ഡിസംബര്‍ 22 ഗണിതദിനം
അസാമാന്യ പ്രതിഭയായിരുന്നു ചാള്‍സ് മാത്യു വിഷ് എന്ന ഇംഗ്ലീഷുകാരന്‍. 1815-ല്‍ അദ്ദേഹം കോഴിക്കോട് എത്തുന്നത് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉദ്യോഗസ്ഥനായാണ്. പിന്നിട് ഭാരതീയ ഭാഷകളുടേയും ശാസ്ത്രത്തിന്റെയും ആരാധകനായി മാറുകയായിരുന്നു. അദ്ദേഹം ജനിച്ചത് 1794-ല്‍ ആണ്. 15 മക്കളുള്ള ചാള്‍സ് ദമ്പതികളുടെ എട്ടാമത്തെ സന്താനമായ വിഷ് ഭാരതത്തിലാണ് ജനിച്ചതെന്ന് കരുതുന്നവരുണ്ട്. അക്കാലത്ത് അച്ഛന്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ എക്‌സൈസ് കമ്മീഷണറായി ഭാരതത്തില്‍ ഉണ്ടായിരുന്നു. ലണ്ടനു സമീപത്തുള്ള ഈസ്റ്റ് ഇന്ത്യാ കോളേജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തിനും നിയമത്തിനുമൊപ്പം, ഗണിതവും ഭാരതീയ ഭാഷകളും കൂടി പഠിച്ചു കൊണ്ടാണ് 1810-ല്‍ 15-ാമത്തെ വയസ്സില്‍ വിഷ് ശ്രദ്ധേയമായ നിലയില്‍ ബിരുദപഠനം പൂര്‍ത്തിയാക്കുന്നത്. അക്കാലത്ത് സമര്‍ത്ഥരായ യൂറോപ്യന്‍ വിദ്യാര്‍ത്ഥികളുടെ സ്വപ്‌നമായിരുന്നു ഇന്ത്യന്‍ സിവില്‍ സര്‍വ്വീസില്‍ കയറി കൂടുക എന്നത്. അതിനുള്ള പ്രത്യേക പരിശീലനം നല്‍കിയിരുന്ന കോളേജുകളില്‍ ഒന്നായിരുന്നു ഹാര്‍ട്ട് ഫോര്‍ഡിലെ ഈസ്റ്റ് ഇന്ത്യ കോളേജ്.
ബിരുദാനന്തരം 1812-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സിവില്‍ സര്‍വ്വന്റ് ആയി യോഗ്യത നേടിയ ചാള്‍സ് മദ്രാസില്‍ എത്തിച്ചേര്‍ന്നു. മദ്രാസിലെ ഫോര്‍ട്ട് സെന്റ് ജോര്‍ജ് കോളേജിലെ ആദ്യ ബാച്ചില്‍ തന്നെ മികച്ച പരിശീലനം പൂര്‍ത്തിയാക്കി ദക്ഷിണ മലബാര്‍ കോടതിയിലെ റജിസ്ട്രാര്‍ ആയി നിയമിതനായി. 1823 ആയപ്പോഴേക്കും മലബാര്‍ സബ്ബ് കളക്ടറും തുടര്‍ന്ന് 1826-ല്‍ മലബാര്‍ ജോയിന്റ് മജിസ്‌ട്രേറ്റുമായി ഉയര്‍ത്തപ്പെട്ട സി.എം.വിഷ്, 1827-ല്‍ തന്നെ അസിസ്റ്റന്റ് ജഡ്ജായും തുടര്‍ന്ന് 1830 മുതല്‍ 32 വരെ മലബാറിലെ ക്രിമിനല്‍ ജോയിന്റ് ജഡ്ജുമായും സേവനമനുഷ്ഠിച്ചു. ചാള്‍സിന്റെ ചുറുചുറുക്കും കര്‍മ്മ കൗശലവുമാണ് ഈ ഉയര്‍ച്ചക്ക് കാരണം എന്ന് അനുമാനിക്കാമല്ലോ. എന്നാല്‍ തുടര്‍ന്ന് 1833ല്‍ തെലുങ്ക് ഭാഷ പ്രദേശമായ കടപ്പയില്‍ വച്ച് അകാലത്തിലും അസ്വഭാവികമായും ഉണ്ടായ മരണം വരെയുള്ള രണ്ട് വര്‍ഷക്കാലം സംശയത്തിന്റെ കരിനിഴല്‍ വീണതാണ്. കടപ്പയിലേക്കുള്ള സ്ഥലം മാറ്റം ഒരുതരം അപ്രഖ്യാപിത ശിക്ഷാ നടപടിയായിരുന്നു എന്ന് സംശയം ജനിപ്പിക്കുന്നു. തുടര്‍ന്ന് ഒരു വര്‍ഷം അദ്ദേഹം സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഷനിലും ആയിരുന്നു. 1832-ല്‍ സര്‍വ്വീസില്‍ തിരിച്ചു വന്നതിന് ശേഷം അദ്ദേഹം അധികനാള്‍ ജീവിച്ചതുമില്ല. 1833 ഏപ്രില്‍ 14 ന് 38-ാമത്തെ വയസ്സില്‍ ഒരേ സമയം ഭരണത്തിലും ഗവേഷണത്തിലും അസാമാന്യ പ്രതിഭാവിലാസം കാണിച്ച ചാള്‍സ് എം.വിഷിന്റെ സംഭവബഹുലമായ ജിവിത യാത്രയുടെ ഒന്നാം ഘട്ടം അവസാനിക്കുന്നു.
