മുത്തശ്ശിയുടെ മടിയില്‍ തലവെച്ചു കിടക്കുകയാണ് മുത്തുവും നന്ദുവും മീരയും. വിഷുക്കാലം ആഘോഷിക്കാനായി അവര്‍ തറവാട്ടില്‍ എത്തിയതായിരുന്നു. ഇപ്പോള്‍ അവരുടെ ആവശ്യം മുത്തശ്ശി ഒരു കഥ പറയണം. മുത്തശ്ശി കഥ പറയാന്‍ തുടങ്ങി ഒരു ദേശത്തിന്റെ കഥ. വളരെ പഴയ കഥയാണ്. പക്ഷേ കഥ കേട്ടുകഴിയുമ്പോള്‍ കഥയ്ക്ക് ഇപ്പോഴത്തെ സാഹചര്യവുമായി സമാനതയുണ്ടെന്ന് നിങ്ങള്‍ക്കു മനസ്സിലാകും.
മംഗളദേശം എന്നൊരു ഗ്രാമം. അവിടെ എല്ലാവരും കൃഷിക്കാരാണ്. ഫലഭൂയിഷ്ഠമായ മണ്ണും ധാരാളമായി ലഭിക്കുന്ന മഴയും അവര്‍ക്ക് നല്ല വിളയും ജീവിക്കാനുള്ള വരുമാനവും നല്‍കി. ആഹ്ലാദകരമായി ജീവിതം മുന്നോട്ടു പോകുന്നതിനിടയില്‍ മഴയുടെ ദേവനായ ഇന്ദ്രന് ആ ഗ്രാമവാസികളോട് എന്തോ ഇഷ്ടക്കേട് തോന്നി. അദ്ദേഹം പറഞ്ഞു. ”അടുത്ത പന്ത്രണ്ടുവര്‍ഷത്തേക്ക് നിങ്ങളുടെ നാട്ടില്‍ മഴ പെയ്യുന്നതല്ല. നിങ്ങള്‍ കൃഷി ചെയ്യുന്നതും വിളവെടുക്കുന്നതും എങ്ങനെയെന്ന് ഞാനൊന്നു നോക്കട്ടെ”.
ഗ്രാമവാസികള്‍ കൂട്ടത്തോടെ ഇന്ദ്രദേവനോട് അപേക്ഷിച്ചു. ‘കരുണ കാണിക്കണം. മഴയില്ലെങ്കില്‍ ഏകവരുമാനമാര്‍ഗ്ഗമായ കൃഷി പാടെ തകരും. ഞങ്ങള്‍ പട്ടിണിയിലേയ്ക്കും മരണത്തിലേയ്ക്കും എടുത്തെറിയപ്പെടും!
ഇന്ദ്രദേവന്റെ മനസ്സ് അലിഞ്ഞില്ല. അപേക്ഷയും പ്രാര്‍ത്ഥനയും തുടര്‍ന്നപ്പോള്‍ ഇന്ദ്രന്‍ പറഞ്ഞു.
‘ശിവഭഗവാന്റെ കടുന്തുടിയുടെ നാദം കേട്ടെങ്കിലേ മഴ സാദ്ധ്യമാകൂ. നിങ്ങള്‍ ശിവനോട് കടുന്തുടി നാദം മുഴക്കാന്‍ പറയൂ’.
ഗ്രാമവാസികള്‍ ശിവന്റെ സവിധത്തില്‍ എത്തുംമുമ്പ് രഹസ്യമായി ഇന്ദ്രന്‍ ശിവനെക്കണ്ട് ഗ്രാമവാസികളുടെ ആവശ്യം പന്ത്രണ്ടുവര്‍ഷത്തിനുശേഷമേ പരിഗണിക്കാവൂ എന്ന് ആവശ്യപ്പെട്ടു. തന്റെ മുമ്പിലെത്തിയ കര്‍ഷകരോട് ശിവന്‍ പറഞ്ഞു:
‘നിങ്ങള്‍ പന്ത്രണ്ടുവര്‍ഷം കാത്തിരിക്കണം’
അവര്‍ നിരാശരായി മടങ്ങി. ആരും കൃഷി സ്ഥലത്തേയ്ക്ക് പോയില്ല. എന്തിന് കഷ്ടപ്പെടണം. മഴയില്ലാത്ത കാലത്ത് എന്തുചെയ്താലും എല്ലാം ഉണങ്ങിക്കരിഞ്ഞു പോവുകയേയുള്ളൂ.
എന്നാല്‍ ധര്‍മ്മപാലന്‍ എന്നൊരു കര്‍ഷകന്‍ പതിവുപോലെ നിലം ഉഴുതു. വിത്തും വളവും കൃഷിയിടത്തില്‍ ഇറക്കി. ഫലപ്രാപ്തിയിലെത്തുകയില്ലെന്ന് ഉറപ്പുണ്ടായതിനാല്‍ ധര്‍മ്മപാലന്റെ പ്രവൃത്തി മറ്റുള്ളവര്‍ക്ക് പരിഹാസ്യമായിത്തോന്നി. അവരുടെ പരിഹാസവും കളിയാക്കലും ധര്‍മ്മപാലന്‍ വകവെച്ചില്ല. അയാള്‍ തന്റെ പ്രവൃത്തി തുടരുക തന്നെ ചെയ്തു.
