മറ്റ് സിദ്ധാന്തങ്ങളെ അപേക്ഷിച്ച് മാര്‍ക്‌സിസത്തിന്റെ നന്മയും മേന്മയുമായി പറഞ്ഞുപോരുന്നത് അതിന്റെ പ്രായോഗികതയാണ്. ഏതെങ്കിലുമൊരു ആശയത്തിന്റെയോ സിദ്ധാന്തത്തിന്റെയോ സാധുത നിര്‍ണയിക്കുന്നത് അതിന്റെ പ്രയോഗമൂല്യമാണെന്ന് മാര്‍ക്‌സിസ്റ്റുകള്‍ ഊറ്റംകൊള്ളുക പതിവാണ്. ആശയങ്ങള്‍ മനോഹരമായതുകൊണ്ടു മാത്രം കാര്യമില്ല. ഇതിന്റെ വിരുദ്ധപക്ഷത്താണത്രേ മാര്‍ക്‌സിസം. ”ഇതുവരെയുള്ള തത്വചിന്തകര്‍ ലോകത്തെ വ്യാഖ്യാനിച്ചിട്ടേയുള്ളൂ. അതിനെ മാറ്റിമറിക്കുകയാണ് വേണ്ടത്.” മാര്‍ക്‌സിന്റെ ശവകൂടീരത്തില്‍പ്പോലും സ്ഥാനം പിടിച്ചിട്ടുള്ള ഈ വാചകം പ്രസിദ്ധമാണല്ലോ. തന്റെ ആശയങ്ങള്‍ മഴവില്ലുപോലെ കണ്ടാസ്വദിക്കാനുള്ളതല്ലെന്നും, സമൂഹത്തില്‍ പ്രയോഗിച്ച് മനുഷ്യരെ ചൂഷണത്തില്‍നിന്ന് മോചിപ്പിച്ച് സമത്വസുന്ദരമായ ലോകത്തിലേക്ക് നയിക്കാനുള്ള പ്രയോഗിക പദ്ധതിയാണ് താന്‍ മുന്നോട്ടുവയ്ക്കുന്നതെന്നുമാണ് മാര്‍ക്‌സ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ഈ വാക്യത്തിലൂടെ അര്‍ത്ഥമാക്കുന്നത്.
വാസ്തവത്തില്‍ മാര്‍ക്‌സിസത്തിന്റെ മികവ് എന്നു പറയുന്നത്, അത് മറ്റെല്ലാ സിദ്ധാന്തങ്ങളെയും നിഷ്പ്രഭവും അപ്രസക്തവുമാക്കുന്നു എന്ന മിഥ്യാ ധാരണ സൃഷ്ടിക്കാന്‍ കഴിഞ്ഞതാണ്. ഏംഗല്‍സിനെയും ലെനിനെയും പോലുള്ള മാര്‍ക്‌സിസ്റ്റുകള്‍ ഇതിനുവേണ്ടി തീവ്രമായി ശ്രമിച്ചു. സോവിയറ്റ് യൂണിയന്റെ പശ്ചാത്തലത്തില്‍ ലെനിന് ഇത് ആവശ്യവുമായിരുന്നു. ”സിദ്ധാന്തം കൂടാതെയുള്ള പ്രയോഗം അന്ധമാണ്. പ്രയോഗിക്കാനാവാത്ത സിദ്ധാന്തം വന്ധ്യവും. പൊതുജനം സിദ്ധാന്തം ഉള്‍ക്കൊള്ളുന്നതോടെ അത് ഭൗതികശക്തിയായി മാറുന്നു” എന്ന് ഏംഗല്‍സ് ആവേശംകൊള്ളുന്നുണ്ട്. ”വിപ്ലവസിദ്ധാന്തമില്ലാതെ വിപ്ലവ പ്രസ്ഥാനമില്ല” എന്നു ലെനിന്‍ വിലയിരുത്തുമ്പോഴും മാര്‍ക്‌സിസത്തിന്റെ പ്രയോഗികതയിലാണ് ഊന്നുന്നത്. എന്നാല്‍ മാര്‍ക്‌സിന്റെ പ്രവചനങ്ങള്‍ക്കും മാര്‍ക്‌സിസത്തിനും ഈ പറയുന്നതൊന്നും ബാധകമല്ലെന്ന നിലപാടാണ് മാര്‍ക്‌സിസ്റ്റുകള്‍ സ്വീകരിക്കുക.
