രാഷ്ട്രത്തിന്റെ ഭാവി യുവത്വത്തിന്റെ കൈകളിലാണ് എന്ന് ചിന്തിക്കുന്നവരെല്ലാം ഉറച്ചുവിശ്വസിക്കുന്നു. യുവതയുടെ ബുദ്ധിയില്‍ തീ പകര്‍ന്നാല്‍ അത് ആളിപ്പടരും. യൗവന ചിന്തയുടെ ചൂടിലും കരുത്തിലും രൂപമാര്‍ജിക്കുന്നത് രാജ്യത്തിന്റെ തന്നെ നാളെകളായിരിക്കാം. യുവമനസ്സുകളില്‍ ചിന്തകളുടെ അഗ്നിനാളം തെളിയിക്കുന്ന രാജ്യത്തെ ഒരു പ്രധാന കേന്ദ്രമാണ് തലയെടുപ്പുള്ള ഉന്നത പഠനകേന്ദ്രമായ ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെ.എന്‍.യു.). എന്തെന്ത് ആശയധാരകള്‍, പ്രത്യയശാസ്ത്ര കൈവഴികള്‍! ഈ ക്യാംപസില്‍നിന്നുദിച്ച് ഇവ രാജ്യത്തെ തണുപ്പും ഉഷ്ണക്കാറ്റുമേറ്റു മനസ്സുകളോരോന്നിലേക്കു പടരുന്നു! ഭാരതത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ ബുദ്ധിയെ ഉലയ്ക്കാനും ഉണര്‍ത്താനും പോരുന്നവരാണ് ഇവിടത്തെ അധ്യാപക-വിദ്യാര്‍ഥി സമൂഹം. പഠനത്തിന്റെ വേറിട്ട തലം; അധ്യാപക-വിദ്യാര്‍ഥി ബന്ധത്തിന്റെ അനന്യ മുഖം; വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ തീക്ഷ്ണ ഭാവം തുടങ്ങി പാദമുദ്രകള്‍ പലതും കാണാം, ജെ.എന്‍.യുവിന്. എന്നാല്‍, ജെ.എന്‍.യു. ഇപ്പോള്‍ പഴയ ജെ.എന്‍.യു. അല്ല. മുഖം മിനുക്കിയിരിക്കുന്നു; പ്രതിച്ഛായ നവീകരിച്ചിരിക്കുന്നു. വിഭാഗീയതയ്ക്കും വിദ്വേഷത്തിനും തണലേകുന്ന ഇടക്കാലത്തെ മുറിവുകളും മുറിപ്പാടുകളും ഉണക്കി ദേശീയതയുടെ കോമള മുഖമണിഞ്ഞിരിക്കുകയാണ് ജെ.എന്‍.യു. രാജ്യത്തിന്റെ വിജ്ഞാനസ്തംഭമായി ഒരിക്കല്‍ക്കൂടി ഉയര്‍ന്നുനില്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള അറിവിന്റെയും നൂതനത്വത്തിന്റെയും പാതയിലുള്ള തീര്‍ഥയാത്രയിലാണ് ഈ ഉന്നത പഠന കേന്ദ്രം. ഉയര്‍ച്ചയുടെ വഴിയിലേക്കു ക്യാമ്പസിനെ കൈപിടിച്ചുനടത്തിയത് പുതിയ വൈസ് ചാന്‍സലറാണ്. മോഹിക്കാതെയാണ് ലഭിച്ചതെങ്കിലും ജെ.എന്‍.യു. വൈസ്ചാന്‍സലര്‍ പദവി തനിക്കു മുള്‍ക്കിരീടമായി അനുഭവപ്പെട്ടില്ലെന്ന് അമരക്കാരി പ്രൊഫ.ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ് പറയുന്നു. പൂര്‍വവിദ്യാര്‍ഥിയെന്ന നിലയില്‍ ക്യാമ്പസിന്റെ ഓരോ അരികും അംശവും അടുത്തറിയുന്ന താന്‍ മുന്നോട്ടു മാത്രമേ നോക്കിയിട്ടുള്ളൂ എന്ന് അവര്‍ വ്യക്തമാക്കുന്നു. തന്റെ കലാലയം മികച്ചതാക്കുമെന്ന വൈസ് ചാന്‍സലറുടെ ദൃഢനിശ്ചയത്തിനു മുന്നില്‍ ക്യാമ്പസിന്റെ ദുശ്ശാഠ്യങ്ങള്‍ തോറ്റുകൊടുത്തു. അപ്പോഴും, ജേതാവിന്റെ ഭാഷയല്ല; മറിച്ച് വിജ്ഞാനത്തിന്റെയും വിനയത്തിന്റെയും സൗമ്യതയുടെയും ത്രിവര്‍ണങ്ങളാണ് അവര്‍ക്കു മുന്നില്‍ നിരത്താനുള്ളത്. പ്രസക്തമായ ഏതാനും ചോദ്യങ്ങള്‍ക്ക് പ്രൊഫ. ശാന്തിശ്രീ മറുപടി നല്‍കുകയാണ് ഈ അഭിമുഖത്തില്‍.
ജെ.എന്‍.യു. വിദ്യാര്‍ഥിയായിരുന്ന താങ്കള്‍ ഇപ്പോള്‍ ആ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാണ്. ഈ പദവി അലങ്കരിക്കാന്‍ കിട്ടിയ അവസരത്തെ എങ്ങനെയാണു കാണുന്നത്?
ഒരളവോളം സ്വന്തം വീട്ടില്‍ കഴിയുന്ന സുഖമുണ്ട്. പക്ഷേ, വൈസ് ചാന്‍സലര്‍ പദവിയില്‍ എത്തുമെന്നു ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഗുരുവായൂരപ്പന്റെയും ശ്രീപത്മനാഭ സ്വാമിയുടെയും അനുഗ്രഹമായി മാത്രമേ സ്ഥാനലബ്ധിയെ കാണുന്നുള്ളൂ. ജെ.എന്‍.യു. ഭാരതത്തിന്റെ ചെറുരൂപം തന്നെയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ അവിടെ പഠിക്കുന്നുണ്ട്. അത്തരമൊരു ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തിന്റെ തലപ്പത്തിരിക്കുക എന്നതു വലിയ അംഗീകാരമാണ്. ജെ.എന്‍.യു. വിദ്യാര്‍ഥിയായിരുന്നു എന്നതിനപ്പുറം ആ സര്‍വകലാശാലയുടെ പ്രഥമ വനിതാ വൈസ് ചാന്‍സലര്‍ കൂടിയാണ് ഞാന്‍.
