ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ആധികാരികവും അഭൂതപൂര്‍വവുമായ വിജയം ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അദ്ധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ആകെയുള്ള 185 ല്‍ 156 സീറ്റുകളും 52.5% വോട്ടുകളും കരസ്ഥമാക്കി നാലില്‍ മൂന്നു ഭൂരിപക്ഷത്തോടെയാണ് ബിജെപി ഗുജറാത്തില്‍ ഏഴാമതും ഭരണത്തുടര്‍ച്ച ഉറപ്പാക്കിയിരിക്കുന്നത്. 1995ല്‍ 121 സീറ്റുകളുമായി ആരംഭിച്ച ഗുജറാത്തിലെ ബിജെപിയുടെ അജയ്യ വിജയരഥം ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി മുന്നേറുകയാണ്.
2002 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ബിജെപി ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തിലേറിയത്. 127 സീറ്റുകള്‍ നേടിക്കൊണ്ടായിരുന്നു അന്നത്തെ വിജയം. എന്നാല്‍ 1985-ല്‍ മാധവ് സിങ് സോളങ്കിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേടിയ 149 സീറ്റുകളുടെ റെക്കോഡ് വിജയത്തെയും പിന്നിലാക്കിയാണ് ഇത്തവണ ബിജെപി ചരിത്രവിജയം സ്വന്തമാക്കിയത്. കഴിഞ്ഞ തവണ 77 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ഇത്തവണ കേവലം 17 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. ആകെ സീറ്റിന്റെ പത്ത് ശതമാനം സീറ്റുകള്‍ പോലും നേടാന്‍ കഴിയാത്ത സ്ഥിതിക്ക് ഗുജറാത്തില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം പോലും നഷ്ടമാകുകയാണ്. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ലക്ഷ്യമിടുന്ന കോണ്‍ഗ്രസിന് ഗുജറാത്തിലെ കനത്ത പരാജയം നല്‍കുന്ന തിരിച്ചടി വളരെ വലുതാണ്.
സൗരാഷ്ട്ര- കച്ച്, വടക്കന്‍ ഗുജറാത്ത്, മധ്യ ഗുജറാത്ത്, തെക്കന്‍ ഗുജറാത്ത് എന്നിങ്ങനെ സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട നാല് മേഖലകളിലും വ്യക്തമായ മുന്‍തൂക്കം നേടാന്‍ ഇത്തവണ ബിജെപിക്ക് കഴിഞ്ഞു. വനവാസി മേഖലകളിലും പാര്‍ട്ടിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഗുജറാത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണ മണ്ഡലങ്ങളായ നാല്‍പ്പതില്‍ 34 ഇടത്തും ഇത്തവണ ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചത് വന്‍ ഭൂരിപക്ഷത്തോടെയാണ്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അഹമ്മദാബാദിലെ ഗട്ടോല്‍ദിയ നിയോജക മണ്ഡലത്തില്‍ നിന്ന് 1.92 ലക്ഷം വോട്ടുകള്‍ക്കാണ് വിജയിച്ചത്. രാജ്യത്തിന് തന്നെ മാതൃകയായ ഗുജറാത്ത് മോഡല്‍ വികസനത്തിന് ജനങ്ങള്‍ ബിജെപിക്ക് നല്‍കിയ അംഗീകാരത്തിന്റെ തെളിവ് കൂടിയാണ് ഈ വിജയം. തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കോണ്‍ഗ്രസ് ഗുജറാത്തില്‍ പരാജയം സമ്മതിച്ചു കഴിഞ്ഞിരുന്നു. ഗുജറാത്തില്‍ ഭരണം തിരിച്ചുപിടിക്കുക എന്നത് കോണ്‍ഗ്രസിന്റെ അജണ്ടയില്‍ പോലും ഉണ്ടായിരുന്നില്ല. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഗുജറാത്തിനെ തൊടാതെയാണ് കടന്നുപോയത്. അവിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ഒന്നും സജീവമായി പങ്കെടുത്തതുമില്ല. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് 137 പേര്‍ മരിച്ച സംഭവത്തെയും, ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ വിട്ടയച്ച സംഭവത്തെയുമൊക്കെ ആയുധമാക്കി ബിജെപിക്കെതിരെ നിരവധി വ്യാജപ്രചാരണങ്ങളാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ഗുജറാത്തില്‍ അഴിച്ചുവിട്ടത്. അതിനെയൊക്കെ ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നുവെന്നാണ് ഇപ്പോഴത്തെ ജനവിധി കാണിക്കുന്നത്.