മാനിഫെസ്റ്റോ ജനിക്കുന്നു
ജര്‍മന്‍കാരനായ മാര്‍ക്‌സ് കോളജ് വിദ്യാഭ്യാസകാലത്തുതന്നെ വലിയ മദ്യപാനിയും ആളുകളോട് തല്ലുണ്ടാക്കുന്നവനുമായിരുന്നു. പക്ഷേ നന്നായി പഠിച്ചു. ഹെഗലിനെക്കുറിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സംഘത്തില്‍ ചേര്‍ന്ന മാര്‍ക്‌സ് ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ ഡോക്ടറേറ്റ് നേടി. ഒരു ജര്‍മന്‍ പത്രത്തില്‍ സെന്‍സര്‍ഷിപ്പിനെതിരെ ലേഖനങ്ങള്‍ എഴുതിയിരുന്ന മാര്‍ക്‌സ് വിവാഹശേഷം പാരീസിലേക്കുപോവുകയും പത്രപ്രവര്‍ത്തകനാവുകയും ചെയ്തു. ഇവിടെവച്ചാണ് ഏംഗല്‍സിനെ പരിചയപ്പെടുന്നത്. രാഷ്ട്രീയാശയങ്ങള്‍ പ്രചരിപ്പിച്ചതിന് ഫ്രഞ്ച് സര്‍ക്കാര്‍ പുറത്താക്കിയതിനെതുടര്‍ന്ന് ബെല്‍ജിയത്തിലേക്കുപോയി. അധികം വൈകാതെ ഏംഗല്‍സും ഇവിടെയെത്തി. ഇരുവരും ചേര്‍ന്ന് കമ്യൂണിസ്റ്റ് ലീഗ് എന്ന പേരില്‍ തൊഴിലാളികളുടെ ഒരു സംഘത്തിനു രൂപം നല്‍കി. ഈ സംഘടനയുടെ ആവശ്യപ്രകാരമാണ് മാര്‍ക്‌സും ഏംഗല്‍സും ചേര്‍ന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതുന്നത്. ”യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു, കമ്യൂണിസം എന്ന ഭൂതം” എന്നു പ്രഖ്യാപിക്കുന്നത് ഒരു തണുപ്പുകാലംകൊണ്ട് ഭൂരിഭാഗവും എഴുതിത്തീര്‍ത്ത ഈ മാനിഫെസ്റ്റോയിലാണ്. ഭൂതകാലത്ത് ചരിത്രം എങ്ങനെയാണ് പുരോഗമിച്ചതെന്നും, ഭാവിയിലെ അതിന്റെ വികാസം എങ്ങനെയായിരിക്കുമെന്നതിനും ‘ശാസ്ത്രീയവും സാമ്പത്തികവുമായ’ വിശദീകരണം മാര്‍ക്‌സ് ഈ കൃതിയില്‍ നല്‍കുന്നു.
സമൂഹത്തിന്റെ ചരിത്രം വര്‍ഗസമരത്തിന്റെ ചരിത്രമാണ്. ചരിത്രത്തിലുടനീളം ഒരു സാമ്പത്തിക വര്‍ഗം മറ്റൊന്നിനെ അടിച്ചമര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്. ഒടുവില്‍ അടിസ്ഥാനവര്‍ഗം ഉയര്‍ന്നുവരികയും തങ്ങളുടെ യജമാനന്മാരെ പുറന്തള്ളി തീര്‍ത്തും പുതിയൊരു സമൂഹത്തെ നിര്‍മിക്കുകയും ചെയ്യും. സ്വകാര്യ സ്വത്ത് ഉപയോഗിച്ച് ലാഭമുണ്ടാക്കിയ മര്‍ദ്ദകവര്‍ഗമാണ് ബൂര്‍ഷ്വാസി. ഇവര്‍ തങ്ങളുടെ സ്വത്തും ഭരണകൂടത്തിനുമേലുള്ള സ്വാധീനവും ഉപയോഗിച്ച് വ്യവസായതൊഴിലാളികളെ ചൂഷണം ചെയ്തു. ഇവരാണ് തൊഴിലാളിവര്‍ഗം. ഈ ചൂഷണം പുതിയൊരു വര്‍ഗസമരം സൃഷ്ടിക്കും. ബൂര്‍ഷ്വായെ തൊഴിലാളി വര്‍ഗം അക്രമാസക്തമായി പുറന്തള്ളുന്നതോടെയാണ് ഈ സമരം അവസാനിക്കുക. വര്‍ഗസമരത്തെ നന്നായി മനസ്സിലാക്കുന്നവരാണ് കമ്യൂണിസ്റ്റുകള്‍. ഇവര്‍ തൊഴിലാളി വര്‍ഗത്തെ ഒന്നിപ്പിക്കുകയും അവരെ വിപ്ലവത്തിലേക്ക് നയിച്ച് ഭരണകൂടത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. ഇത് സോഷ്യലിസ്റ്റ് ഘട്ടം. പുതിയ തൊഴിലാളി വര്‍ഗ ഭരണകൂടം ഫാക്ടറികള്‍, ഖനികള്‍, കൃഷിയിടങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിങ്ങനെയുള്ള സ്വകാര്യസ്വത്ത് പിടിച്ചെടുക്കുകയും, അതൊക്കെ തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി വിനിയോഗിക്കുകയും ചെയ്യും. സാമ്പത്തികോല്‍പ്പാദനം തൊഴിലാളി വര്‍ഗം നിയന്ത്രിക്കുന്നതോടെ വര്‍ഗങ്ങള്‍ അപ്രത്യക്ഷമാവുകയും, വര്‍ഗസമരം അവസാനിക്കുകയും ചെയ്യും. ഈ ‘കമ്യൂണിസ്റ്റ് ഘട്ട’ത്തില്‍ ഭരണകൂടത്തിന്റെ ആവശ്യമേ വരുന്നില്ല. ഇതാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ പറയുന്നതിന്റെ ചുരുക്കം.
