നാഗ്പൂരില്‍ നടന്ന ആര്‍എസ്എസ് വിജയദശമി മഹോത്സവത്തില്‍ സര്‍സംഘചാലക്
ഡോ.മോഹന്‍ ഭാഗവത് നടത്തിയ പ്രഭാഷണം.
ശക്തിയെ പൂജിക്കുന്ന മഹോത്സവമാണിത്. ശക്തി ശാന്തിയുടെയും ആധാരമാണ്. ശുഭകാര്യങ്ങള്‍ ചെയ്യണമെങ്കിലും ശക്തി ആവശ്യമാണ്. സാധനയിലൂടെ ശക്തി ആര്‍ജ്ജിക്കണം. കാരണം സാധന മുക്തിയുടെ കവാടമാണ്. ഈ പരിപാടിയില്‍ മുഖ്യാതിഥിയായ, ഗൗരീശങ്കരമുടികള്‍ രണ്ട് തവണ കീഴടക്കിയ ആദരണീയ പദ്മശ്രീ സന്തോഷ് യാദവ് സ്ത്രീമുന്നേറ്റത്തിന്റെയും ശക്തിയുടെയും അടയാളമാണ്. സംഘപരിപാടികളില്‍ ബഹുമാന്യരായ നിരവധി അമ്മമാരും സഹോദരിമാരും ക്ഷണം സ്വീകരിച്ച് അധ്യക്ഷപദവികള്‍ വഹിച്ചിട്ടുണ്ട്. ഡോക്ടര്‍ജിയുടെ കാലം മുതലുണ്ട്. അനസൂയാബായി കേലെ അക്കാലത്താണ് നമ്മുടെ പരിപാടിയില്‍ മുഖ്യാതിഥിയായത്. ഭാരതീയ മഹിളാ പരിഷത്തിന്റെ അന്നത്തെ അധ്യക്ഷ രാജ്കുമാരി അമൃത് കൗര്‍ ഇവിടെ ശിബിരത്തില്‍ മുഖ്യാതിഥിയായി എത്തി. അടിയന്തരാവസ്ഥയ്ക്ക് ശേഷം അകോലയില്‍ നടന്ന സംഘ ഉത്സവത്തില്‍ മുക്തായ് രഹ്നാകര്‍ പങ്കെടുത്തു. ആ സമയത്ത് ഞാന്‍ അവിടെ പ്രചാരകനായിരുന്നു.
ദേശീയ പുനരുത്ഥാനത്തിന് സ്ത്രീപുരുഷ സമത്വം അനിവാര്യമാണ്. ഭാരതീയപാരമ്പര്യം ഉദ്‌ഘോഷിക്കുന്നത് സ്ത്രീപുരുഷ ശക്തിയുടെ പരസ്പരപൂരകത്വമാണ്. വ്യക്തിനിര്‍മ്മാണത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘവും രാഷ്ട്രസേവികാസമിതിയും ഒരേ ദിശയില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ മേഖലയിലും ഒരുമിച്ചുള്ള മുന്നേറ്റം അനിവാര്യമാണ്. അടുക്കളയില്‍ പരിമിതപ്പെടേണ്ടുന്ന രണ്ടാം തരം പൗരത്വമല്ല സ്ത്രീയുടേത്. അത് മാതൃശക്തിയാണ്. ആ മഹത്തായ പാരമ്പര്യം മറക്കുകയും മാതൃശക്തിക്ക് പരിമിതികള്‍ കല്പിക്കുകയും ചെയ്ത കാലമുണ്ടായി. അടിക്കടിയുണ്ടായ കടന്നാക്രമണങ്ങള്‍ അത്തരം തെറ്റായ വഴക്കങ്ങള്‍ക്ക് സാധുത നല്‍കുകയും ക്രമേണ അത് ശീലമാവുകയും ചെയ്തു. 2017ല്‍ വിവിധസംഘടനകളിലെ വനിതാപ്രവര്‍ത്തകര്‍ നടത്തിയ സര്‍വേ വനിതകളുടെ പുരോഗതിയിലും ശാക്തീകരണത്തിലും തുല്യപങ്കാളിത്തത്തിലും അടിവരയിടുന്നതാണ്. ഈ കണ്ടെത്തലുകള്‍ വ്യാപകമായി സ്വീകരിക്കപ്പെടണമെങ്കില്‍ അതിനായി പ്രവര്‍ത്തിക്കണം. ആദ്യം കുടുംബങ്ങളില്‍, പിന്നെ സംഘടിതമായ സാമാജിക ജീവിതത്തില്‍…
രാജ്യത്തെ സാധാരണക്കാരടക്കമുള്ളവര്‍ ദേശീയപുനുരുജ്ജീവനത്തിന്റെ അനുഭൂതിയിലാണ്. സ്വാശ്രയത്വത്തിലേക്കുള്ള പാതയിലാണ് ഭാരതം. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ നമുക്ക് പ്രാധാന്യവും സ്വാധീനവും വര്‍ധിച്ചു. കൊവിഡ് കാലത്തെ വെല്ലുവിളികളെ മറികടന്ന് സാമ്പത്തികരംഗത്ത് നാം പഴയ ഉണര്‍വ് നേടിയിരിക്കുന്നു. കര്‍ത്തവ്യപഥ് ഉദ്ഘാടനവേളയില്‍ പ്രധാനമന്ത്രി സാമ്പത്തിക സാങ്കേതിക സാംസ്‌കാരിക അടിത്തറയില്‍ അധിഷ്ഠിതമായ ആധുനിക ഇന്ത്യയുടെ ഭാവിയെക്കുറിച്ച് വിവരിച്ചു. ഈ ദിശയില്‍ വാക്കിലും പ്രവൃത്തിയിലും ഓരോ പൗരനും ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ട്. സര്‍ക്കാരും രാഷ്ട്രീയ നേതാക്കളും അവരുടെ കടമകള്‍ നിര്‍വഹിക്കുമ്പോള്‍, സമാജവും അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കണം.
ദേശീയ പുനരുജ്ജീവനത്തിന് എല്ലാ തടസ്സങ്ങളെയും മറികടക്കേണ്ടതുണ്ട്. യാഥാസ്ഥിതിക മനോഭാവം പാടേ ഒഴിവാക്കണം. ഭൂതകാലത്തിന്റെ കാലഹരണപ്പെട്ട സമ്പ്രദായങ്ങളെ ഉപേക്ഷിക്കണം. പാരമ്പര്യവും സമകാലികയാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ യോജിപ്പിന്റെ അന്തരീക്ഷം ഉണ്ടാവണം. സ്വത്വം, സംസ്‌കാരം, ജീവിതമൂല്യങ്ങള്‍ എന്നിവയില്‍ മുറുകെപ്പിടിച്ച് വര്‍ത്തമാനകാലത്തോട് സമന്വയിക്കുന്ന പുതിയ വഴക്കങ്ങള്‍ ഉണ്ടാകണം. അതേസമയം ശാശ്വതമായ നമ്മുടെ ജീവിതാചരണപദ്ധതികളെ നിലനിര്‍ത്തുന്നതില്‍ ജാഗ്രത പുലര്‍ത്തണം. മറ്റൊരു തടസ്സം രാഷ്ട്രത്തിന്റെ ഐക്യത്തിന് എതിരായ ശക്തികളാണ്. വ്യാജപ്രചരണങ്ങള്‍ നടത്തുകയും ക്രിമിനല്‍പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും അശാന്തിയും ഭീകരതയും വളര്‍ത്തുകയുമാണ് അവര്‍ ചെയ്യുന്നത്. അവരുടെ കുതന്ത്രങ്ങളില്‍ കുടുങ്ങാതെ നിര്‍ഭയം അവരെ നേരിടണം. ഭാഷയോ മതമോ പ്രദേശമോ അതിന് തടസ്സമാകരുത്. അത്തരം ശക്തികളെ ഇല്ലാതാക്കാനുള്ള ഭരണകൂടങ്ങളുടെ പരിശ്രമങ്ങള്‍ക്ക് സമാജത്തിന്റെ എല്ലാ സഹായവും ഉണ്ടാകുമ്പോഴാണ് സമഗ്രമായ സുരക്ഷിതത്വവും ഐക്യവും സാധ്യമാവുക.
