ഒക്‌ടോബര്‍ 24 ദീപാവലി
ഐതിഹ്യങ്ങളെയും പുരാണകഥകളെയും യുക്തിപരമായി ആചാരാനുഷ്ഠാനങ്ങളോടെ ബന്ധിക്കപ്പെട്ട നിരവധി ആഘോഷങ്ങളിലൂടെയാണ് ഭാരതീയ സംസ്‌കാരം ഉരുത്തിരിഞ്ഞ് വന്നത്. അതുകൊണ്ടുതന്നെ ഓരോ ആഘോഷങ്ങള്‍ക്ക് പിന്നിലും ഒന്നിലധികം കഥകളും ഐതിഹ്യങ്ങളും കണ്ടുവരാറുണ്ട്. അത്തരത്തില്‍ ഭാരതം മുഴുവനും കൊണ്ടാടപ്പെടുന്ന ഒരു ഉത്സവമാണ് ദീപാവലി. ദീപപ്രഭയാല്‍ കാര്‍ത്തികമാസത്തിലെ കറുത്ത വാവിനെ പ്രകാശമാനമാക്കുന്ന സുദിനം. ഇതിനോടു ബന്ധപ്പെടുത്തിയ ഐതിഹ്യങ്ങളും ആദ്യം ഒന്നു പരിശോധിക്കാം. ആദ്യത്തെ കഥ രാമായണവുമായി ബന്ധപ്പെടുത്തിയതാണ്. ശ്രീരാമന്‍ രാവണവധം കഴിഞ്ഞ് അയോദ്ധ്യയില്‍ തിരിച്ചെത്തിയപ്പോള്‍ അയോദ്ധ്യയിലെ ജനാവലി തങ്ങളുടെ പ്രിയരാജാവിനെ ദീപാലങ്കാരത്തോടെ സ്വീകരിക്കുന്നതാണ്. മറ്റൊരു കഥ ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ടതാണ്. പേര് പോലെ തന്നെ നരകത്തിന്റെ മൂര്‍ത്തീഭാവമായ നരകാസുരന്‍ സുന്ദരിമാരായ ആയിരക്കണക്കിന് രാജകുമാരിമാരെയും മറ്റു സ്ത്രീരത്‌നങ്ങളെയും തടവറയിലിട്ട് ധര്‍മ്മവിരുദ്ധമായി ഭരണം നടത്തിയിരുന്ന കാലം. ഭഗവാന്റെ വരാഹാവതാരസമയത്തില്‍ ഭൂമീദേവിയില്‍ തന്റെ വീര്യത്തില്‍ നിന്നും ഉദയംകൊണ്ട ഈ അസുരന്റെ നാശം മാതാപിതാക്കന്മാരുടെ കൈകൊണ്ടേ സാദ്ധ്യമാകുമായിരുന്നുള്ളൂ. ഭൂമീദേവിയുടെ അംശമായ സത്യഭാമയോടുകൂടി ഭഗവാന്‍ ശ്രീകൃഷ്ണന്‍ നരകാസുരന്റെ രാജധാനി ആക്രമിക്കുകയും സത്യഭാമയുടെ സഹായത്തോടെ നരകാസുരനെ വധിച്ചു തടവറയിലെ കന്യാരത്‌നങ്ങളെ മോചിപ്പിച്ച് അശരണരായ അവരെ സ്ഥിരമായി തന്റെ സാമീപ്യത്തിലെത്തിക്കുകയും ചെയ്തു.