സര്‍വകലാശാലയെ നയിക്കുന്ന വനിത എന്ന നിലയില്‍ വെല്ലുവിളികള്‍ നേരിടേണ്ടിവരുന്നുണ്ടോ? സുഗമമാണോ പ്രവര്‍ത്തനം? സഹപ്രവര്‍ത്തകരുടെ സഹകരണം എത്രത്തോളം ലഭിക്കുന്നുണ്ട്?
എന്നെ വൈസ് ചാന്‍സലറായി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് ഇടതുപക്ഷത്തെ ഞെട്ടിച്ചിട്ടുണ്ട് എന്നു വ്യക്തമാണ്. ഒരു പൂര്‍വ്വ വിദ്യാര്‍ഥി വൈസ് ചാന്‍സലറാകുന്നു, ഹിന്ദി ബെല്‍ട്ടില്‍നിന്നല്ലാത്ത ആദ്യ വൈസ് ചാന്‍സലര്‍ വരുന്നു എന്നതെല്ലാം പുതുമയാണ്. പിന്നോക്ക വിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ വനിതാ വൈസ് ചാന്‍സലറുമാണ് ഞാന്‍. ആരെയൊക്കെയാണോ ഇടതുപക്ഷവും കോണ്‍ഗ്രസ്സുമൊക്കെ മനുവാദികള്‍ എന്ന് ആരോപിക്കുന്നത് അത്തരം വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ മാത്രമേ ഇതുവരെ മിക്കപ്പോഴും വൈസ് ചാന്‍സലറായി നിയോഗിക്കപ്പെട്ടിട്ടുള്ളൂ.
എന്തു മാറ്റമാണു പ്രായോഗികമായി നടപ്പാക്കാന്‍ കഴിഞ്ഞത്?
പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുന്ന സാഹചര്യം ഇപ്പോള്‍ ജെ.എന്‍.യുവില്‍ ഉണ്ട്. നേരത്തേ അതായിരുന്നില്ല സ്ഥിതി. പല കാര്യങ്ങളും പ്രഖ്യാപനത്തില്‍ ഒതുങ്ങുകയായിരുന്നു പതിവ്. അതുപോലെതന്നെ, ഞാന്‍ അധികാരമേല്‍ക്കുന്നതിന് മുന്‍പുള്ള ആറു വര്‍ഷം എല്ലാം താറുമാറായ സ്ഥിതിയായിരുന്നു. തീവ്രവാദം പടര്‍ന്നിരുന്നു. എനിക്ക് ഇടതുപക്ഷത്തോട് അവര്‍ ഉപയോഗിക്കുന്ന അതേ ഭാഷയില്‍ സംസാരിക്കാന്‍ സാധിക്കുന്നു എന്ന നേട്ടമുണ്ട്. ബൗദ്ധികമായി അവരെ നേരിടാന്‍ സാധിക്കുന്നവരെ അവര്‍ ബഹുമാനിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഞാന്‍ പഠിച്ച കാലത്തെ ഇടതുപക്ഷവും ഇപ്പോഴത്തെ ഇടതുപക്ഷവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അക്കാലത്ത് ഇടതുപക്ഷവും ജിഹാദിസവും കൈകോര്‍ത്തിരുന്നില്ല. നേരത്തേ ഇടതുപക്ഷം ഇടതുപക്ഷമായിത്തന്നെ നിലകൊണ്ടിരുന്നു. അവര്‍ക്കു ദേശീയബോധം ഇല്ലെന്നൊക്കെ ആരോപിക്കാം. പക്ഷേ മതതീവ്രവാദ ആശയവുമായി ബന്ധമുണ്ടെന്നു കുറ്റപ്പെടുത്തേണ്ട സ്ഥിതി ഉണ്ടായിരുന്നില്ല. 2007നു ശേഷമാണ് മതതീവ്രവാദത്തെ പിന്‍തുണയ്ക്കുന്ന നിലപാട് ഇടതുപക്ഷക്കാര്‍ ജെ.എന്‍.യുവില്‍ കൈക്കൊണ്ടത്. ഇത് അപകടകരമാണെന്നു മാത്രമല്ല, ഇടതുപക്ഷം അതല്ലാതായിത്തീരലുമാണ്. പക്ഷേ, ഇത് ആഗോളതലത്തില്‍ ഇടതുപക്ഷത്തിന്റെ രീതിയാണെന്നു കാണാം. അതു രൂപാന്തരപ്പെട്ടു ഹിന്ദുഫോബിയ ആയി മാറിയിട്ടുണ്ട്.
ഏതായാലും ഇപ്പോഴത്തെ ജെ.എന്‍.യുവില്‍ അത്തരം സാഹചര്യമില്ല. എല്ലാം ശാന്തമാണ്. ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അവരവരുടെ ചിന്താധാരകളുമായി മുന്നോട്ടുപോകാന്‍ സ്വാതന്ത്ര്യമുണ്ട്. ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ നിഷ്പക്ഷമെന്നോ ഉള്ള ചിന്ത എനിക്കില്ല. ക്യാമ്പസില്‍ അക്രമം അനുവദിക്കില്ലെന്നു സംശയത്തിനിടനല്‍കാത്തവിധം ഞാന്‍ പ്രഖ്യാപിച്ചു. മറ്റെല്ലാറ്റിനും ഉപരി താന്‍ ജെ.എന്‍.യുക്കാരനാണെന്ന ചിന്ത ക്യാമ്പസില്‍ എല്ലാവര്‍ക്കും ഉണ്ടായിരിക്കണം. വി.സി. പദവിയില്‍ ബാക്കിയുള്ള നാലു വര്‍ഷവും മൂന്നു മാസവും ഇതേ രീതിയിലുള്ള സാഹചര്യമാണു ഞാന്‍ പ്രതീക്ഷിക്കുന്നത്.
ജെ.എന്‍.യു. ക്യാമ്പസ് ദശാബ്ദങ്ങളായി ഇടതുപക്ഷ മനസ്സ് കൊണ്ടുനടക്കുകയായിരുന്നു. മതതീവ്രവാദ ആശയഗതികളുമായി ഇഴയടുപ്പവുമുണ്ട്. ഇതൊക്കെ മാറ്റിയെടുക്കുക എളുപ്പമാണോ?
നാം മനസ്സിലാക്കേണ്ട കാര്യം ജെ.എന്‍.യുവിലെ 90 ശതമാനത്തോളം വിദ്യാര്‍ഥികളും പ്രത്യയശാസ്ത്ര പ്രതിബദ്ധത ഉള്ളവരല്ല എന്നതാണ്. നല്ല വിദ്യാഭ്യാസവും അടിസ്ഥാനസൗകര്യവും ലഭ്യമാക്കാമെങ്കില്‍ വിദ്യാര്‍ഥികളുടെ മനസ്സു മാറ്റിയെടുക്കാന്‍ എളുപ്പത്തില്‍ സാധിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ എത്രത്തോളം മാറ്റമുണ്ടായി എന്ന് എനിക്കറിയാം. ബൗദ്ധിക സംവാദങ്ങള്‍ വഴിയും മറ്റും എല്ലാവര്‍ക്കും ഗുണം ലഭിക്കുന്ന സ്ഥിതിയുണ്ടായാല്‍ സമൂഹം കാര്യങ്ങള്‍ തിരിച്ചറിയും.
