ഒട്ടേറെ വൈവിദ്ധ്യങ്ങള്‍ ഉണ്ടെങ്കിലും അവയെയെല്ലാം ഏകതയുടെ പൊന്‍നൂലില്‍ കോര്‍ത്തിണക്കുന്ന സവിശേഷമായ ഒരു ദര്‍ശനമാണ് ഭാരതത്തിന്റേത്. നാനാത്വത്തില്‍ ഏകത്വം എന്നു പുകള്‍പെറ്റ സംസ്‌കാരമാണ് സഹസ്രാബ്ദങ്ങളായി ഭാരത രാഷ്ട്രത്തെ ഏകീകരിച്ചു നിര്‍ത്തുന്നത്. ശ്രീബുദ്ധനും ശ്രീ ശങ്കരാചാര്യരുമൊക്കെ സമന്വയാത്മകമായ ഈ ദര്‍ശനത്തിന്റെ വക്താക്കളായിരുന്നതു കൊണ്ടാണ് അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞത്. ഭക്തിപ്രസ്ഥാനത്തിന്റെ കാലഘട്ടത്തില്‍ വിവിധ ഭാരതീയ ഭാഷകളില്‍ സമാനമായ കാഴ്ചപ്പാടോടെ രചനകളുണ്ടായതും ഭാരതീയ സംസ്‌കാരം മുന്നോട്ടു വെക്കുന്ന ഏകതയുടെ പ്രത്യക്ഷ ഉദാഹരണമാണ്. ഈ കാഴ്ചപ്പാടില്‍ നിന്നു വ്യതിചലിച്ചപ്പോഴൊക്കെ ഭാരതത്തിന് അധ:പതനമുണ്ടായിട്ടുണ്ട്. 1947 ല്‍ സ്വാതന്ത്ര്യ സമ്പാദനത്തോടൊപ്പമുണ്ടായ ഭാരത വിഭജനം ഈ ദര്‍ശനത്തെ നിഷേധിച്ചതിന്റെ പരിണത ഫലമായിരുന്നു. സ്വതന്ത്ര ഭാരതം സ്വന്തമായി ഒരു ഭരണഘടന നിര്‍മ്മിച്ച് 1950 ജനവരി 26-ന് സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കാണ് ഭാരതം എന്ന് ലോകത്തോടു പ്രഖ്യാപിച്ചതും ദേശീയ ഐക്യത്തിന്റെ ആധാരത്തില്‍ തന്നെയാണ്. ‘ഇന്ത്യയിലെ ജനങ്ങളായ നാം’ എന്നു തുടങ്ങുന്ന ഭരണഘടനയുടെ ആമുഖം രാഷ്ട്രത്തിന്റെ അഖണ്ഡതയെ അടിവരയിട്ടു പ്രഖ്യാപിക്കുന്നു.
ഭാരതത്തിന്റെ ഭരണഘടന മുന്നോട്ടുവെക്കുന്ന ദേശീയ ഐക്യത്തെ സാര്‍ത്ഥകമാക്കുന്ന ഒട്ടേറെ നടപടികളാണ് കഴിഞ്ഞ എട്ടുവര്‍ഷക്കാലമായി നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തില്‍ ‘ഒരു രാജ്യം, ഒറ്റ പോലീസ് യൂണിഫോം’ എന്ന നിര്‍ദ്ദേശം പ്രധാനമന്ത്രി സംസ്ഥാനങ്ങളുടെ മുമ്പാകെ വെച്ചതും ദേശീയ ഐക്യത്തിന്റെ കാഴ്ചപ്പാടിലൂടെയാണ്. ഇത് തന്റെ ആശയം മാത്രമാണെന്നും സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്പിക്കുകയല്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ചോ അന്‍പതോ നൂറോ വര്‍ഷത്തിനുള്ളില്‍ ഈ മാറ്റം സംഭവിക്കാം, സംഭവിക്കാതിരിക്കാം. സംസ്ഥാനങ്ങള്‍ അതേക്കുറിച്ച് ആലോചിക്കണമെന്നും അദ്ദഹം പറഞ്ഞു. കാലപ്പഴക്കമുള്ള നിയമങ്ങള്‍ സംസ്ഥാനങ്ങള്‍ നിലവിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പരിഷ്‌ക്കരിക്കണം. ക്രമസമാധാനപാലനത്തിനുള്ള സാങ്കേതിക വിദ്യകള്‍ പരസ്പരം കൈമാറുന്നതിനുള്ള പൊതു സംവിധാനം ആലോചിക്കണം. ക്രമസമാധാനപാലനം സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള വിഷയമാണെങ്കിലും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയുമായി അതു ബന്ധപ്പെട്ടു കിടക്കുന്നു. ജനങ്ങള്‍ക്കിടയില്‍ പോലീസിനു മികച്ച പ്രതിച്ഛായ ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുകയെന്നത് ഏതൊരു സര്‍ക്കാരിന്റെയും മുന്നിലുള്ള പ്രധാന കര്‍ത്തവ്യമാണ്. ദീര്‍ഘകാലം ഭാരതം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ കാണിച്ച അലംഭാവത്തിന്റെ ഫലമായാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിഘടനവാദ പ്രശ്‌നങ്ങള്‍ ഉണ്ടായത്. വികസനത്തിലുണ്ടായ അസന്തുലിതാവസ്ഥയും പ്രശ്‌നങ്ങളെ പെരുപ്പിച്ചു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഒന്നായി കണ്ടുകൊണ്ടുള്ള നിരവധി നടപടികള്‍ക്ക് തുടക്കം കുറിച്ചു. ഏറെക്കാലമായി അവഗണിക്കപ്പെട്ടു കിടന്ന വടക്കു കിഴക്കന്‍ മേഖലയില്‍ വികസനത്തിന്റെ പുതിയ നാളുകളാണ് പിന്നാലെ വന്നത്. പുതിയ റോഡുകള്‍, റെയില്‍പ്പാതകള്‍, വിമാനത്താവളങ്ങള്‍ എന്നിവ നിര്‍മ്മിച്ച് ഈ മേഖലയില്‍ രാജ്യത്തിന്റെ ഇതരഭാഗങ്ങളുമായി പെട്ടെന്നു ബന്ധപ്പെടാന്‍ കഴിയുന്ന അവസ്ഥ ഉണ്ടാക്കി. തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി നേരിട്ടു. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിലൂടെ ഭാരതത്തിന്റെ ഐക്യത്തിന് അടിത്തറ പാകിയ സര്‍ദാര്‍ പട്ടേലിന്റെ സ്മരണ നിലനിര്‍ത്താന്‍ അദ്ദേഹത്തിന്റെ ജന്മദേശമായ ഗുജറാത്തില്‍ ഏകതാ പ്രതിമ നിര്‍മ്മിച്ചതിലൂടെ ഒരു വലിയ സന്ദേശമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയത്. ഇന്നത് ഭാരതത്തിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ഏറെക്കാലമായി അസ്വസ്ഥമായിരുന്ന ജമ്മുകാശ്മീരിനെ 370-ാം വകുപ്പ് റദ്ദാക്കി ദേശീയ മുഖ്യധാരയിലേക്കു കൊണ്ടുവന്നതും ഒരു രാജ്യം, ഒരു നിയമം, ഒരു പതാക, ഒരു ഭരണഘടന എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.
