ഒരു കേരളപ്പിറവിദിനം കൂടി നമ്മെ കടന്നു പോവുകയാണ്. നമ്മുടെ പ്രിയപ്പെട്ട ഈ സംസ്ഥാനം ഔദ്യോഗികമായി പിറവികൊണ്ടിട്ട് 2022 നവംബര്‍ ഒന്നിലേക്ക് 66 വര്‍ഷം പൂര്‍ത്തിയാവുന്നു. അത്തരമൊരു ഔദ്യോഗിക രൂപീകരണത്തിന് ഇടയാക്കിയ പശ്ചാത്തലം നമുക്ക് ആദ്യം പരിശോധിക്കാം.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 1920ലെ നാഗ്പൂര്‍ സമ്മേളനം, സംസ്ഥാന കോണ്‍ഗ്രസ്സ് കമ്മിറ്റികള്‍, ഭാഷാടിസ്ഥാനത്തില്‍ സംഘടിപ്പിക്കണമെന്ന് പ്രമേയം പാസ്സാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകളിലൂള്ള യൂണിറ്റുകളെ ഒന്നാക്കി കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി) എന്ന് പുനര്‍നാമകരണം ചെയ്തത്. എന്നാല്‍ ഐക്യകേരളം എന്ന ആശയം ആദ്യം രൂപം കൊള്ളുന്നത് അക്കാലത്ത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതിയ ഒരു കുറിപ്പില്‍ നിന്നുമാണ്.
1921ല്‍ ഒറ്റപ്പാലത്ത് ചേര്‍ന്ന കെ.പി.സി.സി. സമ്മേളനം ഒരു ഐക്യകേരള കമ്മിറ്റിക്ക് രൂപം കൊടുക്കുകയും തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി കേരള സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 1938ല്‍ കെ.പി.സി.സി. പ്രതിനിധി സംഘം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയെ സമീപിച്ച്, ഭാരതം സ്വതന്ത്രമാവുമ്പോള്‍ ഐക്യകേരളം രൂപീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 1946 സപ്തംബറില്‍ ചേര്‍ന്ന കെ.പി.സി.സി. പ്രവര്‍ത്തക സമിതിയോഗം മേല്‍പ്പറഞ്ഞ എല്ലാ മേഖലകളിലേയും വിവിധ രാഷ്ട്രീയ പ്രതിനിധികളടങ്ങുന്ന സംയുക്ത സമിതി രൂപീകരിക്കുന്നതിനായി കേളപ്പജി കണ്‍വീനറായുള്ള ഒരു സബ് കമ്മറ്റിയെ ചുമതലപ്പെടുത്തി.
1946 ഒക്‌ടോബറില്‍ കെ.പി. കേശവമേനോന്റെ അദ്ധ്യക്ഷതയില്‍ ചെറുതുരുത്തിയില്‍ ചേര്‍ന്ന യോഗം ഐക്യകേരള സമ്മേളനം വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചു. അങ്ങിനെ 1947 ഏപ്രിലില്‍ കേളപ്പജിയുടെ അദ്ധ്യക്ഷതയില്‍ തൃശ്ശൂരില്‍ നടന്ന ഐക്യകേരള കണ്‍വെന്‍ഷന്‍ കൊച്ചി മഹാരാജാവായിരുന്ന കേരളവര്‍മ്മയാണ് ഉദ്ഘാടനം ചെയ്തത്. സ്വാതന്ത്ര്യാനന്തരം 1948ല്‍ ആലുവയില്‍ ചേര്‍ന്ന ഐക്യകേരള കണ്‍വെന്‍ഷന്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍, കേളപ്പജി പ്രസിഡന്റും കെ.എ. ദാമോദര മേനോന്‍ സിക്രട്ടറിയുമായി ഒരു 15 അംഗ കമ്മിറ്റിയെ നിയോഗിച്ചു.
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ രൂപം കൊള്ളുന്നതിന് ഇന്ത്യയിലെങ്ങും പഠനം നടത്താന്‍ രൂപീകരിക്കപ്പെട്ട സംസ്ഥാന പുനഃസംഘടനാ കമ്മീഷനാണ് (1953) മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന കേരള സംസ്ഥാനം രൂപവത്കരിക്കാന്‍ ഭാരത സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത് (1955). ഇപ്രകാരം 1956ല്‍ സംസ്ഥാന പുനഃസംഘടനാനിയമം നിലവില്‍ വരികയും ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണങ്ങള്‍ക്ക് ആധാരമായിട്ടുള്ള ഈ നിയമമനുസരിച്ച് തിരുവിതാംകൂര്‍, കൊച്ചി, നാട്ടുരാജ്യങ്ങളും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിട്ടുള്ള മലബാര്‍ പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്ത് 1956 നവംബര്‍ 1ന് കേരളം എന്ന സംസ്ഥാനം രൂപവത്ക്കരിക്കുകയും ചെയ്തു. തീര്‍ത്തും ഔദ്യോഗികവും ഭരണപരവുമായ ഒരു പിറവികൊള്ളലാണ് ഇവിടെ സംഭവിച്ചത്.
അങ്ങിനെയുള്ള ഔദ്യോഗിക കേരളം രൂപം കൊണ്ടതിനുശേഷം ആദ്യമായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ (1957) അധികാരം ലഭിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കായിരുന്നു. ആശയതലത്തില്‍ 1920കളുടെ ആദ്യ പകുതിയിലും പ്രായോഗിക തലത്തില്‍ 1930കളുടെ അന്ത്യപാദത്തിലും കേരളത്തില്‍ രൂപപ്പെട്ടുവന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം സ്വാഭാവികമായും ഇന്ത്യന്‍ മണ്ണിനു യോജിച്ചുപോകാന്‍ പ്രയാസമുള്ള ഒരു പ്രത്യയശാസ്ത്രമായിരുന്നു. നമ്മുടെ നാടിന്റെ സാംസ്‌കാരിക പൈതൃകത്തേയോ രാഷ്ട്രത്തിന്റെ അഖണ്ഡതയേയോ അവര്‍ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ഭാരതം ഒരു ഏകരാഷ്ട്രമല്ലെന്നും 17 ദേശീയതകളുടെ സമുച്ചയമാണെന്നുമുള്ള മൂഢസിദ്ധാന്തം അവതരിപ്പിച്ചവരാണവര്‍. മതവിരുദ്ധരെന്ന് ഉറക്കെപ്പറയുമ്പോഴും, തീര്‍ത്തും മതപരം മാത്രമായിരുന്ന, രാഷ്ട്രവിഭജനത്തെ സര്‍വ്വാത്മനാ പിന്തുണയ്ക്കാന്‍ ഒരു മടിയും അവര്‍ കാണിച്ചിരുന്നില്ല. വേറിടല്‍ മനോഭാവത്തിന് ഏറ്റവും അനുയോജ്യമായത് മുസ്ലിം വര്‍ഗ്ഗീയതയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആ വര്‍ഗ്ഗീയതയെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണക്കുന്നതിന് അവര്‍ക്ക് ഒട്ടും സങ്കോചമേ ഉണ്ടായിരുന്നില്ല എന്നതിനു ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം വിശേഷിച്ചും കേരളചരിത്രം സാക്ഷിയാണ്.
