ടി.പി. രാജീവനെ ആദ്യം കണ്ടത് നെടുമങ്ങാട് ഒരു കവിയരങ്ങില്‍ വച്ചാണ്. ചലച്ചിത്രഗാനങ്ങളുടെ കാല്പനികഭംഗി ചോര്‍ന്നു പോയതുകൊണ്ടാണ് ചിലര്‍ പാട്ടുകളെഴുതി താളത്തിലവതരിപ്പിച്ച് കവിതയെന്നു പേരിടുന്നതിനെ ജനം സ്വീകരിക്കുന്നത് എന്ന് അന്ന് അദ്ദേഹം പാട്ടു കവികളെ ആക്ഷേപിക്കുകയുണ്ടായി. കവിത നല്ലപാട്ടുകാര്‍ പാടുന്നതുകൊണ്ടു തെറ്റില്ലെങ്കിലും പാട്ടുകള്‍ എഴുതി കവിതയെന്ന പേരില്‍ പ്രചരിപ്പിക്കുന്നതും അത്തരക്കാരെ കവിയെന്ന പേരില്‍ കൊണ്ടാടുന്നതും സാംസ്‌കാരികാധഃപതനം എന്നല്ലാതെ മറ്റൊന്നും പറയാന്‍ വയ്യ. കവിത ഇന്ന് അത്തരം ചില പാട്ടുകച്ചേരിക്കാരിലേയ്ക്കു ചുരുങ്ങുന്നതില്‍ ടി.പി.യ്ക്ക് കടുത്ത വേദനയുണ്ടായിരുന്നു. എന്നിരിക്കിലും ഗദ്യത്തില്‍ എഴുതുന്നതെന്തും കവിതയാകും എന്ന ധാരണ ശരിയല്ല. ഗദ്യത്തിലായാലും പദ്യത്തിലായാലും കവിത ഉണ്ടായേതീരൂ!
മറ്റു പല കവികളെയും പോലെ ധൂര്‍ത്ത ജീവിതമാണ് ടി.പി. രാജീവനും നയിച്ചത്. അതുകൊണ്ടുതന്നെ അകാലത്തില്‍ അദ്ദേഹവും നമ്മെ വിട്ടുപിരിഞ്ഞുപോയി. കവികള്‍ ക്രാന്തദര്‍ശികളാണെന്നു പൊതുവെ പറയാറുണ്ട്. നളചരിതത്തില്‍ ‘കുലമിതഖിലവുമറുതി വന്നിതു’ എന്ന് ഹംസം വിലപിക്കുന്നത് ഉണ്ണായി വാര്യര്‍ തന്റെ കുലത്തിനും സംഭവിക്കാന്‍ പോകുന്ന ദുരന്തത്തെ നേരത്തേ കണ്ടതാണെന്നും അല്ല അദ്ദേഹത്തിനു അറം പറ്റിയതാണെന്നും അഭിപ്രായമുണ്ട്.
‘അന്തമില്ലാതുള്ളോരാഴത്തിലേയ്ക്കിതാ
ഹന്തതാഴുന്നു, താഴുന്നു കഷ്ടം’ എന്ന് ആശാന്‍ എഴുതിയത് ആശാന് അറംപറ്റിയെന്നു ചിലരും പറയാറുണ്ട്. ഇങ്ങനെ പല ഉദാഹരണങ്ങളും സാഹിത്യാസ്വാദകര്‍ പറഞ്ഞു നടക്കുന്നുണ്ട്.