ഗുജറാത്ത് തിരഞ്ഞെടുപ്പിന് ദേശീയ രാഷ്ട്രീയവുമായി അഭേദ്യമായ ബന്ധമാണുള്ളത്. ഉത്തര്‍പ്രദേശ് പിടിക്കുന്നയാള്‍ ഭാരതം ഭരിക്കുമെന്ന് പറയാറുള്ളതുപോലെ ഗുജറാത്തിന്റെ നായകന്‍ രാജ്യത്തിന്റെ നായകനാകുമെന്നതും ചരിത്രമാണ്. മുന്‍പ് മഹാത്മജിയും സര്‍ദാര്‍ പട്ടേലും ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഒക്കെ ഇതിന് ഉദാഹരണമാണ്. ഗുജറാത്തില്‍ ചരിത്രഭൂരിപക്ഷത്തോടെ ബിജെപി ഭരണത്തുടര്‍ച്ച ഉറപ്പാക്കുകയും കോണ്‍ഗ്രസ് പ്രതിപക്ഷ നേതൃസ്ഥാനം പോലുമില്ലാതെ പരാജയപ്പെടുകയും ചെയ്യുന്നത് ദേശീയ രാഷ്ട്രീയത്തിന്റെ നേര്‍ചിത്രം തന്നെയാണ് കാണിച്ചു തരുന്നത്. ഗുജറാത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന ഹിമാചല്‍പ്രദേശില്‍ അധികാരം ലഭിച്ചതില്‍ കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ യാതൊന്നുമില്ല. 2018 ന് ശേഷം ഒരു സംസ്ഥാനത്ത് ഭരണത്തിലേറാന്‍ കഴിയുന്നു എന്നതില്‍ കവിഞ്ഞ് അതില്‍ സവിശേഷമായി ഒന്നുമില്ല.
അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണം മാറിവരാറുള്ള ഹിമാചലില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വോട്ടുവിഹിതത്തില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളത്. ഇത്തവണ സിപിഎമ്മിന് അവിടെ ഉണ്ടായിരുന്ന ഏക സിറ്റിങ് സീറ്റും നഷ്ടപ്പെട്ടു. ഠിയോഗ് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി രാകേഷ് സിംഘ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഭരണമുറപ്പിച്ചതോടെ ഹിമാചലിലെ കോണ്‍ഗ്രസില്‍ ആഭ്യന്തരകലഹം രൂക്ഷമായിരിക്കുകയാണ്. ഫലം പുറത്തുവന്ന ഉടനെ മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയും പിസിസി പ്രസിഡന്റുമായ പ്രതിഭാ സിങ്ങിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് അവരുടെ അനുയായികള്‍ സംസ്ഥാനത്തെ പാര്‍ട്ടി നിരീക്ഷകനായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ വാഹനം തടയുകയും പ്രതിഷേധിക്കുകയും ചെയ്തു. പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷനും മുന്‍ പിസിസി പ്രസിഡന്റുമായ സുഖ് വിന്ദര്‍ സിങ് സുഖുവിനെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി തീരുമാനിച്ചെങ്കിലും പ്രതിസന്ധി അയഞ്ഞിട്ടില്ല. നിലവില്‍ ഭരണത്തിലുളള വലിയ സംസ്ഥാനമായ രാജസ്ഥാനിലും കോണ്‍ഗ്രസ് ആഭ്യന്തരപ്രശ്‌നങ്ങള്‍ കൊണ്ട് പൊറുതിമുട്ടുകയാണ്.
ഈ വര്‍ഷമാദ്യം നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇപ്പോള്‍ ഗുജറാത്തിലും വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞത് 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ബിജെപിക്ക് നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. 2012 ല്‍ ഗുജറാത്തില്‍ മൂന്നാം തവണയും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതാണ് 2014 ല്‍ നരേന്ദ്രമോദിയെ സ്വാഭാവികമായി തന്നെ ബിജെപിയുടെ താരപ്രചാരകനും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമാക്കി ഉയര്‍ത്തിയത്. ഗുജറാത്തിലെ ഇപ്പോഴത്തെ ഈ ചരിത്രവിജയം പ്രധാനമന്ത്രി പദത്തിലെ നരേന്ദ്രമോദിയുടെ മൂന്നാമൂഴത്തിന്റെ രാഷ്ട്രീയ വിളംബരം കൂടിയായിരിക്കും…