മാര്‍ക്‌സിനും ഉറപ്പില്ല
‘ഞാന്‍ പുസ്തകങ്ങള്‍ വിഴുങ്ങാന്‍ വിധിക്കപ്പെട്ട ഒരു യന്ത്രമാണ്’ എന്ന് മാര്‍ക്‌സ് തമാശയായി പറഞ്ഞിട്ടുണ്ട്. ഇങ്ങനെ വിഴുങ്ങിയ പുസ്തകങ്ങളാണ് മാര്‍ക്‌സിന്റെ ആശയങ്ങളായി പുറത്തുവന്നതെന്നും പറയാം. അതിലൊന്നാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും. ”കമ്യൂണിസ്റ്റ് വിപ്ലവത്തില്‍ ഭരണവര്‍ഗങ്ങള്‍ നടുങ്ങട്ടെ. തൊഴിലാളിവര്‍ഗത്തിന് നഷ്ടപ്പെടാനൊന്നുമില്ല, അവരുടെ ചങ്ങലകളല്ലാതെ. അവര്‍ക്ക് നേടാന്‍ ഒരു ലോകമുണ്ട്” എന്നിങ്ങനെ ഒരേസമയം അഭിമാനത്തോടെയും പ്രത്യാശയോടെയുമാണ് ഈ പുസ്തകം അവസാനിപ്പിക്കുന്നതെങ്കിലും അനന്തരഫലങ്ങള്‍ മറിച്ചായിരുന്നു. ചരിത്രം വിധികര്‍ത്താവാണ്. അതിന്റെ ആരാച്ചാരന്മാരാണ് തൊഴിലാളി വര്‍ഗം. വിപ്ലവങ്ങള്‍ ചരിത്രത്തിന്റെ തീവണ്ടി എഞ്ചിനുകളാണ് എന്നൊക്കെ മാര്‍ക്‌സ് ആവേശംകൊള്ളുന്നുണ്ടെങ്കിലും ഇതിനനുസരിച്ചൊന്നുമല്ല ചരിത്രം പുരോഗമിച്ചത്.
മാര്‍ക്‌സിന്റെ സിദ്ധാന്തമനുസരിച്ച് പ്രാകൃത കമ്യൂണിസവും ഫ്യൂഡലിസവും മുതലാളിത്തവുമൊക്കെ കടന്നാണല്ലോ സോഷ്യലിസത്തിലെത്തുക. മുതലാളിത്തം പക്വമാകുമ്പോഴാണ് സമൂഹം വിപ്ലവത്തിന് സജ്ജമാവുക. അതിനാല്‍ വ്യാവസായികമായി പുരോഗതി പ്രാപിച്ച സമൂഹങ്ങളാണ് ഇതിന്റെ വേദി. അവിടങ്ങളിലാണ് തൊഴിലാളി വര്‍ഗം ശക്തിപ്പെടുക. മുതലാളിമാര്‍ വില്‍ക്കുന്ന കയറുകൊണ്ടുതന്നെ അവരെ ഞങ്ങള്‍ തൂക്കിലേറ്റുമെന്നൊക്കെ ലെനിന്‍ പറയുന്നത് മാര്‍ക്‌സിന്റെ ഈ നിഗമനം വച്ചുകൊണ്ടാണ്. എന്നാല്‍ ഇക്കാര്യത്തില്‍ മാര്‍ക്‌സിനു പോലും വലിയ ഉറപ്പില്ലായിരുന്നു എന്നതാണ് വിചിത്രമായ കാര്യം.
ലണ്ടനില്‍ 1848 ലാണ് 23 പേജുള്ള ലഘുലേഖയായി കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ജര്‍മന്‍ ഭാഷയില്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. മാര്‍ക്‌സ് ജോലി ചെയ്തിരുന്ന ജര്‍മന്‍ അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള പത്രം ഇത് പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്നു. 1950 ല്‍ ‘ദ റെഡ് റിപ്പബ്ലിക്കന്‍’ എന്ന മാസികയില്‍ ഇംഗ്ലീഷ് പരിഭാഷ പരമ്പരയായി പ്രസിദ്ധീകരിച്ചപ്പോഴാണ് മാര്‍ക്‌സും ഏംഗല്‍സുമാണ് മാനിഫെസ്റ്റോയുടെ ഗ്രന്ഥകാരന്മാരെന്ന് ആദ്യമായി വെളിപ്പെടുന്നത്. മിഖേല്‍ ബകുനിന്‍ എന്ന വിപ്ലവചിന്തകനാണ് മാനിഫെസ്റ്റോ 1869 ല്‍ ആദ്യമായി റഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത്. 1882 ല്‍ വേരാ സസുലിച്ച് എന്ന വിപ്ലവകാരിയായ വനിത രണ്ടാമത്തെ റഷ്യന്‍ പരിഭാഷ നിര്‍വഹിച്ചു. മാര്‍ക്‌സ്-ഏംഗല്‍സുമാരുടെ അവതാരികയോടെയാണ് ഇത് പ്രസിദ്ധീകരിച്ചത്. വ്യാവസായികമായി ഏറെ പുരോഗമിച്ച രാജ്യങ്ങളിലാണ് വിപ്ലവം സംഭവിക്കുകയെന്നാണല്ലോ മാനിഫെസ്റ്റോ പ്രഖ്യാപിക്കുന്നത്. മാനിഫെസ്റ്റോ വായിച്ച റഷ്യന്‍ വിപ്ലവകാരികള്‍ക്കിടയില്‍ ഒരു സംശയമുദിച്ചു. പാകമായ തൊഴിലാളിവര്‍ഗമില്ലാത്ത റഷ്യയില്‍ വിപ്ലവം സാധ്യമാണോ?