ഭാരതത്തിലെ ജോലിയിലേക്കുള്ള ആകര്‍ഷണം തന്നെയാവും വിഷിനേയും ഭാരതീയ ഭാഷകളും ചില ശാസ്ത്രങ്ങളും പഠിക്കാന്‍ പ്രേരണ നല്‍കിയത്. ഭാരതീയ വിജ്ഞാന സാഗരം അദ്ദേഹത്തെ ആത്മാനന്ദത്തില്‍ ആറാടിച്ചു.
ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിനെയാണ് മലയാള നിഘണ്ടുവിന്റെ കര്‍ത്താവായി നാം വഴ്ത്തി പാടാറുള്ളത്. എന്നാല്‍ ഗുണ്ടര്‍ട്ട് ജനിക്കുന്ന സമയത്ത് (1816) ചാള്‍സ് മാത്യു വിഷ് എന്ന അത്ഭുത പ്രതിഭ തന്റെ 20-ാം വയസ്സില്‍ എഴുതിയ മലയാള വ്യാകരണഗ്രന്ഥവും നിഘണ്ടുവും, മദ്രാസ് ഫോര്‍ട്ട് സെന്റ് ജോര്‍ജ് കോളേജ് 1815-ല്‍ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ മലയാളത്തിലേയും തമിഴിലേയും സംസ്‌കൃതത്തിലെയും പാണ്ഡിത്യം ആ കൃതി വ്യക്തമാക്കിയിരുന്നു. മദ്രാസിലെ പരിശീലന കാലത്തെ മദ്രാസ് ഒബ്‌സര്‍വേറ്ററിയുമായുണ്ടായ ബന്ധം, ഭാരതീയ കലണ്ടര്‍ നിര്‍മ്മാണ സാങ്കേതിക വിദ്യയില്‍ നിന്നും ജ്യോതിശാസ്ത്ര-ഗണിത ശാസ്ത്ര തത്വങ്ങള്‍ അടുത്തറിയാനുള്ള തീഷ്ണമായ ആഗ്രഹമായി.
ഭരിക്കാന്‍ വന്നു;ശിഷ്യത്വം സ്വീകരിച്ചു
മലബാറിലെ വിഷിന്റെ ഔദ്യോഗിക ചുമതലകള്‍ ആരംഭിക്കുന്ന കാലത്ത് തന്നെയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ ഭാരതത്തിന്റെ സാഹിത്യം, ചരിത്രം, വിജ്ഞാനശാഖകള്‍, വിദ്യാഭ്യാസവ്യവസ്ഥ എന്നിവയെ കുറിച്ചുള്ള വ്യാപകമായ വിവരശേഖരണങ്ങള്‍ നടത്തിക്കൊണ്ടിരുന്നതും. മലബാറില്‍ ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് മലയാള ഭാഷയില്‍ അസാമാന്യ പാണ്ഡിത്യമുള്ള വ്യക്തിയും മലബാറിലെ പ്രമുഖ യൂറോപ്യന്‍ വ്യവസായിയുമായിരുന്ന മര്‍ഡോക്ക് ബ്രൗണിന്റെ (മലബാര്‍ കാര്യങ്ങളിലെ ഇന്റര്‍ പ്രെറ്റര്‍) സഹായങ്ങളും, സബ്ബ് കളക്ടര്‍ ആയിരുന്ന തോമസ് ഹെര്‍വി ബാബറിന്റെ സ്‌നേഹവും പിന്തുണയും യുവാവായ വിഷില്‍ ഭാരതീയ വിജ്ഞാന ഗ്രന്ഥങ്ങള്‍ തേടിപ്പിടിക്കുന്നതിലും പഠിക്കുന്നതിലുമുള്ള അഭിനിവേശത്തെ ആളിക്കത്തിച്ചു. പഴശ്ശിരാജയുടേയും അദ്ദേഹത്തിന്റെ അനുചരന്മാരുടെയും ധീരവും സത്യസന്ധവുമായ ജീവിതം പൊതുവില്‍ ബാബറില്‍ തദ്ദേശീയരോടു അനുകമ്പയും അവരുടെ വിജ്ഞാന സമ്പത്തിനോടും നാട്ടുമര്യാദകളോടും ആദരവും സൃഷ്ടിച്ചിരുന്നു. മറ്റ് പ്രദേശവാസികളേക്കാള്‍ ഉല്‍കൃഷ്ടമായ ജീവിത മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരാണ് മലബാറിലെ ഹിന്ദുക്കള്‍ എന്നാണ് പൊതുവില്‍ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്. അത് ഔദ്യോഗികമായി തന്നെ അദ്ദേഹം രേഖപ്പെടുത്തിയിട്ടുമുണ്ട്.
