മുന്‍കാല സര്‍ക്കാരുകളുടെ സമയത്ത് സര്‍വ്വസാധാരണമായിരുന്ന, 26/11 മുംബൈ ആക്രമണം പോലുള്ള പൊതുജനത്തിനെ ലക്ഷ്യം വച്ചുള്ള ഭീകരാക്രമണങ്ങള്‍ 2014ല്‍ മോദി സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം ഇപ്പോള്‍ ഏറെക്കുറെ ഇല്ലാതായി എന്ന് തന്നെ പറയാം. ഓരോന്നിനും ഭാരതം എണ്ണിയെണ്ണി തിരിച്ചടിച്ച പത്താന്‍കോട്ട്, ഉറി, പുല്‍വാമ പോലുള്ള സൈനിക കേന്ദ്രങ്ങള്‍ക്ക് നേരയുള്ള മാവോയിസ്റ്റ്-ഇസ്ലാമിക ഭീകരവാദി ആക്രമണങ്ങള്‍ അല്ലാതെ പൊതുജനങ്ങളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍ ഏതാണ്ടില്ലാതായി. അല്ലെങ്കില്‍ പുതിയ സര്‍ക്കാരിന് കീഴില്‍ പല്ലിനും നഖത്തിനും മൂര്‍ച്ച വന്ന ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ ജാഗ്രതയില്‍ അത്തരം ആക്രമണ ശ്രമങ്ങള്‍ മുളയിലേ നുള്ളപ്പെടുന്നു.
പക്ഷേ ഇക്കഴിഞ്ഞ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ കോയമ്പത്തൂരില്‍ നിന്നും മംഗളൂരുവില്‍ നിന്നും വരുമായിരുന്ന രണ്ട് വാര്‍ത്തകളില്‍ രാജ്യം കൈവരിച്ച ഈയൊരു തന്ത്രപ്രധാന നേട്ടം റദ്ദാക്കപ്പെടുമായിരുന്നു. ഒരേ സ്വഭാവമുള്ള രണ്ട് വലിയ ഭീകരാക്രമണ ശ്രമങ്ങളാണ് ഈ രണ്ട് ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ പരാജയപ്പെടുകയുണ്ടായത്.
ഒക്ടോബര്‍ 23ന് കോയമ്പത്തൂരില്‍ ഉക്കടത്തിന് സമീപം കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിനെ ലക്ഷ്യമിട്ട് വന്ന്, ക്ഷേത്രത്തിന് സമീപം നടന്ന കാര്‍ ബോംബ് സ്‌ഫോടനവും, നവംബര്‍ 19ന് മംഗളൂരുവില്‍ സമാന ലക്ഷ്യത്തോടെ തയ്യാറെടുക്കുന്നതിനിടയില്‍ ഓട്ടോറിക്ഷയില്‍ നടന്ന സ്‌ഫോടനമാണിവ.
ലക്ഷ്യം കണ്ടിരുന്നെങ്കില്‍ ഭാരതം അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങള്‍ ആകുമായിരുന്ന രണ്ട് ശ്രമങ്ങളായിരുന്നു ഇവ. രണ്ടും തമ്മിലുള്ള പരസ്പര ബന്ധവും, അവയുടെ ആസൂത്രണം പ്രധാനമായും കേരളത്തിലാണ് നടന്നതെന്ന് വെളിപ്പെട്ടതും സൂചിപ്പിക്കുന്നത് ദക്ഷിണ ഭാരതം എത്ര മാത്രം തീവ്രവാദ-ഭീകരവാദ ശക്തികള്‍ക്ക് വളക്കൂറുള്ള മണ്ണായി മാറികൊണ്ടിരിക്കുന്നുവെന്നാണ്.
