1931-32 കാലത്ത് നടന്ന ഗുരുവായൂര്‍ സത്യഗ്രഹം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന അയിത്തോച്ചാടനം ലക്ഷ്യമിട്ടായിരുന്നു. അതിനുമുമ്പ് 1924-25 കാലത്ത് നടന്ന വൈക്കം സത്യഗ്രഹം സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരമായിരുന്നെങ്കില്‍ ഗുരുവായൂര്‍ സത്യഗ്രഹം അയിത്തജാതിക്കാര്‍ക്ക് ക്ഷേത്രത്തില്‍ കടന്നുതൊഴാനുള്ള അവകാശത്തിനായിരുന്നു.
1921ലെ മലബാര്‍ കലാപത്തിനുശേഷമാണ് ജാതിക്കതീതമായ ഹൈന്ദവാഭിമുഖ്യമുണ്ടാകുന്നത്. രക്തരൂഷിതമായ ആ കലാപത്തില്‍ നിരവധി ഹിന്ദുക്കള്‍ കൊലചെയ്യപ്പെടുകയും വ്യാപകമായ മതപരിവര്‍ത്തനം സംഭവിക്കുകയും ചെയ്തു. ഒന്നാംലോക മഹായുദ്ധത്തെത്തുടര്‍ന്ന് തുര്‍ക്കിയിലെ ഖാലിഫിന് ആ പദവി നഷ്ടമായി. തുര്‍ക്കി സാമ്രാജ്യം ശിഥിലമാകുകയും ചെയ്തു. ഖാലിഫ് പദവി പുന:സ്ഥാപിക്കാന്‍ യാഥാസ്ഥിതിക മുസ്ലീങ്ങള്‍ ബ്രിട്ടനെതിരെ ആഹ്വാനം ചെയ്ത ഖിലാഫത്തിന് ഗാന്ധിജി പിന്‍തുണ നല്‍കി. ഇത് മലബാറില്‍ ഹിന്ദു-മുസ്ലിം കലാപമായി മാറുകയാണുണ്ടായത്. ഹിന്ദു ജന്മികള്‍ക്കെതിരായ മാപ്പിള കര്‍ഷകരുടെ സമരമെന്നും, ജന്മിത്തത്തിന് കൂട്ടുനിന്ന ബ്രിട്ടനെതിരായ സമരമെന്നുമൊക്കെ ഇടതുപക്ഷ ചരിത്രകാരന്മാര്‍ വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും ഫലത്തിലത് വര്‍ഗ്ഗീയ കലാപമായി.
കലാപത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം മലബാറില്‍ ഇല്ലാതായി. കെ.പി.കേശവമേനോന്‍, കെ. കേളപ്പന്‍ തുടങ്ങിയ നേതാക്കള്‍ പ്രവര്‍ത്തനം തിരുവിതാംകൂറിലേക്ക് മാറ്റി. കേരളം രൂപംകൊണ്ടിട്ടില്ലെങ്കിലും ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റികള്‍ രൂപംകൊണ്ടതിന്റെ ഭാഗമായി 1920ല്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നിലവില്‍ വന്നിരുന്നു. കോണ്‍ഗ്രസിന്റെ ഹരിപുര സമ്മേളനമാണ് അപ്രകാരമൊരു തീരുമാനമെടുത്തത്.
തിരുവിതാംകൂറില്‍ എസ്.എന്‍.ഡി.പി.യും പിന്നീട് രൂപംകൊണ്ട എന്‍.എസ്.എസ്സും ഹിന്ദു സമൂഹത്തിലെ ജാതി വിവേചനത്തിനെതിരെ നിലപാടെടുത്തിരുന്നു. മന്നത്ത് പത്മനാഭന്‍ തന്റെ കുടുംബക്ഷേത്രം വൈക്കം സത്യഗ്രഹത്തിനു മുമ്പുതന്നെ അവര്‍ണ്ണര്‍ക്കായി തുറന്നുകൊടുത്തിരുന്നു. വൈക്കം സത്യഗ്രഹത്തിലെ നേതാക്കളിലൊരാളായ ടി.കെ. മാധവന്‍ ഒരേസമയം കോണ്‍ഗ്രസുകാരനും എസ്.എന്‍.ഡി.പി.ക്കാരനുമായിരുന്നു. സത്യഗ്രഹത്തിനനുകൂലമായി കോണ്‍ഗ്രസ് നേതൃത്വത്തേയും ഗാന്ധിജിയേയും സമീപിച്ചത് അദ്ദേഹമാണ്. മഹാത്മാഗാന്ധി ശ്രീനാരായണഗുരുവുമായി സംവദിക്കുകയും ചെയ്തു.
