വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നമ്മുടെ രാജ്യത്തിന്റെ തന്നെ ഏറ്റവും ബൃഹത്തായ വികസന പദ്ധതികളില്‍ ഒന്നാണ്. ഇത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ ‘മദര്‍ പോര്‍ട്ട്’ എന്നതിലുപരി ഏഷ്യയുടെ കവാടം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന നിലയില്‍ വിഴിഞ്ഞം മാറും. തിരുവനന്തപുരം നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം മാറി ദേശീയപാതയ്ക്കും അന്താരാഷ്ട്ര എയര്‍പോര്‍ട്ടിനും ഏറെ സമീപത്തായി സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം തുറമുഖത്തിന് അന്താരാഷ്ട്ര കപ്പല്‍ പാതയുമായി കേവലം 10 നോട്ടിക്കല്‍ മൈല്‍ ദൂരം മാത്രമാണുള്ളത്. മാത്രമല്ല നിലവില്‍ ലോകത്തുള്ളതും ഭാവിയില്‍ നിര്‍മ്മിക്കാവുന്നതുമായ ഏതുതരം കപ്പലുകള്‍ക്കും അടുക്കാവുന്ന ആധുനിക തുറമുഖമാണ് ഇവിടെ ഉയരാന്‍ പോകുന്നത്. 2016 ല്‍ ദേശീയ ഹരിത ട്രിബ്യൂണലിന്റെ അംഗീകാരം കിട്ടിയതോടെ പരിസ്ഥിതി സൗഹൃദ തുറമുഖം എന്ന ഖ്യാതിയും വിഴിഞ്ഞത്തിന് ലഭിച്ചു. രണ്ട് കിലോമീറ്റര്‍ നീളമുള്ള ബര്‍ത്തും 3.2 കിലോമീറ്റര്‍ ദൂരമുള്ള പുലിമുട്ടും ഉള്‍പ്പെടെ 7700 കോടി രൂപയുടെ പദ്ധതിയാണിത്. 60 ശതമാനം വിഹിതം നിര്‍മ്മാണ കമ്പനിയും ബാക്കി ഭാഗം 20% വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും പങ്കിടുന്ന വിധത്തില്‍ പൊതു-സ്വകാര്യ സംയുക്ത സംരംഭം (ജജജ) ആയാണ് പദ്ധതി നടപ്പിലാക്കുക. 2023 സെപ്റ്റംബറില്‍ ഓണസമ്മാനമായി കമ്മീഷന്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം ഒരു ദശലക്ഷം TEU(twenty Foot Equivalent Unit) കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യുകയാണ് ലക്ഷ്യം. ഒരു TEU കണ്ടെയ്‌നര്‍ കടത്തുമ്പോള്‍ പ്രത്യക്ഷമായും പരോക്ഷമായും മൂന്നുപേര്‍ക്ക് ജോലി സാധ്യതയുണ്ട് എന്നാണ് നിഗമനം. ആ നിലയില്‍ പതിനായിരക്കണക്കിന് ആള്‍ക്കാര്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ തന്നെ ഇതിന്റെ ഗുണം ലഭിക്കുക. കണ്ടയ്‌നര്‍ ട്രാന്‍സ് ഷിപ്പ്‌മെന്റ് ഇനത്തില്‍ രാജ്യത്ത് ആയിരക്കണക്കിന് കോടി രൂപയാണ് സിംഗപ്പൂര്‍ കൊളംബോ തുടങ്ങിയ തുറമുഖങ്ങളിലൂടെ ഇന്ത്യ ചിലവഴിക്കുന്നത്. അത് നമ്മുടെ രാജ്യത്തിന് മറ്റുതരത്തില്‍ ഉപയോഗപ്പെടുത്താന്‍ പറ്റും എന്ന് മാത്രമല്ല കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടാനും സാധിക്കും. തലസ്ഥാന ജില്ല എന്ന നിലയില്‍ തിരുവനന്തപുരത്തിന്റെ മാത്രമല്ല സംസ്ഥാനത്തിന്റെ മുഴുവന്‍ മുഖച്ഛായ മാറ്റാനും ഇത് കാരണമാകും.
