ആരായിരുന്നു കാറല്‍ മാര്‍ക്‌സ് എന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരം നല്‍കാന്‍ ആവശ്യപ്പെട്ടാല്‍ ‘മുതലാളിത്തത്തിന്റെ അന്തകന്‍’ എന്നായിരിക്കും അനുയായികളും ആരാധകരും ഒരേ സ്വരത്തില്‍ പറയുക. മുതലാളിത്തത്തെക്കുറിച്ച് മാര്‍ക്‌സ് പറഞ്ഞിട്ടുള്ളതിന്റെ ശരിതെറ്റുകളോ പില്‍ക്കാലത്ത് ഈ ശരി തെറ്റുകള്‍ക്ക് എന്തു സംഭവിച്ചുവെന്നതോ മാര്‍ക്‌സിനെ മുതലാളിത്തത്തിന്റെ എക്കാലത്തേയും ഏറ്റവും വലിയ ശത്രുവായി പ്രതിഷ്ഠിക്കുന്ന മാര്‍ക്‌സിസ്റ്റു പണ്ഡിതന്മാര്‍ പൊതുവെ കണക്കിലെടുക്കാറില്ല. മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികര്‍ പോലും ഇക്കൂട്ടരില്‍പ്പെടുന്നു. മുതലാളിത്തത്തെക്കുറിച്ച് മാര്‍ക്‌സ് നടത്തിയിട്ടുള്ള കിടിലന്‍ പ്രഖ്യാപനങ്ങളാണ് ഇവരെ വഴിതെറ്റിക്കുന്നത്. ”ബൂര്‍ഷ്വാസി സൃഷ്ടിക്കുന്നത്, സര്‍വ്വോപരി അതിന്റെ സ്വന്തം ശവക്കുഴി തോണ്ടുന്നവരെയാണ്”(41) എന്നത് ഉദാഹരണം.
ബൂര്‍ഷ്വാസിക്ക് മേല്‍കൈയുള്ള, അവര്‍ മുഖ്യ ഉപഭോക്താക്കളായ വ്യവസ്ഥിതിയാണ് മുതലാളിത്തം എന്നതുകൊണ്ട് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വിവക്ഷിക്കുന്നത്. കുറച്ചുപേര്‍ വളരെയധികം പേരെ ചൂഷണം ചെയ്യുന്നു എന്ന കുറ്റമാണ് മാര്‍ക്‌സ് മുതലാളിത്തത്തില്‍ പ്രധാനമായും കാണുന്നത്. ”മനുഷ്യനും മനുഷ്യനും തമ്മില്‍ നഗ്നമായ സ്വാര്‍ത്ഥമൊഴികെ, ഹൃദയശൂന്യമായ ‘രൊക്കം പൈസ’യൊഴികെ മറ്റൊരു ബന്ധവും അത് ബാക്കിവച്ചില്ല. മതത്തിന്റെ പേരിലുള്ള ആവേശത്തിന്റെയും നിസ്വാര്‍ത്ഥമായ വീരശൂര പരാക്രമങ്ങളുടെയും, ഫിലിസ്റ്റൈനുകളുടെ (കാനന്‍ ദേശത്തെ പ്രാചീന ജനത) വികാരപരതയുടെയും ഏറ്റവും ദിവ്യമായ ആത്മനിര്‍വൃതികളെ അത് സ്വാര്‍ത്ഥപരമായ കണക്കുകൂട്ടലിന്റെ മഞ്ഞുവെള്ളത്തിലാഴ്ത്തി. വ്യക്തിയോഗ്യതയെ അത് വിനിമയ മൂല്യമാക്കി. അനുവദിച്ചുകിട്ടിയതും നേടിയെടുത്തതുമായ അസംഖ്യം സ്വാതന്ത്ര്യങ്ങളുടെ സ്ഥാനത്ത് മനസ്സാക്ഷിക്കു നിരക്കാത്ത ഒരൊറ്റ സ്വാതന്ത്ര്യത്തെ-സ്വതന്ത്ര വ്യാപാരത്തെ-പ്രതിഷ്ഠിച്ചു. ഒറ്റവാക്കില്‍ പറഞ്ഞാല്‍, മതപരവും രാഷ്ട്രീയവുമായ വ്യാമോഹങ്ങളുടെ മൂടുപടമിട്ട ചൂഷണത്തിനു പകരം നഗ്നവും നിര്‍ലജ്ജവും പ്രത്യക്ഷവും മൃഗീയവുമായ ചൂഷണം അത് നടപ്പാക്കി.” (42) എന്നൊക്കെ മാര്‍ക്‌സ് വിമര്‍ശിക്കുന്നുണ്ടെങ്കിലും മാനിഫെസ്റ്റോയിലെ ഉപമ കടമെടുത്താല്‍ ഇത് ‘വാഗ്‌ധോരണിയുടെ പുഷ്പങ്ങള്‍ തുന്നിച്ചേര്‍ക്കുന്നതാണ്.’