‘വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍’ എന്ന ആവശ്യം അംഗീകരിച്ചതിലൂടെ സൈന്യത്തിലുണ്ടായിരുന്ന അസംതൃപ്തി ഇല്ലാതാക്കാന്‍ കഴിഞ്ഞു. സംയുക്ത സൈനിക മേധാവിയെ നിയമിച്ചു കൊണ്ട് സൈന്യത്തിന് ഒറ്റ നേതൃത്വമുണ്ടായി. ബി.എസ്.എഫിന്റെയും എന്‍.ഐ.എയുടെയും അധികാര പരിധി വര്‍ദ്ധിപ്പിച്ചതും ഗുണകരമായി. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയിലൂടെ രാജ്യത്ത് എവിടെ നിന്നും റേഷന്‍ വാങ്ങാവുന്ന അവസ്ഥ ഉണ്ടായി. വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനം ദേശവ്യാപകമായി നടന്നു വരുന്നു. ‘ഒരു രാഷ്ട്രം ഒരു വളം’, ‘ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍’ രാജ്യമെങ്ങും ഏതു വാഹനത്തിലും ഉപയോഗിക്കാവുന്ന ട്രാവല്‍ കാര്‍ഡ് തുടങ്ങിയ പദ്ധതികളും നടപ്പാക്കി വരുന്നു. നോട്ടു നിരോധനത്തിലൂടെയും എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള നടപടികളിലൂടെയും സാമ്പത്തിക രംഗത്ത് ആരംഭിച്ച ശുദ്ധീകരണ പ്രക്രിയ ഇന്നും തുടര്‍ന്നു വരികയാണ്. ജി.എസ്.ടി. നടപ്പാക്കിയതിലൂടെ വ്യാപാര രംഗത്ത് വലിയ പരിവര്‍ത്തനമാണ് ഉണ്ടായത്. മാറുന്ന കാലത്തെ വെല്ലുവിളികളെ നേരിടാന്‍ കഴിയുന്ന തരത്തിലുള്ള ദേശീയ വിദ്യാഭ്യാസനയവും രാജ്യത്ത് ഒരു പുതിയ പരിവര്‍ത്തനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
മാതൃഭാഷകളെ പ്രോത്സാഹിപ്പിക്കുന്ന തോടൊപ്പം ദേശീയ ഭാഷയെന്ന നിലയില്‍ ഹിന്ദിയെയും രാഷ്ട്ര ഭാഷയെന്ന നിലയില്‍ സംസ്‌കൃതത്തെയും വളര്‍ത്തുന്നതിനുള്ള പദ്ധതികളും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി വരികയാണ്. മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ഹിന്ദിയില്‍ മെഡിക്കല്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു കൊണ്ട് മാതൃഭാഷയിലൂടെയുള്ള മെഡിക്കല്‍പഠനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ മുമ്പു തന്നെ തമിഴില്‍ മെഡിക്കല്‍ നിഘണ്ടു പുറത്തിറക്കിയിരുന്നു. കേരളത്തിലും ആരോഗ്യ സര്‍വ്വകലാശാലയും മലയാളം സര്‍വ്വകലാശാലയും ചേര്‍ന്ന് മലയാളത്തില്‍ മെഡിക്കല്‍ നിഘണ്ടു തയ്യാറാക്കാന്‍ ശ്രമം തുടങ്ങിയതും ദേശീയനയത്തിന് അനുസൃതമായാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ദേശീയ ഐക്യത്തിലേയ്ക്കുള്ള ചുവടു വെയ്പുകളായി വേണം ഈ നടപടികളെ കാണാന്‍. നിയമത്തിനു മുന്നില്‍ എല്ലാവരെയും തുല്യരായി കാണാന്‍ കഴിയുന്ന ‘ഏക സിവില്‍ കോഡ്’ എന്ന ഭരണഘടനയുടെ നിര്‍ദ്ദേശവും രാജ്യത്ത് നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ താമസിയാതെ മുന്‍കൈ എടുക്കുമെന്നു പ്രതീക്ഷിക്കാം.