1956ല്‍ ഔദ്യോഗികമായി കേരളസംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോള്‍ എന്തായിരുന്നു ഇവിടുത്തെ സ്ഥിതി എന്നു നോക്കാം. വിദ്യാഭ്യാസ നിലവാരത്തില്‍ രാജ്യത്ത് ഒന്നാംസ്ഥാനമായിരുന്നു കേരളത്തിന്. സാക്ഷരതാ നിരക്കാണെങ്കില്‍ ദേശീയ ശരാശരിയുടെ രണ്ടര ഇരട്ടി. മികച്ച നിലവാരമുള്ള റോഡുകള്‍ ഉണ്ടായിരുന്നു; എന്നതു മാത്രമല്ല, റോഡ് സാന്ദ്രത ദേശീയ ശരാശരിയുടെ മൂന്നിരട്ടിയായിരുന്നു. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ കോണ്‍ക്രീറ്റ് റോഡ് ഉള്ളത് കേരളത്തിലായിരുന്നു. ഉള്‍നാടന്‍ ജല ഗതാഗതത്തിന്റെ അഞ്ചിലൊന്നും ഉള്ളത് ഇവിടെയായിരുന്നു. ആകെ ഇവിടെ ഉണ്ടായിരുന്ന 25 പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. സംസ്ഥാന വരുമാനത്തിന്റെ 53%വും കാര്‍ഷികമേഖലയില്‍ നിന്നാണ് എന്നതായിരുന്നു മുഖ്യസവിശേഷത. ഭാരതത്തിനു ലഭിച്ചിരുന്ന വിദേശനാണ്യത്തിന്റെ ഭൂരിഭാഗവും കേരളത്തിലെ കാര്‍ഷിക വിളകളില്‍ നിന്നായിരുന്നു, അതായത്, നാളികേരം, റബര്‍, കശുവണ്ടി, കുരുമുളക്, ഏലം, മരച്ചീനി, അടയ്ക്ക എന്നിവയുടെ 90 ശതമാനവും കേരളത്തില്‍ നിന്നാണ് ഉല്പാദിപ്പിച്ചിരുന്നത്. ആരോഗ്യ വികസന സൂചികകളില്‍ ഒന്നാം സ്ഥാനവും മരണനിരക്കിലും ശിശുമരണനിരക്കിലും ദേശീയ ശരാശരിയുടെ പകുതിയും ആയിരുന്നു അക്കാലത്തെ കേരളത്തിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് (അവലംബം – ജന്മഭൂമി 2016 മെയ് 09). ഈ ഒരു സ്ഥിതിവിവരക്കണക്കു വെച്ചുകൊണ്ടാണ് നമ്മുടെ രാഷ്ട്രീയനേതാക്കന്മാര്‍ കേരളം നമ്പര്‍ വണ്‍ എന്നു പറഞ്ഞുകൊണ്ടിരിക്കുന്നത്.
സ്ഥിതിവിവരക്കണക്കിലെ ഈ ഒരു ലെവലില്‍ നിന്നും ജനകീയ സര്‍ക്കാരുകള്‍ ഭരിച്ചതിനുശേഷമുള്ള കണക്കുകളിലേക്ക് എത്തിനോക്കുമ്പോഴാണ് നാം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചു പോകുന്നത്. കാര്‍ഷികമേഖല എവിടെയെത്തി നില്‍ക്കുന്നു… നമുക്ക് വേണ്ട ഏതെങ്കിലും കാര്‍ഷികോല്‍പ്പന്നത്തില്‍ നാം സ്വയംപര്യാപ്തമാണോ…. ആരോഗ്യമേഖലയിലെ സ്ഥിതിയോ… ഇന്ത്യയിലെ ഡയബറ്റിക് തലസ്ഥാനം ആണ് കേരളം. ജീവിതശൈലീരോഗങ്ങളുടെ ഈറ്റില്ലമാണിവിടം. ക്യാന്‍സറിന്റെ കാര്യത്തിലും അഭൂതപൂര്‍വ്വമായ മുന്നേറ്റമാണ് കേരളം കാഴ്ചവെച്ചത് എന്നത് നമ്മെ ഏറെ അസ്വസ്ഥമാക്കുന്നു. മൂന്നര ലക്ഷം കോടിയോളം രൂപയുടെ കടബാധ്യതയുമായി നില്‍ക്കുന്ന ഒരു ദരിദ്രകേരളമാണ് നമുക്കു മുന്നിലുള്ളത്. പിറന്ന് വീഴുന്ന ഓരോ കുട്ടിയും ഒരു ലക്ഷത്തിലേറെ രൂപയുടെ കടവുമായാണത്രെ ഭൂമിയിലേക്ക് കടന്നുവരുന്നത്. ക്രൈം റേറ്റില്‍ നമ്മള്‍ എവിടെ എത്തി നില്‍ക്കുന്നു എന്നത് അത്യന്തം ഭീതിദമായ അനുഭവമാണ്. ഇത്തരമൊരു ദയനീയാവസ്ഥയിലേക്ക് എത്തിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും, ഇക്കാലമത്രയും നമ്മെ ഭരിച്ച രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഒരിക്കലും ഒഴിഞ്ഞു നില്‍ക്കാനാകില്ല എന്നതല്ലേ യാഥാര്‍ത്ഥ്യം….?