ചരിത്രത്തിലൂടെ
വിഴിഞ്ഞം കടലോരത്ത് ഒരു തുറമുഖ പദ്ധതിയുടെ ബീജാവാപം നടത്തിയത് സര്‍ സി.പി. രാമസ്വാമി അയ്യരായിരുന്നു. എന്നാല്‍ ബ്രിട്ടീഷ് മറൈന്‍ എന്‍ജിനീയര്‍മാര്‍ ഉന്നയിച്ച തടസ്സവാദങ്ങള്‍ കാരണം അത് നീണ്ടുപോയി. പതുക്കെ അത് വിസ്മൃതിയിലായി. പിന്നീട് 1980കളിലാണ് വിഴിഞ്ഞം തുറമുഖത്തിനു വേണ്ടിയുള്ള ആവശ്യം ഉയര്‍ന്നു തുടങ്ങിയത്. 1991 ല്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ കാലത്ത് തുറമുഖ വകുപ്പ് മന്ത്രി എന്ന നിലയില്‍ എം.വി. രാഘവന്‍ വിഴിഞ്ഞം പദ്ധതിക്ക് വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചു. ഇ.കെ നായനാര്‍, ഉമ്മന്‍ചാണ്ടി, എ.കെ ആന്റണി, അച്യുതാനന്ദന്‍ സര്‍ക്കാരുകളുടെ കാലഘട്ടത്ത് പദ്ധതി ഉപേക്ഷിക്കപ്പെട്ടില്ലെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. സ്വകാര്യ പങ്കാളിത്തത്തോടുകൂടി വേണോ, പൊതുസ്വകാര്യപങ്കാളിത്തത്തില്‍ ആകണോ, പൊതുപങ്കാളിത്തം മാത്രമാകണോ, അതോ ലാന്‍ഡ് ബാങ്ക് വേണോ തുടങ്ങിയ സൈദ്ധാന്തിക ചര്‍ച്ചകളും വരട്ടുവാദ സമീപനങ്ങളും കാരണം നീണ്ട ദശാബ്ദങ്ങള്‍ തന്നെ നഷ്ടപ്പെട്ടു. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാത്തതും കാര്യങ്ങള്‍ ഇഴഞ്ഞുനീങ്ങാന്‍ കാരണമായി. ഇതിനിടയില്‍ 5 പ്രാവശ്യം ടെന്‍ഡര്‍ നടപടികള്‍ നടന്നെങ്കിലും അതും പരാജയപ്പെടുകയായിരുന്നു. അച്യുതാനന്ദന്റെ ഭരണകാലത്ത് ഒരു ചൈനീസ് കണ്‍സോര്‍ഷ്യത്തെ വിഴിഞ്ഞം തുറമുഖത്തിന്റെ പണി ഏല്‍പ്പിക്കാന്‍ നടത്തിയ നീക്കം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. രാജ്യസുരക്ഷയെ സംബന്ധിച്ച് ഏറ്റവും മര്‍മ്മ പ്രധാനമായ സ്ഥലത്ത് ചൈനീസ് ഏമാന്‍മാരെ കൊണ്ടിരുത്താനാണ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. രാജ്യരക്ഷാ വകുപ്പിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ആ നീക്കം ഉപേക്ഷിക്കേണ്ടി വന്നത്. 2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് ടെന്‍ഡര്‍ നടപടികള്‍ സുഗമമാക്കി പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് (VGF) മോദി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് അദാനി പോര്‍ട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്ന് 2015 സെപ്റ്റംബര്‍ 17ന് ധാരണാ പത്രം ഒപ്പിടുകയായിരുന്നു. നാലുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കേണ്ടിയിരുന്ന പദ്ധതി അന്ന് പ്രതിപക്ഷത്തായിരുന്ന സിപിഎമ്മിന്റെ എതിര്‍പ്പും സര്‍ക്കാരിന്റെ മെല്ലെ പോക്കും കരിങ്കല്ലിന്റെ ലഭ്യതക്കുറവും നിയമ പ്രശ്‌നങ്ങളും കാരണം നീണ്ടുപോയി. 2019 ല്‍ കമ്മീഷന്‍ ചെയ്യേണ്ടിയിരുന്ന ഒന്നാം ഘട്ടമാണ് 2023 ല്‍ കമ്മീഷന്‍ ചെയ്യുമെന്ന് അദാനി പോര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വിഴിഞ്ഞം പ്രകൃതിയുടെ വരദാനം
ഒരു അന്താരാഷ്ട്ര ആഴക്കടല്‍തുറമുഖം ആക്കാന്‍ വേണ്ടി പ്രകൃതി സൃഷ്ടിച്ച പ്രദേശമാണ് വിഴിഞ്ഞം. കോവിഡ് കാലത്ത് വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചെയ്ഞ്ചിന് എത്തിയ വിദേശ കപ്പിത്താന്‍മാര്‍ സ്‌നേഹപൂര്‍വ്വം വിഴിഞ്ഞത്തെ വിശേഷിപ്പിച്ചത് ‘Darlington port’ എന്നാണ്. ചരക്കുമായി നീങ്ങുന്ന ഓരോ കപ്പലും ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ചരക്കിറക്കിയും കയറ്റിയും ലോകം ചുറ്റുക എന്നതാണ് കപ്പിത്താന്മാരുടെ ലക്ഷ്യം. അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് ഏറ്റവും അടുത്ത് കിടക്കുന്നു എന്നതാണ് വിഴിഞ്ഞത്തിന്റെ ഏറ്റവും വലിയ സൗകര്യം. ഇന്ത്യയിലെ മറ്റു പ്രധാന തുറമുഖങ്ങള്‍ ആയ മുംബൈ 480 നോട്ടിക്കല്‍ മൈലും ചെന്നൈ 480 വിശാഖപട്ടണം 600 മംഗലാപുരം 240 നോട്ടിക്കല്‍ മൈല്‍ എന്നിങ്ങനെയാണ് കപ്പല്‍ ചാലില്‍ നിന്ന് തുറമുഖത്തേക്കുള്ള ദൂരം എന്നിരിക്കെ വിഴിഞ്ഞത്ത് അത് 10 നോട്ടിക്കല്‍ മൈലിനു താഴെയാണ്. ലോകത്തെ മിക്ക തുറമുഖങ്ങളിലും വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകുന്നത് അനുസരിച്ച് തുറമുഖത്തിലേക്ക് പ്രവേശിക്കുന്നതിന് കപ്പലുകള്‍ക്ക് ദിവസങ്ങള്‍ കാത്തു കിടക്കേണ്ടി വരാറുണ്ട്. കാരണം തുറമുഖം അവകാശപ്പെടുന്ന ആഴത്തില്‍ അര മീറ്റര്‍ മുതല്‍ 8 മീറ്റര്‍ വരെ വ്യതിയാനം സംഭവിക്കാറുണ്ട്. പക്ഷേ വിഴിഞ്ഞത്തെ സംബന്ധിച്ചിടത്തോളം ഇത് അര മീറ്റര്‍ മാത്രമാണ് എന്നാണ് വിലയിരുത്തുന്നത്. അതിനര്‍ത്ഥം വര്‍ഷത്തില്‍ 365 ദിവസവും 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാകാത്ത ലോകത്തെ അപൂര്‍വ്വം തുറമുഖങ്ങളില്‍ ഒന്നായി വിഴിഞ്ഞം തുറമുഖത്തിന് മാറാന്‍ കഴിയും.
