കാടിന്റെ താളവും ആദിവാസികളുടെ ജീവിതവുമായി മുളകള്‍ ഇന്ന് ആഗോള വിപണിയില്‍ കരുത്ത് തെളിയിച്ചു കുതിക്കുകയാണ്. നൂറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തില്‍ മുള ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിച്ചിട്ടുണ്ട്. Green Gold’, ‘പാവങ്ങളുടെ തടി’ എന്നിങ്ങനെ വിശേഷണങ്ങള്‍ മുളക്കുണ്ട്. എല്ലാ അര്‍ത്ഥത്തിലും മരത്തടിക്ക് പകരം വെക്കാവുന്ന, നാളത്തെ നിര്‍മ്മാണ മേഖലയെ അടക്കി ഭരിക്കാന്‍ ശേഷിയുള്ള, പ്രകൃതിയെ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ട് അന്നം മുതല്‍ ഔഷധം വരെ സകലതിനും ആശ്രയിക്കാവുന്ന വിഭവമായി മുള മാറി കഴിഞ്ഞു.
സപ്തംബര്‍ 18, ലോക മുള ദിനം. വേള്‍ഡ് ബാംബൂ ഓര്‍ഗനൈസേഷന്‍ (WBO) വിഭാവനം ചെയ്യുകയും സമാരംഭിക്കുകയും ചെയ്ത ഈ അന്താരാഷ്ട്ര ദിനം ലോകമെമ്പാടുമുള്ള മുള വ്യവസായത്തെ സംരക്ഷിക്കുന്നതിനും അവബോധം പ്രചരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ആചരിക്കുന്നു. 2009-ല്‍ ബാങ്കോക്കില്‍ നടന്ന എട്ടാമത് ലോക ബാംബൂ കോണ്‍ഗ്രസില്‍ വേള്‍ഡ് ബാംബൂ ഓര്‍ഗനൈസേഷന്‍ (WBO) പ്രസിഡന്റായിരുന്ന കമലേഷ് സലാമാണ് ഔദ്യോഗികമായി ഈ ദിനം പ്രഖ്യപിച്ചത്. എല്ലാ വര്‍ഷവും പ്രത്യേക സന്ദേശത്തോടെയാണ് ലോക മുള ദിനം ആചരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സന്ദേശം ‘-#-Plant ബാംബൂ-Its time to plant Bamboo’- എന്നായിരുന്നു. 2022-ലെ സന്ദേശം”-Bamboo for Green Life and Sustainable Development”-(ഹരിത ജീവിതത്തിനും സുസ്ഥിര വികസനത്തിനും മുള ) എന്നതാണ്.
ഇന്ത്യന്‍ സംസ്‌കാരങ്ങളിലുടനീളം പ്രത്യേകിച്ച് ഇന്ത്യയിലെ വിശാലവും വ്യത്യസ്തവും പാരമ്പര്യവുമായ ഗോത്ര, ഗ്രാമീണ സമൂഹങ്ങളില്‍ മുളകളുടെ ഉപയോഗം ശ്രദ്ധിക്കാവുന്നതാണ്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് മുള ഉത്പന്നങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നത്. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സസ്യങ്ങളില്‍ ഒന്നായ മുള പുല്ല് വര്‍ഗ്ഗത്തില്‍പ്പെട്ടവയാണ്. ലോകത്തില്‍ ഏകദേശം 1800 ഇനം മുളകളുണ്ട്. ഇന്ത്യയില്‍ 110 ഓളം മുള ഇനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു ദിവസം തന്നെ 2 രാ മുതല്‍ 4 അടി വരെ നീളം വയ്ക്കുന്ന മുളകള്‍ ഉണ്ട്. അലങ്കാര മുളകള്‍ മുതല്‍ 30 രാ വ്യാസവും 120 അടി ഉയരമുള്ള ഭീമന്‍ മുളകളും കാണപ്പെടുന്നു.
