മന:സാക്ഷിയുള്ള ആര്‍ക്കും കണ്ടില്ലെന്നും കേട്ടില്ലെന്നും ഭാവിച്ച് മുഖം തിരിച്ച് പോകാവുന്ന തരത്തിലുള്ള ഒന്നല്ല, കോഴിക്കോട് കോര്‍പ്പറേഷന്‍ ഒന്നാം ഡിവിഷനില്‍ പെട്ട എലത്തൂര്‍ എസ്.കെ.ബസാറില്‍ ഈയിടെ നടന്ന ഒരു നരഹത്യ. ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പോറ്റുന്ന രാജേഷ് എന്ന ചെറുപ്പക്കാരന്റെ ദാരുണ അന്ത്യം പക്ഷെ, കേരളം ഏറെ ചര്‍ച്ച ചെയ്തില്ല. മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ജീവവായു പോലെ അനുവര്‍ത്തിച്ചു വരുന്ന അസഹിഷ്ണുതയും പ്രാകൃതത്വവും അതിന്റെ പരമകാഷ്ഠയില്‍ ആവിഷ്‌ക്കരിക്കപ്പെട്ട സംഭവമാണ് സപ്തംബര്‍ 15 ന് അരങ്ങേറിയത്. കേരളം ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ നേതൃമന്യന്‍മാര്‍ കാര്‍മികത്വം വഹിച്ച് നടപ്പിലാക്കിയ ആസൂത്രിതവും സംഘടിതവുമായ ആള്‍ക്കൂട്ടക്കൊലയായിരുന്നു അത്. മനുഷ്യാവകാശത്തിന്റെ പേരില്‍ ശബ്ദമലിനീകരണം പതിവായ കേരളത്തില്‍ എന്തുകൊണ്ടാണ് രാജേഷിന്റെ നിലവിളി ആരും കേള്‍ക്കാതെ പോയത്…?!
അസഹിഷ്ണുതയുടെ ആരംഭം
സി.പി.ഐ.എമ്മിന്റെ സ്വാധീന കേന്ദ്രത്തില്‍ പൊതുസമൂഹം ഏറെ ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്യുന്ന ബി.ജെ.പി പ്രവര്‍ത്തകനായിപ്പോയി എന്നതൊഴിച്ചാല്‍ ഒരു തെറ്റും രാജേഷ് ചെയ്തിട്ടില്ല. കടലില്‍ കക്ക പെറുക്കി ജീവസന്ധാരണം നടത്തിയിരുന്ന തൊഴിലാളിയായിരുന്നു രാജേഷ്. ദരിദ്ര കുടുംബത്തിന്റെ അത്താണിയായിരുന്ന ഈ ചെറുപ്പക്കാരന്‍ വിവാഹം ചെയ്തതോടെ നിത്യവൃത്തിക്ക് കക്ക പെറുക്കലിലൂടെ ലഭിക്കുന്ന വരുമാനം പോരെന്നായി. സ്വന്തം കുടുംബത്തോടൊപ്പം സഹധര്‍മിണിയുടെ രണ്ടു സഹോദരിമാരുടെയും അവശതയനുഭവിക്കുന്ന അവരുടെ മാതാപിതാക്കളുടെയും സംരക്ഷണം കൂടി രാജേഷ് ഏറ്റെടുത്തു. അല്ലലില്ലാതെ ഇരു കടുംബങ്ങള്‍ക്കും കഴിയാവുന്ന തരത്തില്‍ വരുമാനം വര്‍ധിപ്പിക്കേണ്ടിയിരുന്നു. അതിനു കണ്ടെത്തിയ മറ്റൊരു മാര്‍ഗമാണ് ഓട്ടോറിക്ഷ. ഭാര്യയുടെ കെട്ടുതാലി വരെ പണയപ്പെടുത്തിയാണ് ഒരു റിക്ഷ സ്വന്തമാക്കിയത്. വീട്ടിനടുത്തുള്ള കവല കേന്ദ്രമാക്കി ഓട്ടം ആരംഭിച്ചു. സാമൂഹ്യ ബോധമുള്ള പൊതുപ്രവര്‍ത്തകന്‍ ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന ഒരു തൊഴില്‍ ഉപജീവന മാര്‍ഗമായി സ്വീകരിക്കുമ്പോള്‍ ഉണ്ടാകാവുന്ന ‘അപകടം’ മറ്റാരേക്കാളും നന്നായി അറിയുന്നവരാണ് മാര്‍ക്‌സിസ്റ്റുകാര്‍. യാത്രയ്ക്കായി തന്റെ വണ്ടിയെ ആശ്രയിക്കുന്നവരോട് ബഹുമാനത്തോടെയും സ്‌നേഹപൂര്‍ണമായും പെരുമാറുന്നത് രാജേഷിന്റെയും അതുവഴി അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെയും സ്വീകാര്യത വര്‍ധിക്കുന്നതിന് കാരണമായി. സി.പി.എം നേതൃത്വത്തിന് സഹിക്കാവുന്നതിലപ്പുറമാണിത്. തങ്ങളുടെ സ്വാധീനമേഖലകളില്‍ അവര്‍ രൂപപ്പെടുത്തിയെടുത്തിട്ടുള്ള സംഘടനാ മനോഭാവം അത്തരത്തിലുള്ളതാണ്. പാര്‍ട്ടി കുടുംബാംഗങ്ങള്‍ പോലും യാത്രയ്ക്കായി രാജേഷിനെ ആശ്രയിക്കുന്നത് അമര്‍ഷത്തോടെയാണ് അവര്‍ നോക്കിക്കണ്ടത്. പാര്‍ട്ടി സംവിധാനത്തോട് വിധേയന്‍മാരാത്തവരോടും പാര്‍ട്ടി തിട്ടൂരങ്ങള്‍ അനുസരിക്കാന്‍ സന്നദ്ധരല്ലാത്തവരോടും പരമ്പരാഗതമായി പാര്‍ട്ടി അനുവര്‍ത്തിക്കുന്ന സമീപനം തന്നെ രാജേഷിനോടും സ്വീകരിച്ചു. മനുഷ്യന്റെ അടിസ്ഥാന വികാരം വിദ്വേഷമാണെന്ന് ധരിച്ചു വശായവരില്‍ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കേണ്ടതില്ലല്ലോ. രാജേഷ് നോട്ടപ്പുള്ളിയായി, കുറ്റപത്രവും തയ്യാറായി.
രാജേഷ് എന്ന പൊതുപ്രവര്‍ത്തകന്‍
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും ബിജെപിയുടെയും ആശയാദര്‍ശങ്ങള്‍ നെഞ്ചേറ്റി ജീവിക്കുന്ന, അടിയുറച്ച സംഘടനാ ബോധം പ്രകടിപ്പിച്ചിരുന്ന രാജേഷ് സ്വന്തം നാട്ടില്‍ ഈ പ്രസ്ഥാനങ്ങളുടെ മികച്ച വക്താവു കൂടിയായിരുന്നു. തന്നോടിടപഴകുന്ന ആരുമായും സൗഹാര്‍ദപൂര്‍വം ആശയസംവാദത്തിലേര്‍പ്പെടുന്ന സ്വഭാവമുണ്ടായിരുന്നു രാജേഷിന്. അതിനായുള്ള ഗൃഹപാഠവും തയ്യാറെടുപ്പും അദ്ദേഹം എന്നും നടത്താറുണ്ടെന്ന് സുഹൃത്തുക്കള്‍ പറയുന്നു. വീട്ടിനടുത്തുള്ള ഗ്രന്ഥാലയം അതിനുള്ള രാജേഷിന്റെ സ്ഥിരം കേന്ദ്രമാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളും മറ്റു ഗ്രന്ഥങ്ങളും വായിക്കാനും അവിടെ വന്നുചേരുന്നവരോട് ആശയ വിനിമയം നടത്താനും പ്രത്യേക താല്‍പ്പര്യം കാണിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ അവിടെയൊരു സുഹൃദ് വലയമുണ്ടായിരുന്നു രാജേഷിന്. ഇവരില്‍ പലരും സംഘ പ്രസ്ഥാനങ്ങളുടെ അനുഭാവികളോ പ്രവര്‍ത്തകരോ ആയി മാറിയിട്ടുണ്ട്. സി പി എം അണികളായിരുന്നവരും അക്കൂട്ടത്തില്‍ പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനായ ഈ ബിജെപി പ്രവര്‍ത്തകന്‍ മോദിയുടെ പ്രസംഗങ്ങള്‍ ആസ്വദിക്കാനും അത് ഗ്രാമവാസികള്‍ക്ക് പകര്‍ന്നു കൊടുക്കാനും ഈയടുത്ത കാലത്ത് ഹിന്ദി പഠനവും തുടങ്ങിയിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. നല്ലൊരു കാല്‍പ്പന്തുകളിക്കാരനായിരുന്ന രാജേഷിന് ആ മേഖലയിലും ധാരാളം സൗഹൃദങ്ങളുണ്ടായിരുന്നു. അതെല്ലാം തന്റെ വിശ്വാസ പ്രമാണങ്ങളോടും കൂടിയുള്ള സൗഹൃദമായും മാറ്റാന്‍ കഴിഞ്ഞു.
തന്റെ ചുറ്റുമുള്ളവരുടെ പ്രശ്‌നങ്ങള്‍ സ്വന്തമായി കരുതി ഏറ്റെടുക്കുന്ന ശീലം സേവന പ്രവര്‍ത്തനങ്ങളിലേക്ക് ആ ചെറുപ്പക്കാരനെ നയിച്ചു. സേവാഭാരതിയുടെ ഭാഗമായി നിന്നുകൊണ്ട് അനേകം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഓട്ടോയില്‍ കയറുന്നവരോട് മിതമായ വാടക മാത്രം ഈടാക്കിയിരുന്ന രാജേഷ് രോഗികളെയും മറ്റും സൗജന്യമായും വണ്ടിയില്‍ കയറ്റാറുണ്ട്. സി.പി.എം അനുഭാവ കുടുംബത്തില്‍പെട്ട മനോവൈകല്യമുള്ള രോഗിയെ സ്ഥിരമായി ആശുപത്രിയില്‍ കൊണ്ടുപോയിരുന്ന രാജേഷ് അതിന് കൂലി വാങ്ങാറുണ്ടായിരുന്നില്ല. കൊച്ചു കുട്ടികളോടും പ്രായമായവരോടും അവശതയനുഭവിക്കുന്നവരോടും കരുതലോടെയാണ് ഇടപെട്ടിരുന്നത്. നാട്ടുകാര്‍ക്കൊപ്പം ഏതു കാര്യത്തിനും രാജേഷുണ്ടാകും, ഒരു സഹായി ആയി.
ജനങ്ങളെ സംഘടിപ്പിക്കുന്നതില്‍ പ്രത്യേക മിടുക്കുണ്ടായിരുന്നു ഈ യുവാവിന്. ശബരിമല പ്രക്ഷോഭകാലത്ത് ഭക്തരെയും വിശ്വാസികളെയും സംഘടിപ്പിച്ച് നടത്തിയ നാമജപ ഘോഷയാത്രകളും കുടുംബയോഗങ്ങളും സി.പി.എമ്മിന്റെ അടിത്തറയിളക്കുന്നവയായിരുന്നു. പാര്‍ട്ടി വിലക്ക് ലംഘിച്ച് വലിയ സംഖ്യയില്‍ പാര്‍ട്ടിക്കാര്‍ ഇവയിലൊക്കെ പങ്കെടുത്തു. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിലെ വന്‍ ജനപങ്കാളിത്തവും രാജേഷിലെ സംഘാടകന്റെ സാക്ഷ്യപത്രമായി. തെരഞ്ഞെടുപ്പു കാലങ്ങളില്‍ നിശബ്ദ ജനസമ്പര്‍ക്ക പ്രചാരണങ്ങളിലാണ് രാജേഷ് ശ്രദ്ധിച്ചിരുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഗണ്യമായ വോട്ടു വര്‍ധനയാണ് ബിജെപിക്കുണ്ടായത്.
