ഉറക്കമില്ലാതെയാണ് കിടക്കുന്നത് എന്നതിനാല്‍ രാത്രിയിലെ ഏതോ യാമത്തില്‍ പതുക്കെ എഴുന്നേറ്റു. ടോയ്‌ലറ്റില്‍ കയറി മൂത്രമൊഴിച്ചശേഷം വീണ്ടും കട്ടിലിലേക്ക് ചെരിയും മുന്‍പ് ക്ലോക്കിലേക്കൊന്ന് നോക്കിപ്പോയി. മണി രണ്ടരയായിരിക്കുന്നു. ഉറക്കം അനുഗ്രഹിക്കാത്തതിന്റെ കാരണം വ്യക്തം. ശുഭകരമല്ലാത്ത എന്തോ കാര്യം സംഭവിക്കാന്‍ പോകുന്നുണ്ട്. ആരേയും ദ്രോഹിക്കാതെ ജീവിക്കുന്നവനാണ് എന്ന ന്യായമൊന്നും വിധിയുടെ മുന്‍പില്‍ വിലപ്പോകുകയില്ല. കനത്ത ചൂടുള്ളതു കൊണ്ടായിരിക്കണം ഉറക്കം കിട്ടാത്തത്. ഉടനെ വാതായനങ്ങള്‍ തുറന്നിട്ടു. തണുപ്പുള്ള കാറ്റ് അകത്തേക്കു കയറിയപ്പോള്‍ നേരിയ ആശ്വാസം തോന്നി. തുടര്‍ന്ന് ശീതം അസഹ്യമായി എന്നു തോന്നുന്നു. മനസ്സില്‍ കാണുന്നതെല്ലാം അവലക്ഷണങ്ങളാണ്. പ്രഭാതത്തോടെ തലമൂടിപ്പുതച്ച് നിദ്രയിലേക്ക് വഴുതിവീഴാന്‍ ശ്രമിക്കുമ്പോഴാണ് കാളിംഗ്‌ബെല്‍ ശബ്ദിക്കുന്നത്. ഏതോ ഒരു മരണവാര്‍ത്ത കേള്‍ക്കാന്‍ പോകുന്നു എന്ന് മനസ്സില്‍ കണക്കൂകൂട്ടിക്കൊണ്ട് ഉമ്മറ വാതില്‍ തുറന്നപ്പോള്‍ നേരിയ പ്രകാശത്തില്‍ അയാള്‍ പുറത്ത് വന്നു നില്‍ക്കുന്നു.
എന്തുകൊണ്ടോ അയാളുടെ മുഖം തനിക്ക് ഒട്ടും ഇഷ്ടമല്ല എന്ന കാര്യം ചിന്തിച്ചപ്പോള്‍ ദുര്‍ലക്ഷണങ്ങള്‍ക്കെല്ലാം അര്‍ത്ഥമുണ്ടെന്ന് വ്യക്തമായി. ആ മനുഷ്യന്‍ തന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല. പക്ഷെ തെറ്റുകള്‍ മാത്രം ചെയ്ത ഒരു വ്യക്തിയാണ് അയാള്‍ എന്ന കാര്യം അറിയാമായിരുന്നു. കതകു തുറന്നശേഷം അകത്തേക്ക് ക്ഷണിച്ചു. ഇത്തരമൊരു ദുര്‍മുഖത്തെയാണല്ലൊ ഇന്നത്തെ ശകുനം എന്ന് വിചാരിച്ച് സങ്കടപ്പെടുമ്പോള്‍ അയാള്‍ സോഫായില്‍ ഇരുന്നു. കുളിച്ച് ശുഭ്രവസ്ത്രം ധരിച്ചശേഷം നെറ്റിയില്‍ ഒരു ചന്ദനക്കുറിയും വരച്ചിട്ടുണ്ടായിരുന്നു. ഇയ്യിടെ ദൈവവിശ്വാസവും തുടങ്ങിയോ എന്നായിരുന്നു തന്റെ ആദ്യത്തെ ചോദ്യം. ആഗതന്റെ മുഖത്ത് കുറ്റബോധം ശക്തമായിരുന്നു. അയാള്‍ പറഞ്ഞു. പൂര്‍വ്വാശ്രമത്തിലെ കാര്യമൊക്കെ ചേട്ടന് അറിയാമല്ലൊ. നല്ലതൊന്നും അധികം പറയാനില്ല എനിക്ക്. തോളില്‍ തൂക്കിയിട്ട തുണി സഞ്ചി തുറന്ന് അയാള്‍ ഒരു കടലാസ് കുറിപ്പ് കയ്യിലെടുത്തു. അയാളുടെ കൈ നഖങ്ങള്‍ക്ക് കറപിടിച്ചിരിക്കുന്നു. ഇപ്പോള്‍ താടി വളര്‍ത്തിയിട്ടുണ്ട്. ഗ്രാമീണ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ചെറിയ ബുദ്ധിജീവി തന്നെ. കടലാസ് കുറിപ്പ് തന്റെ നേരെ നീട്ടിയശേഷം അയാള്‍ വിനയാന്വിതനായി അന്വേഷിച്ചു.