നയതന്ത്ര പ്രാധാന്യം
പ്രവര്‍ത്തന സജ്ജമായാല്‍ നയതന്ത്രപരമായി ഏറെ പ്രാധാന്യമുള്ള ഒരു തുറമുഖമായി വിഴിഞ്ഞം രൂപാന്തരപ്പെടും. ഇന്നുള്ളതും ഇനി ഉണ്ടാകാന്‍ പോകുന്നതുമായ എത്ര വലിയ കപ്പലിനും വിഴിഞ്ഞം തുറമുഖത്ത് നിഷ്പ്രയാസം എത്താന്‍ സാധിക്കും. ബംഗാള്‍ ഉള്‍ക്കടല്‍, കിഴക്കന്‍ ആഫ്രിക്കന്‍ തീരങ്ങള്‍, മധ്യേഷ്യ, മലാക്ക കടലിടുക്ക് എന്നിവിടങ്ങളിലേക്കെല്ലാം എത്തിച്ചേരാന്‍ കഴിയുന്ന സൗകര്യം സമാനതകളില്ലാത്ത ഭൂമിശാസ്ത്രപരമായ നയതന്ത്ര സൗകര്യങ്ങള്‍ ആണ് രാജ്യത്തിന് നല്‍കാന്‍ പോകുന്നത്.
ചൈനീസ് അധീനതയിലുള്ള പാകിസ്ഥാനിലെ ഗദാര്‍ പോര്‍ട്ടും കൊളംബോയിലെ ഹമ്പന്‍ ടൊട്ട തുറമുഖവും സമുദ്ര മേഖലയില്‍ ഇന്ത്യയ്ക്ക് സൈനിക ഭീഷണി ഉയര്‍ത്തുന്നവ തന്നെയാണ്. ഇതിനെ നേരിടുന്നതിനായി 500 മീറ്റര്‍ ബര്‍ത്തുള്ള ഒരു സ്ഥിരം നേവല്‍ ബേസ് എന്ന ആവശ്യം സതേണ്‍ നേവല്‍ കമാന്‍ഡ് അംഗീകരിച്ചതാണ്. രാജ്യസുരക്ഷയ്ക്ക് ഏറെ കരുത്ത് പകരുന്ന ഒരു കേന്ദ്രമായി മാറാനും വിഴിഞ്ഞം തുറമുഖത്തിന് കഴിയും. ഇതുവഴി കേരളത്തിന്റെയും ഇന്ത്യയുടെയും ടൂറിസം മേഖലകളില്‍ ഉള്‍പ്പെടെ ഉണ്ടാകാന്‍ പോകുന്ന കുതിച്ചു കയറ്റം പ്രവചനാതീതമാണ്. കാര്‍ഗോ,transhipment, കയറ്റുമതി, ഇറക്കുമതി അതുമായി ബന്ധപ്പെട്ട വ്യവസായ സംരംഭങ്ങള്‍, സംരംഭ ശാലകള്‍ അനുബന്ധ വ്യവസായ ശൃംഖല, സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങി വികസനത്തിന്റെ സമസ്ത മേഖലയിലും വിഴിഞ്ഞം തുറമുഖത്തിന്റെ സ്വാധീനം വളരെ വലുതായിരിക്കും. തലസ്ഥാനനഗരത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന തുറമുഖം എന്ന നിലയിലും വി ഴിഞ്ഞത്തിന് വലിയ പ്രാധാന്യമാണുള്ളത്. വിദ്യാസമ്പന്നരായ യുവാക്കള്‍ ഏറെയുള്ള കേരളത്തില്‍ പഠിക്കാനും ജോലിക്കായും വിദേശങ്ങളിലേക്ക് പലായനം ചെയ്യുന്ന മനുഷ്യ വിഭവ ശേഷിയെ നാട്ടില്‍ തന്നെ നിലനിര്‍ത്താനും ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇത് ഉപകരിക്കും. ഇത്രയും ആഭ്യന്തര സമുദ്ര സാധ്യതകളോടൊപ്പം ഈ തുറമുഖം യാഥാര്‍ത്ഥ്യമായാല്‍ സമുദ്രമേഖലയിലെ ഇന്ത്യയുടെ അന്താരാഷ്ട്ര ഇടപെടലുകള്‍ക്കുള്ള അനന്തസാധ്യതയാണ് തുറന്നുവരുന്നത്. ആയിരക്കണക്കിന് കിലോമീറ്റര്‍ തീരദേശമുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് ഉണ്ടാക്കാന്‍ പോകുന്ന മാറ്റം അത്ഭുതകരമായിരിക്കും.
