സ്വേച്ഛാധിപതികള്‍ക്കും ജനസമ്മതിയില്ലാത്ത തത്വശാസ്ത്രങ്ങള്‍ക്കും അപ്രതീക്ഷിതമായ പതനം അനിവാര്യമാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അധികാരത്തിന്റെയും പിന്നീട് അടിച്ചമര്‍ത്തലിന്റെയും അത്യുന്നതങ്ങളില്‍ എത്തുമ്പോഴാണ് ജനങ്ങള്‍ പ്രതികരിക്കുന്നതും ഏകാധിപതികളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയുന്നതും. എന്നാലും വീണ്ടും വീണ്ടും ലോകത്തില്‍ അധികാരമോഹികള്‍ ഉയര്‍ന്നുവരുന്നു. കുറെക്കാലം ജനങ്ങളെ അടിച്ചമര്‍ത്തി ഭരണം നടത്തുകയും ശക്തിയാര്‍ജ്ജിക്കുകയും ചെയ്യുന്നു. എന്നാല്‍ ചെറിയ ഒരു തീപ്പൊരി മതി ഇവരെ നശിപ്പിക്കുവാന്‍. അപ്പോഴാണ് അവരുടെ ചെയ്തികളുടെ യഥാര്‍ത്ഥ രൂപം പുറത്തുവരുന്നത്. വിപ്ലവങ്ങള്‍ ഉണ്ടാകുകയും ജനങ്ങള്‍ അധികാരം കൈക്കലാക്കുകയും ചെയ്യുന്നു. എന്നാല്‍ വീണ്ടും ചരിത്രം ആവര്‍ത്തിക്കുകയും ഏകാധിപതികള്‍ അധികാരത്തില്‍ എത്തുകയും ചെയ്യുന്നു.
ചൈനയിലും ഇറാനിലും ഇന്നു കാണുന്ന പ്രതിഷേധങ്ങള്‍ നിര്‍ണ്ണായകമായിട്ടില്ലെങ്കിലും വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ തുടക്കം തന്നെയാണ്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ സ്ഥാപിത താല്പര്യക്കാരുടെ സഹായത്തോടെ ഈ അധികാരികള്‍ക്ക് കഴിഞ്ഞേക്കാം. എങ്കിലും പെട്ടെന്ന് ആളിപ്പടരാവുന്ന തീപ്പൊരികളാണ് രണ്ടു രാജ്യത്തും കാണുന്നത്.
ചൈനയിലെ അനിഷേധ്യ നേതാവായി ഷി ജിന്‍പിങ് പത്തുവര്‍ഷം ഭരിച്ചതിനു ശേഷം ആ ജീവനാന്ത നേതാവായി മാവോയോടൊപ്പം ചരിത്രത്തില്‍ സ്ഥാനം പിടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പക്ഷെ ഒരു കുറഞ്ഞ കാലയളവില്‍ തന്നെ ജനരോഷം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ് ചൈനയില്‍. കോവിഡ് 19 എന്ന മഹാമാരി ചൈനയില്‍ സൃഷ്ടിച്ചതാണെന്ന ആരോപണം ചെറുത്തു നിര്‍ത്തി കൂടുതല്‍ ശക്തനാവുകയായിരുന്നു ഷി എന്ന കമ്മ്യൂണിസ്റ്റ് നേതാവ്. ഈയിടെ നടന്ന ജി-20 സമ്മേളനത്തില്‍ ഏറ്റവും അധികം ശ്രദ്ധ നേടിയ നേതാവായിരുന്നു അദ്ദേഹം. എല്ലാവരും അദ്ദേഹത്തെ കാണാനും സൗഹൃദം സ്ഥാപിക്കാനും ശ്രമിച്ചു. എല്ലാവരോടും അദ്ദേഹം പെരുമാറിയത് ഒരു ചക്രവര്‍ത്തിയുടെ പരിവേഷത്തിലായിരുന്നു. കനേഡിയന്‍ പ്രധാനമന്ത്രിയെ പരസ്യമായി