‍, ജനാധിപത്യ രാജ്യങ്ങളുടെ സഖ്യത്തില്‍ നിന്ന് സ്വേച്ഛാധിപതികളുടെ സഖ്യത്തെ വ്യത്യസ്തമാക്കുന്നത് എന്താണെന്ന് ജനാധിപത്യ ലോകം പുനര്‍വിചിന്തനം ചെയ്യേണ്ട ഒരു നിര്‍ണായക സമയമാണിത്. ഒരു പാശ്ചാത്യ രാജ്യം ഒരു സ്വേച്ഛാധിപത്യ രാഷ്ട്രവുമായി എന്ത് താല്പര്യത്തിന് വേണ്ടിയാണ് ബന്ധം പുലര്‍ത്തുന്നത്? അത് ആരുടെ ചിലവിലാണ് മുന്നോട്ട് കൊണ്ട് പോകേണ്ടത് ?
ജനാധിപത്യ മൂല്യങ്ങളിലും തത്വങ്ങളിലും വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാണെങ്കില്‍ മാത്രമേ ജനാധിപത്യത്തിന് സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയൂ എന്നുള്ളതാണ് പരമമായ സത്യം. സ്വേച്ഛാധിപത്യ ഭരണകൂടവുമായി ‘സമാധാനപരവും സുസ്ഥിരവുമായ’ ബന്ധം സ്ഥാപിക്കുന്നതിന് വേണ്ടി അടിച്ചമര്‍ത്തലിലൂടെ നടക്കുന്ന ഇറാനിലെയും ചൈനയിലെയും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കു നേരെ ജനാധിപത്യ രാജ്യങ്ങള്‍ക്ക് കണ്ണടയ്‌ക്കേണ്ടി വന്നേക്കും.
ഇറാനിലെയും ചൈനയിലെയും ജനങ്ങള്‍ അവരുടെ ചരിത്രത്തിലെ ദശാസന്ധി ഘട്ടത്തിലാണ്. അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് അവര്‍ക്ക് ലഭിക്കുന്ന പിന്തുണയെ ആശ്രയിച്ചിരിക്കുന്നു ഇന്നിപ്പോള്‍ അവരുടെ വിധി. ഈ ഭരണകൂടങ്ങളുമായുള്ള ബന്ധം പരിപൂര്‍ണമായി വിച്ഛേദിക്കുന്നത് ഭാരതത്തിനും ലോകത്തിനും ഭൂഷണമല്ല. പകരം, അവിടെയുള്ള ജനങ്ങളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളും, സ്വാതന്ത്ര്യവും, സംരക്ഷിക്കുന്നതിനു വേണ്ടി ജനാധിപത്യമൂല്യങ്ങളുമായി ഏറ്റവുമടുത്തു നില്‍ക്കുന്ന പൗരസമൂഹത്തില്‍പ്പെട്ട നേതാക്കന്മാര്‍ ഭാരതത്തിന്റെ നേതൃത്വത്തില്‍ ഒരു പുതിയ ലോകക്രമം കെട്ടിപ്പടുക്കുന്നതിന് വേണ്ടി വലിയ രീതിയില്‍ പരിശ്രമിക്കേണ്ടതുണ്ട്.