ഗൂഢാലോചനയുടെ കാണാച്ചരടുകള്‍
വിഴിഞ്ഞം തുറമുഖം കൊണ്ട് രാജ്യത്തിന് ലഭിക്കുന്ന ഈ ഗുണങ്ങള്‍ തന്നെയാണ് ഈ പദ്ധതി അട്ടിമറിക്കാനുള്ള വൈദേശികവും ആഭ്യന്തരവുമായ ഗൂഢാലോചനയ്ക്ക് ആധാരം. ഈ തുറമുഖ പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ നിലവില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയും മഹാമാരി കാലഘട്ടത്തില്‍ പോലും ലോകത്തിലെ ഏറ്റവും കരുത്തുള്ള ജിഡിപി സ്വന്തമാക്കുകയും ചെയ്ത ഇന്ത്യയുടെ കരുത്ത് ലോകത്തെ വന്‍ശക്തികളെ ഞെട്ടിപ്പിക്കുന്നതായിരിക്കും. മനുഷ്യ വിഭവ ശേഷിയുടെ കാര്യത്തിലും സൈനികമായും സാമ്പത്തികമായും ഭൂമിശാസ്ത്രപരമായും ഇന്ത്യയ്ക്ക് ഭീഷണിയായ ചൈനയ്ക്കാണ് ഈ തുറമുഖം വലിയ ഭീഷണി ഉയര്‍ത്തുന്നത്. ദുബായ്, സിംഗപ്പൂര്‍ പോലെയുള്ള രാജ്യങ്ങള്‍ വന്‍ സാമ്പത്തിക ശക്തിയായി മുന്നേറുന്നതിനുള്ള കാരണങ്ങളില്‍ ഒന്ന് ‘മദര്‍ പോര്‍ട്ട്’ ഉണ്ട് എന്നതാണ്. ലോകത്തെ പത്തു വന്‍ തുറമുഖങ്ങളില്‍ ഏഴും ചൈനയുടെ അധീനതയിലാണ്. ഇന്ത്യയിലെ ആദ്യ മദര്‍ പോര്‍ട്ടായി വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുമ്പോള്‍ അന്താരാഷ്ട്രതലത്തില്‍ ഇന്ത്യ ഉയര്‍ത്താന്‍ പോകുന്ന വെല്ലുവിളി ചെറുതാകില്ല എന്ന് ഇക്കൂട്ടര്‍ക്ക് നന്നായി അറിയാം. അതുകൊണ്ടാണ് കഴിഞ്ഞ നാലഞ്ചു ദശാബ്ദക്കാലമായി പ്രകൃതിയുടെ വരദാനമായ ഈ തുറമുഖം യാഥാര്‍ത്ഥ്യമാകാതിരിക്കുന്നത്. അന്താരാഷ്ട്ര ശക്തികളുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തികളും സംഘടനകളും സര്‍ക്കാരുകളും ആണ് ഇതിനുപിന്നില്‍. കൂടംകുളം ആണവ പദ്ധതിക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നിലും ഇത്തരത്തിലുള്ള ശക്തികളെ നമ്മള്‍ കണ്ടതാണ്. 2014 ല്‍ തമിഴ്‌നാട്ടില്‍ ജയലളിത കാണിച്ച ഇച്ഛാശക്തിയാണ് കൂടംകുളം യാഥാര്‍ത്ഥ്യമാകാന്‍ കാരണം. കൂടംകുളത്തില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ 30% മുതല്‍ 40% വരെ വൈദ്യുതി ഇന്ന് ഉപയോഗിക്കുന്നത് കേരളമാണ്. കേരളത്തില്‍ സാധാരണമായിരുന്ന ലോഡ് ഷെഡ്ഡിങ്ങും പവര്‍കട്ടും ഇല്ലാതായതിന് കാരണം കൂടംകുളമാണ്. ഈ കൂടംകുളത്തെ അട്ടിമറിക്കാന്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി. എസ്.അച്യുതാനന്ദന്‍ ഉള്‍പ്പെടെ സമരത്തിന് പോയത് നാം മറന്നുകൂടാ. ജിഗയില്‍ പദ്ധതി മുന്നോട്ടു വെച്ചപ്പോള്‍ ഒരു ദശാബ്ദത്തോളം കേരളത്തില്‍ അത് നടപ്പിലാക്കാതെ അട്ടിമറിച്ചതും ഇതേ സംഘമാണ്. മഹാരാഷ്ട്രയും ഗുജറാത്തും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആയിരക്കണക്കിന് കോടിരൂപ നേട്ടം ഉണ്ടാക്കി പത്തു വര്‍ഷത്തിനു ശേഷമാണ് കേരളത്തില്‍ അത് നടപ്പിലാക്കാന്‍ സാധിച്ചത്. ദേശീയപാതയ്ക്കും റെയില്‍വേക്കും വേണ്ടിയുള്ള സ്ഥലമെടുപ്പിലും ഇതേ സമീപനമാണ് കമ്മ്യൂണിസ്റ്റുകളും ചില വികസന വിരോധികളും കാലാകാലങ്ങളില്‍ വച്ചുപുലര്‍ത്തുന്നത്.ഇതേ കീഴ്വഴക്കം തന്നെയാണ് വിഴിഞ്ഞം തുറമുഖത്തിലും കാണാന്‍ സാധിക്കുന്നത്. 1991ല്‍ സര്‍ക്കാര്‍ തീരുമാനിച്ച പദ്ധതിയുടെ ധാരണാപത്രം ഒപ്പിടുന്നത് 2015ലാണ്. 2019 ല്‍ ഒന്നാംഘട്ട കമ്മീഷനും 2023 ആകുമ്പോള്‍ മൂന്നാംഘട്ട കമ്മീഷനും ഉള്‍പ്പെടെ പൂര്‍ത്തിയാക്കേണ്ടിയിരുന്ന പദ്ധതിയുടെ ഒന്നാംഘട്ട കമ്മീഷനാണ് ഓണസമ്മാനമായി കേരളത്തിന് നല്‍കുമെന്ന് അദാനി പോര്‍ട്ട് പ്രഖ്യാപിച്ചത്. ഇതിനെ അട്ടിമറിക്കാനാണ് ഇപ്പോള്‍ സമരവുമായി ചിലര്‍ മുന്നോട്ടുവന്നിരിക്കുന്നത്. കഴിഞ്ഞ 31 വര്‍ഷമായി ഉന്നയിക്കാത്ത ആവശ്യങ്ങളുമായാണ് ഇപ്പോള്‍ സമരസമിതിക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്. അതിന്റെ പിന്നില്‍ ദുരൂഹതയുണ്ട്. തുറമുഖത്തിന്റെ ഒന്നാംഘട്ടം കമ്മീഷന്‍ ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നത് വരെ ഇവര്‍ എവിടെയായിരുന്നു? ഇന്ന് സമരം ചെയ്യുന്ന ലത്തീന്‍ സഭയുടെ പരമാധികാരിയും ബിഷപ്പുമായ സുസൈപാക്യം ഒരു വേള ഈ തുറമുഖം നാടിന് ആവശ്യമാണെന്നും ഒത്തിരി പേര്‍ക്ക് ജോലി നല്‍കുമെന്നും എല്ലാവരും ചേര്‍ന്ന് ഇതിന് പിന്തുണ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുള്ളതാണ്. അവസാനനിമിഷത്തിലെ ഈ മലക്കം മറിച്ചിലിന് പിന്നില്‍ രാജ്യത്തിനെതിരെയുള്ള ആഗോള അജണ്ടയുടെ ചട്ടുകമായി ലത്തീന്‍ സഭ മാറിയതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
