കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ വിവാദമായ പ്രസംഗങ്ങള്‍ നാക്കുപിഴയായി പരിഗണിച്ചു മാപ്പു നല്‍കി എന്നു വിശദീകരിച്ച് എല്ലാം അവസാനിച്ചു എന്ന വാദത്തോടെ വിവാദം പൂട്ടി താക്കോല്‍ അറബിക്കടലിലേയ്ക്ക് എറിഞ്ഞിരിക്കയാണ് എ.ഐ.സി.സി. നേതൃത്വം. സുധാകരന്റെ ‘ആര്‍.എസ്.എസ്. അനുകൂല’ പ്രസ്താവനകളാണ് ചൂടേറിയ ചര്‍ച്ചയായത്. അതിനെ ഏറ്റുപിടിക്കാന്‍ ഇടതുപക്ഷത്തേക്കാള്‍ ആവേശം കാട്ടിയത് കോണ്‍ഗ്രസ്സിലെ ചില നേതാക്കളും മുസ്ലിംലീഗുമായിരുന്നു. അവരും ഇപ്പോള്‍ നാവടക്കിയിരിക്കുന്നു. തോട്ടടയിലും മറ്റും ആര്‍.എസ്.എസ്സിന്റെ ശാഖ തുടങ്ങിയപ്പോള്‍ അതു അനുവദിക്കില്ലെന്ന മാര്‍ക്‌സിസ്റ്റു നിലപാടിനെ ചെറുക്കാന്‍ താന്‍ ആളെ പറഞ്ഞയച്ചു എന്നു സുധാകരന്‍ പറഞ്ഞതാണ് വിവാദമായ ആദ്യ പരാമര്‍ശം. ജനാധിപത്യ അവകാശം സംരക്ഷിക്കാനാണ് താനതു ചെയ്തതെന്നും ആര്‍.എസ്.എസ്സിനോട് യോജിപ്പുള്ള ആളല്ല താനെന്നും സുധാകരന്‍ പറഞ്ഞത് ബഹളത്തിനിടയില്‍ മുങ്ങിപ്പോയി. എരിവും പുളിയും നിറഞ്ഞ വാദകോലാഹലങ്ങള്‍ക്കിടയില്‍ അവര്‍ കണ്ണടയ്ക്കുന്നത് ഒരു ചോദ്യത്തിനു മുമ്പിലാണ്. ആര്‍.എസ്.എസ്സിന് ഈ രാജ്യത്ത് ജനാധിപത്യാവകാശം നല്‍കാന്‍ പാടില്ലേ? ആര്‍.എസ്.എസ്സിന് നീതി ലഭിക്കാന്‍ അര്‍ഹതയില്ലേ? അവര്‍ രണ്ടാംകിട പൗരന്മാരാണോ? അടിമകളാണോ?
കണ്ണൂര്‍ ജില്ലയില്‍ മാര്‍ക്‌സിസ്റ്റു ശക്തികേന്ദ്രങ്ങളായ പഞ്ചായത്തുകളില്‍ ആര്‍.എസ്.എസ്സിന് അപ്രഖ്യാപിത വിലക്കുണ്ടെന്നത് അരമനരഹസ്യമല്ല, അങ്ങാടിപ്പാട്ടാണ്. ഞങ്ങളുടെ കേന്ദ്രങ്ങളില്‍ ആര്‍.എസ്.എസ്. ശാഖവേണ്ട എന്ന് മാര്‍ക്‌സിസ്റ്റു നേതാക്കള്‍ സമാധാന കമ്മറ്റി യോഗങ്ങളില്‍ പോലും പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇതു ഫാസിസമാണ് എന്നു സഖാക്കളുടെ മുഖത്തുനോക്കി പറയാന്‍ ചാനല്‍വീരന്മാര്‍ക്കോ ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാര്‍ എന്നു പുരപ്പുറത്തുകയറി നിന്നു പ്രസംഗിക്കുന്നവരോ തയ്യാറല്ല. അതിലേറെ ആര്‍.എസ്.എസ്സിന് നീതി നല്‍കേണ്ട എന്ന കമ്മ്യൂണിസ്റ്റു തിട്ടൂരത്തിന് അടിമപ്പെട്ടവരല്ലേ സുധാകരന്റെ വാദങ്ങള്‍ക്ക് ‘ആര്‍.എസ്.എസ്. അനുകൂലം’ എന്ന ബ്രാന്‍ഡ് നല്‍കുന്നത്?
