വിശ്വവിഭാഗിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കഴിഞ്ഞ ലക്കത്തില്‍ അതിന്റെ സഹസംയോജകന്‍ ഡോ.രാം വൈദ്യാജി വിശദീകരിച്ചിരുന്നു. വിശ്വവിഭാഗില്‍ മലയാളിയായ ഒരു പ്രചാരകനും പ്രവര്‍ത്തിക്കുന്നുണ്ട്. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിയായ ബി.സന്തോഷ് പ്രഭു. കാനഡയുടെ ദേശ്പ്രചാരക് എന്ന ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹവുമായി ശരത് എടത്തില്‍ നടത്തിയ അഭിമുഖം
മുഴുവന്‍ വിശ്വവിഭാഗിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏകദേശവിവരണം ഡോ. രാം വൈദ്യാജി നല്‍കിയിട്ടുണ്ട്. സംഘം ശതാബ്ദിയില്‍ എത്താറായ ഈ പശ്ചാത്തലത്തില്‍ കാനഡയിലെ പ്രവര്‍ത്തനങ്ങളും അവയുടെ സ്വാധീനശക്തിയും എന്തൊക്കെയാണ്?
വിശ്വവിഭാഗില മിക്കവാറും എല്ലാ രാജ്യങ്ങളിലും എന്ന പോലെ കാനഡയിലെയും സ്വയംസേവകരുടെ കൂട്ടായ്മ പ്രവര്‍ത്തനമേഖലയില്‍ ഒരു ശുഭകരമായ സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ശാഖ യോഗ പ്രവര്‍ത്തനങ്ങളില്‍ സ്വയംസേവക പങ്കാളിത്തം വര്‍ദ്ധിച്ചുവരികതന്നെയാണ്. നമ്മുടെ നിയമിത പ്രവര്‍ത്തനങ്ങളും ശിബിരങ്ങളും മുടങ്ങാതെ നടക്കുന്നുണ്ട്. ഈ വര്‍ഷത്തെ പ്രാഥമിക ശിക്ഷാ വര്‍ഗ്ഗ് കഴിഞ്ഞ മാസം നടന്നു. അനുബന്ധമായ മറ്റ് ഹൈന്ദവ സംഘടനകളും പ്രസ്ഥാനങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഇടയില്‍ സംഘാദര്‍ശത്തിന്റെ സ്വീകാര്യത വര്‍ദ്ധിച്ചു വരുന്നുണ്ട്.
ശതാബ്ദി വര്‍ഷവുമായി ബന്ധപ്പെട്ട ഒരു ആഘോഷം എന്ന സങ്കല്‍പം നമുക്ക് ഇല്ലല്ലോ. അവിടെയും ആ തരത്തില്‍ ഉള്ള തീരുമാനങ്ങള്‍ ഒന്നും ഇല്ല. എങ്കിലും നൂറാം വര്‍ഷം നൂറു ശാഖ എന്നൊരു ലക്ഷ്യം കാനഡയിലെ പ്രവര്‍ത്തനത്തിന് നിശ്ചയിച്ചിട്ടുണ്ട്. ഇപ്പോള്‍ 43 ശാഖകള്‍ ആണുള്ളത്. സംഘടനാ വികാസത്തിനായി ഇവിടത്തെപോലെ അവിടെയും മുഴുവന്‍സമയ പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി വിസ്താരകയോജന നിശ്ചയിച്ചിട്ടുണ്ട്.
2014 നു ശേഷം ഭാരതത്തിന്റെ ആഗോളതലത്തിലുള്ള സ്വീകാര്യത വര്‍ദ്ധിച്ചു എന്നു പറയുന്നുണ്ടല്ലോ. ഈ മാറ്റം വിശ്വവിഭാഗിലെ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചിട്ടുണ്ടോ.
