മലയാളികള്‍ പ്രബുദ്ധരാണ് എന്ന് ഇനിയെങ്കിലും നാം പറയാതിരിക്കുക. അല്ലെങ്കില്‍ മലയാളികള്‍ പ്രബുദ്ധരാണ് എന്ന വിശ്വാസമാണ് ഏറ്റവും വലിയ അന്ധവിശ്വാസം എന്ന് നാം അംഗീകരിക്കുക. പ്രബുദ്ധ മലയാളിയുടെ അന്ധവിശ്വാസങ്ങള്‍ ലോകത്തിന്റെ മുന്നില്‍ കേരളീയനെ തലകുനിച്ച് നിര്‍ത്തുമ്പോഴും യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നാം തയ്യാറാകുന്നില്ല എന്നതാണ് ഏറ്റവും പരിതാപകരമായ വസ്തുത. ഇക്കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ ഇലന്തൂരില്‍ നിന്നും പുറത്തുവന്ന വാര്‍ത്തകള്‍ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. മുഹമ്മദ് റാഫി എന്ന റഷീദിന്റെ നേതൃത്വത്തില്‍ നടന്ന അറബി മന്ത്രവാദത്തില്‍ രണ്ട് സ്ത്രീകളെ ബലി കൊടുത്ത് അവരുടെ ശരീരം കഷണങ്ങളാക്കി കുഴിച്ച് മൂടിയെന്ന വാര്‍ത്ത മലയാളിയുടെ പ്രബുദ്ധനാട്യത്തിനു മേല്‍ ഏറ്റ അവസാന പ്രഹരമാണ് എന്നു പറയാം.
പണമുണ്ടാക്കാന്‍ വേണ്ടി എന്ത് നീചകൃത്യത്തിനും തയ്യാറാകുന്ന ഒരു സമൂഹമായി കേരളീയര്‍ അധ:പതിച്ചു തുടങ്ങിയിരിക്കുന്നു എന്ന നിഗമനത്തിലെത്താന്‍ ഇലന്തൂര്‍ സംഭവം നിമിത്തമായിരിക്കുകയാണ്. പ്രബുദ്ധതയുടെയും പുരോഗമനവാദത്തിന്റെയും കുത്തക അവകാശപ്പെടുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനും നിലവില്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും കര്‍ഷക സംഘം നേതാവുമായ ഭഗവല്‍ സിങ്ങ് തന്റെ കടബാധ്യതകള്‍ മാറി ഐശ്വര്യസമൃദ്ധമായ ഭാവി ഉണ്ടാകാന്‍ ഭാര്യ ലൈലയുമായി ചേര്‍ന്ന് അറബി മന്ത്രവാദി റഷീദിന്റെ സഹായത്തോടെ രണ്ട് സ്ത്രീകളെ ബലി കൊടുക്കുകയും മന്ത്രവാദിയുടെ നിര്‍ദ്ദേശമനുസരിച്ച് ബലി നല്‍കപ്പെട്ട സ്ത്രീകളുടെ മാംസം പാകം ചെയ്ത് കഴിക്കുകയും ചെയ്തിരിക്കുകയാണ്. കേരളത്തില്‍ മുമ്പെങ്ങും കേട്ടുകേള്‍വി ഇല്ലാത്ത ഇത്തരം ഭീകര സംഭവം അരങ്ങേറിയിരിക്കുന്നത് നവോത്ഥാന വനിതാ മതില്‍ കെട്ടി പുരോഗമനം പ്രസംഗിച്ച വിജയന്‍ മുഖ്യമന്ത്രി നാടുവാഴുന്ന കാലത്താണ് എന്നതാണ് ഏറ്റവും വിചിത്രം. എളുപ്പ വഴിയില്‍ പണമുണ്ടാക്കാനുള്ള ഏത് കറക്കു കമ്പനി കാട്ടിയാലും അതില്‍ മലയാളി ഈയാംപാറ്റയെ പോലെ ചാടി വീഴുമെന്നതാണ് ഇന്നത്തെ സ്ഥിതി. ആട്, തേക്ക്, മാഞ്ചിയം ഫാമുകളില്‍ പണം നിക്ഷേപിച്ച് വഞ്ചിതരായ ആയിരക്കണക്കിന് മലയാളികള്‍ പിന്നീട് വ്യാജ പുരാവസ്തു വ്യാപാരികള്‍ക്കു പണം കൊടുത്ത് വഞ്ചിതരാകുന്ന തിരക്കിലായിരുന്നു. ലോകത്ത് ഏത് പുതിയ തട്ടിപ്പ് തന്ത്രങ്ങള്‍ രൂപപ്പെട്ടാലും അതൊക്കെ പരീക്ഷിച്ച് വിജയിപ്പിക്കാവുന്ന ഒരു സമൂഹമായി കേരളം രൂപാന്തരപ്പെട്ടിരിക്കുന്നു. കമ്യൂണിസ്റ്റ് കളകേറി കാടുപിടിച്ച മണ്ണില്‍ വിളവെടുത്ത് ജീവിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ മലയാളി 1970കള്‍ മുതല്‍ ഗള്‍ഫ് മരുഭൂമിയില്‍ ഭാവി തേടി അലയുവാന്‍ തുടങ്ങി. പച്ചപിടിച്ചവര്‍ പൊങ്ങച്ച സഞ്ചികളുമായി മടങ്ങി വന്നപ്പോള്‍ മലയാളി യുവാക്കള്‍ കടല്‍ കടക്കുവാന്‍ മത്സരിച്ചു തുടങ്ങി. ഇന്ന് ഗള്‍ഫ് വസന്തം അവസാനിച്ച് ആയിരങ്ങള്‍ മടങ്ങി വന്നു തുടങ്ങിയിരിക്കുന്നു. തങ്ങളെ നാടുകടത്തിയ കമ്യൂണിസം ഇന്നും അധികാര വാഴ്ച നടത്തുന്ന കേരള നാട്ടില്‍ തൊഴില്‍ രഹിതരുടെ എണ്ണം പ്രതിദിനം പെരുകുന്നത് നിസ്സഹായരായി നോക്കി നില്‍ക്കേണ്ട അവസ്ഥയിലാണ് മടങ്ങി വന്ന പ്രവാസികള്‍. അസ്വസ്ഥവും, അരക്ഷിതവുമായ ഒരു സാമൂഹ്യക്രമം രൂപപ്പെടുമ്പോള്‍ അവിടെ അന്ധവിശ്വാസവും ദുരാചാരങ്ങളും കടന്നുകുടിയിരിക്കുക സ്വാഭാവികമാണ്.
വിശ്വാസവും അന്ധവിശ്വാസവും തമ്മില്‍ പ്രത്യക്ഷത്തില്‍ നേരിയ വ്യത്യാസമേ ഉള്ളുവെങ്കിലും അവ തമ്മില്‍ പ്രയോഗ തലത്തില്‍ ധ്രുവാന്തരമുണ്ട് എന്നതാണ് വസ്തുത. ജീവിക്കുവാന്‍ മനുഷ്യന്‍ ഈശ്വരവിശ്വാസിയാകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ആത്മവിശ്വാസമാണ് ഏറ്റവും നല്ല വിശ്വാസം എന്നു പ്രഖ്യാപിച്ച സ്വാമി വിവേകാനന്ദന്റെ നാടാണിത്. പക്ഷെ സാധാരണക്കാരന്റെ പ്രശ്‌ന സങ്കീര്‍ണ്ണമായ ജീവിതത്തില്‍ അവന് മാനസികമായ സമാശ്വാസം നല്‍കാന്‍ പലപ്പോഴും ഈശ്വരവിശ്വാസത്തിന് കഴിയാറുണ്ട്. എന്നാല്‍ ഈ വിശ്വാസം വ്യക്തിക്കോ സമൂഹത്തിനോ കഷ്ട നഷ്ടങ്ങളോ ഹാനിയോ ഉണ്ടാക്കാത്തിടത്തോളം കാലമെ അതിനെ പിന്‍തുണയ്ക്കാന്‍ കഴിയൂ. ദൈവ വിശ്വാസത്തിനിടയില്‍ പൗരോഹിത്യം ഇടനിലക്കാരനായതോടെയാണ് വിശ്വാസം ചൂഷണത്തിനുള്ള ഉപാധി ആയിത്തുടങ്ങിയതും ആചാരങ്ങള്‍ അനാചാരങ്ങളും ദുരാചാരങ്ങളും പ്രാകൃതാചാരങ്ങളും