വിഴിഞ്ഞം തുറമുഖം അട്ടിമറിക്കാനായി കഴിഞ്ഞ 30 വര്‍ഷമായി പരിശ്രമിക്കുന്ന കോസ്റ്റല്‍ വാച്ച് എന്ന സംഘടനയും അതിന്റെ നേതാവും മന്ത്രി ആന്റണി രാജുവിന്റെ സഹോദരനുമായ ജോസഫ് വിജയന്‍ എന്ന എ. ജെ. വിജയന്റെയും ഭാര്യ ഏലിയാമ്മ വിജയന്റെയും സംഘടനകള്‍ ഉള്‍പ്പെടെ 12 സംഘടനകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്. സഖി, പ്രോത്സാഹന്‍, ഫ്രണ്ട്‌സ് ഓഫ് മറൈന്‍, ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കോസ്റ്റല്‍ വാച്ച്, ചെറുരശ്മി സെന്റര്‍, കന്യാകുമാരി ലാറ്റിന്‍ ഡയോസിസ് ഓഫ് കോട്ടാര്‍, കൊയിലോണ്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, സേവ തുടങ്ങിയവയാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ സഖി ഏലിയാമ്മ വിജയന്റെയും കോസ്റ്റല്‍ വാച്ച് എ.ജെ വിജയന്റെയും നേതൃത്വത്തില്‍ ഉള്ളതാണ്. ദുബായിലെ ഷേഖ് കോവളത്തെ സമരവേദിയില്‍ എത്തി സമരക്കാര്‍ സ്വപ്‌നം കണ്ടതില്‍ ഏറെ പണം നല്‍കി എന്ന് പറഞ്ഞുകൊണ്ട് പണം സ്വീകരിക്കുന്ന വീഡിയോ പുറത്തുവന്നതും ശ്രദ്ധിക്കേണ്ടതാണ്. ചൈനീസ് സംഘം കൊളംബോയിലെ പള്ളികളില്‍ ഏല്‍പ്പിക്കുന്ന പണം ദുബായ് വഴി സമരക്കാര്‍ക്ക് എത്തുന്നതായും കേന്ദ്ര ഏജന്‍സികള്‍ക്ക് പരാതി ലഭിച്ചതായാണ് അറിവ്. ഇത് സമരം എന്നതിലുപരി രാജ്യത്തിനെതിരായുള്ള അട്ടിമറി പ്രവര്‍ത്തിയായി കാണേണ്ടതാണ്.
ഈ സമരവേദിയിലേക്ക് കൂടംകുളം സമരത്തിന് നേതൃത്വം നല്‍കിയ ഉദയകുമാറും പൗരത്വ ഭേദഗതി നിയമത്തിനും കാര്‍ഷിക നിയമത്തിനും എതിരെ രാജ്യത്താകമാനം സമരവും കലാപവും അഴിച്ചുവിട്ട ചില അര്‍ബന്‍ നക്‌സലൈറ്റുകളും ചൈനീസ് ഏജന്റുമാരും നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള തീവ്രവാദികളും എത്തിയത് ഏറെ ഉത്കണ്ഠയുണ്ടാക്കുന്നു. അവരുടെ സാന്നിധ്യത്തില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ ആയി അറിയപ്പെട്ടിരുന്ന പാതിരിമാര്‍ പോലീസ് സ്റ്റേഷന്‍ കത്തിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതും ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും നേരെ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ച് അക്രമത്തിന് നേതൃത്വം കൊടുക്കുന്നതും നാം കണ്ടു. കേരളത്തിന്റെ ഹൈക്കോടതി വിധിയെ പരസ്യമായി ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തെ തടസ്സപ്പെടുത്തില്ല എന്ന് അവര്‍ തന്നെ നല്‍കിയ ഉറപ്പ് ലംഘിക്കുക മാത്രമല്ല ഹൈക്കോടതി വിധിയെ തൃണവല്‍ഗണിച്ചുകൊണ്ട് പോലീസിനെ ആക്രമിക്കുകയും പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയായിരുന്നു. 1960 കളില്‍ നിരോധിത സംഘടനയായ നക്‌സലൈറ്റുകള്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതിനേക്കാള്‍ ഭീകരമായ ആക്രമണമാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞം പോലീസ് സ്റ്റേഷനില്‍ അരങ്ങേറിയത്. ഇത്തരത്തിലുള്ള ആള്‍ക്കാരും അവരുടെ പ്രവൃത്തികളും നമുക്ക് പരിചിതമാണ്. അന്താരാഷ്ട്ര ബന്ധങ്ങള്‍ ഉള്ള ഭീകര സംഘടനകളും മാവോയിസ്റ്റുകളുമാണ് ഒരു സമരം വിജയിപ്പിക്കാനായി ഇത്തരത്തിലുള്ള രീതികള്‍ അവലംബിക്കുന്നത്. കാശ്മീരിലും ബോഡോലാന്റ് പ്രക്ഷോഭത്തിലും ആസാം പ്രക്ഷോഭങ്ങളിലും നക്‌സല്‍ ആക്രമണങ്ങളിലുമാണ് നാമത് കണ്ടിട്ടുള്ളത്. അത് ലത്തീന്‍ സഭയുടെ സമരത്തിലും കാണാന്‍ കഴിയുന്നു എന്നത് കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിക്കുന്നതാണ്.
