തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരിക്കൊണ്ട സമയത്ത് രാഷ്ട്രീയ നേതാക്കള്‍ അവരുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനുമനുസരിച്ച് പ്രസംഗങ്ങള്‍ നടത്താന്‍ തുടങ്ങി. അത്തരം ഒരു പ്രസംഗത്തില്‍ ഒരു നേതാവ് പ്രഖ്യാപിച്ചത് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഗാന്ധിജിക്കും ഗോഡ്‌സെക്കും ഇടയിലാണെന്നാണ്. ഗാന്ധിജിയെ ആരാധിക്കുന്ന നിരവധി പേര്‍ ഇത്തരം പ്രസംഗങ്ങള്‍ ശ്രദ്ധിച്ചെങ്കിലും ഗോഡ്‌സെയെ കുറിച്ച് അവര്‍ എന്തെങ്കിലും പറയുകയുണ്ടായില്ല. സംഘത്തിലും ഗാന്ധിജിയെക്കുറിച്ച് പല ചര്‍ച്ചകളും നടക്കാറുണ്ടെങ്കിലും ഒരിക്കലും ഗോഡ്‌സെയുടെ പേര് ആരും പരാമര്‍ശിക്കാറില്ല. മഹാത്മജിയുടെ ജീവിതത്തിനും സന്ദേശത്തിനും എതിരെ, അസത്യത്തിന്റെയും ഹിംസയുടെയും മാര്‍ഗത്തിലൂടെ ചരിക്കുന്നവര്‍ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുന്നത് തികഞ്ഞ വൈരുദ്ധ്യമാണ്.
സംഘവുമായി ബന്ധപ്പെട്ട മറ്റു പല വിഷയങ്ങളിലും ചെയ്യുന്നതുപോലെ, സംഘവും ഗാന്ധിജിയുമായുള്ള ബന്ധത്തിന്റെ കാര്യം വരുമ്പോഴും ആളുകള്‍ യഥാര്‍ത്ഥ വസ്തുതകള്‍ പരിശോധിക്കാതെ പലപ്പോഴും നിഗമനങ്ങളില്‍ എത്തുന്നു. പണ്ഡിതന്മാരായി അറിയപ്പെടുന്ന ആളുകള്‍ പോലും വിഷയത്തെ സമഗ്രരൂപത്തില്‍ സമീപിക്കാന്‍ ശ്രമിക്കാതെ അവരുടെ വ്യാഖ്യാനം എഴുതുന്നു. അവരുടെ പല പഠനങ്ങളും സോദ്ദേശ്യവും ഒരു പ്രത്യേക കാഴ്ചപ്പാടിലൂടെ എഴുതപ്പെടുന്നതുമാണ്. ‘സത്യ’വുമായി ഇവരുടെ ചിന്തകള്‍ക്ക് യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
രേഖകള്‍ ആധികാരികമാക്കുന്നതിന് മഹാത്മാ ഗാന്ധിക്ക് സംഘവുമായി ഉണ്ടായിരുന്ന ബന്ധത്തെകുറിച്ച് ലഭ്യമായ സാമഗ്രികള്‍ ശ്രദ്ധയോടെ പരിശോധിക്കേണ്ടതുണ്ട്. മുസ്ലീം സമൂഹത്തിലെ തീവ്രവാദ, ജിഹാദി ഘടകങ്ങള്‍ക്കുമുന്നില്‍ കീഴടങ്ങുന്ന ഗാന്ധിജിയുടെ സമീപനത്തോട് വിയോജിപ്പ് ഉണ്ടായിരുന്നുവെങ്കിലും ചര്‍ക്കയിലൂടെയും സത്യഗ്രഹംപോലെ എളുപ്പം സ്വീകരിക്കാവുന്ന ഉപാധികളിലൂടെയും ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിനുള്ള ബഹുജന പിന്തുണയെ വിപുലീകരിക്കാന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങളെ സംഘം എന്നും ആദരിക്കുകയും അദ്ദേഹത്തിന്റെ മഹത്വമായി ഇതിനെ കണക്കാക്കുകയും ചെയ്തിരുന്നു.