സാമൂഹിക ഉണര്‍വിലൂടെയല്ലാതെ ഒരു മാറ്റവും സുസ്ഥിരവും വിജയകരവുമാകില്ല. സുദീര്‍ഘവും മഹത്തുമായ എല്ലാ പരിവര്‍ത്തനങ്ങള്‍ക്കും മുമ്പ് സാമാജിക ഉണര്‍വ് ഉണ്ടായിട്ടുണ്ട് എന്നത് ലോകത്തിന്റെ അനുഭവമാണ്. വ്യവസ്ഥാപിതവും ഭരണപരവുമായ മാറ്റങ്ങള്‍ സമാജിക ഉണര്‍വിന് പിന്നാലെ ഉണ്ടാകുന്നതാണ്. ദേശീയവിദ്യാഭ്യാസനയം ഊന്നുന്നത് പഠനം മാതൃഭാഷയിലാകണം എന്നതിലാണ്. സര്‍ക്കാര്‍ മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുമ്പോള്‍ സമാജം അതിന് തയ്യാറാണോ എന്ന ചോദ്യം ശ്രദ്ധേയമാണ്. ഓരോരുത്തരും തങ്ങളുടെ കുട്ടികള്‍ക്ക് മാതൃഭാഷയില്‍ വിദ്യാഭ്യാസം വേണം എന്ന് തീരുമാനിക്കുമോ? നമ്മുടെ വീട്ടുപേരുകള്‍ പതിച്ചിരിക്കുന്ന ഫലകം, നമ്മുടെ ഒപ്പ് ഇതൊക്കെ മാതൃഭാഷയിലാണോ? ക്ഷണക്കത്തുകള്‍ നമ്മുടെ ഭാഷയിലാണോ? പുതിയ വിദ്യാഭ്യാസനയം വിദ്യാര്‍ത്ഥികളെ സംസ്‌കാരമുള്ളവരും രാജ്യസ്‌നേഹികളുമായി വളരാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ മൊത്തത്തിലുള്ള ഈ ലക്ഷ്യത്തെക്കുറിച്ച് രക്ഷിതാക്കള്‍ ബോധമുള്ളവരാണോ? സംസ്‌കാരത്തെ നിലനിര്‍ത്തുന്നതില്‍ രക്ഷാകര്‍ത്താക്കള്‍ക്കും സമാജത്തിനും മാധ്യമങ്ങള്‍ക്കും ഉത്സവത്തിനുമൊക്കെ പങ്കുണ്ട്. അല്ലാതെ വന്നാല്‍ അത് സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ മാത്രം ഒതുങ്ങിപ്പോകും.
വൈവിധ്യമാര്‍ന്ന ചികിത്സാരീതികള്‍ സംയോജിപ്പിക്കുന്ന ഒരു ആരോഗ്യ സംരക്ഷണ സംവിധാനം സര്‍ക്കാര്‍ വികസിപ്പിക്കണം. വ്യക്തി ശുചിത്വവും സാമൂഹിക ക്ഷേമവും ലക്ഷ്യമിട്ട് യോഗയും വ്യായാമങ്ങളും തുടരണം. മാതൃകകള്‍ നിരവധിയുണ്ടെങ്കിലും അവയെയൊന്നും പരിഗണിക്കാതെ ആളുകള്‍ സ്വന്തം ശീലങ്ങളില്‍ മുറുകെപ്പിടിച്ചാല്‍ ആരോഗ്യപൂര്‍ണസമാജം എങ്ങനെ സാധ്യമാകും?
നമ്മുടെ ഭരണഘടന രാഷ്ട്രീയവും സാമ്പത്തികവുമായ സമത്വമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍ സാമൂഹിക സമത്വമില്ലാതെ, യഥാര്‍ത്ഥവും സുസ്ഥിരവുമായ പരിവര്‍ത്തനം സാധ്യമല്ല. ഡോ. ബാബാസാഹേബ് അംബേദ്കര്‍ ഈ ദിശയില്‍ നമുക്ക് ഉപദേശങ്ങള്‍ നല്‍കി. ഈ ലക്ഷ്യം കൈവരിക്കുന്നതിന് നിയമങ്ങള്‍ ഉണ്ടാക്കി. എന്നാല്‍ അസമത്വത്തിന്റെ മൂലകാരണം നമ്മുടെ മനസ്സിലും സാമൂഹിക വ്യവസ്ഥയിലും പെരുമാറ്റത്തിലുമാണ്. ക്ഷേത്രങ്ങളും ജലസ്രോതസ്സുകളും ശ്മശാനങ്ങളും എല്ലാ ഹിന്ദുക്കള്‍ക്കും തുറന്നുകൊടുക്കുന്നില്ലെങ്കില്‍, വ്യക്തികള്‍ തമ്മിലും കുടുംബങ്ങള്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലുമുള്ള ചങ്ങാത്തം എല്ലാ തലങ്ങളിലും നടക്കുന്നതുവരെ സമത്വത്തെക്കുറിച്ചുള്ള സംസാരം കിനാവ് മാത്രമാകും.
