നവംബര്‍ 6 രേവതി പട്ടത്താനം
കേരളം കണ്ട വിദുഷികളില്‍ വിഖ്യാതയത്രേ കോഴിക്കോട്ടു കിഴക്കേക്കോവിലകത്തു മനോരമത്തമ്പുരാട്ടി. അവര്‍ കൊല്ലവര്‍ഷം 935ല്‍ ജനിച്ച് 68 വയസ്സുവരെ ജീവിച്ചു എന്ന് ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രം (മൂന്നാം വാള്യം) രേഖപ്പെടുത്തുന്നു. ഹൈദരാലിയുടെയും ടിപ്പുസുല്‍ത്താന്റെയും ആക്രമണത്തെത്തുടര്‍ന്ന്, മലബാറില്‍ പുലര്‍ന്ന ആശങ്കയുടെയും അരക്ഷിതത്വത്തിന്റെയും അന്തരീക്ഷത്തില്‍, അവരുടെ വൈദുഷ്യത്തിന് വാട്ടമൊന്നും സംഭവിച്ചില്ല എന്ന വശം തുലോം ശ്രദ്ധേയമായി തോന്നുന്നു. അവര്‍ക്ക് അന്ന് തിരുവിതാംകൂറില്‍ അഭയം കൈവന്നു. ഭൗതികജീവിതത്തിലെ ഇത്തരം അവ്യവസ്ഥകളെ അതിജീവിക്കാന്‍ ഒറ്റ വഴിയേ ഉള്ളൂ: ബൗദ്ധികജീവിതത്തില്‍ അവനവനെ ഗാഢമായി അര്‍പ്പിച്ചുകൊള്ളുക. ആക്രമണം കൊണ്ടു വേണമെന്നില്ല; അല്ലാതെതന്നെ അനിശ്ചിതത്വവും അപകേന്ദ്രിതത്വവും പെരുകിക്കൊണ്ടേയിരിക്കുക എന്നതാണല്ലോ നമ്മുടെ കാലത്തിന്റെ പ്രത്യേകത. അവയ്ക്കിടെ, എങ്ങനെ സ്വന്തമായി ഒരു ലക്ഷ്യം സ്വരൂപിക്കാം; അതില്‍ സ്വയം ലയിച്ച് ഏകാഗ്രത നിലനിര്‍ത്താം എന്നതിന് സ്വച്ഛമായ മാതൃകയത്രേ, നാം ഇവിടെ അനുസ്മരിക്കുന്ന മനോരമത്തമ്പുരാട്ടിയുടെ വ്യക്തിത്വം.
ഇവരുടെ വൈദുഷ്യത്തിന്റെ വിശേഷം, അത് വ്യാകരണത്തിലാണ് ഏറെയും വ്യാപരിച്ചത് എന്നതാവാം. സിദ്ധാന്തകൗമുദിക്കു ഭട്ടോജി ദീക്ഷിതര്‍ രചിച്ച പ്രൗഢ മനോരമ എന്ന വ്യാഖ്യാനത്തില്‍, പന്ത്രണ്ടു വയസ്സായപ്പോഴേയ്ക്കും തന്നെ തമ്പുരാട്ടി അദ്ഭുതാവഹമായ അവഗാഹം നേടിക്കഴിഞ്ഞിരുന്നുവത്രേ. അങ്ങനെ മനോരമ എന്നത് ബിരുദനാമമാണ് എന്ന ഒരഭിപ്രായം ഉള്ളൂര്‍ ഉന്നയിക്കുന്നുണ്ട്. എന്തോ, ഒപ്പംതന്നെ ‘അസുലഭമായ അംഗലാവണ്യം’ എന്ന് ഓര്‍ക്കുന്നും ഉണ്ട്. ഏതായാലും, സ്വതേ പലരുടെയും ശാപത്തിനു പാത്രമാവാറുള്ള വ്യാകരണം എന്ന ശാഖ തമ്പുരാട്ടിയെ ആകര്‍ഷിച്ചു. എന്നു മാത്രമല്ല, ആ ശാഖയില്‍ സമ്പന്നമായ ഒരു ശിഷ്യ പരമ്പരയെ സൃഷ്ടിക്കുവാന്‍ അവര്‍ക്കു സന്ദര്‍ഭമുണ്ടാകയും ചെയ്തു. പ്രശിഷ്യരിലൂടെ പകര്‍ന്ന് ആ പരമ്പര കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ വരെ നീളുന്നു. അദ്ദേഹം തമ്പുരാട്ടിയെ പ്രശംസിച്ചെഴുതിയ ശ്ലോകം ഉള്ളൂര്‍ ഉദ്ധരിക്കുന്നുണ്ട്:
വിദ്യാ വിദഗ്ധവനിതാജനവല്ലികള്‍ക്കൊ-
രുദ്യാനമീ രുചിര കേരളഭൂവിഭാഗം;
ഹൃദ്യാ മനോരമനരേശ്വരിതന്റെ സൂക്തി-
രദ്യാപി കോവിദമനസ്സു കവര്‍ന്നിടുന്നു.