വേരാ സസുലിച്ച് തന്നെ ഈ പ്രശ്‌നം മാര്‍ക്‌സിനു മുന്നില്‍ ഉന്നയിച്ചു. ഇതിന് മറുപടി അയച്ച മാര്‍ക്‌സ് പുസ്തകത്തിന്റെ ആമുഖത്തില്‍ ഇക്കാര്യത്തെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. അത് ഇങ്ങനെയാണ്: ”സാരമായി കോട്ടം തട്ടിയിട്ടുണ്ടെന്നിരിക്കിലും പ്രാചീന പൊതു ഉടമസ്ഥതയുടെ ഒരു രൂപമായ ‘ഒബ്ഷ്ചിന’ അഥവാ ഗ്രാമസമുദായത്തിന് കമ്യൂണിസ്റ്റ് പൊതുഭൂവുടമസ്ഥതയെന്ന ഉയര്‍ന്ന രൂപത്തിലേക്ക് നീങ്ങാന്‍ കഴിയുമോ? അതോ, നേരെ മറിച്ച് പാശ്ചാത്യരാജ്യങ്ങളുടെ ചരിത്ര പരിണാമത്തിലുണ്ടായതുപോലെ അതിനും അതേ വിഘടനപ്രക്രിയയിലൂടെ ആദ്യം മുന്നോട്ടുപോകേണ്ടിവരുമോ? ഇന്നത്തെ നിലയ്ക്ക് ഇതിന് ഒരൊറ്റ ഉത്തരമേ സാധ്യമായിട്ടുള്ളൂ. റഷ്യന്‍ വിപ്ലവം പാശ്ചാത്യ രാജ്യങ്ങളിലെ തൊഴിലാളി വര്‍ഗ വിപ്ലവത്തിനു മുന്നോടിയാവുകയും, അവ രണ്ടും അന്യോന്യം പരസ്പര പൂരകമായി ഭവിക്കുകയും ചെയ്യുകയാണെങ്കില്‍ റഷ്യയില്‍ ഇന്നു കാണുന്ന പൊതു ഭൂവുടമ സമ്പ്രദായം കമ്യൂണിസ്റ്റ് രൂപത്തിലേക്കുള്ള വികാസത്തിന്റെ തുടക്കമായിത്തീരാനിടയുണ്ട്.”(37)
ഇവിടെയും നിര്‍ത്താതെ മാര്‍ക്‌സ് ഇങ്ങനെ തുടരുന്നു: ”അങ്ങനെ ഇപ്പോഴിതാ റഷ്യയും! 1848-’49 ലെ വിപ്ലവകാലത്ത് യൂറോപ്യന്‍ രാജാക്കന്മാര്‍ മാത്രമല്ല, യൂറോപ്യന്‍ ബൂര്‍ഷ്വാസികള്‍ പോലും ഉണര്‍ന്നെണീറ്റു തുടങ്ങിയ തൊഴിലാളി വര്‍ഗത്തില്‍നിന്നും തങ്ങള്‍ക്കുള്ള ഏക രക്ഷാമാര്‍ഗം റഷ്യന്‍ ഇടപെടല്‍ ആണ് എന്നു കരുതി. യൂറോപ്യന്‍ പിന്തിരിപ്പന്‍ വ്യവസ്ഥയുടെ തലവനായി സാര്‍ ചക്രവര്‍ത്തി വ്യാഖ്യാനിക്കപ്പെട്ടു. ഇപ്പോള്‍ അയാള്‍ ഗാത്ചിനയിലെ വിപ്ലവയുദ്ധത്തിന്റെ തടവുകാരനാണ്. യൂറോപ്പിലെ വിപ്ലവ സമരത്തിന്റെ മുന്നണിപ്പോരാളിയായി റഷ്യ മാറിയിരിക്കുന്നു.” (38)ഏതാണ്ട് ഇതേ കാലത്തുതന്നെ ഫ്രെഡറിക് സോര്‍ഗിന് എഴുതിയ കത്തിലും മാര്‍ക്‌സ് ഇത് പറയുന്നുണ്ട്. ”ഇതുവരെ പ്രതിവിപ്ലവത്തിന്റെ ഇടര്‍ച്ചയില്ലാത്ത കരിങ്കോട്ടയും കരുതല്‍ സേനയും ആയിരുന്ന കിഴക്കുദിക്കിലാവും (റഷ്യന്‍ സാമ്രാജ്യം) ഇത്തവണ വിപ്ലവം പൊട്ടിപ്പുറപ്പെടുക.”(39) സിദ്ധാന്തങ്ങള്‍ വിസ്മരിച്ച് ഇങ്ങനെയൊക്കെ വീണ്ടുവിചാരം നടത്തുന്ന മാര്‍ക്‌സിന്റെ അത്ഭുതാവഹമായ ദീര്‍ഘദൃഷ്ടിയെയും ഉള്‍ക്കാഴ്ചയെയും പ്രശംസിക്കുകയാണ് മാര്‍ക്‌സിസ്റ്റ് ചിന്തകനായിരുന്ന പി. ഗോവിന്ദപ്പിള്ള! മാര്‍ക്‌സിന്റെ വ്യാജജീവചരിത്രമെഴുതിയ രാമകൃഷ്ണപിള്ളയില്‍നിന്ന് ഗോവിന്ദപ്പിള്ളയിലേക്കുള്ള ദൂരം വളരെ കുറവാണെന്നര്‍ത്ഥം.