രാഷ്ട്രീയ സ്വയംസേവക സംഘം ഉയര്‍ത്തുന്നതു സമത്വവാദമാണ്. ഒരു ദുരന്തമുണ്ടാകുമ്പോള്‍ ആദ്യം ഓടിയെത്തുന്നത് സംഘ പ്രവര്‍ത്തകരാണ്. ദുരന്തത്തില്‍പ്പെട്ടത് ഏതു വിഭാഗമെന്ന് അന്വേഷിച്ചല്ല രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഭാരതീയര്‍ ആയതുകൊണ്ട് തങ്ങള്‍ സഹായിക്കുന്നു എന്നതാണു നയം. ഇതായിരിക്കും ശൈലിയെന്ന് ജെ.എന്‍.യുവില്‍ പലതവണ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രവര്‍ത്തനത്തിലൂടെ അതു തെളിയിച്ചിട്ടുമുണ്ട്. ഒരു ആശയമെന്ന നിലയില്‍ വളരെ ഔന്നത്യമുള്ളതാണ് ആര്‍.എസ്.എസ്സിന്റേത്.
കേരളവും ജെ.എന്‍.യുവും തമ്മിലുള്ളത് ശക്തമായ ബന്ധമാണല്ലോ. കേരളത്തില്‍ മത തീവ്രവാദികള്‍ ഉയര്‍ത്തിയിട്ടുള്ള, ഭാരതത്തെ വെട്ടിമുറിക്കുമെന്ന മുദ്രാവാക്യം ഉയര്‍ന്ന ആദ്യ ക്യാമ്പസ് ഒരുപക്ഷേ ജെ.എന്‍.യു. ആയിരിക്കാം. അതെങ്ങനെ സംഭവിച്ചു എന്നാണു കരുതുന്നത്? എന്താണ് അവിടത്തെ ഇപ്പോഴത്തെ സാഹചര്യം?
എനിക്കു മുന്‍പുള്ള വൈസ് ചാന്‍സലര്‍ പദവിയിലിരിക്കെയാണ് ഈ മുദ്രാവാക്യം ജെ.എന്‍.യുവില്‍ ഉയര്‍ന്നത്. അത്തരം കാഴ്ചപ്പാടുകള്‍ ഉള്ളവര്‍ ഇപ്പോള്‍ ക്യാംപസില്‍ ഇല്ലതാനും. നിവേദിത മേനോനെ പോലെയുള്ളവര്‍ സ്ഥലത്തില്ല. നീണ്ട അവധിയെടുത്തും മറ്റും പോയിരിക്കുകയാണ്. ഞാന്‍ അധികാരമേറ്റിട്ട് ഒന്‍പതു മാസം പിന്നിടുകയാണ്. ഈ നാളുകള്‍ക്കിടെ ജെ.എന്‍.യുവില്‍ വലിയ മാറ്റമുണ്ടായിക്കഴിഞ്ഞു. നൂറടി വലിപ്പമുള്ള ദേശീയ പതാകയ്‌ക്കൊപ്പം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഫോട്ടോകള്‍ സ്ഥാപിച്ചു. അതിനെതിരെയൊന്നും പ്രതിഷേധം ഉയര്‍ന്നതേയില്ല. ദേശീയബോധം ഉയര്‍ത്തുന്ന ഒരു പരിപാടിയെങ്കിലും ഓരോ മാസവും നടത്തിവരുന്നുമുണ്ട്. അതിനും പിന്തുണ ലഭിക്കുന്നുണ്ട്.
കേരളത്തില്‍നിന്നു വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ബിരുദ പഠനത്തിന് ദല്‍ഹിയില്‍ എത്തുന്ന സാഹചര്യം മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നല്ലോ. കേരള സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടംപോലെ മാര്‍ക്ക് നല്‍കുന്ന മാര്‍ക്ക് ജിഹാദ് നിലനില്‍ക്കുന്നതായും ആരോപണം ഉയര്‍ന്നു. ഇതിലൂടെ കേരളത്തിലേത് ഉള്‍പ്പെടെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. തുടങ്ങിയ സിലബസ് ഉള്ള സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കാതെ പോകുന്ന സാഹചര്യം ഉടലെടുക്കുകയും ചെയ്തു. ദല്‍ഹിയിലെ കോളേജധ്യാപകരും മറ്റും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എങ്ങനെയാണ് ഈസ്ഥിതിവിശേഷം സംജാത്മായത്?
എന്‍.ടി.എ നടത്തുന്ന പ്രവേശന പരീക്ഷയെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവേശനമെന്നതിനാല്‍ ഈ പ്രശ്‌നം ജെ.എന്‍.യുവിനെ ബാധിച്ചില്ല. പാര്‍ലമെന്റ് പാസാക്കിയ പ്രത്യേക നിയമത്തിനു വിധേയമായാണ് ജെ.എന്‍.യു. പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഒരു സംസ്ഥാനക്കാര്‍ക്ക് പരിധിയില്‍ കവിഞ്ഞ എണ്ണം സീറ്റുകളില്‍ പ്രവേശനം ലഭിക്കില്ല. ഓരോ സംസ്ഥാനത്തിനും ക്വാട്ടയുണ്ട്. എന്നാല്‍, കേരളത്തില്‍നിന്നു വലിയ തോതില്‍ വിദ്യാര്‍ഥികള്‍ ഒരുമിച്ച് എത്തിയത് ദല്‍ഹി സര്‍വകലാശാലയ്ക്കു തിരിച്ചടിയായി. മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള എല്ലാ സംവരണ സീറ്റുകളിലേക്കുമുള്ള പ്രവേശനം കേരളത്തിലെ വിദ്യാര്‍ഥികള്‍ നേടിയെടുത്തു. ഇവരില്‍ കൂടുതലും ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവരായിരുന്നു. എല്ലാ വിദ്യാര്‍ഥികള്‍ക്കും നൂറില്‍ നൂറു മാര്‍ക്ക് ദാനംചെയ്യുന്ന സാഹചര്യം കേരളത്തില്‍ ഉണ്ടായി. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനത്തിന് അവസരമേ ലഭിക്കാതെ പോയി. ഇത്തരത്തിലുള്ള സ്ഥിതി കോളേജിന്റെ സ്വഭാവം തന്നെ മാറാനിടയാക്കുമെന്നതിനാല്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പോലുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളുടെ മാനേജ്‌മെന്റുകള്‍ ഇത് അംഗീകരിക്കാന്‍ തയ്യാറല്ല. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നുഴഞ്ഞുകയറാനുള്ള ജിഹാദാണ് അത്തരമൊരു നീക്കത്തിനു പിന്നില്‍. ഇതു തടയാന്‍ പ്രവേശന പരീക്ഷ നടപ്പാക്കുകയാണ് ദല്‍ഹി സര്‍വകലാശാലയും.
