എത്രനാളായിങ്ങുതന്നെ,
എങ്കിലെന്തയല്‍ക്കാരിയാം
നിന്നെ വന്നൊന്നു കാണുകെ-
ന്നഭീഷ്ടസിദ്ധിയിന്നുതാന്‍.
കാമാക്ഷിയെക്കാണുവാനി
ച്ചെന്തമിഴ് വെയ്‌ലത്തിറങ്ങി,
പൊങ്കലാകും വെയ്‌ലത്തെങ്ങും
കാണ്‍മതെല്ലാം കാമാക്ഷിയും.
കാറിനെപ്പൂവുചൂടിക്കും
കാടൊരുത്തിയില്‍ കാമാക്ഷി.
ആകെയും പുത്തനാക്കുന്ന
പോലൊരുത്തിയില്‍ കാമാക്ഷി.
ചിരിക്കീരക്കുറല്‍ ചാറി
മുച്ചാടു തുടല്‍കെട്ടിയി
പ്രഭാതത്തെയുന്തിത്തള്ളി
വരുന്നോളിലും കാമാക്ഷി.
ഇളംപച്ചത്തുള്ളനേറു-
ന്നിലപ്പീഠം പ്രകാശിപ്പി-
ച്ചരത്തുള്ളിയാമെന്നെയീ
മുഴുത്തുള്ളിയാക്കുന്നതും,
കടല്‍ക്ഷോഭസ്മൃതിക്കാറ്റില്‍
ഉരച്ചിട്ട പൊട്ടിച്ചിരി
മറന്നുപോമുത്സവത്തെ
തിരിച്ചേല്‍പ്പിച്ചിരിപ്പതും,
സെറ്റുസാരി യുടുത്തും കൊണ്ട്
ഗന്ധരാജത്തണ്ടുവഴി-
ത്തുമ്പിലേറിയെഴുന്നള്ളി
ഇഷ്ടഗന്ധം കൊടുപ്പതും,
മോഹവീണച്ചങ്കു പൊട്ടി
വണ്ടുമൂളിപ്പിളര്‍ത്തുന്ന
പുഷ്പമായതും കാമാക്ഷി,
കാണ്‍മതെല്ലാം കാമാക്ഷി.
പത്തുനാല്‍പ്പതു മൈലല്ല,
കണ്ണുചെല്ലുന്ന ദൂരത്താ –
ണിമ്പമുള്ള കാമാക്ഷിയായ്
വീട്ടുപൂച്ചയിരിക്കുന്നു.
‘രത്തിന’ത്തിന്‍ സൈക്കിളിന്മേല്‍
ത്രിപുരസ്സുന്ദരി! അവള്‍
മൂക്കുകുത്തും വെള്ളിമൊട്ടില്‍
കാഞ്ചികാമകോടി ദ്യുതി.
ആറിനെപ്പുണര്‍ന്നിരിക്കും
ഞാറ്റുപാടവും കാമാക്ഷി,
പക്ഷിസൂചിപ്പാച്ചിലിന്റെ
നെയ്ത്തുമാനവും കാമാക്ഷി.
കാല്‍ചിലമ്പെടുത്തോങ്ങിയും
ഈ ശ്രുതിപ്പച്ചപ്പടര്‍പ്പത്ത്
വെള്ളി വീഴ്ത്തുമേങ്ങലായും
നെഞ്ചിലേറുന്നു കാമാക്ഷി.
വണ്ടിയൊന്നു തുള്ളുമ്പോഴോ
വണ്ടി പോലും നീ കാമാക്ഷി.
ഇപ്രകാരം കാഞ്ചി*യോളം
പോയ് വരാനിറങ്ങുമ്പോഴേ
ഇന്ദ്രിയങ്ങളെത്തൊട്ടു, ഭൂ
പ്രകൃതിയെന്ന കാമാക്ഷി..
* കാഞ്ചീപുരം