ഗ്രാമസ്വരാജ്, സ്വദേശി, ഗോസംരക്ഷണം, അയിത്തോച്ചാടനം തുടങ്ങിയ ക്രിയാത്മക പരിപാടികള്‍ക്ക് ഗാന്ധിജി നല്‍കിയ ഊന്നല്‍ മനസ്സിലാക്കുന്ന ഒരാള്‍ക്ക് സനാതനമായ ഹിന്ദുചിന്തകളോട് അദ്ദേഹത്തിനുള്ള മമതയും സ്ഥിരോത്സാഹവും നിഷേധിക്കാനാവാത്തതാണ്. മൂല്യാധിഷ്ഠിതമായ അദ്ദേഹത്തിന്റെ ജീവിതം നമ്മുടെ രാജ്യത്തെ യുവാക്കള്‍ക്ക് ദേശസേവനത്തിനുവേണ്ടി അവരുടെ ജീവിതം സമര്‍പ്പിക്കാന്‍ പ്രേരണ നല്‍കുന്നതാണ്.
1921-ലെ നിസ്സഹകരണപ്രസ്ഥാനത്തിലും 1930-ലെ നിയമ നിഷേധ പ്രസ്ഥാനത്തിലും സജീവമായി പങ്കെടുത്ത ഒരാളായിരുന്നു സംഘസ്ഥാപകനായ ഡോ: ഹെഡ്‌ഗേവാര്‍. ഈ പങ്കാളിത്തത്തിന് രണ്ടുതവണ 1921 ആഗസ്റ്റ് 19 മുതല്‍ 1922 ജൂലൈ 12 വരെയും 1930 ജൂലൈ 21 മുതല്‍ 1931 ഫെബ്രുവരി 14 വരെയും അദ്ദേഹത്തിന് കഠിനതടവ് അനുഭവിക്കേണ്ടിവന്നു.
1922 മാര്‍ച്ച് 18ന് മഹാത്മാഗാന്ധിയെ 6 വര്‍ഷത്തെ തടവിനു ശിക്ഷിച്ചപ്പോള്‍ എല്ലാ മാസവും 18-ാം തിയതി ഗാന്ധി ദിനമായി ആഘോഷിക്കാന്‍ തുടങ്ങി. ഗാന്ധിജി ജയിലിലായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ചില സ്വയം പ്രഖ്യാപിത അനുയായികള്‍ ദേശസ്‌നേഹത്തിന്റെ പേരില്‍ സ്വാര്‍ത്ഥ താല്പര്യങ്ങളില്‍ മുഴുകുകയായിരുന്നു. 1922 ഒക്‌ടോബറിലെ ഗാന്ധിദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഡോക്ടര്‍ജി ഈ കാപട്യത്തെ ഇങ്ങനെ തുറന്നു കാണിക്കുകയുണ്ടായി. ”ഇന്ന് ഒരു പുണ്യദിവസമാണ്. മഹാത്മജിയെ പോലുള്ള ഒരു പുണ്യാത്മാവിന്റെ ജീവിതം ശ്രദ്ധിക്കാനും അതില്‍ നിന്ന് മൂല്യങ്ങളും ഗുണങ്ങളും ഉള്‍ക്കൊള്ളാനുമുള്ള ദിവസമാണിത്. അദ്ദേഹത്തിന്റെ അനുയായികളാണെന്ന് അഭിമാനിക്കുന്നവര്‍ക്ക് ഈ ഗുണങ്ങള്‍ പിന്തുടരുന്നതിനുള്ള അധികചുമതലയുണ്ട്.”
