ആറ് മാസം മുമ്പ് ഛത്തീസ് ഗഢിലെ (AllMS) മൃത്യുഞ്ജയ റാത്തോറും ജെസ്സി എബ്രഹാമും ചേര്‍ന്ന് ഒരു ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു. കോശങ്ങളിലെ ക്രോമസോമുകളുടെ അറ്റത്തു കാണപ്പെടുന്ന ടെലോമറു(Telomere)കളെപ്പറ്റിയായിരുന്നു പഠനം. ഷൂ ലെയ്‌സിന്റെ അറ്റത്തുള്ള പ്ലാസ്റ്റിക് ടിപ്പു പോലെ ഒരു വസ്തുവാണ് ടെലോമര്‍. ക്രോമസോമുകള്‍ തമ്മില്‍ ചേരാതിരിക്കാനും നശിക്കാതിരിക്കാനും ഇതു സഹായിക്കും. അങ്ങിനെ അവ ജനിതകമായ സങ്കേതങ്ങളെ കൂടിക്കലരാതെയും നശിക്കാതെയും രക്ഷിക്കും. കോശങ്ങള്‍ വിഭജിക്കപ്പെടുമ്പോള്‍ ടെലോമര്‍ അല്പം നഷ്ടപ്പെടുകയും ആ ടിപ്പിന്റെ നീളം കുറയുകയും ചെയ്യും. അത് പരിധിയിലധികം ചെറുതായാല്‍ അതിന് കോശത്തിലെ ഡി.എന്‍. എ യെ രക്ഷിക്കാന്‍ സാധിക്കാതെ വരികയും കോശത്തിന് നാശമുണ്ടാവുകയും ചെയ്യും. നീളം കൂടുന്നതും കുഴപ്പമാണ്.
ടെല്‍മോറിന്റെ അസന്തുലിതാവസ്ഥ, പ്രായം കൂട്ടാനും പിരിമുറുക്കം വര്‍ധിപ്പിക്കാനും പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം, ആസ്മ, കാന്‍സര്‍, മാനസിക വിഭ്രാന്തി എന്നിവയ്ക്കുമൊക്കെ വഴി വെക്കും. പുകവലി, തെറ്റായ ഭക്ഷണക്രമം, വ്യായാമമില്ലായ്ക, തെറ്റായ ജീവിത ശൈലി ഇവയൊക്കെ ടെലോമറിന്റെ നീളം കുറക്കും. നിത്യേന നിയമേനയുള്ള ആസന – പ്രാണായാമ – ധ്യാനങ്ങള്‍ ടെലോമറിന്റെ ദൈര്‍ഘ്യം കൂട്ടാനും ക്രമപ്പെടുത്താനും ആയുസ്സു കൂട്ടാനും രോഗം ഒഴിവാക്കാനും സഹായിക്കും എന്നാണ് പലതരം തെളിവുകള്‍ നിരത്തിക്കൊണ്ടുള്ള നീണ്ട പ്രബന്ധത്തിന്റെ താല്പര്യം.
ഹൃദ്രോഗം രക്തചക്രമണത്തിന്റെ മാത്രം വിഷയമല്ല, തലച്ചോറുമായി അതിനു ബന്ധമുണ്ടെന്നും യോഗ അവിടെ സഹായകമാവുമെന്നും ഉള്ള പഠനവും ലഭ്യമാണ്. ഉറക്കത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനും യോഗ ഗുണകരമാണ്.
വികാര നിയന്ത്രണത്തിനും ശ്രദ്ധ വര്‍ദ്ധിപ്പിക്കാനും യോഗ കൊണ്ട് നേടുന്ന മനസ്സിന്റെ മൗനം ഗുണകരമാണെന്നതാണ് മറ്റൊരു പഠനം.
അല്‍ഷിമേഴ്‌സ് രോഗം ഞരമ്പിന്റെ പുഷ്ടിക്കുറവു കൊണ്ടുണ്ടാകാം. യോഗയും ധ്യാന ക്രമങ്ങളും ഇതിനെ പ്രതിരോധിക്കാന്‍ സഹായകരമാണെന്ന് കാനഡയില്‍ നടന്ന ഒരു ഗവേഷണം സാക്ഷ്യപ്പെടുത്തുന്നു.
