പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന മുസ്ലീം ഭീകര പ്രസ്ഥാനത്തെയും അതിന്റെ എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്ത് സമാധാനം പുലരണമെന്ന് ആഗഹിക്കുന്ന ഏവരാലും സ്വാഗതം ചെയ്യപ്പെട്ടിരിക്കുകയാണ്. നിരോധനം ഒന്നിനും പരിഹാരമല്ലെന്നും ആശയത്തെ ആശയം കൊണ്ടു നേരിടണമെന്നും പറയുന്നവര്‍ വസ്തുതകളെ അവരുടെ സങ്കുചിത വീക്ഷണത്തില്‍ മാത്രം കാണുന്നവരാണ്. സിമിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി, നിരോധിക്കപ്പെട്ടവര്‍ മറ്റു പേരുകളില്‍ വരുമെന്നു പറയുന്നവര്‍ക്കുള്ള മറുപടിയായിരുന്നു നിരോധനത്തിനു മുമ്പ് ദേശവ്യാപകമായി നടന്ന റെയ്ഡും നേതാക്കളുടെ അറസ്റ്റും പഴുതടച്ചുള്ള അന്വേഷണവും. സിമിയെ നിരോധിച്ച 2001 ല്‍ എന്‍.ഐ.എ. എന്ന മികച്ച അന്വേഷണ ഏജന്‍സി ഉണ്ടായിരുന്നില്ല എന്ന വസ്തുതയും മറക്കരുത്. നിരോധനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് കേരള സര്‍ക്കാരും അവസരത്തിനൊത്ത് ഉയര്‍ന്നിരുന്നെങ്കില്‍ സംസ്ഥാനത്ത് വ്യാപകമായി നടന്ന അക്രമ സംഭവങ്ങള്‍ തടയാന്‍ കഴിയുമായിരുന്നു. മിന്നല്‍ ഹര്‍ത്താല്‍ വിലക്കുന്ന 2019 ജനുവരി ഏഴിലെ ഉത്തരവു പ്രകാരം സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ പ്രകടനങ്ങളോ ആള്‍ക്കൂട്ടമോ ഉണ്ടാകുമായിരുന്നില്ലെന്ന ഹൈക്കോടതിയുടെ അഭിപ്രായവും ശ്രദ്ധേയമാണ്. നിരോധിത സംഘടനയുമായി ബന്ധമുള്ള ഘടകകക്ഷിയെ ചുമലിലേറ്റി നടക്കുന്ന ഇടത് സര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്ത് സമാധാനാന്തരീക്ഷം ഉണ്ടാക്കാന്‍ കഴിയുന്ന എന്തെങ്കിലും നടപടി പ്രതീക്ഷിക്കാന്‍ കഴിയില്ല. മാത്രമല്ല നിരോധിച്ച സംഘടനകളില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും അവരുടെ ഓഫീസുകള്‍ പൂട്ടി മുദ്രവെക്കാനും വരുത്തിയ കാല താമസത്തിലൂടെ തീവ്രവാദികള്‍ക്ക് രക്ഷപ്പെടാനും രേഖകള്‍ മാറ്റാനുമുള്ള അവസരവും സര്‍ക്കാര്‍ ഒരുക്കുകയായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. സപ്തംബര്‍ 23 ലെ മിന്നല്‍ ഹര്‍ത്താലിലുണ്ടായ നാശനഷ്ടം കണക്കിലെടുത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ 5.20 കോടി രൂപ സര്‍ക്കാരില്‍ അടയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. തുക അടക്കാത്ത പക്ഷം പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തില്‍ നിന്നടക്കം തുക ഈടാക്കാനായി റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം കേസുകള്‍ക്കു വേണ്ടി ചെലവഴിക്കാന്‍ കേരളത്തിലേക്കു ലോറിയില്‍ കൊണ്ടു വരികയായിരുന്ന 10 കോടി രൂപ വെല്ലൂരില്‍ വെച്ചു പിടികൂടിയ തമിഴ്‌നാട് പോലീസിന്റെ നടപടി രാഷ്ട്രവിരുദ്ധ ശക്തികളുടെ കണ്ണികള്‍ ഇപ്പോഴും നിഗൂഢമായി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ സൂചനയാണ്.
