കേരളത്തിലെ സര്‍വകലാശാലകളെ അനധികൃത നിയമനങ്ങളുടെയും അരാജകത്വത്തിന്റെയും സര്‍വ്വാധിപത്യശാലകളാക്കി മാറ്റാനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എക്കാലവും ശ്രമിച്ചു പോന്നിട്ടുള്ളത്. കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം നേതാവുമായ കെ.കെ. രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി അനധികൃത നിയമനങ്ങളുടെ കാര്യത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനേറ്റ ഒടുവിലത്തെ തിരിച്ചടി മാത്രമാണ്.
സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാന്‍ പ്രിയ വര്‍ഗീസിന് യുജിസി മാനദണ്ഡപ്രകാരമുള്ള മതിയായ അധ്യാപന പരിചയമില്ലെന്നും ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിധി പ്രസ്താവം നടത്തിയിരിക്കുന്നത്. അസോയിയേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള അഭിമുഖത്തിനായി പരിഗണിച്ച ആറ് പേരില്‍ റിസര്‍ച്ച് സ്‌കോറില്‍ ഏറ്റവും പിന്നിലായിരുന്നു പ്രിയ വര്‍ഗീസ്. റിസര്‍ച്ച് സ്‌കോറില്‍ ഒന്നാം റാങ്കുകാരനായ ജോസഫ് സ്‌കറിയയ്ക്ക് 651 മാര്‍ക്കുണ്ടായിരുന്നു. പ്രിയക്ക് ലഭിച്ചത് 156 മാര്‍ക്കും. എന്നാല്‍ അഭിമുഖം കഴിഞ്ഞപ്പോള്‍ പ്രിയ വര്‍ഗീസ് റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തി. ഇതിലെ രാഷ്ട്രീയ ഇടപെടലുകള്‍ അന്നുതന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. 2021 നവംബര്‍ 18ന് തിരക്കുപിടിച്ച് നടത്തിയ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിലാണ് കണ്ണൂര്‍ സര്‍വകലാശാല പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയത്. ഇതിന്റെ പാരിതോഷികമായാണ് 2021 നവംബര്‍ 23ന് കാലാവധി അവസാനിച്ച ഡോ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ സര്‍വകലാശാല വിസിയായി പുനര്‍നിയമനം നല്‍കിയതെന്നും പിന്നീട് ആക്ഷേപമുയര്‍ന്നു.
വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ സര്‍ക്കാര്‍ അനധികൃതമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ ആരോപണമാണ് ഹൈക്കോടതി വിധിയിലൂടെ ഒരിക്കല്‍കൂടി ശരിവെക്കപ്പെടുന്നത്. യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കെടിയു വിസിയെ സുപ്രീംകോടതി നീക്കം ചെയ്തിരുന്നു. പിന്നാലെ കുഫോസ് വിസിയുടെ നിയമനം യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന ഹൈക്കോടതി വിധിയും പുറത്തുവന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മതിയായ യോഗ്യതയില്ലാതെ, റാങ്ക് ലിസ്റ്റ് അട്ടിമറിച്ചാണ് അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി പ്രിയ വര്‍ഗീസിനെയും ഹൈക്കോടതി അയോഗ്യയാക്കിയിരിക്കുന്നത്. തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ ഗസ്റ്റ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിവാദമാണ് ഏറ്റവുമൊടുവില്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. അവിടെ രണ്ടാം റാങ്കുകാരനായ മുന്‍ എസ്എഫ്‌ഐക്കാരന് വേണ്ടി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഒന്നാം റാങ്കുകാരിക്കുമേല്‍ പിന്മാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് പരാതി. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ സര്‍വ്വമേഖലകളിലും അനധികൃത നിയമനങ്ങളുടെയും സ്വജനപക്ഷപാതത്തിന്റെയും പരമ്പരകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന്റെ പേരില്‍ ഒന്നാം വിജയന്‍ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്ക് രാജിവെച്ചൊഴിയേണ്ടിയും വന്നു. തിരുവനന്തപുരം കോര്‍പറേഷനിലെ 295 നിയമനങ്ങള്‍ക്കായി പാര്‍ട്ടി പട്ടിക തേടി മേയര്‍ ജില്ലാ സെക്രട്ടറിക്കു അയച്ച കത്ത് പുറത്ത് വന്നതും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്.