ജാതിവിവേചനം കൊണ്ട് പൊറുതിമുട്ടിയ ഒരു സമൂഹം… സ്വാമി വിവേകാനന്ദനെക്കൊണ്ട് ഭ്രാന്താലയം എന്നു വിളിപ്പിച്ച ആ സമൂഹത്തെ, ഗാന്ധിജിയെപ്പോലുള്ള ഒരു മഹാത്മാവിനെക്കൊണ്ട് തീര്‍ത്ഥാലയം എന്നു വിളിപ്പിക്കാന്‍ പാകത്തിലാക്കിയ നാലുദശാബ്ദങ്ങളുടെ അക്ഷീണ പരിശ്രമത്തിന്റെ ദേശീയ നവോത്ഥാന മൂല്യങ്ങളെ, തികച്ചും വൈദേശികമായ, ഇരുളടഞ്ഞ ഒരു പ്രത്യയശാസ്ത്രത്തിന്റെ മൂശയിലിട്ട് വികൃതമാക്കിയതിന്റെ നേര്‍ചിത്രമാണ് നാമിന്നു കാണുന്ന ഈ ദുരവസ്ഥ. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കു ശമ്പളം കൊടുക്കണമെങ്കില്‍ പോലും കടം വാങ്ങേണ്ടിവരുന്ന ഒരു സംസ്ഥാനമാണ് സമ്പൂര്‍ണ്ണവികസനമാണിവിടെ ഉള്ളതെന്ന് വാതോരാതെ സംസാരിക്കുന്നത്. ഇതാണ് ഏറെ കൗതുകകരവും അത്ഭുതകരവുമായിട്ടുള്ള സംഗതി. എന്നിട്ടും ”ഇത് ഖേരളമാണ്” എന്ന വീരവാദത്തിന് ഒരു കുറവുമില്ല. ശ്രീശങ്കരന്റേയും ശ്രീനാരായണന്റേയും മൂല്യാധിഷ്ഠിത ചിന്തകള്‍ അരങ്ങുവാണിരുന്ന ഒരു സമൂഹത്തിന്റെ മേലേക്ക് വരട്ടു പ്രത്യയശാസ്ത്രത്തിന്റെ ചിന്താശൂന്യതയെ മറച്ചുവെച്ചുകൊണ്ടാണ് തേനൂറും വാക്കുകളിലൂടെ ഒരു സങ്കല്പസ്വര്‍ഗത്തിന്റെ മിഥ്യാബോധം അടിച്ചേല്‍പ്പിച്ചത്. ആ മിഥ്യാബോധത്തിന്റെ ആലസ്യത്തില്‍ കിടന്ന അവര്‍ക്ക് തങ്ങളെ ധരിപ്പിച്ചുവെച്ച മുഖാവരണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. കാപട്യത്തിന്റെ ആ പൊയ്മുഖം എടുത്തുമാറ്റാന്‍ പ്രത്യയശാസ്ത്രജാഡ്യത്തില്‍ പെട്ടുഴലുന്ന മലയാളിക്കു കഴിയാതെ വരുന്നു എന്നതാണ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നതിന്റെ ഒരു ഏകദേശ രേഖാചിത്രം…
ഔദ്യോഗികമായ കേരളപ്പിറവിക്കുശേഷം നമ്മുടെ സമൂഹത്തില്‍ വന്നുചേര്‍ന്ന ഈ ഹിപ്പോക്രസിയെ വേണമെങ്കില്‍ നമുക്കു ഇയാഗോയിസം എന്നു വിളിക്കാം. ആരാണ് ഇയാഗോ എന്നു നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. ലോകപ്രശസ്ത ആംഗലേയ നാടകകൃത്തായ വില്യം ഷേക്‌സ്പിയറുടെ (1564-1616) ‘ഒഥല്ലോ ദ മൂര്‍ ഓഫ് വെനിസ്’ എന്ന ദുരന്തനാടകത്തിലെ കഥപാത്രമാണ് ഇയാഗോ. സ്‌നേഹവും സന്തോഷവും മാത്രം കളിയാടിയിരുന്ന ഒഥല്ലോയുടേയും ഡെസ്ഡിമോണയുടേയും അത്യാഹ്ലാദഭരിതമായ ദാമ്പത്യജീവിതത്തില്‍ സംശയത്തിന്റെ കരിനിഴല്‍ പരത്തി അതിഘോര ദുരന്തത്തിന് വഴിമരുന്നിട്ട ക്രൂര കഥാപാത്രമാണ് ഇയാഗോ.
എളുപ്പത്തില്‍ പിടികിട്ടാത്ത ഒരു സ്വഭാവത്തിനടിമയാണ് ഈ ഇയാഗോ. പൈശാചിക ഭാവം നിറഞ്ഞ ഒരു വില്ലനാണയാള്‍. ഇയാളുടെ കുത്സിത പ്രവൃത്തികള്‍ക്ക് വിശദീകരണം നല്‍കാന്‍ പലപ്പോഴും നമുക്ക് പ്രയാസം അനുഭവപ്പെടും. അങ്ങിനെയാണ് ഷേക്‌സ്പിയര്‍ ഇയാഗോയുടെ പാത്രസൃഷ്ടി നടത്തിയിരിക്കുന്നത്. അത് ആ കഥാപാത്രത്തെക്കൊണ്ടു തന്നെ ഷേക്‌സ്പിയര്‍ പറയിക്കുന്നുമുണ്ട്. തന്റെ സകല ലക്ഷ്യങ്ങളുടേയും സാക്ഷാത്കാരത്തിനുവേണ്ടി, തന്റെ ഒരു കളിപ്പാവായാക്കിത്തീര്‍ക്കുന്ന റോഡ്രിഗോ എന്ന കഥപാത്രത്തോട് ഒന്നാം അങ്കത്തിലെ ആദ്യരംഗത്തില്‍ത്തന്നെ ഇയാഗോ പറയുന്നുണ്ട് ഇക്കാണുന്ന ഞാനല്ല ഞാന്‍ (I am not what I am). ത ന്നോട് ബന്ധപ്പെടേണ്ടിവരുന്ന എല്ലാവരേയും വഞ്ചിക്കുന്ന ഒരു പ്രവണതയാണ് ഈ സംഭാഷണത്തിലൂടെ പ്രകടമാക്കുന്നത് എന്ന് നാടകാന്ത്യത്തില്‍ പ്രേക്ഷകന് ബോധ്യമാവുന്നു.