അന്വേഷണ കുതുകിയായ ചാള്‍സ് വിഷ് മജിസ്‌ട്രേറ്റ് ബാബറിലൂടെ കടത്തനാട്ടു രാജാവിന്റെ ഇളയ സഹോദരനും ഗണിത- ജ്യോതിശാസ്ത്ര വിശാരദനുമായിരുന്ന ശങ്കരവര്‍മ്മന്‍ ( 1774-1839 ) എന്ന അപ്പു തമ്പുരാനുമായി വലിയ അടുപ്പത്തിലായി. ഇരുനൂറ് വര്‍ഷത്തിലധികമായി വളര്‍ന്ന് വികസിച്ച കേരളീയ ഗണിത പദ്ധതിയുടെ സാരസംഗ്രഹമായ സദ് രത്‌നമാല (1819) എന്ന ഗ്രന്ഥം ശങ്കരവര്‍മ്മന്‍ എഴുതി പൂര്‍ത്തീകരിച്ചിരുന്നു. ശങ്കരവര്‍മ്മനുമായുള്ള വ്യക്തി ബന്ധവും ശിഷ്യത്വവും ഭാരതീയ ഗണിതത്തെ കുറിച്ച് പൊതുവില്‍ യൂറോപ്യന്മാര്‍ വച്ചുപുലര്‍ത്തിയിരുന്ന ചിന്താഗതിയില്‍ നിന്നും മാറി ചിന്തിക്കാന്‍ വിഷിനെ പ്രേരിപ്പിച്ചു.
വിഷിന്റെ അന്വേഷണങ്ങള്‍
ഹിന്ദുക്കളുടെ വൃത്തചതുര്‍താംശങ്ങളെ കുറിച്ചും അനന്തശ്രേണികളെ കുറിച്ചും 1820-25 കാലത്ത് ദക്ഷിണ മലബാറിലെ റജിസ്ട്രാര്‍ ആയി സേവനമനുഷ്ഠിക്കുന്ന സമയത്ത് തന്നെ വിഷ് എഴുതിയിരുന്നു. അത് പരിശോധനയ്ക്ക് സമര്‍പ്പിച്ചത് ജോണ്‍ വാറന്‍, ജോര്‍ജ് ഹെന്നെ എന്നിവരുടെ സമക്ഷത്തിലായിരുന്നു. ഭാരതീയ കലണ്ടര്‍ നിര്‍മ്മാണത്തെ കുറിച്ചും ജ്യോതിശാസ്ത്ര വിജ്ഞാനത്തെ കുറിച്ചും പഠിക്കാന്‍ ഔദ്യോഗികമായി തന്നെ ചുമതലപ്പെടുത്തിയ ലെഫ്റ്റ് കേണല്‍ ജോണ്‍ വാറന്‍ 1810-15 കാലഘട്ടത്തില്‍ മദ്രാസ് വാനനിരീക്ഷണ കേന്ദ്രത്തിന്റെ ഡയറക്ടര്‍ ആയിരുന്നു. മദ്രാസ് ലിറ്റററി സൊസൈറ്റിയിലെ സജീവ സാന്നിധ്യമായിരുന്നു ജോര്‍ജ് ഹെന്നെ. “The Hindus never invented these series; it was communicated with many others, by the Europeans, to some learned Natives in modern times… the pretensions of the Hindus to such a knowledge of geometry, is too ridiculous to deserve attention” എന്നാണ് ഹെന്നെയും വാറനും വിധി എഴുതിയത്. ഗണിത യുക്തിയോ, തെളിവോ കൂടാതെ ഗണിത ക്രിയയിലെ നൈപുണിയാണ് ഭാരതീയര്‍ വികസിപ്പിച്ചെടുത്തത് എന്ന് അവര്‍ വാദിച്ചു. പാശ്ചാത്യ പണ്ഡിത ലോകത്തിന്റെ ഈ നിലപാടിനെ ചെറുത്തു തോല്‍പ്പിക്കാന്‍ അക്കാലത്ത് വിഷിന് കഴിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രായക്കുറവും ഉദ്യോഗസ്ഥ ശ്രേണിയിലെ തുലോം താഴ്ന്ന അവസ്ഥയും അതിന് തടസ്സം സൃഷ്ടിച്ചു.