കേരളത്തില്‍ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ദല്‍ഹിയിലെ കോളേജുകളില്‍ കാര്യങ്ങള്‍ ഗ്രഹിക്കാനോ പഠിക്കാനോ സാധിക്കുന്നില്ല എന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്താണു പ്രതികരണം?
ജെ.എന്‍.യുവില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുന്നത് കേരളത്തില്‍നിന്നാണ്. ക്യാമ്പസില്‍ പൊതുവേ മലയാളി വിദ്യാര്‍ഥികള്‍ കൂടുതലുമാണ്. അവര്‍ മിടുക്കരാണ്. ഓണാഘോഷത്തിലും മറ്റും അവര്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. കേരള വിദ്യാര്‍ഥികള്‍ക്കിടയിലും പ്രകടമായ മാറ്റം ഉണ്ടാവുന്നുണ്ട്. അതേസമയം, പഠനകാര്യത്തില്‍ ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും വിദ്യാര്‍ഥികള്‍ തമ്മില്‍ അന്തരമുണ്ട് എന്നു വ്യക്തമാണ്. ഹിന്ദിയുടെ സ്വാധീനമാണ് ഒരു പ്രധാന ഘടകം. കേരളീയര്‍ക്കു ഹിന്ദി പഠിക്കുക എളുപ്പമാണ്. തമിഴ്‌നാട്ടുകാര്‍ക്കാണു താരതമ്യേന ബുദ്ധിമുട്ട്. ഹിന്ദിയുടെ അതിപ്രസരം വഴി ഉണ്ടാകുന്ന വിപരീത സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ്. രാജ്യത്തെ ആകെ ജനങ്ങളില്‍ 39 ശതമാനം പേര്‍ മാത്രമാണ് ഹിന്ദി സംസാരിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ മേഖലയിലും ബംഗാളിലുമൊന്നും ഹിന്ദി ഉപയോഗിക്കപ്പെടുന്നില്ല. ഹിന്ദി നല്ലൊരു ആധുനിക ഭാഷയാണ്. എങ്കിലും, ബാബാ സാഹിബ് അംബേദ്കര്‍ നിര്‍ദ്ദേശിച്ചതുപോലെ സംസ്‌കൃതമാണു ഔദ്യോഗിക ഭാഷയാക്കേണ്ടത്. ഇംഗ്ലീഷിനെ അന്തര്‍ദേശീയ ഭാഷ ആയാണു ഞാന്‍ കാണുന്നത്. കേരളം ഉള്‍പ്പെടെ ഭാരതീയര്‍ വിദേശത്തു മെച്ചപ്പെട്ട പ്രകടനം നടത്തുന്നത് ഇംഗ്ലീഷ് അറിയാവുന്നതുകൊണ്ടാണ്. ഹിന്ദി മേഖലയിലെ വിദ്യാര്‍ഥികള്‍ ഒരു തെന്നിന്ത്യന്‍ ഭാഷ പഠിക്കാന്‍ തയ്യാറാകണമെന്നുമാണ് എന്റെ പക്ഷം.
എന്തുകൊണ്ട് കേരളം ഉള്‍പ്പെടെ ദല്‍ഹിയില്‍നിന്ന് അകലെയുള്ള സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് ജെ.എന്‍.യു. തെരഞ്ഞെടുക്കണം?
എല്ലാ റേറ്റിങ്ങുകളിലും ജെ.എന്‍.യു. മുന്നിലാണ്. ഗവണ്‍മെന്റിന്റെ വിലയിരുത്തലിലും സ്വകാര്യ ഏജന്‍സികളുടെ വിലയിരുത്തലിലും പിന്നില്‍ ആകാറില്ല. ഏറ്റവും വഴക്കമുള്ള ക്രെഡിറ്റ് സംവിധാനമാണ് ഉള്ളത്. സംസ്‌കൃതവും ഇന്ത്യന്‍ ഭാഷകളും പഠിപ്പിക്കുന്ന മെച്ചപ്പെട്ട കേന്ദ്രങ്ങളുണ്ട്. ഇന്ത്യന്‍ ഭാഷകള്‍ക്കായുള്ള പ്രത്യേക പഠനകേന്ദ്രം ആരംഭിക്കും. മലയാളത്തിന് ഉള്‍പ്പെടെ പ്രത്യേക ചെയറുകള്‍ തുടങ്ങും. സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തിനു വിധേയമായാണ് ഓരോ ഭാഷയ്ക്കുമുള്ള ഉന്നതപഠന കേന്ദ്രം ആരംഭിക്കുക. തര്‍ജ്ജമയ്ക്കും വകുപ്പുണ്ടാകും. ഭാരതീയ കലകളും സംഗീതവും സംസ്‌കാരവും പഠിപ്പിക്കാനുള്ള കേന്ദ്രമാണ് മറ്റൊരു പദ്ധതി. കഥകളിയും മോഹിനിയാട്ടവും ആയുര്‍വേദവുമൊക്കെ ഉള്‍പ്പെടുത്തും. ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് അറിയാന്‍ സാധിക്കുന്ന സമഗ്ര ഉന്നതപഠന കേന്ദ്രമായി ജെ.എന്‍.യുവിനെ മാറ്റിയെടുക്കാനാണ് താല്‍പര്യം. കൂടുതല്‍ നിയമനങ്ങള്‍ നടത്തും. കേരളത്തിലുള്ളവരെയും ഞാന്‍ സ്വാഗതം ചെയ്യുകയാണ്. എന്‍ജിനീയറിങ്, മാധ്യമപഠനം, മോളിക്യുലര്‍ മെഡിസിന്‍, ലൈഫ് സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, തുടങ്ങിയ വിഷയങ്ങളില്‍ കോഴ്‌സുകള്‍ ആരംഭിക്കും. അടല്‍ ബിഹാരി സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ ഷിപ് ആണ് മറ്റൊരു പദ്ധതി. വൈവിധ്യത്തെ ആഘോഷമാക്കുന്ന സംസ്‌കാരം ഭാരതത്തില്‍ മാത്രമേ ഉള്ളൂ. അബ്രഹാമിക് മതങ്ങള്‍ ഇത്തരമൊരു രീതിയെ അംഗീകരിക്കുന്നതേയില്ല. ഒരു വിശുദ്ധ പുസ്തകവും ഒരു പാതയും മാത്രമേ ഉള്ളൂ എന്നാണ് അത്തരക്കാരുടെ വാദം. കേരളത്തില്‍നിന്നു ശങ്കരാചാര്യര്‍ കേദാര്‍നാഥ് വരെ സഞ്ചരിച്ചു എന്നതുതന്നെ ഭാരതീയര്‍ക്കിടയിലുള്ള ബന്ധം വെളിപ്പെടുത്തുന്നു. ഇതിനെ വെളിപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യാന്‍ സാധിക്കുന്ന വിദ്യാകേന്ദ്രങ്ങള്‍ അനിവാര്യമാണ്.