മുള മനുഷ്യരാശിക്ക് വേണ്ടിയുള്ള സുപ്രധാന വിഭവമാണ്. ഭക്ഷണം, വസ്ത്രം, കടലാസ്, നാരുകള്‍,പാര്‍പ്പിടം, കരകൗശല വസ്തുക്കള്‍, ഗാര്‍ഹിക ഉത്പന്നങ്ങള്‍, ഔഷധക്കൂട്ടുകള്‍, വാഹനങ്ങളുടെ ഇന്റീരിയര്‍, കെട്ടിടങ്ങള്‍ക്ക് വേണ്ടിയുള്ള ഫ്‌ളോര്‍, പാനലുകള്‍ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഉത്പന്നങ്ങളായി മുള മാറിക്കഴിഞ്ഞു.
ലോകത്തിലെ ഒരു ബില്ല്യണിലധികം ആളുകളുടെ ദൈനംദിന ജീവിതത്തിലെ ആവശ്യങ്ങള്‍ മുള ഉത്പന്നങ്ങള്‍ നിറവേറ്റുന്നു. മുളയുമായി ബന്ധപ്പെട്ട വില്പനയില്‍ നിന്നുള്ള ആഗോള വരുമാനം നിലവില്‍ 60 ബില്യണ്‍ ഡോളറായി കണക്കാക്കപ്പെടുന്നു. മുളയുടെ ആഗോള വിപണന സാധ്യതകള്‍ അനന്തമായി വ്യാപിച്ചു കിടക്കുകയാണ്. അതുകൊണ്ടാണ് 21-ാം നൂറ്റാണ്ടിലെ വിള എന്ന വിശേഷണം മുളക്ക് ഉണ്ടായത്.
പരിസ്ഥിതി സൗഹൃദ സംരക്ഷണ സസ്യമാണ് മുളകള്‍. അതുകൊണ്ടു തന്നെ മുള ഉത്പന്നങ്ങളെ ഹരിത ജീവിത ശൈലിയില്‍ ഉള്‍പ്പെടുത്തിയാണ് ആഗോള വിപണി മുന്നോട്ടു പോകുന്നത്. കാടുകള്‍ വ്യാപകമായി വെട്ടിമുറിക്കപ്പെടുകയും തടി വിഭവങ്ങള്‍ കുറയുന്നതുമായ ഇന്നത്തെ സാഹചര്യത്തില്‍ സുസ്ഥിരവും ചെലവ് കുറഞ്ഞതും പാരിസ്ഥിതികമായി ദോഷമല്ലാത്തതുമായ ഒരു ബദല്‍ മുളയിലുണ്ടെന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് മുളയെ ഒരു ഹരിത വസ്തുവായി കണക്കാക്കുന്നത്.
സാധാരണ തൈകളില്‍ നിന്ന് നട്ടുവളര്‍ത്തി തടി ഉല്പാദിപ്പിക്കുന്ന വലിയ മരങ്ങളായി വളരുവാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരും. ഇങ്ങനെ പതിറ്റാണ്ടുകള്‍ പ്രായമുള്ള മരങ്ങള്‍ തിങ്ങിനിറഞ്ഞിരിക്കുന്ന കാടുകളിലെ മരത്തടികള്‍ വെട്ടിമുറിച്ചു കൊണ്ടുപോകുമ്പോള്‍ നശിക്കുന്നത് കാടുകളും അവിടത്തെ ആവാസ വ്യവസ്ഥയുമാണ്. മരങ്ങള്‍ മുറിച്ചതിനു ശേഷം പുതിയ മരങ്ങള്‍ വീണ്ടും വളര്‍ന്നുവരാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം. എന്നാല്‍ മുള അങ്ങനെയല്ല. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സസ്യമാണ് മുള. ഒറ്റ ദിവസം കൊണ്ട് 35 ഇഞ്ച് വരെ വളരുന്ന മുളകളുണ്ട്. അതായതു മണിക്കൂറില്‍ ഏതാണ്ട് 1.5 ഇഞ്ച് വീതം. പ്രധാനമായും രണ്ടുതരത്തിലാണ് മുളകള്‍ വെച്ച് പിടിപ്പിക്കുന്നത്, വിത്ത് മുളപ്പിച്ചും തണ്ടു മുറിച്ചു നട്ടും. സാധാരണയായി മുളകളില്‍ വിത്ത് രൂപപ്പെടാന്‍ 30 -40 വര്‍ഷമെടുക്കും. വിത്ത് ശേഖരണത്തിന് ഇത്രയും കാലതാമസം ആകുന്നതുകൊണ്ട് തണ്ട് മുറിച്ചു നടുന്ന രീതിയാണ് കൂടുതലായും ചെയ്തു വരുന്നത്.