മലബാര്‍ കലാപം മാത്രമല്ല, മഹാരാഷ്ട്രയിലേയും തമിഴ്‌നാട്ടിലേയും ചില അബ്രാഹ്‌മണ പ്രസ്ഥാനങ്ങളും ജാതി വിവേചനത്തിനെതിരെയുള്ള സമരം ശക്തമാകാന്‍ പ്രേരിപ്പിച്ചു. പൊതുകിണറുകള്‍ കീഴ്ജാതികള്‍ക്കുപയോഗിക്കുവാന്‍ വേണ്ടിയുള്ള സമരങ്ങള്‍ മഹാരാഷ്ട്രയില്‍ ഉണ്ടായിരുന്നു. ദ്രാവിഡ കഴക നേതാവ് പെരിയോര്‍ രാമസ്വാമി നായ്ക്കര്‍ വൈക്കം സന്ദര്‍ശിച്ചു. മേല്‍ജാതികള്‍ക്കെതിരെ അംബേദ്കര്‍ രംഗത്തുവന്നതും കോണ്‍ഗ്രസ് നേതൃത്വത്തെ ആശങ്കയിലാക്കി. കോണ്‍ഗ്രസ്സിനെതിരെ അംബേദ്കര്‍ ബ്രിട്ടീഷ് പക്ഷത്തുനിന്നത് സ്വാതന്ത്ര്യസമരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഗാന്ധിജി മനസ്സിലാക്കി. അതുകൊണ്ടാണ് ഹരിജനോദ്ധാരണം കോണ്‍ഗ്രസ്സിന്റെ മുഖ്യപരിപാടിയാക്കി മാറ്റുന്നത്. മലബാറിനെ ഭ്രാന്താലയമെന്ന് 1897ല്‍ ‘ഇന്ത്യയുടെ ഭാവി’ എന്ന പ്രഭാഷണത്തില്‍ സ്വാമി വിവേകാനന്ദന്‍ മദിരാശിയില്‍ വിശേഷിപ്പിച്ചു.
”സഞ്ചാരസ്വാതന്ത്ര്യമെങ്കിലും ഉറപ്പുനല്‍കിയിരുന്ന വിദേശസര്‍ക്കാര്‍ തങ്ങളെ സ്പര്‍ശിക്കാനോ അടുത്തുവരാനോപോലും അനുവദിക്കാത്ത മേല്‍ജാതിഹിന്ദുഭരണത്തേക്കാള്‍ മെച്ചമാണെന്ന് പുറംജാതിക്കാര്‍ അവകാശപ്പെട്ടു തുടങ്ങി” എന്ന് എ.കെ. ഗോപാലന്‍ തന്റെ ആത്മകഥയായ ‘എന്റെ ജീവിതകഥ’യില്‍ (പേജ് 33) എഴുതുന്നു.
1931 നവംബര്‍ 1ന് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കീഴ്ജാതിക്കാര്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഗുരുവായൂര്‍ സത്യഗ്രഹം ആരംഭിച്ചു. മന്നത്ത് പത്മനാഭന്‍ സത്യഗ്രഹകമ്മിറ്റിയുടെ പ്രസിഡന്റും കേളപ്പന്‍ സെക്രട്ടറിയും എ.കെ. ഗോപാലന്‍ വളണ്ടിയര്‍ ക്യാപ്റ്റനുമായിരുന്നു. എ.കെ.ജി. പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായെങ്കിലും ആ കാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. 1939ല്‍ മാത്രമാണ് മലബാറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപംകൊള്ളുന്നത്. കോണ്‍ഗ്രസ്സിന്റെ നേതാക്കളിലൊരാളായ കേളപ്പന്‍ വൈക്കം സത്യഗ്രഹത്തിലും പങ്കെടുത്തിട്ടുണ്ട്.