എന്നാലോ, തമ്പുരാട്ടിയുടെ താല്‍പര്യം വ്യാകരണത്തില്‍ മാത്രമായി പരിമിതപ്പെട്ടില്ല എന്ന വശവും എടുത്തു പറയാതെ വയ്യ. ഒരു ശിഷ്യന്‍ ചെന്ന് തന്നെ വ്യാകരണം പഠിപ്പിക്കണേ എന്നപേക്ഷിച്ചപ്പോള്‍, താന്‍ രഘുവംശം പഠിപ്പിക്കാം എന്നായിരുന്നുവത്രേ പ്രതികരണം. അതായത്, വ്യാകരണനൈപുണി അവരുടെ കാവ്യാഭിരുചിയെ തളര്‍ത്തിയിരുന്നില്ല എന്നര്‍ത്ഥം.
അപ്പോഴും, വ്യാകരണമാണ് അവരുടെ പ്രശസ്തിക്ക് അടിസ്ഥാനമായി വര്‍ത്തിച്ചത് എന്ന വസ്തുത വിസ്മരിച്ചുകൂടാ. ആദ്യ ഭര്‍ത്താവിന്റെ ചരമത്തെത്തുടര്‍ന്ന് അവര്‍, വഴിയേ, പാക്കത്തു ഭട്ടതിരിയെ ഭര്‍ത്താവായി സ്വീകരിച്ചു. അദ്ദേഹം അവ്യുല്‍പ്പന്നന്‍ ആയിരുന്നുപോലും. അതിന്റെ പാരവശ്യത്തോടെ തമ്പുരാട്ടി രചിച്ച ഒരനുഷ്ടുപ്പു പദ്യമാണ്, അവരെക്കുറിച്ചുള്ള അപദാനത്തിന് ആസ്പദമായി പരിണമിച്ചത്. പദ്യം, താന്‍ അദ്ദേഹത്തിനു പത്‌നിയാവേണ്ടിവന്നുവല്ലോ എന്ന വൈമനസ്യത്തിന് വാഗ്‌രൂപം പകരുന്നു. ഉള്ളൂര്‍ ഉദ്ധരിക്കുന്ന പാഠം ഇങ്ങനെ:
യസ്യ ഷഷ്ഠീ ചതുര്‍ത്ഥീച വിഹസ്യ ച വിഹായച
അഹം കഥം ദ്വിതീയാസ്യാദ്, ദ്വിതീയാ സ്യാമഹം കഥം?