സ്വാസ്ഥ്യത്തിന്റെ, രോഗ പ്രതിരോധത്തിന്റെ ശാസ്ത്രമായ, യോഗ രോഗ നിവാരണത്തിന്, ചികിത്സക്ക് എങ്ങിനെ ഉപയോഗിക്കാമെന്ന ഗൗരവമായ പഠനത്തിന്റെ രേഖകളാണ് കണ്ടത്. ഉദാഹരണങ്ങള്‍ മാത്രം.
2014 ലാണ് യോഗയുടെ സര്‍വാംഗീണമായ പ്രാധാന്യം അംഗീകരിച്ചു കൊണ്ട് ലോക രാജ്യങ്ങളില്‍ 90% ത്തിന്റെയും അനുവാദത്തോടെ ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി ഐക്യരാഷ്ട്രസംഘടന പ്രഖ്യാപിച്ചത്. ലോകമെമ്പാടും യോഗ പരിശീലനത്തിനും യോഗയെപ്പറ്റിയുള്ള പഠനത്തിനും ഇത് കാരണമായി. ലോകം കാതോര്‍ത്തിരുന്ന ഒരു പ്രഖ്യാപനമായിരുന്നു അത്. പ്രധാനമന്ത്രിനരേന്ദ്രമോദിയുടെ ആഹ്വാനമാണ് ഇതിന് കാരണമായി ഭവിച്ചത് എന്നതും യോഗശാസ്ത്രം നമ്മുടെ പൈതൃകമാണ് എന്നതും നമുക്ക് അഭിമാനിക്കാന്‍ വക നല്കുന്നു.
ആധുനിക യോഗ പദ്ധതിയുടെ പിതാവായി പതഞ്ജലി മുനിയാണ് അറിയപ്പെടുന്നത്. എന്നാല്‍ പതഞ്ജലി മുനി യോഗദര്‍ശനം രചിക്കുന്നതിനു മുമ്പുതന്നെ ഭാരതത്തില്‍ യോഗ പ്രചുരപ്രചാരം നേടിയിരുന്നു എന്നതിന് വേദങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളും തെളിവാണ്. ‘ഹിരണ്യഗര്‍ഭ: സമവര്‍ത്തതാഗ്രോ’”എന്ന വേദവാക്യത്തില്‍ നിന്ന് ഹിരണ്യഗര്‍ഭന്‍ യോഗത്തിന്റെ ആദിമ ആചാര്യനാണെന്ന് മനസ്സിലാക്കാം. വസിഷ്ഠനേയും യാജ്ഞവല്ക്യനേയും പോലുള്ള യോഗികള്‍ ഇവിടെ വാണിരുന്നു. വസിഷ്ഠന്‍ ശ്രീരാമന്റെ കുലഗുരുവായിരുന്നു. അദ്ദേഹത്തിന്റെ ഉപദേശമാണ് യോഗവാസിഷ്ഠമെന്ന് പ്രസിദ്ധമായ ബൃഹത് ഗ്രന്ഥം. ശ്രീകൃഷ്ണന്‍ യോഗേശ്വരനും അദ്ദേഹത്തിന്റെ അര്‍ജുനനോടുള്ള ഉപദേശമായ ഭഗവദ്ഗീത യോഗശാസ്ത്രവുമാണ്.
ക്രി.മു.3000 ത്തിലെന്നു കണക്കാക്കപ്പെട്ട സിന്ധു നദീതട സംസ്‌കാരത്തിന്റെ തിരുശേഷിപ്പുകളില്‍ യോഗയുടെ പ്രചാരം വിളിച്ചോതുന്ന തെളിവുകളുണ്ട്. പതഞ്ജലി തന്നെ യോഗദര്‍ശനത്തില്‍ ‘അഥ യോഗാനുശാസനം’ എന്ന തന്റെ ആദ്യ സൂത്രത്തിലൂടെ താന്‍ അന്നുണ്ടായിരുന്ന യോഗ സാഹിത്യങ്ങളെ ക്രോഡീകരിക്കുകയാണെന്ന് പ്രഖ്യാപിക്കുന്നു. അനുശാസനമെന്നതിന് ഇത്തരം അര്‍ത്ഥവ്യാപ്തിയുമുണ്ട്.