ശകാരിക്കാന്‍ പോലും അദ്ദേഹം മടിച്ചില്ല. എന്നാല്‍ നാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ അദ്ദേഹം കണ്ടത് അദ്ദേഹത്തിന്റെ ‘പൂജ്യം കോവിഡ്’ എന്ന പദ്ധതിക്കെതിരെയുള്ള ജനരോഷമാണ്. യഥാര്‍ത്ഥത്തില്‍ കോവിഡിനെ നിയന്ത്രിക്കാനുള്ള ഒരു പദ്ധതിയായി അത് സ്വീകാര്യമാകേണ്ടതും വിജയിക്കേണ്ടതുമായിരുന്നു. എന്നാല്‍ ലോകം മുഴുവന്‍ കോവിഡില്‍ നിന്ന് രക്ഷപ്പെടുന്ന അവസരത്തില്‍ അദ്ദേഹം സ്വീകരിച്ച നടപടികള്‍ സ്വന്തം അധികാരം ശക്തിപ്പെടുത്താനുള്ള ഒരു ഉപാധിയായിട്ടാണ് ജനങ്ങള്‍ കണ്ടത്. വ്യക്തി സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നത് മനസ്സിലാക്കി 1989ലെ ടിയാനന്‍മെന്‍ വിപ്ലവത്തോട് താരതമ്യപ്പെടുത്താവുന്ന തരത്തില്‍ ജനരോഷം ആളിക്കത്താന്‍ തുടങ്ങി.
നാലുവര്‍ഷം മുന്‍പ് ഷി ജിന്‍ പിങ് പറയുകയുണ്ടായി ”കറുത്ത അരയന്നങ്ങളെ സൂക്ഷിക്കുക. ചാര നിറത്തിലുള്ള കാണ്ടാമൃഗങ്ങളെ ശ്രദ്ധിക്കുക”. കാണാതെ പോകുന്ന അപകടങ്ങളെപ്പറ്റിയാണ് അദ്ദേഹം സൂചിപ്പിച്ചത്. പക്ഷെ കറുത്ത അരയന്നങ്ങളും ചാരനിറത്തിലുള്ള കാണ്ടാമൃഗങ്ങളും പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും അവ അദ്ദേഹത്തിന്റെ ഭരണത്തെ വെല്ലുവിളിക്കുകയും ചെയ്തത് പെട്ടെന്നായിരുന്നു. ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷനേടാനുള്ള ശ്രമത്തിലാണ് ഷി ഇന്ന് ഏര്‍പ്പെട്ടിരിക്കുന്നത്.
ചില പ്രതിഷേധസ്വരങ്ങള്‍ ഒക്‌ടോബര്‍ 13 മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ ഒരു നിര്‍മ്മാണ ജോലിക്കാരന്റെ വേഷത്തില്‍ പോസ്റ്ററുകള്‍ സ്ഥാപിച്ചതായിരുന്നു ആദ്യത്തെ സംഭവം. ആ പോസ്റ്ററുകളില്‍ ഷിയുടെ കോവിഡ് നയം കൊണ്ടുണ്ടാകുന്ന അപകടങ്ങളെ അപലപിക്കുകയും അതിനെതിരായി സംഘടിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. മരണങ്ങളെ നിയന്ത്രച്ചെങ്കിലും ഷിയുടെ നയം വ്യക്തിസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണെന്നും ”നമുക്ക് നേതാവല്ല ജനതാല്പര്യമാണ്” പ്രധാനമെന്നും തുറന്നടിച്ചു. ആ വ്യക്തിയെ അധികാരികള്‍ പെട്ടെന്ന് അറസ്റ്റു ചെയ്തു. എന്നാല്‍ ടിയനാന്‍മെന്നില്‍ പൊരുതിയ ടാങ്ക് മനുഷ്യനെ’ പ്പോലെ ഇദ്ദേഹത്തിന് ‘ബ്രിഡ്ജ്മാന്‍’ എന്നു പേരിട്ടു ജനങ്ങള്‍.