ശബ്ദത്തിന്റെ വിഭക്തി ശരിക്കു വ്യവച്ഛേദിക്കാനേ സാധിക്കാത്ത വ്യക്തിക്ക് താന്‍ എങ്ങനെ പത്‌നിയാവും എന്ന ഗദ്ഗദം ഈ പദ്യത്തില്‍ സ്പന്ദിക്കുന്നു. ആ ബന്ധം പുലര്‍ന്നു, അതില്‍ തമ്പുരാട്ടിക്കു സന്തതികളും പിറന്നു എന്നതു വാസ്തവം, അതുപക്ഷേ തന്റെ ആന്തരമായ ഗദ്ഗദത്തിന് ശരിക്കും ശമനം നല്‍കിയില്ല എന്നതാവാം വസ്തുത. അന്നത്തെ കാലമല്ലേ, നിശ്വാസം ഉള്ളില്‍ ഒതുക്കിക്കൊള്ളുക എന്നതേ നിവൃത്തിയുണ്ടായിരുന്നുള്ളൂ എന്നായിട്ടുണ്ടാവാം നില.
ഇവിടെ, മനോരമ എന്ന പേരിന്റെ പൊരുള്‍ ഒന്നാലോചിക്കുന്നതാവും ഉചിതം. രമിക്കുക എന്ന ക്രിയ കേവലം ശരീരത്തിലേയ്ക്ക് ഒതുക്കിക്കൊണ്ടുള്ള ദാമ്പത്യങ്ങള്‍ക്കായിരുന്നു അന്നു ധാരാളിത്തം. മറിച്ച്, മനസ്സിനെ രമിപ്പിക്കുക, മനസ്സുകൊണ്ടു രമിക്കുക എന്ന തലത്തിലേയ്ക്ക് അതിനെ ഉയര്‍ത്തി എന്നാണല്ലോ നേരത്തേ ഉദ്ധരിച്ച പദ്യത്തില്‍ നിന്നു നിഷ്പന്നമാവുന്ന സാരം. അങ്ങനെ, സ്ത്രീപുരുഷബന്ധം കേവലം ശാരീരികവേഴ്ചയില്‍ സീമിതമായിരുന്ന കാലത്ത്, അതിന് മഹിതമായ ഒരപരവിതാനം കല്പിക്കുക എന്നത്, അന്നത്തെ സമ്പ്രദായത്തില്‍, സമൂഹ ഘടനയില്‍, ഒരു വ്യതിയാനമായല്ല, വിസ്മയം തന്നെയായി വേണം വിചാരിക്കാന്‍. അതോ, അതിന്റെ ഉദയം സ്ത്രീയില്‍ നിന്നുതന്നെ എന്നത്, വ്യതിയാനത്തിനും വിസ്മയത്തിനും ആക്കമേറ്റുകയും ചെയ്യുന്നു.
ടിപ്പുവിന്റെ മലബാര്‍ ആക്രമണത്തെത്തുടര്‍ന്ന് മനോരമത്തമ്പുരാട്ടിക്ക്, പാക്കത്തു പട്ടേരിയും മക്കളുമൊന്നിച്ച്, തിരുവിതാംകൂറില്‍ ധര്‍മ്മരാജാവിന്റെ കാരുണ്യത്തെ അഭയം പ്രാപിക്കേണ്ടിവന്നു. ആദരപൂര്‍വമായിരുന്നു അദ്ദേഹത്തില്‍ നിന്നു കൈവന്ന സ്വീകരണം. ക്രമേണ സാഹചര്യം ശാന്തമായതിനെത്തുടര്‍ന്ന് സ്വന്തം തട്ടകത്തിലേയ്ക്കു തിരിച്ചുപോരികയും ചെയ്തു. കോട്ടയ്ക്കലായിരുന്നത്രേ പിന്നത്തെ താവളം. ഈ വക മാറ്റങ്ങളും മനഃക്ലേശങ്ങളും നിമിത്തം എന്നു കരുതാം, കൃതികളൊന്നും രചിക്കാന്‍ ഇടയായില്ല – ഒറ്റ ശ്ലോകങ്ങള്‍ എമ്പാടും; അവയില്‍ അപൂര്‍വം ചിലതേ കിട്ടിയിട്ടുള്ളൂ എന്നാകുന്നു ഉള്ളൂരിന്റെ ഊഹം.
