ചൈനീസ് പൗരന്മാര്ക്ക് പാകിസ്ഥാനില്‍ രക്ഷയില്ലെങ്കിലും പാക് ഭീകരന്മാരെ രക്ഷിക്കുന്ന കാര്യത്തില്‍ ചൈന ഒരു കുറവും വരുത്തുന്നില്ല. കഴിഞ്ഞ ദിവസം ചൈന സന്ദര്‍ശിച്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോട് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപതി ഷീ ജിങ്പിങ് ദയനീയമായി ആവശ്യപ്പെട്ടത് ഞങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണേ എന്നാണ്. ഷഹബാസ് ഷെരീഫിന് സ്വന്തം തലയുടെ കാര്യത്തില്‍ തന്നെ സുരക്ഷ ഉറപ്പില്ലാത്തപ്പോള്‍ അദ്ദേഹമെങ്ങിനെ ചൈനീസ് പൗരന്മാരുടെ തല രക്ഷിക്കാമെന്നു പറയും. സ്വന്തം പൗരന്മാരുടെ സുരക്ഷ പോയാലും ശരി ഭാരതത്തിനു രക്ഷകിട്ടരുത് എന്നാണ് ഷീ ജിങ്പിങ്ങിന്റെ നിര്‍ബ്ബന്ധം. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയില്‍ ലഷ്കര്‍ ഇ തൊയ്ബ, ജയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുടെ നേതാക്കളുടെ പേര് കരിമ്പട്ടികയില്‍ പെടുത്തണമെന്ന ആവശ്യത്തിന് തടയിട്ടത് ചൈനയാണ്. ഹഫീസ് സെയ്ദ്, മകന് തല്‍ഹ സയ്യിദ്, ഷാഹിദ് മുഹമ്മദ്, അബ്ദുള്‍റഹിമാന്‍ മഖി തുടങ്ങിയ നേതാക്കളെല്ലാം പാകിസ്ഥാനിലിരുന്നാണ് ഭീകരാക്രമണം നടത്തുന്നത്. കരിമ്പട്ടികയില്‍ പെട്ടാല്‍ അവരുടെ നീക്കങ്ങള്‍ തടയാനാകും. ഭാരതത്തില്‍ ഇസ്ലാമിക ഭീകരവാദത്തിന് തീയൂതിക്കൊടുക്കുന്ന സഖാക്കള്‍ക്ക് ഷീ ജിങ് പിങ് മാതൃകയാണ്. എന്നാല്‍ ചൈനീസ് ഏകാധിപതിയ്ക്ക് പാകിസ്ഥാനില്‍ താവളമുറപ്പിച്ചു ആ രാജ്യത്തെ ഊറ്റിയെടുക്കാനാണ് താല്പര്യം. അതിനിടയ്ക്കാണ് ചൈനീസ് കമ്പനികളിലെ ഉദ്യോഗസ്ഥന്മാര് ചാവേറാക്രമണത്തില്‍ ഭസ്മമാകുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ഏപ്രിലില്‍ കറാച്ചിയില്‍ ഒരു ചാവേര്‍ കൊന്നത് മൂന്നു ചൈനക്കാരെയാണ്. ജൂലായ് 9ന് ഒരു ചൈനക്കാരനെ കൊലപ്പെടുത്തി. 2021 ഏപ്രിലില്‍ അഞ്ച് ചൈനക്കാരെ കൊന്നു. ചുണ്ടങ്ങ കൊടുത്താല്‍ വഴുതനങ്ങ കിട്ടുമെന്നാണല്ലോ പഴമക്കാര്‍ പറയുന്നത്. നമ്മുടെ നാട്ടില്‍ ഇങ്ങനെയൊരു ചൊല്ലുണ്ടെന്ന് ഇവിടുത്തെ സഖാക്കള്‍ ചൈനീസ് ഭരണാധികാരിയെ ഉപദേശിക്കുമോ?