ആര്‍.എസ്.എസ്. നിരോധിത സംഘടനയല്ല. രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അംഗീകരിക്കുന്ന സംഘടനയാണ്. അതുകൊണ്ടാണ് ഭാരതജനത ഒരു ആര്‍.എസ്.എസ്സുകാരന് പ്രധാനമന്ത്രിയായി രണ്ടുതവണ രാജ്യം ഭരിക്കാന്‍ വിധി നല്‍കിയത്. ആര്‍.എസ്.എസ്. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി ആരോപണം പോലുമില്ല. ജനാധിപത്യം പ്രതിസന്ധിയിലായ അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ സര്‍ക്കാരിനെതിരെ നിശബ്ദമായി ജനവികാരം ഉയര്‍ത്തി തിരഞ്ഞെടുപ്പിലൂടെ ഫാസിസ്റ്റുഭരണത്തെ താഴെയിറക്കിയത് ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനഫലമായാണ്. ജനതാപാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തിലേറിയ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ എം.പിമാരെ പാര്‍ലമെന്റിലേക്കയച്ചത് ജനസംഘത്തില്‍ നിന്നാണ് എന്നത് ഇതിനു തെളിവാണ്. അത്തരമൊരു സംഘടനക്ക് ജനാധിപത്യ അവകാശം നിഷേധിക്കുന്നത് ശരിയോ എന്നു ചോദിക്കാന്‍ കേരളത്തില്‍ ആളില്ലാതെ പോകുന്നു.
ആര്‍.എസ്.എസ്സിന്റെ ശാഖ സംരക്ഷിക്കാന്‍ സുധാകരന്റെയോ അദ്ദേഹത്തിന്റെ അണികളുടെയോ പിന്തുണ ഒരിക്കലും വേണ്ടി വന്നിട്ടില്ല. സ്വന്തം കരുത്തിന്റെ പിന്‍ബലത്തില്‍ മാത്രമാണ് ആര്‍.എസ്.എസ്. എല്ലായിടത്തും ശാഖ നടത്തുന്നത്. തന്റെ ജനാധിപത്യ സംരക്ഷണ വിടുവായത്തത്തിനു തെളിവു നല്‍കാനാണ് അദ്ദേഹം തോട്ടടയിലെ വീരസ്യം പറഞ്ഞത്. സുധാകരന്‍ ഉദ്ദേശിക്കാത്ത മാനം നല്‍കി ഇതിനെ ‘ആര്‍.എസ്.എസ് അനുകൂല പ്രസ്താവന’ എന്നു ബോധപൂര്‍വ്വം വിഷയംമാറ്റിയവര്‍ക്ക് രാഷ്ട്രീയലക്ഷ്യം പലതുണ്ടെങ്കിലും അവര്‍ കേരളത്തിന്റെ ജനമനസ്സിലേയ്ക്ക് തുടര്‍ച്ചയായി അടിച്ചേല്പിച്ചുകൊണ്ടിരിക്കുന്നത് ആര്‍.എസ്എസ്സിന് ജനാധിപത്യം നിഷേധിക്കുന്നതാണ് ശരി എന്ന ചിന്തയാണ്. അതുകൊണ്ടാണ് ഈ വിഷയത്തില്‍ ഭരണപക്ഷത്തെ സി.പി.എമ്മും പ്രതിപക്ഷത്തെ കോണ്‍ഗ്രസ് നേതാക്കളും മുസ്ലിംലീഗും ഒരേ തൂവല്‍ പക്ഷികളായത്.