നരകാസുരന്റെ തടവറയില്‍ നിന്നും മോചിപ്പിക്കപ്പെട്ട കന്യകമാര്‍ തങ്ങളെ രക്ഷിച്ച ലോകരക്ഷകനായ ഭഗവാനെ ദീപാവലിയോടെ എതിരേറ്റപ്പോള്‍ നിരാലംബരായ അവരെ സ്ഥിരമായി ഏറ്റെടുക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലായിരുന്നു. നരകാസുരന് മോക്ഷം കൊടുത്തതിനേക്കാള്‍ ഭഗവാന്‍ ചെയ്ത മഹത്തായ കാര്യം തടവറയില്‍ കൊടിയ പീഡനങ്ങള്‍ക്കിരയായി മരണം മാത്രം പ്രതീക്ഷിച്ചുകഴിഞ്ഞ 16000 ത്തോളം സ്ത്രീരത്‌നങ്ങളെ സത്യഭാമയുടെ സാന്നിദ്ധ്യത്തില്‍ത്തന്നെ തന്റെ എല്ലാ സൗഭാഗ്യങ്ങള്‍ക്കുമുള്ള അവകാശത്തോടെ ദ്വാരകയിലേക്ക് ആനയിച്ചു എന്നുള്ളതാണ്.
മൂന്നാമത്തെ കഥ പറയുന്നത് ഐശ്വര്യദേവതയായ ലക്ഷ്മീ ദേവി പാലാഴിയില്‍ ഉദയം ചെയ്തതുമായി ബന്ധപ്പെടുത്തിയാണ്. പാലാഴി മഥന സമയത്ത് ഉദയംകൊണ്ട ലക്ഷ്മീദേവി ഭഗവാന്റെ ഹൃദയത്തില്‍ സ്ഥാനം പിടിക്കുകയാണ് ഉണ്ടായത്. ഇതൊക്കെ വെച്ചുനോക്കിയാല്‍ ദീപാവലി വൈഷ്ണവ പ്രധാനമാണെന്ന് കാണാം. ജ്യോതിശ്ശാസ്ത്രപരമായ ഒരു വലിയ മാനവും ദീപാവലിക്കുണ്ട്. ഏതാണ്ട് പകലും രാത്രിയും തുല്യമായി വരുന്നതും സൂര്യന്‍ നേരെ കിഴക്ക് കാണപ്പെടുന്നതും വര്‍ഷത്തില്‍ മേടം 1, തുലാം 1 എന്നീ ദിവസങ്ങളിലാണ്. ഉത്തരായണം മദ്ധ്യം മേടം ഒന്നും ദക്ഷിണായന മദ്ധ്യം തുലാം ഒന്നും ആണ്. ഈ തുലാമാസത്തിലാണ് ദീപാവലി വരുന്നതും. രാശിയുടെ ചിഹ്നങ്ങളില്‍ തുലാം രാശിയുടെ രണ്ടു തട്ടും സമമായി നില്‍ക്കുന്ന തുലാസ് ഈ പ്രപഞ്ചത്തിന്റെ തന്നെ സന്തുലിതാവസ്ഥയുടെ സന്ദേശമാണ് നല്‍കുന്നതെന്ന് കാണാന്‍ കഴിയും. ഇരുട്ടും വെളിച്ചവും തുല്യമായി വരുന്നതുപോലെ മറ്റെല്ലാ വ്യവഹാരികധര്‍മ്മങ്ങളും ഈ സന്തുലിതാവസ്ഥ കൈവരിക്കുമ്പോള്‍ മാത്രമേ സുഖം എന്ന അവസ്ഥ പ്രപഞ്ചത്തില്‍ ഉണ്ടാവൂ. ഈ സങ്കല്പത്തിലാണ് ”തമസോ മാ ജ്യോതിര്‍ഗമയ” എന്ന ഉപനിഷദ് വാക്യം ഹൃദയത്തില്‍ കുടിയിരുത്തി ഇരുട്ടിന്റെ പൂര്‍ണദിനമായ അമാവാസി ദിനത്തില്‍ ദീപങ്ങളുടെ നിര സൃഷ്ടിച്ചുകൊണ്ട് പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും ഭാരതീയര്‍ ഇതിനെ ആഘോഷിച്ചു വരുന്നത്. ദീപാവലി, ശിവരാത്രി തുടങ്ങിയ ദിവസങ്ങളില്‍ പാപനാശത്തിനായിക്കൊണ്ട് പുണ്യനദികളില്‍ സ്‌നാനവും തര്‍പ്പണങ്ങളും ചെയ്തുവരാറുണ്ട്.