ലക്ഷ്യം: വിദേശപണം, ആഭ്യന്തര കലാപം
കേരളത്തിലെ തീരദേശ മേഖലയിലെ ഏറ്റവും വലിയ സമൂഹങ്ങള്‍ ഹിന്ദു ധീവരരും മുസ്ലീങ്ങളുമാണ്. തീരദേശ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ലത്തീന്‍ സഭ ഏകപക്ഷീയമായി സമരം ചെയ്യുന്നത് തന്നെ മേല്‍ സൂചിപ്പിച്ച അജണ്ടകള്‍ നടപ്പാക്കുന്നതിന് വേണ്ടിയാണ്. സമരവേദിയായി സെക്രട്ടറിയേറ്റോ, രാജ്ഭവനോ മറ്റേതെങ്കിലും കേന്ദ്ര-സംസ്ഥാന ഓഫീസുകളോ തിരഞ്ഞെടുക്കുന്നതിന് പകരം മുല്ലൂര്‍ പദ്ധതി പ്രദേശം തന്നെ ആക്കിയത് ഹിന്ദുക്കളും മുസ്ലീങ്ങളുമായി ഒരു വര്‍ഗീയ കലാപം ലക്ഷ്യം വെച്ചാണ്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ചാലേ സമരം അവസാനിപ്പിക്കൂ എന്ന് വാശിപിടിക്കുന്നത് രാജ്യദ്രോഹപരമാണ്. 132 ദിവസം പിന്നിട്ട സമരത്തില്‍ നവംബര്‍ 26-ാം തീയതി ഹൈക്കോടതിവിധി അട്ടിമറിക്കാനാണ് കലാപം അഴിച്ചുവിട്ടത്. ഹൈക്കോടതിയില്‍ സമരക്കാര്‍ കൊടുത്ത ഉറപ്പിന്റെ ബലത്തില്‍ കരിങ്കല്ലുമായി വന്ന 20 ഓളം ലോറികളെയാണ് തടഞ്ഞു തിരിച്ചുവിട്ടത്. ഇത് തടയുന്നതിന് ഉത്തരവ് നടപ്പിലാക്കാന്‍ ബാധ്യസ്ഥരായ പോലീസുകാര്‍ കൂട്ടുനിന്നു എന്നതാണ് യാഥാര്‍ത്ഥ്യം. രാവിലെ 9.30ന് ലോറികള്‍ എത്തിയപ്പോള്‍ തടയാനായി 20 ല്‍ താഴെ സമരക്കാരും കടത്തിവിടാനായി 200ലേറെ പോലീസും ഉണ്ടായിരുന്നു. എന്നാല്‍ പള്ളികളില്‍ മണിയടിച്ച് ആളെ കൂട്ടാനുള്ള സാവകാശം ഒരുക്കുകയായിരുന്നു പിണറായി പോലീസ്. അതാണ് മുല്ലൂര്‍ നിവാസികളായ ഹിന്ദുക്കള്‍ക്ക് നേരെ ഏകപക്ഷീയമായ ആക്രമണത്തിലേക്ക് നയിച്ചത്. പോലീസിന്റെ അകമ്പടിയോടെയാണ് ഇരുപതോളം വീടുകള്‍ അടിച്ചുതകര്‍ത്തതും സ്ത്രീകളും വൃദ്ധരും ഉള്‍പ്പെടെ അമ്പതോളം പേരെ ഗുരുതരമായി പരിക്കേല്‍പ്പിച്ചതും. സഭാ വേഷം ധരിച്ച വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗര്‍ഭിണിയെ പോലും ആക്രമിക്കാന്‍ നേതൃത്വം നല്‍കിയ സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പരിസരത്തുള്ള സ്ഥാപനങ്ങളും ഇക്കൂട്ടര്‍ അടിച്ചുതകര്‍ത്തു. 26-ാം തീയതി ഹിന്ദു വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയായിരുന്നു മുല്ലൂരില്‍ അക്രമം നടന്നതെങ്കില്‍ ഇരുപത്തിയേഴാം തീയതി പോലീസ് സ്റ്റേഷന്‍ ആക്രമണത്തെ തുടര്‍ന്ന് മുസ്ലിം വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയായി അക്രമം. വിഴിഞ്ഞത്ത് തെക്കും വടക്കും ഉള്ള മുസ്ലിം ജമാഅത്തുകള്‍ അവര്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ ഭീകരത സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗത്തില്‍ അവതരിപ്പിക്കുകയുണ്ടായി. 