”ഇന്നുവരെ ആദരിക്കപ്പെട്ടതും ഭയഭക്തികളോടെ വീക്ഷിക്കപ്പെടുകയും ചെയ്തുപോന്ന എല്ലാ തൊഴിലുകളുടെയും പരിവേഷത്തെ ബൂര്‍ഷ്വാസി ഉരിഞ്ഞുമാറ്റി. ഭിഷഗ്വരനെയും അഭിഭാഷകനെയും പുരോഹിതനെയും കവിയെയും ശാസ്ത്രജ്ഞനെയുമെല്ലാം അത് സ്വന്തം ശമ്പളം പറ്റുന്ന കൂലിവേലക്കാരാക്കി മാറ്റി. ബൂര്‍ഷ്വാസി കുടുംബത്തിന്റെ വൈകാരിക മൂടുപടം പിച്ചിച്ചീന്തുകയും, കുടുംബ ബന്ധത്തെ വെറും പണത്തിന്റെ ബന്ധമാക്കി ചുരുക്കുകയും ചെയ്തിരിക്കുന്നു” (43) എന്നിങ്ങനെ വിമര്‍ശനങ്ങളെന്നു തോന്നാവുന്ന പ്രശംസകളും മുതലാളിത്തത്തെക്കുറിച്ച് മാര്‍ക്‌സ് നടത്തിയിട്ടുണ്ട്.
മാര്‍ക്‌സ് കണ്ട മുതലാളിത്തം
മാര്‍ക്‌സ് മുതലാളിത്തത്തിന്റെ വിമര്‍ശകനോ ആരാധകനോ എന്നൊരു ചോദ്യമുന്നയിച്ചാല്‍, ആരാധകന്‍ എന്നേ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കുന്ന ഒരാള്‍ക്ക് സത്യസന്ധമായി മറുപടി പറയാനാവൂ. ”ചരിത്രപരമായി നോക്കുമ്പോള്‍ ബൂര്‍ഷ്വാസി ഏറ്റവും വിപ്ലവകരമായ ഒരു പങ്ക് നിര്‍വഹിച്ചിട്ടുണ്ട്” (44) എന്നാണ് യാതൊരു വളച്ചുകെട്ടുമില്ലാതെ മാര്‍ക്‌സ് പ്രസ്താവിച്ചിരിക്കുന്നത്. ഇത് എങ്ങനെയൊക്കെയെന്ന് വിശദീകരിക്കാന്‍ മാനിഫെസ്റ്റോയിലെ നിരവധി പേജുകള്‍ മാര്‍ക്‌സ് നീക്കിവച്ചിരിക്കുന്നു എന്നത് വിരോധാഭാസമായി തോന്നാം. ”യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു-കമ്യൂണിസമെന്ന ഭൂതം” എന്ന് ആമുഖത്തില്‍ പറയുന്നത് മാര്‍ക്‌സിന്റെ മുതലാളിത്ത വാഴ്ത്തലുകള്‍ക്കു മുന്നില്‍ നിഷ്പ്രഭമായി പോകുന്നത് കാണാം. മാര്‍ക്‌സ് മുതലാളിത്തത്തിന്റെ വര്‍ഗശത്രുവും, മാര്‍ക്‌സിസം മുതലാളിത്തത്തിന് കടകവിരുദ്ധവുമാണ് എന്ന മുന്‍വിധിയില്ലാതെ മാനിഫെസ്റ്റോ വായിക്കുന്ന ആര്‍ക്കും ഇക്കാര്യം ബോധ്യപ്പെടും.
മാര്‍ക്‌സ് മുതലാളിത്തത്തിന്റെ ആരാധകനായിരുന്നോ? പരമ്പരാഗത മാര്‍ക്‌സിസ്റ്റുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ചോദ്യമല്ല ഇത്. പക്ഷേ ഇരുപതാം നൂറ്റാണ്ടിലെ മാര്‍ക്‌സിസ്റ്റ് ചിന്തകന്മാരില്‍ ചിലര്‍ ഈ ചോദ്യം ഉന്നയിക്കുകയും, അനുകൂലമായ ഉത്തരം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. സാഹിത്യചിന്തകനായ ടെറി ഈഗിള്‍ടണ്‍ ഇവരിലൊരാളാണ്. മുതലാളിത്തത്തോട് വെറുപ്പ് മാത്രമുള്ളയാളായിരുന്നില്ല മാര്‍ക്‌സ് എന്നാണ് ഈഗിള്‍ടണ്‍ കരുതുന്നത്. നിങ്ങള്‍ പുകവലിച്ച് സ്വന്തം കുട്ടികളുടെ മുഖത്തേക്ക് ഊതിവിടുന്നതുപോലെ മോശമായ ഒരു കാര്യമാണ് മുതലാളിത്തമെന്ന് മാര്‍ക്‌സ് ചിന്തിച്ചിട്ടില്ലെന്ന് ഈഗിള്‍ടണ്‍ പറയുന്നു. ”മുതലാളിത്തം നിര്‍മ്മിച്ച വര്‍ഗത്തെ മാര്‍ക്‌സ്് അതിരുവിട്ട് അഭിനന്ദിച്ചിട്ടുണ്ട്. മാര്‍ക്‌സിന്റെ വിമര്‍ശകരും അനുയായികളും സൗകര്യപൂര്‍വം മൂടിവയ്ക്കുന്ന കാര്യമാണിത്. ചരിത്രത്തില്‍ ഇത്ര വിപ്ലവാത്മകമായി മറ്റൊരു വ്യവസ്ഥയുമില്ലെന്നാണ് മാര്‍ക്‌സ് എഴുതിയിട്ടുള്ളത്. വളരെ കുറച്ചു നൂറ്റാണ്ടുകള്‍ക്കുള്ളില്‍ മുതലാളിത്തത്തിലെ മധ്യവര്‍ഗം തങ്ങളുടെ ഫ്യൂഡല്‍ ശത്രുക്കളുടെ അടയാളങ്ങള്‍ ഭൂമുഖത്തുനിന്ന് പാടെ തുടച്ചുനീക്കി. അവര്‍ സാംസ്‌കാരികവും ഭൗതികവുമായ സമ്പത്ത് കുന്നുകൂട്ടി. മനുഷ്യാവകാശങ്ങള്‍ കണ്ടുപിടിച്ചു, അടിമകളെ മോചിപ്പിച്ചു, ഏകാധിപതികളെ വീഴ്ത്തി, സാമ്രാജ്യങ്ങളെ ഇടിച്ചുപൊളിച്ചുകളഞ്ഞു, മനുഷ്യ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുകയും മരിക്കുകയും ചെയ്തു, ശരിയായ ഒരു ലോക നാഗരികതയ്ക്ക് അടിത്തറയിട്ടു. അതിശക്തമായ ഈ ചരിത്രനേട്ടങ്ങളെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെപ്പോലെ പ്രശംസിച്ച മറ്റൊരു രേഖയില്ല.” സമ്പന്നര്‍ ആസ്വദിക്കുന്ന ഒഴിവുകാലം ബഹുജനങ്ങള്‍ക്കും നല്‍കണമെന്നതായിരുന്നു മാര്‍ക്‌സിന്റെ ലക്ഷ്യമെന്നും ഈഗിള്‍ടണ്‍ വിശദീകരിക്കുന്നുണ്ട്.