വിഷ് സമാഹരിച്ച രേഖകളിലും അദ്ദേഹം നേരിട്ട് ആശയ വിനിമയം നടത്തി ബോധ്യപ്പെട്ട സത്യങ്ങളിലും അദ്ദേഹം ഉറച്ചു നിന്നു. എല്ലാ എതിര്‍പ്പുകളെയും എതിരഭിപ്രായങ്ങളെയും വകവക്കാതെ അവ തുറന്ന് പറയുകയും ചെയ്തു. എന്നാലും അദ്ദേഹത്തിന് അത് ഏതെങ്കിലും വേദിയില്‍ അവതരിപ്പിക്കാനോ പ്രസിദ്ധീകരിക്കാനാേ അനുവാദം കിട്ടിയിരുന്നില്ല. ജോണ്‍ വാറന്റെ കാലസങ്കലിതത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മലയാള കൊല്ലവര്‍ഷം അടിസ്ഥാനമാക്കിയ ഭാഗങ്ങള്‍ വിഷിന്റെ സ്വതന്ത്ര ലേഖനമായിരുന്നു എന്നാണ് അനുമാനിക്കുന്നത്.”On the Origin and antiquity of the Hindu Zodiac” എന്നായിരുന്നു ആ പ്രബന്ധം. “On the alphabetical notation of the Hindus ” എന്ന ഭാരതീയ സംഖ്യാസമ്പ്രദായമായ കടപയാദിയെ സംബന്ധിച്ച മറ്റൊരു പ്രബന്ധവും വിഷ് ഇക്കാലത്ത് എഴുതിയിരുന്നു. ആ പ്രബന്ധം ജോര്‍ജ് ഹെന്നെയുടെതാണെന്നാണ് ആദ്യകാലങ്ങളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിഷിന്റെ മറ്റു പ്രബന്ധങ്ങളില്‍ ഭാരതീയ സംഖ്യ സമ്പ്രദായത്തെ കുറിച്ച് വിഷിനുള്ള അപാരപാണ്ഡിത്യവും ഹെന്നെയുടെ രചനയെ പിന്തുണക്കുന്ന അത്തരത്തിലുള്ള രേഖകള്‍ ലഭ്യമല്ലാത്തതിന്റെയും സാഹചര്യത്തില്‍ വിഷ് തന്നെയാണ് പ്രസ്തുത പ്രബന്ധത്തിന്റെ കര്‍ത്താവ് എന്ന് ഈ രംഗത്ത് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു.
ഗണിത രംഗത്തെ ഈ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ പൗരാണിക കേരള ചരിത്രത്തെ കുറിച്ചുള്ള വിഷിന്റെ പഠനങ്ങളും ശ്രദ്ധേയമാണ്. അതില്‍ ചേരമാന്‍ പെരുമാള്‍ കാലഘട്ടം, കൊല്ലം കലണ്ടര്‍, ജൂത-കത്തോലിക്ക ചെപ്പേടുകളുടെ വായന എന്നിവ പ്രധാനപ്പെട്ടവയാണ്. 1821-ല്‍ ആണ് ജൂത ചെപ്പെട് വായിച്ചത്. ഇവ കൂടാതെ കോഴിക്കോടിന് സമീപമുള്ള തിരുവണ്ണൂര്‍ ക്ഷേത്രത്തിലെ ശിലാലിഖിതം, പാലക്കാട് കവളപ്പാറ നെടുമ്പ്രയാര്‍ ക്ഷേത്രത്തിലെ ലിഖിതങ്ങള്‍ അടക്കം 100-ല്‍ അധികം ക്ഷേത്ര ലിഖിതങ്ങള്‍ അദ്ദേഹം പരിശോധിക്കുകയും വായിക്കുകയും ചെയ്തു. വട്ടെഴുത്തിലും കോലെഴുത്തിലും, തമിഴിലും, മലയാളത്തിലും ചെന്തമിഴിലുമുള്ള അറിവിനുമൊപ്പം ഭാരതീയ ചിന്തയുടെ ഉള്‍ക്കാഴ്ച്ചയും വിഷിന്റെ നേട്ടങ്ങള്‍ക്ക് പിറകില്‍ ഉണ്ടായിരുന്നു.