ഒരേസമയം പൂക്കുന്ന മുളങ്കാടുകള്‍ പൂവിട്ടതിനു ശേഷം കായ്കളുണ്ടായി വിളയുന്നു. കുലകളായി കാണപ്പെടുന്ന കായ്കള്‍ക്ക് അല്ലെങ്കില്‍ വിത്തുകള്‍ക്ക് നെല്‍ മണിക്ക് സമാനമായ രൂപമാണ്. മുളയരി എന്നറിയപ്പെടുന്ന ഈ വിത്തുകള്‍ ശേഖരിച്ചു ഭക്ഷണമായും ഉപയോഗിക്കുന്നു. പഴുത്ത കായ്കള്‍ ക്രമേണ കൊഴിഞ്ഞു നിലത്തു വീഴുകയും ആ വിത്തുകളില്‍ നിന്ന് പുതിയ മുളങ്കൂമ്പുകള്‍ ഉണ്ടാവുകയും ചെയ്യും. 4-5 വര്‍ഷം ആകുമ്പോള്‍ മുറിക്കാന്‍ പാകത്തിന് മുളകള്‍ വളരും. 15-20 വര്‍ഷങ്ങള്‍ക്കുളളിലാണ് ഒരു മരത്തടി മുറിക്കാന്‍ പാകത്തിനാകുന്നത്, എന്നാല്‍ ഈ കാലയളവില്‍ 3-4 തവണ മുളകള്‍ മുറിക്കാന്‍ സാധിക്കും. മുള സ്വയം പുനരുത്പാദിപ്പിച്ച് വനമായി വളരുകയും തുടര്‍ച്ചയായി തടി നല്‍കുകയും ചെയ്യുന്നു. മുളകള്‍ വെട്ടിയാലും നശിക്കുന്നില്ല. പുതിയ മുളന്തണ്ടുകള്‍ രൂപപ്പെടുകയും അത് സ്വയം നിറഞ്ഞു മുളങ്കാടുകളായി മാറുകയും ചെയ്യുന്നു.
മുള അതിവേഗം വളരുന്നതും മുറിച്ചതിനു ശേഷം വീണ്ടും വളരുന്നതും കുറഞ്ഞ കാലയളവില്‍ തന്നെ തടി ലഭിക്കുന്നതും കുറഞ്ഞ ചെലവും ആയതുകൊണ്ടാണ് പരമ്പരാഗത തടിക്ക് ഒരു ഹരിത ബദലായി ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്ന ഒരു അത്ഭുതകരമായ വിഭവമായി മുള മാറുന്നത്.