ഇരുപതാം നൂറ്റാണ്ടിലെ മാര്‍ക്‌സിസ്റ്റുകളില്‍ ഒരാളായി അംഗീകരിക്കപ്പെടുന്ന ടെറി ഈഗിള്‍ടണ്‍ ഇങ്ങനെയൊക്കെ പറയുന്നത് മുതലാളിത്തത്തോട് ആജന്മ ശത്രുതയുള്ള മാര്‍ക്‌സിസ്റ്റുകള്‍ക്ക് അംഗീകരിക്കാനോ വിശ്വസിക്കാന്‍ പോലുമോ കഴിയാത്തതാണെങ്കിലും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കുന്നതോടെ അത്തരക്കാരുടെ സംശയമെല്ലാം തീരും.
മുതലാളിത്തത്തിന്റെ വക്താക്കളെക്കാള്‍ ആ വ്യവസ്ഥയില്‍ ആവേശംകൊള്ളുന്ന മാര്‍ക്‌സിനെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ കാണാം. ”മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെല്ലാം നേടാനാവുമെന്ന് ആദ്യമായി കാണിച്ചുതന്നത് ബൂര്‍ഷ്വാസിയാണ്. ഈജിപ്റ്റുകാരുടെ പിരമിഡുകളെയും, റോമാക്കാരുടെ ജലസംഭരണ വിതരണ പദ്ധതികളെയും, ഗോഥിക് ദേവാലയങ്ങളെയും വളരെയേറെ അതിശയിക്കുന്ന മഹാത്ഭുതങ്ങള്‍ അത് സാധിച്ചിട്ടുണ്ട്. പണ്ടത്തെ കുരിശുയുദ്ധങ്ങളെയും; ദേശീയ ജനതകളുടെ കൂട്ടപ്പലായനങ്ങളെയും നിഷ്പ്രഭമാക്കുന്ന സാഹസിക സംരംഭങ്ങള്‍ അത് നടത്തിയിട്ടുണ്ട്… ഉല്‍പ്പാദനത്തില്‍ നിരന്തരം വിപ്ലവകരമായ പരിവര്‍ത്തനം, എല്ലാ സാമൂഹ്യബന്ധങ്ങളെയും ഇടതടവില്ലാതെ ഇളക്കിമറിക്കല്‍, ശാശ്വതമായ അനിശ്ചിതാവസ്ഥയും പ്രക്ഷോഭവും-ഇതെല്ലാം ബൂര്‍ഷ്വാ കാലഘട്ടത്തെ എല്ലാ പഴയ കാലഘട്ടത്തില്‍നിന്നും വേര്‍തിരിക്കുന്നു… ഉല്‍പ്പന്നങ്ങള്‍ക്ക് അനുസ്യൂതം വിപുലപ്പെടുന്ന ഒരു കമ്പോളം കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യം ബൂര്‍ഷ്വാസിയെ ഭൂമണ്ഡലമെങ്ങും ഓടിക്കുന്നു. അതിന് എല്ലായിടത്തും കൂടുകെട്ടണം. എല്ലായിടത്തും പാര്‍പ്പുറപ്പിക്കണം. എല്ലായിടത്തും ബന്ധങ്ങള്‍ സ്ഥാപിക്കണം.”(45)
അതിഗംഭീരമായ ഭാഷയില്‍ അത്യന്തം നാടകീയമായാണ് മാര്‍ക്‌സ് മുതലാളിത്തത്തിന്റെ സദ്ഫലങ്ങളെ അവതരിപ്പിക്കുന്നത്. ”ലോകകമ്പോളത്തെ ചൂഷണം ചെയ്തതിലൂടെ ബൂര്‍ഷ്വാസി ഓരോ രാജ്യത്തിലെയും ഉല്‍പ്പാദനത്തിനും ഉപഭോഗത്തിനും ഒരു സാര്‍വലൗകിക സ്വഭാവം നല്‍കിയിട്ടുണ്ട്. പ്രതിലോമവാദികളെ വളരെയേറെ വേദനിപ്പിച്ചുകൊണ്ട് വ്യവസായത്തിന്റെ കാല്‍ക്കീഴില്‍ നിന്ന് അത് നിലയുറപ്പിച്ചിരുന്ന ദേശീയാടിത്തറയെ ബൂര്‍ഷ്വാസി വലിച്ചുമാറ്റി. എല്ലാ പരമ്പരാഗത വ്യവസായങ്ങളെയും