ഇറാനില്‍ നിന്നുയരുന്ന സ്ത്രീ വിമോചന പോരാട്ടത്തിന്റെ മുദ്രാവാക്യങ്ങള്‍ക്ക് ലോകമെങ്ങും പിന്തുണയേറുകയാണ്. ഖൊമേനി ഭരണകൂടത്തിന്റെ സദാചാരപോലീസ് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മാസാ അമിനിയുടെ ചിത്രം ഈ പോരാട്ടത്തിന്റെ മുഖമായി മാറുന്നു. രണ്ട് പതിറ്റാണ്ടെങ്കിലുമായി ഇറാനില്‍ തുടരുന്ന മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്ക് ശക്തിയേറുന്നു.
ഇക്കഴിഞ്ഞ സപ്തംബര്‍ 13 നാണ് മാസാ അമിനിയെ ഇറാനിലെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്തത്. കുര്‍ദ് വംശജയായ ഇരുപത്തിരണ്ട്കാരി അമിനി തന്റെ സഹോദരനോടൊപ്പം ടെഹ്‌റാനിലെ കുടുംബ വസതിയിലേക്ക് പോകുന്നതിനിടെയാണ് മത പോലീസിന്റെ പിടിയിലായത്.
അമിനി ഹിജാബ് ധരിച്ചത് ശരിയായ രീതിയിലല്ല എന്നതായിരുന്നു അവര്‍ക്ക് മേല്‍ ചുമത്തപ്പെട്ടകുറ്റം. ഇറാനില്‍ ക്രമസമാധാനപാലനത്തിനുള്ള പോലീസ് സേനക്ക് പുറമേ മതനിയമങ്ങള്‍ നടപ്പിലാക്കാന്‍ പ്രത്യേക സദാചാരപോലീസുണ്ട്. ശരിയത്ത് നിയമം അനുസരിക്കുന്നുണ്ടോയെന്ന് സദാ നിരീക്ഷിക്കലാണിവരുടെ ജോലി. പ്രത്യേകിച്ച് പൊതു സ്ഥലത്ത് സ്ത്രീകളെ നിരീക്ഷിക്കല്‍. മാളുകള്‍,നിരത്തുകള്‍, മെട്രോ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെല്ലാം ബാറ്റണുകളുമായി ഇവരെ കാണാം.
സ്ത്രീകള്‍ നിര്‍ബന്ധമായും ഹിജാബ് ധരിക്കണം. ശരീരത്തില്‍ ഇറുകിക്കിടക്കുന്നതോ ശരീരവടിവുകള്‍ വെളിപ്പെടുത്തുന്നതോ ആയ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. അയഞ്ഞതും ശരീരം മുഴുവന്‍ മറയുന്നതുമാകണം സ്ത്രീകളുടെ വസ്ത്രം. ജീന്‍സ്, ടീഷര്‍ട്ട് തുടങ്ങിയവ പാടില്ല. തലമുടി പുറത്തുകാണരുത്, മേക്കപ്പ് ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്.
സ്ത്രീകള്‍ ഇത് കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയാണ് സദാചാര പോലീസിന്റെ ചുമതല. ഈ സംഘത്തില്‍ പുരുഷ-വനിതാ പോലീസുകാരുണ്ടാകും. നിയമം ലംഘിക്കുന്നവരെ കണ്ടാല്‍ പരസ്യമായി മര്‍ദ്ദിക്കും. ബാറ്റണ്‍കൊണ്ട് പൊതിരെ തല്ലും. പിഴ ചുമത്തും, ജയിലിലടക്കും. ഇങ്ങനെ പലതരം ശിക്ഷകളുണ്ട്.
ഹിജാബ് ധരിച്ചത് ശരിയായ രീതിയിലല്ല എന്നതായിരുന്നു അമിനി ചെയ്ത കുറ്റം. സഹോദരന്റെ മുന്നില്‍ വെച്ചുതന്നെ അമിനിയെ അവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് വാനില്‍ക്കയറ്റി ഡിറ്റക്ഷന്‍ സെന്ററിലേക്ക് കൊണ്ടുപോയി. വാനില്‍വെച്ചും മര്‍ദ്ദനം തുടര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഡിറ്റക്ഷന്‍ സെന്ററിലെത്തിച്ച അമിനിയെ പിന്നീടും മര്‍ദ്ദിച്ചു. തല ചുമരോട് ചേര്‍ത്ത് ഇടിച്ചു. ബോധരഹിതയായി വീണ പെണ്‍കുട്ടിയെ അവര്‍ തന്നെ ആശുപത്രിയിലെത്തിച്ചു. മൂന്ന് ദിവസം അനക്കമില്ലാതെ കോമ അവസ്ഥയില്‍ കിടന്ന അമിനി സപ്തംബര്‍ 16 ന് മരണത്തിന് കീഴടങ്ങി.