ആയി രൂപാന്തരപ്പെട്ടതും. ലോകത്തെല്ലാ സമൂഹങ്ങളിലും ഇത്തരം രൂപാന്തരങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സദാചാരങ്ങള്‍ ദുരാചാരങ്ങളായി രൂപാന്തരപ്പെട്ടപ്പോഴൊക്കെ നവോത്ഥാന നായകന്മാര്‍ സാമൂഹ്യ പരിഷ്‌കരണത്തിനായി മുന്നിട്ടിറങ്ങുകയും ആചാരവിമലീകരണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. കേരളംഅത്തരം നവോത്ഥാന നായകന്മാരുടെ ഒരു പരമ്പര തന്നെ സംഭവിച്ച മണ്ണാണ്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും മൃഗബലിയുമൊക്കെ ആയി കഴിഞ്ഞ കേരള സമൂഹത്തെ നവീകരിക്കാന്‍ വന്ന ശ്രീനാരായണ ഗുരുവിന്റെ സ്വാധീനം ഏറെക്കാലം ഈ മണ്ണിനെ നേര്‍വഴി നയിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ മതങ്ങളില്‍ ഏറ്റവും യാഥാസ്ഥിതിക ശാഠ്യങ്ങളുള്ള കമ്യൂണിസത്തിന്റെ പിടിയില്‍ പെട്ട കേരളം ഇന്ന് വീണ്ടും പ്രാകൃത ഗോത്ര സമൂഹങ്ങളുടെ ദുരാചാരങ്ങളിലേക്ക് മടങ്ങിപ്പോകുന്ന പ്രവണത കാട്ടിത്തുടങ്ങിയിരിക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമായി വേണം പത്തനംതിട്ട ഇലന്തൂരില്‍ നടന്ന നരബലിയെ കാണാന്‍. കേരളീയന്റെ മാനസികാരോഗ്യത്തിന് എന്തു സംഭവിച്ചു എന്ന് സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ അടിയന്തിരമായി പഠനം നടത്തേണ്ടിയിരിക്കുന്നു.
ദുര്‍മൂര്‍ത്തികളെ വലിച്ചെറിഞ്ഞ് സാത്വിക മൂര്‍ത്തികളെ പ്രതിഷ്ഠിച്ച് കാലോചിതമായി ആചാരപരിഷ്‌ക്കരണം നടത്തിയ ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും തൈക്കാട് അയ്യാവിന്റെയും അയ്യാ വൈകുണ്ഠന്റെയും അയ്യന്‍കാളിയുടെയും മന്നത്ത് പന്മനാഭന്റെയും നവോത്ഥാന മൂല്യങ്ങളില്‍ കേരളത്തെ ഉറപ്പിച്ച് നിര്‍ത്തിയില്ലെങ്കില്‍ അറബി മാന്ത്രികക്കാരന്റെ നരബലിയും രോഗശാന്തിക്കാരന്റെ അലറി വിളികളും പ്രേത പൂജയും കൂടോത്രവുമായി മലയാളി പിന്നോട്ട് നടന്ന് ഗോത്ര സമൂഹത്തിന്റെ പ്രാകൃത ഗുഹാ ജീവിതത്തില്‍ സ്വയമൊടുങ്ങുന്ന കാലം അനതിവിദൂര ഭാവിയില്‍ സംഭവിക്കും. മതം നോക്കിയും ജാതി നോക്കിയും കമ്യൂണിസ്റ്റ് മാന്ത്രികര്‍ കെട്ടുന്ന നവോത്ഥാന മതില്‍ കൊണ്ട് തടയാവുന്നതല്ല കേരളത്തെ കാത്തിരിക്കുന്ന ദുരന്തമെന്ന് മാത്രം സൂചിപ്പിക്കട്ടെ.