പിതൃക്കള്‍ക്ക് പ്രധാനപ്പെട്ട ദിവസമായും ഈ തുലാവാവിനെ കണക്കാക്കിവരാറുണ്ട്. ദക്ഷിണായനത്തിലെ രണ്ട് അമാവാസികളില്‍ വിശ്വാസികള്‍ (കര്‍ക്കിടകവാവ്, തുലാവാവ്) പിതൃക്കള്‍ക്ക് തിലോദകവും പിണ്ഡവും സമര്‍പ്പിച്ച് അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. കോഴിക്കോട് വരക്കല്‍ കടപ്പുറം, തിരുന്നാവായ, തിരുനെല്ലി, ആലുവ മണപ്പുറം തുടങ്ങിയ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഈ ദിവസങ്ങളില്‍ ആയിരങ്ങളാണ് ബലിതര്‍പ്പണത്തിനെത്തുന്നത്. ആദ്യം സൂചിപ്പിച്ചപ്പോലെ ഉത്സവത്തിലേക്ക് വിവിധ അനുഷ്ഠാനങ്ങളുടെ ഒരു സമ്മേളനം നമുക്ക് ഇവിടെ കാണാവുന്നതാണ്. ഇത്തരം ദിവസങ്ങളില്‍ പൊതു അവധി നല്‍കുന്നത് ആത്മീയമായി മനസ്സിനെ പാകപ്പെടുത്തുന്നതിനുതകുന്ന അനുഷ്ഠാനങ്ങള്‍ ശ്രദ്ധയോടെ നിര്‍വ്വഹിക്കാനാണ്. ഇന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ‘അടിച്ചുപൊളി’ യാത്രകള്‍ക്ക് തിരഞ്ഞെടുക്കുന്നത് നവരാത്രി, ദീപാവലി, ശിവരാത്രി തുടങ്ങിയ ഒഴിവുദിനങ്ങള്‍ ആണെന്നത് നമ്മുടെ സംസ്‌കാരച്യുതിയുടെ ഒരു ഭാഗമല്ലെ?
ഓരോ ആഘോഷങ്ങളും സംഘടിപ്പിക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിന്റെയും മാനവസാഹോദര്യത്തിന്റെയും ആരോഗ്യപരിപാലനത്തിന്റെയും കൃത്യമായ സന്ദേശങ്ങളായിരുന്നു ഉണ്ടായിരുന്നത്. ദീപാലങ്കാരം മണ്‍ചിരാതില്‍ എണ്ണയോ, നെയ്യോ ഒഴിച്ച് കത്തിച്ചായിരുന്നു നടത്തിയിരുന്നത്. അന്തരീക്ഷത്തിലുണ്ടാകുന്ന ഒരുപാട് അണുക്കളെ നശിപ്പിക്കാന്‍ ഈ ദീപജ്യോതിസ്സുകള്‍ക്ക് കഴിയുമായിരുന്നു. കയ്യില്‍ എണ്ണയും മറ്റും ആകുന്ന കാര്യം പറഞ്ഞ് ഇത് മെഴുകുതിരിയിലേക്കും വൈദ്യുതദീപങ്ങളിലേക്കും പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു.