മലബാറിലെ ഔദ്യോഗിക ജീവിതത്തിന്റെ തിരക്കിനിടയിലും ഭാരതീയ സാഹിത്യം സമാഹരിക്കുന്നതിലും അത് ഭാരതീയ രീതിയില്‍ പഠിച്ച് മനസ്സിലാക്കുന്നതിലും ചാള്‍സ് വിഷ് അതീവ ശ്രദ്ധാലുവായിരുന്നു. 1820-25 കാലത്ത് എഴുതിയ ഭാരതീയ ഗണിതത്തെ കുറിച്ചുള്ള പ്രബന്ധം അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥരും അഭിജ്ഞരാണെന്ന് കണക്കപ്പട്ടിരുന്നവരുമായ വാറന്റേയും ഹെന്നെയുടേയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പ്രസിദ്ധീകരിക്കാന്‍ കഴിയാതെ വന്നതിനാല്‍ ആ വിഷയങ്ങളെ ആഴത്തില്‍ പഠിക്കാന്‍ വിഷ് പിന്നീട് വളരെ കഠിനാധ്വാനം ചെയ്തു. കടത്തനാട്ട് ശങ്കരവര്‍മ്മനില്‍ നിന്ന് മാത്രമല്ല, കേരളീയ ഗണിത പദ്ധതിയിലെ ഏറ്റവും ശ്രദ്ധേയവും, ഇന്നും പ്രചുരപ്രചാരമുള്ളതുമായ കരണപദ്ധതിയുടെ കര്‍ത്താവായ പുതുമന സോമയാജിയുടെ പൗത്രനുമായി അദ്ദേഹം ശിഷ്യപ്പെട്ടതായും അനുമാനിക്കണം. ആ ഗണിത പണ്ഡിതന്റെ എഴുപതാം വയസ്സിലാണ് അദ്ദേഹത്തെ കാണുന്നത് എന്ന് വിഷ് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
യൂറോപ്യന്‍ അപ്രമാദിത്വം
1832-42 കാലത്ത് വിഷിന്റെ കണ്ടെത്തലുകള്‍ ചിലര്‍ ചര്‍ച്ചയ്ക്ക് എടുക്കാന്‍ ശ്രമിച്ചെങ്കിലും അതിനെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് യൂറോപ്യ പണ്ഡിത ലോകം സ്വീകരിച്ചത്. വിഷിന്റെ മരണശേഷം 1834-ല്‍ വൃത്ത ഗണിത സംബന്ധിയായ പ്രബന്ധം റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി പ്രസിദ്ധീകരിക്കാന്‍ തയ്യാറായി. എന്നാല്‍ പൊതുവില്‍ മറ്റുള്ളവര്‍ അദ്ദേഹത്തിന്റെ സംഭാവനകളെ അവമതിക്കാനാണ് ശ്രമിച്ചത്. അക്കാലത്തെ പ്രമുഖ പണ്ഡിതനായ ഡി മോര്‍ഗന്‍ വിഷിന്റെ വാദങ്ങളെ “clever hoax”എന്ന് വിശേഷിപ്പിച്ച് (1843) അക്കാദമിക ചര്‍ച്ചകള്‍ക്ക് വിരാമം കുറിച്ചു. 1863 ചാള്‍സ് ഫിലിപ്പ് ബ്രൗണ്‍ എന്ന ഇന്റോളജിസ്റ്റ് ചാള്‍സിന്റെ പ്രബന്ധത്തെ Fraudulent Document എന്നാണ് വിശേഷിപ്പിച്ചത്. 1865-ല്‍ ഭാരതീയ പണ്ഡിതനായ ബാഹുദാ ജി (18241874) എഴുതിയ ആര്യഭട്ടന്റെ കാലം എന്ന പ്രബന്ധത്തില്‍ വിഷിന്റെ കണ്ടെത്തലുകള്‍ ഉദ്ധരിച്ചത് മാത്രമാണ് ഒരു അപവാദമുള്ളത്. 1836-ല്‍ വിഷ് സമാഹരിച്ചിരുന്ന ഭാരതീയ താളിയോല ഗ്രന്ഥങ്ങള്‍ മുഴുവന്‍ 1836-ല്‍ കമ്പനി ഉദ്യോഗസ്ഥന്‍ തന്നെയായ വിഷിന്റെ സഹോദരന്‍ ജെ.