വിധ്വംസക പ്രവര്‍ത്തനങ്ങളിലൂടെ ഭാരതത്തില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ആസൂത്രിതമായ പ്രവര്‍ത്തനപദ്ധതികളുടെ വേരറുക്കുകയാണ് ഏതാനും ദിവസം മുന്‍പ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയും ഇ.ഡിയും സംയുക്തമായി നടത്തിയ റെയ്ഡിലൂടെയും അറസ്റ്റുകളിലൂടെയും ചെയ്തിരിക്കുന്നത്. ‘ഓപ്പറേഷന്‍ ഒക്ടോപ്പസ്’ എന്നു പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിലൂടെ പതിനഞ്ച് സംസ്ഥാനങ്ങളിലെ 93 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. ഇതിന്റെ തുടര്‍ച്ചയായി പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ നൂറ്റിയാറ് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
നിരോധിത സംഘടനകളായ സിമിയുടെയും എന്‍ഡിഎഫിന്റെയും പിന്തുടര്‍ച്ചാവകാശികളായി 2006 ലാണ് പോപ്പുലര്‍ ഫ്രണ്ട് രൂപീകൃതമായത്. അന്നുമുതല്‍ സംഘടിതമായ അനേകം വിധ്വംസക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവായി ഈ സംഘടന ഒളിഞ്ഞും തെളിഞ്ഞും രംഗത്തുണ്ടായിരുന്നു. 2010ല്‍ പ്രവാചക നിന്ദ ആരോപിച്ച് തൊടുപുഴയില്‍ പ്രൊഫ.ടി.ജെ.ജോസഫിന്റെ കൈവെട്ടിയത് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന നിരവധി കൊലപാതകങ്ങളിലും കലാപങ്ങളിലും പോപ്പുലര്‍ ഫ്രണ്ടിന്റെ കറുത്ത കൈകളുണ്ടായിരുന്നു.
2020 ല്‍ നടന്ന ദല്‍ഹി കലാപത്തിലും, പൗരത്വ നിയമഭേദഗതി, ഹിജാബ് വിവാദം എന്നിവയുമായി ബന്ധപ്പെട്ടുണ്ടായ കലാപങ്ങള്‍ക്കും പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഐഎസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പലര്‍ക്കും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു. തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളില്‍ വച്ച് അവിടുത്തെ ഭീകരസംഘടനകളുടെ നേതാക്കളുമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായും ആരോപണമുയര്‍ന്നിരുന്നു. 2013 ല്‍ നടന്ന നാറാത്ത് ആയുധപരിശീലനവും അടുത്ത കാലത്ത് ആലപ്പുഴയില്‍ നടത്തിയ കൊലവിളി മുദ്രാവാക്യവും സാമൂഹിക സന്തുലനം തകര്‍ക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചനയുടെ ഫലമായിരുന്നു. 2012 ല്‍ കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ സ്വഭാവം എടുത്തുകാണിക്കുന്നതായിരുന്നു. ഇപ്പോഴുണ്ടായ അറസ്റ്റിന്റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ കൂടുതല്‍ ഗുരുതരമായ കുറ്റങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ ഉന്നയിച്ചിരിക്കുന്നത്.
ജൂലായ് 12 ന് ബീഹാറിലെ പാട്‌നയില്‍ നടന്ന റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതി തയ്യാറാക്കിയിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടുന്നു. ഇതിനായി പ്രത്യേക പരിശീലന ക്യാമ്പും പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ചിരുന്നതായി ഇ.ഡി ആരോപിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപവും തീവ്രവാദ പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് 120 കോടിയോളം രൂപ പോപ്പുലര്‍ ഫ്രണ്ട് സമാഹരിച്ചതായും ഇ.ഡി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അനധികൃതമായ സാമ്പത്തിക സമാഹരണവും അന്താരാഷ്ട്ര ഭീകരസംഘടനകളുമായുള്ള ചങ്ങാത്തവും കൊലപാതകങ്ങളിലെ സംസ്ഥാനാന്തര ഗൂഢാലോചനകളുമൊക്കെ പോപ്പുലര്‍ ഫ്രണ്ട് ലക്ഷണമൊത്ത ഒരു ഭീകരസംഘടനയാണെന്നതിന്റെ മതിയായ തെളിവുകളാണ്.