അത് നശിപ്പിച്ചു. അഥവാ പ്രതിദിനം നശിപ്പിച്ചുവരികയാണ്. തല്‍സ്ഥാനം പുതിയ വ്യവസായങ്ങള്‍ ഏറ്റെടുക്കുന്നു. ഇങ്ങനെ ചെയ്യേണ്ടത് എല്ലാ പരിഷ്‌കൃത രാജ്യങ്ങള്‍ക്കും ഒരു ജീവന്മരണ പ്രശ്‌നമായിത്തീര്‍ന്നു. ഈ പുതിയ വ്യവസായങ്ങള്‍ ഉപയോഗിക്കുന്ന അസംസ്‌കൃത സാധനങ്ങള്‍ തദ്ദേശീയമല്ല- അതിവിദൂര ദേശങ്ങളില്‍ നിന്ന് കൊണ്ടുവരുന്നവയാണ്; അവയുടെ ഉല്‍പ്പന്നങ്ങളാവട്ടെ, അതത് നാട്ടില്‍ മാത്രമല്ല, ലോകത്തിന്റെ ഏതു കോണിലും ഉപയോഗിക്കപ്പെടുന്നുമുണ്ട്. സ്വന്തം രാജ്യത്തെ ഉല്‍പ്പന്നങ്ങള്‍കൊണ്ട് നിറവേറിയിരുന്ന പഴയ ആവശ്യങ്ങളുടെ സ്ഥാനത്ത് വിദൂരസ്ഥങ്ങളായ രാജ്യങ്ങളിലെയും കാലാവസ്ഥകളിലെയും ഉല്‍പ്പന്നങ്ങള്‍കൊണ്ടുമാത്രം തൃപ്തിപ്പെടുത്താന്‍ കഴിയുന്ന പുതിയ ആവശ്യങ്ങള്‍ നാം കാണുന്നു. പ്രാദേശികവും ദേശീയവുമായ സ്വയംപര്യാപ്തതയുടെ സ്ഥാനത്ത് രാഷ്ട്രങ്ങള്‍ തമ്മിലുള്ള നാശോന്മുഖമായ ബന്ധങ്ങളും സാര്‍വത്രികമായ പരസ്പരാശ്രിതത്വവുമാണ് ഇന്നുള്ളത്. ബുദ്ധിപരമായ ഉല്‍പ്പാദനത്തിലും ഇതേ മാറ്റങ്ങളുണ്ടാകുന്നു. പ്രത്യേക രാഷ്ട്രങ്ങളുടെ ബുദ്ധിപരമായ സൃഷ്ടികള്‍ പൊതുസ്വത്തായിത്തീരുന്നു. ദേശീയമായ ഏകപക്ഷീയതയും സങ്കുചിത മനഃസ്ഥിതിയും അധികമധികം അസാധ്യമാകുന്നു. ദേശീയവും പ്രാദേശികവുമായ നിരവധി സാഹിത്യങ്ങളില്‍നിന്ന് ഒരു വിശ്വസാഹിത്യം ഉയര്‍ന്നുവരുന്നു… കഷ്ടിച്ച് ഒരു നൂറ്റാണ്ടുകാലത്തെ വാഴ്ചക്കിടയില്‍ ബൂര്‍ഷ്വാസി സൃഷ്ടിച്ചിട്ടുള്ള ഉല്‍പ്പാദന ശക്തികള്‍, കഴിഞ്ഞുപോയ എല്ലാ തലമുറകളും ചേര്‍ന്ന് സൃഷ്ടിച്ചിട്ടുള്ളതിനെക്കാള്‍ എത്രയോ വമ്പിച്ചതാണ്, ഭീമമാണ്! പ്രകൃതിയുടെ ശക്തികളെ മനുഷ്യന് കീഴ്‌പ്പെടുത്തല്‍, യന്ത്രസാമഗ്രികള്‍, വ്യവസായത്തിലും കൃഷിയിലും രസതന്ത്രത്തിന്റെ ഉപയോഗം, ആവിക്കപ്പലും തീവണ്ടിയും കമ്പിത്തപാലും, ഭൂഖണ്ഡങ്ങളെയാകെ കൃഷിക്കുവേണ്ടി വെട്ടിത്തെളിക്കല്‍, ഇന്ദ്രജാല പ്രയോഗത്താലെന്നപോലെ വലിയ ജനസഞ്ചയങ്ങളെ മണ്ണിനടിയില്‍നിന്ന് ഉണര്‍ത്തിക്കൊണ്ടുവരല്‍-സാമൂഹ്യാധ്വാനത്തിന്റെ മടിത്തട്ടില്‍ ഇന്നും ഉല്‍പ്പാദന ശക്തികള്‍ ഉറങ്ങിക്കിടക്കുന്നുണ്ടെന്ന് മുമ്പേതൊരു നൂറ്റാണ്ടിനാണ് ഒരു സംശയമെങ്കിലുമുണ്ടായിട്ടുള്ളത്?” (46)
മാര്‍ക്‌സിന്റെ പ്രസക്തി മുതലാളിത്തത്തിലോ?