ഇതൊക്കെ യാദൃച്ഛികതയെ പരസ്പരം കൂട്ടിക്കെട്ടാനുള്ള മനുഷ്യ മനസ്സിന്റെ വ്യഗ്രതയുടെ ഭാഗമാകാം. എങ്കിലും ചിലതൊക്കെ അത്ഭുതം എന്നു തോന്നിപ്പിക്കുമാറ് പ്രവചനസ്വഭാവത്തോടെ സംഭവിക്കാറുമുണ്ട്. കവി ടി.പി. രാജീവന്‍ അദ്ദേഹത്തിന്റെ മരണത്തിന്റെ തലേദിനം (നവംബര്‍ ഒന്നിന്) എഴുതിയ കവിതയും മരണത്തെ പ്രതിപാദിക്കുന്നതായിരുന്നു എന്നത് വെറും യാദൃച്ഛികതയാവാം. മാതൃഭൂമിയില്‍ (നവം. 20-26) ആ കവിത വായിച്ചപ്പോള്‍ മരണത്തെ personify ചെയ്യുന്ന ഷെല്ലിയുടെ പ്രശസ്ത കവിത ‘To Night’ ആണ് ഓര്‍മവന്നത് ‘Swiftlt walk over the western wave’ എന്നാരംഭിക്കുന്ന കവിത അദ്ദേഹത്തിനും അറംപറ്റിയതാണോ? അതോ തന്റെ മുങ്ങി മരണത്തെ മുന്‍കൂട്ടി കണ്ടതാണോ? (ആശാനെപ്പോലെ ഷെല്ലിയും 1822-ല്‍ ദുരൂഹമായ ഒരു മുങ്ങി മരണത്തിലവസാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആദ്യഭാര്യയായിരുന്ന ഹാരിയറ്റ് വെസ്റ്റ് ബ്രൂക്ക് (Harriet Westbrook) അതിനു കുറച്ചു മുന്‍പ് മുങ്ങി മരിച്ചിരുന്നു. 1816ല്‍ വെറും 21 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഹാരിയറ്റ്; ഷെല്ലി മേരിഗോഡ്‌വിനുമായി പ്രണയത്തിലായതില്‍ മനംനൊന്ത് ആത്മഹത്യചെയ്യുകയായിരുന്നു. ഈ മരണം ഷെല്ലിയെ മാനസികമായി അലട്ടിയിരുന്നു. അതുകാരണം അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്ന് ഒരു കൂട്ടര്‍ പറഞ്ഞു. മറ്റുചിലര്‍ കടല്‍കൊള്ളക്കാര്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന ബോട്ട് ആക്രമിച്ചു കൊലപ്പെടുത്തിയതാണെന്നും അഭ്യൂഹിച്ചു).
ടി.പി.രാജീവന്റെ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്. ”പെട്ടെന്നൊരുദിവസം സ്വപ്നങ്ങളുടെ എണ്ണം പൂജ്യമാകും പിന്നെ അയാള്‍ ഒന്നും സംസാരിക്കുകയില്ല. ശൂന്യതയിലേക്ക് നോക്കി ഇരുന്നിരുന്ന് സമയം കളയുന്ന അയാളെ ഒരു ദിവസം പെട്ടെന്ന് കാണാതാവും അത്രമാത്രം”. കവിയുടെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ പിറ്റേ ദിവസം തന്നെ പ്രതിഭാശാലിയായ ആ കവി നമ്മളെ ഉപേക്ഷിച്ചുപോയി. മരണം എല്ലാ കവികളെയും ആകര്‍ഷിച്ച കാവ്യവിഷയമാണ്. മരണത്തെക്കുറിച്ചെഴുതാത്ത കവികളില്ല. വാല്മീകി മുതലിങ്ങോട്ട് എല്ലാ കവികളും മരണത്തെ വര്‍ണ്ണിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഈ കവിയും അവിചാരിതമായി എഴുതിയതാകാം എന്നു നമുക്കു സമാധാനിക്കാം. ടി.പിയുടെ മറ്റു കവിതകള്‍ പോലെ ഈ കവിതയും മനോഹരം തന്നെ.