ഹൈന്ദവീയമായ ഏത് ആചാരാനുഷ്ഠാനങ്ങള്‍ക്കും സ്ഥൂലവും സൂക്ഷ്മവുമായ രണ്ട് അര്‍ത്ഥതലങ്ങളുണ്ട്. ദീപാവലിക്ക് ദീപങ്ങള്‍ കൊളുത്തുമ്പോഴും അത് പ്രകടമാണ്. നല്ലെണ്ണയോ നെയ്യോ ഉപയോഗിച്ച് ദീപങ്ങള്‍ കത്തിക്കുമ്പോള്‍ അന്തരീക്ഷം ശുദ്ധീകരിക്കപ്പെടുന്നതു പോലെ ഹൃദയത്തിലെ അമാവാസി (അന്ധകാരം) നീങ്ങി പ്രകാശത്തിന്റെ കിരണങ്ങള്‍ ഉദയം ചെയ്യണമെന്ന പ്രാര്‍ത്ഥനാഭാവവും ഉണ്ടായിരിക്കേണ്ടതാണ്: ഇതിന്റെ കൂടെ നടക്കേണ്ട നാമജപവും ഭജനകളും പിന്തിരിപ്പനെന്ന പേരില്‍ പുറം തള്ളപ്പെടേണ്ടതല്ല. പുണ്യദിനങ്ങളെല്ലാം വ്രതങ്ങളായതുകൊണ്ട് ഇത്തരം സന്ദര്‍ഭങ്ങളില്‍ ശരീരത്തിനും മനസ്സിനും സുഖം തരുന്ന സാത്വിക ആഹാര സമ്പ്രദായം നിലനിന്നിരുന്ന സ്ഥാനത്ത് പരിഷ്‌കാരത്തിന്റെ പേരില്‍ രോഗങ്ങളെ മാത്രം പ്രദാനം ചെയ്യാന്‍ കഴിവുള്ള പുത്തന്‍ ഭക്ഷണരീതിയില്‍ ജനങ്ങള്‍ ആകൃഷ്ടരായിരിക്കുന്നു. ഇതിന്റെയൊക്കെ ആത്യന്തിക ഫലം സര്‍വ്വധര്‍മ്മ സമഭാവനയുള്ള ഒരു സംസ്‌കാരത്തിന്റെ സര്‍വ്വനാശമായിരിക്കുമെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. വിവരവും പക്വതയും അനുഭവജ്ഞാനവുമുള്ളവര്‍ കാലത്തിനെയും സാഹചര്യങ്ങളെയും പഴി പറയാതെ ഉറച്ച ആത്മവിശ്വാസത്തോടെ ഇത്തരം സന്ദര്‍ഭങ്ങളില്‍ നല്ല സന്ദേശങ്ങള്‍ പകര്‍ന്നു കൊടുക്കാന്‍ സമയം കണ്ടെത്തിയാല്‍ തീരുന്നതേ ഉള്ളൂ ഇന്നത്തെ പ്രശ്‌നം.
കടകളില്‍ നിന്നും സാധനങ്ങള്‍ കടമായി വാങ്ങിക്കുന്നവര്‍ ദീപാവലിക്ക് അതുവരെയുള്ള കണക്കു തീര്‍ത്ത് പണം അടക്കണം എന്ന വ്യവസ്ഥ അടുത്ത കാലം വരെ കേരളത്തില്‍ നിലനിന്നിരുന്നതായി കാണാം. മഹാലക്ഷ്മിയുമായി ബന്ധപ്പെട്ട ഉത്സവമായതിനാലാവാം ഈ ഒരു സമ്പ്രദായം ഉണ്ടായത്. ഇതില്‍ നിന്നും ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് ദീപാവലിയുമായി ഒരു സാമരസ്യം ഉണ്ടെന്നും മനസ്സിലാക്കാം. അന്വേഷണ കുതുകികള്‍ക്ക് ഈ വിഷയത്തില്‍ കൂടുതല്‍ ചിന്തിക്കാവുന്നതുമാണ്. ഏതായാലും ഭാരതം മുഴുവന്‍ ആഘോഷിക്കുന്ന ദീപാവലി പ്രകാശത്തിന്റെയും ഐശ്വര്യത്തിന്റെയും ഉത്സവമായി മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.