ചരിത്രപരമായ അവസരവാദം
സ്വന്തം സിദ്ധാന്തത്തെ മാര്‍ക്‌സുപോലും അവിശ്വസിക്കുന്നതാണ് ഇവിടെ കാണുന്നത്. അനുയായികളെ നഷ്ടപ്പെടാതിരിക്കാന്‍ മാര്‍ക്‌സ് സിദ്ധാന്തത്തില്‍ വെള്ളം ചേര്‍ക്കുന്നു. ചരിത്രപരമായ ഭൗതികവാദത്തെ അലംഘനീയ നിയമങ്ങളായാണ് മാര്‍ക്‌സ് ചരിത്രത്തില്‍ പ്രതിഷ്ഠിച്ചത്. അതനുസരിച്ച് മുതലാളിത്തം പിന്നിട്ടാണ് സോഷ്യലിസത്തിലേക്കു വരാന്‍ കഴിയുന്നത്. വ്യാവസായിക പുരോഗതി തീരെ നേടിയിട്ടില്ലാത്ത അങ്ങേയറ്റം കാര്‍ഷിക രാജ്യമായിരുന്ന റഷ്യയില്‍ വിപ്ലവം സംഭവിച്ചേക്കാമെന്നും, അത് പാശ്ചാത്യ രാജ്യങ്ങളിലെ വിപ്ലവത്തിന് മുന്നോടിയാവുമെന്നുമൊക്കെ മാര്‍ക്‌സ് പറയുന്നതിനെ ചരിത്രപരമായ ഭൗതികവാദമെന്നല്ല, ചരിത്രപരമായ അവസരവാദമെന്നാണ് വിശേഷിപ്പിക്കേണ്ടത്. ദൈവം ഓരോരുത്തരെയും സമ്പൂര്‍ണരായി സൃഷ്ടിച്ചിരിക്കുന്നു എന്നു പറഞ്ഞ സുവിശേഷകനോട് അപ്പോള്‍ താനോ എന്നു ചോദിച്ചുവത്രേ ഒരു കൂനന്‍. ഇത്രയും സമ്പൂര്‍ണമായ കൂന് താന്‍ മറ്റൊരിടത്തും കണ്ടിട്ടില്ല എന്നു സുവിശേഷകന്‍ ഇതിന് മറുപടി പറഞ്ഞതുപോലെയാണ് റഷ്യയിലെ കമ്യൂണിസ്റ്റ് മതവിശ്വാസികള്‍ക്ക് മാര്‍ക്‌സ് നല്‍കുന്ന മറുപടിയും. ”യുക്തി എപ്പോഴും നിലനില്‍ക്കുന്നു. പക്ഷേ എപ്പോഴുമത് യുക്തിപരമായ രീതിയിലല്ലെന്നു മാത്രം” എന്നു മാര്‍ക്‌സുതന്നെ പറഞ്ഞിട്ടുണ്ടല്ലോ.
കാതലായ സൈദ്ധാന്തിക പ്രശ്‌നങ്ങളില്‍ ബുദ്ധിയല്ല, വികാരമാണ് പലപ്പോഴും മാര്‍ക്‌സിനെ നയിച്ചതെന്ന് പറയേണ്ടിവരും. ”പക്ഷേ, അവിടുത്തെ (റഷ്യയിലെ) വ്യാവസായികനിലയിലുള്ള പിന്നോക്കാവാസ്ഥയും തൊഴിലാളി വര്‍ഗത്തിന്റെ അംഗബലക്കുറവും നാടുവാഴി വ്യവസ്ഥയുടെ സര്‍വ്വാംഗീണ സ്വാധീനവും സോഷ്യലിസ്റ്റ് നിലവാരത്തില്‍ എത്തുന്ന പ്രക്ഷോഭങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സാധ്യത തരുന്നില്ല എന്ന ധാരണയായിരുന്നു പലര്‍ക്കും. പക്ഷേ, മാര്‍ക്‌സിനും ഏംഗല്‍സിനും അവിടെ ആരാധകര്‍ വര്‍ധിച്ചുകൊണ്ടിരുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉള്‍പ്പെടെ മാര്‍ക്‌സിസ്റ്റ് ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ പുരോഗാമികള്‍ എന്നു പറയപ്പെടുന്ന രാഷ്ട്രങ്ങളെക്കാള്‍ താല്‍പ്പര്യമാണ് റഷ്യക്കാര്‍ പ്രകടിപ്പിച്ചത്. ജി.എ. ലോപോട്ടിനോടൊപ്പം(മൂലധനം) റഷ്യന്‍ പതിപ്പിന്റെ സഹപ്രവര്‍ത്തകനായിരുന്ന എന്‍.എഫ്. ദാനിയേല്‍സണ്‍ തങ്ങളുടെ വിവര്‍ത്തനത്തെ തുടര്‍ന്ന് മിക്ക റഷ്യന്‍ പത്രങ്ങളും നിരൂപണങ്ങള്‍ പ്രസിദ്ധപ്പെടുത്തി എന്നറിയിച്ചപ്പോള്‍ മാര്‍ക്‌സ് സന്തോ ഷംകൊണ്ട് തുള്ളിച്ചാടി ” (40) എന്നാണ് ‘മൂലധന’ത്തിന്റെ മലയാള പരിഭാഷയ്ക്ക് എഴുതിയ ആസ്വാദനത്തില്‍, ഒരു വികാര ജീവിയായ മാര്‍ക്‌സിനെ ഗോവിന്ദപ്പിള്ള വരച്ചുകാട്ടുന്നത്.
