പൊന്നുഷസ്സന്ധ്യ വന്നഭിഷേകമാടുന്ന-
പൊന്മലക്കധിപന്റെ മുന്‍പില്‍,
പൊന്നോടകത്തില്‍ നിറച്ചുള്ള മാധുര്യ-
മുണ്ണുന്ന ദേവന്റെ മുന്‍പില്‍,
ഇടറുന്നപാദങ്ങളടിവെച്ചുകൊണ്ടു ഞാന്‍-
ഇടവഴിയിലൂടെ ചെന്നെത്തും,
ഈരേഴുപതിനാലു ലോകവും കാക്കുന്ന-
ഭഗവത് സ്വരൂപത്തെയോര്‍ക്കും,
കാര്‍മേഘപടലങ്ങളാം പുലിക്കൂട്ടങ്ങള്‍-
മേയുന്ന വഴിതാണ്ടിനീങ്ങും
തെന്നല്‍വന്നീണത്തിലിടവിട്ടുമൂളുന്ന-
വൈദിക മന്ത്രം ശ്രവിക്കും,
ഇടനെഞ്ചിലൂറുന്ന മാറാവ്യഥകളെ-
നെയ്‌ത്തേങ്ങയായേറ്റിനീങ്ങും,
ഇന്ദ്രാദിദിക്കെട്ടുമെന്നും വണങ്ങുന്ന-
സന്നിധാനത്തുഞാനെത്തും.
പഞ്ചഭൂതങ്ങള്‍ നടന്നകന്നീടുന്ന-
പതിനെട്ടുപടിയും കടക്കും,
ഞാനെന്നുമെപ്പോഴും ഓര്‍ത്തോര്‍ത്തു കഴിയുന്ന-
ഭഗവാന്റെ മുന്‍പില്‍ ഞാനെത്തും,
ഇതുകണ്ടു മന്ദസ്മിതം തൂകിനില്‍ക്കുന്ന-
ചരണങ്ങളില്‍ വീണുകേഴും,
ആ ദിവ്യപൂമ്പൊടിതന്‍ സൗരഭ്യമേറ്റേറ്റ്
ആത്മീയ നിര്‍വൃതിയിലാഴും – ഞാന്‍
അദ്ധ്യാത്മ നിര്‍വൃതിയിലാഴും.