ഗാന്ധിജിയുടെ ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങളിലാണ് കേളപ്പന്‍ കൂടുതല്‍ ശ്രദ്ധകൊടുത്തിരുന്നത്. മന്നത്ത് പത്മനാഭപിള്ള മന്നത്ത് പത്മനാഭനാകുകയും കേളപ്പന്‍ നായര്‍ കേളപ്പനാകുകയും ചെയ്തു. ജാതിവിവേചനത്തിനെതിരെയുള്ള സ്വയം തയ്യാറെടുപ്പായിരുന്നു അത്. 1928 മുതല്‍ ഖാദി പ്രചരണത്തിലും വിദേശ വസ്ത്ര ബഹിഷ്‌ക്കരണത്തിലും എ.കെ.ജി. ബന്ധപ്പെട്ടുവരികയായിരുന്നു. ”രാഷ്ട്രീയ സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ക്ഷേത്രപ്രവേശനസമരം നടത്തുന്നതിന് ചില പ്രവര്‍ത്തകരെതിരായിരുന്നു” എന്ന് എ.കെ.ജി. എഴുതുന്നു (പേജ് 42). ദേശീയ പ്രസ്ഥാനത്തില്‍നിന്ന് പുറംതിരിഞ്ഞുനില്‍ക്കുന്ന വലിയൊരു ജനവിഭാഗത്തെ മുഖ്യധാരയില്‍കൊണ്ടുവരാന്‍ ഇത്തരം സമരങ്ങള്‍ക്ക് കഴിയുമെന്ന് ഗാന്ധിജി മനസ്സിലാക്കിയിരുന്നു. ഉപ്പിനുപോലും ബ്രിട്ടീഷുകാര്‍ നികുതി ഈടാക്കുന്നുവെന്ന് സാമാന്യജനത്തെ ബോധവല്‍ക്കരിക്കാന്‍ ഗുരുവായൂര്‍ സത്യഗ്രഹത്തിനുമുമ്പ് 1930ല്‍ നടന്ന ഉപ്പു സത്യഗ്രഹത്തിന് കഴിഞ്ഞു. ഗുജറാത്തിലെ ദണ്ഡി കടപ്പുറത്ത് ഗാന്ധിജി ഉപ്പു കുറുക്കി നിയമം ലംഘിക്കുമ്പോള്‍ മലബാറില്‍ പയ്യന്നൂരും കോഴിക്കോടും അതേ സമരങ്ങള്‍ നടന്നു. കോഴിക്കോട് കടപ്പുറത്ത് കേളപ്പനാണ് നേതൃത്വം നല്‍കിയത്.
സത്യഗ്രഹത്തിനുമുമ്പ് പി. സുബ്രഹ്‌മണ്യന്‍ തിരുമുമ്പിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍നിന്ന് കാല്‍നടയായി പുറപ്പെട്ട ക്ഷേത്രസത്യഗ്രഹ ജാഥയ്ക്ക് മഞ്ജുളാല്‍ പരിസരത്തുവെച്ച് സ്വീകരണം നല്‍കി. ഒരു സവര്‍ണ്ണജാഥ എ.കെ. ഗോപാലന്റെ നേതൃത്വത്തില്‍ ഗുരുവായൂരില്‍നിന്ന് തിരുവനന്തപുരത്തേക്കും പോയി. കിഴക്കേനടയില്‍ തീണ്ടല്‍ ജാതിക്കാര്‍ക്ക് വരാവുന്ന ഭാഗത്തായിരുന്നു സത്യഗ്രഹം തുടങ്ങിയത്.
ക്ഷേത്രത്തിന്റെ ഉടമസ്ഥനായിരുന്ന കോഴിക്കോട് സാമൂതിരി രാജാവ് അയവില്ലാത്ത നിലപാടാണ് സ്വീകരിച്ചത്. യാതൊരു കാരണവശാലും ആചാരങ്ങളില്‍ മാറ്റം വരുത്തില്ലെന്ന് പറഞ്ഞു. പാലിയത്തച്ചനും മുകുന്ദരാജാവുമൊക്കെ സാമൂതിരിയുടെ പക്ഷത്തായിരുന്നു.
പി. കൃഷ്ണപ്പിള്ള അമ്പലത്തില്‍ കടന്ന് ശ്രീകോവിലിന് മുന്നിലെ മണിയടിച്ച് തൊഴുതത് വലിയൊരു പ്രശ്‌നമായി. നമ്പൂതിരിമാര്‍ക്കല്ലാതെ നായന്‍മാര്‍ക്ക് അതിന് അധികാരമില്ല. കാവല്‍നിന്നിരുന്നവര്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചത് സമരപ്പന്തലില്‍ വലിയ പ്രതിഷേധം സൃഷ്ടിച്ചു. ക്ഷേത്രത്തിലേക്ക് ഭജനഘോഷയാത്ര നടത്തിയതും സംഘര്‍ഷത്തില്‍ കലാശിച്ചു. എ.കെ. ഗോപാലനും മര്‍ദ്ദനമേറ്റു. തുടര്‍ന്ന് ഒരു മാസക്കാലം ക്ഷേത്രം അടച്ചിട്ടു. കേളപ്പന്‍ നിരാഹാരം തുടങ്ങുന്നത് ഈ ഘട്ടത്തിലാണ്.
എ.കെ.ജി.യുടെ കുടുംബജീവിതത്തിലും പ്രശ്‌നങ്ങളുണ്ടായി. പൂര്‍ണ്ണ സമയം സമരരംഗത്തായതുകൊണ്ട് ഭാര്യയെ കേളപ്പന്റെ ഹരിജനാശ്രമമായ പാക്കനാര്‍പുരത്ത് കൊണ്ടുപോയി പാര്‍പ്പിച്ചു. അമ്മാവന്റെ മകളാണ് എ.കെ.ജി.യുടെ ഭാര്യ. വിവരമറിഞ്ഞ് ക്ഷുഭിതനായ അമ്മാവന്‍ മകളെ കൂട്ടിക്കൊണ്ടുപോകുകയും മറ്റൊരു വിവാഹം നടത്തിക്കുകയും ചെയ്തു. എ.കെ.ജി. പില്‍ക്കാലത്ത് വേറെ വിവാഹം ചെയ്യുന്നുണ്ട്.
ഗാന്ധിജി കേളപ്പനോട് നിരാഹാരവ്രതം അവസാനിപ്പിക്കാനാവശ്യപ്പെട്ടു. അക്കാലത്ത് അദ്ദേഹം യര്‍വാദാ ജയിലില്‍ പൂനാ പാക്ടിനെതിരെ നിരാഹാരസമരത്തിലായിരുന്നു. കേളപ്പന്‍ നിരാഹാരവ്രതം തുടങ്ങുന്ന കാര്യം ഗാന്ധിജിയെ ധരിപ്പിച്ചിരുന്നില്ല. മറ്റൊന്ന് ക്ഷേത്രഭരണാധികാരികളേയും മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. 1932 സപ്തംബര്‍ 22-ാം തിയ്യതിയാണ് നിരാഹാര വ്രതം തുടങ്ങിയത്. ഗുരുവായൂര്‍ സത്യഗ്രഹം തുടങ്ങിയിട്ട് അപ്പോഴേക്കും പത്ത് മാസം പിന്നിട്ടിരുന്നു. ഗാന്ധിജിയുടെ ഉപദേശപ്രകാരം ഒക്‌ടോബര്‍ 2ന് ഉപവാസം അവസാനിപ്പിക്കുകയും ചെയ്തു. സവര്‍ണ്ണരുടെ അഭിപ്രായം ആരായാന്‍ ഗാന്ധിജി നിര്‍ദ്ദേശിച്ചു. പൊന്നാനി താലൂക്കിലെ ഹിന്ദുക്കള്‍ക്കിടയില്‍ കോണ്‍ഗ്രസ് ഒരു ഹിതപരിശോധന നടത്തി. എഴുപത് ശതമാനത്തിലധികംപേരും പിന്നാക്കജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കണമെന്നഭിപ്രായപ്പെട്ടു.