”ചേട്ടന് ഈ ആളിനെ അറിയാമൊ?” വലിയ സന്തോഷമൊന്നും ഇല്ലാതെ കുറിപ്പിലെ മേല്‍വിലാസത്തിലേക്കും ഫോണ്‍ നമ്പറിലേക്കും നോക്കി. ആളിനെ നല്ലതുപോലെ അറിയാം. അതുകൊണ്ടു മാത്രമാണ് ചെറുപുഞ്ചിരിയോടെ മറുപടി പറഞ്ഞത്.
”ഇവന്റെ മേല്‍വിലാസം എവിടെ നിന്ന് കിട്ടി?”
”വളരെ ക്ലേശിച്ചാണ് കിട്ടിയത്. ചേട്ടന് എങ്ങിനെയാണ് ഇയാളെ പരിചയം? നിങ്ങള്‍ സുഹൃത്തുക്കളാണെന്ന് ചിലര്‍ പറഞ്ഞതുകൊണ്ടാണ് ഞാന്‍ ഇങ്ങോട്ടുവന്നത്.
ഇതുവരെയുണ്ടായിരുന്ന ചെറുപുഞ്ചിരി അവിചാരിതമായി ഒരു പൊട്ടിച്ചിരിയായി മാറി.
”നമ്മള്‍ തമ്മില്‍ എങ്ങിനെയാണ് പരിചയം എന്നു ചോദിച്ചാല്‍ ഉത്തരം പറയാന്‍ എനിക്ക് അറിയില്ല. അതുപോലെ ഈ മേല്‍വിലാസക്കാരനുമായും എങ്ങിനെയൊ പരിചയമുണ്ട്”.
”എന്താ അയാളുടെ തൊഴില്‍?”
”തന്റെ തൊഴില്‍ എന്താണെന്ന് എനിക്കറിയില്ലല്ലൊ. അതുപോലെതന്നെയാണ് അവന്റെ കാര്യവും. തന്റേതുപോലെ എന്തോ ഉടായിപ്പ് പരിപാടിയുമായി നടക്കുന്ന വ്യക്തിയാണെന്നു മാത്രം അറിയാം”.
ആ പരിഹാസം അയാളെ വേദനിപ്പിച്ചിരിക്കുന്നു എന്ന് തോന്നി. വേദനിപ്പിച്ചാലും സത്യമാണല്ലൊ താന്‍ പറഞ്ഞത്. അതുകേട്ട് അയാള്‍ ചിരിച്ചതൊന്നുമില്ല. ഗൗരവത്തോടെയായിരുന്നു മറുപടി.
”എല്ലാവര്‍ക്കും ഗവര്‍മ്മേണ്ട് ഉദ്യോഗസ്ഥന്മാരാകാന്‍ കഴിയില്ലല്ലൊ എട്ടാ. എന്നെപ്പോലുള്ളവര്‍ക്കും ജീവിക്കണ്ടെ? ഇതുപോലെയുള്ള ജന്മങ്ങളെ ഏട്ടന്‍ വിളിക്കുന്ന പേരാണ് ഉടായിപ്പ് എന്നതു അല്ലെ?”
