മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ടി.ടി. ശ്രീകുമാര്‍ ‘സംസ്‌കൃത ഭാഷാ ചരിത്രത്തിന്റെ രാഷ്ട്രീയഭാവനകള്‍’ എന്ന പേരില്‍ ഒരു ലേഖനം എഴുതിയിരിക്കുന്നു. ഇന്ത്യാവിരുദ്ധമായ നുണകള്‍ നേരത്തേയും എഴുതിയിട്ടുള്ള ആളാണിദ്ദേഹം. സംസ്‌കൃതത്തെ ഇടിച്ചു താഴ്ത്താനും അത് ഭാരതത്തിന്റേതല്ലെന്ന് സ്ഥാപിക്കാനുമുള്ള ദയനീയ ശ്രമമാണ് ടി.ടി. ശ്രീകുമാറിന്റേത്. റഷ്യയുടെ വടക്കു കിഴക്കന്‍ ഭാഗത്തും അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലുമൊക്കെയാണ് സംസ്‌കൃതം രൂപപ്പെട്ടത്. അതുകൊണ്ട് ഇന്ത്യയ്ക്കതില്‍ അവകാശമില്ലത്രേ! വിശാലഭാരതത്തിന്റെ ഭാഗമായിരുന്നു ഒരു കാലത്ത് ഈ പ്രദേശങ്ങളൊക്കെ. സംസ്‌കൃതത്തിന്റെ ഉല്പത്തി വികാസങ്ങള്‍ ഈ പ്രദേശങ്ങളിലും കൂടി സംഭവിച്ചതായിരിക്കാം. അതുകൊണ്ട് ഭാരതത്തിന് അതില്‍ അവകാശമില്ലെന്നൊക്കെ പറയുന്നത് പച്ച മലയാളത്തില്‍ പറഞ്ഞാല്‍ പമ്പര വിഡ്ഢിത്തമാണ്.
ആദ്യത്തെ സംസ്‌കൃത ഫലകം കണ്ടെടുത്തത് വടക്കേ സിറിയയില്‍ നിന്നാണെന്ന് വായിച്ചിട്ടുണ്ട്. പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ ഭാഷയുമായി സംസ്‌കൃതത്തിനു വലിയ ബന്ധമുണ്ട്. പ്രത്യേകിച്ചും ജാപ്പനീസ് ഭാഷയില്‍ നല്ലൊരു പങ്ക് സംസ്‌കൃതപദങ്ങളുണ്ടെന്ന് എന്‍.വി.കൃഷ്ണവാരിയര്‍ എഴുതിയത് കണ്ടിട്ടുണ്ട്. പൗരാണിക ഇന്ത്യന്‍ സംസ്‌കൃതിയുമായി ബന്ധമില്ലാത്ത ഭൂപ്രദേശങ്ങള്‍ ലോകത്തെവിടെയാണുള്ളത്? ഒരു കാലത്ത് ഒറ്റപ്പെട്ടു കിടന്നിരുന്നു എന്നു കരുതപ്പെടുന്ന ലാറ്റിനമേരിക്കന്‍ – വടക്കേ അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ ആദിമനിവാസികളുടെ സംസ്‌കാരത്തില്‍പോലും പല ഘടകങ്ങള്‍ക്കും ഭാരത സംസ്‌കൃതിയുമായുള്ള ബന്ധം കണ്ടു നരവംശശാസ്ത്രജ്ഞര്‍ അത്ഭുതപ്പെടുകയാണ്.
ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിലെ ആദിമനിവാസികളായ ഇന്‍കാകളുടെ ആഘോഷമായ ‘രാമാ-സീത്വ’ ഫെസ്റ്റിവല്‍ ഇന്ത്യയുമായുള്ള ബന്ധത്തിന്റെ ഫലമാണെന്ന് പ്രസിദ്ധ ഇന്‍ഡോളജിസ്റ്റായ സര്‍ വില്യം ജോണ്‍സ് (1744-1794) ഏഷ്യാറ്റിക് സൊസൈറ്റിയില്‍ അവതരിപ്പിച്ച ഒരു പ്രബന്ധത്തില്‍ സൂചിപ്പിച്ചിട്ടുള്ളതായി കാണുന്നു. കൗസല്യാപുത്രനായ രാമന്‍ തന്നെയാണ് അവരുടെ ആരാധ്യ പുരുഷന്‍. ഇക്കാര്യം ഡോക്ടര്‍ റോബര്‍ട്ട് ഹെയ്ന്‍ ജെല്‍ഡണും സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ നിന്നും വ്യാപകമായി കപ്പലുകള്‍ പെസഫിക് കടന്ന് ലാറ്റിനമേരിക്കയില്‍ എത്തിയിരുന്നെന്നും ആ കപ്പലുകള്‍ കൊളംബസിന്റെ കാലത്ത് യൂറോപ്പ് ഉപയോഗിച്ച നൗകകളേക്കാള്‍ മെച്ചമായിരുന്നെന്നും ജെല്‍ഡണ്‍ പറയുന്നുണ്ട്. പ്രമുഖ ഓറിയന്റലിസ്റ്റായിരുന്ന എഡ്‌വേര്‍ഡ് പോകോക്കേ(1604-1691) പെറുവിലെയും മെക്‌സിക്കോയിലെയും നാടോടിക്കഥകള്‍ക്കും ഉത്സവങ്ങള്‍ക്കും ഭാരതവുമായുള്ള ബന്ധത്തെ സൂചിപ്പിച്ചിട്ടുള്ളതായി പറയപ്പെടുന്നു.
ജപ്പാന്‍ വരെയുള്ള പൂര്‍വേഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലുമെല്ലാം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങളായ കഥകളും ആഘോഷങ്ങളും രാമകഥയുമൊക്കെ ഉളളതായി ധാരാളം ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അവരാരും ഇന്ത്യക്കാരല്ല എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. അതുകൊണ്ട് ഈ സംസ്‌കാരവും ഭാഷയും അവരുടേതാവുമോ? സംസ്‌കൃതം ഈ സംസ്‌കാരത്തെ സൂക്ഷിച്ചുവയ്ക്കുന്ന നിധികുംഭമാണ്. ആ ഭാഷയ്‌ക്കെതിരായ ആക്രമണം നമ്മുടെ സംസ്‌കാരത്തിനെതിരായ ആക്രമണം തന്നെയാണ്. ഏതാനും പാശ്ചാത്യ പണ്ഡിതന്മാരുടെ പേരുകള്‍ എഴുതിക്കാണിച്ച് സംസ്‌കൃതത്തെയും നമ്മുടെ സംസ്‌കൃതിയെയും അന്യവല്‍ക്കരിക്കാനുള്ള ശ്രീകുമാറിന്റെ ശ്രമങ്ങള്‍ക്കുള്ള മറുപടി അദ്ദേഹത്തിന്റെ ലേഖനത്തിനുള്ളില്‍ തന്നെയുണ്ട്.
ലേഖനത്തില്‍ പലയിടത്തും ബ്രാഹ്‌മണ മതം എന്നു ബോധപൂര്‍വ്വം പ്രയോഗിച്ചിരിക്കുന്നത് വലിയ ദുരുദ്ദേശ്യത്തോടു കൂടി തന്നെയാണ്. ഭാഷയിലും സംസ്‌കാരത്തിലും രാഷ്ട്രീയത്തിലും സൂക്ഷ്മമായി ഇടപെടുക എന്നുള്ള തന്ത്രപരമായ ലക്ഷ്യമാണ് സവര്‍ണ മതം, ബ്രാഹ്‌മണ മതം തുടങ്ങിയ പ്രയോഗത്തിലുള്ളത്.