മന:ശാസ്ത്രപരമായ രണ്ടു കാരണങ്ങള്‍ യോഗ ശാസ്ത്രത്തിന്റെ ഉദ്ഭവത്തിന്റെ പിറകില്‍ കാണാം.
1. ദു:ഖ നിവൃത്തിയും സുഖ പ്രാപ്തിയും. അതായത് ദുഖത്തെ ഒഴിവാക്കാനുള്ള ആഗ്രഹവും സുഖം നേടാനുള്ള അഭിലാഷവും.
2. ജിജ്ഞാസ. ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെപ്പറ്റിയും തന്നെപ്പറ്റിത്തന്നെയും അറിയാനുള്ള അദമ്യമായ ആഗ്രഹം. ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതിക്കുള്ള കാരണവും ഇതു തന്നെ.
വേദകാലത്ത് മന്ത്രയോഗവും പ്രാണയോഗവും ധ്യാനയോഗവും ഉണ്ടായിരുന്നു. ധീ അഥവാ ബുദ്ധിയുടെ ഉണര്‍വിനുള്ള ധ്യാനം ഗായത്രീ മന്ത്രത്തിന്റെ കണ്ടുപിടുത്തത്തില്‍ വരെ എത്തി. മനസ്സിനുമപ്പുറത്തുള്ള അന്തരംഗ തലമാണ് ബുദ്ധി. “ധിയോ യോ ന: പ്രചോദയാത് ‘ – ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കണേ, ഉണര്‍ത്തണേ എന്നാണ് പ്രാര്‍ഥന.
മൈത്രേയീ ഉപനിഷത്തില്‍ ഷഡംഗ യോഗത്തെ പറയുന്നു. പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, തര്‍ക്കം, സമാധി. കഠോപനിഷത്ത് ഇന്ദിയ നിയന്ത്രണത്തെയാണ് യോഗമെന്നു വിളിക്കുന്നത്. (താം യോഗമിതിമന്യന്തേ, സ്ഥിരാം ഇന്ദ്രിയ ധാരണാം)
മഹാഭാരത കാലഘട്ടമാവുമ്പോള്‍ ഭാരതത്തില്‍ യോഗ പൂര്‍ണ വളര്‍ച്ച പ്രാപിച്ചതായി കാണാം. ഭഗവാന്‍ ശ്രീകൃഷ്ണന്‍ കര്‍മയോഗം, ജ്ഞാനയോഗം, ഭക്തിയോഗം, രാജയോഗം ഇവയൊക്കെ ജീവിതവുമായി ബന്ധിപ്പിച്ച് അവതരിപ്പിച്ചിരിക്കുന്നു, ഭഗവദ്ഗീതയില്‍.
പതഞ്ജലി മുനി അതുവരെ നിലനിന്ന എല്ലാ യോഗ പദ്ധതികളെയും ക്രോഡീകരിച്ച് സൂത്ര രൂപത്തില്‍ (ഏറ്റവും ചുരുക്കിയും എന്നാല്‍ അര്‍ഥവ്യക്തതയോടെയും) യോഗദര്‍ശനം എഴുതി വെച്ചു. യോഗയുടെ ചരിത്രത്തില്‍ മഹത്തായ ഒരു മുന്നേറ്റം തന്നെയാണിത് – രാജയോഗം – യോഗങ്ങളുടെ രാജാവ്. സാധാരണക്കാര്‍ക്കായി യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയടങ്ങുന്ന അഷ്ടാംഗ യോഗം അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഹഠയോഗവും തന്ത്രയോഗവും നാഥ സമ്പ്രദായികളിലൂടെ പുഷ്ടിപ്പെട്ടു. മത്സ്യേന്ദ്രനാഥനും ഗോരഖ്‌നാഥനും അതിന്റെ ദ്രഷ്ടാക്കളും പോഷ്ടാക്കളുമായി. നാഥ സമ്പ്രദായം ഇന്നും തുടരുന്നു. ഗോരക്ഷാ സംഹിത, ഗോരക്ഷാ ഗീത, യോഗ ചിന്താമണി, ഹംയോഗ പ്രദീപിക മുതലായ മനോഹരങ്ങളായ ഗ്രന്ഥങ്ങള്‍ അവരുടെ സംഭാവനയത്രെ.