ജെ.എന്‍.യുവിനെക്കുറിച്ച് വളരെ ഊര്‍ജജസ്വലതയോടും പ്രതീക്ഷയോടുംകൂടിയാണ് താങ്കള്‍ സംസാരിക്കുന്നത്. എന്നാല്‍, കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല യെക്കുറിച്ച് അക്കാദമിക വിദഗ്ധരോടു സംസാരിക്കുമ്പോള്‍ മറ്റൊരു തരത്തിലുള്ള പ്രതികരണമാണു ലഭിക്കുന്നത്. അക്കാദമിക രംഗത്തു നിറയെ പ്രശ്‌നങ്ങളാണെന്നും സാമ്പത്തിക പരാധീനത കടുത്തതാണെന്നും മറ്റും സര്‍വകലാശാലാ തലവന്‍മാര്‍ തന്നെ പറയുന്നു. അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കും തീര്‍ത്താലും തീരാത്ത പരാതികളാണ് ഉള്ളത്. കോഴ്‌സുകളുടെ കാലാവധി അനിശ്ചിതമായി നീളുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള തിരിച്ചടി?
സംസ്ഥാനതല സര്‍വകലാശാലകള്‍ക്ക് ഫണ്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. ഒഴിവുള്ള തസ്തികകള്‍ യഥാസമയം നികത്താന്‍ സര്‍വകലാശാകള്‍ തയ്യാറാവുകയും വേണം. കേന്ദ്ര സര്‍വകലാശാലകളിലെ ഒഴിവുകളെല്ലാം നികത്താന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിനു പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 10 മാസത്തിനകം അധ്യാപക, അനധ്യാപക തസ്തികകള്‍ നികത്താനാണു ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. വിദ്യാഭ്യാസ രംഗത്തെ കുതിപ്പ് രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണായകമാണ്. ആസാദി കാ അമൃതമഹോത്സവത്തില്‍നിന്ന് അമൃതകാലത്തേക്കു കടക്കുന്നതിനുള്ള താക്കോല്‍ വിദ്യാഭ്യാസമാണ്. കോവിഡ് തിരിച്ചടി സൃഷ്ടിച്ചിട്ടും കോഴ്‌സുകള്‍ ഏറെക്കുറെ താമസമില്ലാതെ പൂര്‍ത്തിയാക്കാന്‍ ജെ.എന്‍.യുവില്‍ സാധിച്ചു. പണം കണ്ടെത്താന്‍ പൂര്‍വ വിദ്യാര്‍ഥികളെയും സ്വകാര്യ മേഖലയെയും ഞങ്ങള്‍ ആശ്രയിക്കുന്നുണ്ട്. സ്വകാര്യ മേഖലയില്‍നിന്നു ഫിലാന്‍ത്രോപിക് ഫണ്ട് നേടിയെടുക്കുന്നുണ്ട്. ഇത്തരം പദ്ധതികള്‍ മറ്റു സര്‍വകലാശാലകള്‍ നടപ്പാക്കുന്നുണ്ടോ എന്നു സംശയമാണ്. കേരളത്തില്‍ പ്രശ്‌നം സൃഷ്ടിക്കുന്ന മറ്റു രണ്ടു കാര്യങ്ങള്‍ ട്രേഡ് യൂണിയനിസവും ഇടതുപക്ഷ നിയന്ത്രണവുമാണ്. നിയന്ത്രണം കടുപ്പിക്കുന്നത് വിദ്യാഭ്യാസ നിലവാരം ഇടിയാന്‍ ഇടയാക്കും. ക്യാമ്പസുകളില്‍ രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കാനും പാഠ്യപദ്ധതിയുടെ ഉള്ളടക്കം മെച്ചപ്പെടുത്താനും ശ്രമമുണ്ടാകണം. സംസ്ഥാന ഗവണ്‍മെന്റാണ് ഇക്കാര്യത്തില്‍ മുന്‍കയ്യെടുക്കേണ്ടത്.
കേരളത്തില്‍ സര്‍വകലാശാലകളില്‍ സി.പി.ഐ.(എം) നേതാക്കളുടെ ഭാര്യമാര്‍ക്കു മാത്രം നിയമനം നല്‍കുന്ന സാഹചര്യമാണ് ഉള്ളത്. ഇടതുപക്ഷത്തിനു ഭരണത്തുടര്‍ച്ച ലഭിച്ചിരിക്കുകയുമാണ്. എങ്ങനെയാണ് കേരളത്തിന്റെ അക്കാദമിക രംഗത്തെ രാഷ്ട്രീയ നീരാളിപ്പിടിത്തത്തില്‍നിന്നു മുക്തമാക്കാന്‍ സാധിക്കുക?
വളരെ ബുദ്ധിമുട്ടാണെന്നാണു തോന്നുന്നത്. വിദ്യാഭ്യാസത്തെ രാഷ്ട്രീയ ഉപകരണമായി ദുരുപയോഗം ചെയ്യുന്ന രീതിയാണു കമ്മ്യൂണിസ്റ്റുകള്‍ക്ക് ഉള്ളത്. അധികാര ദുര്‍വിനിയോഗവും മറ്റും വളരെ നിര്‍ഭാഗ്യകരമാണ്. ജനാധിപത്യ രീതി തേടാന്‍ കേരളത്തിലെ ജനങ്ങള്‍ തയ്യാറാകണം. പലപ്പോഴും ഭരണമാറ്റത്തിന്റെ ഇരയായി മാറുന്നതു വിദ്യാഭ്യാസമേഖലയാണ്. കോണ്‍ഗ്രസ് ഭരണത്തിലിരിക്കെ വിദ്യാഭ്യാസ, മാധ്യമ മേഖലകള്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാനാണ് കഴിഞ്ഞ 70 വര്‍ഷത്തോളം ഇടതുപക്ഷം ശ്രമിച്ചത്. അതു തിരിച്ചറിഞ്ഞു നയപരിപാടികള്‍ മാറ്റാന്‍ ഇനിയെങ്കിലും സാധിക്കണം. വിദ്യാഭ്യാസ, മാധ്യമ മേഖലകള്‍ സ്വാധീനവലയത്തിലാക്കാന്‍ ദേശീയവാദികള്‍ തയ്യാറാകണം.