ഗൗരവം കുറയ്ക്കാനായി ആഗതനെ നോക്കി വീണ്ടും മന്ദഹസിച്ചു. അയാള്‍ പറഞ്ഞു.
”എനിക്ക് ഈ മേല്‍വിലാസക്കാരനായ ശശിയെ ഒന്ന് പരിചയപ്പെടുത്തിത്തരണം. ഇപ്പോള്‍ തന്നെ വന്നാല്‍ നന്നായിരുന്നു. ഞാന്‍ വണ്ടി പുറത്തു നിര്‍ത്തിയിട്ടുണ്ട്.”
”നിര്‍ബ്ബന്ധമാണെങ്കില്‍ ഞാന്‍ കൂടെ വരാം. ആദ്യം അയാള്‍ എവിടെയാണ് എന്നൊന്ന് അന്വേഷിക്കട്ടെ”.
കുറിപ്പില്‍ കണ്ട ഫോണിലേക്ക് വിളിച്ചപ്പോള്‍ മറുതലയ്ക്കല്‍ ശശിതന്നെയായിരുന്നു. ശബ്ദം കേട്ടപ്പോള്‍ തന്നെ വിളിച്ച ആളിനെ ശശിക്ക് മനസ്സിലായിരിക്കുന്നു.
”താനിപ്പോള്‍ എവിടെയുണ്ട്?”
”ഞാന്‍ എന്റെ സ്ഥാപനത്തിലുണ്ട്. പത്തുമണിക്ക് വന്നാല്‍ കാണാം. എന്താകാര്യം എന്ന് പറഞ്ഞില്ല”.
”എന്റെ ഒരു സുഹൃത്തിന്നുവേണ്ടിയാണ്. ഞാന്‍ ഫോണ്‍ അവന്റെ കയ്യില്‍ കൊടുക്കാം”.
ഫോണ്‍ കൈമാറിയ ഉടനെ അയാള്‍ അതു ഏറ്റുവാങ്ങിയശേഷം ഫോണില്‍ പറഞ്ഞു.
”നേരിട്ട് പറയേണ്ട കാര്യമാണ് സാര്‍”.
”ഇപ്പൊ രത്‌നങ്ങളെല്ലാം വിറ്റു തീര്‍ന്ന അവസരമാണ്. അടുത്ത ആഴ്ചയാണ് ഗുജറാത്തില്‍ നിന്നും പുതിയ സ്റ്റോക്ക് വരിക. അന്‍പതു ലക്ഷത്തില്‍ കുറഞ്ഞ കല്ലുകളൊന്നും ഞാനിപ്പോള്‍ വരുത്തുന്നില്ല”.
”എനിക്ക് കല്ലുകളല്ല ആവശ്യം. എന്താണ് ആവശ്യമെന്ന് അവിടെ വന്നശേഷം പറയാം. ഞാന്‍ പത്തുമണിക്കു തന്നെ അവിടെ എത്തും”.
ഈ സംഭാഷണത്തില്‍ നിന്നാണ് ശശിക്ക് ഇപ്പോള്‍ രത്‌ന വ്യാപാരമാണ് എന്ന കാര്യം അറിഞ്ഞത്. പല്ലുതേച്ച് കുളികഴിഞ്ഞശേഷം പുതിയ മുണ്ടും ജുബ്ബായും ധരിച്ചു: അസ്വസ്ഥനായ രീതിയിലാണ് ആഗതന്‍ കാത്തുനില്‍ക്കുന്നത്. നമുക്ക് ഉടനെ പോകാമെന്നു പറഞ്ഞ് അയാള്‍ ധൃതികൂട്ടിക്കൊണ്ടിരുന്നു. പോകുംവഴിയില്‍ രുചികരമായ ബ്രേക്ക് ഫാസ്റ്റ് കിട്ടുന്ന ഒരു കടയുടെ പേരും പറഞ്ഞു.
യാത്രയില്‍ ഡ്രൈവറുടെ സമീപത്താണ് താന്‍ പതിവായി ഇരിക്കാറുള്ളത്. ഇത്തവണ പിറകിലെ സീറ്റിലേക്കു മാറിയപ്പോള്‍ അവന്‍ അന്വേഷിച്ചു.