ആര്യ-ദ്രാവിഡ മിത്തിനെ ചോദ്യം ചെയ്യുന്നതാണ് ജെനിറ്റിക് പഠനങ്ങള്‍ എന്നുള്ളതുകൊണ്ട് അക്കാര്യം മറച്ചുവച്ചാണ് ലേഖകന്‍ എഴുതിയിരിക്കുന്നത്. ബ്രാഹ്‌മണരുള്‍പ്പെടെ ഇന്ത്യയിലെ ജനവിഭാഗങ്ങളെല്ലാം ഒരു നരവംശത്തിന്റെ തുടര്‍ച്ചയാണെന്ന് ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നു. ആര്യദ്രാവിഡ, സവര്‍ണ-അവര്‍ണ കുത്തിത്തിരിപ്പു ചരിത്രകാരന്മാരും പണ്ഡിതനാട്യക്കാരും അതിനെ കണ്ടതായി നടിക്കുന്നില്ല. ശ്രീകുമാറും തന്ത്രപരമായി അതില്‍ നിന്നും ഒഴിഞ്ഞു മാറുന്നത് ലേഖനത്തില്‍ കാണാം. ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കുക എന്ന പാശ്ചാത്യ അജണ്ട തന്നെയാണ് ശ്രീകുമാറിനുമുള്ളത്. അദ്ദേഹം ഉറങ്ങുകയല്ല ഉറക്കം നടിക്കുകയാണെന്നതാണ് വാസ്തവം.
ഭാഷയുടെ ഉല്‍പ്പത്തി വികാസപരിണാമങ്ങളെക്കുറിച്ച് ഇന്നത്തെ സാഹചര്യങ്ങളെ കണക്കിലെടുത്ത് പഠിക്കുന്നത് അര്‍ത്ഥശൂന്യമാണ്. പ്രിന്റിങ്ങ് ടെക്‌നോളജിയുടെ വികാസം പൗരാണിക കാലത്തെ പരിണാമ നിയമങ്ങളെ അപ്രസക്തമാക്കും. ഋഗ്വേദവും സംസ്‌കൃതവുമെല്ലാം മറ്റെവിടെയോവച്ചു രൂപപ്പെടുത്തി ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്തതാണ് എന്ന് സ്ഥാപിക്കാനാണ് വെള്ളക്കാര്‍ക്കിഷ്ടം. ശ്രീകുമാറിനെപ്പോലുള്ളവരും അതുതന്നെ ഏറ്റുപാടുന്നു. ഇന്ത്യയിലേയ്ക്ക് ആക്രമിച്ചെത്തിയ പേര്‍ഷ്യക്കാര്‍ക്ക് ഒരു മിശ്രഭാഷയേ സൃഷ്ടിക്കാനായുള്ളൂ (ഉറുദു). ഇന്ത്യ മുഴുവന്‍ പേര്‍ഷ്യന്‍ ഭാഷയ്ക്കു കീഴിലാക്കാന്‍ കഴിഞ്ഞില്ല. ബ്രിട്ടീഷ് ദ്വീപുകളെ കീഴടക്കിയ നോര്‍മന്‍ ഫ്രഞ്ചുകാര്‍ നിയമംമൂലം ഫ്രഞ്ച് നടപ്പാക്കിയിട്ടും ഇംഗ്ലീഷുകാര്‍ അവരുടെ ഭാഷയില്‍ത്തന്നെ തുടര്‍ന്നു. അതുപോലെ സംസ്‌കൃതം മറ്റാരുടെയെങ്കിലും ഭാഷയായിരുന്നെങ്കില്‍ ഇന്ത്യക്കാര്‍ അതിനെ നിഷേധിച്ചേനേ! എല്ലാ ഇന്ത്യന്‍ ഭാഷകളും അവരുടെ ജ്ഞാനസ്രോതസ്സായി അതിനെ സ്വീകരിക്കുകയാണുണ്ടായത്.