ധര്‍മ്മരാജാവും മനോരമത്തമ്പുരാട്ടിയും തമ്മില്‍ കത്തുകള്‍ കൈമാറിയിരുന്നുവത്രേ. എല്ലാം പദ്യരൂപത്തില്‍, ‘ചേതോമേ ഭവദീയപുഷ്പകരന്ദാസ്വാദനേ സസ്പൃഹം’ എന്നാണ് ഒരു ശ്ലോകത്തില്‍ ധര്‍മ്മരാജാവിന്റെ നിവേദനം – ‘ഭവതിയാകുന്ന പുഷ്പത്തിലെ തേന്‍ നുകരാന്‍ കൊതിക്കുന്നു എന്റെ മനസ്സ്!’ ‘ഭവദീയ പുഷ്പം’ എന്ന വിന്യാസത്തിന് ഭവതിയില്‍ വിരിയുന്ന കവിതയുടെ പൂവ് എന്നായിരുന്നുവോ വിവക്ഷ? അല്ല എന്നുവേണം ഉള്ളൂരിന്റെ നിഗമനം വെച്ചു വിചാരിക്കാന്‍. ധര്‍മ്മരാജാവിന്റെ സ്വരം ഉള്ളൂരിനെ സ്വല്പം പരിഭ്രമിപ്പിച്ചിരിക്കുമോ, എന്തോ! കേവലം നര്‍മ്മരൂപത്തിലുള്ള സന്ദേശ പ്രതിസന്ദേശങ്ങളാണ് പ്രായേണ ഇത്തരത്തിലുള്ള ശ്ലോകങ്ങളില്‍ എന്ന് അദ്ദേഹം അനുമാനിക്കുന്നു. അപ്പോഴും, ‘പ്രായേണ’ എന്ന വിശേഷണത്തിന് എന്തു പ്രസക്തിയാവും നിരക്കുക?….
എനിക്കു തോന്നുന്നു: മനസ്സുകൊണ്ടു രമിക്കുക, മനസ്സിനെ രമിപ്പിക്കുക എന്ന വിതാനത്തില്‍ സ്ത്രീപുരുഷബന്ധങ്ങളെ വിലയിരുത്താന്‍ നമ്മുടെ സമൂഹത്തിന് അനുഭവപ്പെട്ടിരിക്കാവുന്ന വിഷമം അന്നത്തെ കാലത്ത് അസാധാരണമല്ല. അതാവാം മഹാകവിയുടെ പരിഭ്രമത്തിന്റെ പശ്ചാത്തലം. ഇന്നും ആ വിഷമത്തിന് അത്ര വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല എന്നതല്ലേ വസ്തുത?… ശരീരംകൊണ്ടു രമിക്കലും ശരീരത്തെ രമിപ്പിക്കലും എന്ന സാമ്പ്രദായികതയില്‍ സാഹിത്യം വല്ലാതെ വ്യാമുഗ്ധമായിരുന്നു എന്നാണല്ലോ നമ്മുടെ വിളികൊണ്ട പല മണിപ്രവാള കൃതികളില്‍ നിന്നും നിര്‍ധരിക്കാവുന്ന വസ്തുത. ഇന്നും ആ വിഭ്രമം പൂര്‍ണമായി വേരറ്റിട്ടുണ്ടോ – ഉറപ്പു പോരാ. എന്നിരിക്കേ, അതിനെതിരെ, ബോധനവീകരണത്തിന് അവസരം അരുളുന്നു എന്നതാവട്ടെ, മനോരമത്തമ്പുരാട്ടിയുടെ മഹിതസ്മരണ പുതുക്കി ആണ്ടോടാണ്ട് ആചരിക്കുന്ന ഈ പരിപാടിയുടെ ആന്തരമായ അര്‍ത്ഥം.
(കോഴിക്കോട് തളി രേവതിപട്ടത്താന സദസ്സില്‍ 2019ലെ മനോരമത്തമ്പുരാട്ടി പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ചെയ്ത പ്രസംഗം)