അതുപോലെ, ഇടതുപക്ഷത്തിനെതിരെ യോജിച്ചുനില്‍ക്കാന്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്കു സാധിക്കണം. ഒരുമിച്ചു നില്‍ക്കുക വഴിയാണ് ഇടതുപക്ഷം ദേശീയതയെ തളര്‍ത്തുന്നത്. നമ്മുടെ സംസ്‌കാരത്തെ മനസ്സിലാക്കാനും നാം നിലകൊള്ളുന്നത് അബ്രഹാമിക് മതങ്ങളില്‍നിന്നു വ്യത്യസ്തമായ ആശയത്തിനുവേണ്ടിയാണെന്നു തിരിച്ചറിയാനും സാധിക്കണം. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് (ഐ.സി.എസ്.എസ്.ആര്‍.) പോലുള്ള സ്ഥാപനങ്ങള്‍ വഴി പ്രസക്തമായ വിഷയങ്ങളില്‍ ഗവേഷണം നടത്താനും മറ്റും സാധിക്കണം. അതാണ് ഇടതുപക്ഷം ചെയ്യുന്നത്. അതു ചെയ്യാന്‍ കഴിഞ്ഞാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം കാര്യങ്ങളില്‍ മാറ്റമുണ്ടാകും. തെരഞ്ഞെടുപ്പു വിജയം മാത്രം പോരാ, ആശയപ്രചരണവും വേണം. അത് പ്രധാനമാണ്. അതിനു മാധ്യമപ്രവര്‍ത്തകരും ബുദ്ധിജീവികളും അനിവാര്യമാണെന്നതും ഓര്‍ക്കണം.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഇവിടത്തെ ഇടതുപക്ഷവും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നു സമ്മര്‍ദ്ദത്തിലാക്കുകയാണ്. നേരത്തേ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി ഒഴിയാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ആ തീരുമാനം പിന്‍വലിക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്നു തീരുമാനം മാറ്റിയ ഗവര്‍ണര്‍ സര്‍വകലാശാലകളില പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടുന്നത് ഇടതുപക്ഷത്തിനു രസിച്ചില്ല. അദ്ദേഹത്തിനു ചാന്‍സലറെന്ന നിലയിലുള്ള അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനായി നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍?
കടക്കെണിയില്‍ പെട്ടുകിടക്കുന്ന സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാറിന്റെ പിന്തുണയില്ലാതെ തനിച്ചു നിലനില്‍ക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ത്തന്നെ ഗവര്‍ണറുമായി ഏറ്റുമുട്ടലിനു സംസ്ഥാന സര്‍ക്കാരും കമ്മ്യൂണിസ്റ്റുകാരും ശ്രമിക്കുന്നത് ദീര്‍ഘദൃഷ്ടി ഇല്ലായ്മ നിമിത്തമാണ്. ജവഹര്‍ലാല്‍ നെഹ്രുവോ ഇന്ദിരാഗാന്ധിയോ രാജീവ് ഗാന്ധിയോ പ്രധാനമന്ത്രിമാരെന്ന നിലയില്‍ പിന്‍പറ്റിയ ശൈലിയല്ല നരേന്ദ്ര മോദിയുടേത്. കേരളത്തിലെ ഇ.എം.എസ്. സര്‍ക്കാരിനെ പിരിച്ചുവിടാന്‍ നെഹ്രു തയ്യാറായി. ഈ സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്ന കമ്മ്യൂണിസ്റ്റുകാര്‍ തീരുമാനങ്ങളും നിലപാടുകളും കൈക്കൊള്ളുന്നതിനുമുന്‍പ് രണ്ടുവട്ടം ചിന്തിക്കണം. ഇപ്പോഴത്തെ ശൈലി തുടരുന്നപക്ഷം വലിയ തിരിച്ചടി അവര്‍ക്കുണ്ടാവും. കേന്ദ്രഭരണത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ശക്തിയാവാന്‍ ഇടതുപക്ഷത്തിന് സാധിക്കില്ല. നിയമസഭ പാസ്സാക്കിയാലും ബില്‍ നിയമമാകണമെങ്കില്‍ ഗവര്‍ണറോ പ്രസിഡന്റോ ഒപ്പിടണമെന്ന് ഓര്‍ക്കണം.
മറ്റൊരു പ്രധാന കാര്യം കേരളത്തില്‍ വളരെയധികം പ്രാപ്തനായ ഗവര്‍ണറുണ്ട് എന്നതാണ്. മികച്ച രാഷ്ട്രതന്ത്രജ്ഞനായ ആരിഫ് മുഹമ്മദ് ഖാന്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട വ്യക്തിയുമാണ്. അദ്ദേഹത്തിനു നേരെ ഇടതുപക്ഷം തിരിയുന്നതെന്തിനാണെന്നു മനസ്സിലാകുന്നില്ല. അത്യാഗ്രഹവും വ്യക്തിതാല്‍പര്യങ്ങളുമാണു കാരണമെന്നാണ് തോന്നുന്നത്. പല ഇടതുപക്ഷ നേതാക്കള്‍ക്കും ഭാര്യമാര്‍ക്കും മറ്റു ബന്ധുക്കള്‍ക്കും അനര്‍ഹമായ ഉന്നത പദവികളില്‍ നിയമനം നേടിയെടുക്കാന്‍ ആഗ്രഹമുണ്ട്. സ്വജനപക്ഷപാതത്തിനെതിരെ പോരാടുന്നു എന്നാണ് ഇടതുപക്ഷം മേനിനടിക്കുന്നത്. എന്നാല്‍ അവരാണ് ഏറ്റവും കൂടുതല്‍ സ്വജനപക്ഷപാതം കാട്ടുന്നത്. നിലപാടിലെ ഈ വൈരുദ്ധ്യം അവരെ അപ്രസക്തരാക്കുകയാണ്. ഗവര്‍ണര്‍ എന്ന ഭരണഘടനാപദവിയെ തളര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവെക്കല്‍ തന്നെയാണ്.
വളരെയധികം പേര്‍, പ്രത്യേകിച്ച് യുവാക്കള്‍, കേരളം വിടുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? എന്തായിരിക്കും മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലാത്ത സാഹചര്യം ഇവിടെയുണ്ടാവാന്‍ കാരണമെന്നാണു കരുതുന്നത്?