1934ല്‍ വാര്‍ദ്ധയിലെ ജമന്‍ലാല്‍ ബജാജിന്റെ വീട്ടില്‍ താമസിക്കുമ്പോള്‍ അതിന്റെ തൊട്ടടുത്ത് നടന്ന സംഘത്തിന്റെ ശീതകാല ശിബിരത്തില്‍ അദ്ദേഹം പങ്കെടുക്കുകയും സ്വയംസേവകരുമായി സംഭാഷണംനടത്തുകയും ചെയ്തിരുന്നു. സംഭാഷണത്തിനിടയില്‍ ശിബിരത്തില്‍ പട്ടികജാതിയില്‍പെട്ട സ്വയംസേവകരും ഉണ്ടെന്നും എല്ലാവരും ഒന്നിച്ച് സാഹോദര്യത്തോടെ താമസിക്കുന്നുവെന്നും അറിഞ്ഞ് ഗാന്ധിജി സന്തോഷിച്ചു. സ്വാതന്ത്ര്യാനന്തരം ഗാന്ധിജി ദില്ലിയില്‍ അക്കാലത്ത് ഭംഗികോളനി എന്നു വിളിക്കപ്പെട്ട തൂപ്പുകാരുടെ കോളനിയില്‍ താമസിക്കുമ്പോള്‍ അദ്ദേഹത്തിന്റെ താമസസ്ഥലത്തിനുമുന്നിലായി ഒരു പ്രഭാതശാഖ നടക്കുന്നുണ്ടായിരുന്നു. ഗാന്ധിജിയുടെ ആഗ്രഹപ്രകാരം സെപ്തംബറില്‍ അഞ്ഞൂറിലധികം സ്വയംസേവകര്‍ പങ്കെടുത്ത ഒരു സാംഘിക് നടത്തുകയും അദ്ദേഹം സ്വയംസേവകരോട് സംസാരിക്കുകയും ചെയ്തു.
ഈ വാക്കുകളോടു കൂടിയാണ് ഗാന്ധിജി പ്രസംഗം തുടങ്ങിയത്. ”വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാര്‍ദ്ധയില്‍ വെച്ച് ഞാന്‍ ഒരു ആര്‍.എസ്.എസ് ശിബിരം സന്ദര്‍ശിച്ചിരുന്നു.
സംഘസ്ഥാപകനായ ഡോ:ഹെഡ്‌ഗേവാര്‍ ജീവിച്ചിരിക്കുന്ന സമയമായിരുന്നു അത്. പരേതനായ ജമന്‍ലാല്‍ ബജാജ് എന്നെ ശിബിരത്തിലേയ്ക്കു കൊണ്ടുപോകുകയും അവരുടെ തികഞ്ഞ അച്ചടക്കം, അയിത്തത്തിന്റെ പൂര്‍ണ്ണമായ അഭാവം, ലാളിത്യം എന്നിവ എന്നെ ആകര്‍ഷിക്കുകയും ചെയ്തു. പിന്നീട് സംഘം വളര്‍ന്നു. സേവനത്തില്‍നിന്നും സ്വയം സമര്‍പ്പണത്തില്‍നിന്നും പ്രേരണ ഉള്‍ക്കൊള്ളുന്ന ഏതൊരു സംഘടനയും ശക്തിശാലിയായി വളരുമെന്ന് ഞാനെന്നും വിശ്വസിച്ചിട്ടുണ്ട്.(കലക്റ്റ്ഡ് വര്‍ക്‌സ് ഓഫ് മഹാത്മാഗാന്ധി, വാല്യം 89, പേജ് 193-194ല്‍ പ്രസിദ്ധീകരിച്ചത്)
1948 ജനുവരി 30ന് ഗാന്ധിവധത്തെക്കുറിച്ചുള്ള വാര്‍ത്ത ലഭിച്ചപ്പോള്‍ ആര്‍.എസ്.എസ് സര്‍സംഘചാലകനായ ശ്രീ ഗുരുജി ദേവദാസ് ഗാന്ധിക്കും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനും വല്ലഭ്ഭായി പട്ടേലിനും അനുശോചനം അറിയിച്ചുകൊണ്ടുള്ള കമ്പിസന്ദേശം അയച്ചു. അതില്‍ ഗുരുജി ഇങ്ങനെ എഴുതി. ”ക്രൂരവും പ്രാണഘാതകവുമായ ആക്രമണത്തിന്റെ ഫലമായുള്ള മഹാത്മാവിന്റെ ദു:ഖകരമായ ഹത്യ എന്നില്‍ വലിയ ആഘാതമുണ്ടാക്കി. വൈഷമ്യം നിറഞ്ഞ ഈ പരിതസ്ഥിതിയില്‍, ഇത് രാജ്യത്തിന് അപരിമിതമായ ഹാനിയുണ്ടാക്കിയിരിക്കുന്നു. അതുല്യനായ സംഘാടകന്റെ തിരോധാനത്തിലൂടെയുണ്ടായ ശൂന്യത നികത്താനും നമ്മുടെ ചുമലുകളില്‍ വന്നുപതിച്ച ഗുരുതരമായ ഭാരം വഹിക്കാനുമുള്ള പ്രാപ്തി ഭഗവാന്‍ പ്രദാനം ചെയ്യട്ടെ.”
മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി 13 ദിവസത്തേക്ക് എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവക്കാന്‍ മുഴുവന്‍ സ്വയംസേവകര്‍ക്കും നിര്‍ദ്ദേശം നല്‍കിയശേഷം പരിപാടികള്‍ ഉടനെ പൂര്‍ത്തിയാക്കി ഗുരുജി നാഗ്പൂരിലേക്കു മടങ്ങി. ജനുവരി 31-ന് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അദ്ദേഹം ഇങ്ങനെ ഒരു കത്തെഴുതി. ”ചിന്താശൂന്യനും വഴിപിഴച്ചവനുമായ ഒരുവ്യക്തിയുടെ വെടിയുണ്ടകൊണ്ട് പൂജ്യനായ മഹാത്മാവിന്റെ ജീവിതം പെട്ടെന്ന് ക്രൂരമായി അവസാനിച്ച ഞെട്ടിക്കുന്ന വാര്‍ത്ത ഇന്നലെ മദിരാശിയില്‍ വെച്ചാണ് ഞാനറിഞ്ഞത്. ലോകത്തിനു മുന്നില്‍ നമ്മുടെ സമൂഹത്തിനേറ്റ കനത്ത ആഘാതമാണ് വഴിപിഴച്ച ഈ നടപടി.” (മുഴുവന്‍ കത്തിടപാടുകളും ശ്രീ ഗുരുജി സാഹിത്യസര്‍വ്വസ്വത്തില്‍ കാണാം)
മഹാത്മാഗാന്ധിയുടെ ജന്മശതാബ്ദി ആഘോഷസമയത്ത് അദ്ദേഹത്തിന്റെ ഒരു പ്രതിമ സാംഗ്‌ളിയില്‍ ശ്രീ ഗുരുജി അനാച്ഛാദനം ചെയ്തു. അന്ന് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ”പ്രാധാന്യമുള്ളതും പാവനവുമായ ഒരു സന്ദര്‍ഭത്തിലാണ് നാം ഇവിടെ സമ്മേളിച്ചിരിക്കുന്നത്. 100 വര്‍ഷം മുമ്പ് ഈ ദിനത്തില്‍ സൗരാഷ്ട്രയില്‍ ഒരു കുഞ്ഞ് ജനിച്ചു.അന്ന് വെറെയും അനേകം കുഞ്ഞുങ്ങള്‍ ജനിച്ചിട്ടുണ്ടെങ്കിലും നാം അവരുടെ ജന്മശതാബ്ദി ആഘോഷിക്കുന്നില്ല. ഏതൊരു സാധാരണക്കാരനെയും പോലെയാണ് ഗാന്ധിജി ജനിച്ചതെങ്കിലും സ്വന്തം ചേതനയിലെ സ്‌നേഹത്തിന്റെയും പുണ്യപ്രവൃത്തികളുടെയും ഫലമായി അദ്ദേഹം മഹാത്മാവെന്ന പദവി നേടി. അദ്ദേഹത്തെ മാതൃകയാക്കി നമ്മളും നമ്മുടെ ജീവിതം വാര്‍ത്തെടുക്കണം. നമുക്ക് എത്രത്തോളം സാധിക്കുമോ അത്രത്തോളം നാം അദ്ദേഹത്തിന്റെ ജീവിതത്തെ പിന്തുടരാന്‍ ശ്രമിക്കണം.”
അദ്ദേഹം തുടര്‍ന്നു പറഞ്ഞു:”മണ്ണിനെ സ്വര്‍ണ്ണമാക്കിയ വ്യക്തിയാണ് മഹാത്മാഗാന്ധി. സാധാരണക്കാരില്‍ അദ്ദേഹം അസാധാരണത്വം കൊണ്ടുവന്നു. ബ്രിട്ടീഷുകാര്‍ രാജ്യംവിട്ടു പോകേണ്ടിവന്നതിനുള്ള കാരണം ഇതാണ്.”