രണ്ടാമത് തന്റെ വശം ന്യായീകരിക്കാന്‍ സുധാകരന്‍ നെഹ്‌റുവിനെ ചാരിനിന്നു. നെഹ്‌റു ആര്‍.എസ്.എസ്സുകാരനായ ശ്യാംപ്രസാദ് മുഖര്‍ജിയെ മന്ത്രിസഭയിലെടുത്ത് അവരെ ഉള്‍ക്കൊള്ളാനുള്ള വിശാല മനഃസ്ഥിതി കൊണ്ടാണെന്നാണ് സുധാകരന്റെ വാദം. നില്‍ക്കക്കള്ളിയ്ക്കായി ചവിട്ടിയത് പടുകുഴിയിലായി എന്ന അവസ്ഥയിലായി സുധാകരന്‍. കോണ്‍ഗ്രസ്സിനകത്ത് തന്നെ സുധാകരനെതിരെ പടപ്പുറപ്പാട് തുടങ്ങി. ശ്യാംപ്രസാദ് മുഖര്‍ജിയോടോ ആര്‍.എസ്.എസ്സിനോടോ ഒട്ടും മൃദു സമീപനം നെഹ്‌റുകാണിച്ചിട്ടില്ല. ഗാന്ധിജിയുടെ നിര്‍ദ്ദേശാനുസരണമാണ് നെഹ്‌റു ശ്യാംപ്രസാദിനേയും ബി.ആര്‍ അംബേദ്കറെയുമെല്ലാം മന്ത്രിമാരാക്കിയത്. ഗാന്ധിജി ഗ്രാമസ്വരാജ് എന്ന ആശയം മുന്നോട്ടു വെച്ചപ്പോള്‍ തനിക്ക് അതിനോട് യോജിപ്പില്ലെന്നു പറഞ്ഞ നെഹ്‌റു മുഖര്‍ജിയെ മന്ത്രിയാക്കണമെന്ന നിര്‍ദ്ദേശം ഒരു വിയോജിപ്പുമില്ലാതെ സ്വീകരിക്കുകയായിരുന്നു. പ്രധാനമന്ത്രിപദത്തിലെത്താനുള്ള അധികാരമോഹമല്ലാതെ മറ്റൊരു കാരണം ഇതിനു പറയാനുണ്ടെന്നു തോന്നുന്നില്ല. ലോകസഭാ സെക്രട്ടറിയേറ്റ് പ്രസിദ്ധീകരിച്ച ഡോ. ശ്യാംപ്രസാദ് മുഖര്‍ജിയുടെ ജീവചരിത്രത്തില്‍ 1947 ആഗസ്റ്റില്‍ ഗാന്ധിജിയുടെ ക്ഷണം സ്വീകരിച്ചു കൊണ്ട് മുഖര്‍ജി ദേശീയ സര്‍ക്കാരില്‍ ചേര്‍ന്നു എന്നും തങ്ങളുടെ ഇച്ഛയ്ക്കു വിരുദ്ധമായി പാകിസ്ഥാനില്‍ നിന്നു പുറന്തള്ളപ്പെട്ട കോടിക്കണക്കിന് ഹിന്ദുക്കളുടെ താല്പര്യം സംരക്ഷിക്കാനും സ്വതന്ത്രഭാരത സര്‍ക്കാരിനെ അതിന്റെ തുടക്കത്തില്‍ തന്നെ നയകാര്യങ്ങളില്‍ സ്വാധീനിക്കാനുമാണ് അദ്ദേഹം മന്ത്രിയായത് എന്നും പറയുന്നു. ശ്യാംപ്രസാദ് മുഖര്‍ജി ഹിന്ദുമഹാസഭായുടെ അദ്ധ്യക്ഷനായപ്പോള്‍ മാളവ്യജിക്കുശേഷം ഹിന്ദുക്കളെ നയിക്കേണ്ടയാള്‍ അദ്ദേഹമാണ് എന്നു അഭിപ്രായ പ്രകടനം നടത്തുകയാണ് ഗാന്ധിജി ചെയ്തത്. നെഹ്‌റു-ലിയാഖത്ത് കരാര്‍ കാറ്റില്‍ പറത്തി പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ക്ക് രക്ഷയില്ലെന്ന അവസ്ഥ സംജാതമായപ്പോഴാണ് ശ്യാംബാബു മന്ത്രിസ്ഥാനം രാജിവെച്ചത്. ശ്യാംബാബുവിന്റെ വ്യവസായ മന്ത്രിസ്ഥാനം നെഹ്‌റുവിന്റെ ഔദാര്യമോ ജനാധിപത്യ ഹൃദയവിശാലതയോ അല്ല എന്നു വ്യക്തം. ചിത്തരഞ്ജന്‍ ലോക്കോമോട്ടിവ് വര്‍ക്ക്‌സ്, സിന്ധ്ര ഫെര്‍ട്ടിലൈസര്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ എയര്‍ക്രാഫ്റ്റ് ഫാക്ടറി തുടങ്ങിയവയ്ക്ക് തുടക്കം കുറിച്ച് വ്യവസായവിപ്ലവത്തിനു തുടക്കമിട്ടതും അദ്ദേഹമാണ് എന്നത് വ്യവസായ മന്ത്രി എന്ന നിലയ്ക്കുള്ള അദ്ദേഹത്തിനുള്ള ദീര്‍ഘവീക്ഷണത്തിന്റെ തെളിവാണ്.