ജമേഷ മുബിന്‍ എന്ന 29 കാരനായ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ് കോയമ്പത്തൂരില്‍ ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്തിയത്. പിന്നീട് നടന്ന അന്വേഷണത്തില്‍ തെളിഞ്ഞത് ശ്രീലങ്കയില്‍ നടന്ന ഈസ്റ്റര്‍ദിന ബോംബിങ്ങിന്റെ ആസൂത്രകനായ മൗലവി സഹറന്‍ ബിന്‍ ഹാഷിമിന്റെ വീഡിയോകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭീകരവാദത്തിലേക്ക് തിരിഞ്ഞ ചെറുപ്പക്കാരനായിരുന്നു ചാവേറായി കൊല്ലപ്പെട്ട ജമേഷ മുബിന്‍ എന്നാണ്. ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആരാധകനായിരുന്നു അയാള്‍ എന്ന് തെളിയിക്കുന്ന വസ്തുക്കള്‍ അയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണമായിരുന്നു മുബിന്‍ ലക്ഷ്യം വച്ചിരുന്നത്. ഹിന്ദുക്കള്‍ വലിയ രീതിയില്‍ കൂട്ടംകൂടുന്ന സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുക എന്ന ലക്ഷ്യത്തോടെ കോട്ട സംഗമേശ്വര ക്ഷേത്രമടക്കം ആറോളം ക്ഷേത്രങ്ങള്‍ അയാള്‍ നിരീക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
”നിങ്ങളെന്റെ മരണ വാര്‍ത്ത അറിയുമ്പോള്‍ എന്നോട് പൊറുക്കുക, എനിക്ക് വേണ്ടി പ്രാര്‍ഥിക്കുക” എന്ന വരികള്‍ തന്റെ മൊബൈല്‍ ഫോണിന്റെ ഡിസ്‌പ്ലേ പിക്ചറാക്കിയിട്ടുണ്ടായിരുന്ന മുബിന്‍, ചാവേര്‍ ആക്രമണങ്ങള്‍ക്ക് തയ്യാറാവുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരമാര്‍ ചെയ്യാറുള്ളതു പോലെ മിഷന് തൊട്ട് മുമ്പ് തന്റെ ശരീരം മുഴുവന്‍ ഷേവ് ചെയ്തിരുന്നു. മുബിന്റെ ഉക്കടത്തുള്ള വീട് റെയ്ഡ് ചെയ്ത പോലീസ് പൊട്ടാസിയം നൈട്രേറ്റ്, അലൂമിനിയം പൗഡര്‍, സള്‍ഫര്‍ തുടങ്ങിയ 75 കിലോയോളം വരുന്ന സ്‌ഫോടക വസ്തുക്കളാണ് കണ്ടെടുത്തത്.
തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തില്‍ മുഹമ്മദ് ഷരീക്ക് എന്നൊരു വ്യക്തി കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനത്തിന് തൊട്ട് മുമ്പ് മുബിനുമായി ബന്ധപ്പെട്ടിരുന്നു എന്ന് കണ്ടെത്തുകയുണ്ടായി. കോയമ്പത്തൂര്‍ സ്‌ഫോടനത്തിന് ഏകദേശം ഒരു മാസത്തിന് ശേഷം മംഗളൂരുവില്‍ ഒരു ഓട്ടോറിക്ഷയില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ ആസൂത്രകനും ആ സ്‌ഫോടനത്തില്‍ പരിക്ക് പറ്റി ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്ന ഭീകരവാദിയുമായിരുന്നു അന്ന് മുബിനെ സന്ദര്‍ശിച്ച മുഹമ്മദ് ഷരീക്കെന്ന് പിന്നീട് തെളിഞ്ഞു.
നവംബര്‍ 19 ന് മംഗളൂരുവില്‍ തിരക്കുള്ള ബസ് സ്റ്റാന്‍ഡില്‍ സ്‌ഫോടനം നടത്തുന്നതിന് വേണ്ടി കൊണ്ട് പോകുന്ന വഴിയിലാണ് പ്രഷര്‍ കുക്കറില്‍ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തു (ഐ.ഇ.ഡി) ഓട്ടോറിക്ഷയില്‍ വച്ച് മുഹമ്മദ് ഷരീക്കിന്റെ കയ്യിലിരുന്ന് പൊട്ടിത്തെറിക്കുന്നത്.
24 വയസ്സുകാരനായ കര്‍ണാടകയിലെ തീര്‍ത്തഹള്ളി സ്വദേശി മുഹമ്മദ് ഷരീക്കിന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നും, തന്റെ സഹപാഠികളായ സയ്യിദ് യാസിന്‍, മുഹമ്മദ് മുനീര്‍ എന്നിവരടക്കം തീര്‍ത്തഹള്ളി, ശിവമോഗ, ഭദ്രാവതി എന്നിവിടങ്ങളിലെ നിരവധി മുസ്ലിം യുവാക്കളെ റാഡിക്കലൈസ് ചെയ്ത് ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്നും പിന്നീടുള്ള അന്വേഷണത്തില്‍ തെളിഞ്ഞു. കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മുബിന്‍ ശ്രീലങ്കയിലെ ഈസ്റ്റര്‍ ബോംബിങ്ങിന്റെ സൂത്രധാരന്‍ മൗലവി സഹറന്‍ ബിന്‍ ഹാഷിമിന്റെ വീഡിയോകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭീകരവാദത്തിലേക്ക് എത്തിയ ചെറുപ്പക്കാരനായിരുന്നുവെങ്കില്‍ മംഗളൂരു സ്‌ഫോടനക്കേസ് പ്രതി മുഹമ്മദ് ഷെരീക്ക് ഭീകരവാദത്തിലേക്കെത്തുന്നത് ഇസ്ലാമിക ഭീകരവാദത്തിന്റെ ആഗോള പ്രചാരകന്‍, ഇപ്പോള്‍ ഖത്തറിന്റെ അഭയം പ്രാപിച്ചിരിക്കുന്ന സക്കീര്‍ നായിക്കിന്റെ വീഡിയോകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്.
മുബിനുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും കോയമ്പത്തൂര്‍ സ്‌ഫോടനത്തിന് ഒരു മാസം മുമ്പ് സെപ്റ്റംബര്‍ മാസത്തില്‍ തമിഴ്‌നാട്ടിലെ സിംഗനെല്ലൂരിലെ ലോഡ്ജില്‍ ദിവസങ്ങളോളം രണ്ട് പേരും ഒരുമിച്ചുണ്ടായിരുന്നുവെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ട് സ്‌ഫോടനങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നും രണ്ട് പേരേയും നിയന്ത്രിച്ചിരുന്നത് ഒരേ ശക്തികള്‍ ആയിരിക്കാമെന്നും അവര്‍ സംശയിക്കാന്‍ കാരണമിതാണ്. തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകളുടെ ആവശ്യപ്രകാരം ദേശീയ അന്വേഷണ ഏജന്‍സി എന്‍.ഐ.എ ഈ രണ്ട് കേസുകളും ഏറ്റെടുത്തത്തിന് പിന്നിലെ കാരണവും മറ്റൊന്നല്ല.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടും, കേരളവുമായുമുള്ള മുഹമ്മദ് ഷരീക്കിന്റെ ബന്ധം എന്‍.ഐ.എ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഈറ്റില്ലമായ കേരളത്തില്‍, അവരുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായ ആലുവയിലെ അവരുടെ രാവണന്‍ കോട്ടയായ കുഞ്ഞുണ്ണിക്കരയില്‍ മുഹമ്മദ് ഷെരീക്കും മുബിനും എത്തിയിരുന്നതായി അന്വേഷണ ഉദ്യഗസ്ഥര്‍ കണ്ടെത്തി. മുഹമ്മദ് ഷെരീക്ക് സെപ്റ്റംബര്‍ 13 മുതല്‍ 18 വരെ ആലുവയിലെ ലോഡ്ജില്‍ താമസിച്ചതായി പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. ആലുവയില്‍ ഇവര്‍ക്ക് സഹായം ചെയ്തവരെപ്പറ്റി കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
അങ്ങനെ ഇന്ത്യയില്‍ എവിടെ ഭീകരവാദ ബന്ധമുള്ള എന്ത് സംഭവം നടന്നാലും അതിന് കേരളവുമായി ബന്ധമുണ്ടായിരിക്കുമെന്ന അത്യന്തം ആപല്‍ക്കരമായ അവസ്ഥക്ക് ഈ മാംഗളൂരു-കോയമ്പത്തൂര്‍ ഇരട്ട സ്‌ഫോടനക്കേസും അപവാദമല്ലാതാകുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം ഭീകരവാദത്തിന്റെ നഴ്‌സറിയാകുന്നു എന്ന് മുന്നറിയിപ്പ് നല്കിയപ്പോള്‍ കേരളത്തെ അപമാനിക്കുന്നു എന്ന് പറഞ്ഞ് അദ്ദേഹത്തെ ആക്രമിച്ചവരാണ് കേരളീയര്‍. പക്ഷേ ഇന്ന് മംഗളൂരു-കോയമ്പത്തൂര്‍ ഇരട്ടസ്‌ഫോടനക്കേസില്‍ ആസൂത്രണവും സ്‌ഫോടകവസ്തുക്കളുടെ വാങ്ങലും നടന്നത് നമ്മുടെ കേരളത്തിലാണെന്ന് അറിയുമ്പോള്‍ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പിനെ തള്ളിക്കളഞ്ഞത് തെറ്റായിപ്പോയി എന്ന് തിരിച്ചറിയുകയാണ് നമ്മള്‍.
പക്ഷേ പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍വരെ എത്തിനില്‍ക്കുന്ന വിഴിഞ്ഞം സമരത്തിലും തീവ്രവാദ സംഘടനകളുടെ പങ്ക് സംശയിക്കുന്നുവെന്ന് കേരള പോലീസ് തന്നെ വെളിപ്പെടുത്തിയിരിക്കുന്ന ഈ സന്ദര്‍ഭത്തിലും മതസംഘടനകളുടെ നിയന്ത്രണത്തിലുള്ള വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അടിമപ്പെട്ടിരിക്കുന്ന കേരളം തെറ്റ്തിരുത്തലുകള്‍ക്ക് തയ്യാറാവുന്നില്ല എന്നത് നിരാശാജനകമാണ്.
Comments