”എന്താ ഇന്ന് പിറകിലേക്ക് മാറിയത്?”
”പേടികൊണ്ട്”.
”സാധുവായ എന്നെ എന്തിന് ഏട്ടന്‍ പേടിക്കുന്നു?”
”എന്തൊക്കെ തരികിടകളാണ് താന്‍ ഒപ്പിക്കുക എന്നറിയില്ലല്ലൊ. രത്‌നങ്ങള്‍ വില്‍ക്കുന്നു എന്നു പറഞ്ഞ ശശിയേയും എനിക്ക് പേടിയാണ്”.
ഈ ഫലിതം അവന് ഇഷ്ടമായി എന്ന് തോന്നുന്നു. ചിരിച്ചുകൊണ്ടുതന്നെയാണ് അവന്‍ ഡ്രൈവ് ചെയ്തത്. ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിന്നിടയില്‍ അവന്റെ ഫോണൊന്ന് ശബ്ദിച്ചു. ധൃതിയില്‍ മറുപടി പറഞ്ഞ് അവന്‍ ഫോണ്‍ കട്ട് ചെയ്തു.
”എന്റെ ഭാവി പരിപാടികളൊന്നും തീരുമാനമായിട്ടില്ല. എന്തായാലും പഴയതൊക്കെ നിര്‍ത്തി ഒരു പുതിയ സാധനം ഞാന്‍ അന്വേഷിച്ചു നടക്കുകയാണ്”.
പുതിയ സാധനം എന്താണെന്നറിയാന്‍ ജിജ്ഞാസ തോന്നി. നേരിയ ലജ്ജ തോന്നിയതുകൊണ്ടുതന്നെയാണ് അവനോട് ചോദിക്കാതിരുന്നത്. കാര്‍ ഒരിടത്തു നിര്‍ത്തിയപ്പോള്‍ സ്ഥാപനത്തിന്റെ ബോര്‍ഡ് ശ്രദ്ധയോടെ വായിച്ചു. താന്‍ വിചാരിക്കും മാതിരി ശശി നിസ്സാരക്കാരനല്ല, എത്രയോ ബിരുദങ്ങള്‍, ഡോക്ടറേറ്റുകള്‍, രത്‌നങ്ങളെക്കുറിച്ച് അവഗാഹമുള്ള വ്യക്തിയായി ശശി മാറിയിരിക്കുന്നു.
ഡോര്‍ തുറന്ന് അകത്തു കയറിയപ്പോള്‍ ഒരു കൗതുക വസ്തുവിനെപ്പോലെ ശശി എ.സി. മുറിയില്‍ ഇരിക്കുന്നു. പുരാണ നാടകങ്ങളിലെ രാജകുമാരന്‍ തന്നെ. ഓരോ വിരലിലും തിളങ്ങുന്ന മോതിരങ്ങള്‍. മേക്കപ്പ് ചെയ്തിട്ടായിരിക്കണം കൂട്ടുപുരികം ഇങ്ങിനെ കറുപ്പിച്ചത്.
”റിട്ടയേഡ് ലൈഫൊക്കെ എങ്ങിനെ ചേട്ടാ?”
”ഒരുവിധം ഭംഗിയായി പോകുന്നു. ഇപ്പോള്‍ പരമേശ്വരന്‍ വിളിച്ചതുകൊണ്ട് ഞാന്‍ കൂടെ വന്നു എന്നെയുള്ളൂ.” ശശി ഓരോ നിമിഷത്തിലും പരമേശ്വരനെ നിരീക്ഷിക്കുകയായിരുന്നു. ഒടുവില്‍ സ്വരം താഴ്ത്തി അന്വേഷിച്ചു.
”താങ്കള്‍ എന്തു ചെയ്യുന്നു?”
”അത്ര നല്ല കാര്യങ്ങളൊന്നുമല്ല ഇതുവരെ ചെയ്തത്. പക്ഷെ നിര്‍ത്തി. ഇനി ഒരു പുതിയ മനുഷ്യനാകുന്നു. ഇപ്പോള്‍ ഒരു പോലീസ് കേസ്സും എന്റെ പേരില്‍ ഇല്ല”.