ലക്ഷക്കണക്കിന് സ്ത്രീകളാണ് ഇപ്പോള്‍ ഇറാനിലെ തെരുവുകളില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുള്ളത്. അവര്‍ ഹിജാബുകള്‍ വലിച്ചെറിഞ്ഞു. കൂട്ടിയിട്ട് കത്തിച്ചു. പൊതുസ്ഥലത്ത് ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ടു. സ്വാതന്ത്ര്യം തടയുന്ന മതശാസനങ്ങള്‍ക്കും ഭരണകൂട ഭീകരതക്കുമെതിരെ ശബ്ദമുയര്‍ത്തി.
മൃഗീയ മര്‍ദ്ദനമുറകള്‍ കൊണ്ടാണ് ഇറാന്‍ ഭരണകൂടം സ്ത്രീകളുടെ പ്രതിഷേധത്തെ നേരിടുന്നത്. പ്രതിഷേധം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ പോലീസ് മര്‍ദ്ദനത്തില്‍ നിരവധി യുവാക്കള്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. പക്ഷേ ഈ മര്‍ദ്ദനമുറകള്‍ക്ക് പ്രതിഷേധത്തിന്റെ ശക്തി കുറക്കാനായിട്ടില്ല. അത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുകയാണ്. ഇറാനിലെ കൂടുതല്‍ നഗരങ്ങളില്‍ യുവാക്കളും സ്ത്രീകളും പരസ്യ പ്രതിഷേധവുമായി രംഗത്ത് വരുന്നു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ഇതിനകം പ്രശ്‌നത്തില്‍ ഇറാന്‍ സര്‍ക്കാരിന്റെ നിലപാടിനെ അപലപിച്ച് രംഗത്ത് വന്നിട്ടുണ്ട്.
അമുസ്ലീങ്ങളായ സ്ത്രീകളും ഹിജാബ് ധരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ഏക മുസ്ലീം രാജ്യമാണ് ഇറാന്‍. 1979 ലെ മത വിപ്ലവത്തിന് ശേഷം അധികാരത്തില്‍ വന്ന ഖൊമേനി ഭരണകൂടം ഇറാനെ മതമൗലികവാദത്തിന്റെ പാതയിലേക്കാണ് നയിച്ചത്. ശരിയത്ത് നിയമങ്ങള്‍ രാജ്യത്തിന്റെ പൊതുനിയമമാക്കി. ഇതോടെ ഒരു നൂറ്റാണ്ടിലേറെയായി പോരാട്ടം തുടരുന്ന കുര്‍ദ് വംശജരുടെ നില കൂടുതല്‍ പരുങ്ങലിലായി. കുര്‍ദുകളെ മതനിയമം അനുസരിക്കാത്തതിന്റെ പേരില്‍ ഇസ്ലാമിക ഭരണകൂടം മൃഗീയമായി വേട്ടയാടി.
അമിനിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ സദാചാരപ്പോലീസിന് പ്രേരണയായത് അവര്‍ കുര്‍ദ് വംശജയായിരുന്നു എന്നത് കൂടിയാണ്. ഇറാന്‍ സന്ദര്‍ശിക്കുന്ന വിദേശ വനിതകള്‍ക്കുപോലും ഈ സദാചാര പോലീസിങ്ങ് നേരിടേണ്ടി വരാറുണ്ട്. 2018 ല്‍ ഇറാനില്‍ സംഗീതപരിപാടിക്കെത്തിയ ചൈനീസ് വനിതയെ പരസ്യമായി അപമാനിച്ചത് ഏറെ വിവാദമായിരുന്നു. സംഗീതപരിപാടിക്കിടെ പരസ്യമായി ചൈനീസ് യുവതിയെ വേദിയില്‍ കയറി തടസ്സപ്പെടുത്തുകയും നിര്‍ബന്ധമായി ഹിജാബ് അണിയിക്കുകയും ചെയ്തു.
ഹിജാബിനും സ്ത്രീ വിരുദ്ധ മതനിയമങ്ങള്‍ക്കുമെതിരെ ഇറാനിലെ യുവാക്കളും പുരോഗമന നിലപാടുള്ളവരും നടത്തുന്ന പോരാട്ടത്തിന് രണ്ടു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്.