വിധിച്ചത് ക്രൂരമായ ശിക്ഷ
ഈ ‘അപരാധ’ ങ്ങളെല്ലാം ചെയ്ത രാജേഷിന് മാര്‍ക്‌സിസ്റ്റ് നീതി ശാസ്ത്രമനുസരിച്ചുള്ള ശിക്ഷ വിധിക്കാന്‍ മതിയായ കാരണങ്ങളായി. ഓട്ടോ ഓടിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ ശല്യപ്പെടുത്തലും ആരഭിച്ചിരുന്നു. പലപ്പോഴും സ്റ്റാന്റില്‍ ഓട്ടോയിടാന്‍ മാര്‍ക്‌സിസ്റ്റുകാരായ മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ അനുവദിക്കാതായി. മുസ്ലിം ചെറുപ്പക്കാരായ ജിഹാദി മാര്‍ക്‌സിസ്റ്റുകളാണ് ഇതിന് ഏറെ ആവേശം കാണിച്ചത്. വര്‍ഗീയ വാദിയെന്നും ക്രിമിനലെന്നുമുള്ള വിശേഷണം രാജേഷില്‍ ചാര്‍ത്തി. ഒട്ടോയില്‍ ആളു കയറാതിരിക്കാന്‍ മനോരോഗിയാണെന്നു വരെ പ്രചരിപ്പിച്ചു. ഒരിക്കല്‍ ഓട്ടോയില്‍ കയറിയ ഒരമ്മയെയും രണ്ടു കുട്ടികളെയും ഭയപ്പെടുത്തി ഇറക്കി വിടുക പോലുമുണ്ടായെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. പലപ്പോഴും പ്രതികരിക്കാന്‍ കഴിയാതെ നിസ്സഹായനാകേണ്ടി വന്നു ആ തൊഴിലാളിക്ക്. ഈ സംഭവങ്ങളെല്ലാം രാജേഷിനെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാഴ്ത്തിയിരുന്നു. ഇതു വഴി അനുഭവിക്കുന്ന വിഷമങ്ങളെല്ലാം തന്നോടു പങ്കുവെക്കാറുള്ള കാര്യം രാജേഷിന്റെ സഹധര്‍മിണി ദുഃഖഭാരത്തോടെ ഈ ലേഖകനോട് പറയുകയുണ്ടായി.
ഈ പ്രദേശത്ത് ഓട്ടോ ഓടിച്ച് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഒരു പ്രാദേശിക മാര്‍ക്‌സിസ്റ്റ് നേതാവ് പ്രഖ്യാപിച്ചപ്പോള്‍ സഹികെട്ട അവസ്ഥയില്‍ ഇതെന്റെ മണ്ണാണെന്നും ഇവിടെ ജീവിക്കാന്‍ ആരുടെയും സമ്മതപത്രം വേണ്ടെന്നും രാജേഷ് തന്റേടത്തോടെ മറുപടി പറഞ്ഞു. ഇത് വലിയ ധിക്കാരമായി മാര്‍ക്‌സിസ്റ്റ് മാടമ്പിമാര്‍ വ്യാഖ്യാനിച്ചു. എന്നാല്‍ പിന്നെ ചോദിച്ചിട്ടു തന്നെ കാര്യം എന്ന് ഉറപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നു പറഞ്ഞ് എലത്തൂര്‍ കോട്ടേടത്തു ബസാറിലുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റിന്റെ മുന്നിലേക്ക് രാജേഷിനെ വിളിച്ചു വരുത്തിയത്. മുന്‍കൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് സഖാക്കള്‍ വട്ടം കൂടി വിചാരണ നടത്താനാരംഭിച്ചു. ബസാറില്‍ ആളും കൂടി. പിന്നെ കയ്യേറ്റത്തിലേക്കു കടന്നു. അത് ക്രൂര മര്‍ദ്ദനമായി മാറി. നിരവധിയാളുകള്‍ നോക്കി നില്‍ക്കെ പ്രതിരോധിക്കാനാവത്ത വിധം കൈകള്‍ പിന്നിലേക്ക് പിടിച്ചു വെച്ച് തലങ്ങും വിലങ്ങും ചവിട്ടിയും ഇടിച്ചും തളര്‍ത്തിയിട്ടു. രക്ഷിക്കാനെത്തിയ മുതിര്‍ന്നവരെ ഭയപ്പെടുത്തി പിന്തിരിപ്പിച്ചു. കയ്യറപ്പു തീരുന്നതുവരെ മര്‍ദ്ദനം നടത്തിയവരില്‍ നിന്ന് ഒരു വിധം രക്ഷപ്പെട്ട രാജേഷ് വേച്ചു വേച്ച് തന്റെ ഓട്ടോയില്‍ ചെന്നു കയറി. കരുതലായി സൂക്ഷിച്ചിരുന്ന പെട്രോളെടുത്ത് ദേഹത്തൊഴിച്ച് തീക്കൊളുത്തി….. ഏതാണ്ട് ഒരാഴ്ച ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയനായെങ്കിലും ഗുരുതരമായ പൊള്ളലേറ്റതിനൊപ്പം ക്രൂര മര്‍ദ്ദനത്തില്‍ ആന്തരാവയവങ്ങളൊക്കെ തകര്‍ന്നു പോവുകയും ചെയ്തതിനാല്‍ ജീവന്‍ നിലനിര്‍ത്താനായില്ല. തന്റേടിയും മനുഷ്യസ്‌നേഹിയും ആത്മാഭിമാനിയുമായിരുന്ന ആ രാജ്യസ്‌നേഹി സംഹരിക്കപ്പെട്ടു.
എലത്തൂരിന്റെ രാഷ്ട്രീയ ഭൂമിക
പൊതുവെ ശാന്തശീലരാണ് ഈ പ്രദേശത്തുകാര്‍. ഏതു രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകരും പരസ്പരം സഹകരിച്ചും ബഹുമാനിച്ചും പ്രവര്‍ത്തിച്ചു ജീവിക്കുന്നവര്‍. അവര്‍ക്കിടയില്‍ കാലുഷ്യവും അകല്‍ച്ചയും സൃഷ്ടിച്ചത് മാര്‍ക്‌സിസ്റ്റുകളും മൗദൂദിയന്‍ ദര്‍ശനങ്ങള്‍ പിന്തുടരുന്ന ജിഹാദികളുമാണ്. ഇതര വിശ്വാസപ്രമാണങ്ങള്‍ വെച്ചു പുലര്‍ത്തുന്നവരെ വരുതിക്കു നിര്‍ത്തുകയോ അതിനു പറ്റുന്നില്ലെങ്കില്‍ സംഹരിക്കുകയോ ചെയ്യുക എന്ന ഇക്കൂട്ടരുടെ സഹജമായ ശൈലിക്ക് എലത്തൂരും വേദിയായി. കഠിന പ്രയത്‌നം ഒരുപാട് നടത്താറുണ്ടെങ്കിലും എലത്തൂര്‍ ഉള്‍പ്പെടുന്ന കോര്‍പ്പറേഷന്‍ വാര്‍ഡില്‍ ജയിക്കാന്‍ ഇതുവരെ സി.പി.എമ്മിന് കഴിഞ്ഞിരുന്നില്ല. ചുറ്റുമുള്ള സ്വാധീന കേന്ദ്രങ്ങളില്‍ മറ്റാര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കാന്‍ തയ്യാറാവാത്ത അവര്‍ എലത്തൂര്‍ പിടിക്കാന്‍ എല്ലാ അടവുകളും പയറ്റും. പക്ഷെ വിജയമില്ല. അതേ സമയം തന്നെ ബിജെപി ശക്തമായി വളരുകയും ചെയ്യുന്നു. ഈ സാഹചര്യത്തെ മറികടക്കാന്‍ അവര്‍ സ്വീകരിക്കുന്നത് സംഘര്‍ഷത്തിന്റെ മാര്‍ഗ്ഗമാണ്. അതിലൊന്നായിരുന്നു രണ്ടു വര്‍ഷം