സി.വിഷ് ഏഷ്യാറ്റിക്ക് സൊസൈറ്റിക്ക് കൈമാറിയിരുന്നെങ്കിലും 1902 -ല്‍ മാത്രമാണ് അവ ഒരു ഗ്രന്ഥസൂചിയായി (ബിബ്ലിയോഗ്രഫി) പ്രസിദ്ധീകരിക്കുന്നത്. വിഷായാടിസ്ഥാനത്തിന്‍ വേര്‍ത്തിരിച്ച 444 താളിയോലഗ്രന്ഥങ്ങളുണ്ടെന്ന വിവരണം മാത്രമല്ല, ഭാരതീയ ജ്ഞാന പൈതൃകത്തെ അടുത്തറിയാനും ആരാധിക്കാനും ജീവിതം സമര്‍പ്പിച്ച, അറിയപ്പെടാതെ പോയ ഭാരതത്തിന്റെ ദത്തുപുത്രന്റെ ജാതകക്കുറിയുമാണത്.

കേണല്‍ ജോണ്‍ വാറന്‍ തന്റെ പഠനത്തിലും രേഖാസമാഹരണത്തിലും വിഷിന്റെ പഠനങ്ങളെ വളരെ അധികം ആശ്രയിച്ചിരുന്നുവെങ്കിലും അത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. കേരള പഞ്ചാംഗത്തിന്റെ ഉത്ഭവത്തെക്കുറിച്ചും കേരളീയ ഗണിത പദ്ധതിയുടെ വിവരണങ്ങളെ കുറിച്ചും വിഷ് നല്‍കിയ ആശയങ്ങള്‍ തന്റെ വിഖ്യാതമായ കാലസങ്കലിതം (1816-1825) എന്ന ഗ്രന്ഥത്തില്‍പ്പെടുത്തിയ വാറന്‍ അതിന്റെ അടിസ്ഥാനം വിഷിന്റെ പഠനങ്ങള്‍ ആണെന്ന് പറയുന്നില്ല. അതെ സമയം വിഷുമായി തുലനം ചെയ്യുമ്പോള്‍ ഭാരതീയ ഗണിതത്തില്‍ അല്പജ്ഞാനിയും മുന്‍വിധിക്കാരനുമായ ജോര്‍ജ് ഹെന്നെയുടെ അഭിപ്രായങ്ങള്‍ക്കും സംഭാവനകള്‍ക്കും അധിക പ്രാധാന്യവും സ്വീകാര്യതയും നല്‍കുകയും ചെയ്യുന്നുണ്ട്. വിഷിന്റെ കണ്ടെത്തലുകളെ നിരാകരിക്കാന്‍ ഹെന്നെയുടെ അഭിപ്രായത്തെയാണ് ജോണ്‍ വാറന്‍ കൂട്ടുപിടിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ആത്മവീര്യം നശിക്കാത്ത അക്കാദമിക ചെറുത്തുനില്‍പ്പ്
ശങ്കരവര്‍മ്മന്റെ സദ് രത്‌നമാല, പുതുമന സോമയാജിയുടെ കരണപദ്ധതി എന്നിവ നേരിട്ട് ഗുരുമുഖത്തു നിന്ന് പഠിച്ചെടുത്ത വിഷ്, ഭാരതീയ ഗണിതത്തിന്റെ യുക്തിയും ഉപപത്തിയും (തെളിവ്) നല്‍കുന്ന ജ്യേഷ്ഠദേവന്റെ യുക്തിഭാഷ കൂടി ലഭിച്ചപ്പോള്‍ തന്നെക്കാള്‍ മുതിര്‍ന്നവരും, കൂടുതല്‍ അറിവുള്ളവരാണെന്ന് കരുതപ്പെടുകയും ചെയ്തിരുന്ന ജോണ്‍ വാറന്റയും ജോര്‍ജ് ഹെന്നെയുടെയും മറ്റ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മേലുദ്യോഗസ്ഥന്മാരുടെയും എതിര്‍പ്പുകളെ വകവക്കാതെ തന്റെ പ്രബന്ധം പ്രസിദ്ധീകരണത്തിന് സമര്‍പ്പിച്ചു. ആര്യഭടന്‍, ഭാസ്‌ക്കരാചാര്യര്‍, സൂര്യസിദ്ധാന്തം എന്നിവയിലൂടെ ചര്‍ച്ച ചെയ്യപ്പെടുന്ന വൃത്തഗണിതം (വൃത്തത്തിന്റെ പരിധിയും വ്യാസവും തമ്മിലുള്ള ബന്ധം) മധ്യകാല