26ന് ഇത്രയും ആക്രമണം ഉണ്ടായിട്ടും ഹിന്ദു സമൂഹത്തിലെ എല്ലാ ജാതി വിഭാഗത്തില്‍ പെട്ടവരെയും തിരഞ്ഞുപിടിച്ച് അക്രമിച്ചിട്ടും സര്‍ക്കാര്‍ പ്രതിനിധികളോ മന്ത്രിമാരോ കോണ്‍ഗ്രസുകാരനായ സ്ഥലം എംഎല്‍എ പോലുമോ പരിക്കേറ്റവരെ ആശ്വസിപ്പിക്കാനോ തകര്‍ക്കപ്പെട്ട വീടുകള്‍ സന്ദര്‍ശിക്കാനോ തയ്യാറായില്ല. തുടര്‍ന്ന് ഹിന്ദു ഐക്യവേദി യുടേയും ബിജെപിയുടേയും നേതാക്കളാണ് സമരക്കാരുടെ വെല്ലുവിളിയെ അതിജീവിച്ച് അക്രമത്തിന് ഇരയായവരെ ആശ്വസിപ്പിക്കാന്‍ എത്തിയത്. അന്ന് രാത്രി തന്നെ കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ശക്തമായ താക്കീത് നല്‍കിയതിനെ തുടര്‍ന്നാണ് കലാപകാരികള്‍ക്ക് എതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായത്. ഇതിനെ തുടര്‍ന്നാണ് സമരക്കാര്‍ പോലീസിനെ ബന്ദിയാക്കി ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തില്‍ 64 ഓളം പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇരുപതോളം വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. പോലീസ് സ്റ്റേഷന്‍ സമ്പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു. പോലീസുകാര്‍ക്ക് പ്രാണരക്ഷാര്‍ത്ഥം ഓടേണ്ടി വന്നു. സ്റ്റേഷനകത്ത് ആക്രമിക്കപ്പെട്ടവര്‍ ബന്ധികളായി. മാധ്യമപ്രവര്‍ത്തകരെ അടിച്ചോടിച്ചു. ക്യാമറകള്‍ അടിച്ചു തകര്‍ത്തു. സമീപത്തെ മുസ്ലിം ഭവനങ്ങള്‍ക്ക് നേരെയും മസ്ജിദിന് നേരെയും പോലും ആക്രമണം നടന്നു. പരിക്കേറ്റ പോലീസുകാരെയും മാധ്യമപ്രവര്‍ത്തകരെയും കൊണ്ടുപോയ ആംബുലന്‍സുകള്‍ തടഞ്ഞ് ആക്രമിച്ചു. അന്നേദിവസം മാത്രം രണ്ടു കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായി. ഇതിനു പുറമെയാണ് വിഴിഞ്ഞം തുറമുഖത്തിന് 200 കോടിയിലേറെ രൂപയുടെ നഷ്ടം ഈ സമരക്കാര്‍ വരുത്തി എന്ന് ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട ദിനമായിരുന്നു നവംബര്‍ 26 സഹപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും അടികൊണ്ട് പിടയുമ്പോള്‍ പ്രതികരിക്കാന്‍ കഴിയാതെ കൈയും കെട്ടിനില്‍ക്കേണ്ട ഗതികേട് പോലീസിനുണ്ടായി. സമാനതകളില്ലാത്ത ഭീകര കലാപത്തിനാണ് വിഴിഞ്ഞം സാക്ഷ്യം വഹിച്ചത്. എന്നിട്ടും കളക്ടറും പോലീസ് കമ്മീഷണറും വന്ന് നേരം വെളുക്കുവോളം കലാപകാരികളുമായി സന്ധി സംഭാഷണവും മാപ്പുപറച്ചിലും നടത്തുകയായിരുന്നു. സ്റ്റേഷന്‍ ആക്രമിച്ച കേസിലെ നാല് പ്രതികളെ മോചിപ്പിക്കാന്‍ പോലും പോലീസ് തയ്യാറായി. കേരളത്തിലെ നിയമസംവിധാനം മുഴുവന്‍ കലാപകാരികളുടെ കാലില്‍ കിടന്നിഴയുന്ന ദയനീയ സ്ഥിതിയാണ് സംജാതമായത്. ഹൈക്കോടതി വിധിയും നിയമ സംവിധാനവും നോക്കുകുത്തി ആയതിനെ തുടര്‍ന്നുള്ള ദുരന്ത ചിത്രം ലോകം മുഴുവന്‍ കണ്ടു.