ശ്രീരാമകൃഷ്ണ പരമഹംസരുടെ ഭക്തിയോഗം എല്ലാ മതങ്ങളെയും ഒന്നായി കണ്ടു. വെള്ളത്തെ പാനി എന്നും നീര് എന്നും ജലം എന്നും പറയുന്നതു പോലെയേയുള്ളൂ മതവൈവിധ്യം. സത്യം ഒന്നു തന്നെ എന്നദ്ദേഹം ഘോഷിച്ചു. സ്വാമി വിവേകാനന്ദന്‍ തന്റെ അഭൗമമായ പ്രതിഭയിലൂടെ ഗുരുവിന്റെ സന്ദേശം ലോകം മുഴുവന്‍ പരത്തി.
അരവിന്ദ മഹര്‍ഷിയുടെ സമഗ്ര യോഗവും പ്രസിദ്ധം തന്നെ. ദിവ്യമായ ശക്തിക്ക് അടിപ്പെട്ടു കൊടുക്കുക. അതു നമ്മെ വേണ്ടപോലെ മാറ്റിക്കൊള്ളും… മാറ്റങ്ങള്‍ക്കു കാരണമാക്കിക്കൊള്ളും” എന്നദ്ദേഹം വിശ്വസിച്ചു.
‘യുജ്’ (യോജിപ്പിക്കുക) എന്ന അടിസ്ഥാന ശബ്ദത്തില്‍ നിന്നാണ് യോഗം എന്ന വാക്കുണ്ടായതെന്ന് വ്യാകരണം പറയുന്നു.’്യീസല എന്ന ഇംഗ്ലീഷ് വാക്കും ഇതില്‍ നിന്നുണ്ടായതാണ്. മനസ്സും ബുദ്ധിയും തമ്മിലും, പ്രകൃതിയും മനുഷ്യനും തമ്മിലും, ജീവാത്മാവും പരമാത്മാവും തമ്മിലുമുള്ള ചേര്‍ച്ചയാണ് യോഗം എന്നു വരെ അതിന് അര്‍ത്ഥതലമുണ്ടായി.
എന്നാല്‍ വ്യാസന്‍ പാതഞ്ജല യോഗദര്‍ശനത്തിന്റെ ഭാഷ്യത്തില്‍ യോഗത്തിന് സമാധി എന്നു മാത്രമെ അര്‍ഥം കൊടുത്തുള്ളൂ. സമാധിയാണല്ലൊ അഷ്ടാംഗ യോഗത്തിലെ അവസാന വാക്ക്.
എല്ലാറ്റിലുമുള്ള സമത്വബുദ്ധിയാണ് യോഗം, കര്‍മ്മത്തിലുള്ള അസാമാന്യമായ സാമര്‍ത്ഥ്യമാണ് യോഗം, ദു:ഖനാശമാണ് യോഗം എന്നൊക്കെ ഭഗവദ്ഗീത പലതരത്തില്‍ പറഞ്ഞ് നമ്മെ പഠിപ്പിക്കുന്നു.
ചിത്തത്തിലെ (മനസ്സിലെ) വൃത്തികളുടെ, ചലനങ്ങളുടെ നിയന്ത്രണമാണ് യോഗമെന്ന് പതഞ്ജലി മുനി പറഞ്ഞു.
മനസ്സിന്റെ പ്രശമനത്തിനുള്ള ഉപായമാണ് യോഗമെന്ന് വസിഷ്ഠ മുനി ശ്രീരാമന് ഉപദേശിച്ചു. ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് മനസ്സിനെ ഏകാഗ്രമാക്കലാണ് യോഗമെന്ന് ശ്വേതാശ്വതരോപനിഷത്ത്.
രണ്ടെന്ന (ദ്വൈതം) ബുദ്ധി ഇല്ലാതാക്കലാണ്, അദ്വൈത ബുദ്ധി വികസിപ്പിക്കലാണ് ശ്രീശങ്കരന് യോഗം.