നമ്മുടെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുകാരണം വലിയ കുതിച്ചുചാട്ടം ഒന്നും ഉണ്ടായിട്ടില്ല. അത് അതിന്റേതായ സഹജമായ ശൈലിയില്‍ തന്നെയാണു മുന്നോട്ടു പോകുന്നത്. ഏഷ്യന്‍ അല്ലെങ്കില്‍ പൗരസ്ത്യ ആശയങ്ങള്‍ക്ക് പൊതുവേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ചെറിയൊരു അനുഭാവം ഉണ്ട്. അതില്‍ വിശേഷിച്ചും ഭാരതീയ ആശയങ്ങളോടും ഭാരതീയരോടും ഒരു ആഭിമുഖ്യം അവിടുത്തെ സമാജത്തിന്റെ ഉള്ളില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. ബുദ്ധന്റെ നാട് എന്ന കാഴ്ചപ്പാടും യോഗ-ആയുര്‍വേദം-ധ്യാനം എന്നിവയുടെ സ്വീകാര്യതയുമൊക്കെ ഇതിനു കാരണമാണ്. സ്വാമി വിവേകാനന്ദന്‍ മുതല്‍ക്ക് ഇങ്ങോട്ട് പതിറ്റാണ്ടുകളായി വ്യത്യസ്ത ശ്രേണിയില്‍പ്പെട്ട നമ്മുടെ അധ്യാത്മിക ആചാര്യന്മാര്‍ പാശ്ചാത്യ സമൂഹത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടല്ലോ. അതിന്റെ ഗുണഫലങ്ങള്‍ അവിടത്തെ ഭാരതീയ സമൂഹത്തിലും നമ്മെ വീക്ഷിക്കുന്ന പാശ്ചാത്യ സമൂഹത്തിലും ഉണ്ട്. ഭാരതീയതയോടുള്ള ഈയൊരു അടുപ്പവും അകല്‍ച്ചയില്ലായ്മയും നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണം ചെയ്തിട്ടുണ്ട്.
എന്നാല്‍ സമൂഹത്തിലെ നമ്മുടെ സാന്നിധ്യത്തിലും സര്‍ക്കാര്‍ തലത്തിലെ നമ്മോടുള്ള നിലപാടുകള്‍ക്കും 2014 നു ശേഷം വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ആത്മീയതയ്ക്കു പുറമെ ഭാരതത്തിന്റെ സാമൂഹിക വീക്ഷണങ്ങള്‍ക്കും ഇപ്പോള്‍ അംഗീകാരം ലഭിക്കുന്നുണ്ട്. പൂര്‍ണ്ണമായ മുതലാളിത്തമോ കമ്യൂണിസമോ ഇല്ലാതെ തന്നെയുള്ള ഒരു നയം ഭാരതം മുന്നോട്ടുവെയ്ക്കുന്നുവെന്നും അത് വിജയിക്കുന്നുവെന്നും ഉള്ള ഒരു ചര്‍ച്ച പാശ്ചാത്യസമൂഹത്തിലെ അഭ്യസ്തവിദ്യരായ ആളുകളെ അത്ഭുതപ്പെടുത്തുന്നുണ്ട്. ഇതാണല്ലോ ദീനദയാല്‍ജി മുന്നോട്ടുവെച്ച ഏകാത്മ മാനവദര്‍ശനത്തിന്റെയും േഠംഗ്ഡിജി മുന്നോട്ടുവെച്ച മൂന്നാം മാര്‍ഗത്തിന്റെയും vപൊരുള്‍. ഈ വക ആശയങ്ങള്‍ക്ക് ഇപ്പോള്‍ സ്വീകാര്യത വര്‍ധിച്ചിട്ടുണ്ട്. ഭാരതത്തിന്റെ പരിസ്ഥിതി വീക്ഷണവും ഇപ്പോള്‍ സാമൂഹിക സ്വീകാര്യത നേടിക്കൊണ്ടിരിക്കുകയാണ്. അക്കാര്യത്തില്‍ ഇപ്പോഴത്തെ ഭാരത സര്‍ക്കാരിന്റെ വലിയ പങ്കാളിത്തം ഉണ്ട്. കൂടാതെ 2015നു ശേഷം അന്താരാഷ്ട്ര യോഗാദിനം ഔപചാരികമായി പ്രഖ്യാപിക്കപ്പെട്ടതോടെ അതിന്റെ സ്വീകാര്യതയും പ്രസിദ്ധിയും വര്‍ദ്ധിച്ചു. യോഗ എന്നത് നമ്മുടെ ശാഖയുടെ മുഖ്യകാര്യക്രമം ആണല്ലോ. അതുകൊണ്ട് ഈ പ്രഖ്യാപനം നമ്മുടെ പ്രവര്‍ത്തനത്തെ മനസ്സിലാക്കാന്‍ മറ്റുള്ളവരെ സഹായിക്കുന്നുണ്ട്. നമ്മള്‍ ഈ പ്രഖ്യാപനത്തിന് മുമ്പ് തന്നെ യോഗാദിനം ആചരിക്കുന്നുണ്ടായിരുന്നു.