‘കടലിന്റെ ഭ്രാന്തുപിടിച്ച രക്തത്തിലൂടെ സൂചിപ്പൊട്ടുപോലെ ഓടിക്കൊണ്ടിരിക്കുന്ന ഒരു മത്സ്യ’ത്തെക്കുറിച്ച് എഴുതിയ രാജീവനെ അനുസ്മരിച്ചുകൊണ്ട് വീരാന്‍കുട്ടി എഴുതിയിരിക്കുന്ന കുറിപ്പും ശ്രദ്ധേയമാണ്. ടി.പി. രാജീവന്‍ എന്ന കവിയെയും നോവലിസ്റ്റിനേയും നിര്‍ദ്ധാരണം ചെയ്യുക എളുപ്പമല്ല. ആ വ്യക്തിത്വത്തിന്റെ സങ്കീര്‍ണതകളെ ഇഴപിരിച്ചവതരിപ്പിക്കാന്‍ വീരാന്‍ കുട്ടിക്കു സാധിച്ചിരിക്കുന്നു. ‘ക്യു ആര്‍ കോഡായി മാറുന്ന വാക്കുകള്‍ രൂപകങ്ങള്‍’ എന്ന പേരില്‍ ആര്‍.ഐ. പ്രശാന്ത് എഴുതിയിരിക്കുന്ന ലേഖനവും കവിയെ നന്നായി പരിചയപ്പെടുത്തുന്നുണ്ട്. രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍.
മാതൃഭൂമിയിലെ രണ്ടാം കവിത കെ. രാജഗോപാലിന്റെ ‘ഇരിപ്പുറപ്പും’ സൂക്ഷ്മ നിരീക്ഷണങ്ങള്‍ കൊണ്ടു സമ്പന്നമാണ്. പുതിയ കവികള്‍ സാധാരണ ചെയ്യുന്നതുപോലെ ഒരു സമ്പൂര്‍ണ വാക്യത്തില്‍ എഴുതി കവിതയെ ഗദ്യവികലമാക്കാന്‍ ഈ കവി ശ്രമിച്ചിട്ടില്ല. അര്‍ദ്ധോക്തിയില്‍ നിര്‍ത്തി വ്യംഗ്യം കൊണ്ട് ധ്വനി പൂര്‍ണ്ണമാക്കി അവതരിപ്പിച്ചിരിക്കുന്നു. ”ഒറ്റവസ്തുവും ഒത്തിരിക്കാലം വെച്ചിടത്തിരിക്കാത്തൊരുവീട്ടില്‍ പെട്ടു പോയൊരു മിന്നാമിനുങ്ങ് പച്ച കുത്തി വരയ്ക്കുമിരുട്ടില്‍” എന്നിങ്ങനെ അവസാനിപ്പിക്കുന്നു. വായനക്കാര്‍ക്ക് പൂരിപ്പിക്കാനുള്ള ഇടം കവി വിട്ടുകൊടുക്കുന്നു. മറ്റു പുതുകവികളാകട്ടെ ഇതിനോടൊപ്പം ഒരു പൂര്‍ണ്ണക്രിയകൂടി ചേര്‍ത്തു വച്ചു വാക്യം പൂര്‍ണമാക്കി തൃപ്തിയടയുന്നു. അവിടെ കവിത മരിക്കുകയും ഗദ്യം പിറക്കുകയും ചെയ്യുന്നതവരറിയുന്നില്ല. ”മിണ്ടിയാല്‍ ഭാഷ രണ്ടെന്നു കണ്ട് കൊണ്ടു പോയ് കഴുവേറ്റുമാകാശ”വും ”വിട്ടുപോകാതറുകൊല വാല്‍ക്കണ്ണാടിയില്‍ മുഖം നോക്കി നില്‍ക്കുന്നതു”മെല്ലാം ആസ്വാദ്യം തന്നെ.