ഒരു ഭൂപ്രദേശത്തിന്റെ പരിസ്ഥിതി മുമ്പുണ്ടായിരുന്നതിനേക്കാള്‍ മെച്ചപ്പെട്ടതായി വരും തലമുറകള്‍ക്ക് കൈമാറാനുള്ള കഴിവ് മുളകള്‍ക്ക് ഉണ്ട്. സുസ്ഥിരമായി കൈകാര്യം ചെയ്യുന്ന മുളങ്കാടുകള്‍ക്ക് സാമൂഹികവും സാമ്പത്തികവുമായ വികസനം ഉത്തേജിപ്പിക്കാനും പ്രകൃതിയെ മെച്ചപ്പെടുത്തുന്നതിന് പ്രധാനപ്പെട്ട പാരിസ്ഥികവും ജൈവപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിയും. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ തരിശു നിലങ്ങളും ഗുരുതരമായി നശിച്ച പ്രദേശങ്ങളും വീണ്ടെടുക്കാന്‍ മുളകള്‍ സഹായിക്കും. ഇവ ജലത്തിന്റെയും മണ്ണിന്റെയും സംരക്ഷണത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. മുള ഉത്പന്നങ്ങള്‍ പൊതുവെ സുസ്ഥിരമായ ജീവിത ശൈലിയിലേക്ക് നയിക്കുന്നുണ്ടെങ്കിലും ഭാവി തലമുറയ്ക്കായി നമ്മള്‍ കൂടുതല്‍ മുളച്ചെടികള്‍ നട്ട് പിടിപ്പിക്കേണ്ടതായുണ്ട്.
ലോകത്തില്‍ ഏറ്റവുമധികം മുള വളരുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ 1.40 കോടി ഹെക്ടര്‍ സ്ഥലത്ത് മുള വളരുന്നുണ്ട്. ലോകത്തിലാകെയുള്ള മുളകളുടെ 45% ഇന്ത്യയിലാണ് വളരുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മണിപ്പുര്‍, മിസോറാം, നാഗാലാന്റ്, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ 60% ഉം മധ്യപ്രദേശില്‍ 20% ഉം മഹാരാഷ്ട്രയില്‍ 9%ഉം മുളകള്‍ വളരുന്നുണ്ട്.
ചൈനയാണ് മുള ഉല്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ആഗോള മുളകളുടെ വിപണി 2020ല്‍ 53.28 ബില്യണ്‍ യു.എസ് ഡോളറായിരുന്നു. 2021 -2028 കാലയളവില്‍ 5.7 % വാര്‍ഷിക വളര്‍ച്ച നിരക്ക് (സി.എ.ജി.ആര്‍) പ്രതീക്ഷിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നിക്ഷേപങ്ങളും, സുസ്ഥിര കെട്ടിട നിര്‍മ്മാണ വിഭവങ്ങളുടെ ഉപയോഗങ്ങളും, മുളകളുടെ ഉപയോഗങ്ങളെയും നേട്ടങ്ങളെയും കുറിച്ചുള്ള ബോധവത്കരണങ്ങളും കൂട്ടിച്ചേര്‍ത്താല്‍ പ്രവചന കാലയളവില്‍ ഈ വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിക്കും. മുള സമൂഹത്തിനു പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ നിരവധി നേട്ടങ്ങള്‍ നല്‍കുന്നു.
മുളക്ക് വിവിധ കാലാവസ്ഥാ സാഹചര്യങ്ങളില്‍ വളരാന്‍ സാധിക്കും എന്നിരുന്നാലും ഉഷ്ണമേഖലാ കാലാവസ്ഥയില്‍ വളരുന്നതാണ് ഉത്തമം. കൂടാതെ വിളവെടുക്കാനും കൊണ്ടുപോകാനും താരതമ്യേന താങ്ങാനാവുന്നതും മുള തടിയെക്കാള്‍ കൂടുതല്‍ ഇഷ്ട വിഭവമായി മാറുകയാണ്. ചൈന, ഇന്ത്യ, ജപ്പാന്‍ തുടങ്ങിയ ഭൂരിഭാഗം ഏഷ്യന്‍ രാജ്യങ്ങളും ഘാന, നൈജീരിയ, കാമറൂണ്‍ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളും മുളയുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നു. മുളയുടെയും ചൂരലിന്റെയും ഉത്പാദനം, വിപണനം, വളര്‍ച്ച എന്നിവ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടനയായ INBAR (International Network of Bamboo- and Rattan) കണക്കനുസരിച്ച് ഏഷ്യന്‍ രാജ്യങ്ങളാണ് കയറ്റുമതിയില്‍ ഒന്നാമത്. യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ഏറ്റുവുമധികം മുള ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യന്‍ മുളകളുടെ പ്രധാന ആവശ്യക്കാര്‍ ജര്‍മ്മനിയാണ്.
