കേവലം 27 വയസ്സ് പ്രായത്തിനുള്ളില്‍ ഹിമാലയ സദൃശമായ അറിവിന്റെ ഉടമയായിത്തീര്‍ന്ന ചട്ടമ്പി സ്വാമികള്‍ ഏവര്‍ക്കും ആരാധ്യനായി. ഈ അറിവുകള്‍ തന്റെ നാട്ടിലെ ജനങ്ങള്‍ക്ക് പ്രയോജനപ്രദമാക്കണമെന്ന് അദ്ദേഹം നിശ്ചയിച്ചു. തിരുവനന്തപുരത്ത് ശ്രീപത്മനാഭക്ഷേത്രത്തിന്റെ പിന്‍ഭാഗത്തുള്ള കൂപക്കര മഠം എന്ന ബ്രാഹ്‌മണഗൃഹത്തില്‍ അത്യപൂര്‍വ്വങ്ങളായ മന്ത്രതന്ത്ര ശാസ്ത്രഗ്രന്ഥങ്ങളുടെ ഒരു ബൃഹത്തായ കയ്യെഴുത്ത് ശേഖരം ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. അതൊന്ന് കണ്ടാല്‍ കൊള്ളാമെന്ന് മഠാധിപതിയെ അദ്ദേഹം അറിയിച്ചു. അനുമതി കിട്ടിയതിനെ തുടര്‍ന്ന് ഒരു ഗ്രന്ഥവും പുറത്തേയ്‌ക്കെടുക്കില്ലെന്ന നിബന്ധനപ്രകാരം ഗ്രന്ഥപ്പുരയില്‍ പ്രവേശിച്ച് ഊണും ഉറക്കവുമില്ലാതെ മൂന്നുനാലുദിവസം കിട്ടിയ അവസരം പൂര്‍ണ്ണമായും ഉപയോഗിക്കുകയും ചെയ്തു. ഒരു തവണ വായിച്ചാല്‍ ഗ്രഹിക്കുവാനുള്ള കഴിവും അപാര ഓര്‍മ്മ ശക്തിയും ഉള്ളതിനാല്‍ ലക്ഷ്യം നിറവേറ്റി പുറത്തിറങ്ങിയ സ്വാമികളോട് മഠാധിപതി ‘എന്തെല്ലാം നോക്കി’ എന്ന് ചോദിച്ചു. ‘ഉള്ളതെല്ലാം നോക്കി’ എന്നായിരുന്നു മറുപടി. പുസ്തകങ്ങളെ സംബന്ധിച്ച സംവാദങ്ങളില്‍ സ്വാമിയുടെ മറുപടികളാല്‍ വിസ്മയ പരതന്ത്രനായിത്തീര്‍ന്ന ആ ബ്രാഹ്‌മണശ്രേഷ്ഠന്‍, ”കുഞ്ഞാ, നീ തന്നെ വിദ്യാധിരാജന്‍” എന്നു പറഞ്ഞുവത്രെ. അങ്ങനെയാണ് ആ ബിരുദം ചട്ടമ്പിസ്വാമികള്‍ക്ക് ലഭിച്ചത്.