‘പാവങ്ങള്‍’ ആരേയും അത്ഭുതപ്പെടുത്തുന്ന നോവലാണ്. ഒരുപക്ഷെ ലോകത്തെ അത്ഭുതപ്പെടുത്തിയ നോവലുകള്‍ പലതും ഉണ്ടായത് ഫ്രഞ്ച്-റഷ്യന്‍ ഭാഷകളിലാണ്. അവയുടെയൊക്കെ തര്‍ജ്ജമയും അനുകരണങ്ങളും വഴിയാണ് ഇംഗ്ലീഷ് സമ്പന്നമായത്. തോമസ് ഹാര്‍ഡിയുടെ ‘മേയര്‍ ഓഫ് കാസ്റ്റര്‍ ബ്രിഡ്ജ്’ വായിക്കുമ്പോള്‍ അതിലെ നായകന്‍ ഹെന്‍ഷാഡിന് (Michael Henchard) പാവങ്ങളിലെ ജീന്‍വാല്‍ ജീനുമായുള്ള സാദൃശ്യം കണ്ടു നമ്മള്‍ അ ത്ഭുതപ്പെട്ടുപോകും. (ഹാര്‍ഡിയുടെ പ്രശസ്ത നോവലായ ടെസ്സും (tess of D’urbervilles) സ്‌കോട്ടിഷ് നോവലായ ഫോബ് ജൂനിയര്‍ (Phoebe Junior) എന്ന കൃതിയുടെ അനുകരണമാണെന്ന് ഒരു ലേഖനത്തില്‍ വായിക്കാനിടയായി).
പാവങ്ങള്‍ മലയാളത്തിലേയ്ക്ക് നാലപ്പാട്ടു നാരായണ മേനോന്‍ ഭാഷാന്തരീകരണം നടത്തിയത് നമ്മുടെ ഗദ്യസാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക് തെല്ലൊന്നുമല്ല സഹായിച്ചത്. ഇക്കാലത്തെപ്പോലെ നിഘണ്ടുക്കളോ ഇന്റര്‍നെറ്റോ ഒന്നും ഇല്ലാതിരുന്ന അന്നത്തെ അവസ്ഥയില്‍ നിന്നുകൊണ്ട് ഇത്രയും ബൃഹത്തായ ഒരു കൃതിയെ മൊഴിമാറ്റം നടത്തുക എന്നത് സാഹസികമായ ഒരു കൃത്യം തന്നെ. ശ്രീകണ്‌ഠേശ്വരത്തിന്റെ നിഘണ്ടുവും ഏ.ആറിന്റെ വ്യാകരണവും ഉള്ളൂരിന്റെ സാഹിത്യചരിത്രവും സി.പിയുടെ ചരിത്രാഖ്യായികകളും നമ്മുടെ സാഹിത്യത്തിന്റെയും ഭാഷയുടെയും വളര്‍ച്ചയ്ക്ക് എത്രമാത്രം സഹായം നല്‍കിയോ അത്രയും തന്നെ സേവനം നാലപ്പാടന്റെ തര്‍ജ്ജമയും നിര്‍വ്വഹിച്ചു. ഏആറിനും ശ്രീകണ്‌ഠേശ്വരത്തിനും ഉള്ളൂരിനും മുന്‍ മാതൃകകള്‍ ഉണ്ടായിരുന്നെങ്കില്‍ സി.വിയ്ക്കും നാലപ്പാടനും കാര്യമായ മുന്‍ മാതൃകകള്‍ ഉണ്ടായിരുന്നില്ല എന്നുവേണം പറയാന്‍. മിഷനറികള്‍ നടത്തിയ ചില തര്‍ജ്ജമകള്‍ ഉണ്ടായിരുന്നെങ്കിലും അവയൊന്നും അനുകരണീയ മാതൃകകള്‍ ആയിരുന്നില്ല. സിവിയുടെയും നാലപ്പാടന്റെയും സംഭാവനകള്‍ സ്വകീയം തന്നെ.