തൊഴിലവസരങ്ങളോ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളോ ഇല്ലാത്തപക്ഷം യുവജനത അത്തരം ഇടങ്ങള്‍ ഒഴിയുമെന്ന് ഉറപ്പാണ്. സംസ്ഥാന ഗവണ്‍മെന്റിന് ദീര്‍ഘവീക്ഷണം ഉണ്ടായിരിക്കണം. നയം മാറ്റാന്‍ തയ്യാറാകണം. ചൈന, റഷ്യ തുടങ്ങി ലോകത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലുമുള്ള കമ്മ്യൂണിസ്റ്റുകാര്‍ പരിഷ്‌കൃതരായിട്ടുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ലോകത്തിലെ ഏറ്റവും വലിയ ബഹുരാഷ്ട്രകുത്തക. പാശ്ചാത്യ മുതലാളിത്തത്തെക്കാള്‍ വലിയ സാമ്പത്തിക ഭീമനാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംവിധാനം. അതില്‍നിന്നൊക്കെ വ്യത്യസ്തമായി എന്തുകൊണ്ടാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ മാത്രം പഴയകാല ഫ്യൂഡല്‍ ആശയങ്ങള്‍ കയ്യൊഴിയാന്‍ തയ്യാറാകാത്തത് എന്നു മനസ്സിലാകുന്നില്ല. കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ ഉപേക്ഷിക്കുകയും നിസ്സാരപ്രാധാന്യം മാത്രമുള്ള വിഷയങ്ങളെക്കുറിച്ചു ചിന്തിക്കുകയും ചെയ്യുന്ന രീതിയിലേക്കു ചുരുങ്ങി. വിനാശകാലേ വിപരീത ബുദ്ധി.
ജീവിതത്തില്‍ വിജയം നേടുന്ന വ്യക്തികളും മികച്ച സ്ഥാപനങ്ങളുമൊക്കെ സമൂഹത്തിനു തിരികെ നല്‍കുന്നതെന്ത് എന്ന ചോദ്യം ഉയരാറുണ്ട്. താങ്കളുടെ നേതൃത്വത്തില്‍ ജെ.എന്‍.യു. എന്തായിരിക്കും രാജ്യത്തിനും കേരളത്തിനും തിരികെ നല്‍കുന്നത്?
ഭാരതീയ മൂല്യങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി ജെ.എന്‍.യു. മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ സംഭാവന. എല്ലാവിധ ചിന്തകള്‍ക്കും ഇടമുള്ള സമത്വഭൂമികയാണ് ഒരുക്കുന്നത്. മുന്‍കാലങ്ങളില്‍ ചെയ്തിരുന്നതുപോലെ തങ്ങളുടെ ആദര്‍ശങ്ങള്‍ മാത്രം പ്രചരിപ്പിക്കുക എന്ന ഏകപക്ഷീയമായ ശൈലി തുടരാന്‍ അനുവദിക്കില്ല. വിദ്യാര്‍ഥികളെ മസ്തിഷ്‌കപ്രക്ഷാളനത്തില്‍നിന്നു രക്ഷപ്പെടുത്തും. ജെ.എന്‍.യു. ദേശീയതയുടെ മൂല്യം തിരിച്ചറിയുന്ന സാഹചര്യമുണ്ടാവുന്നത് ഏറ്റവും സഹായകമാവുക കേരളത്തിനായിരിക്കും. വിഭാഗീയതയുടെ വിത്തുകള്‍ ഇല്ലാതാക്കുന്നതു കേരളത്തില്‍ ഇടംപിടിക്കാനുള്ള തീവ്രവാദ ശക്തികളുടെ വേരറുക്കും. കേരളത്തില്‍നിന്നെത്തി ജെ.എന്‍.യുവില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ദേശീയതയുടെ വക്താക്കളായി മാറുന്ന സാഹചര്യമുണ്ട്. മറ്റൊരു നേട്ടം ഇനിയങ്ങോട്ട് ദേശീയതയെക്കുറിച്ചുള്ള യാഥാര്‍ഥ്യബോധത്തോടുകൂടിയ വിശദീകരണങ്ങളായിരിക്കും ജെ.എന്‍.യുവില്‍നിന്നു പുറത്തുവരിക എന്നതാണ്. ഇതു രാഷ്ട്രനിര്‍മാണത്തെ ക്രിയാത്മകമായി സഹായിക്കും. ഈ ദിശയിലുള്ള പ്രവര്‍ത്തനവും ഏറ്റവും കൂടുതല്‍ പ്രയോജനപ്രദമാവുക പല കാരണങ്ങളാല്‍ വല്ലാതെ വഴിതെറ്റിക്കൊണ്ടിരിക്കുന്ന കേരളീയ പൊതുസമൂഹത്തിനായിരിക്കും. കേരളം വലിയ ബഹുമാനത്തോടെയാണ് ജെ.എന്‍.യുവിനെ വീക്ഷിക്കുന്നത് എന്നറിയാം. ആ ബഹുമാനം നിലനില്‍ക്കുംവിധമായിരിക്കും നടത്തിപ്പും പരിഷ്‌കാരങ്ങളും.
നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്ന എന്‍.ഇ.പി. ഏതു തരത്തിലുള്ള മാറ്റം വിദ്യാഭ്യാസ രംഗത്തു സൃഷ്ടിക്കുമെന്നാണു കരുതുന്നത്?
എന്‍.ഇ.പി. ഒരു തുടര്‍പ്രകിയയാണ്. കഴിഞ്ഞ 34 വര്‍ഷമായി നമുക്കൊരു ദേശീയ വിദ്യാഭ്യാസ നയമില്ല. അതിനാല്‍ ഇപ്പോള്‍ നയം രൂപീകരിക്കേണ്ടത് അത്യാവശ്യമായിരുന്നു. അതു നടന്നു. അടുത്ത 25 വര്‍ഷമെങ്കിലും മുന്നില്‍ക്കണ്ടു വേണം രാജ്യത്തെ വിദ്യാഭ്യാസ മേഖല മുന്നോട്ടുപോകാന്‍. ഭാരതീയ തത്വചിന്തയും പാരമ്പര്യവും ഉള്‍പ്പെടുന്ന സമഗ്രമായ പാഠ്യപദ്ധതി ഉണ്ടാവണം. മറ്റു രാജ്യങ്ങളില്‍ മതപഠനമുണ്ട്. ക്രിസ്തുമതത്തിനും ഇസ്ലാം മതത്തിനും മതപഠനമുണ്ട്. എന്നാല്‍ ഹിന്ദുമതത്തില്‍ ഇത്തരമൊരു സംവിധാനം നിലവിലില്ല. ഹൈന്ദവികതയെ വ്യാഖ്യാനിക്കുന്ന ഹിന്ദുക്കളില്ല. പാശ്ചാത്യ ലോകത്തുള്ളവരാണ് ഹിന്ദുത്വത്തെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, ക്രിസ്തുമതവുമായും ഇസ്ലാം മതവുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യാഖ്യാനിക്കുന്നത് അവരുടെ തന്നെ ആള്‍ക്കാരാണ്; പുറത്തുള്ളവരല്ല. സമാനമായ രീതിയില്‍ ഹിന്ദുക്കള്‍ തന്നെ ഹിന്ദുത്വത്തെ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാവണം. ഇത്തരത്തിലുള്ള അടിസ്ഥാനപരമായ പരിവര്‍ത്തനം വിദ്യാഭ്യാസ രംഗത്തു നടപ്പാക്കാനുള്ള അവസരമായി എന്‍.ഇ.പിയെ കാണണം. ഇപ്പോഴത്തെ എന്‍.ഇ.പിയെ ഒരു വീക്ഷണമായും കാണാവുന്നതാണ്. അതു ഭാവിയില്‍ പരിഷ്‌കരിക്കേണ്ടിവന്നേക്കാം. ഇതു നിര്‍ണായകമായ ആദ്യ ചുവടാണെന്നു കരുതിയാല്‍ മതി.