കൃത്യമായി ചരിത്രം രചിക്കാന്‍ ആര്‍ക്കും കഴിയില്ല. പഴയ ചരിത്രബോധ്യങ്ങള്‍ തിരുത്തപ്പെട്ടുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടുതന്നെ ഓരോ ഗവേഷണങ്ങള്‍ക്കും അനുസരിച്ച് നമുക്ക് മാറുക സാധ്യമല്ല. സംസ്‌കൃതം നമുക്കു കിട്ടിയ മഹത്തായ പൈതൃകമാണ്. യൂറോപ്പിനു ലാറ്റിന്‍ എങ്ങനെയാണോ അതുപോലെയാണ് നമുക്ക് സംസ്‌കൃതം. അത് സവര്‍ണന്റെയാണ്, ബ്രാഹ്‌മണന്റെയാണ് എന്നൊക്കെ പറയുന്നത് അല്പത്തമാണ്. പുരോഹിതവര്‍ഗ്ഗം എന്ന നിലയില്‍ ബ്രാഹ്‌മണര്‍ മധ്യകാലഘട്ടമെത്തിയപ്പോഴേയ്ക്കും സമ്പന്നരും പ്രബലരുമായി എന്നത് യാഥാര്‍ത്ഥ്യം. ലോകത്തെവിടെയും പുരോഹിതന്മാര്‍ കൂടുതല്‍ സാമൂഹ്യാംഗീകാരം നേടിയിട്ടുണ്ട്. ഇപ്പോഴും ആ മേധാവിത്വം എല്ലായിടത്തും തുടരുന്നുണ്ട്. മാര്‍പ്പാപ്പയുടെ കൈമുത്തുന്നതും അദ്ദേഹത്തെ തൊട്ടുനമസ്‌കരിക്കുന്നതും അദ്ദേഹം ബ്രാഹ്‌മണനായതുകൊണ്ടല്ല; പുരോഹിതനായതുകൊണ്ടാണ്. മനുഷ്യര്‍ക്ക് ഈശ്വരവിശ്വാസമുണ്ടെങ്കില്‍ ചില ഇടനിലക്കാര്‍ ഉയര്‍ന്നുവരുകയും അവര്‍ വിശ്വാസികളെ ഭയപ്പെടുത്തി അംഗീകാരവും സ്വത്തുമൊക്കെ നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യും. എന്നുകരുതി നമ്മുടെ പൈതൃകമപ്പാടെ ബ്രാഹ്‌മണര്‍ക്കുള്ളതാകുന്നതെങ്ങനെ? ഈ പൈതൃകമാകെ ബ്രാഹ്‌മണന്റേതാണെന്ന് പറഞ്ഞ് അടുത്ത നിമിഷം തന്നെ ഇത്തരക്കാര്‍ വ്യാസനും, വാല്മീകിയും കൃഷ്ണനും രാമനും കീഴ്ജാതിക്കാരാണെന്ന് പറഞ്ഞ് അഭിമാനിക്കുകയും ചെയ്യും. ഇപ്പറഞ്ഞ നാലുപേരും (വ്യാസന്‍, വാല്മീകി, കൃഷ്ണന്‍, രാമന്‍) ഇല്ലെങ്കില്‍ പിന്നെ എന്തു പൈതൃകമാണു നമുക്കുള്ളത്? സംസ്‌കൃതത്തിന്റെ കുത്തകാവകാശം സവര്‍ണരില്‍ നിന്നും എടുത്തു മാറ്റണമെന്നതാണ് ലേഖനകര്‍ത്താവിന്റെ ആവശ്യം. സംസ്‌കൃതം പഠിക്കാന്‍ പാടില്ലെന്ന് ആരെയെങ്കിലും വിലക്കിയിട്ടുണ്ടോ? തിരുവനന്തപുരം സംസ്‌കൃതകോളജിലേയ്‌ക്കൊന്നു ചെന്നു നോക്കൂ! അവിടെ പഠിക്കുന്നതില്‍ 70% എങ്കിലും പിന്നാക്ക ന്യൂനപക്ഷവിഭാഗങ്ങളില്‍ പെട്ടവരാണ്. ഭാഷയ്‌ക്കെന്തു ജാതി! മതം! ഇത്രയും ഇടുങ്ങിയ മനസ്സുകള്‍ മനുഷ്യവംശത്തിനു തന്നെ അപകടമാണെന്നേ പറയാനുള്ളൂ.