കാശ്മീരിനെ ഭാരതവുമായി ഏകീകരിക്കുന്നതിനുവേണ്ടി കാശ്മീരില്‍ പ്രവേശിച്ച മുഖര്‍ജിയെ ഷെയ്ഖ് അബ്ദുള്ള അറസ്റ്റു ചെയ്തു ജയിലില്‍ പാര്‍പ്പിച്ചു. അദ്ദേഹം ജയിലില്‍ കഴിയവേ അതിനു കിലോമീറ്ററുകള്‍ക്കപ്പുറത്ത് ശ്രീനഗറില്‍ 1953 മെയ് 24ന് പ്രധാനമന്ത്രി നെഹ്‌റുവും ആഭ്യന്തര മന്ത്രി കെ.എന്‍ കഡ്ജവും എത്തിയിട്ടും ജയിലില്‍ കിടക്കുന്ന ദേശീയ പ്രതിപക്ഷ നേതാവിനെ കാണാനുള്ള മനസ്സുകാട്ടിയില്ല. അതാണ് നെഹ്‌റുവിന്റെ ജനാധിപത്യ മര്യാദ. ഇതേ നാളുകളിലാണ് ശ്യാംബാബു കാശ്മീരിലെ ജയിലില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുന്നത് എന്നതുകൂടി നെഹ്‌റുവിന്റെ സന്ദര്‍ശനത്തോട് കൂട്ടിവായിക്കണം. മരണശേഷം മുതലക്കണ്ണീരൊഴുക്കാനും നെഹ്‌റു മറന്നില്ല.
രാഷ്ട്രത്തിന്റെ സുരക്ഷയ്ക്കും ജനാധിപത്യ സംരക്ഷണത്തിനും ആര്‍.എസ്.എസ്സോ ശ്യാംപ്രസാദ് മുഖര്‍ജിയോ കാണിച്ച സമര്‍പ്പിത മാതൃക സ്വന്തം ജീവിതത്തില്‍ എടുത്തുകാണിക്കാന്‍ നെഹ്‌റു കുടുംബത്തിനോ അവരില്‍ ആവേശംകൊള്ളുന്ന കോണ്‍ഗ്രസ്സുകാര്‍ക്കോ സാധിക്കില്ല. ഇതെല്ലാം ജനങ്ങളില്‍ നിന്നു മൂടിവെക്കാന്‍ ജനാധിപത്യ മര്യാദകള്‍ ആര്‍.എസ്.എസ്സിനു നിഷേധിക്കുക എന്നതാണ് അവരെല്ലാം കണ്ടെത്തുന്ന വഴി.
ജനങ്ങളെ ആര്‍.എസ്.എസ്സില്‍ നിന്നു അകറ്റി നിര്‍ത്തിയാല്‍ മാത്രമേ തങ്ങളുടെ അജണ്ടകള്‍ സുരക്ഷിതമാകൂ എന്ന് ‘മതേതര’ രാഷ്ട്രീയക്കാര്‍ക്കും അവരുടെ കൈമണിക്കാര്‍ക്കും അറിയാം. അതിനു ജനമനസ്സില്‍ ആര്‍.എസ്.എസ് ഫോബിയ വളര്‍ത്താന്‍ ഓരോ അവസരവും അവര്‍ ഉപയോഗിക്കുന്നു. സുധാകരന്റെ പ്രസ്താവനകള്‍ വിവാദമാക്കിയതും ഇതേ ലക്ഷ്യത്തോടെയാണ്.