സമൂഹവികാസത്തിന്റെ ചരിത്രം വിശദീകരിക്കാന്‍ മുതലാളിത്തത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുക മാത്രമാണ് മാര്‍ക്‌സ് ചെയ്തതെന്ന് കരുതാനാവില്ല. നേരെ മറിച്ച്, മുതലാളിത്തം സൃഷ്ടിച്ച അത്ഭുതങ്ങളില്‍ ആവേശംകൊള്ളുകയാണ്. മുതലാളിത്തത്തിന്റെ മഹത്വം മാര്‍ക്‌സിന് എത്ര വര്‍ണിച്ചിട്ടും തീരുന്നില്ല. മനുഷ്യരാശിയുടെ മഹത്തായ നേട്ടങ്ങളാണ് അവയെന്നു പറയുന്നു. ഒരു നൂറ്റാണ്ടുകൊണ്ടാണ് ഇവയൊക്കെ സംഭവിച്ചതെന്ന് അഭിമാനിക്കുന്നു.
സാമ്പത്തികാഭിവൃദ്ധി കൊണ്ടുവരിക മാത്രമല്ല മുതലാളിത്തം ചെയ്തിട്ടുള്ളതെന്നു പറയുന്ന മാര്‍ക്‌സ്, ദേശാതിര്‍ത്തികള്‍ മായ്ച്ച് രാഷ്ട്രങ്ങളുടെ സ്വയം ഒറ്റപ്പെടല്‍ ഒഴിവാക്കി പരസ്പാശ്രയത്വം വളര്‍ത്തുകയുണ്ടായെന്നും ചൂണ്ടിക്കാട്ടുന്നു. ബൗദ്ധികമായ പരസ്പരാശ്രയം വളര്‍ത്തി ഒരു ‘ലോകസാഹിത്യം’ സ്ഥാപിച്ചതായിപ്പോലും മാര്‍ക്‌സിന് അഭിപ്രായമുണ്ട്. ചൈനയ്ക്കും ജപ്പാന്‍കാര്‍ക്കുമൊക്കെ ഷേക്‌സ്പിയര്‍ സാഹിത്യം വായിക്കാനും, ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന പാശ്ചാത്യര്‍ക്ക് ബുദ്ധന്റെ താവോയിസം പഠിക്കാനുമൊക്കെ ഇതുകൊണ്ടായെന്ന് പറയാം. രാഷ്ട്രങ്ങള്‍ തമ്മിലെ അകലം കുറയ്ക്കുകയും, അപരിഷ്‌കൃത സമൂഹങ്ങളിലേക്ക് സംസ്‌കാരം കൊണ്ടുവരികയും ചെയ്ത മുതലാളിത്തം ഒരു ‘ലോകനാഗരികത’യ്ക്ക് രൂപം നല്‍കിയതായിപ്പോലും മാര്‍ക്‌സ് പ്രഖ്യാപിക്കുന്നു!
മുതലാളിത്തം ചരിത്രത്തിലെ കളങ്കവും, മാനവരാശിയോട് ഒരിക്കലും പൊറുക്കാനാവാത്ത തിന്മകള്‍ ചെയ്ത വ്യവസ്ഥിതിയാണെന്നും കരുതുന്നവരാണ് മാര്‍ക്‌സിസ്റ്റു പണ്ഡിതന്മാര്‍. ഇക്കാര്യത്തില്‍ മാര്‍ക്‌സ് ഇവര്‍ക്കൊപ്പമില്ല എന്നതാണ് വിചിത്രം. കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയില്‍ മാര്‍ക്‌സ് നടത്തുന്ന മുതലാളിത്ത പ്രഘോഷണങ്ങള്‍ വായിക്കുന്നവര്‍ അത് ‘മുതലാളിത്ത മാനിഫെസ്റ്റോ’യാണോ എന്നു തെറ്റിദ്ധരിക്കാന്‍പോലും ഇടയുണ്ട്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മാര്‍ക്‌സും ഏംഗല്‍സും മുന്നോട്ടുവയ്ക്കുന്ന കാതലായ ചില ആശയങ്ങള്‍ക്ക് മുതലാളിത്തത്തിന്റെ സൈദ്ധാന്തികനായി വാഴ്ത്തപ്പെടുന്ന ആഡംസ്മിത്തിന്റെ ആശയങ്ങളുമായുള്ള പൊരുത്തവും കൗതുകകരമാണ്.