സര്‍ക്കാര്‍ തലത്തിലും നമ്മോടുള്ള സമീപനത്തിലും സഹകരണത്തിലും വലിയ രീതിയില്‍ ഉള്ള മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആഗോളപൗരന്മാരുടെ സമൂഹത്തിലും യുവ-വിദ്യാര്‍ഥി മേഖലയിലും ഭാരതത്തിന്റെ ഈ ഉയര്‍ച്ച അത്ഭുതവും പ്രതീക്ഷയും നല്‍കുന്നതാണ്. ഭാരതത്തിലെ ചലനങ്ങളും ആഗോളതലത്തില്‍ ഭാരതത്തിന്റെ സജീവ സാന്നിധ്യവും ആ സമൂഹം സശ്രദ്ധം വീക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ചും നമ്മുടെ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിക്കുന്ന ഒരു ആഗോളസമൂഹം എവിടെയും കാണാവുന്നതാണ്. ഈയിടെ ഒരു വിദ്യാര്‍ഥി സംഗമത്തില്‍ തുര്‍ക്കിയില്‍ നിന്നുള്ള ഒരു വിദ്യാര്‍ഥി ഇക്കാര്യം എടുത്ത് പറയുകയുണ്ടായി. ചന്ദ്രയാന്‍-2 ദൗത്യം പരാജയപ്പെട്ട സമയത്ത് പ്രധാനമന്ത്രി ഐ.എസ്.ആര്‍.ഒ അധ്യക്ഷനെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കുന്ന രംഗം ആണ് ആ വിദ്യാര്‍ഥി വിശദീകരിച്ചത്. ഇത്തരത്തില്‍ ഭാരതത്തിന്റെ ആദരവ് വര്‍ധിക്കുന്ന നിരവധി സംഭവങ്ങള്‍ ആഗോളസമൂഹം ശ്രദ്ധിക്കുകയും അനുമോദിക്കുകയും ചെയ്യുന്നതായി സമ്പര്‍ക്കത്തിനിടയില്‍ അനുഭവത്തില്‍ വരാറുണ്ട്. ചുരുക്കത്തില്‍ ഭാരതത്തിന്റെ യശസ്സ് വര്‍ദ്ധിച്ചു എന്നതും അത് അന്യദേശക്കാര്‍ പറയുന്നു എന്നതും പുറത്തു ജീവിക്കുന്ന ഏതൊരു ഭാരതീയനും അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്. ഈ മാറ്റം നമ്മുടെ പ്രവര്‍ത്തനത്തിന് ആന്തരികമായ ഒരു ഊര്‍ജ്ജം നല്‍കുന്നു എന്നത് ശരിയാണ്.
കാനഡയിലെ നമ്മുടെ പ്രവര്‍ത്തനങ്ങളുടെ സാമൂഹികമായ സ്വീകാര്യതയും പരിണാമങ്ങളും എന്തൊക്കെയാണ്.
കാനഡയിലും അമേരിക്കയിലും ഈ പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കുന്നുണ്ട്. വിശ്വവിഭാഗിലെ എല്ലാ രാജ്യങ്ങളിലും നമ്മുടെ സേവാപ്രവര്‍ത്തനങ്ങള്‍ ഒരു മുഖ്യ ഘടകമായതിനാല്‍ അതിനെകുറിച്ച് വിശദീകരിക്കുന്നില്ല. മറ്റു പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയാം.
കാനഡയിലെ ഭാരതീയ സമൂഹം ഒരു പ്രബല സമൂഹമാണ്. അതുകൊണ്ട് തന്നെ നമ്മുടെ പ്രവര്‍ത്തനങ്ങളെ സമൂഹം വിലയിരുത്താറുണ്ട്. അവിടുത്തെ മുന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ നമ്മുടെ ഒരു പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. കാനഡയിലെ സമൂഹത്തിന് ഒരു മൂല്യവര്‍ധനം (Value Addition) ആണ് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ എന്നദ്ദേഹം പറഞ്ഞു. ഈ വര്‍ഷം മുതല്‍ എല്ലാ നവംബര്‍ മാസവും ഹിന്ദു സാംസ്‌കാരിക മാസമായി ആചരിക്കണം എന്ന തീരുമാനം ഇക്കഴിഞ്ഞ ആഴ്ച ഉണ്ടായി. നമ്മള്‍ കുറച്ചുകാലമായി ഇതിനു പരിശ്രമിക്കുന്നുണ്ടായിരുന്നു. ഭാരതീയ വംശജനായ ചന്ദ്ര ആര്യ എന്ന പാര്‍ലമെന്റ് അംഗത്തിന്റെ പ്രവര്‍ത്തന ഫലമായാണ് സര്‍ക്കാര്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. കഴിഞ്ഞമാസം നടന്ന നമ്മുടെ ശിബിരത്തില്‍ അദ്ദേഹമായിരുന്നു മുഖ്യ അതിഥി.