മനുഷ്യന്റെ പരിണാമത്തെ ബോധപൂര്‍വമായി ത്വരിതപ്പെടുത്തലാണ് വിവേകാനന്ദ സ്വാമികള്‍ക്ക് യോഗം. ജീവിതം തന്നെ യോഗമാണെന്ന് അരവിന്ദ മഹര്‍ഷി പറയുമ്പോള്‍, നല്ലവനാവുക, നല്ലതു ചെയ്യുക (be good, do good) എന്നതാണ് യോഗമെന്ന് സ്വാമി ശിവാനന്ദന്‍ പറയുന്നു. ചിന്തയും വാക്കും കര്‍മവും തമ്മിലുള്ള സമഞ്ജസമായ ചേര്‍ച്ചയാണ് യോഗമെന്ന് സത്യാനന്ദ സ്വാമികള്‍ പറഞ്ഞുവെച്ചു.
യോഗമെന്നാല്‍ അത്ഭുത പ്രവൃത്തികള്‍ കാട്ടലാണ്, അഭ്യാസ പ്രദര്‍ശനമാണ് എന്നും മറ്റുമുള്ള സിദ്ധാന്തങ്ങളും പ്രചരിച്ചു വരുന്നത് ഇവിടെ മറക്കുന്നില്ല. എന്നാല്‍ മനുഷ്യജീവിതത്തിന്റെ എല്ലാ വശങ്ങളെയും ബാധിക്കാനുള്ള സാമര്‍ത്ഥ്യം യോഗ പദ്ധതിക്കുണ്ടെന്നു മാത്രം ഇവിടെ പറഞ്ഞുവെക്കാം.
ശാരീരികവും മാനസികവും ബൗദ്ധികവും സാമൂഹ്യവും ആത്മീയവും ഒക്കെയായ മാനങ്ങള്‍ യോഗയ്ക്കുണ്ട്. ലോകാരോഗ്യ സംഘടനയും ഇത്തരമൊരു സമഗ്ര ആരോഗ്യ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.
ആസനങ്ങള്‍ പേശികള്‍ക്ക് വഴക്കവും ആഴത്തിലുള്ള വിശ്രമവും നല്കുന്നു. ശ്വാസനിയന്ത്രണത്തിലൂടെ പ്രാണായാമം പ്രാണതലത്തില്‍ സന്തുലനം നല്കുന്നു. ഏകാഗ്രതയും ധ്യാനവും, സര്‍ഗശക്തിയും ഇച്ഛാശക്തിയും വളര്‍ത്തുന്നു. മനസ്സിനെ ശാന്തമാക്കുന്നു. ബുദ്ധിയെ സ്ഫുടം ചെയ്യുന്നു.
യോഗാസനമെന്ന സരളവും ശാസ്ത്രീയവുമായ വ്യായാമമുറ അഭ്യസിച്ച് സ്വാസ്ഥ്യം നേടുന്നതോടൊപ്പം തന്നെ അതിന്റെ തത്വചിന്താപരവും വൈജ്ഞാനികവും ആത്മീയമായ വശങ്ങളും അറിയണം. ഗവേഷണത്തിലൂടെ വികസിപ്പിക്കുകയും വേണം.
മുന്‍ഗാമികള്‍ അവരുടെ ധര്‍മം വേണ്ടവണ്ണം അനുഷ്ഠിച്ചിട്ടുണ്ട്. നമുക്ക് അഭിമാനപൂര്‍വം ലോകത്തിനു മുമ്പില്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കാന്‍ തക്കവണ്ണം ഭാവാത്മകമായ പല കാര്യങ്ങളും ചെയ്തു വെച്ചിട്ടുണ്ട്. നമുക്കും അടുത്ത തലമുറക്കായി എന്തെങ്കിലും വിലപിടിപ്പുള്ളത് കരുതിവെക്കാനുള്ള കടമയുണ്ട്. എന്നാലേ ജീവിതം സാര്‍ത്ഥകമാകൂ. ‘ആത്മനോ മോക്ഷാര്‍ഥം ജഗദ് ഹിതായ ച’. തന്റെ മോചനവും ലോകത്തിന്റെ നന്മയും – രണ്ടും നടക്കണം.