ഒരാള്‍ ചോദിച്ചു: ‘എന്തിനാണ് ഇങ്ങനെ സമയവും ആരോഗ്യവും നശിപ്പിക്കുന്നത്; പന്ത്രണ്ടുവര്‍ഷം മഴയില്ല. ഈ കഷ്ടപ്പാടിന് പിന്നെ എന്തുഫലം കിട്ടാനാണ്?’
‘ഫലം കിട്ടിയില്ലെങ്കില്‍ വേണ്ട. ഞാനിതു ചെയ്യുന്നത് ഒരു പരിശീലനം പോലെയാണ്. നിത്യവും ചെയ്തിരുന്ന കാര്യം നിര്‍ത്തിവെച്ച് പന്ത്രണ്ടു വര്‍ഷം കഴിഞ്ഞുവരുന്ന മഴയ്ക്കുശേഷം തുടങ്ങാമെന്നു കരുതിയാല്‍ നമ്മുടെ ശരീരവും മനസ്സും അതിനോട് പൊരുത്തപ്പെട്ടു എന്നു വരില്ല. നിലമൊരുക്കാനും വിത്ത് സൂക്ഷിക്കാനും വളമിടാനും ഒക്കെയുള്ള സമയക്രമവും ചിട്ടയുമൊക്കെ കാലം ചെല്ലുമ്പോള്‍ ഞാന്‍ മറന്നു എന്നും വരാം. എന്റെ ശരീരത്തിന്റെ അദ്ധ്വാനശേഷി നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ പന്ത്രണ്ടുവര്‍ഷം കഴിഞ്ഞ് മഴകിട്ടുമ്പോള്‍ ജോലി ചെയ്യാന്‍ എനിക്ക് പ്രയാസമുണ്ടാവില്ല’.
ധര്‍മ്മപാലന്റെ വാക്കുകള്‍ക്ക് ചെവിയോര്‍ത്ത പാര്‍വ്വതീദേവി തന്റെ പ്രിയതമനായ ശിവഭഗവാനോട് പറഞ്ഞു:
‘പന്ത്രണ്ടു വര്‍ഷം കഴിയുമ്പോള്‍ കടുന്തുടിയില്‍ നാദമുണര്‍ത്തുന്നത് എങ്ങനെയെന്ന് ഓര്‍മ്മയുണ്ടാകുമോ? ~ഒരു പക്ഷേ എല്ലാം അപ്പോഴേയ്ക്കും മറന്നുപോയാലോ…’
ശിവന് അക്കാര്യത്തില്‍ പരിഭ്രമവും സംശയവുമായി. പന്ത്രണ്ടുവര്‍ഷം വലിയൊരു കാലമാണ്. അപ്പോഴേയ്ക്കും മറവി തന്നെ ഗ്രസിച്ചേക്കാം. ഭഗവാന്‍ കടുന്തുടി കയ്യിലെടുത്തു മെല്ലെ… മെല്ലെ നാദം പുറത്തേയ്‌ക്കൊഴുകി. ഇല്ല… മറന്നിട്ടില്ല. ശിവന് ആശ്വാസമായി.
ആ നിമിഷം… അവിചാരിതമായി… ലോകത്തെ ഞെട്ടിച്ചുകൊണ്ട് കുളിര്‍ മഴ പെയ്തു. ഭൂമിയാകെ തണുത്തു. താരും തളിരുമണിഞ്ഞു. ധര്‍മ്മപാലന്റെ കൃഷിയിടത്തില്‍ വിളകള്‍ സമൃദ്ധമായി തലയാട്ടിനിന്നു. സ്ഥിരമായി കഠിനാദ്ധ്വാനം ചെയ്ത അയാളുടെ ജീവിതം സമ്പല്‍സമൃദ്ധവും ആഹ്ലാദപൂര്‍ണ്ണവുമായി.
മടിപിടിച്ചിരുന്നവരുടെ കാര്യമോ? കഷ്ടം തന്നെ. അവര്‍ക്ക് നല്ലവിളയും വരുമാനവും കിട്ടുക എളുപ്പമായിരുന്നില്ല. അതിന് ഏറെ കാത്തിരിക്കേണ്ടിയും വന്നു.
അതുപോലെ പരീക്ഷയില്‍ വിജയിക്കണമെങ്കില്‍ നിരന്തരമായി പാഠങ്ങള്‍ പഠിച്ചുകൊണ്ടേയിരിക്കണം. പിന്നെ പരീക്ഷ വന്നാല്‍ വിജയം ഉറപ്പ്.
നിങ്ങള്‍ ഓരോരുത്തരും മാതൃകയാക്കേണ്ടത് മടിപിടിച്ചിരിക്കുന്നവരെയല്ല. കഠിനാദ്ധ്വാനം ചെയ്യുന്ന ധര്‍മ്മപാലനെയാണ്.
മുത്തശ്ശി കഥപറഞ്ഞുനിര്‍ത്തി. കൊച്ചുമക്കളുടെ മനസ്സില്‍ പുതിയൊരു വെളിച്ചം പടര്‍ന്നു.