ഭരണസംവിധാനങ്ങളിലൂടെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ നമ്മുടെ സാമൂഹിക ലക്ഷ്യത്തിലും പെരുമാറ്റത്തിലും പ്രതിഫലിക്കുകയാണെങ്കില്‍ അവ ശക്തിപ്പെടുകയും സ്ഥിരത കൈവരിക്കുകയും ചെയ്യും. ഇത് സംഭവിച്ചില്ലെങ്കില്‍ പരിവര്‍ത്തന പ്രക്രിയ തടസ്സപ്പെടുകയും ഫലം നേടാതിരിക്കുകയും ചെയ്യും. അതുകൊണ്ട് മനസ്സുകളെ ബോധവല്‍ക്കരിക്കുന്നത് അനിവാര്യമായ ഒരു മുന്നുപാധിയാണ്. ചൂഷണമില്ലാത്തതും നമ്മുടെ പാരമ്പര്യത്തില്‍ അധിഷ്ഠിതവുമായ വികസനം കൈവരിക്കാന്‍ ചൂഷണം ചെയ്യാനുള്ള പ്രവണത സമൂഹത്തില്‍ ഇല്ലാതാക്കേണ്ടതുണ്ട്.
ഭാരതം പോലെ ജനസാന്ദ്രതയുള്ള ഒരു രാജ്യത്തില്‍, സാമ്പത്തിക വികസന നയരൂപീകരണം തൊഴിലധിഷ്ഠിതമാകണമെന്നത് സ്വാഭാവികമായ പ്രതീക്ഷയാണ്. എന്നാല്‍ തൊഴില്‍ എന്നത് ജോലി മാത്രമല്ല. ഒരു തൊഴിലും നിസ്സാരമല്ല. കൊവിഡ് കാലത്ത് സംഘടിതശക്തിയിലൂടെ സമാജം സ്വയം ഉയര്‍ന്ന് പല തൊഴില്‍ സംരംഭങ്ങള്‍ക്കും തുടക്കം കുറിച്ചു. മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സമാജത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ഒത്തുചേര്‍ന്നു. ഇത്തരത്തില്‍ സ്വദേശി ജാഗരണ്‍ മഞ്ചുമായി ചേര്‍ന്ന് 275 ജില്ലകളില്‍ തൊഴില്‍ സംരംഭങ്ങള്‍ ഉണ്ടായി. ഇതൊരു തുടക്കമാണ്.
ദേശീയ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമാജത്തിന്റെ പങ്കാളിത്തത്തിന് ഊന്നല്‍ നല്‍കുന്നത്, ഭരണകൂടത്തിന്റെ ഉത്തരവാദിത്തത്തെ കുറച്ചുകാണാനല്ല, മറിച്ച് ദേശീയ ഉന്നമനത്തിനായുള്ള സാമൂഹിക പങ്കാളിത്തത്തിന് ഊന്നല്‍ നല്‍കാനും ആ ദിശയില്‍ നയം ഉണ്ടാക്കാനുമാണ്. രാജ്യത്ത് ജനസംഖ്യാവര്‍ധനയുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ജനസംഖ്യയ്ക്ക് ആനുപാതികമായ വിഭവങ്ങള്‍ ആവശ്യമാണ്, ഇല്ലെങ്കില്‍ അതൊരു താങ്ങാനാവാത്ത ഭാരമായി മാറും. അതിനാല്‍, ജനസംഖ്യാ നിയന്ത്രണം എന്ന കാഴ്ചപ്പാടോടെ, പദ്ധതികള്‍ തയ്യാറാക്കുന്നു. എന്നാല്‍ ജനസംഖ്യയെ ആസ്തിയായി കണക്കാക്കുന്ന മറ്റൊരു തലമുണ്ട്. ഇന്ന് നമ്മള്‍ ഏറ്റവും പ്രായം കുറഞ്ഞ രാജ്യമാണ്. 50 വര്‍ഷം കഴിഞ്ഞാല്‍, ഇന്നത്തെ യുവാക്കള്‍ ഭാവിയിലെ മുതിര്‍ന്ന പൗരന്മാരായിരിക്കും, അപ്പോള്‍ അവരെ പരിരക്ഷിക്കാന്‍ നമ്മുടെ യുവജനസംഖ്യ എത്രയായിരിക്കണം? പ്രയത്‌നത്താല്‍, ആളുകള്‍ ഒരു രാജ്യത്തെ മഹത്തരമാക്കുന്നു, അവര്‍ അവരുടെ കുടുംബത്തെയും സമാജത്തെയും മുന്നോട്ട് കൊണ്ടുപോകുന്നു. ദേശീയ അസ്മിതയ്ക്കും സുരക്ഷയ്ക്കും വേണ്ടി ഒരു ജനതയെ സൃഷ്ടിക്കുക, സംരക്ഷിക്കുക എന്നത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. എന്നാല്‍ കുട്ടികളുടെ എണ്ണം അമ്മയുടെ, കുടുംബത്തിന്റെ എല്ലാ തലത്തിലുമുള്ള ആരോഗ്യത്തെയും താല്‍പ്പര്യത്തെയും ആശ്രയിക്കുന്ന കാര്യവുമാണ്. ജനസംഖ്യ നമ്മുടെ ചുറ്റുപാടിനെയും പരിസ്ഥിതിയെയും ബാധിക്കുന്ന വിഷയമാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് ജനസംഖ്യാനയം രൂപീകരിക്കണം. അതിനായി ബോധവല്‍ക്കരണ പരിപാടികള്‍ അനിവാര്യമാണ്. 2000ല്‍ വിവിധ ചര്‍ച്ചകള്‍ക്ക് ശേഷം സര്‍ക്കാര്‍ ഒരു ജനസംഖ്യാനയം കൊണ്ടുവന്നു. ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ്(ടിഎഫ്ആര്‍) 2.1 നേടുകയായിരുന്നു ലക്ഷ്യം. ഈ വര്‍ഷം ഓരോ അഞ്ച് വര്‍ഷത്തിലും പുറത്തുവരുന്ന എന്‍എഫ്എച്ച് എസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമൂഹിക അവബോധവും ക്രിയാത്മകമായ സഹകരണ ശ്രമങ്ങളും മൂലം ടിഎഫ്ആര്‍ 2.1 മുതല്‍ 2.0 വരെയായി.