യുക്തിയും കൗശലവും നിറഞ്ഞ ഒരു സ്വാര്‍ത്ഥ ബുദ്ധിയാണ് താനെന്ന് ഇയാഗോ സ്വയം വിചാരിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളേയും തന്റെ വരുതിക്ക് നിര്‍ത്തണമെന്ന് ഇയാള്‍ കരുതുന്നു. സ്വന്തം കഴിവുകളെ വിലയിരുത്താന്‍ തനിക്കു മാത്രമേ കഴിയുള്ളൂ എന്ന് ഇയാള്‍ സ്വയം ചിന്തിക്കുന്നു. മറ്റുള്ളവരുടെ വിചാരവികാരങ്ങള്‍ തനിക്കു തിരിച്ചറിയാനാകും എന്നും ഇയാള്‍ കണക്കുകൂട്ടുന്നു. സ്വകാര്യ ലാഭത്തിനുതകാത്ത എന്തെങ്കിലും ചെയ്യുന്നത് ആത്മവഞ്ചനയാണെന്നാണ് ഇയാഗോയിസത്തിന്റെ അടിസ്ഥാനതത്വം.
ഇയാഗോയുടെ കാഴ്ചപ്പാടില്‍ പ്രണയം എന്നത് ലൈംഗികതയില്‍ മാത്രം ബന്ധിക്കപ്പെടുന്ന വെറുമൊരു മൃഗീയ വാസനയാണ്. എന്നാല്‍ ഇത് ഷേക്‌സ്പിയറിന്റെ അഭിപ്രായമല്ല. കാരണം അദ്ദേഹത്തിന്റെ തന്നെ റോമിയോ ആന്റ് ജൂലിയറ്റില്‍ പ്രണയം ആദര്‍ശാത്മകമായ ഒരു ദിവ്യാനുരാഗമാണ്. ‘ജൂലിയറ്റ് എവിടെയുണ്ടോ അവിടമാണ് സ്വര്‍ഗ്ഗം’ എന്നു റോമിയോയെക്കൊണ്ട് ഷേക്‌സ്പിയര്‍ പറയിക്കുന്നുണ്ട്. ”ഡെസ്ഡിമോണയെന്ന ധവളനിറമാര്‍ന്ന പെണ്ണാടുമായി ഇണചേരുന്ന പ്രായമേറിയ കറുത്തമുട്ടനാടായി” ഒഥല്ലോയെ ഇയാള്‍ ഒരിടത്ത് ചിത്രീകരിക്കുന്നുണ്ട്. ഇയാളുടെ വികലമായ മാനസികാവസ്ഥ ഇവിടെ നമുക്കു കാണാവുന്നതാണ്. ഒരു സംശയരോഗിയും കൂടിയാണ് ഇയാഗോ എന്ന കഥാപാത്രം.
ലഫ്റ്റ്‌നെന്റ് പദവി തനിക്കു നല്‍കാതെ കാസ്യോക്ക് കൊടുത്ത ഒഥല്ലോയോട് ഇയാള്‍ക്ക് അടങ്ങാത്ത പകയുണ്ട്. മാത്രമല്ല കാസ്യോയുടെ വ്യക്തിപ്രഭാവവും ആകര്‍ഷണീയതയും തന്നെ നിഷ്പ്രഭനാക്കുന്നു എന്ന അധമചിന്ത ഇയാഗോയില്‍ കത്തിപ്പടരുന്നുണ്ട്. കൂടാതെ തന്റെ ഭാര്യയായ എമിലിയയുടെ രഹസ്യകാമുകനാണ് ഒഥല്ലോ എന്നു ഒരു സംശയം അടങ്ങാത്ത ഒരു മനോരോഗാവസ്ഥയിലേക്കു തന്നെ ഇയാഗോയെ എത്തിക്കുന്നുണ്ട്. ഇങ്ങിനെ കടുത്ത അപകര്‍ഷതയും തിങ്ങികൂടിയ അസ്വാസ്ഥ്യങ്ങളും എല്ലാം രൂപപ്പെടുത്തിയെടുത്ത സ്വഭാവസവിശേഷതയാര്‍ന്ന ഒരു നെഗറ്റീവ് കഥാപാത്രമാണ് ഷേക്‌സ്പിയറുടെ ഇയാഗോ. എന്നാല്‍ ഒഥല്ലോയുടെ ഏറ്റവും വിശ്വസ്തനായി മാറാന്‍ ഇയാള്‍ക്കു എളുപ്പത്തില്‍ സാധിക്കുന്നു എന്നതാണ് ഈ പാത്രസൃഷ്ടിയിലെ സൂക്ഷ്മത. ഒഥല്ലോ മാത്രമല്ല മറ്റു കഥാപാത്രങ്ങളും ഇയാളെ വിശ്വസ്തനായി കാണുന്നു. എന്നതാണ് ഇയാഗോയുടെ വാക്ചാതുര്യത്തിന്റെ സവിശേഷത.
ആവശ്യം വരുമ്പഴെല്ലാം സ്വന്തം പദ്ധതികളെ മാറ്റിമറിക്കുന്ന അവസരവാദി എന്ന് ജി.എല്‍.കീറ്റ് റിഡ്ജ് ഇയാഗോയെ വിശേഷിപ്പിക്കുമ്പോള്‍ ”ഒന്നാം രംഗം മുതല്‍ അവസാനം വരെ വെറുപ്പും അവജ്ഞയും മാത്രം തോന്നിപ്പിക്കുന്ന രീതിയിലാണ് ഇയാഗോയുടെ പാത്ര സൃഷ്ടി എന്നാണ് ഡോ. സാമുവല്‍ജോണ്‍സന്റെ അഭിപ്രായം. ”ഒഥല്ലോയേയും തന്റെ പ്രതിരൂപം ആക്കാന്‍ കഴിഞ്ഞതാണ് ഇയാഗോയുടെ ഏറ്റവും വലിയ നേട്ടമെന്നാണ് മൈക്കിള്‍ മാന്‍ഗന്‍ അഭിപ്രായപ്പെടുന്നത്. (A preface to Shakespeare’s tragedies-1991). ”പ്രേരകം കണ്ടെത്താന്‍ അലയുന്ന ദുഷ്ടന്റെ അഹേതുകമായ പകപോക്കല്‍” എന്ന് പ്രശസ്ത ആംഗല നിരൂപകനായ സാമുവല്‍ ടൈയ്‌ലര്‍ കോളറിഡ്ജ് ഇയാഗോയെ നിര്‍വ്വചിക്കുന്നു. ഡെസ്ഡിമോണെയുടെ നേര്‍ക്കുള്ള കാമഭാവം, മറ്റുള്ളവരുടെ ജീവിതം നിയന്ത്രിക്കാനുള്ള ഒരുതരം ഭ്രാന്തമായ അഭിനിവേശം തുടങ്ങിയ അനേകം വ്യാഖ്യാനങ്ങള്‍ പല എഴുത്തുകാരും ഇയാഗോയെപ്പറ്റി ആംഗലസാഹിത്യത്തില്‍ നടത്തിയിട്ടുണ്ട്.