മാതൃഭൂമിയില്‍ മാധവന്‍ പുറച്ചേരി എഴുതിയിരിക്കുന്ന കവിത ‘സ്മാര്‍ത്തം’ പുതുതായി ഒന്നും സംവദിക്കുന്നില്ല. പഴയ കാലത്തെ പുതുകാലത്തെ സ്ത്രീയുടെ അവസ്ഥയുമായി ബന്ധിപ്പിക്കാനാണു കവിയുടെ ശ്രമം. അതിനായി അദ്ദേഹം കൂട്ടുപിടിക്കുന്നത് ഒളപ്പമണ്ണയുടെ നങ്ങേമക്കുട്ടിയെ. ഒളപ്പമണ്ണയുടെ നങ്ങേമക്കുട്ടിയും ഗോവിന്ദന്റെ കൂടിയാട്ടത്തിന്റെ കഥയും വായിച്ച മലയാളിക്കു മാധവന്‍ പുറച്ചേരിയുടെ പരിശ്രമം വിശേഷാല്‍ ഒന്നും പകരുന്നില്ല. എങ്കിലും കവിയുടെ യത്‌നത്തെ അഭിനന്ദിക്കാം.
പ്രഭാവര്‍മയുടെ കവിത (മാതൃഭൂമി) ‘നിമിഷാര്‍ച്ചന’ ആരംഭിക്കുന്നതിങ്ങനെയാണ്. ”ചില മാത്രകള്‍ ജീവിതത്തിന്റെ വിലപ്പെട്ട ചെറുയാത്രകള്‍ ഇതളായിറുത്തര്‍ച്ചിക്കുന്നു.” വൈലോപ്പിള്ളിയുടെ ഊഞ്ഞാലില്‍ എന്ന കവിത അവസാനിക്കുന്നത് നോക്കൂ! ”എന്തിന്? മര്‍ത്ത്യായുസ്സില്‍ സാരമായതു ചില മുന്തിയസന്ദര്‍ഭങ്ങള്‍ അല്ല മാത്രകള്‍ മാത്രം. ആയതില്‍ ചിലതിപ്പോളാടുമീയൂഞ്ഞാലെണ്ണീ നീയൊരു പാട്ടുംകൂടി പാടി നിര്‍ത്തുക, പോകാം” രണ്ടുപേരും നിമിഷങ്ങളുടെ, മാത്രകളുടെ വിലയെക്കുറിച്ചു തന്നെ പാടുന്നു. രണ്ടുപേരും ഒരേ വൃത്തം തന്നെ ഉപയോഗിക്കുന്നു; കേക മഹാകവികള്‍ എല്ലാവര്‍ക്കും പ്രചോദനമാകുന്നു പ്രത്യേകിച്ചും വൈലോപ്പിള്ളിക്ക്. അദ്ദേഹത്തെപ്പോലെ എഴുതാനാഗ്രഹിക്കാത്ത ഒരു കവിയും ഇക്കാലത്തുണ്ടാവില്ല.
എം.ജി ബാബുവിന്റെ കഥ ‘ക്രിമറ്റോറിയം’ (മാതൃഭൂമി) കോവിഡ് കാലത്തെയും ജീവിതത്തിന്റെ അനിശ്ചിതത്വത്തെയും അടയാളപ്പെടുത്തുന്നു. കോവിഡ് പടര്‍ന്നു പിടിച്ച ആദ്യനാളുകളില്‍ ഉറ്റവരും ഉടയവരും തിരിഞ്ഞുനോക്കാതെ അനാഥരെപ്പോലെ അടക്കം ചെയ്യപ്പെട്ടവരെ കഥ നമുക്കു വീണ്ടും കാട്ടിത്തരുന്നു. മതച്ചടങ്ങുകള്‍ പോലുമില്ലാതെ പോയവരെ ഇന്നു നമ്മള്‍ മറന്നു തുടങ്ങിയിരിക്കുന്നു. അപ്പോഴാണ് ഈ കഥാകൃത്ത് ഓര്‍മകളെ വീണ്ടും ഉണര്‍ത്തുന്നത്. തനിക്കുചുറ്റുമുള്ളവരില്‍ പലരും കോവിഡിനു കീഴടങ്ങുമ്പോള്‍ ഒരു ആംബുലന്‍സ് ഡ്രൈവറിലുണ്ടാകുന്ന വ്യര്‍ത്ഥതാബോധത്തെ ആഴത്തില്‍ വരച്ചുകാട്ടുന്ന മനോഹരമായ രചന. കഥാകൃത്തിനെ അഭിനന്ദിക്കാം.