അള്‍ട്രാ ന്യൂക്ലിയര്‍ കുടുംബങ്ങള്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും സര്‍വതോന്മുഖമായ വികസനത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നു, കുടുംബങ്ങളില്‍ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നു, സാമൂഹിക പിരിമുറുക്കം, ഏകാന്തത തുടങ്ങിയ പരീക്ഷണ സമയങ്ങളെ അവതരിപ്പിക്കുന്നു. ജനസംഖ്യാ അസന്തുലിതാവസ്ഥ എന്ന വലിയ പ്രാധാന്യമുള്ള മറ്റൊരു ചോദ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. 75 വര്‍ഷം മുമ്പ് നമ്മുടെ നാട്ടില്‍ ഇത് അനുഭവപ്പെട്ടിരുന്നു. 21-ാം നൂറ്റാണ്ടില്‍, നിലവില്‍ വന്ന മൂന്ന് പുതിയ രാജ്യങ്ങള്‍, കിഴക്കന്‍ ടിമോര്‍, ദക്ഷിണ സുഡാന്‍, കൊസോവോ എന്നിവ ഇന്തോനേഷ്യ, സുഡാന്‍, സെര്‍ബിയ എന്നീ ചില പ്രദേശങ്ങളിലെ ജനസംഖ്യാ അസന്തുലിതാവസ്ഥയുടെ ഫലമാണ്. ജനസംഖ്യാ അസന്തുലിതാവസ്ഥ ഭൂമിശാസ്ത്രപരമായ അതിരുകളെത്തന്നെ മാറ്റും. ജനനനിരക്കിലെ വ്യത്യാസങ്ങള്‍ക്കൊപ്പം, ബലപ്രയോഗത്തിലൂടെയും നുഴഞ്ഞുകയറ്റത്തിലൂടെയും വരുന്ന മാറ്റങ്ങളും വലിയ കാരണങ്ങളാണ്. ഈ ഘടകങ്ങളെല്ലാം ചര്‍ച്ച ചെയ്യണം. ജനസംഖ്യാ നിയന്ത്രണവും മതാടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ സന്തുലിതാവസ്ഥയും ഇനി അവഗണിക്കാനാവാത്ത വിഷയമാണ്.
ദേശീയ താല്‍പ്പര്യത്തിനോ ദുര്‍ബല വിഭാഗങ്ങളുടെ താല്‍പ്പര്യത്തിനോ വേണ്ടി, സ്വാര്‍ത്ഥത്തെ ത്യജിക്കുന്നതില്‍ സമൂഹത്തിന് അഭിമാനം തോന്നണം. എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം എന്നതാണ് ഭാരതത്തിന്റെ പാഠം. വ്യത്യസ്ത വിശ്വാസ സമ്പ്രദായങ്ങള്‍ നമ്മെ ഭിന്നിപ്പിക്കുന്നില്ല. സത്യം, അനുകമ്പ, ഹൃദയ വിശുദ്ധി, തപസ്സ് എന്നിവയാണ് എല്ലാ വിശ്വാസങ്ങളെയും സഹയാത്രികരാക്കുന്ന നാല് തത്വങ്ങള്‍. അത് എല്ലാവരെയും സംരക്ഷിക്കുന്നു. വൈവിധ്യത്തെ നിലനിര്‍ത്തിക്കൊണ്ട് ഒരുമിച്ചു നിര്‍ത്തു ന്നു. ഇതിനെയാണ് ധര്‍മ്മം എന്ന് വിളിക്കുന്നത്.