‘ബ്രിഡ്ജ്മാന്റെ’ പ്രവര്‍ത്തനം പെട്ടെന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിലും കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. പല പട്ടണങ്ങളിലും ലോക്ഡൗണിനെതിരായി പ്രതിഷേധം ഉയര്‍ന്നു. നിരാശയും വിഷാദവും നിറഞ്ഞ ജനങ്ങള്‍ ഷിക്കെതിരായി പരസ്യമായി മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ തുടങ്ങി. പെട്ടെന്നു തന്നെ ഗവണ്‍മെന്റ് കോവിഡ് നിയമങ്ങളില്‍ അയവുകള്‍ പ്രഖ്യാപിച്ചെങ്കിലും കോവിഡ് പടര്‍ന്നുപിടിച്ചതോടെ ഈ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നില്ല.
നവംബര്‍ 24-ാം തീയതി ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ ഉണ്ടായ തീപിടുത്തം പത്തു പേരുടെ മരണത്തില്‍ കലാശിച്ചു. കോവിഡ് നിയന്ത്രണം കാരണം ജനങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ അടച്ചതുകൊണ്ടാണെന്ന് ആരോപണമുണ്ടായി. കോവിഡ് നിയന്ത്രണങ്ങള്‍ നീണ്ടുപോകുന്നതോടെ ജനരോഷം വര്‍ദ്ധിക്കാന്‍ തുടങ്ങി. ക്രൂരതക്ക് അവസാനമില്ല എന്ന ഒരു ചിന്ത ജനങ്ങളെ കൂടുതല്‍ പ്രതിഷേധങ്ങളിലേക്ക് നയിക്കുകയാണുണ്ടായത്. 2012 മുതല്‍ ഷിയുടെ ഈ സ്വാതന്ത്ര്യത്തിനെതിരായ പ്രവൃത്തികള്‍ ഒന്നൊന്നായി പുറത്തു വരാന്‍ തുടങ്ങി. ഏകാധിപത്യത്തിന്റെ കറുത്ത മുഖം അനാവരണം ചെയ്യപ്പെട്ടു.
പ്രതിഷേധത്തെ നേരിടാന്‍ ഗവണ്‍മെന്റ് സ്വീകരിച്ച നടപടികള്‍ കര്‍ക്കശമായി. ജനങ്ങള്‍ക്ക് പാസ്‌പോര്‍ട്ടുകള്‍ നല്‍കാതായി. ഖത്തറില്‍ നടക്കുന്ന വേള്‍ഡ് കപ്പ് മത്സരങ്ങള്‍ കാണാനാഗ്രഹിച്ച ചൈനക്കാര്‍ക്ക് നിരാശയുണ്ടായി. ലോക്ഡൗണ്‍ കാരണം കൂടിയിരുന്ന് മത്സരങ്ങള്‍ ടെലിവിഷനില്‍ കാണാനുണ്ടായിരുന്ന സൗകര്യങ്ങളും ഇല്ലാതായി. ഏകാധിപത്യത്തിന്റെ കരിനിഴലുകള്‍ ജനജീവിതത്തില്‍ പതിക്കാന്‍ തുടങ്ങി.
യൂണിവേഴ്‌സിറ്റി ക്യാമ്പസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ വെളുത്ത കടലാസ് കഷണങ്ങള്‍ ഉയര്‍ത്തികാട്ടി പ്രതിഷേധം അറിയിച്ചു. സോവിയറ്റ് യൂണിയനില്‍ ഗവണ്‍മെന്റിന്റെ ക്രൂരത എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ട് മുദ്രാവാക്യങ്ങള്‍ ആവശ്യമില്ല എന്ന് വിദ്യാര്‍ത്ഥികള്‍ എടുത്ത നിലപാടിനെയാണ് ഈ സംഭവം ഓര്‍മ്മിപ്പിച്ചത്. ബെയിജിംഗിലെ ഒരു സര്‍വ്വകലാശാലയില്‍ ജനാധിപത്യത്തിനും നിയമവാഴ്ചക്കും വേണ്ടി വിദ്യാര്‍ത്ഥികള്‍ ശബ്ദമുയര്‍ത്തി. ഷാങ്ഹായില്‍ ഷി അധികാരമൊഴിയണമെന്നാവശ്യപ്പെട്ട് രണ്ടായിരം പേര്‍ പോലീസിനെ വെല്ലുവിളിച്ചു. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധപ്രകടനങ്ങള്‍ക്ക് ഒരു നേതൃത്വമോ സംഘടനാബലമോ ഇല്ല. എല്ലാവരും സഹികെട്ട് അവരവര്‍ക്ക് തോന്നുന്ന തരത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. എങ്കിലും ജനരോഷത്തിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിക്കുകയും ചൈനയുടെ വിവിധഭാഗങ്ങളില്‍ ജനങ്ങള്‍ പലതരത്തില്‍ പ്രതിഷേധം പ്രകടിപ്പിക്കുകയുമാണ്.