ഷേക്‌സ്പിയറിന്റെ ദുരന്തനാടകങ്ങളെ ഗവേഷണ പഠനത്തിനുവിധേയമാക്കിയിട്ടുള്ള പ്രൊഫ. ഡെറിക് ആര്‍.സി.മാര്‍ഷ് സഹജീവികളുടെ ദൗര്‍ബ്ബല്യങ്ങള്‍ കണ്ടെത്തി അവരുടെ ജീവിതങ്ങള്‍ പന്താടുന്ന ഇയാഗോയെപ്പറ്റി The passion Leads them power – A Study of Shakespeare’s Love Tragedies (1976) എന്ന കൃതിയില്‍ ഇങ്ങനെ പറയുന്നു. ”നാടകാരംഭം മുതല്‍ അന്ത്യംവരെ ഒഥല്ലോയോടൊപ്പം പ്രാമുഖ്യം പങ്കിടുന്ന ഇയാഗോ അതിലെ നായകവില്ലനാണെന്ന് കരുതാം….”.
പ്രൊഫ. ഡെറിക് മാര്‍ഷിന്റെ അഭിപ്രായത്തിലുള്ള ഈ നായക വില്ലന്റെ മുഖാവരണം ഔദ്യോഗിക കേരള സമൂഹത്തിന്റെ ശിരോവസ്ത്രമായി, ചുരുങ്ങിയത് 1956 മുതലെങ്കിലും ധരിച്ചിട്ടുണ്ടോ എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരെ കുറ്റം പറയാനാവുമോ…? പലപ്പോഴുമുള്ള ഈ ‘ഖേരള’ത്തിന്റെ നിലപാട് കാണുമ്പോള്‍ അങ്ങിനെ തോന്നിപ്പോകുന്നു.
‘നമേ ജാതിഭേദാ’ എന്ന് ഉറപ്പിച്ച് പറഞ്ഞ്, സകല വിവേചനങ്ങള്‍ക്കുമപ്പുറമുള്ള മഹത്തായ അദ്വൈത ദര്‍ശനം നമുക്കു നല്‍കിയ ശ്രീശങ്കരനെ ബ്രാഹ്‌മണിക്കല്‍ ഹെജിമണിയുടെ വക്താവാക്കി ചിത്രീകരിക്കാന്‍ ഔദ്യോഗിക ‘ഖേരള’ത്തിന് ചരിത്ര വക്രീകരണത്തിലൂടെ എളുപ്പത്തില്‍ സാധിച്ചു. ജനാധിപത്യത്തെ കൊലചെയ്ത അടിയന്തരാവസ്ഥയ്ക്കുശേഷം വന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മറ്റു സംസ്ഥാനങ്ങള്‍ക്കു വിപരീതമായി സാക്ഷര ‘ഖേരളം’ വോട്ടു ചെയ്തത് നമുക്കോര്‍മ്മയുണ്ടാകും. നിരക്ഷരരും അജ്ഞരുമായിരുന്ന ആ അന്യസംസ്ഥാനക്കാരാണ് നമ്മുടെ ജനാധിപത്യത്തെ അന്ന് സംരക്ഷിച്ചത്. എന്താണോ പറയുന്നത് അതിനു കടകവിരുദ്ധമായി കാര്യങ്ങള്‍ നീക്കാന്‍ യാതൊരു മടിയും കാണിക്കാത്ത ഒരു രാഷ്ട്രീയ സമൂഹത്തെ നമുക്കിവിടെ കാണാം. കമ്പ്യൂട്ടര്‍, ട്രാക്ടര്‍, ടില്ലര്‍, സ്വാശ്രയകോളേജ് വിരുദ്ധ സമരങ്ങള്‍ നമുക്കോര്‍മ്മയുണ്ടാകുമല്ലോ. ശേഷമുള്ള നിലപാടുകളും നാം മറന്നിട്ടുണ്ടാവില്ല. 1957ല്‍ ലോകത്തെ അത്ഭുതപ്പെടുത്തുകയും അമേരിക്കയെ അസ്വസ്ഥമാക്കുകയും ചെയ്ത അതേ കേരള സര്‍ക്കാര്‍ അതിന്റെ അരനൂറ്റാണ്ട് തികച്ചത് എഡിബി കരാര്‍ പുഷ്പം പോലെ ഒപ്പിട്ടു കൊടുത്താണ് എന്നു സ്ത്രീപക്ഷ എഴുത്തുകാരിയായ ഗീത പറയുന്നു. ഓരോ സെക്കന്റിലും ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന വാക്ക് മുഴങ്ങിക്കേള്‍ക്കുന്ന സ്ഥലമാണ് ‘ഖേരളം’. എന്നാല്‍ ഇവിടെത്തന്നെയാണ് അംശവടികാര്‍ട്ടൂണിനെതിരെ സാംസ്‌കാരിക മന്ത്രിതന്നെ ഉറഞ്ഞുതുള്ളിയത്. കൂടാതെ കിത്താബ് എന്ന നാടകത്തിനു അവതരണാനുമതി നിഷേധിച്ചതും ഇതേ ‘ഖേരള’ത്തില്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ആവിഷ്‌കാരസ്വാതന്ത്ര്യക്കാര്‍ അധികാരത്തിലിരുന്നപ്പോഴാണല്ലോ ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ നാടകം നിരോധിച്ചതും മതസ്വാതന്ത്ര്യത്തിന്റെ പേരില്‍ ആര്‍ജ്ജിച്ചെടുത്ത ഊര്‍ജ്ജം മതഭീകരശക്തിയായി പത്തി വിടര്‍ത്തിയപ്പോള്‍ മൃദുസമീപനം കൊണ്ടതും, സ്വന്തം പ്രസ്ഥാനത്തിലെ ഭാവി വാഗ്ദാനമായ ചെറുപ്പക്കാരന്‍ കലാലയാങ്കണത്തില്‍ കൊലക്കത്തിക്കിരയായപ്പോള്‍ ഭയം കൊണ്ടോ പ്രീണനംകൊണ്ടോ എന്തോ ഒരു പ്രതിരോധമോ കേവലമൊരു പ്രതിഷേധമോ നടത്താന്‍ കെല്പില്ലാത്ത, ‘വര്‍ഗ്ഗീയത തുലയട്ടെ’ എന്ന ചുവരെഴുത്തില്‍ പ്രശ്‌നം അവസാനിപ്പിച്ച ‘ഖേരള’ മാണിത്.