വേള്‍ഡ് ബാംബൂ ഓര്‍ഗനൈസേഷന്‍ (WBO), INBAR തുടങ്ങിയ രാജ്യാന്തര സംഘടനകളാണ് പ്രധാനമായും മുളകളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടത്തുന്നത്. ഇന്ത്യയില്‍ നാഷണല്‍ ബാംബൂ മിഷന്‍, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ബാംബൂ റിസോഴ്‌സ് ആന്‍ഡ് ടെക്‌നോളജി, ബാംബൂ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നീ സ്ഥാപനങ്ങളാണ് മുളകളുടെ ഗവേഷണങ്ങളും ഉല്പാദന -വിപണന സാധ്യതകളും കൈകാര്യം ചെയ്യുന്നത്.
വിപണി സാധ്യത;ഒരു ചെറിയ കണക്ക്
ഇന്ത്യയില്‍ ഒരു ദിവസം 1490 ടണ്‍ അഗര്‍ബത്തിയാണ് വിറ്റഴിക്കുന്നത്, ഒരു മാസമാകുമ്പോള്‍ 2 ലക്ഷം ടണ്‍. ഈ അഗര്‍ബത്തികളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട അസംസ്‌കൃത വസ്തുവാണ് മുള സ്റ്റിക്ക്. ഇന്ത്യയില്‍ വ്യവസായ മേഖലയില്‍ പ്രതിമാസം കുറഞ്ഞത് 4,000 ടണ്‍ മുളവടികള്‍ ആവശ്യമാണ്. എന്നാല്‍ ഇന്ത്യയില്‍ ഉത്പാദനം 150 മുതല്‍ 300 ടണ്‍ വരെയാണ്. ഏകദേശം 7,200 കോടി രൂപ വിപണി വലിപ്പമുള്ള ഇന്ത്യയില്‍ അഗര്‍ബത്തികളുടെ നിര്‍മാണത്തിന് 80 ശതമാനത്തോളം ഇറക്കുമതിയാണെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു. ചൈന, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതി കുറയ്ക്കുന്നതിനായി 2019 ഓഗസ്റ്റില്‍ ഇന്ത്യ അസംസ്‌കൃത മുള വടികളെ ‘നിയന്ത്രിത പട്ടിക’യില്‍ ഉള്‍പ്പെടുത്തി. അതിനുശേഷം ഇറക്കുമതിയില്‍ ഗണ്യമായ കുറവുണ്ടായി. ഈ വിപണി സാധ്യതയാണ് നമ്മള്‍ പ്രയോജനപ്പെടുത്തേണ്ടത്.
പ്രകൃതിയുടെ ശ്വാസകോശം
മരങ്ങളെ അപേക്ഷിച്ച് ഏകദേശം 35% കൂടുതല്‍ ഓക്‌സിജന്‍ പുറത്തേക്കു വിടുകയും 40% കൂടുതല്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ആഗിരണവും ചെയ്യുന്ന സസ്യമാണ് മുള. ഇത് വായുവിന്റെ ഗുണനിലവാരത്തില്‍ ഗണ്യമായ പുരോഗതി ഉണ്ടാക്കുന്നു. വ്യാവസായിക മേഖലകളില്‍ ഇവ നട്ടുവളര്‍ത്തിയാല്‍ വായുമലിനീകരണം തടയാന്‍ സഹായിക്കും. ഇന്ത്യയില്‍ വായു മലിനീകരണത്തിന്റെ തോത് വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ മുളയെ ഒരു കവചമായി കണക്കാക്കി കൂടുതല്‍ പ്രദേശങ്ങളില്‍ നട്ടു വളര്‍ത്താവുന്നതാണ്.
