പരംപൂജനീയ സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് 2022 സപ്തംബര്‍ 18ന് ഞായറാഴ്ച ഗുരുവായൂരിലെ സാംഘിക്കില്‍ നടത്തിയ ബൗദ്ധിക്കില്‍ നിന്ന്
നാം ആദ്യം ചെയ്യേണ്ടത് ശാഖാരൂപത്തിലുള്ള നമ്മുടെ സാധന ഉല്‍കൃഷ്ടമായ രീതിയില്‍ നടത്തുക എന്നതാണ്.നിത്യേന, നിയമിതമായി കൃത്യസമയത്ത് ശാഖയിലെത്തി, ജീവിതത്തെ ഉല്‍കൃഷ്ടമാക്കാന്‍ പോന്ന, ഉല്‍കൃഷ്ടമായ മനുഷ്യജീവിതം നയിക്കാന്‍ പോന്ന അവിടെ നിത്യവും നടക്കുന്ന സരളവും ചെറുതും എളുപ്പത്തില്‍ ചെയ്യാവുന്നതുമായ ശക്തിസമ്പന്നവും ഗുണസമ്പന്നവും ജ്ഞാനസമ്പന്നവുമായ ജീവിതം നയിക്കാന്‍ നമ്മെ സജ്ജരാക്കുന്ന കാര്യക്രമങ്ങള്‍ ചിന്തിച്ച്, മനസ്സിരുത്തി ശ്രദ്ധയോടെ ചെയ്ത് നമ്മുടെ ശാഖാ സാധന നിത്യവും അനുഷ്ഠിക്കണം. അത് നമ്മുടെ പരിപാടിയല്ല, തപസ്യയാണ്. അതിലൊരിക്കലും അലസത ഉണ്ടാകാന്‍ പാടില്ല. ആ തപസ്യ നിരന്തരം അനുഷ്ഠിച്ച് നമുക്ക് യോഗ്യരായ സ്വയംസേവക കാര്യകര്‍ത്താക്കളുടെ ജീവിതം നയിക്കാന്‍ സാധിക്കണം. ഈ ശാഖാരൂപത്തിലുള്ള തപസ്യ ഗ്രാമഗ്രാമാന്തരങ്ങള്‍ തോറും, ബസ്തികള്‍ തോറും എത്തിക്കാന്‍ ആവശ്യമായ സമയം കൊടുക്കാനാകണം. എല്ലാ സ്വയംസേവകരും ഒരു മണിക്കൂര്‍ ശാഖക്ക് നല്‍കുന്നതിന് പുറമെ സമയം നല്‍കി സംഘ പദ്ധതിയനുസരിച്ച് സംഘത്തിന്റെ വികാസത്തിന്, അഥവാ ദൃഢീകരണത്തിന് അഥവാ സംഘത്തിന്റെ പേരില്‍ സ്വയംസേവകര്‍ സമാജത്തില്‍ നടത്തുന്ന വിവിധതരം സേവനപ്രവര്‍ത്തനങ്ങളില്‍ സംഘത്തിന്റെ പദ്ധതിയനുസരിച്ച് പങ്കാളികളാകേണ്ടിവരും. അതിനുവേണ്ടി എല്ലാ സ്വയംസേവകരും സമയം നല്‍കേണ്ടതുണ്ട്. എല്ലാ സ്വയംസേവകരെയും ഈ കാര്യത്തിന് സജ്ജരാക്കാന്‍ ശാഖാടോലിയിലുള്ളവരും പ്രവാസികാര്യകര്‍ത്താക്കളും അവര്‍ ഇപ്പോള്‍ നല്‍കുന്നതിലുമധികം സമയം കൊടുക്കേണ്ടിവരും. പ്രവാസി കാര്യകര്‍ത്താക്കള്‍ കൂടുതല്‍ സമയം നല്‍കുന്നതിന് ആവശ്യമായ സാഹചര്യം സൃഷ്ടിക്കുന്നതിനുവേണ്ടി മുഴുവന്‍ സമയവും നല്‍കി പ്രവര്‍ത്തിക്കുന്ന പ്രചാരകന്മാരുടെ എണ്ണം വര്‍ദ്ധിക്കേണ്ടിയിരിക്കുന്നു. ഗ്രാമഗ്രാമാന്തരങ്ങളില്‍ ശാഖയുണ്ടാകണമെങ്കില്‍ ശതാബ്ദി വിസ്താരകന്മാരുടെ സംഖ്യ കൂടണം. ഗ്രാമങ്ങള്‍ തോറും സംഘസംസ്‌കാരവും ഗുണനിര്‍മ്മാണ പ്രവര്‍ത്തനവും എത്തിച്ച് സമ്പൂര്‍ണ സമാജത്തെയും ഗുണസമ്പന്നമാക്കി തീര്‍ക്കേണ്ടതുണ്ട്. അതുകൊണ്ടു പ്രവാസികാര്യകര്‍ത്താക്കള്‍ നല്‍കുന്ന സമയം അവരുടെ എണ്ണം, ഇവ വര്‍ദ്ധിക്കണം. അതോടൊപ്പം എല്ലാ സ്വയംസേവകരും സംഘപദ്ധതിപ്രകാരം ഏതെങ്കിലും രംഗത്ത് സക്രിയരാകണം. ചിലര്‍ ശാഖാ പ്രവര്‍ത്തനത്തില്‍, മറ്റ് ചിലര്‍ സേവാകാര്യങ്ങളില്‍, ചിലര്‍ ഗതിവിധി പ്രവര്‍ത്തനങ്ങളില്‍, വീണ്ടും ചിലര്‍ വിവിധ ക്ഷേത്ര സംഘടനകളില്‍. ഇപ്രകാരം ഓരോ സ്വയംസേവകനും സംഘപദ്ധതി പ്രകാരം ഏതെങ്കിലും സമാജപ്രവര്‍ത്തനത്തില്‍ സക്രിയരായാല്‍ നമ്മുടെ സ്വന്തം ജീവിതം സമ്പുഷ്ടമായി തീരുന്നതോടൊപ്പം