നമ്മുടെ കുടുംബസങ്കല്പവും അതിന്റെ പ്രചാരവും അമേരിക്കന്‍-കനേഡിയന്‍ സമൂഹത്തില്‍ നല്ല സ്വാധീനം ചെലുത്തുന്നുണ്ട്. അമേരിക്കയില്‍ Save The Family Institute- എന്ന പേരില്‍ കറുത്ത വര്‍ഗ്ഗം എന്നു വിളിക്കപ്പെടുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന ഉണ്ട്. അതിന്റെ അധ്യക്ഷനായ ചാള്‍സ് വില്ല്യംസ് നമ്മുടെ ശാഖയില്‍ രക്ഷാബന്ധന്‍ പരിപാടിയില്‍ പങ്കെടുക്കുകയും കണ്ണുനീര്‍ പൊഴിച്ച് കൊണ്ട് നമ്മുടെ പ്രവര്‍ത്തനങ്ങളെയും സാഹോദര്യഭാവത്തെയും പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നു വര്‍ഷാവര്‍ഷം നമ്മോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ സംഘടനാപരമായും സാമൂഹികമായും നാം നിരന്തരവും സഹജവുമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു.
കാനഡയില്‍ ഭാരതത്തില്‍ നിന്നുള്ള സിഖ് സമൂഹം ധാരാളം ഉണ്ടെന്നും അവിടെ കേന്ദ്രീകരിച്ച് സിഖ് തീവ്രവാദം അഥവാ ഖലിസ്ഥാന്‍ വാദം ഉയര്‍ന്നു വരുന്നുണ്ടെന്നും കേട്ടിട്ടുണ്ട്. എന്താണ് ഇതിന്റെ നിജസ്ഥിതി. അങ്ങനെണ്ടെങ്കില്‍ അതിനെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാവാറുണ്ടോ.
ഭാരതത്തില്‍ നിന്നുള്ള സിഖ് ജനസംഖ്യ അവിടെ കൂടുതലായി ഉണ്ടെങ്കിലും ജനസംഖ്യാപരമായ ഒരു അസന്തുലിതാവസ്ഥ ഇപ്പോഴില്ല. ഇപ്പോള്‍ സിഖുകാരുടെയും മറ്റ് ഹിന്ദുക്കളുടെയും ജനസംഖ്യ ഏകദേശം തുല്യമാണ്. മറ്റ് ഹിന്ദുക്കളാണ് നേരിയ തോതില്‍ കൂടുതലായി ഉള്ളത്. സിഖ് തീവ്രവാദം എന്നൊന്നും വിളിക്കാന്‍ പറ്റില്ലെങ്കിലും ചെറിയ ചെറിയ അസ്വസ്ഥതകള്‍ അവിടെ ഇടയ്ക്കിടെ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇതൊന്നും സിഖ് ജനസംഖ്യയിലെ ആധിക്യം കാരണമല്ല. സിഖ് സമൂഹത്തില്‍ സിംഹഭാഗം പേരും ഭാരതത്തിന്റെ മക്കള്‍ തന്നെ എന്നഭിമാനിക്കുന്നവരാണ്. വളരെ ചെറിയൊരു ശതമാനം ആളുകള്‍ മാത്രമാണ് സിഖുകാര്‍ക്കു ഭാരതത്തില്‍ പ്രത്യേകരാജ്യം എന്ന പേരില്‍ ഖലിസ്ഥാന്‍ ആവശ്യം ഉന്നയിക്കുന്നത്. അവര്‍ക്കുള്ള സഹായങ്ങള്‍ ചെയ്യാനും താവളം ഒരുക്കാനും അവിടെ ചിലര്‍ തയ്യാറാവുന്നുണ്ട് എന്നത് സത്യം തന്നെ. എന്നാല്‍ അതു ഭാരതീയരും കനേഡിയന്‍ പൗരന്‍മാരുമായ സിഖുകാരുടെ മതപരമായ ഒരു നിലപാടല്ല. ചിലരുടെ രാഷ്ട്രീയ നിലപാടാണ്.