വനവത്കരണം തടയാന്‍ മുളങ്കാടുകള്‍ക്ക് സാധിക്കും. വളരെ വേഗത്തില്‍ വളരുന്ന സസ്യമായതിനാലും മുറിച്ചതിനു ശേഷം വീണ്ടും വേഗത്തില്‍ വളരുന്നതിനാലും മരത്തടികള്‍ മുറിച്ചു മാറ്റപ്പെടുമ്പോള്‍ ഉണ്ടാകുന്ന വന നശീകരണം പോലുള്ള ഭീകരമായ അവസ്ഥ ഇവിടെ ഉണ്ടാകുന്നില്ല. കൂടാതെ തുറസ്സായ വനമേഖലകളില്‍ മുളകള്‍ നട്ടുപിടിപ്പിച്ചാല്‍ മണ്ണൊലിപ്പ് ഇല്ലാതാക്കുവാനും മണ്ണിന്റെ ഘടന വ്യതിയാനം തടയുവാനും സാധിക്കും. കൂടാതെ മുളയുടെ കൃഷി കാര്‍ബണ്‍ ഫിക്‌സേഷന്‍ വാഗ്ദാനം ചെയ്യുന്നു. നദീതീരങ്ങള്‍, അരികു നിലങ്ങള്‍, ശോഷണം സംഭവിച്ച ചരിവുകള്‍ എന്നിവിടങ്ങളില്‍ മുള നട്ടുപിടിപ്പിക്കുന്നത് പ്രകൃതിയുടെ സംരക്ഷണത്തിന് കാരണമാകുന്നു.
മുളകള്‍ കേരളത്തില്‍
കേരളത്തിന്റെ മണ്ണ്, ഭൂപ്രകൃതി, കാലാവസ്ഥ എന്നിവ മുളക്കൃഷിക്ക് അനുയോജ്യമാണ്. അതുകൊണ്ടാണ് നമ്മുടെ ഉഷ്ണമേഖലാ മഴക്കാടുകളില്‍ പരക്കെ മുളങ്കാടുകള്‍ കണ്ടിരുന്നത്. കേരളത്തില്‍ പ്രധാനമായും ബാംബുസാ, ഡെന്‍ഡ്രോ കലാമസ്, ഓക്ലന്‍ട്ര എന്നീ വിഭാഗത്തില്‍പ്പെട്ട മുളകളാണ് ധാരാളമായി കണ്ടുവരുന്നത്.ബാംബുസ ബാബോസ് എന്ന പൊള്ളാന്‍ മുള പുഴയോരങ്ങളിലും ഈര്‍പ്പമുള്ള ഇലകൊഴിയും കാടുകളിലും ഹരിത വനങ്ങളിലും സമൃദ്ധമായി വളരാറുണ്ട്. കേരളത്തില്‍ കാണപ്പെടുന്ന ചെറുമുളകളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഇനമാണ് ഈറ്റ അഥവാ ‘ഓക്ലന്‍ട്ര ട്രാവന്‍കൂറിക്ക’. കേരളത്തില്‍ പ്രാചീനകാലം മുതല്‍ പാര്‍പ്പിടം, വേലി, ഏണി, പന്തല്‍, തഴപ്പായ, പനമ്പ്, കുട്ട, വട്ടി, മുറം എന്നീ നിത്യോപയോഗ സാധനങ്ങളുടെ നിര്‍മാണത്തിനും മുള, ഈറ്റ തുടങ്ങിയവ ഉപയോഗിക്കുന്നു.