1980 കളുടെ മദ്ധ്യത്തില്‍ ശരിയത്തിനെതിരെ ആഞ്ഞടിച്ചവര്‍ സി.എ.എ വിഷയത്തിലും 370-ാം വകുപ്പുമാറ്റത്തിലും പെണ്‍കുട്ടികളുടെ വിവാഹപ്രായം വര്‍ദ്ധിപ്പിക്കുന്നതിലും ഒക്കെ മതവിവേചനം ആരോപിക്കുകയും ഏക സിവില്‍ കോഡ് വരുന്നു എന്നു നിരന്തരം ആവര്‍ത്തിച്ചുകൊണ്ട് ഒരു സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് കടുത്ത ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുകയുമാണ്.
ഇതോടൊപ്പം തന്നെയാണ്, തീര്‍ത്തും അസംഘടിതരായ ഒരു വിശ്വാസി സമൂഹത്തിന്റെ നിരുപദ്രവകരമായ ആചാരങ്ങളേയും ആരാധനാമൂര്‍ത്തികളേയും പരസ്യമായി അവഹേളിച്ച കലാസാഹിത്യകാരന്മാര്‍ക്ക്, സംസ്ഥാന സര്‍ക്കാരിനു നല്കാവുന്ന ഏറ്റവും വലിയ പുരസ്‌കാരങ്ങള്‍ നല്‍കിക്കൊണ്ട് ആദരിക്കുന്ന കെട്ടുകാഴ്ചകളും സംഭവിച്ചുകൊണ്ടിരിക്കുന്നത്.
പ്രശ്‌നം ഉത്തരേന്ത്യയിലാണെങ്കില്‍ ഘോരഘോരം ശബ്ദമുണ്ടാക്കുകയും (കാശ്മീരി പണ്ഡിറ്റിനാണെങ്കില്‍ ഇല്ല കേട്ടോ…) കേരളത്തിലാണെങ്കില്‍ നിശ്ശബ്ദമാകുകയും ഇസ്രായേലാണെങ്കില്‍ വിളിച്ചു കൂവുകയും പാലസ്തീനാണെങ്കില്‍ ഒച്ചയില്ലാതാവുകയും ഇറാഖിലെ സദ്ദാം ഹുസൈനുവേണ്ടി ഹര്‍ത്താല്‍ നടത്തുകയും ഇറാനിലെ സ്ത്രീകളുടെ പോരാട്ടത്തില്‍ ദീര്‍ഘമനനത്തിലാവുകയും ചെയ്യുന്ന ഒരു നവ ഇടതുപക്ഷ ജിഹാദി സാങ്കേതിക മനസ്സ് ഇവിടെ കുറെക്കാലമായി രൂപപ്പെട്ടു വന്നത് നാം കാണാതിരുന്നുകൂടാ. അതില്‍ സാംസ്‌കാരിക നായകന്മാരും കക്ഷി രാഷ്ട്രീയ ഭിക്ഷാംദേഹികളും സത്യം തുറന്നു പറയേണ്ട മാധ്യമപ്രവര്‍ത്തകരുമുണ്ട്.
പ്രധാനമന്ത്രിയുടെ വിദേശയാത്രകളെ കഠിനവാദങ്ങളാല്‍ അപഹസിച്ചു നടന്നവര്‍ ഇന്നു പറയുകയാണ് ”വിദേശയാത്രകളിലൂടെ നമുക്കു ധാരാളം പഠിക്കാനുണ്ടെന്ന്”… അന്ധവും മൂഢവുമായ വിശ്വാസങ്ങള്‍, നിരക്ഷരരായത് കൊണ്ടുമാത്രം, ഉത്തരേന്ത്യന്‍ ദിനാചരണങ്ങളാണെന്ന് നമ്മെ പഠിപ്പിച്ചവര്‍, എളുപ്പത്തില്‍ പണസമ്പാദനത്തിനുള്ള ആട്, തേക്ക്, മാഞ്ചിയം മുതലിങ്ങു ഇടതുപക്ഷ സാക്ഷരന്മാരുടെ ആഭിചാര നരബലി വരെ എത്തിനില്‍ക്കുന്ന അത്യന്തം അറപ്പുളവാക്കുന്ന കാഴ്ചകള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നില്ലേ….
ഇല്ലെങ്കില്‍, കാപട്യത്തിന്റെ പൊയ്മുഖങ്ങള്‍ നമ്മളും മുഖാവരണമായി ധരിച്ചിട്ടുണ്ട് എന്നു കരുതേണ്ടിവരും. അല്ലെങ്കില്‍ സംഘടിത മതാനുശാസനങ്ങളുടേയും രാഷ്ട്രീയ കാര്‍ക്കശ്യങ്ങളുടേയും നേര്‍ക്കുള്ള അകാരണ ഭീതി നമ്മെ മറവിരോഗത്തിനടിപ്പെടുത്തിയിരിക്കാം.
ഈ ഔദ്യോഗിക ‘ഖേരള’ത്തെപ്പറ്റിയാണ് ബഹു. മുഖ്യമന്ത്രിയും മറ്റും നമ്പര്‍ വണ്‍ എന്നു നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. കാപട്യത്തിന്റെ ഈ ‘ഖേരള’ മല്ല സാംസ്‌കാരികമായ മറ്റൊരു കേരളം നമുക്കുണ്ടായിരുന്നു.