സമൂഹമാധ്യമങ്ങളിലും മറ്റു മാധ്യമങ്ങളിലുമാണ് കൂടുതലും പ്രചാരണമുള്ളത്. സമൂഹത്തില്‍ വലിയ സ്വാധീനം ഇല്ല. അതുണ്ടെന്നു കാണിക്കാന്‍ ചില ഒറ്റപ്പെട്ട ശ്രമങ്ങള്‍ നേരത്തെ നടന്നിരുന്നു. ഉദാഹരണത്തിന് കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് അവിടുത്തെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ മതിലില്‍ ‘ഖലിസ്ഥാന്‍ സിന്ദാബാദ് ഹിന്ദുസ്ഥാന്‍ മൂര്‍ദാബാദ്’ എന്ന് എഴുതി വെച്ചിരുന്നു. വേറെചിലര്‍ നമ്മുടെ ശാഖ നടക്കുന്ന സ്ഥലത്ത് വന്നു പാകിസ്ഥാന്‍ സിന്ദാബാദ് വിളിക്കാറുണ്ടായിരുന്നു. പഞ്ചാബില്‍ ഇപ്പോള്‍ ചെയ്യുന്നത് പോലെ ഈ രണ്ടു കൂട്ടരും തമ്മിലുള്ള ഒത്തുചേരല്‍ അവിടെയും ഉണ്ട്. അവിടുത്തെ മക്‌ഡോണല്‍ഡ് ലോറി ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം പ്രസിദ്ധീകരിച്ച ഒരു ഗവേഷണ റിപ്പോര്‍ട്ടില്‍ ഈ ഖലിസ്ഥാന്‍-പാകിസ്ഥാന്‍ വിഘടനവാദികളുടെ അമേരിക്കയിലെ സാന്നിധ്യത്തെക്കുറിച്ച് പറയുന്നുണ്ട്.
നമ്മള്‍ വളരെ സമചിത്തതയോടെയാണ് ഈ വിഷയത്തെ അഭിമുഖീകരിച്ചത്. കര്‍ഷക സമരത്തെ അനുകൂലിച്ചു കൊണ്ടും ഈ അച്ചുതണ്ട് അവിടെ പ്രകടനങ്ങള്‍ നടത്തിയിരുന്നു. അവിടുത്തെ മൂന്നു രാഷ്ട്രീയപാര്‍ട്ടികളും ചില ഹിന്ദു വ്യവസായികളും ഈ സമരത്തെ അനുകൂലിച്ചിരുന്നു. തുടര്‍ന്ന് നമ്മള്‍ വളരെ സംഘടിതമായി ഇവരുടെ പ്രവര്‍ത്തനകേന്ദ്രങ്ങള്‍ എന്നറിയപ്പെടുന്ന ബ്രാംപ്‌ടോന്‍ പോലുള്ള സ്ഥലങ്ങളില്‍ പരിപാടികള്‍ നടത്തി. ‘മേപ്പിള്‍ തിരംഗാ റാലി’ എന്ന പേരില്‍ വലിയൊരു വാഹനറാലി നടക്കുകയുണ്ടായി . അഞ്ഞൂറോളം കാറുകള്‍ ഉണ്ടായിരുന്ന ഈ പരിപാടി അവിടുത്തെ പ്രതികൂല സാഹചര്യത്തില്‍ ഏറ്റവും വലിയ ജനപങ്കാളിത്തം ഉള്ള ഒരു പൊതുപരിപാടിയായി വിലയിരുത്തപ്പെട്ടു. ഭാരതീയ സമൂഹ ത്തിലും അവിടുത്തെ സമൂഹത്തിലും ഈ വിഷയത്തെ സംബന്ധിച്ച് ചര്‍ച്ചയും ബോധവല്‍ക്കരണവും ഉണ്ടായി. ഇതേക്കുറിച്ച് ഇപ്പോള്‍ ഒരു സാമൂഹികമായ ബോധ്യം വന്നിട്ടുണ്ട്. പൊതുസമൂഹത്തില്‍ എതിര്‍പ്പ് വന്നതോടെ വിഘടനവാദികള്‍ക്കുള്ള പിന്തുണ താനേ നിലച്ചു. ഇപ്രകാരം, ഖലിസ്ഥാന്‍ പ്രശ്‌നം ഇപ്പോള്‍ ഇന്ത്യയുടെ പ്രശ്‌നമല്ല, കാനഡയുടെ പ്രശ്‌നമാണ് (Now it is not India’s problem, but it is Canada’s problem) എന്ന നിലയില്‍ ആ പ്രശ്‌നത്തെ നാം ഏറെക്കുറെ വിജയകരമായി നേരിട്ടിട്ടുണ്ട് എന്നു പറയാം.