”വസ്തുക്കളുടെ മൂല്യം വര്‍ധിപ്പിച്ച് സ്വന്തം ഉപജീവനം നടത്തുന്നതും, യജമാനന് ലാഭമുണ്ടാക്കിക്കൊടുക്കുന്നതും തൊഴിലാളികളുടെ അധ്വാനമാണ്” എന്ന് ആഡംസ്മിത്ത് പറയുന്നു. ഇതുതന്നെയല്ലെ മാര്‍ക്‌സ് ‘മൂലധന’ത്തിലും മറ്റും ഏറെ പണിപ്പെട്ട് വിശദീകരിക്കുന്ന മിച്ചമൂല്യ സിദ്ധാന്തം? 1770 ലാണ് ആഡംസ്മിത്ത് ഇത് പറഞ്ഞതെങ്കില്‍ 70 വര്‍ഷം കഴിഞ്ഞാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതപ്പെടുന്നത്. ”സാമൂഹ്യമായി സൃഷ്ടിക്കപ്പെടുന്ന, ഉല്‍പ്പാദകരുടെ ഉപജീവനത്തിന് ആവശ്യമായതിലുപരിയായ മൂല്യമാണ് മിച്ചമൂല്യം” എന്നാണല്ലോ മാര്‍ക്‌സിന്റെ നിര്‍വ്വചനം. മിച്ചമൂല്യസിദ്ധാന്തം കണ്ടുപിടിക്കുകയല്ല, അത് വികസിപ്പിക്കുകയാണ് മാര്‍ക്‌സ് ചെയ്തതെന്ന ഒഴികഴിവ് വിലപ്പോവില്ല. 1859 ല്‍ ‘രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥാ വിമര്‍ശനത്തിന് ഒരു സംഭാവന’ എന്ന കൃതിയിലാണ് മാര്‍ക്‌സ് ഇത് ചെയ്യുന്നത് എന്നുകൂടി ഓര്‍ക്കണം. ആഡംസ്മിത്ത് മിച്ചമൂല്യം അവതരിപ്പിച്ച് ഒരു നൂറ്റാണ്ടോളം പിന്നിട്ടപ്പോള്‍.
തൊഴിലാളി വര്‍ഗത്തെക്കുറിച്ചും സോഷ്യലിസ്റ്റ് വിപ്ലവത്തെക്കുറിച്ചും തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തെക്കുറിച്ചും കമ്യൂണിസത്തെക്കുറിച്ചും പറഞ്ഞ അതേ തീവ്രതയോടെയാണ് മാര്‍ക്‌സ് മുതലാളിത്തത്തെക്കുറിച്ച് പറഞ്ഞതും. മുതലാളിത്തത്തെക്കുറിച്ച് മാര്‍ക്‌സ് വളരെയധികം എഴുതുകയും ചെയ്തിരിക്കുന്നു. മുതലാളിത്ത വ്യവസ്ഥ ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നു. അതിനാല്‍, ഇന്നും മാര്‍ക്‌സ് നമുക്ക് വഴികാട്ടിയാണെന്ന് വാദിക്കുന്ന മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്മാരുണ്ട്! തികഞ്ഞ പ്രത്യയശാസ്ത്ര വിധേയത്വത്തില്‍നിന്ന് ഉടലെടുക്കുന്ന വിചിത്രവും ബുദ്ധിശൂന്യവുമായ വാദഗതിയാണിത്.
ചൂഷണവും മൂലധന കേന്ദ്രീകരണവും പോലെ മാര്‍ക്‌സ് ചൂണ്ടിക്കാട്ടിയ മുതലാളിത്ത തിന്മകള്‍ പൂര്‍വാധികം ശക്തമായി നിലനില്‍ക്കുന്നു എന്നത് മാര്‍ക്‌സിസത്തിന്റെ സാധൂകരണമല്ല, നിരാകരണമാണ്. ഇവയൊക്കെ അവസാനിക്കുമെന്നും അവസാനിപ്പിക്കുമെന്നുമായിരുന്നല്ലോ മാര്‍ക്‌സ് ലോകത്തിന് വാക്കു നല്‍കിയത്. മാര്‍ക്‌സിന്റെ വിധിതീര്‍പ്പുകള്‍ക്ക് വിരുദ്ധമായി മുതലാളിത്തം എങ്ങനെയൊക്കെയാണ് അതിജീവിച്ചതെന്ന് പ്രത്യക്ഷമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും വ്യാഖ്യാനങ്ങളിലൂടെയും ദുര്‍വ്യാഖ്യാനങ്ങളിലൂടെയും ഇതിന് മറയിടാനാണ് എന്നും മാര്‍ക്‌സിസ്റ്റു പണ്ഡിതന്മാര്‍ ശ്രമിച്ചുപോന്നിട്ടുള്ളത്.