ഇനി എന്തു സംഭവിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രതിഷേധം ടിയാനന്‍മെന്‍ പ്രതിഷേധം പോലെ ശക്തമാകുന്ന സൂചനകള്‍ ഇതുവരെ ഇല്ല. അതു സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുണ്ട്. അധികാരകേന്ദ്രങ്ങളിലെല്ലാം സ്വന്തം ആളുകളെ പ്രതിഷ്ഠിച്ച ഷിക്കെതിരായി ശക്തമായ ഒരു വിപ്ലവം ഉണ്ടാകാന്‍ സാധ്യതയില്ല. അടുത്തു തന്നെ നിയന്ത്രങ്ങളില്‍ അയവു വരുത്തുകയും പ്രതിഷേധത്തെ അടിച്ചമര്‍ത്തുകയും ചെയ്യാന്‍ ഷിക്ക് കഴിയും. എന്നാലും ‘കറുത്ത അരയന്നം’ എത്തി എന്ന സൂചനയാണ് ഷിക്ക് ലഭിച്ചിരിക്കുന്നത്. അതിനെ തകര്‍ക്കാനുള്ള ഉപാധികള്‍ സ്വീകരിക്കാനും അദ്ദേഹം തയ്യാറായതിനാല്‍ അദ്ദേഹത്തിന്റെ സ്ഥാനചലനം പെട്ടെന്നുണ്ടാകാനുള്ള സാദ്ധ്യതയില്ല.
ഇറാനിലെ പ്രതിഷേധവും ഗൗരവതരം തന്നെയാണ്. സെപ്റ്റംബര്‍ 17-ാം തീയതി മഹ്‌സ അമിനി എന്ന ഇരുപത്തിരണ്ടുകാരിയുടെ മരണമാണ് ഇപ്പോള്‍ നടക്കുന്ന ജനരോഷത്തിന് വഴി തെളിച്ചത്. ഹിജാബ് നിയമമനുസരിച്ച് ധരിക്കാതെ ജീന്‍സ് ധരിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനാല്‍ രാജ്യത്തെ സദാചാര പോലീസ് അവരെ അറസ്റ്റു ചെയ്യുകയും ജയിലില്‍ വച്ച് അവരെ കൊല്ലുകയും ചെയ്തുവെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ അവര്‍ മരിച്ചത് അവര്‍ക്ക് നേരത്തേയുണ്ടായിരുന്ന രോഗം കാരണമാണെന്നാണ് പോലീസ് പറയുന്നത്.
ചെറുപ്പക്കാര്‍, വിശേഷിച്ചും സ്ത്രീകളാണ് പ്രതിഷേധം ആരംഭിച്ചതെങ്കിലും രാജ്യത്തിന്റെ എല്ലാഭാഗത്തും ജനരോഷം ആളിക്കത്തുകയാണ് ഇപ്പോള്‍. ഇസ്ലാമിക് വിപ്ലവം ഉണ്ടായതിനുശേഷം ആദ്യമായാണ് ഇത്തരം ഒരു പ്രതിഷേധ പ്രകടനം ഇറാനില്‍ ഉണ്ടായത്. പ്രതിഷേധം തികച്ചും സമാധാനപരമാണെങ്കിലും ഇറാന്‍ ഗവണ്‍മെന്റ് അതിനെ അടിച്ചമര്‍ത്താന്‍ തന്നെയാണ് ശ്രമിക്കുന്നത്. സ്‌കൂളുകളിലും സര്‍വ്വകലാശാലകളിലും മാത്രമല്ല എണ്ണ വ്യവസായ സ്ഥാപനങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ വ്യാപകമായിരിക്കുന്നു.