താങ്കള്‍ ഇപ്പോള്‍ 14 വര്‍ഷമായി പ്രചാരക നായി പ്രവര്‍ത്തിക്കുന്നു. ഇക്കാലം മുഴുവ നും താങ്കള്‍ വിശ്വവിഭാഗില്‍ തന്നെയായി രുന്നുവെന്ന് അറിയാം. എങ്ങനെയാണ് നേരിട്ട് വിശ്വവിഭാഗില്‍ പ്രചാരകനാവാനുള്ള സാഹചര്യം ഉണ്ടായത്. താങ്കള്‍ സ്വയംസേ വകനായത് വിദേശത്ത് വെച്ചാണോ.
സ്വയംസേവകനാവുന്നത് നാട്ടില്‍ വെച്ചു തന്നെയാണ്. കര്‍ണ്ണാടകയിലെ പുത്തൂരില്‍ താമസിക്കുന്ന അമ്മയുടെ വീട്ടുകാര്‍, പ്രത്യേകിച്ചും മുത്തശ്ശനും അമ്മാവനും സജീവ സംഘപ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നു. അമ്മ (ലക്ഷ്മീ ദേവി പ്രഭു) രാഷ്ട്രസേവികാസമിതിയുടെ പ്രവര്‍ത്തകയായി രുന്നു. അമ്മ അടിയന്തരാവസ്ഥയ്‌ക്കെതിരെ സമരംചെയ്ത് അറസ്റ്റു വരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മണിപ്പാലില്‍ പഠിക്കാന്‍ പോകുന്ന സമയത്ത് ശാഖയില്‍ പോകണം എന്ന് അമ്മയുടെ ഒരു തരം നിര്‍ദ്ദേശം തന്നെ ഉണ്ടായിരുന്നു. അച്ഛന്‍ (ബി. യോഗേഷ് പ്രഭു) കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ആയിരുന്നെങ്കിലും വലിയ എതിര്‍പ്പൊന്നും കാണിച്ചിരു ന്നില്ല. മണിപ്പാലില്‍ എഞ്ചിനീയറിംഗ് പഠനത്തിനു ശേഷം ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയി. പഠന ത്തിനുശേഷം രണ്ടു വര്‍ഷം അവിടെ ജോലിചെയ്തു. ആ സമയത്തിനുള്ളില്‍ അവിടുത്തെ പ്രചാരകനായ ദിനേശ് ജിയുടെ സമ്പര്‍ക്കത്തിലൂടെ സജീവപ്രവര്‍ത്തനത്തിലേക്ക് വന്നു. പിന്നീട് വന്ന പ്രചാരകനായ സൗമിത്ര ഗോഖലെജി യും സമ്പര്‍ക്കം തുടര്‍ന്നു. അദ്ദേഹത്തിന്റെ പ്രേരണയിലായി രുന്നു ശാഖാപ്രവര്‍ത്തനവും സംഘപരിശീലനവുമെല്ലാം. പ്രഥമവര്‍ഷം പരിശീലനം അവിടെയായിരുന്നു. ദ്വിതീയവും തൃതീയവും ഭാരതത്തില്‍ പൂര്‍ത്തിയാക്കി. പിന്നീട് സ്വാ ഭാവികമായും പ്രചാരകനാവാന്‍ മനസ്സില്‍ തോന്നി, ജോലി ഉപേക്ഷിച്ചു പ്രചാരകനായി.
താങ്കള്‍ ഇപ്പോള്‍ കാനഡയുടെ ദേശ് പ്രചാരക് എന്ന ചുമതലയാണ് നിര്‍വഹിക്കുന്നത്. തുടക്കം മുതല്‍ അവിടെ തന്നെ ആയിരുന്നോ.
അല്ല. 2008 മുതല്‍ അഞ്ചു വര്‍ഷം അമേരിക്കയിലെ പ്രചാരകനായിരുന്നു. അവിടെ ആ സമയത്ത് അഞ്ചു പ്രചാരകന്മാര്‍ ഉണ്ടായിരുന്നു. അതു കൊണ്ടായിരിക്കണം ഞാന്‍ കാനഡയിലേക്ക് നിയോഗിക്കപ്പെട്ടത്. ഇപ്പോള്‍ ആറു വര്‍ഷമായി കാനഡയില്‍ പ്രവര്‍ത്തിക്കുന്നു.
കേരളത്തിലെ സംഘ പ്രവര്‍ത്തനവുമായി എ ങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്.