ദേശീയ ജീവിതത്തിന്റെ ശാശ്വതമായ ഈ ഒഴുക്ക് പുരാതന കാലം മുതല്‍ ഇതേ ലക്ഷ്യത്തോടെയും ഇതേ രീതിയിലും തുടരുന്നു. കാലത്തിനും സാഹചര്യത്തിനും അനുസരിച്ച്, രൂപവും വഴിയും ശൈലിയും മാറി. പക്ഷേ അടിസ്ഥാനവും ലക്ഷ്യവും അതേപടി തുടരുന്നു. ധീരന്മാരായ എണ്ണമറ്റ പൂര്‍വികരുടെ അപാരമായ ധൈര്യവും ആത്മത്യാഗവും, കഠിനാധ്വാനവും ജ്ഞാനികളുടെ തപസ്സും ഈ നൈരന്തര്യത്തിന് കാരണമാണ്. അവര്‍ ഭാരതീയര്‍ക്കെല്ലാം പൂര്‍വികരാണ്. നമ്മുടെ ഏകീകൃത അസ്തിത്വത്തിന്റെ അടിക്കല്ലുകളാണ്.
ഭൂമിശാസ്ത്രം, ഭാഷ, മതം, ജീവിതശൈലി, സാമൂഹിക രാഷ്ട്രീയ വ്യവസ്ഥകളിലെ വൈവിധ്യങ്ങള്‍ എന്നിവ കണക്കിലെടുക്കാതെ, ഒരു സമൂഹം, സംസ്‌കാരം, രാഷ്ട്രം എന്ന നിലയില്‍ നമ്മള്‍ ഇവിടെ കഴിയുന്നു. എല്ലാ വൈവിധ്യങ്ങള്‍ക്കും സ്വീകാര്യതയും ആദരവും സുരക്ഷിതത്വവുമുണ്ട്. സങ്കുചിതത്വവും മതമൗലികവാദവും ആക്രാമികതയും അഹന്തയുമല്ലാതെ മറ്റൊന്നും ആരും ഉപേക്ഷിക്കേണ്ടതില്ല. സത്യം, അനുകമ്പ, ശാരീരികവും ആന്തരികവുമായ പരിശുദ്ധി, ഈ മൂന്നിന്റെയും സമര്‍പ്പിതഭാവമല്ലാതെ മറ്റൊന്നും നിര്‍ബന്ധമല്ല. ഭാരതത്തോടുള്ള ഭക്തി, പൂര്‍വ്വികരുടെ ആദര്‍ശങ്ങള്‍, രാജ്യത്തിന്റെ മഹത്തായ സംസ്‌കാരം ഈ മൂന്ന് തൂണുകളാണ് സ്‌നേഹത്തോടെയും വാത്സല്യത്തോടെയും ഒരുമിച്ച് സഞ്ചരിക്കേണ്ട നമ്മുടെ പാതയെ പ്രകാശിപ്പിക്കുന്നതും സുഗമമാക്കുന്നതും. ഇതാണ് നമ്മുടെ സ്വത്വവും രാഷ്ട്ര ധര്‍മ്മവും.
ആര്‍എസ്എസ് ഈ ലക്ഷ്യത്തോടെ സമാജത്തെ സംഘടിപ്പിക്കുന്നു. സംഘടിക്കാന്‍ ആഹ്വാനം ചെയ്യുന്നു. ജനങ്ങള്‍ ഇത് സ്വീകരിക്കാന്‍ തയ്യാറാണെന്നതാണ് ഇന്ന് സംഘത്തിന്റെ അനുഭവം. സംഘത്തിനെതിരായ കുപ്രചരണങ്ങള്‍ക്ക് സ്വാധീനം നഷ്ടപ്പെട്ടിരിക്കുന്നു. ലോകം കേള്‍ക്കണമെങ്കില്‍ സത്യത്തിനും ശക്തി ആവശ്യമാണ്. സംഘം ശക്തിശാലിയാണ്. ഈ ലോകത്ത് ദുഷ്ടശക്തികളുണ്ട്, അവരില്‍ നിന്ന് തന്നെയും മറ്റുള്ളവരെയും രക്ഷിക്കാന്‍, സത്ശക്തികള്‍ക്ക് സംഘടിത ശക്തി ആവശ്യമാണ്. സംഘത്തിന്റെ പ്രവര്‍ത്തനം ഈ ദിശയിലാണ്. ആരെയും എതിര്‍ക്കാതെ, എല്ലാവരെയും സംഘം സംഘടിപ്പിക്കുന്നു. ഹിന്ദു ധര്‍മ്മം, സംസ്‌കൃതി, സമാജം, ഹിന്ദുരാഷ്ട്രത്തിന്റെ സര്‍വതോന്മുഖമായ വികസനം എന്നിവയുടെ സംരക്ഷണത്തിനായി സംഘടിപ്പിക്കുന്നു.