കേരളീയ ഗണിതജ്ഞരിലൂടെ എങ്ങിനെ അപരിമേയ സംഖ്യകളുടെ അനന്തതയുടെ പാതയിലേക്ക് ആനയിക്കപ്പെട്ടു എന്ന് നീലകണ്ഠന്റെ തന്ത്രസംഗ്രഹം, തലകടത്തൂര്‍ നമ്പൂതിരിയുടെ (ജ്യേഷ്ഠദേവന്‍) യുക്തിഭാഷ, പുതുമന സോമയാജിയുടെ കരണപദ്ധതി, കടത്തനാട്ടു ശങ്കരവര്‍മ്മന്റെ സദ് രത്‌നമാല എന്നീ ഗ്രന്ഥങ്ങളിലുടെ അദ്ദേഹം അനാവരണം ചെയ്യുന്നു. ഗ്രന്ഥങ്ങളുടെ കര്‍ത്താവ്, അവരുടെ കാലഘട്ടം എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയമായ ചരിത്രാന്വേഷണവും അദ്ദേഹം നടത്തിയിട്ടുണ്ട്. അദ്ദേഹം തന്നെ വായിച്ചെടുത്ത തിരുവണ്ണൂര്‍ ക്ഷേത്ര ലിഖിതവും തന്റെ പ്രബന്ധത്തില്‍ ഉദ്ധരിക്കുന്നുണ്ട്. ചരിത്ര വിശകലനത്തിന് സഹായകരമായ ഗ്രന്ഥ രചനയിലെ ഭാഷാ ശാസ്ത്രത്തെക്കുറി ച്ചും അദ്ദേഹം പ്രത്യേകം പറയുന്നുണ്ട്.
ഭരണതല ഗൂഢാലോചന?
ജൂനിയറായ വിഷിന്റെ കണ്ടെത്തലുകളും നിലപാടുകളും സുപ്രിമസി (അപ്രമാധിത്വം) ഉപയോഗിച്ച് ആദ്യകാലങ്ങളില്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞെങ്കിലും, ഉദ്യോഗ കയറ്റത്തോടൊപ്പം തന്റെ ഭാഗം സമര്‍ത്ഥിക്കാനുള്ള അറിവും, തെളിവും അദ്ദേഹം സ്വയം ആര്‍ജ്ജിക്കുകയും ചെയ്തപ്പോള്‍, ഉദ്യോഗസ്ഥ സംവിധാനം മറ്റൊരടവ് സ്വീകരിച്ചു. ഭാരതീയ ഗണിതത്തിന്റെ മൗലികത അവതരിപ്പിക്കുന്ന പ്രബന്ധത്തെക്കാള്‍ തെളിവുകള്‍ സമര്‍പ്പിക്കുന്ന പ്രബന്ധം ഇതാ വരുന്നു എന്ന പ്രഖ്യാപനത്തോടെ അവസാനിപ്പിക്കുന്ന പ്രബന്ധം തന്നെ പ്രസിദ്ധീകരിക്കാതെ പൂഴ്ത്തി. മലയാളത്തിലും തമിഴിലും, സംസ്‌കൃതത്തിലും അഗ്രഗണ്യനായ വ്യക്തിയെ അദ്ദേഹത്തിന് വശമില്ലാത്ത തെലുങ്ക് ഭാഷാ പ്രദേശമായ കടപ്പയിലേക്ക് സ്ഥലം മാറ്റി. നാടുകടത്തി എന്ന് പറയുന്നതാവും ശരി. ഒരു വര്‍ഷത്തോളം ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തി. ജോലിയില്‍ തിരിച്ചെടുത്തത് ഏത് ഉപാധിയോടെയാണ് എന്ന് അറിഞ്ഞുകൂടാ. ക്രിമിനല്‍ ജഡ്ജിയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന ഈ സമയത്ത് അദ്ദേഹം അപ്രധാന കുറ്റത്തിന് ഒരു പ്രതിയെ ജീവപര്യന്തം ശിക്ഷിച്ചു എന്ന അപഖ്യതിയും നാട്ടില്‍ പരത്തി. വിഷിന്റെ സംഭാവനകളെ അക്കാദമിക സമൂഹത്തെ കൊണ്ട് അവജ്ഞയോടെ തള്ളിക്കളയിപ്പിച്ചു. കടപ്പയിലെ സെമിത്തേരിയിലെ കല്ലറക്കപ്പുറം മറ്റൊന്നും കരുതിവച്ചില്ല, ഒരു ഫോട്ടോ പോലും!