2004 ലാണ് ഇറാനിയന്‍ ജനാധിപത്യ മുന്നേറ്റം എന്ന പേരില്‍ രാജ്യത്ത് അവര്‍ വലിയ ക്യാമ്പയിന്‍ നടത്തിയത്. ഈ പ്രചാരണത്തിന് വലിയ സ്വീകാര്യത ലഭിച്ചതോടെ ഇറാന്‍ ഭരണകൂടം 2005 ല്‍ സദാചാര പോലീസ് സംവിധാനം ആരംഭിച്ചു. എന്നിട്ടും പ്രതിഷേധങ്ങള്‍ തുടര്‍ന്നതോടെ പത്ത് വര്‍ഷത്തിന് ശേഷം 2014 ല്‍ ഹിജാബ് വിഷയത്തില്‍ രാജ്യത്ത് ഭരണകൂടം അഭിപ്രായ സര്‍വ്വേ നടത്തി. സര്‍വ്വേയില്‍ ഹിജാബ് നിര്‍ബന്ധമാക്കരുത് എന്ന അഭിപ്രായത്തിനാണ് ഭൂരിപക്ഷം ലഭിച്ചത്. ഇത് ഭരണകൂടത്തെ ഞെട്ടിച്ചു. സര്‍വ്വേ നടപടികള്‍ തന്നെ റദ്ദാക്കിക്കൊണ്ടാണ് ഖൊമേനി സര്‍ക്കാര്‍ തിരിച്ചടിച്ചത്.
അമിനിയുടെ ദാരുണമായ മരണം ഇറാനിലെ സാധാരണക്കാരായ ജനങ്ങളെ വല്ലാതെ അസ്വസ്ഥരാക്കുന്നു. ഭരണകൂടം പ്രതീക്ഷിക്കാത്ത തരത്തില്‍ ലക്ഷക്കണക്കിന് സാധാരണക്കാരായ സ്ത്രീകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. അതില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും വീട്ടമ്മമാരുമുണ്ട്. വിപ്ലവത്തിന്റെ മകള്‍ എന്നാണ് അമിനിയെ പ്രതിഷേധക്കാര്‍ വിശേഷിപ്പിക്കുന്നത്.
പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി ആണ്‍കുട്ടികളും വന്‍തോതില്‍ തെരുവിലിറങ്ങി. ക്യാമ്പസുകളിലും തെരുവുകളിലും ഒരുപോലെ പ്രതിഷേധം ശക്തിയാര്‍ജ്ജിക്കുകയാണ്. ജസ്റ്റിസ്, ലിബര്‍ട്ടി, നോ ടു ഹിജാബ് (നീതി, സ്വാതന്ത്ര്യം, ഹിജാബ് വേണ്ട) എന്ന മുദ്രാവാക്യമാണ് അവര്‍ ഉയര്‍ത്തുന്നത്.
ഇറാന്‍ ഭരണകൂടത്തെ ഈ പ്രതിഷേധം വല്ലാതെ പിടിച്ചുലക്കുന്നുണ്ട്. ഭരണപക്ഷത്ത് തന്നെ ഭിന്നാഭിപ്രായം രൂപപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. പാര്‍ലമെന്റംഗമായ ജലാല്‍ റഷീദി സദാചാര പോലീസ് സംവിധാനത്തെ തള്ളിപ്പറഞ്ഞ് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ആധുനിക ലോകത്തിന് ചേര്‍ന്നതല്ല ഇത്തരം രീതികള്‍. ഈ സദാചാര പോലീസിങ്ങ് ഇറാന് വലിയ നഷ്ടവും നാശവുമാണ് സമ്മാനിക്കുക. റഷീദി മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
അന്താരാഷ്ട്ര മാധ്യമങ്ങളിലെല്ലാം ഇത് സംബന്ധിച്ച് വലിയ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു. ഇറാന്‍ ഭരണകൂടത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു ഈ വാര്‍ത്തകളെല്ലാം. എന്നാല്‍ ഇറാന്‍ ഭരണകൂടം ഇപ്പോഴും വസ്തുതകള്‍ ശരിയായി വിലയിരുത്താനോ തെറ്റ് തിരുത്താനോ തയ്യാറാകുന്നില്ല. പ്രാകൃത മതശാസനങ്ങളുടെ ഇരുണ്ടലോകത്ത് നിന്ന് ആധുനികതയിലേക്ക് ചുവട് വെക്കാന്‍ അവര്‍ ഇപ്പോഴും തയ്യാറല്ല.