ആരെയും ഭയപ്പെടുത്താനുള്ള ശക്തിയല്ല. ഭയപ്പെടുത്തുകയോ ഭയപ്പെടുകയോ ചെയ്യുന്നത് ഹിന്ദുസമാജത്തിന്റെ സ്വഭാവമല്ലെന്നതിന് ചരിത്രം സാക്ഷിയാണ്. ഇത്തരത്തിലുള്ള ഒരു സംഘടിത ഹിന്ദു സമാജം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇത് ആര്‍ക്കും വിരുദ്ധമല്ല. സാഹോദര്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സമാധാനത്തിന്റെയും പക്ഷത്ത് നില്‍ക്കാനുള്ള ഉരുക്ക് പോലുള്ള ദൃഢനിശ്ചയം സംഘത്തിനുണ്ട്.
ന്യൂനപക്ഷമെന്ന് വിളിക്കപ്പെടുന്നവരുടെ ഇടയില്‍ നിന്ന്, ബഹുമാന്യരായ ചിലര്‍ സംഘത്തിന്റെ ചുമതലപ്പെട്ടവരുമായി സംസാരിക്കുന്നു. ഇത്തരം സംഭാഷണങ്ങള്‍ ഇനിയും ഉണ്ടാകും. ഓരോരുത്തരുടെയും തനിമ നിലനിര്‍ ത്തിക്കൊണ്ട്, പരസ്പരം സ്‌നേഹത്തോടെയും ബഹുമാനത്തോടെയും സമാധാനത്തോടെയും ജീവിക്കുകയും നമ്മുടെ രാജ്യത്തിനായി നിസ്വാര്‍ത്ഥ സേവനത്തില്‍ മുഴുകുകയും വേണം. ആനന്ദത്തിലും ദുഃഖത്തിലും നാം കൂട്ടാളികളാകണം, ഭാരതത്തെ മനസ്സിലാക്കുകയും ബഹുമാനിക്കുകയും വേണം, നാം ഭാരതത്തിന്റേതായിരിക്കണം. ഇതാണ് ദേശീയ അഖണ്ഡതയുടെയും ഐക്യത്തിന്റെയും സംഘ ദര്‍ശനം. ഇതില്‍ സംഘത്തിന് മറ്റൊരു പ്രേരണയോ നിക്ഷിപ്ത താല്‍പ്പര്യമോ ഇല്ല.
അടുത്തിടെ ഉദയ്പൂരിലും മറ്റ് ചില സ്ഥലങ്ങളിലും അത്യന്തം ഭയാനകമായ സംഭവങ്ങള്‍ ഉണ്ടായി. സമൂഹത്തെ അത് ഞെട്ടിച്ചു. സങ്കടവും അമര്‍ഷവും ഉണ്ടായി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം. ഒരു സമുദായത്തെ മുഴുവന്‍ ഈ സംഭവങ്ങളുടെ മൂലകാരണമായി കണക്കാക്കാനാവില്ല. ഉദയ്പൂര്‍ സംഭവത്തിന് ശേഷം, മുസ്ലീം സമൂഹത്തിനുള്ളില്‍ നിന്ന്, സംഭവത്തിനെതിരെ ചില പ്രമുഖര്‍ പ്രതിഷേധിച്ചു. ഈ പ്രതിഷേധം മുസ്ലീം സമൂഹത്തിനുള്ളിലെ ഒറ്റപ്പെട്ട പ്രതിഭാസമാകരുത്.