വാഴ്ത്തപ്പെടാതെ പോയ മഹത്വം
100 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 1940-ല്‍ മുകുന്ദമാരാരും സി.ടി. രാജഗോപാലും ഭാരതീയ ഗണിതത്തിലെ അനന്തശ്രേണികളെ കുറിച്ചുള്ള പഠനത്തില്‍ ചാള്‍സ് മാത്യു വിഷ് എന്ന അകാലത്ത് മണ്‍മറഞ്ഞു പോയ; ആസൂത്രിതമായി തമസ്‌ക്കരിക്കപ്പെട്ട ഭാരതീയ വിജ്ഞാനത്തിന്റെ പ്രണേതാവിനെ കണ്ടുമുട്ടുന്നത്. ജോണ്‍ വാറനും, ജെ.എഫ് ഫ്‌ലീറ്റും, ജാക്യൂറ്റും, കോള്‍ ബ്രൂക്കും പ്ലേഫയറും മറ്റുമാണ് ഭാരതീയ ഗണിതത്തെ ആധുനിക കാലത്ത് വീണ്ടെടുത്തു എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്. ഭാരതീയ ഗണിത ഗ്രന്ഥങ്ങളിലെ ഗണിതത്തെ അവര്‍ ആധുനിക ലോകത്തിന് പരിചയപ്പെടുത്തി എന്നത് വാസ്തവമാണ്. എന്നാല്‍ ഭാരതീയരുടെ ഗണിത സംഭാവനകള്‍ ഗ്രീസില്‍ നിന്ന് കടം കൊണ്ടതാണ് എന്നാണ് ഇവരെല്ലാം വിശ്വസിച്ചിരുന്നത്. അവിടെയുള്ള വേറിട്ട ശബ്ദമാണ് ചാള്‍സ് വിഷിന്റേത്. അദ്ദേഹം എത്ര ആത്മവിശ്വാസത്തോടെയാണ് തന്റെ പ്രബന്ധം അവതരിപ്പിക്കന്നത്. “Having thus submitted to the inspection of the curious eight different infinite series, extract from brahminical works for the quadrature of circles it will be proper to explain by what steps the hindu mathematician has been led to these forms, which have only been made known to Europeans, through the methods of fluxions, the invention of the illustrious Newton. ….it is a fact which I have ascertained beyond a doubt , the invention of the infinite series of these forms has originated in Malabar.”
ഭാരതത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ നിരവധി പ്രഗത്ഭരുണ്ട്, ഐന്‍സ്റ്റീനെ പോലെ, വേഡ്‌സ്‌വര്‍ത്തിനെ പോലെ, വില്‍ഡ്യൂറാണ്ടിനെ പോലെ, അര്‍നോള്‍ഡ് ടോയിന്‍ബിയെ പോലെയുള്ളവര്‍. മാര്‍ഗരറ്റ് നോബിളിനെയും (നിവേദിത) ആനി ബസന്റിനെയും മീര അല്‍ഫസ്സായെയും (മാ) പോലെ ജീവിതം സമര്‍പ്പിച്ചവരും ഉണ്ട്. സ്വാതന്ത്രത്തിന്റെ ഈ അമൃത വര്‍ഷത്തില്‍ നാം മുന്‍പ് ഓര്‍ക്കാന്‍ മറന്നു പോയ മഹത്തുക്കളുടെ കൂട്ടത്തില്‍ ഓര്‍ക്കേണ്ട വ്യക്തിത്വമാണ് ചാള്‍സ് മാത്യു വിഷ് എന്ന ഭാരതീയ ഗണിത ചരിത്രകാരന്റേത്.