മുട്ടുമടക്കിയത് മാര്‍ക്‌സ് തന്നെ
താന്‍ വിമര്‍ശനവിധേയമാക്കിയ മുതലാളിത്ത വ്യവസ്ഥ ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നതിനാല്‍ മാര്‍ക്‌സിന് പ്രസക്തിയുണ്ടെന്ന് പറയുന്നതിലെ യുക്തി സാമാന്യബോധത്തിന് നിരക്കുന്നതല്ല. മുതലാളിത്തത്തിനെതിരെ വിമര്‍ശനമുന്നയിക്കുക മാത്രമല്ലല്ലോ മാര്‍ക്‌സ് ചെയ്തത്, അതിന്റെ അന്ത്യം പ്രവചിക്കുകയുമായിരുന്നു. തന്റെ കണ്‍മുന്നില്‍ തന്നെ മുതലാളിത്തം തിരോഭവിക്കുമെന്ന ആത്മവിശ്വാസമായിരുന്നു മാര്‍ക്‌സിന്. ”ഫ്യൂഡലിസത്തെ വെട്ടിവീഴ്ത്താന്‍ ബൂര്‍ഷ്വാസി ഉപയോഗിച്ച അതേ ആയുധങ്ങള്‍ തന്നെ ഇന്ന് ബൂര്‍ഷ്വാസിയുടെ നേര്‍ക്ക് തിരിഞ്ഞിരിക്കുന്നു. എന്നാല്‍ സ്വന്തം മരണത്തെ വിളിച്ചുവരുത്താനുള്ള ആയുധങ്ങള്‍ ഊട്ടിയുണ്ടാക്കുക മാത്രമല്ല ബൂര്‍ഷ്വാസി ചെയ്തിരിക്കുന്നത്; ഈ ആയുധങ്ങളെടുത്ത് പ്രയോഗിക്കാനുള്ള ആളുകളെക്കൂടി-ആധുനിക തൊഴിലാളിവര്‍ഗത്തെ-അത് സൃഷ്ടിച്ചിട്ടുണ്ട്… ബൂര്‍ഷ്വാസിയെ (മുതലാളിത്തത്തെ) ബലാല്‍ക്കാരേണ അട്ടിമറിക്കുന്നതിലൂടെ തൊഴിലാളി വര്‍ഗത്തിന്റെ ആധിപത്യത്തിനുള്ള അടിത്തറയിടുകയെന്ന ഘട്ടം വരെ നാം വരച്ചുകാണിച്ചു കഴിഞ്ഞു” എന്നും, ”ബൂര്‍ഷ്വാസി സൃഷ്ടിക്കുന്നത് സര്‍വോപരി അതിന്റെ സ്വന്തം ശവക്കുഴി തോണ്ടുന്നവരെയാണ്. അതിന്റെ പതനവും തൊഴിലാളി വര്‍ഗത്തിന്റെ വിജയവും ഒരുപോലെ ആസന്നമാണ്” (47) എന്നുമൊക്കെയാണല്ലോ മാനിഫെസ്റ്റോയിലെ മാര്‍ക്‌സിന്റെ പ്രവചനങ്ങള്‍. ”ഉല്‍പ്പാദനോപാധികളുടെ കേന്ദ്രീകരണവും അധ്വാനത്തിന്റെ സമൂഹവല്‍ക്കരണവും അവസാനം മുതലാളിത്ത പുറന്തൊണ്ടുമായി പൊരുത്തപ്പെടാത്തതായിത്തീരുന്ന ഒരു ഘട്ടമെത്തുന്നു. ആ പുറന്തോട് പൊട്ടിത്തെറിക്കുന്നു. മുതലാളിത്ത സ്വകാര്യ സ്വത്തിന്റെ മരണമണി മുഴങ്ങുന്നു; സ്വത്ത് പിടിച്ചെടുത്തിരുന്നവരുടെ സ്വത്തും പിടിച്ചെടുക്കപ്പെടുന്നു” (48)
ഇതൊന്നുമല്ല ചരിത്രത്തില്‍ സംഭവിച്ചതെന്ന് മാര്‍ക്‌സിസത്തിന്റെ ബാലപാഠവും ലോക കമ്യൂണിസത്തിന്റെ ചരിത്രവും അറിയുന്ന ഏതൊരാളും സമ്മതിക്കും. മാര്‍ക്‌സ് മുതലാളിത്തത്തെ ശരിയായി നിര്‍വ്വചിച്ചു എന്നു പറയുന്നത് അര്‍ത്ഥശൂന്യമാണ്. മുതലാളിത്തത്തിന് സംഭവിക്കുമെന്ന് മാര്‍ക്‌സ് പറഞ്ഞ പതനം, അതുണ്ടായില്ല എന്നതു തന്നെ തെളിവ്.
മുതലാളിത്തത്തിന് അനുകൂലമായും പ്രതികൂലമായും മാര്‍ക്‌സ് നിരവധി പ്രഖ്യാപനങ്ങള്‍ നടത്തുകയും അവകാശവാദങ്ങളുന്നയിക്കുകയും ചെയ്തു. എന്നാല്‍ പ്രതികൂലമായി പറഞ്ഞത് തെറ്റായിത്തീരുകയും അനുകൂലമായി പറഞ്ഞത് പലതും ശരിയായി മാറുകയും ചെയ്തു. മുതലാളിത്തത്തെ അനുകൂലിച്ചു പറഞ്ഞതാണ് മാര്‍ക്‌സിന്റെ യഥാര്‍ത്ഥ പൈതൃകം എന്നതാണ് ശരി. യഥാര്‍ത്ഥത്തില്‍ മുതലാളിത്തത്തെക്കുറിച്ച് മാര്‍ക്‌സ് സ്വരൂപിച്ച കാതലായ ധാരണകള്‍ പലതും തെറ്റായിരുന്നു. മുതലാളിത്തം ആസന്നമരണഘട്ടത്തിലാണെന്ന മാര്‍ക്‌സിന്റെ നിഗമനവും തെറ്റി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങള്‍ മുതലാളിത്തത്തിന്റെ അസ്തമയ കാലമാണെന്ന് മാര്‍ക്‌സ് തെറ്റിദ്ധരിച്ചു. ഇതുകൊണ്ടാണ് സോഷ്യലിസ്റ്റ് വിപ്ലവം വിളിപ്പാടകലെയാണെന്ന് വിശ്വസിക്കാനിടയായത്. മുതലാളിത്തത്തിന്റെ പ്രസവവേദനയെ മാര്‍ക്‌സ് അതിന്റെ മരണരോദനമായി കണ്ടു. മുതലാളിത്തത്തിന്റെ പരിണാമത്തെ മാര്‍ക്‌സ് തെറ്റി വായിച്ചു. മുതലാളിത്തം അവസാനിക്കുകയാണെന്ന് മാര്‍ക്‌സ് എഴുതിയ കാലത്ത് ആ വ്യവസ്ഥ ഉയര്‍ന്നുവരികയായിരുന്നു. മാര്‍ക്‌സിന്റെ സമയം ശരിയായിരുന്നില്ല എന്ന് ചിലര്‍ തമാശ പറയുന്നത് ഇതുകൊണ്ടാണ്.