”പാവങ്ങളുടെ നൂറ്റാണ്ട്: മലയാളഭാവനയെ പ്രചോദിപ്പിച്ച പരിഭാഷ” എന്ന പേരില്‍ ഇ.വി.രാമകൃഷ്ണന്‍ എഴുതിയിരിക്കുന്ന കുറിപ്പ് (മാതൃഭൂമി)നാലപ്പാടന്റെ സേവനത്തെ പ്രകീര്‍ത്തിച്ചിരിക്കുന്നു. 1930കള്‍ മുതല്‍ മലയാളത്തിലുണ്ടായ നോവലുകളുടെ ആന്തരികഘടന പരിശോധിച്ചാല്‍ രാമകൃഷ്ണന്റെ അഭിപ്രായങ്ങള്‍ പൂര്‍ണമായും ശരിയാണെന്നു സമ്മതിക്കേണ്ടി വരും. അവയൊക്കെ വലിയ ഒരളവില്‍ പാവങ്ങളുടെ ആഖ്യാന രീതിയെ പിന്‍പറ്റാന്‍ ശ്രമിക്കുന്നുണ്ട്. നോവല്‍ എന്ന സാഹിത്യരൂപം നമുക്ക് പുതുതായിരുന്നതിനാല്‍ പാശ്ചാത്യാനുകരണം സ്വാഭാവികമാണ്. കഥപറയുന്ന പാരമ്പര്യം ഭാരതത്തിന് പണ്ടേ ഉണ്ടായിരുന്നതാണെങ്കിലും നോവലില്‍ കാണുന്ന രീതിയില്‍ പരത്തിപ്പറയുന്ന രീതി നമുക്കുണ്ടായിരുന്നില്ല. ബാണഭട്ടന്റെ കാദംബരി ഒരു നോവല്‍ പോലെ തോന്നിപ്പിക്കുന്ന കൃതി ആയിരുന്നെങ്കിലും സമ്പൂര്‍ണമായും ഒരു നോവലിന്റെ ഭാവങ്ങള്‍ പ്രകടമാക്കുന്നതല്ല. ആധുനിക നോവലിന്റെ മുന്‍ഗാമി എന്നു കാദംബരിയെ വേണമെങ്കില്‍ വിളിക്കാമെന്നല്ലാതെ അത് പൂര്‍ണ്ണാര്‍ത്ഥ ത്തില്‍ നോവലല്ല.
മുന്‍മാതൃകകളില്ലാതെ ശൂന്യതയില്‍ നിന്നും ഒരു പുതിയ കലാരൂപം കെട്ടിയുയര്‍ത്താന്‍ മഹാപ്രതിഭാശാലികള്‍ക്കേ കഴിയൂ. കാര്യമായ മുന്നനുഭവങ്ങളില്ലാത്ത മലയാളിയുടെ മുന്‍പിലേയ്ക്ക് നാലപ്പാടന്‍ പകര്‍ന്നു നല്‍കിയത് വലിയ ഒരു സാഹിത്യക്കനി തന്നെയായിരുന്നു.
മലയാളം വാരികയിലും (നവംബര്‍ 14) ടി.പി. രാജീവന്റെ സ്മരണാര്‍ത്ഥം കുറിപ്പുകളും അദ്ദേഹത്തിന്റെ ഒരു കവിതയും ചേര്‍ത്തിട്ടുണ്ട്. ആശുപത്രിക്കിടക്കയില്‍ വച്ച് അദ്ദേഹം പറഞ്ഞുകൊടുത്ത് എഴുതിച്ച കവിത എന്നാണ് കൊടുത്തിരിക്കുന്നത്. അതും നവംബര്‍ ഒന്നിനു തന്നെയാണത്രേ! ‘കാട്ടിലെ തുണിക്കട’ എന്നു പേരിട്ടിരിക്കുന്ന കവിത കവിയുടെ ഭാവനയുടെ അപൂര്‍വ്വസഞ്ചാരം എന്നേ പറയാന്‍ കഴിയൂ. കുരങ്ങന്മാരെ അടിവസ്ത്രമായും മാന്‍പേടകളെ മാര്‍ച്ചട്ടയായും കടുവാപുലികളെ കൈവളകളായുമൊക്കെ സങ്കല്പിക്കുന്ന കവിത ഭാവനയ്ക്ക് അതിര്‍വരമ്പുകളില്ല എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അതിന് ക്ഷീര പഥങ്ങള്‍ കടന്നും സഞ്ചരിക്കാനാവും. നമ്മുടെ മനസ്സിന്റെ സഞ്ചാരവഴികള്‍ക്കപ്പുറം സഞ്ചരിക്കാന്‍ കഴിഞ്ഞാലല്ലേ മഹത്തായ കവിത സൃഷ്ടിക്കാനാവൂ.