പ്രതിഷേധക്കാരായ സ്ത്രീകള്‍ വേശ്യകളാണെന്നും കാമാസക്തിയാണ് ഇത്തരം നിലപാടുകളിലേക്ക് അവരെ നയിക്കുന്നതെന്നുമാണ് ഭരണകൂടത്തിന്റെ ഔദ്യോഗിക നിലപാട്. അമിനിയുടെ മരണം പോലീസ് മര്‍ദ്ദനം മൂലമല്ലെന്നും അവര്‍ രോഗിയായിരുന്നുവെന്നും ഹാര്‍ട്ട് അറ്റാക്ക് മൂലമാണ് മരിച്ചതെന്നുമാണ് പോലീസ് റിപ്പോര്‍ട്ട്. ഭരണകൂടം ഇതിനെ പിന്താങ്ങുന്നു. അമിനി പൂര്‍ണ ആരോഗ്യവതിയായിരുന്നുവെന്നും ദിവസവും വ്യായാമത്തിലേര്‍പ്പെടുന്നയാളായിരുന്നുവെന്നും അമിനിയുടെ പിതാവ് തന്നെ വെളിപ്പെടുത്തിയത് സര്‍ക്കാര്‍വാദങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നു.
ലോകവ്യാപകമായി എതിര്‍പ്പും വിമര്‍ശനവും ഉയര്‍ന്നത് ഇറാനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പക്ഷേ മുന്‍ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത് ഇത്തരം പ്രതിഷേധങ്ങള്‍ കൊണ്ട് മാത്രം അവരുടെ നിലപാടുകളില്‍ തിരുത്തലുണ്ടാകുമെന്ന് വിശ്വസിക്കാനാകില്ല എന്ന് തന്നെയാണ്. ആധുനിക ലോകക്രമത്തിന്റെ ജനാധിപത്യ-മതേതര സങ്കല്പങ്ങളെല്ലാം ഇസ്ലാമിക മതരാഷ്ട്രമായ ഇറാന് അന്യമാണ്.
സാത്താന്റെ വചനങ്ങള്‍ എന്ന പുസ്തകമെഴുതിയതിന്റെ പേരില്‍ വിഖ്യാത എഴുത്തുകാരനായ സല്‍മാന്‍ റുഷ്ദിക്ക് വധശിക്ഷ വിധിച്ചവരാണ് ഇറാന്‍ ഭരണകൂടം. അന്നത്തെ ഇറാന്‍ പരമാധികാരി ആയത്തോള്ള ഖൊമേനിയുടെ ഫത്വയാണ് സല്‍മാന്‍ റുഷ്ദിയെന്ന എഴുത്തുകാരന്റെ സ്വാതന്ത്ര്യം എന്നെന്നേക്കുമായി തടവിലാക്കിയത്.
തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനും പാര്‍ലമെന്റിനും മേല്‍ ഇറാനില്‍ യഥാര്‍ത്ഥ അധികാരം കൈയാളുന്നത് മതനേതാവുമായ ഖൊമേനിയാണ്. ആയത്തൊള്ള ഖൊമേനിക്ക് ശേഷം ഇപ്പോള്‍ അലി ഖൊമേനിയാണ് യഥാര്‍ത്ഥത്തില്‍ ഇറാന്‍ ഭരിക്കുന്നത്.
1979 ലെ മത വിപ്ലവത്തിലൂടെ പഹ്‌ലവി ഷാ ഭരണകൂടത്തെ പുറത്താക്കി മതനേതൃത്വം ഭരണം പിടിച്ചതിന് ശേഷം ഇറാനില്‍ ഇതാണവസ്ഥ. രസകരമായ കാര്യം ഈ മതവിപ്ലവത്തെ കമ്മ്യൂണിസ്റ്റുകള്‍ പിന്തുണച്ചിരുന്നുവെന്നതാണ്.
അമേരിക്കയോടും പാശ്ചാത്യ ശക്തികളോടും ഇടഞ്ഞുനില്‍ക്കുന്ന ഇറാനിയന്‍ മതനേതൃത്വം എന്നും കമ്മ്യൂണിസ്റ്റുകള്‍ക്ക് വേണ്ടപ്പെട്ടവരാണ്. അതുകൊണ്ട് തന്നെ ഇറാനിലെ ഇത്തരം മനുഷ്യാവകാശ പോരാട്ടങ്ങളൊന്നും അവര്‍ കണ്ടതായി നടിക്കില്ല.
കര്‍ണാടകയില്‍ സ്‌കൂള്‍ യൂണിഫോമിന് പകരം മതവേഷം അനുവദിക്കണമെന്നാവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകള്‍ നടത്തിയ പ്രചരണത്തെ പിന്തുണച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളും ഇറാനില്‍ നടക്കുന്ന വര്‍ത്തമാന കാലത്തെ ഏറ്റവും വലിയ മനുഷ്യാവകാശ പോരാട്ടങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്.