മഹാത്മജി പറയാറുണ്ടായിരുന്നു. ”ഞാനൊരു ഉറച്ച ഹിന്ദുവാണ്. അതുകൊണ്ട് മനുഷ്യരെ മാത്രമല്ല, എല്ലാ ജീവിതാവിഷ്‌കാരങ്ങളെയും ഞാന്‍ സ്‌നേഹിക്കുന്നു.” അദ്ദേഹത്തിന്റെ ജീവിതത്തിലും രാഷ്ട്രീയത്തിലും സത്യത്തിനും അഹിംസക്കും പ്രാധാന്യം ലഭിക്കാനും ഇതേ ഹിന്ദുത്വമാണ് കാരണം.
‘ഹിന്ദുത്വത്തിന്റെ ഭാവി’ എന്ന ലേഖനത്തില്‍ ഗാന്ധിജി ഇങ്ങനെ പറയുന്നു: ‘അവസാനമില്ലാത്തതും നിരന്തരമായി വളരുന്നതും സത്യാന്വേഷണത്തിനുള്ള ഒരു മാര്‍ഗ്ഗവുമാണ് ഹിന്ദുത്വം. ഈ പരീക്ഷിക്കപ്പെട്ട ധര്‍മ്മം മുന്നോട്ടു പോകുന്നതിന് ഇന്ന് വേണ്ടത്ര പ്രേരണ നല്‍കുന്നില്ല. ഈ തളര്‍ച്ച മാറിയാല്‍ ഹിന്ദുധര്‍മ്മത്തിന്റെ മുമ്പൊരിക്കലും ഉണ്ടാകാത്ത ഒരു വന്‍ മുന്നേറ്റം സാദ്ധ്യമാകും. മുഴുവന്‍ ലോകത്തിലും അതിന്റെ സ്വന്തം പ്രകാശത്താല്‍ തിളങ്ങാന്‍ കഴിയുന്നതരത്തിലുള്ള അത്രയും ബൃഹത്തായിരിക്കും ആ വളര്‍ച്ച.” മഹാത്മജിയുടെ ഈ പ്രവചനം സഫലമാക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്.
രാജ്യത്തിന് രാഷ്ടീയമായ സ്വാതന്ത്ര്യവും സാമ്പത്തികമായ സ്വാതന്ത്ര്യവും വേണം. അതുപോലെ മതപരമായ സ്വാതന്ത്ര്യവും വേണം. ആരും ആരെയും ബഹുമാനിക്കാതിരിക്കരുത്. വിവിധ മതങ്ങളിലും വിഭാഗങ്ങളിലുമുള്ളവര്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ കഴിയണം. വൈദേശികാശയങ്ങളുടെ പിടിയില്‍നിന്നുള്ള സ്വാതന്ത്ര്യവും വേണം. ഇതാണ് ഗാന്ധിജി നല്‍കിയ പാഠം. ഞാന്‍ നിരവധി തവണ ഗാന്ധിജിയെ കണ്ടിട്ടുണ്ട.് അദ്ദേഹവുമായി സംഭാഷണങ്ങളും നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിന്തകള്‍ പഠിച്ചശേഷമാണ് ഞാനിത് പറയുന്നത്. അതുകൊണ്ട് എന്റെ ബോധത്തിന്റെ അനുഭവതലങ്ങളില്‍ എനിക്ക് ഗാന്ധിജിയോട് അങ്ങേയറ്റത്തെ ആദരവുണ്ട്.
ഗാന്ധിജിയുമായുള്ള എന്റെ അവസാനത്തെ കൂടിക്കാഴ്ച 1947ലായിരുന്നു. ആ സമയത്ത് ദില്ലിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. പാരമ്പര്യമായി അഹിംസാവാദികളായിരുന്ന ആളുകള്‍പോലും ക്രൂരരും വഞ്ചകരും ഹൃദയശൂന്യരുമായിമാറിയിരുന്നു. സമാധാനം പുന:സ്ഥാപിക്കാന്‍ അതേ സ്ഥലത്ത് ഞാനും ആസമയത്ത് ഉണ്ടായിരുന്നു.