സ്വാഭാവികമായും ഒരു പ്രചാരകന്‍ ഇടക്കാലത്ത് വീട്ടില്‍ വരുമ്പോള്‍ നാട്ടിലെ സ്വയംസേവകരുമായി ബന്ധപ്പെടാറുണ്ടല്ലോ. അത്തരം ബന്ധങ്ങള്‍ എല്ലാ കാലത്തും നാട്ടില്‍ ഉണ്ടായിരുന്നു. സംഘത്തിന്റെ മുതിര്‍ന്ന സ്വയംസേവകരെയും കാര്യകര്‍ത്താക്കളെയും കാണും. മാനനീയ ആര്‍.ഹരിയേട്ടനെ എല്ലാ വര്‍ഷവും കാണാറുണ്ട്. ഒരു തവണ കേരളത്തിന്റെ പ്രചാരകബൈഠക്കിലും പങ്കെടുത്തിട്ടുണ്ട്.
താങ്കള്‍ ഉള്‍പ്പെടെയുള്ള വിശ്വ വിഭാഗിലെ പ്രചാരകന്മാര്‍ എല്ലാം ഇപ്പോള്‍ അതാതു രാജ്യങ്ങളിലെ പൗരന്മാര്‍ ആണെന്ന് കേള്‍ക്കുന്നു. അത് ശരിയാണോ ? ആണെങ്കില്‍ ഭാരതപൗരത്വം നഷ്ടമായതിനെക്കുറിച്ച് എന്തു തോന്നുന്നു.
ശരിയാണ്. ഇപ്പോള്‍ ഞാന്‍ കാനഡ പൗരനാണ്. തീര്‍ച്ചയായും ഭാരതത്തിന്റെ പൗരത്വം നഷ്ടമായതില്‍ ഏതൊരു ഭാരതീയനെയും പോലെ അല്പം വേദന മനസ്സില്‍ ഉണ്ട്. ബ്രിട്ടനിലെ രാജ്ഞിയുടെ പേരില്‍ പൗരത്വപ്രതിജ്ഞ ചെയ്യേണ്ടി വന്നു! എങ്കിലും ഇതൊരു സാങ്കേതികമായ വ്യവസ്ഥയുടെ ഭാഗമായി മാത്രമാണ് എന്നത് കൊണ്ട് ആ മനോവേദനയ്ക്ക് വലിയ പ്രസക്തിയില്ല. ഇതൊരു കൂടിയാലോചനയുടെ അടിസ്ഥാനത്തില്‍ വന്ന തീരുമാനമാണ്. സുഗമവും സഹജവുമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കാന്‍ ഇത് സഹായം ചെയ്‌തേക്കും. ഇപ്പോള്‍ അമ്പതോളം രാജ്യങ്ങളിലായി ധാരാളം കാര്യകര്‍ത്താക്കള്‍ ഉണ്ട്. വ്യത്യസ്ത രാജ്യങ്ങളില്‍ വ്യത്യസ്ത വിസാ നിയമങ്ങള്‍ ആണല്ലോ. ഈ വൈവിധ്യം കൊണ്ട് ഏകോപനത്തിന് പലപ്പോഴും ഒരുപാട് തടസ്സങ്ങള്‍ ഉണ്ടാവാറുണ്ട്. എനിക്ക് കാനഡയില്‍ മുപ്പതു ദിവസത്തെ വിസയായിരുന്നു ആദ്യം നല്‍കിയത്. പിന്നീട് അവിടുത്തെ സ്വയംസേവകര്‍ ചേര്‍ന്ന് 450 പേജുള്ള ഒരു പ്രവര്‍ത്തന റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിനു നല്‍കിയതിനു ശേഷമാണു വിസ പുതുക്കി ലഭിച്ചത്. ഇത്തരം തടസ്സങ്ങള്‍ എല്ലാ രാജ്യങ്ങളിലും കാണും. ഒരു പ്രചാരകന് സാങ്കേതികതടസ്സം കൊണ്ട് മാത്രം ഈ വര്‍ഷം പ്രചാരകബൈഠക്കില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്ന ഒരു തീരുമാനമാണ്. ആത്യന്തികമായി സംഘപ്രവര്‍ത്തനത്തിന് വേണ്ടി എന്തു തീരുമാനം കൈക്കൊള്ളാനും സ്വീകരിക്കാനും എല്ലാ സ്വയംസേവകരും തയ്യാറാവുമല്ലോ. അത്തരത്തില്‍ ഒരു തീരുമാനം വന്നു. അതു മനസാല്‍ സ്വീകരിച്ചു എന്നു മാത്രമേ അതിനെക്കുറിച്ച് ഇപ്പോള്‍ തോന്നുന്നുള്ളൂ. അതുകൊണ്ട് ആദ്യം ഉണ്ടായിരുന്ന മനോവിഷമം ഇപ്പോള്‍ ഇല്ല.