തൊഴിലാളി വര്‍ഗ സര്‍വാധിപത്യത്തിലൂടെ സോഷ്യലിസം പ്രാവര്‍ത്തികമാക്കാമെന്ന ആശയം മുന്നോട്ടുവച്ചു എന്നതാണ് മറ്റ് സോഷ്യലിസ്റ്റുകളില്‍നിന്നും മാര്‍ക്‌സിനെ വ്യത്യസ്തനാക്കുന്നത്. ഇങ്ങനെയൊന്ന് സംഭവിച്ചു കാണാന്‍ മാര്‍ക്‌സ് അക്ഷമനായിരുന്നു. ലോകത്തിന്റെ പല ഭാഗത്തും തൊഴിലാളി സംഘടനകള്‍ രൂപംകൊള്ളുകയും, അവര്‍ പണിമുടക്കുകളും ചെറിയ കലാപങ്ങളും നടത്തുകയും ചെയ്തത് മാര്‍ക്‌സിനെ ആവേശഭരിതനാക്കുകയും ചെയ്തു. ഇതിലൊന്നായിരുന്നു ‘പാരീസ് കമ്യൂണ്‍’ എന്ന സംഭവം.
‘തൊഴിലാളി വര്‍ഗ സര്‍വാധിപത്യം’ എന്ന ആശയത്തെക്കുറിച്ച് അവ്യക്തതകള്‍ നിലനില്‍ക്കുകയും, വിമര്‍ശനങ്ങള്‍ ഉയരുകയും, മാര്‍ക്‌സുതന്നെയും സംശയാലു ആവുകയുംചെയ്ത സാഹചര്യത്തിലാണ് പാരീസ് കമ്യൂണ്‍ നടക്കുന്നത്. വിമര്‍ശകര്‍ക്ക് മറുപടി പറയാനും, അത് സമര്‍ത്ഥിക്കാനും വിശദീകരിക്കാനുമുള്ള അവസരമായി മാര്‍ക്‌സ് ഇതിനെ കണ്ടു. ‘അഡ്രസ് ഓണ്‍ ദ സിവില്‍ വാര്‍ ഇന്‍ ഫ്രാന്‍സ്’ എന്ന ഗ്രന്ഥത്തില്‍ ‘പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹ്യവിപ്ലവത്തിന്റെ തുടക്കം’ എന്നാണ് മാര്‍ക്‌സ് പാരീസ് കമ്യൂണിനെ വിശേഷിപ്പിക്കുന്നത്. പാരീസില്‍ അതിന്റെ വിധി എന്തുതന്നെയായിരുന്നാലും… എന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
പ്രലോഭിപ്പിച്ച് പാരീസ് കമ്യൂണ്‍
ലോകത്തെ ആദ്യ തൊഴിലാളി വര്‍ഗ വിപ്ലവമായി പാരീസ് കമ്യൂണ്‍ ചിത്രീകരിക്കപ്പെടുന്നുണ്ടെങ്കിലും ഫ്രഞ്ച്-ജര്‍മന്‍ യുദ്ധത്തിന്റെ ഉപോല്‍പ്പന്നമായിരുന്നു അത്. ലൂയി നെപ്പോളിയന്‍ മൂന്നാമന്റെ കാലത്തെ ഈ യുദ്ധത്തില്‍ ഫ്രാന്‍സ് പരാജയപ്പെട്ടു. ജര്‍മനി അപമാനകരമായ യുദ്ധവ്യവസ്ഥകള്‍ ഫ്രാന്‍സിനുമേല്‍ അടിച്ചേല്‍പ്പിച്ചു. യുദ്ധകാലത്ത് ജര്‍മന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍നിന്ന് പാരീസിനെ രക്ഷിച്ചത് ദേശീയ ഗാര്‍ഡുകള്‍ എന്നറിയപ്പെട്ട ആയുധമേന്തിയ തൊഴിലാളികളായിരുന്നു. ഈ ആയുധങ്ങള്‍ തിരിച്ചുവാങ്ങാന്‍ ശ്രമം നടന്നപ്പോള്‍ എതിര്‍പ്പുയര്‍ന്നു. ഇവര്‍ രണ്ട് ഫ്രഞ്ച് സൈനിക ജനറല്‍മാരെ വധിക്കുകയും, പാരീസ് നഗരത്തിന്റെ അധികാരം പിടിച്ചെടുക്കുകയും ചെയ്തു. അറുപതംഗ സ്വതന്ത്ര സര്‍ക്കാര്‍ രൂപീകരിക്കുകയും 72 ദിവസം (1871 മാര്‍ച്ച് 18- മെയ് 28) ഭരിക്കുകയും ചെയ്തു. എന്നാല്‍ സംയുക്ത സൈന്യം പാരീസിനെ ആക്രമിച്ച് 20,000 പേരെ കൂട്ടക്കൊല ചെയ്തു. പതിനായിരങ്ങളെ പിടികൂടി തടവിലാക്കി. ഇതാണ് സംഭവിച്ചത്.