”സന്തോഷം. നല്ല ജീവിതം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള കല്ലുകള്‍ ഇപ്പോള്‍ സ്റ്റോക്കുണ്ട്”.
പരമേശ്വരന്‍ നനവുള്ള സ്വരത്തില്‍ പറഞ്ഞു.
”ഞാന്‍ സന്യാസിയാകാന്‍ നിശ്ചയിച്ചു. ഞാനിപ്പോള്‍ മനസ്സുകൊണ്ട് സന്യാസി തന്നെയാണ്. തിരുവണ്ണാമലയിലെ ഒരു ഗുരുനാഥന്‍ സന്യാസദീക്ഷ തരാമെന്ന് പറഞ്ഞിട്ടുണ്ട്. അതിന് ഒരു സാധനം കിട്ടണം”.
”എന്താണ് എന്ന് പറഞ്ഞോളൂ. ഇവിടെയില്ലാത്ത ജ്വല്‍സ് ആണെങ്കിലും കുഴപ്പമില്ല. ഞാന്‍ ഗുജറാത്തില്‍ നിന്ന് വരുത്തിത്തരാം”.
പരമേശ്വരന്റെ മനസ്സിലിരുപ്പ് ഇപ്പോഴാണ് വ്യക്തമായത്. അവനില്‍ വലിയ പരിവര്‍ത്തനങ്ങള്‍ വന്നുചേര്‍ന്നിരിക്കുന്നു. ഏതൊരുവനും നല്ലവനായി മാറാമല്ലൊ.
”എനിക്കാവശ്യം ഒരു മാണിക്യമാണ്. തിരുവണ്ണാമലയിലെ ഗുരുനാഥന്‍ അന്വേഷിച്ച് എവിടെയും കിട്ടിയില്ല. അങ്ങനെയാണ് ഞാന്‍ ശശിസാറിന്റെ മേല്‍വിലാസം കണ്ടുപിടിച്ച് ഇവിടെ വന്നത്.”
”എന്നെ സാര്‍ എന്നൊന്നും വിളിക്കണ്ട കെട്ടൊ. ഞാന്‍ വെറും ശശിയാണ്. നിങ്ങള്‍ എന്നെക്കാള്‍ എത്രയോ ഉയരത്തിലാണ് എന്ന കാര്യം എനിക്ക് മനസ്സിലായി.
”എനിക്ക് ആവശ്യം ഒരു മാണിക്യമാണ്”.
”ഏതു മാണിക്യം?”
പരമേശ്വരന്‍ പതുക്കെ പോക്കറ്റില്‍ നിന്നും പേനയെടുത്ത് ഒരു കടലാസില്‍ എന്തോ കുറിച്ചശേഷം ശശിയുടെ കയ്യില്‍ കൊടുത്തു. ശശി അതിലേക്കു നോക്കിയശേഷം ഭയഭക്തി ബഹുമാനത്തോടെ കുറച്ചുനേരം മൗനത്തിലേക്ക് മടങ്ങി.
”അതു കൈവശമുണ്ടോ? എനിക്കത് കിട്ടുമൊ? എത്ര പണം വേണമെങ്കിലും തരാം. തുടര്‍ന്ന് ഞാന്‍ ദരിദ്രനാകുമായിരിക്കാം. ആവട്ടെ ഒരു സന്യാസിക്ക് അതൊന്നും പ്രശ്‌നമല്ല”.
ശശി ഒന്നും മിണ്ടുന്നില്ല. വീണ്ടും കുറിപ്പിലേക്ക് സൂക്ഷിച്ചുനോക്കിക്കൊണ്ടിരുന്നു. അവരുടെ സംഭാഷണത്തില്‍ വിലങ്ങുതടിയാകരുതെന്ന് കരുതി താന്‍ പതുക്കെ എഴുന്നേറ്റു. ശശി തടയുമെന്ന ധാരണതെറ്റി. പക്ഷെ പരമേശ്വരന്‍ സ്‌നേഹപൂര്‍വ്വം നിര്‍ബ്ബന്ധിച്ചു. ”ചേട്ടന്‍ ഇവിടെ ഇരിക്കുന്നതുകൊണ്ട് ഒരു വിരോധവും ഇല്ല്യ.”