സാമൂതിരി ഇതിനിടയില്‍ അമ്പതോളം പണ്ഡിതന്‍മാര്‍ക്ക് അഭിപ്രായം ആരാഞ്ഞുകൊണ്ട് കത്തെഴുതിയിരുന്നു. അവരില്‍ പുന്നശ്ശേരി നമ്പി താണജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കണമെന്നാണ് മറുപടിയെഴുതിയത്. അവര്‍ണ്ണരെ ഗുരുകുല രീതിയില്‍ സംസ്‌കൃതം പഠിപ്പിച്ച ആളായിരുന്നല്ലോ പുന്നശ്ശേരി നമ്പി.
ഹരിജനങ്ങളുടെ ക്ഷേത്രപ്രവേശനകാര്യത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന നിയമങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു ബില്‍ മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ഡോ. സുബ്ബരായന്‍ അവതരിപ്പിച്ചു. എന്നാല്‍ വൈസ്രോയ് ബില്ലിന് അവതരണാനുമതി നിഷേധിച്ചു. ഇന്ത്യ സ്വതന്ത്രയാകാതെ രക്ഷയില്ലെന്ന ബോധം ജനങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ ഗുരുവായൂര്‍ സത്യഗ്രഹം പ്രേരകമായി. സത്യഗ്രഹം തല്‍ക്കാലം പരാജയപ്പെടുകയാണുണ്ടായത്. വൈക്കം സത്യഗ്രഹം പോലെ അതു വിജയം കണ്ടില്ല.
തിരുവിതാംകൂറില്‍ 1936 നവംബര്‍ 12ന് (1112 തുലാം 27) ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുടെ കാലത്ത് ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിളംബരം പുറത്തുവന്നു. ഹരിജനങ്ങള്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചതിനെ ഗാന്ധിജി അടക്കമുള്ള നേതാക്കള്‍ സ്വാഗതം ചെയ്തു. എന്നിട്ടും കൊച്ചിയിലും മലബാറിലും നിയമം പ്രാബല്യത്തില്‍ വന്നില്ല.
1946ല്‍ കേന്ദ്രത്തില്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോഴാണ് ജാതി വിവേചനത്തിനെതിരായ ഡോ. സുബ്ബരായന്റെ ബില്ല് പാസ്സായത്. തുടര്‍ന്ന് ജൂണ്‍ 2ന് ക്ഷേത്രം എല്ലാവര്‍ക്കുമായി സാമൂതിരി തുറന്നുകൊടുത്തു. കേളപ്പനടക്കമുള്ള നേതാക്കള്‍ ഹരിജനങ്ങളോടൊത്ത് ക്ഷേത്രക്കുളത്തില്‍ കുളിച്ച് അകത്തു കയറി തൊഴുതു.
റഫറന്‍സ് :
1. എ. ശ്രീധരമേനോന്‍ – കേരളചരിത്രം
2. മന്നത്തു പത്മനാഭന്‍ – എം.പി. മന്മഥന്‍.
3. എ.കെ. ഗോപാലന്‍ – എന്റെ ജീവിത കഥ
4. കേളപ്പജി-ജീവചരിത്രം – കെ.വി. കുഞ്ഞിരാമന്‍
5. കെ. കേളപ്പന്റെ ജീവിതം – പള്ളിക്കര ടി.പി. കുഞ്ഞികൃഷ്ണന്‍.