തൊഴിലാളിവര്‍ഗം അധികാരം കയ്യടക്കുന്നതിന്റെ ആദ്യ ഉദാഹരണമായാണ് മാര്‍ക്‌സ് പാരീസ് കമ്യൂണിനെ കണ്ടത്. തന്റെ എതിരാളികളായ സാങ്കല്‍പ്പിക സോഷ്യലിസ്റ്റുകള്‍ ഭാവിസമൂഹത്തെക്കുറിച്ചുള്ള ദിവാസ്വപ്‌നങ്ങള്‍ കണ്ടുനടന്നപ്പോള്‍ മുതലാളിത്തത്തിനും വര്‍ഗരഹിത കമ്യൂണിസത്തിനുമിടയിലുള്ള മാറ്റത്തെക്കുറിച്ച് വിശദീകരിക്കാന്‍ പാരീസ് കമ്യൂണ്‍ ഉപകരിക്കുമെന്ന് മാര്‍ക്‌സ് കരുതി. ഇതില്‍ ഒരു അവസരവാദത്തിന്റെ പ്രശ്‌നമുണ്ട്. തന്ത്രപരമായ പിഴവായിരിക്കുമെന്നു പറഞ്ഞ് 1870 സപ്തംബര്‍ മുതല്‍ ഫ്രഞ്ച് തലസ്ഥാനത്ത് കലാപത്തിനുള്ള ഏതൊരു ശ്രമത്തെയും മാര്‍ക്‌സും ഏംഗല്‍സും ലോകതൊഴിലാളികളുടെ സംഘടനയായ ഒന്നാം ഇന്റര്‍നാഷണലില്‍ എതിര്‍ത്തുപോരികയായിരുന്നു. എന്നാല്‍ കലാപം തുടങ്ങിയെന്നറിഞ്ഞതോടെ രണ്ടുപേരും അതിന് പിന്തുണ പ്രഖ്യാപിച്ചു. പുതിയ സമൂഹത്തിന്റെ മുന്നോടിയെന്ന് വിലയിരുത്തി പാരീസ് വിപ്ലവകാരികളുടെ ചരിത്രപരമായ തുടക്കം, ത്യാഗസന്നദ്ധത എന്നിവയില്‍ ആവേശംകൊണ്ട് ജര്‍മന്‍ സാമൂഹ്യ ചിന്തകന്‍ ലുദ്‌വിഗ് കൂഗെല്‍മാന് മാര്‍ക്‌സ് കത്തെഴുതുകയും ചെയ്തു. ”പാരീസില്‍ നടന്ന ജൂണ്‍ ഉയര്‍ത്തെഴുന്നേല്‍പ്പിനുശേഷമുള്ള പാര്‍ട്ടിയുടെ മഹത്തായ ഉദ്യമം” എന്നാണ് മാര്‍ക്‌സ് കലാപത്തെ വിശേഷിപ്പിക്കുന്നത്. കൂഗെല്‍മാന് എഴുതിയ മറ്റൊരു കത്തില്‍ മാര്‍ക്‌സിന് ആവേശം അടക്കാനാവുന്നില്ല. മുതലാളിത്ത വര്‍ഗത്തിനും അതിന്റെ ഭരണകൂടത്തിനുമെതിരായ തൊഴിലാളി വര്‍ഗത്തിന്റെ സമരം പാരീസില്‍ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നുവെന്നും, അനന്തരഫലം എന്തുതന്നെയായിരുന്നാലും കുഴപ്പമില്ലെന്നുമാണ് ഇതില്‍ പറയുന്നത്. ”പാരീസിലേക്ക് നോക്കൂ-കമ്യൂണ്‍, അതായിരുന്നു തൊഴിലാളി വര്‍ഗത്തിന്റെ സ്വേച്ഛാധിപത്യം” എന്ന് ഏംഗല്‍സും അഭിമാനം കൊണ്ടു.
സ്വര്‍ഗകവാടത്തിലൂടെ നരകത്തിലേക്ക്
പാരീസില്‍ ഈ വിപ്ലവമൊക്കെ നടക്കുമ്പോള്‍ മാര്‍ക്‌സ് ലണ്ടനിലിരുന്ന് ‘ഫ്രാന്‍സിലെ ആഭ്യന്തരയുദ്ധം’ എന്ന പുസ്തകമെഴുതുകയായിരുന്നു. മാര്‍ക്‌സ് ജര്‍മനിയിലെത്തുമെന്ന് കിംവദന്തികള്‍ പ്രചരിച്ചെങ്കിലും അതുണ്ടായില്ല. വിപ്ലവത്തെ വാഴ്ത്തുന്നതുപോലെയല്ലല്ലോ അതില്‍ പങ്കെടുക്കുന്നത്. ബൂര്‍ഷ്വാ ഭരണാധികാരികളെ പുറത്താക്കി അധികാരം പിടിച്ച പാരീസ് കമ്യൂണിലെ വിപ്ലവകാരികളെ മാര്‍ക്‌സ് വിശേഷിപ്പിച്ചത് ‘സ്വര്‍ഗകവാടം തള്ളിത്തുറന്നവര്‍’ എന്നാണ്. എന്നാല്‍ വിപ്ലവം പരാജയപ്പെട്ടതോടെ അതിന്റെ തെറ്റുകുറ്റങ്ങള്‍ വിലയിരുത്തി മാര്‍ക്‌സ് സ്വയം ന്യായീകരിച്ചു. ഒരുവര്‍ഷം കഴിഞ്ഞ്(1872) കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ജര്‍മന്‍ പതിപ്പിന് എഴുതിയ ആമുഖത്തില്‍ മാര്‍ക്‌സും ഏംഗല്‍സും ആശയപരമായി തങ്ങളുടെ നില ഇപ്രകാരം ഭദ്രമാക്കി: ”മുന്‍പുള്ളവരുണ്ടാക്കിയ ഭരണകൂടത്തെ കൈവശപ്പെടുത്തി സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി അതേപടി ഉപയോഗിക്കാന്‍ തൊഴിലാളി വര്‍ഗത്തിന് സാധ്യമല്ലെന്ന് പാരീസ് കമ്യൂണ്‍ തെളിയിച്ചു.” തൊഴിലാളികള്‍ മുതലാളിത്ത ഭരണ സംവിധാനം തകര്‍ത്ത് പോലീസും സൈന്യവും ഉദ്യോഗസ്ഥരുമൊന്നുമില്ലാത്ത പുതിയൊരു ഭരണകൂടം നിര്‍മിക്കണമെന്നും, ഇതില്‍ വരുന്ന ഉദ്യോഗസ്ഥര്‍ എല്ലാവരും തെരഞ്ഞെടുക്കപ്പെട്ടവരും എപ്പോള്‍ വേണമെങ്കിലും തിരിച്ചുവിളിക്കാവുന്നവരുമാകണമെന്നും പാരീസ് കമ്യൂണിന്റെ പരാജയത്തെ തുടര്‍ന്ന് പൂര്‍ത്തിയാക്കിയ ‘ഫ്രാന്‍സിലെ ആഭ്യന്തരയുദ്ധം’ എന്ന പുസ്തകത്തില്‍ മാര്‍ക്‌സ് നിര്‍ദേശിക്കുന്നു. സ്വര്‍ഗകവാടം തള്ളിത്തുറന്നവര്‍ അവിടേക്ക് പ്രവേശിക്കാനാവാതെ നിത്യനരകത്തിലേക്ക് നിപതിക്കുകയായിരുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തൊഴിലാളി വര്‍ഗം സ്വന്തം ഭരണകൂടം സ്ഥാപിക്കുന്നത് എങ്ങനെയെന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. ബ്രിട്ടീഷ് മ്യൂസിയത്തില്‍ വര്‍ഷങ്ങളോളം നടത്തിയ ഗവേഷണമല്ല, പാരീസ് കമ്യൂണിന്റെ പരാജയമാണ് തൊഴിലാളി വര്‍ഗം ഏതുതരം ഭരണകൂടമാണ് സ്ഥാപിക്കേണ്ടതെന്ന് മാര്‍ക്‌സിനെ പഠിപ്പിച്ചത്. വല്ലാത്ത ദാര്‍ശനികന്‍ തന്നെ!
മാര്‍ക്‌സ് തൊഴിലാളി വര്‍ഗ സര്‍വാധിപത്യം എന്ന ആശയത്തിന് രൂപംനല്‍കി രണ്ട് പതിറ്റാണ്ടുകഴിഞ്ഞാണ് പാരീസ് കമ്യൂണ്‍ അരങ്ങേറുന്നത്. തന്റെ സിദ്ധാന്തം വിജയിച്ചിരിക്കുന്നതായി ലോകത്തോട് വിളിച്ചുപറയാന്‍ പാരീസ് കമ്യൂണ്‍ സംഭവം ഉപയോഗിച്ച മാര്‍ക്‌സ്, അത് ദയനീയവും ഭീകരവുമായി പരാജയപ്പെട്ടെന്നു വന്നപ്പോള്‍ പുതിയ അടവുനയം പുറത്തെടുത്തു. ശരിക്കു പറഞ്ഞാല്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ ചരിത്രപാഠം ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ പാരീസ് കമ്യൂണിനോട് വസ്തുനിഷ്ഠമായ സമീപനം മാര്‍ക്‌സിന് സ്വീകരിക്കാന്‍ കഴിയുമായിരുന്നു. ഫ്രഞ്ച് വിപ്ലവം അവസാനിച്ചത് നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ രാജഭരണത്തോടെയായിരുന്നുവല്ലോ. ഈ നെപ്പോളിയന്റെ മരുമകന്‍ (വിവാഹമോചനം നേടിയ ഭാര്യ ജോസഫൈന് മറ്റൊരാളില്‍ ജനിച്ചത്) ലൂയിസ് നെപ്പോളിയന്‍ മൂന്നാമനെതിരെയായിരുന്നുവല്ലോ പാരീസ് കമ്യൂണ്‍. നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെയും, പതിമൂന്നു വര്‍ഷം കഴിഞ്ഞുള്ള മരുമകന്റെയും വരവിനെ വിശദീകരിക്കാനും ന്യായീകരിക്കാനും മാര്‍ക്‌സിന് ‘എയ്റ്റീന്‍ത് ബ്രൂമിയര്‍ ഓഫ് ലൂയിസ് ബോണപ്പാര്‍ട്ട്’ എന്ന പ്രബന്ധത്തിലെ ഒറ്റ വരി മതിയായിരുന്നു-ചരിത്രം രണ്ടുതവണ ആവര്‍ത്തിക്കും. ആദ്യം ദുരന്തമായും അനന്തരം പ്രഹസനമായും. ഏറെ ആവര്‍ത്തിക്കപ്പെടുന്ന ഈ വാചകംപോലും മാര്‍ക്‌സ്, ഹെഗലില്‍നിന്ന് കടംകൊണ്ടതാണ്.
(തുടരും)
അടിക്കുറിപ്പുകള്‍:-
37. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, മാര്‍ക്‌സ്-ഏംഗല്‍സ്.
38. കയശറ
39. മൂലധനം (ഒന്നാം വാള്യം), കാറല്‍ മാര്‍ക്‌സ്, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം.
40. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, മാര്‍ക്‌സ്-ഏംഗല്‍സ്.
ആറാം ഭാഗം https://kesariweekly.com/31997 വായിക്കുവാന്‍ സന്ദര്‍ശിക്കുക