മുതലാളിത്തത്തിന്റെ ചരിത്രം ക്രമാനുഗതമായി വിവരിച്ച് അതുകൊണ്ടുവന്ന അത്ഭുതങ്ങളില്‍ അഭിരമിക്കുന്ന മാര്‍ക്‌സിന് ഈ വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ശരിയായി മനസ്സിലായില്ല. മാര്‍ക്‌സ് മുതലാളിത്തത്തെക്കുറിച്ചുള്ള തന്റെ നിഗമനങ്ങളേറെയും സ്വരൂപിച്ചത് ബ്രിട്ടീഷ് മ്യൂസിയത്തിലിരുന്നുള്ള വായനയിലൂടെയാണ്. ഫാക്ടറികളോ വില്‍പ്പന കേന്ദ്രങ്ങളോ സന്ദര്‍ശിച്ചില്ല. തൊഴിലാളിയുടെ അധ്വാനത്തില്‍നിന്ന് ‘മിച്ചമൂല്യം’ എടുക്കുന്നതായാലും, ഫാക്ടറിയില്‍ നിന്ദ്യമായ തൊഴില്‍ പരിസരം നിലനിര്‍ത്തുന്നതിലായാലും, തൊഴിലാളികള്‍ ഉല്‍പ്പാദനോപകരണങ്ങളില്‍നിന്ന് അന്യവല്‍ക്കരിക്കപ്പെടുന്നതിനെക്കുറിച്ചായാലും മാര്‍ക്‌സിന്റെ ധാരണകള്‍ പൂര്‍ണമായും ശരിയായിരുന്നില്ല.
മുതലാളിത്തത്തെക്കുറിച്ചും തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ ധാരണകള്‍ ഉപരിപ്ലവങ്ങളായിരുന്നു എന്നാണ് ‘ഇന്റലക്ച്വല്‍സ്’ എന്ന പുസ്തകത്തില്‍ പോള്‍ ജോണ്‍സണ്‍ പറയുന്നത്. ”തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ ഭരണകൂടങ്ങള്‍ സ്വീകരിച്ചു തുടങ്ങിയെന്നു പറയുന്ന ലേബര്‍ ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ട് മൂലധനം എഴുതിയ മാര്‍ക്‌സ് അവഗണിച്ചു. തൊഴില്‍ സാഹചര്യത്തെക്കുറിച്ച് മാര്‍ക്‌സ് ശേഖരിച്ച വിവരങ്ങള്‍ അന്നേ കാലഹരണപ്പെട്ടതായിരുന്നു. മൂലധനത്തിന്റെ കൂടുതല്‍ ഉപയോഗം ഫാക്ടറികളിലെയും മറ്റിടങ്ങളിലെയും തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് മാര്‍ക്‌സ് കണ്ടില്ലെന്നു നടിച്ചു.” (49) എന്നൊക്കെയാണ് പോള്‍ ജോണ്‍സണ്‍ എഴുതുന്നത്.
സ്വന്തം പ്രവചനങ്ങളുടെ പരാജയം ഉറപ്പുവരുത്താന്‍ മുതലാളിത്ത ശക്തികള്‍ക്ക് പുതിയ അറിവുകള്‍ സമ്മാനിക്കുകയായിരുന്നോ മാര്‍ക്‌സ് എന്നുപോലും തോന്നിപ്പോകും. മുതലാളിത്തത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ സിദ്ധാന്തം ഇതിലൊന്നായി കരുതാം. വിപത്ത് മനസ്സിലാക്കിയ മുതലാളിത്ത ശക്തികള്‍ക്ക് അതിനെ നിര്‍വീര്യമാക്കാന്‍ കഴിഞ്ഞു. മാര്‍ക്‌സ് പ്രവചിച്ച സോഷ്യലിസ്റ്റ് വിപ്ലവം തടയാന്‍ മുതലാളിത്തം സ്വന്തം സ്വഭാവംതന്നെ മാറ്റിക്കളഞ്ഞു. അങ്ങനെ ഒരര്‍ത്ഥത്തില്‍ മുതലാളിത്തത്തിന്റെ കൊടിയ ശത്രുവായ മാര്‍ക്‌സ് മഹത്തായ സോഷ്യലിസ്റ്റ് വിപ്ലവം തടയാന്‍ അവര്‍ക്ക് കൈപ്പുസ്തകങ്ങള്‍ എഴുതി നല്‍കുകയായിരുന്നു! ഇക്കാര്യത്തില്‍ അവര്‍ മാര്‍ക്‌സിനോട് എക്കാലത്തേക്കുമായി കടപ്പെട്ടിരിക്കുന്നു!!
(തുടരും)
അടിക്കുറിപ്പുകള്‍:-
41. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, മാര്‍ക്‌സ്-ഏംഗല്‍സ്
42. Ibid
43. Ibid
44. Ibid
45. Ibid
46. Ibid
47. Ibid
48. മൂലധനം (ഒന്നാം വാള്യം), കാറല്‍മാര്‍ക്‌സ്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം
49. Intellectuals: From Marx and Tolstoy to Sartre and Chomsky, Paul Johnson.
ഏഴാം ഭാഗം വായിക്കുവാന്‍ https://kesariweekly.com/32157 സന്ദര്‍ശിക്കുക