മഹാത്മജി എന്നോട് പറഞ്ഞു ‘നോക്കൂ, എന്താണ് സംഭവിക്കുന്നത്?’ ഞാന്‍ പറഞ്ഞു, ‘ഇത് നമ്മുടെ ദൗര്‍ഭാഗ്യമാണ്. ഞങ്ങള്‍ പോയാല്‍ നിങ്ങള്‍ പരസ്പരം കഴുത്തറക്കുമെന്ന് ബ്രിട്ടീഷുകാര്‍ പറയാറുണ്ടായിരുന്നു. ഇന്ന് അതുതന്നെയാണ് സംഭവിക്കുന്നത്. മുഴുവന്‍ ലോകത്തിലും ഇത് നമുക്ക് മാനഹാനി ഉണ്ടാക്കുകയാണ.് ഇത് അവസാനിപ്പിക്കണം.” അന്നത്തെ സായാഹ്ന പ്രാര്‍ത്ഥനയില്‍ അഭിമാനത്തോടെ ഗാന്ധിജി എന്റെ പേര് പറയുകയും എന്റെ ചിന്തകള്‍ അവതരിപ്പിക്കുകയും ചെയ്തു. മഹാത്മാവ് എന്റെ പേര് പറഞ്ഞു എന്നത് എന്റെ വലിയ ഭാഗ്യമാണ്. ഈ സവിശേഷ സന്ദര്‍ഭത്തില്‍ നാം ഗാന്ധിജിയെ അനുകരിക്കണമെന്നാണ് ഞാന്‍ ആവര്‍ത്തിച്ചു പറയുന്നത്.
മഹാത്മജിയുടെ ചിന്തകളെ നടപ്പാക്കണമെങ്കില്‍ നമുക്ക് അത്തരം പാഠങ്ങള്‍ പകര്‍ന്നുതരുന്ന മഹത്തായ ഹിന്ദുധര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. ധര്‍മ്മത്തിന്റെ അഭാവത്തില്‍ മനുഷ്യസമൂഹം പരസ്പരം നശിപ്പിക്കുന്ന മൃഗങ്ങളുടെ സമൂഹം പോലെയായിത്തീരും. ഹിന്ദുധര്‍മ്മത്തെ ഉണര്‍ത്തിക്കൊണ്ട് സമൂഹത്തിലെ ഓരോ വ്യക്തിയിലും അതിന്റെ നല്ല ഗുണങ്ങള്‍ ആവിഷ്‌കരിക്കാന്‍ കഴിയും. ലോകവേദിയില്‍ സ്‌നേഹാധിഷ്ഠിതവും സഹിഷ്ണുതാപരവുമായ മാതൃകാ സമൂഹമായി നില്‍ക്കുമെന്ന് തീരുമാനിക്കാന്‍ നമുക്ക് കഴിയണം.അതുകൊണ്ടാണ് മഹാത്മജിയെ പോലുള്ള ഒരു വലിയ വ്യക്തിത്വത്തോടുള്ള എന്റെ ഹൃദയവികാരങ്ങള്‍ ഞാന്‍ ഇവിടെ അവതരിപ്പിക്കുന്നത്.” (ശ്രീ ഗുരുജി സാഹിത്യ സര്‍വ്വസ്വം, വാള്യം1, പേജ് 222-223)
ഞാന്‍ വഡോദരയില്‍ പ്രചാരകനായിരുന്നപ്പോള്‍(1987-90) ഒരിക്കല്‍ സഹസര്‍കാര്യവാഹ് യാദവറാവുജോഷിയുടെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. വളരെ ആദരപൂര്‍വ്വം അദ്ദേഹം ഗാന്ധിജിയെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഒരു കാര്യകര്‍ത്താവ് ഹൃദയത്തില്‍ നിന്നാണോ ആ വാക്കുകള്‍ വരുന്നതെന്ന് അദ്ദേഹത്തോട് ചോദിച്ചു. ഇതിനു മറുപടിയായി യാദവറാവുജി ഇങ്ങനെ പറഞ്ഞു. ” ഞാനൊരു രാഷ്ട്രീയപ്രവര്‍ത്തകനല്ല. അതിനാല്‍ ഹൃദയത്തില്‍ ബോദ്ധ്യമുള്ള