സനാതനധര്‍മ്മത്തിന്റെ വിശ്വവ്യാപ്തിയെക്കുറിച്ചും നമ്മുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും താങ്കളുടെ മനസ്സിലെ സംതൃപ്തി എപ്രകാരമാണ്? ഒന്ന് വിശദീകരിക്കാമോ.
നമ്മള്‍ ചര്‍ച്ച ചെയ്തത് പോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പല രാജ്യങ്ങളിലും സംഘാദര്‍ശം വ്യാപിക്കുന്നുണ്ട്. ഭാരതീയദര്‍ശനങ്ങളുടെ വിശ്വദൗത്യത്തിന്റെ ഭാഗമാണ് ഈ വ്യാപനം. അതിന്റെ ഒരുപാട് ഉദാഹരണങ്ങള്‍ നമുക്കറിയാം, ചിലത് നാം ചര്‍ച്ച ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭാരതത്തിന്റെ ആഗോളപ്രാധാന്യം വര്‍ധിക്കുന്നുവെന്നും ഭാരത സര്‍ക്കാര്‍ ആ നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നും നമുക്കറിയാം. കോവിഡ് വാക്‌സിന്‍ വിതരണം ഉള്‍പ്പെടെയുള്ള നിരവധി ഉദാഹരണങ്ങള്‍ നമുക്കുണ്ട്. ഈവക പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കാലത്ത് വിശ്വവിഭാഗ് എന്ന പേരില്‍ ലോകത്തിന്റെ വിവിധഭാഗത്തുള്ള നമ്മുടെ സാന്നിധ്യം അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതാണ്. സേവനം, അദ്ധ്യാത്മികം എന്നീ മേഖലകളെ മാത്രം കേന്ദ്രീകരിച്ച് നിന്നിരുന്ന നമ്മുടെ പ്രവര്‍ത്തനം മറ്റനേകം മേഖലകളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുന്നു. സാമൂഹികവും സാംസ്‌കാരികവുമായ വിഷയങ്ങളിലും നമ്മുടെ ആശയങ്ങള്‍ക്കും ഇടപെടലുകള്‍ക്കും സ്വാധീനം വര്‍ദ്ധിച്ചുവരുന്നു. തദ്ദേശീയ സമൂഹങ്ങള്‍ ഭാരതീയ ആശയങ്ങളെ പുസ്തകങ്ങളിലൂടെയല്ലാതെ നേരിട്ട് കാണുന്നതിനും അനുഭവിക്കുന്നതിനും നമ്മുടെ ശാഖകള്‍ നിമിത്തമാകുന്നു. ഭാരതീയതയുടെ നേര്‍ക്കാഴ്ച ആയി മാറാന്‍ ശാഖകള്‍ക്ക് സാധിക്കുന്നു. മാതാ അമൃതാനന്ദമയി മഠം, ഇസ്‌കോണ്‍, സായി ബാബ ആശ്രമം മുതലായ അനേകം വിഖ്യാത സംഘടനകളുമായി നമുക്ക് യോജിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു. അതാതുരാജ്യങ്ങളിലെ സാമൂഹിക സാംസ്‌കാരിക സംഘടനകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കുന്നു. അതോടൊപ്പം തന്നെ ചില രാജ്യങ്ങളിലെ സര്‍ക്കാര്‍ സംവിധാനങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കുന്നു. ക്രിസ്തുമതപൂര്‍വ്വ(Pre Christian) പ്രാദേശിക സംസ്‌കാരങ്ങളെ സംരക്ഷിക്കാന്‍ International Centre for Cultural Studies (ICCS) പ്രവര്‍ത്തിക്കുന്നു. നമ്മുടെ പ്രവര്‍ത്തനം ഇല്ലാതിരുന്ന തെക്കേ അമേരിക്കയിലെ കൊളംബിയ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് നമ്മുടെ പ്രവര്‍ത്തനം ഇപ്പോള്‍ വ്യാപിച്ചിട്ടുണ്ട്. ഇപ്രകാരം മനുഷ്യവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും നമ്മുടെ പ്രവര്‍ത്തനം എത്തുന്നു. ലോകത്തിലെ ഏറ്റവും സ്വധീനശാലികളായ രാജ്യങ്ങളിലും പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കുന്നു. ഇങ്ങനെ ഏതു രീതിയില്‍ ചിന്തിച്ചാലും തൃപ്തികരവും ആശാവഹവുമാണ് നമ്മുടെ പ്രവര്‍ത്തനങ്ങള്‍.