ആതിരേ നീ വരുംനാള്‍; എത്രകാത്തുഞാന്‍
മണ്ണില്‍ഞെട്ടറ്റൊരു താരകമാണു നീ
താലവൃന്ദം നീട്ടി നില്‍ക്കുന്ന ചെമ്പകം
പൂത്തു പരിമളമായെന്റെയോര്‍മകള്‍
നീ വരുന്നു, ഈ വഴികളില്‍ വീശുന്നു
പൂവാംകുരുന്നിലഗന്ധം; പകല്‍ പോലെ
രാവും മനോഹരം, കാറ്റിന്റെ ഗീതങ്ങള്‍,
നേര്‍ത്തുനേര്‍ത്തില്ലാതെയാകുന്ന നോവുകള്‍
മന്ദാരമൊട്ടുപോലെന്റെ പ്രതീക്ഷകള്‍
നീ വരുമ്പോള്‍ വിരിയാന്‍ ധൃതികൊള്ളവേ
ചാരുപദ സ്പര്‍ശമെല്ലാം ദശപുഷ്പ-
ഭംഗികളായ് ഇലക്കീറില്‍ നിറയുന്നു ….
നേര്‍ത്ത വെണ്‍മഞ്ഞിന്റെചേല, മുടിക്കെട്ടില്‍
പാതിമറഞ്ഞ കുറുമൊഴിപ്പൂവുകള്‍
പൂര്‍ണ്ണേന്ദുപോലെനീ പുഞ്ചിരിക്കുംനേര-
മായിരം തുമ്പപ്പൂ രാവില്‍ വിടരുന്നു …
നിന്‍ മധുരസ്വര താളച്ചുവടുകള്‍
കൈതപ്പൂഗന്ധം കുടഞ്ഞപുടവകള്‍
കണ്ണില്‍ മയ്യായിപുതുപുതു സ്വപ്‌നങ്ങള്‍
സ്‌നേഹത്തില്‍ ചാലിച്ചിലക്കുറിക്കൂട്ടുകള്‍ ….
രാപ്പാടി മൂളുന്ന ജീവത്പ്രണയത്തിന്‍
ഗാഥയതില്‍ നീ രാഗഭാവം ലയം
നീ നിറയുന്നു നിലാവായി, പാതിരാ –
പ്പൂവുപോല്‍ കൂവളച്ചോട്ടിലൊളിക്കുന്നു …..
നീ അഷ്ടമംഗല്യത്തട്ടിലെ കാന്തിയായ്
കണ്‍മഷിച്ചെപ്പിലെ കര്‍പ്പൂരഗന്ധമായ്
കൈവിളക്കില്‍നറുനെയ്ത്തിരിച്ചന്തമായ്
പെണ്‍കവിള്‍പ്പൂവിലെശോണിമയായി നീ….
നീ ലഹരി,ധനുമാസനിശീഥിനീ-
വല്ലികള്‍ തോറും നിറയുന്ന സൗരഭം
നീ ഉമാമഹേശ്വരപ്രേമം ഈ ഭൂമിയെ
നിത്യവുമുര്‍വ്വരമാക്കുന്ന തൂവെയില്‍….