കേരളത്തിലെ സര്‍വകലാശാലകളെ രാഷ്ട്രീയ ഇടപെടലുകളുടെ കൂത്തരങ്ങുകളാക്കി മാറ്റുവാനുള്ള ശ്രമങ്ങള്‍ സിപിഎം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതാണ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പാര്‍ട്ടിക്കാരെ അധ്യാപക അനധ്യാപക തസ്തികകളില്‍ തിരുകിക്കയറ്റിയും സര്‍വകലാശാലാ ഭരണം കൈപ്പിടിയിലൊതുക്കിയും മറ്റു വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചും കലാലയങ്ങളെ രാഷ്ട്രീയ സമഗ്രാധിപത്യത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനാണ് അവര്‍ പരിശ്രമിച്ചു പോന്നിട്ടുള്ളത്. സര്‍വകലാശാല പരീക്ഷകളുടെ കാര്യത്തില്‍ പോലും ഇത്തരം ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. പലയിടത്തും ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കി എസ്എഫ്‌ഐ നേതാക്കന്മാരെ പരീക്ഷയില്‍ പാസാക്കുന്ന രീതി നിലവിലുണ്ടെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ആരോപണമുയര്‍ന്നതാണ്. 2019 ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കള്‍ പൊലീസ് നിയമനത്തിനുള്ള പിഎസ്സി റാങ്ക് പട്ടികയില്‍ അനധികൃതമായി ഇടംനേടിയ കേസിന്റെ അന്വേഷണത്തിനിടയില്‍ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കേരള സര്‍വകലാശാല പരീക്ഷയ്ക്ക് ഉത്തരം എഴുതേണ്ട അഡീഷനല്‍ ഷീറ്റുകളും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഉദ്യോഗസ്ഥന്റെ സീലും പോലീസ് കണ്ടെത്തിയിരുന്നു. പരീക്ഷാക്രമക്കേടുകളും അനധികൃത നിയമനങ്ങളും അക്രമരാഷ്ട്രീയവും മാത്രമല്ല കേരളത്തിലെ കലാലയങ്ങളുടെ സാംസ്‌കാരിക മൂല്യങ്ങളെ തന്നെ അട്ടിമറിക്കുന്ന നീക്കങ്ങളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിപ്പോന്നിട്ടുള്ളത്.
അടുത്തിടെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം സംസ്‌കൃത കോളേജ് കവാടത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വാചകങ്ങളെഴുതിയ ബാനര്‍ ഉയര്‍ത്തിയ സംഭവം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. കോളേജിലുണ്ടായത് കുട്ടികളുടെ അപക്വപ്രതികരണമാണെന്ന് പറഞ്ഞാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ഈ സംഭവത്തെ ന്യായീകരിച്ചത്. കലാലയ മൂല്യങ്ങളെ തച്ചുടയ്ക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ക്ക് എസ്എഫ്‌ഐ നേതൃത്വം നല്‍കുന്നത് ഇതാദ്യമായിട്ടല്ല. 2016 ല്‍ പാലക്കാട് വിക്ടോറിയ കോളേജില്‍ പ്രിന്‍സിപ്പലിന് കുഴിമാടം ഒരുക്കിയ സംഭവം ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. കുഴിമാടത്തെ കുട്ടികളുടെ ‘ആര്‍ട് ഇന്‍സ്റ്റലേഷനായി’ വേണം കാണാനെന്നായിരുന്നു അന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിശദീകരിച്ചത്.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രമായ സര്‍വകലാശാലകളെ രാഷ്ട്രീയ സര്‍വ്വാധിപത്യത്തിന്റെ കേന്ദ്രങ്ങളാക്കുക വഴി കേരളത്തിന്റെ വികസനപരവും വിദ്യാഭ്യാസപരവുമായ പുരോഗതിയെ പിന്നോട്ടടിപ്പിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്യുന്നത്. മികച്ച വിദ്യാഭ്യാസത്തിനും ജോലിക്കും വേണ്ടി ഇതരസ്ഥലങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണ് ഇതിലൂടെ സംസ്ഥാനത്ത് സംജാതമാകുക. കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 2019 ല്‍ മാത്രം 30,948 പേരാണ് വിദ്യാഭ്യാസത്തിനുവേണ്ടി കേരളത്തില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പോയത്. 2016 ല്‍ ഇത് 18,428 ആയിരുന്നു എന്നോര്‍ക്കണം. വിദ്യാഭ്യാസത്തിനായി ഇതര സംസ്ഥാനങ്ങളിലേക്ക് പോയ മലയാളികളുടെ എണ്ണം ഇതിലേറെ വരും. ഇപ്പോള്‍ തന്നെ ഭക്ഷ്യവസ്തുക്കള്‍ക്ക് പോലും ഇതരസംസ്ഥാനത്തെ ആശ്രയിക്കേണ്ടിവരുന്ന ഉപഭോക്തൃസംസ്ഥാനമായ കേരളത്തിലെ ഭാവി യുവത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി മറ്റു നാടുകളിലേക്ക് കൂട്ടത്തോടെ കുടിയേറ്റം നടത്തേണ്ടിവരുമെന്നതായിരിക്കും ഇടതുഭരണത്തിന്റെ ദുരന്തപൂര്‍ണ്ണമായ ബാക്കിപത്രം….