എന്‍.ഇ.പി പോലുള്ള മോദി സര്‍ക്കാരിന്റെ നയങ്ങള്‍ മിക്കതും എതിര്‍പ്പു നേരിടേണ്ടിവരുന്നു. എന്തായിരിക്കും കാരണം?
എതിര്‍പ്പിനുള്ള കാരണം നയങ്ങളോടുള്ള വിയോജിപ്പാണെന്നു തോന്നുന്നില്ല. രാഷ്ട്രീയ ധ്രുവീകരണം നിമിത്തമുള്ള എതിര്‍പ്പാണെന്നു വേണം കരുതാന്‍. നല്ല നയങ്ങളെ ബോധപൂര്‍വം ചോദ്യംചെയ്യുന്നുമുണ്ട്. മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ നിമിത്തം തങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണെന്ന് ഇടതുപക്ഷവും കോണ്‍ഗ്രസ്സും ഭയക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയും മാധ്യമ മേഖലയും എത്രത്തോളം പ്രധാനമാണെന്ന് അവര്‍ക്കറിയാം. അതിനാല്‍ത്തന്നെ, ആ മേഖലകളില്‍ വരുത്തുന്ന പരിഷ്‌കാരങ്ങളെ വര്‍ധിച്ച ആശങ്കയോടെ വീക്ഷിക്കുകയും ചെയ്യുന്നു.
തിരുവനന്തപുരത്തുള്ള സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സി.ഡി.എസ്.) ജെ.എന്‍.യുവില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന സ്ഥാപനമാണ്. ഏതു തരത്തിലുള്ള പ്രവര്‍ത്തനമാണ് ഈ പങ്കാളിത്തത്തിലൂടെ നടക്കുന്നത്?
സത്യസന്ധമായി പറഞ്ഞാല്‍ സി.ഡി.എസ്സിനു തുടക്കമിട്ടത് ഇടതുപക്ഷക്കാരാണ്. ധനകാര്യ വിദഗ്ധന്‍ കെ.എന്‍.രാജിന്റെ നേതൃത്വത്തിലുള്ള പദ്ധതിയായിരുന്നു അത്. അതിനു സംസ്ഥാന സര്‍ക്കാര്‍ ഭൂമി നല്‍കി. ഐ.സി.എസ്.എസ്.ആറാണു പ്രവര്‍ത്തന ഫണ്ടില്‍ ഏറിയപങ്കും നല്‍കുന്നത്. സമാനമായ രീതിയില്‍ ഇടതുപക്ഷക്കാര്‍ രാജ്യത്തു പലയിടത്തും ഉന്നതപഠന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഐ.സി.എസ്.എസ്.ആര്‍. ഫണ്ട് നല്‍കുന്ന 34 സ്ഥാപനങ്ങളില്‍ മിക്കതും ഇടതുപക്ഷക്കാരുടേതാണ്. ഇതു മാതൃകയാക്കണം. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ബുദ്ധിജീവികള്‍ ഒറ്റപ്പെട്ടവരായി കഴിഞ്ഞാല്‍ പോരാ. ഉന്നത പഠന, ഗവേഷണ കേന്ദ്രങ്ങള്‍ ആരംഭിക്കുകയും ഐ.സി.എസ്.എസ്.ആര്‍. ഫണ്ട് നേടിയെടുക്കുകയും വേണം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍നിന്നും പഠന പ്രവര്‍ത്തനത്തിനു ഫണ്ട് ലഭിക്കും. ഇടതുപക്ഷം 34 എണ്ണം തുടങ്ങിയിട്ടുണ്ടെങ്കില്‍ ദേശീയവാദികള്‍ 64 എണ്ണം തുടങ്ങണം. അത്രത്തോളം കരുത്തും ആള്‍ബലവും ദേശീയവാദികള്‍ക്ക് അക്കാദമിക രംഗത്തുണ്ട്.
വ്യക്തിപരമായ ഒരു ചോദ്യം: ലിംഗനീതി, സ്ത്രീശാക്തീകരണം തുടങ്ങിയ ആശയങ്ങള്‍ കരുത്താര്‍ജ്ജിക്കുന്ന കാലമാണിത്. ഇത്തരം നവീന ആശയങ്ങളെ അപേക്ഷിച്ച് പഴകിയതെങ്കിലും ഫെമിനിസം ഇപ്പോഴും സജീവമാണ്. താങ്കള്‍ ഫെമിനിസ്റ്റാണോ?
അടിസ്ഥാനപരമായി ഞാന്‍ ഒരു മനുഷ്യത്വവാദിയാണ്. എന്നാല്‍ ഹിന്ദു എന്ന നിലയില്‍ ഫെമിനിസ്റ്റുമാണ്. സ്‌ത്രൈണ ചൈതന്യത്തെ ആഘോഷിക്കുന്ന സംസ്‌കാരമാണ് ഹിന്ദുത്വത്തിന് ഉള്ളത്. സരസ്വതിയും പാര്‍വതിയും മഹാലക്ഷ്മിയും പൂജിക്കപ്പെടുന്നു. സ്ത്രീത്വത്തിനു നല്‍കിവരുന്ന മുന്‍ഗണനയുടെ സൂചനയാണ് ഉമാപതി, സീതാപതി, ലക്ഷ്മീപതി തുടങ്ങിയ പേരുകള്‍ തന്നെ. ദേവന്‍മാരേക്കാള്‍ ദേവിമാര്‍ക്ക് ഇടം നല്‍കുന്ന ഏക സംസ്‌കാരം ഭാരതത്തിന്റേതാണ്. സ്ത്രീകളെ ബഹുമാനിക്കുന്ന സംസ്‌കാരത്തിന്റെ ഭാഗമാണെന്നതിനാല്‍ ഞാന്‍ സ്വാഭിമാന ഹിന്ദുവാണ്.