തദ്ദേശീയരുടെ ആവശ്യം ന്യായം
വിഴിഞ്ഞതിനായി സ്വന്തം വീടും ഭൂമിയും ജീവനോപാധികളും നഷ്ടപ്പെട്ടവരാണ് മുല്ലൂര്‍ നിവാസികള്‍ . അവിടെ ഉയര്‍ന്നുവരുന്ന രാജ്യത്തിന് അഭിമാനകരമായ തുറമുഖമാണ് അവരുടെ സ്വപ്‌നം. അതിനെ അട്ടിമറിക്കാന്‍ വിദേശ പണവും വാങ്ങി കൊല്ലം മുതല്‍ കന്യാകുമാരി വരെയുള്ള ഇടവകകളില്‍ നിന്നും ആളെ ഇറക്കുമതിചെയ്തു സമരം നടത്തുന്നവര്‍ രാജ്യത്തിന്റെ സ്വപ്‌നങ്ങള്‍ അട്ടിമറിക്കുകയാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. സെക്രട്ടറിയേറ്റിന്റെ മുന്‍പില്‍ ലത്തീന്‍ സഭ ആരംഭിച്ച സമരം സെക്രട്ടറിയേറ്റില്‍ നിന്ന് പദ്ധതി പ്രദേശത്തേക്ക് മാറ്റിയത് തന്നെ പദ്ധതി അട്ടിമറിച്ച് കലാപം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. രാവിലെ ബസുകളില്‍ കൊണ്ട് ഇറക്കുന്ന സമരക്കാര്‍ അയല്‍ വീടുകളിലും പരിസരപ്രദേശങ്ങളിലും ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. മദ്യപിക്കുക, മലമൂത്ര വിസര്‍ജ്ജനം നടത്തുക, മോഷണം നടത്തുക, സ്ത്രീകളോട് അപമര്യാദയായി പെരുമാറുക തുടങ്ങിയവ നിത്യ സംഭവമായി. ഇതിനെതിരെ വിവിധ ഹിന്ദു സമുദായ സംഘടന നേതാക്കന്മാര്‍ പോലീസിന് പരാതി നല്‍കിയപ്പോള്‍ പള്ളി വികാരിയോട് ചെന്ന് പറയാനായിരുന്നു പോലീസ് നിര്‍ദ്ദേശിച്ചത്. പോലീസും ഭരണപ്രതിപക്ഷവും മാധ്യമങ്ങളും ഉള്‍പ്പെടെ ഈ കലാപകാരികളോടൊപ്പമാണെന്ന തിരിച്ചറിവാണ് ബദല്‍ സമരവുമായി ഇറങ്ങാന്‍ വിവിധ ഹൈന്ദവ സംഘടനകളെ പ്രേരിപ്പിച്ചത്. തുറമുഖം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം അങ്ങനെ മുല്ലൂരില്‍ രൂപാന്തരപ്പെട്ടു. ചേംബര്‍ ഓഫ് കൊമേഴ്‌സ്, ക്ഷേത്ര കമ്മറ്റികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍, സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ തുടങ്ങി വികസനം ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും പിന്തുണ പ്രാദേശിക ജനകീയ സമിതിക്ക് ആര്‍ജ്ജിക്കാന്‍ സാധിച്ചു. അത് വിഴിഞ്ഞം ലത്തീന്‍ സഭയുടെ സമരത്തിന്റെ മുഖംമുടി വലിച്ചു കീറാന്‍ സഹായകമായി. ഇതിനോടുള്ള പ്രതികാരമായാണ് ഇരുപത്താറാം തീയതി ആ പാവങ്ങള്‍ക്ക് നേരെ നടന്ന അക്രമം.
കോണ്‍ഗ്രസിന്റെ നിലപാട് വഞ്ചനാപരം
1991ല്‍ കരുണാകരന്‍ വിഭാവനം ചെയ്തും 2015 ല്‍ ഉമ്മന്‍ചാണ്ടി ധാരണപത്രം ഒപ്പിട്ടതുമായ വിഴിഞ്ഞം പദ്ധതിയെ അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി. ഡി.സതീശനും വി.എം.സുധീരനും കലാപകാരികളുടെ സമരവേദിയില്‍ എത്തി പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാവും സ്ഥലം എംഎല്‍എയുമായ എം.വിന്‍സെന്റ് പന്തല്‍ കെട്ടുന്നത് മുതല്‍ കലാപത്തിന് ഗൂഢാലോചന നടത്തുന്ന കാര്യത്തില്‍ ഉള്‍പ്പെടെ പങ്കാളിയാണെന്ന് വ്യക്തമാണ്. കലാപകാരികള്‍ അടിച്ചുതകര്‍ത്ത ഹിന്ദു വീടുകളോ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കിടക്കുന്ന ആള്‍ക്കാരെയോ എംഎല്‍എ കാണാന്‍ പോയില്ല. മുസ്ലീങ്ങളെയോ അടിച്ചു തകര്‍ക്കപ്പെട്ട പോലീസ് സ്റ്റേഷനോ എംഎല്‍എ തിരിഞ്ഞു നോക്കിയിട്ടില്ല എന്നത് ഈ കലാപത്തിനു പിന്നിലെ എംഎല്‍എയുടെ പങ്ക് വ്യക്തമാക്കുന്നു. സ്വന്തം മണ്ഡലത്തില്‍ രാജ്യത്തെ ഏറ്റവും വലിയ അഭിമാന പദ്ധതി വരുന്നതിനെ അട്ടിമറിക്കുന്ന എംഎല്‍എയുടെ സമീപനം രാജ്യദ്രോഹവും ജനവഞ്ചനയുമാണ്. ലോകത്തിലെ വന്‍ശക്തി ആകാന്‍ ആഗ്രഹിക്കുന്ന ഒരു രാജ്യത്തിന്റെ സ്വപ്‌നമാണ് വിഴിഞ്ഞത്ത് ഉയര്‍ന്നുവരുന്നത്. ഇത് യാഥാര്‍ഥ്യമാക്കാന്‍ ഉള്ള കരുത്ത് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഉണ്ട്. സംസ്ഥാന സര്‍ക്കാരും അതിനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കുകയാണ് വേണ്ടത്. എല്ലാ ശക്തികളെയും എതിര്‍ത്ത് തോല്‍പ്പിച്ചുകൊണ്ട് വിഴിഞ്ഞം തുറമുഖത്തെ യാഥാര്‍ത്ഥ്യമാക്കേണ്ടത് വരും തലമുറയോടുള്ള നമ്മുടെ ഉത്തരവാദിത്തമാണ്. ഭീകരവാദികള്‍ അഴിഞ്ഞാടിയ കാശ്മീരിലും ലഡാക്കിലും പോലും സ്വപ്‌ന സദൃശ്യമായ വികസനം എത്തിച്ച ഭരണകൂടവും രാജ്യവും വിഴിഞ്ഞം സമരം എന്ന ഓലപ്പാമ്പിന്റെ മുന്‍പില്‍ അടിയറവ് പറയില്ല എന്ന് നമുക്ക് തീര്‍ച്ചയായും വിശ്വസിക്കാം.
(ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സെക്രട്ടറിയാണ് ലേഖിക)
Comments