ആ സാംസ്‌കാരിക കേരളം പിറവികൊണ്ടത് നൂറ്റാണ്ടുകള്‍ക്കും മുമ്പാണ്… കേരകേദാരഭൂമിയായ സാംസ്‌കാരികത്തനിമയാര്‍ന്ന കേരളം ദേവനിര്‍മ്മിതമായ ഭാരതഭൂമിയുടെ അഭിന്നഭാഗമായ കേരളം പരശുരാമന്‍ മഴുവെറിഞ്ഞ് നേടിയെടുത്തതാണോ മഹാസാഗരങ്ങള്‍ അവരുടെ തിരമാലകളുടെ കയ്യില്‍ കൊടുത്തുവിട്ട തിരുമുല്‍ക്കാഴ്ചയാണോ എന്നു കവികള്‍ക്കു സന്ദേഹം ജനിപ്പിച്ച കേരളം… സഹ്യസാനുക്കള്‍ ശ്രുതി ചേര്‍ത്തുവെച്ച മണി വീണയായും നീലസാഗരങ്ങള്‍ അതിന്റെ തന്ത്രികളില്‍ ഉണര്‍ത്തി വിടുന്ന സ്വരസാന്ത്വനമായും കേളികൊട്ടിന്റെ ആരവാരവങ്ങള്‍ കേള്‍ക്കുന്നതും കേളീകദംബം പൂക്കുന്നതും കേരനിരകളാടുന്നതും അന്യോന്യമംബാശിവര്‍ നീട്ടി വിട്ട കണ്ണോട്ടമേറ്റിട്ടുള്ള ഈ നല്ല രാജ്യം… പൊന്നിന്‍ ചിങ്ങത്തിലെ പൊന്നാവണിപ്പൂക്കള്‍ ആനന്ദനൃത്തം ചവിട്ടുന്ന പൂവിളിപ്പാട്ടുകളുടെ കോലാഹലം കിളിക്കൊഞ്ചലായാസ്വദിക്കുന്ന… വിത്തും കൈക്കോട്ടും ആയി പാടത്തേക്കിറങ്ങാന്‍ ആജ്ഞാപിക്കുന്ന വിഷുപ്പക്ഷികളുടെ… മല നിരകളുടെ പനിനീരായ കല്ലോലിനികള്‍ പുടവയായ് പാറുന്ന… ശിശിരകാലരാവിന്റെ ധന്യത നുകര്‍ന്നുകൊണ്ട് മലയാളി മങ്കമാര്‍ ആതിരപ്പാട്ടിന്റെ ചുവടുകളുമായെത്തുന്ന… നാടോടിക്കലകളും ക്ലാസ്സിക്കുകലകളും നിത്യമെന്നോണം ആഹ്ലാദനൈര്‍മല്യം ചൊരിയുന്ന… തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും കാട്ടിയ വഴികളിലൂടെ സഞ്ചരിച്ച സഹൃദയ പുരുഷാരങ്ങള്‍ അക്ഷരകുസുമങ്ങള്‍ ചൊരിയുന്ന… ഈ മലയാളദേശം പിറവി കൊണ്ടിട്ട് സംവത്സരങ്ങളേറെയായി.
ഇതിഹാസ രാമായണത്തിലെ കിഷ്‌കിന്ധാകാണ്ഡത്തില്‍ ദക്ഷിണദിക്കിലേക്ക് പോകുന്ന വാനരന്മാരോട് കാര്യങ്ങള്‍ വിശദീകരിക്കുന്ന സുഗ്രീവന്‍ ചോള, പാണ്ഡ്യ പ്രദേശങ്ങളോടൊപ്പം കേരളത്തെപ്പറ്റിയും വിവരിക്കുന്നുണ്ട്. മഹാഭാരതത്തിലാവട്ടെ ദ്രാവിഡം, കര്‍ണാടകം എന്നീ ദക്ഷിണ ഭാരതത്തിലെ സ്ഥലങ്ങളെക്കുറിച്ച് പറയുന്നിടത്ത് കേരളവും പരാമര്‍ശിക്കപ്പെടുന്നുണ്ട്. ആദിപര്‍വ്വം, സഭാപര്‍വ്വം, ദ്രോണപര്‍വ്വം, വനപര്‍വ്വം തുടങ്ങിയ അദ്ധ്യായങ്ങളിലും കേരളത്തെപ്പറ്റി പറയുന്നുണ്ട്. രുഗ്മിണി സ്വയംവരത്തില്‍ പങ്കെടുക്കാനായി തെക്കെ ദിക്കില്‍ നിന്നും ചോളനും പാണ്ഡ്യനും കേരളനും വിദര്‍ഭ രാജധാനിയില്‍ സന്നിഹിതനായതായി ഭാഗവതം ദശമസ്‌കന്ധവും പറയുന്നു.
മൗര്യസാമ്രാജ്യത്തിലെ പ്രസിദ്ധരാജാവായിരുന്ന അശോകന്റെ ശിലാശാസനങ്ങളിലും അതുപോലെ ക്രിസ്തുവിനു മുമ്പുണ്ടായിരുന്ന സോളമന്റെ രേഖകളിലും മെഗസ്തനിസിന്റെ വിവരണങ്ങളിലും റോമന്‍, ചൈനീസ് സഞ്ചാര സാഹിത്യങ്ങളിലും കേരളത്തെപ്പറ്റി ധാരാളമായി പ്രതിപാദിച്ചിട്ടുണ്ട്. ഇതാണു കേരളം… സഹസ്രാബ്ദങ്ങളായി ഭാരതഭൂമിയുടെ പൈതൃകത്തോടൊട്ടിക്കിടക്കുന്ന സാംസ്‌കാരിക കേരളം.
മലയാളി ജീവിച്ചതും ചിന്തിച്ചതും സ്വപ്‌നം കണ്ടതും ഈയൊരു സാംസ്‌കാരിക പരിസരത്ത് നിന്നുകൊണ്ടായിരുന്നു. ജീവിതം കരുപ്പിടിപ്പിക്കാന്‍ അന്യദേശങ്ങളിലേക്ക് ചേക്കേറേണ്ടി വന്നപ്പോള്‍ പോലും ഒരു നൊസ്റ്റാള്‍ജിയയായി മലയാളിത്തം അവനില്‍ പൂത്തു വിടര്‍ന്നു നിന്നിരുന്നു. അനാദിയായ ഒരു സാംസ്‌കാരിക പൈതൃകത്തിന്റെ അവകാശികളായ ഈ ഭാരതരാഷ്ട്രത്തിലെ ഒരിക്കലും പറിച്ചുമാറ്റാന്‍ പറ്റാത്ത ഒരു കുഞ്ഞു പ്രദേശമായി, ആ മഹാസംസ്‌കൃതിയുടെ നേരവകാശികളായി, ഈ മലയാണ്മയും സമ്മോഹനമായി പരിലസിച്ചു.