ഹിന്ദുസമാജത്തിന്റെ ജീവിതം ശക്തിസമ്പന്നവും ഗുണസമ്പന്നവുമാക്കിത്തീര്‍ത്ത് ഹിന്ദുസമാജത്തിന്റെ സംഘടിതശക്തികൊണ്ട് ധര്‍മ്മത്തെ രക്ഷിച്ച് നമ്മുടെ രാഷ്ട്രത്തെ പരമവൈഭവത്തിലെത്തിക്കുക എന്ന നമ്മുടെ ലക്ഷ്യത്തിലേക്ക് ഗതിവേഗത്തില്‍ നമുക്ക് മുന്നേറാനാകും. ഇത്രയും വലിയൊരു പ്രവര്‍ത്തനത്തിന്റെ ആരംഭം എവിടെ നിന്നായിരിക്കണം? ഞാന്‍ എന്റെ ശാഖാസാധന കൂടുതല്‍ തീവ്രവും ഉല്‍ക്കടവും ഉല്‍കൃഷ്ടവുമാക്കി എന്റെ ജീവിതത്തില്‍ കൂടുതല്‍ സമയം സംഘപദ്ധതി സഫലമാക്കുന്നതിനുവേണ്ടി വിനിയോഗിക്കും എന്ന് നാമോരോരുത്തരും നിശ്ചയിച്ചാല്‍ നമ്മുടെ മുന്നേറ്റത്തിന്റെ ഗതി വര്‍ദ്ധിക്കുന്നതായി നമുക്ക് പ്രത്യക്ഷത്തില്‍ തന്നെ അനുഭവിക്കാനാകും. അതുകൊണ്ട്, നമ്മുടെ സാധന തീവ്രതരമാക്കാനും കൂടുതല്‍ സമയം സംഘപ്രവര്‍ത്തനത്തിന് നല്‍കാനും ഈ നിമിഷം തന്നെ നാം ദൃഢസങ്കല്പം എടുക്കുകയും വേണം.
വിവര്‍ത്തനം:യു.ഗോപാല്‍ മല്ലര്‍
ഹിന്ദുത്വം ഗുണസമ്പന്നത
ഗുരുവായൂര്‍: ഹിന്ദുത്വം ദൈവിക ഗുണസമ്പത്തിന്റെ പേരാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അത് ഏതെങ്കിലും വംശത്തിന്റെയോ ജാതിയുടെയോ സമ്പ്രദായത്തിന്റെയോ ഭാഷയുടെയോ പ്രദേശത്തിന്റെയോ പേരല്ല, എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന ദര്‍ശനമാണതെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ ചേര്‍ന്ന ആര്‍എസ്എസ് ഗുരുവായൂര്‍ സംഘ ജില്ലാ സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വത്തിനാകെ മാര്‍ഗദര്‍ശനമേകാനാകും വിധം ഭാരതത്തെ പരംവൈഭവത്തിലെത്തിക്കാന്‍ സമാജത്തെ പ്രാപ്തമാക്കുക എന്ന പ്രവര്‍ത്തനമാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചെയ്യുന്നത്. അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഭാരതം പരമ വൈഭവശാലിയാകും. അതിന് ഹിന്ദു സമാജം ശക്തമാകണം. ലോകം ശക്തിയെയാണ് അംഗീകരിക്കുന്നത്. ലോകത്തിന് വേണ്ടി നന്മ ചെയ്യണമെങ്കിലും സമാജം ശക്തിശാലികളാകണം, അദ്ദേഹം പറഞ്ഞു.
ദുഷ്ടന് വിദ്യ വിവാദത്തിനും പണം അഹന്തയ്ക്കും ശക്തി പരപീഡനത്തിനും വേണ്ടിയാണ്. അത് വിധ്വംസകമാണ്. സുജലയും സുഫലയും മലയജശീതളയുമായ പ്രകൃതിയുടെ പരമ്പരയാണ് ഹിന്ദുത്വമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ്സിന് പ്രവര്‍ത്തനം പരിപാടിയല്ല തപസ്യയാണ്. ആത്മനോ മോക്ഷാര്‍ത്ഥം ജഗത് ഹിതായ ച എന്നതാണ് അതിന്റെ സ്വഭാവമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് ഡോ. എ.ആര്‍. വന്നിയരാജന്‍, പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, തൃശ്ശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്. പദ്മനാഭന്‍, ഗുരുവായൂര്‍ ജില്ലാ സംഘചാലക് റിട്ട. കേണല്‍ വി. വേണുഗോപാല്‍, പ്രാന്ത സമ്പര്‍ക്ക പ്രമുഖ് കെ.ബി. ശ്രീകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.