മുമ്പ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്തിയ ജന രക്ഷായാത്ര അലങ്കോലമാക്കാന്‍ നടത്തിയ ശ്രമം. യാത്രയ്ക്ക് എലത്തൂരില്‍ സ്വീകരണമൊരുക്കിയിരുന്നു. പരിപാടിയുടെ തലേന്നാള്‍ സി പി എമ്മുകാര്‍ സ്ഥലത്തു സംഘടിച്ചു. വേദിക്കരികില്‍ പ്രകോപനപരമായ വാചകങ്ങള്‍ നിറച്ച ബാനറുകള്‍ ഉയര്‍ത്തി. ചെങ്കൊടി കൊണ്ട് പരിസരമാകെ ചുവപ്പിച്ചു. വലിയൊരു സംഘര്‍ഷമായിരുന്നു ലക്ഷ്യം. എന്നാല്‍ ബി ജെ പി നേതൃത്വം കാട്ടിയ പക്വതയും ദീര്‍ഘവീക്ഷണവും സി.പി.എമ്മിന്റെ ഗൂഢനീക്കം പൊളിച്ചു. പോലീസിനെ ഫലപ്രദമായി ഉപയോഗിച്ച് മാര്‍ക്‌സിസ്റ്റുകാരുടെ കെണി തകര്‍ത്തു. മാത്രവുമല്ല, കുമ്മനത്തെ സ്വീകരിക്കാനും യാത്രയില്‍ അണിനിരക്കാനും സി പി എം അനുഭാവികള്‍ ഉള്‍പ്പെടെ അപ്രതീക്ഷിതമായി വന്‍ ജനാവലി എത്തിച്ചേര്‍ന്നു. ഇതിനെല്ലാം നേതൃത്വം നല്‍കിയവരില്‍ രാജേഷ് മുന്നില്‍ തന്നെയുണ്ടായിരുന്നു. ഈ സംഭവത്തോടെ നാണക്കേടിലായ സിപിഎമ്മുകാര്‍ ഉള്ളില്‍ പക കൊണ്ടു നടക്കാന്‍ തുടങ്ങി.
കുറച്ചു നാള്‍ മുമ്പ് ഈ പ്രദേശത്ത് ബിജെപി പ്രവര്‍ത്തകര്‍ ഒരു ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മിച്ചു. ഒറ്റ ദിവസമേ ആയുസ്സുണ്ടായിരുന്നുള്ളു. തകര്‍ത്തു തരിപ്പണമാക്കിക്കളഞ്ഞു. തൂണിനുപയോഗിച്ച ഇരുമ്പുകമ്പികള്‍ പോലും പിഴുതെടുത്തു കൊണ്ടുപോയി. അത്യന്തം പ്രകോപനപരമായ നടപടിയായിട്ടു പോലും ബി ജെ പി പ്രവര്‍ത്തകര്‍ തികഞ്ഞ സംയമനം പാലിച്ചു. തൊട്ടപ്പുറത്ത് സി പി എംകാരുടെ വകയായുള്ള ബസ് വെയിറ്റിംഗ് ഷെഡിന് ഒരു പോറല്‍ പോലും ഏറ്റില്ല. അവര്‍ പ്രതീക്ഷിച്ചത് മറ്റൊന്നായിരുന്നു. സി പി എം ആഗ്രഹിച്ച തരത്തില്‍ സംഘര്‍ഷം ഉണ്ടായില്ല. മാത്രവുമല്ല, സി പി എം അണികള്‍ ഉള്‍പ്പടെ നാട്ടുകാര്‍ ബി ജെ പി ക്കൊപ്പം നിന്നു. കാലിനടിയില്‍ നിന്ന് മണ്ണൊലിച്ചു പോകുന്നത് തിരിച്ചറിഞ്ഞ സി പി എം നേതൃത്വം നാട്ടുകാരുടെ മേല്‍ ഭീഷണിയും പ്രലോഭനങ്ങളും തരം പോലെ പ്രയോഗിക്കും. ഫലിച്ചില്ലെങ്കില്‍ എന്തെങ്കിലും കാരണമുണ്ടാക്കി പോലീസിനെ ഇടപെടുവിക്കും. വിദ്യാര്‍ത്ഥികെളയും സമാധാന പ്രിയരായ കുടുംബസ്ഥരെയുമാണ് ഇത്തരത്തില്‍ വേട്ടയാടുക. ഇതിനൊന്നും വഴങ്ങാത്തതാണ് രാജേഷിന് വധശിക്ഷ വിധിക്കാന്‍ കാരണം.