നിര്‍മ്മലമായ ഈ സാംസ്‌കാരിക ഭൂമികയിലേക്കാണ് വൈദേശികമായ മറ്റു പ്രത്യയശാസ്ത്രത്തിന്റെ ഉരുക്കിയ ചെമ്പോലകള്‍ കടന്നു വരികയും വാക്കുകളില്‍ മധുരം പുരട്ടി നിഷ്‌കളങ്കരായ ഒരു ജനതതിയെ അതിലേക്ക് ആകര്‍ഷിക്കുകയും ചെയ്തത്. ആ കാലഘട്ടത്തിലാണ് ഔദ്യോഗികമായി കേരളം പിറവികൊള്ളുന്നതും. ഈ ഒരു പ്രത്യയശാസ്ത്ര ജാഡ്യം കേരളീയ സമൂഹത്തെ വല്ലാതെ മാറ്റിമറിച്ചു. മലയാളിയുടെ പെരുമാറ്റരീതിയെ വരെ അത് വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. പ്രൊഫ. എം.കെ. സാനുമാസ്റ്റര്‍ പറയുകയാണ്. ”മുതിര്‍ന്നു വന്നപ്പോഴാണ് കേരളീയ സമൂഹത്തിന്റെ പെരുമാറ്റരീതികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഭയം എന്ന വികാരമാണ് എന്നു ഞാന്‍ മനസ്സിലാക്കുന്നത്. അധികാരികളെ ഭയം, പോലീസിനെ ഭയം, ചീത്തപറയുന്നവരെ ഭയം ഇപ്രകാരം പലതിനെക്കുറിച്ചുമുള്ള ഭയമാണ് സമൂഹത്തിന്റെ സ്വഭാവത്തില്‍ സ്വാധീനം ചെലുത്തുന്നത്. ഈ ഭയം മറച്ചു വെയ്ക്കുന്നതിനു വീരവാദങ്ങളും ആത്മപ്രശംസകളും വെല്ലുവിളികളും മറ്റും കൗശലപൂര്‍വ്വം നടത്തിക്കൊണ്ടിരിക്കുന്നതിന് നാം സാമര്‍ത്ഥ്യം കാട്ടുകയും ചെയ്യുന്നു…” (കര്‍മ്മഗതി പേജ് 40, 41) ഇതോടൊപ്പം കമ്യൂണിസ്റ്റ് ജിഹാദി കൂട്ടുകെട്ടിനോടുള്ള ഭയം എന്നുകൂടി ഇപ്പോള്‍ കൂട്ടിച്ചേര്‍ക്കാമെന്ന് തോന്നുന്നു.
നാം ഇന്നു കാണുന്ന വീരവാദങ്ങളും വെല്ലുവിളികളും ആത്മപ്രശംസകളുമൊക്കെ ഭയം കൊണ്ടുണ്ടാകുന്ന നിശ്ശബ്ദതയെ മറയ്ക്കാനുള്ള പാഴ്ശ്രമങ്ങളുടെ ഭാഗമാണ്. കടുത്ത ഹിപ്പോക്രസിയാണ് ഇവിടെ മുഴച്ചുനില്‍ക്കുന്നത്. ഭയത്തില്‍ നിന്നുള്ള മോചനമാണ് (ജിദ്ദു കൃഷ്ണമൂര്‍ത്തിയോട് കടപ്പാട്) ഇവിടെ അത്യാവശ്യമായിട്ടുള്ളത്.
”നിശ്ശബ്ദതയ്‌ക്കെതിരെയുള്ള പോരാട്ടമാണ് എഴുത്ത്” എന്നു പറഞ്ഞത് മെക്‌സിക്കന്‍ നോവലിസ്റ്റായ കാര്‍ലോസ് ഫ്യുവന്റിസ് (Carlose Fuentis) ആണ്. പ്രാപഞ്ചിക സത്യം തേടിയലയുന്ന ഋഷിമുനിമാരുടെ മഹാമൗനത്തിന്റെ നിശ്ശബ്ദതയല്ല ഇവിടെയുള്ളത്. മറിച്ച് സംഘടിത മതസാമ്പത്തിക ശക്തികള്‍ക്കു മുമ്പില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന ഭയാവഹമായ നിശ്ശബ്ദതയാണ്.
ഇയാഗോയിസം പിടിമുറുക്കിയ ഈ ‘ഖേരള’ത്തില്‍ വീക്ഷണ വൈകല്യം കാരണം പ്രബല ജനസമൂഹത്താല്‍ വലിച്ചെറിയപ്പെട്ട സത്യത്തെ പെറുക്കിയെടുത്തു പോക്കറ്റിലിട്ടുകൊണ്ട് ചെകുത്താന്‍ പ്രഖ്യാപിക്കുകയാണ്. ”ഞാന്‍ ഓര്‍ഗനൈസ് ചെയ്യും…” (ശ്രീ എം.നോട് കടപ്പാട്) എന്നിട്ട് ഈ ദേശത്തിന്റെ പേരോ ‘ദൈവത്തിന്റെ സ്വന്തം നാട്’…. (അഹമ്മദാബാദിലെ ഏതോ പരസ്യകമ്പനിയിലെ പ്രോഗ്രാമറുടെ നാവില്‍ നിന്നും ഉതിര്‍ന്നുവീണ തീരെ ചേര്‍ച്ചയില്ലാത്ത വാക്കുകള്‍…)
ഔദ്യോഗികമായതാണെങ്കിലും ഒരു കേരളപ്പിറവി കൂടി വന്നെത്തുമ്പോള്‍ ‘ഇത് ഖേരള’മാണ് എന്ന് അലമുറയിടുന്ന, ധാര്‍ഷ്ട്യത്തിന്റെ ശരീര ഭാഷയുമായി നടക്കുന്ന നേതാക്കളില്‍ നിന്നും ഈ ദേശത്തെ വിമോചിപ്പിച്ച് അനാദിയായ ആ സാംസ്‌കാരിക പൈതൃകം പേറുന്ന ആര്‍ഷ കേരളത്തെ വീണ്ടെടുക്കാനുള്ള പ്രതിജ്ഞ എടുക്കാന്‍ നമുക്ക് സാധിക്കണം. ഇച്ഛാശക്തിയോടെ നാം എടുക്കുന്ന ആ പ്രതിജ്ഞയാകട്ടെ ഇത്തവണത്തെ കേരളപ്പിറവിയുടെ തനതു സമ്മാനം….
അവലംബം
(1) മാതൃഭൂമി.കോം 2022 മാര്‍ച്ച് 14
(2) വിശ്വസാഹിത്യവിജ്ഞാനകോശം – വോള്യം 2.
(3) ഒഥല്ലോ – ദ മൂര്‍ ഓഫ് വെനിസ് വില്യം ഷേക്‌സ്പിയര്‍.
(4) കലാകൗമുദി 2012 ജനുവരി 1 ശ്രീ എം. അഭിമുഖം.
(5) കര്‍മ്മഗതി – പ്രൊഫ. എം.കെ – സാനു.
(6) അന്യായങ്ങള്‍ – ഗീത.