എത്ര ആഴത്തിലുള്ള പ്രകോപനത്തോടുമുള്ള പ്രതിഷേധങ്ങള്‍ നിയമങ്ങളുടെയും ഭരണഘടനയുടെയും അതിരുകള്‍ക്കുള്ളില്‍ ആയിരിക്കണം. വാക്കിലും പ്രവൃത്തിയിലും പാരസ്പര്യ ബോധത്തോടെയും വിവേകത്തോടെയും പെരുമാറണം. ‘ഞങ്ങള്‍ക്ക് വ്യത്യസ്തതയുണ്ട്, അതുകൊണ്ട് ഞങ്ങള്‍ വേറെയാണ്, ഈ രാജ്യത്തോടൊപ്പമോ അതിന്റെ ജീവിതരീതിയോ ആശയങ്ങളോ അതിന്റെ സ്വത്വമോ ആയിരിക്കാന്‍ കഴിയില്ല;’ തുടങ്ങിയ അബദ്ധമായ വേറിടല്‍ ഭാവം മൂലം സഹോദരര്‍ വേര്‍പിരിഞ്ഞു, പ്രദേശം നഷ്ടപ്പെട്ടു, ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ടു – വിഭജനത്തിന്റെ വിഷലിപ്തമായ അനുഭവത്തില്‍ ആരും സന്തുഷ്ടരായിരുന്നില്ല. നമ്മള്‍ ഭാരതത്തില്‍ നിന്നുള്ളവരാണ്, ഒരേ പൂര്‍വ്വികരില്‍ നിന്നും ശാശ്വത സംസ്‌കാരത്തില്‍ നിന്നും വന്നവരാണ്, നമ്മള്‍ ഒന്നാണ്, ഇത് മാത്രമാണ് സമാജമെന്ന നിലയില്‍ ഏകതാരകമന്ത്രം.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ദേശീയ പുനരുത്ഥാനത്തിന്റെ തുടക്കകാലത്ത് സ്വാമി വിവേകാനന്ദന്‍ ഭാരത മാതാവിനായി സ്വയം സമര്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തു. 1947 ആഗസ്ത് 15-ന് ഒന്നാം സ്വാതന്ത്ര്യദിനത്തില്‍, തന്റെ പിറന്നാള്‍ ദിനത്തില്‍, മഹര്‍ഷി അരവിന്ദന്‍ ഭാരതീയര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ തന്റെ അഞ്ച് സ്വപ്‌നങ്ങള്‍ വിവരിച്ചു. ഒന്ന്, ഭാരതത്തിന്റെ സ്വാതന്ത്ര്യവും ഐക്യദാര്‍ഢ്യവും. ഒരു ഭരണഘടനാ പ്രക്രിയയിലൂടെ നാട്ടുരാജ്യങ്ങളുടെ സംയോജനം അദ്ദേഹത്തിന് സന്തോഷകരമായിരുന്നു. എന്നാലും, ഐക്യവും പുരോഗതിയും സമാധാനവും കൈവരിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന ശാശ്വതമായ ഒരു രാഷ്ട്രീയ വിഭജനം സൃഷ്ടിക്കപ്പെട്ടുവെന്നതില്‍ അദ്ദേഹം ആശങ്കാകുലനായിരുന്നു. ഭാരതത്തിന്റെ വിഭജനം അസാധുവാകണമെന്നും അഖണ്ഡഭാരതമായിത്തീരണമെന്നുമുള്ള സ്വപ്‌നം അദ്ദേഹം പങ്കുവച്ചു.
ഏഷ്യന്‍ രാജ്യങ്ങളുടെ വിമോചനം, ലോകത്തിന്റെയാകെ ഐക്യം, ലോകത്തിന് നല്‍കാനുള്ള ഭാരതത്തിന്റെ ആത്മീയ ജ്ഞാനത്തിന്റെ സമ്മാനം, അതിമാനവനിലേക്കുള്ള മനുഷ്യന്റെ പരിണാമം …. ഈ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ അഖണ്ഡമായ ഭാരതത്തിന് വലിയ ദൗത്യം നിര്‍വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ലക്ഷ്യത്തിലെത്താന്‍ ശ്രേഷ്ഠമായ ത്യാഗം ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
രാഷ്ട്രസേവനമല്ലാതെ മറ്റൊന്നും ഭാരതത്തിനായി നമുക്ക് ചെയ്യാനില്ല. നീ പഠിക്കുകയാണെങ്കില്‍ അവള്‍ക്കുവേണ്ടി പഠിക്കുക; അവളുടെ സേവനത്തിനായി നിങ്ങളെത്തന്നെ, ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും പരിശീലിപ്പിക്കുക. അവള്‍ക്കുവേണ്ടി ജീവിക്കാനായി നിങ്ങള്‍ ഉപജീവനമാര്‍ഗം കണ്ടെത്തുക. അവള്‍ വളരാന്‍, അഭിവൃദ്ധി പ്രാപിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുക. അവള്‍ സന്തോഷിക്കാന്‍വേണ്ടി സഹിക്കുക. ഈ സന്ദേശം അന്നത്തെപ്പോലെ ഇന്നും പ്രസക്തമാണ്.
ഗാവ് ഗാവ് മേം സജ്ജന് ശക്തി.
രോമ് രോമ് മേം ഭാരത ഭക്തി.
യഹി വിജയ് കാ മഹാമന്ത്‌ര് ഹേ
ദസോം ദിശാ സേ കരേം പ്രയാണ്
ജയ ജയ മേരേ ദേശ് മഹാന്‍..
ഭാരത് മാതാ കി ജയ്