കേരളത്തിലെ ആദിവാസി,ഗോത്ര വിഭാഗക്കാരില്‍ ഭൂരിഭാഗവും തൊഴില്‍ ചെയ്യുന്നത് മുള, ഈറ്റ എന്നിവയെ ആശ്രയിച്ചാണ്. ഉള്‍ക്കാടുകളില്‍ നിന്ന് മുള, ഈറ്റ എന്നിവ മുറിച്ചു കൊണ്ടുവന്നു കുട്ട, വട്ടി, പായ മുതലായവ ഇവര്‍ നിര്‍മ്മിക്കുന്നു.
ഉല്പാദനത്തേക്കാള്‍ കൂടുതല്‍ ആവശ്യകത വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ കാടുകളില്‍ നിന്നും വ്യാവസായിക ആവശ്യങ്ങള്‍ക്ക് മുളകള്‍ ശേഖരിക്കുന്നത് വ്യാപകമാവുകയും പുതിയ മുള തൈകള്‍ നട്ടു പിടിപ്പിക്കാത്തതും മുളങ്കാടുകളുടെ ശോഷണത്തിനു കാരണമാകുന്നു.
കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളിലൊന്നായ മുള, ഈറ്റ തൊഴിലിന്റെ വികസനത്തിനുവേണ്ടി 1971 ല്‍ ആരംഭിച്ചതാണ് കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍. സര്‍ക്കാര്‍ വനത്തില്‍ നിന്ന് ഗുണമേന്മയുള്ള മുള ശേഖരിക്കുക, കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ നെയ്യുന്ന മുള പായകള്‍ക്ക്‌ന്യായവില നല്‍കിക്കൊണ്ട് ശേഖരിക്കുക, ദിവസേന തൊഴില്‍ ഉറപ്പാക്കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളാണ് കോര്‍പ്പറേഷന്‍ ആദ്യകാലങ്ങളില്‍ ചെയ്തിരുന്നത്. ലക്ഷക്കണക്കിന് ആദിവാസി കുടുംബങ്ങളുടെ ഉപജീവന മാര്‍ഗ്ഗമായിരുന്ന ഈ പരമ്പരാഗത തൊഴിലിനെ ആശ്രയിക്കുന്നവരുടെ എണ്ണം ഇന്ന് പതിനായിരങ്ങളിലേക്ക് ചുരുങ്ങിയിരിക്കുന്നു.
മുള പായകള്‍ മാത്രമാണ് ഇന്ന് ബാംബൂ കോര്‍പറേഷനില്‍ നിര്‍മ്മിക്കുന്നത്. ഇതുകൊണ്ടുമാത്രം കേരളത്തില്‍ മുള വ്യവസായം വളരില്ല. സാങ്കേതികവിദ്യയുടെ അഭാവവും, നൂതന ഉപകരണങ്ങള്‍ ഇല്ലാത്തതും ഈ മേഖലയെ തകര്‍ക്കുന്നു. മുള വ്യവസായത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനു വലിയൊരു നിക്ഷേപം ഈ മേഖലയെ കേന്ദ്രീകരിച്ചു നടത്തേണ്ടതുണ്ട്. ഇന്ന് കേരളത്തില്‍ വനങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മുളയേക്കാള്‍ കൂടുതല്‍ ജനവാസ മേഖലയില്‍ നിന്നും കൃഷിയിടങ്ങളില്‍ നിന്നുമാണ് ശേഖരിക്കുന്നത്. റബ്ബര്‍ കൃഷിയേക്കാള്‍ ആദായം മുള കൃഷിയില്‍ നിന്ന് ലഭിക്കുന്നത് സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. മുളകള്‍ തഴച്ചു വളരുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്തിന്റെ വരുമാന സ്രോതസ്സാവാന്‍ മുളക്ക് സാധിക്കും. മുളകള്‍ വളരട്ടെ കേരളവും…