പോപ്പുലര്‍ ഫ്രണ്ടിനെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അടുത്തിടെ ആരംഭിച്ചതല്ല. 2017ല്‍ തന്നെ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ രഹസ്യരേഖ കേന്ദ്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. 2018ലാണ് അനധികൃത സാമ്പത്തിക ഇടപാടുകളുടെ പേരില്‍ ഇ.ഡി പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. 2020ല്‍ ഒമ്പത് സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇതോടൊപ്പം അവരുടെ സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ കേരളത്തില്‍ നിന്നുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാവിനെ എപ്രില്‍ മാസത്തില്‍ ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നിന്നെല്ലാം ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ഈ നടപടികള്‍ ഉണ്ടായിരിക്കുന്നത്.
ദേശീയ അന്വേഷണ ഏജന്‍സികള്‍ നടത്തിയ റെയ്ഡിനും അറസ്റ്റിനുമെതിരെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് നടത്തിയ മിന്നല്‍ ഹര്‍ത്താലിനിടെ വ്യാപകമായ അക്രമങ്ങളാണ് അവര്‍ അഴിച്ചു വിട്ടത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 281 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഹര്‍ത്താലില്‍ 70 കെ.എസ്.ആര്‍.ടി.സി ബസുകള്‍ തകര്‍ക്കപ്പെട്ടതായും 42 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും അതിനെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടണമെന്നുമാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. ഹര്‍ത്താലിനെതിരെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് സ്വമേധയാ കേസെടുക്കുകയും ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ സ്വഭാവമുള്ള സംഘടനയാണെന്ന് ഹൈക്കോടതി മുന്‍പ് തന്നെ നിരീക്ഷിച്ചിട്ടുമുണ്ട്.
കേന്ദ്ര സേനയുടെ സഹായത്തോടെ ദേശീയ അന്വേഷണ ഏജന്‍സികള്‍ കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയ ദിവസം ഉണ്ടാവാതിരുന്ന ക്രമസമാധാനപ്രശ്‌നങ്ങള്‍ ഹര്‍ത്താല്‍ ദിനത്തില്‍ അരങ്ങേറിയത് സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതര വീഴ്ചയെയും കഴിവില്ലായ്മയെയുമാണ് കാണിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന കേരളത്തിലാണ് ഏതാനും മാസം മുന്‍പ് ആഭ്യന്തരവകുപ്പിന് കീഴില്‍ വരുന്ന അഗ്‌നിശമനസേന പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് പരിശീലനം നല്‍കിയത്. അതുകൊണ്ട് തന്നെയാണ് സംസ്ഥാന പോലീസിനെ മുന്‍കൂട്ടി അറിയിക്കാതെ സിആര്‍പിഎഫിന്റെ അകമ്പടിയോടെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് പൂര്‍ത്തിയാക്കിയതും. ഏകപക്ഷീയമായ റെയ്ഡാണ് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്നതെന്ന ആലപ്പുഴ യിലെ സിപിഎം എംപിയുടെ പ്രതികരണം മതഭീകരവാദികള്‍ക്ക് കുടപിടിക്കുന്ന കമ്മ്യൂണിസ്റ്റ് സമീപനത്തെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു.
ഭാരതത്തിന്റെ ‘ചുവപ്പ് ഇടനാഴിയില്‍’ വര്‍ഷങ്ങളോളം ദാക്ഷിണ്യമില്ലാതെ വിവിധ അര്‍ദ്ധ സൈനിക വിഭാഗങ്ങളും സംസ്ഥാന പോലീസ് സേനകളും സംയുക്തമായി നടത്തിയ ഓപ്പറേഷന്‍ റെഡ് ഹണ്ടിന്റെ ഫലമായാണ് അവിടങ്ങളിലെ കമ്മ്യൂണിസ്റ്റ് ഭീകരത ഏറെക്കുറെ നാമാവശേഷമായത്. കശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കിയ നടപടിയും വിഘടനവാദ ശക്തികള്‍ക്കെതിരെ നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ച കരുത്തുറ്റ തീരുമാനങ്ങളിലൊന്നായിരുന്നു. ഇതിനു സമാനമായ നടപടിയായി വേണം പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്ന ഓപ്പറേഷന്‍ ഒക്ടോപ്പസിനെയും നോക്കിക്കാണാന്‍. വിധ്വംസക ശക്തികളുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള ഈ നടപടികള്‍ അനിവാര്യവും അഭിനന്ദനാര്‍ഹവുമാണ്. സ്വാതന്ത്ര്യത്തിന്റെ വില തിരിച്ചറിയുകയും രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നയം സ്വീകരിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രതയും ഇച്ഛാശക്തിയുമാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരായ ഇപ്പോഴത്തെ നടപടികള്‍ കാണിക്കുന്നത്.