വിഷലിപ്തമായ പുതിയ തന്ത്രം
അത്യന്തം ആപല്‍ക്കരമായ മറ്റൊരു പരീക്ഷണം നടത്തുകയാണ് ഇപ്പോള്‍ മാര്‍ക്‌സിസ്റ്റ് നേതൃത്വം. വര്‍ഗീയ വാദികളും തീവ്ര നിലപാടുള്ള ആക്രാമിക സ്വഭാവക്കാരുമായ മുസ്ലിം ചെറുപ്പക്കാരെ ഉപയോഗിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരെ ആക്രമിക്കുക എന്നതാണത്. സംഘപരിവാര്‍ ഫാസിസത്തില്‍ നിന്ന് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ തങ്ങളേയുള്ളൂ എന്ന കൊണ്ടു പിടിച്ച പ്രചാരണം നടത്തിയാണ് അവരിത് സാധിക്കുന്നത്. അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന ഹിന്ദു ഏകീകരണം വഴി നഷ്ടപ്പെടുന്ന വോട്ടുബാങ്ക് നിലനിര്‍ത്താന്‍ മുസ്ലീം വര്‍ഗീയ വാദികളെ ഉപയോഗിക്കുക എന്ന ഹീന രാഷ്ട്രീയ തന്ത്രം കേരളമാകെ പയറ്റാന്‍ പോകുന്നതിന്റെ ടെസ്റ്റ് ഡോസാണ് ഇത്തരം നീക്കങ്ങള്‍. എലത്തൂര്‍ നല്‍കുന്ന പാഠമാണത്. രാജേഷിന്റെ കൊലപാതകത്തിലും കാണാം ഇങ്ങനെയുള്ള ചില അന്തര്‍ധാരകള്‍. ജാഗ്രത പാലിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകും.
മാറാട് കടപ്പുറത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് അരങ്ങേറിയ കൂട്ടക്കൊലയില്‍ സി.പി.എമ്മിനുള്ള പരോക്ഷമായ പങ്ക് പലരും സംശയിച്ചതാണ്. ശരിയാംവണ്ണമുള്ള അന്വേഷണം നടന്നാല്‍ അതു കൂടുതല്‍ വ്യക്തമാകും. രാജേഷിന്റെ കൊലപാതകവും നേരാംവണ്ണം അന്വേഷിക്കാന്‍ പോലീസ് തയ്യാറാവുന്നില്ലെന്നാണ് വിവരം. രാജേഷിന് മര്‍ദ്ദനമേറ്റത് നിസ്സാരമെന്ന നിലയ്ക്കുള്ള പോലീസ് ഭാഷ്യവും മരണം ആത്മഹത്യയാക്കാനുള്ള ഗൂഢനീക്കങ്ങളും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പദ്ധതി വിജയിച്ചാല്‍ കേരളം വലിയ വില നല്‍കേണ്ടി വരും. തികഞ്ഞ ജാഗ്രതയോടെയുള്ള ജനകീയ പ്രതിരോധമാണ് പരിഹാരം.