ഇറാനെ ഏറ്റവുമധികം ബാധിച്ചത് ഖത്തറിലെ ഇറാന്‍ ഫുട്‌ബോള്‍ ടീം ഇറാന്റെ ദേശീയ ഗാനം പാടാതിരുന്നതും ഇറാന്‍ ഗവണ്‍മെന്റിനെതിരെ മുദ്രവാക്യം വിളിച്ചതുമാണ്. നാനൂറിലധികം സാധാരണക്കാര്‍ വധിക്കപ്പെടുകയും 20 പോലീസുകാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ഉണ്ടായി എന്നാണ് പാശ്ചാത്യരാജ്യങ്ങളുടെ കണക്ക്. പ്രതിഷേധം യൂറോപ്പിലേക്ക് പടര്‍ന്നു പിടിച്ചിട്ടുണ്ട്. ഇറാനില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് അമേരിക്കയും ഇസ്രായേലുമാണെന്നാണ് ഇറാന്‍ വിശ്വസിക്കുന്നത്.
ഹിജാബിനെ പറ്റിയുള്ള തര്‍ക്കം 1983-ല്‍ അത് നിര്‍ബ്ബന്ധിതമാക്കിയപ്പോള്‍ തന്നെ ഉണ്ടായിരുന്നു. സ്ത്രീകളുടെ വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ 2021ല്‍ അധികാരത്തില്‍ വന്ന ഇബ്രാഹിം റെയ്‌സിയുടെ ഗവണ്‍മെന്റ് സ്വീകരിച്ച നിലപാടിനെതിരെ ജനരോഷം വളര്‍ന്നുവരുകയായിരുന്നു.
അമേരിക്കയുടെ ഉപരോധം ഇറാന്റെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചിട്ടുണ്ട്. അതിന്റെ പ്രത്യാഘാതങ്ങളും വര്‍ദ്ധിച്ചു വരികയാണ്. പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാമെന്ന പഴയ പ്രസിഡന്റുമാരുടെ പ്രഖ്യാപനങ്ങള്‍ യാഥാസ്ഥിതികരുടെ എതിര്‍പ്പ് മൂലം പ്രാബല്യത്തില്‍ വന്നില്ല. പുതിയ ഒരു ആണവകരാര്‍ ഉണ്ടായാല്‍ ഉപരോധങ്ങള്‍ മാറുമെന്നുള്ള പ്രതീക്ഷയാണ് ജനങ്ങള്‍ക്കുള്ളത്.
ഇറാനിലെ ഇന്നത്തെ സ്ഥിതി ഇസ്ലാമിക് ഗവണ്‍മെന്റിനെ തകര്‍ക്കുമെന്ന് സൂചനകളില്ല. ആ സൈന്യം ഗവണ്‍മെന്റിനെ പിന്തുണക്കുകയാണെങ്കില്‍ ഗവണ്‍മെന്റിന് തല്‍ക്കാലം പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്നാണ് പ്രവചനം. ഇതിനിടയില്‍ സദാചാര പോലീസിനെ പിരിച്ചുവിട്ടു എന്ന ഒരു വാര്‍ത്ത ഉണ്ടായിരുന്നു. എന്നാല്‍ ഗവണ്‍മെന്റ് ഇത് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ അവരുടെ റോന്തുചുറ്റല്‍ കുറഞ്ഞിട്ടുള്ളതായി സൂചനകള്‍ ഉണ്ട്. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും പ്രതിഷേധത്തിന് പിന്തുണ നല്‍കുന്നുണ്ട്. ഇപ്പോഴത്തെ അസ്വാസ്ഥ്യം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗവണ്‍മെന്റിന് അസ്ഥിരത ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്.
ചൈനയിലെയും ഇറാനിലെയും സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത് ഏകാധിപത്യത്തിനെതിരായ പ്രവണതകള്‍ വളര്‍ന്നുവരുന്നു എന്നു തന്നെയാണ്. അന്തിമമായി വിജയം ജനങ്ങള്‍ക്ക് തന്നെ ആയിരിക്കുമെന്ന പ്രതിക്ഷയാണ് ജനാധിപത്യ വിശ്വാസികള്‍ക്ക് ഉള്ളത്.