”രഹസ്യകാര്യങ്ങള്‍ വല്ലതും?”
ശശി പറഞ്ഞു ”ഒരു രഹസ്യവും ഇല്ല ചേട്ടാ.
ഈ സാധനം ഇവിടെയില്ല. ഞാനത് കൈവശം വെക്കാറുമില്ല. അത്രമാത്രം അപൂര്‍വ്വമായ മാണിക്യമാണത്”.
”അതുകൊണ്ടുള്ള പ്രയോജനം എന്താണ്?
ശശിയോ പരമേശ്വരനോ ആരു പറഞ്ഞാലും ഞാനത് കേള്‍ക്കാം”.
”പരമേശ്വരന്‍ പറയുന്നതാണ് നല്ലത്. എനിക്ക് അതെക്കുറിച്ച് അത്ര വിവരം പോര”.
വിനയാന്വിതനായി പരമേശ്വരനെ നോക്കിയപ്പോള്‍ കണ്ടത് ഒരു കാരുണ്യത്തിന്റെ സമുദ്രം തന്നെയാണ്. അയാളുടെ ശബ്ദത്തിന് ആയിരം ധ്വനികള്‍.
”എങ്ങിനെയൊക്കെ ജീവിച്ചാലും എന്റെ പൂര്‍വ്വാശ്രമ ചിന്തകള്‍ എന്നെ അലട്ടിക്കൊണ്ടിരിക്കും. എല്ലാം മറക്കണം. മറക്കുന്നതോടെ ഞാനൊരു പുതിയ മനുഷ്യനാകും. എന്നെപ്പോലുള്ളവന്‍ ദീക്ഷ സ്വീകരിക്കുമ്പോള്‍ ആ വസ്തു ആവശ്യമാണെന്ന് ഗുരുനാഥന്‍ പറയാനുള്ള കാരണം അതാണ്”.
”എല്ലാം മറക്കാന്‍ സഹായിക്കുന്ന കല്ലുകള്‍ ഉണ്ടോ പരമേശ്വരാ?”
ജിജ്ഞാസകൊണ്ടാണ് ചോദിച്ചത്, പരമേശ്വരന്‍ ഏറെ നേരത്തെ മൗനത്തിനുശേഷം തുടര്‍ന്നു.
”മറവിയുടെ കാര്യത്തില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുകയാണ് ആ ജീവി. നിമിഷംകൊണ്ട് എല്ലാം മറക്കും. ആ ജീവി മെഡിറ്റേറ്റു ചെയ്ത് ശരീരത്തിന്റെ ഒരു ഭാഗം മാണിക്യമായി മാറും. ആരാധനകൊണ്ട് ഞാന്‍ ആ ജീവിയുടെ നാമം ഉച്ചരിക്കുന്നില്ല”.
പരമേശ്വരന്റെ കണ്ണുകള്‍ നിറഞ്ഞു. ശശി പതുക്കെ എഴുന്നേറ്റ് പരമേശ്വരന്റെ പാദം വന്ദിച്ചശേഷം കാതില്‍ പറഞ്ഞു. അത് കിട്ടാന്‍ സാദ്ധ്യതയുള്ള കേന്ദ്രം ഞാന്‍ പറഞ്ഞു തരാം. മറവി ഉണ്ടാക്കാനും കല്ലുകള്‍ക്ക് കഴിയുമെന്ന് ഇപ്പോള്‍ മനസ്സിലായി. പരമേശ്വരന്‍ ബഹുമാനത്തോടെ മുഖം തിരിച്ചു. കാതുകൂര്‍പ്പിച്ചിരിക്കുന്ന തന്റെ മുഖത്തേക്കു നോക്കിക്കൊണ്ട് സ്വരം താഴ്ത്തി അയാള്‍ മൊഴിഞ്ഞു.
”അത് അരണ മാണിക്യം”.