പോപ്പുലര്‍ ഫ്രണ്ടിന് തുര്‍ക്കിയിലെ ജിഹാദി സംഘടനയായ ഐ.എച്ച്.എച്ചുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി എന്‍.ഐ.എ. കണ്ടെത്തിയിട്ടുണ്ട്. മനുഷ്യാവകാശത്തിന്റെയും സേവനത്തിന്റെയും മുഖം മൂടിയണിഞ്ഞ് സിറിയയിലെ ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ അനുബന്ധ സംഘടനകള്‍ക്ക് ആയുധമെത്തിച്ചു കൊടുക്കുന്ന സംഘടനയാണിത്. കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ഈ സംഘടന ഇസ്താംബുളില്‍ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ കൊടും ഭീകര പ്രവര്‍ത്തനം നടത്തുന്ന ഐ.എസ്സുമായും അവര്‍ക്ക് ബന്ധമുണ്ട്. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും വന്‍തോതില്‍ ഫണ്ട് ശേഖരിക്കുന്നതും പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിനുള്ള കാരണമായി പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്ത് നടപ്പാക്കിയത് 12 കൊലപാതകങ്ങളാണ്. എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. പ്രവര്‍ത്തകനായ അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയിട്ടും അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സി.പി.എം. നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ തയ്യാറാകാതിരുന്നത് ഇവര്‍ക്കിടയിലുള്ള അവിശുദ്ധ സഖ്യത്തിന്റെ തെളിവായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സിമിയുടെ മറ്റൊരു പതിപ്പാണെന്ന് 2012 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പി.എഫ്.ഐ. പ്രവര്‍ത്തകര്‍ 27 കൊലപാതകക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കൂടുതലും ആര്‍.എസ്.എസ്, സി.പി.എം. പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നുമായിരുന്നു സര്‍ക്കാരിന്റെ സത്യവാങ്മൂലം. ഇതു കൂടാതെ പോപ്പുലര്‍ ഫ്രണ്ടില്‍ ലയിച്ച എന്‍.ഡി.എഫിന് 86 കൊലപാതക ശ്രമത്തിലും 106 വര്‍ഗീയ സ്വഭാവമുള്ള കേസുകളിലും ബന്ധമുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മാറാട് കലാപത്തിനും തൊടുപുഴയില്‍ കോളേജ് അദ്ധ്യാപകനായ ടി.ജെ.ജോസഫിന്റെ വലതു കൈപ്പത്തി മുറിച്ചു മാറ്റിയതിനും പിന്നില്‍ ഇതേ വിധ്വംസക ശക്തികളായിരുന്നു എന്ന വസ്തുതയും ഓര്‍ക്കേണ്ടതാണ്. കേരളത്തില്‍ സമീപകാലത്ത് നിരവധി ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ വധിച്ചതിനു പിന്നിലും ഇതേ ഭീകര സംഘടനയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ദേശീയ തലത്തിലുള്ള സംഘടനയായിരുന്നുവെങ്കിലും കേരളം തന്നെയായിരുന്നു അവരുടെ ബുദ്ധികേന്ദ്രം. സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ നിയന്ത്രിച്ചിരുന്നത് കേരളത്തില്‍ നിന്നുള്ള നേതാക്കളായിരുന്നു. അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ തികച്ചും അനുകൂലമായ സാഹചര്യമാണ് യു.