വെറുതേ പണ്ടു രചിച്ചതാം വരി
ക്കിടയില്‍ കാടു വകഞ്ഞുനീങ്ങവേ
പ്രിയദേ നിന്റെയഴിഞ്ഞ നൂപുരം
ഇടറും വാക്കു തിരുത്തിവെച്ചതും
അവിടെത്തന്നെ കിടപ്പുമണ്ണിലായ്
ധ്വനിതന്‍ മൂര്‍ച്ച, കിനിഞ്ഞ രക്തവും
അഭയം നല്‍കിയ നെഞ്ചകത്തിലെ
പിടയും വേദന മൂടിയിട്ടപോല്‍
അവിടുന്നില്ലിരു പാദമുദ്രകള്‍
പിരിയുന്നുണ്ടതു മുന്നിലേക്കതാ
അതിനാല്‍ത്തന്നെ നടന്നിടട്ടെ ഞാന്‍
പിറകോട്ടായവളൊപ്പമുള്ള പോല്‍
വെയിലിന്‍ ചീളുകള്‍ വിണ്ട പാതയില്‍
പുകയും ഭീതികനത്ത നീരവം
ഇടയില്‍ ഞങ്ങള്‍ നടന്ന രേഖയില്‍
നിറയേ പച്ചപിടിച്ച പേച്ചുകള്‍
ഉടയാതുള്ളൊരുബിംബ ഭംഗിത
ന്നരികില്‍തന്നെയിരുന്നിടട്ടെ ഞാന്‍
എവിടേയാണവളിപ്പൊ,ളെങ്കിലും
ഇതിലേക്കായിവനാവഹിക്കയായ്
പിടയും പീലിയടഞ്ഞു കണ്ണുനീര്‍
തുഴയും ശ്വാസമഗാധ ചുംബനം
ഉടലാല്‍ പുടിതാത്മമദ്വയം നാം
പതിയേയാപ്ലുതരായിലാലസം
തെളിയും താരകദീപമാലകള്‍
നിറയേ മാല നിലാവു ഗീതവും
പുകയും ധൂപിലഗാന മാധുരി
നുരയും പൂമ്പതനേര്‍ത്ത മഞ്ഞല!
നുകരുന്നേ നിരുദാഹദേഹികള്‍
വിരഹം വേര്‍പ്പിലലിഞ്ഞ ശാന്തത
മൃദുലം ഹൃദ്ദലമൂഷ്മളങ്ങളാം
സുഖദസ്പന്ദനമേറ്റിരുന്നു നാം
അണയുന്നേ യരുതാത്തതെങ്കിലും
വിരഹം കൊണ്ടുളവായ ഛന്ദസില്‍
പ്രിയദേ ഞാനെഴുതട്ടെ ധ്യാനമീ
മൊഴിയില്‍ വാങ്ങ്മയി യാതയാത്രകള്‍ !