വാക്കുകളേ പുറത്തുപറയാറുള്ളൂ. ഒരു വ്യക്തിയെ ആദരിക്കുകയെന്നാല്‍ അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കുന്നു എന്നല്ല അര്‍ത്ഥം. ഒരു മാതൃകയായി അദ്ദേഹത്തെ സ്വീകരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ വിശിഷ്ടഗുണങ്ങളെ അനുസ്മരിക്കുന്നുവെന്നുമാണ്. മഹാഭാരതത്തിലെ ഭീഷ്മ പിതാമഹന്റെ ഉദാഹരണത്തിലൂടെ അന്വേഷകനായ സ്വയംസേവകന് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചുകൊടുത്തു. ”ഭീഷ്മര്‍ ഓര്‍മ്മിക്കപ്പെടുന്നത് അദ്ദേഹമെടുത്ത ദൃഢപ്രതിജ്ഞയുടെ പേരിലാണ.് അല്ലാതെ കൗരവസഭയില്‍ ദ്രൗപദിയെ അപമാനിച്ച സമയത്ത് അവലംബിച്ച മൗനത്തിന്റെ പേരിലല്ല. അതുപോലെ, മതമൗലികവാദികളും ജിഹാദികളുമായ മുസ്ലീം നേതൃത്വത്തോട് ഗാന്ധിജി കൈക്കൊണ്ട നിലപാടില്‍ ശക്തമായ വിയോജിപ്പ് ഉണ്ടെങ്കിലും സാധാരണക്കാരെ സ്വാതന്ത്ര്യസമരത്തില്‍ അണിനിരത്തിയതിലുള്ള അദ്ദേഹത്തിന്റെ സംഭാവന, അദ്ദേഹത്തിന്റെ സത്യഗ്രഹം, ഭാരതീയ ചിന്തയുടെ അടിസ്ഥാനത്തില്‍ പല പ്രശ്‌നങ്ങള്‍ക്കും നിര്‍ദ്ദേശിക്കപ്പെട്ട പരിഹാരം എന്നിവ പ്രശംസനീയവും പ്രചോദനാത്മകവുമാണ.്”
ഈ വസ്തുതകള്‍ പരിഗണിക്കാതെ ഗാന്ധിജിയും സംഘവും തമ്മിലുള്ള ബന്ധത്തെ വിലയിരുത്തുന്നത് സത്യത്തോടുള്ള അവഹേളനമാണ്. ഗ്രാമ വികാസ പ്രവര്‍ത്തനം, ജൈവകൃഷി, ഗോ പരിപാലനവും സംരക്ഷണവും, സാമൂഹ്യസമത്വവും സമരസതയും, മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം, സ്വദേശി സമ്പദ്‌വ്യവസ്ഥയും ജീവിതരീതിയും തുടങ്ങിയ വിഷയങ്ങളിലുള്ള ഗാന്ധിജിയുടെ ആദര്‍ശങ്ങളെ സംഘം സജീവമായി നിലനിര്‍ത്തുന്നു. മാത്രമല്ല അത് തുടരുകയും ചെയ്യും. തിരഞ്ഞെടുപ്പു വരുമ്പോള്‍ മാത്രം അദ്ദേഹത്തെ ഓര്‍ക്കുന്നവരുമായി താരതമ്യം ചെയ്യാന്‍ കഴിയാത്ത വലിയകാര്യമാണിത്.
ഗാന്ധിജിയുടെ 150-ാം ജന്മവര്‍ഷമാണിത്. അദ്ദേഹത്തിന്റെ പാവനമായ സ്മരണകള്‍ക്കുമുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
(ആര്‍.എസ്.എസ്സിന്റെ സഹസര്‍കാര്യവാഹാണ് ലേഖകന്‍. കടപ്പാട്: ഓര്‍ഗനൈസര്‍ വാരിക)
വിവര്‍ത്തനം:സി.എം. രാമചന്ദ്രന്‍