ഡി.എഫ് ഭരണത്തിലും എല്‍. ഡി.എഫ് ഭരണത്തിലും കേരളത്തിലുണ്ടായിരുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതോടെ ഇന്ത്യയിലെ എല്ലാ ഭീകരവാദ പ്രവര്‍ത്തനങ്ങളും അവസാനിച്ചു എന്നു കരുതുന്നത് വിഡ്ഢിത്തമായിരിക്കും. മുസ്ലീം സമൂഹത്തില്‍ പല രൂപത്തില്‍ പല പേരുകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് അവരുടേതായ അജണ്ടകളുണ്ട്. ഭാരതത്തിന്റെ ദേശീയതയെയും സംസ്‌കാരത്തെയും അംഗീകരിക്കാത്തവരില്‍ നിന്ന് ജനാധിപത്യത്തിനും സമാധാനത്തിനും അനുകൂലമായ സമീപനം പ്രതീക്ഷിക്കാന്‍ കഴിയില്ലെന്ന് ദീര്‍ഘകാലത്തെ അനുഭവം വ്യക്തമാക്കുന്നുണ്ട്. ദ്വിരാഷ്ട്ര വാദം ഉന്നയിച്ച് മുസ്ലീങ്ങള്‍ നേടിയ പാകിസ്ഥാന് ജനാധിപത്യം സ്വീകരിക്കാന്‍ കഴിഞ്ഞില്ല എന്നു മാത്രമല്ല അത് ഇന്ന് ലോകത്തിലെ ഏറ്റവും ലക്ഷണമൊത്ത ഇസ്ലാമിക ഭീകര രാജ്യമാണ്. ലക്ഷണക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തും നഷ്ടപ്പെടുത്തിക്കൊണ്ട് വിഭജനത്തിലൂടെ പാകിസ്ഥാന്‍ നേടിയ ശേഷവും അവിടത്തേക്കാള്‍ മുസ്ലീങ്ങള്‍ ഉണ്ടായിരുന്നത് ഭാരതത്തിലായിരുന്നു. അവരില്‍ ബഹുഭൂരിപക്ഷവും പാകിസ്ഥാനു വേണ്ടി വാദിച്ച മുസ്ലീം ലീഗുകാരുമായിരുന്നു എന്നാണ് പറയപ്പെടുന്നത്. സ്വന്തമായി ഒരു ഇസ്ലാമിക രാജ്യം നേടിയതിനു ശേഷം ബാക്കി വന്ന ഭാരതത്തിലും എങ്ങനെ മതമേധാവിത്വം നടപ്പാക്കാം എന്നായിരുന്നു അവരുടെ ചിന്ത. ഭരണഘടനയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ അനുവദിച്ചതിലൂടെ വേറിടല്‍ മനോഭാവം അവരില്‍ ആളിക്കത്തിക്കുകയാണ് സ്വതന്ത്ര ഭാരതത്തിന്റെ ഭരണാധികാരികള്‍ ചെയ്തത്. സ്വാതന്ത്ര്യാനന്തരം കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ മുസ്ലീംലീഗ് പിരിച്ചു വിട്ടപ്പോഴും കേരളത്തില്‍ അത് തുടര്‍ന്നുവെന്നു മാത്രമല്ല കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും അധികാരരാഷ്ടീയത്തില്‍ അവരെ പ്രോത്സാഹിപ്പിക്കുന്ന നയം സ്വീകരിക്കുകയും ചെയ്തു. മൗദൂദിസത്തിന്റെ വക്താക്കളായ ജമാഅത്തെ ഇസ്ലാമിയെ പോലുള്ള സംഘടനകളും അവരുടെ രഹസ്യ അജണ്ടകളുമായി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തില്‍ പ്രവര്‍ത്തിച്ചു വരികയാണ്. ഭീകരവാദത്തിലേക്കു നയിക്കുന്ന എല്ലാ ചിന്താധാരകളെയും തിരിച്ചറിയാനും ഫലപ്രദമായി ചെറുത്തു തോല്‍പ്പിക്കാനും ജനാധിപത്യ സമൂഹത്തിനു കഴിയേണ്ടതുണ്ട്. അവരെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയ കക്ഷികളും രാഷ്ട്ര വിരുദ്ധമായ നടപടികളില്‍ നിന്നു പിന്മാറേണ്ടതും അനിവാര്യമാണ്. ഭീകരവാദ പ്രവര്‍ത്തനങ്ങളെ വേരോടെ പിഴുതെറിയാനുള്ള അവസരമായി പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും നിരോധനത്തെ എല്ലാവരും കാണേണ്ടതാണ്.