ഈ വര്‍ഷത്തെ ഗാന്ധിജയന്തി മുമ്പെന്നുമില്ലാത്ത വിധം ആഘോഷിക്കപ്പെട്ടു. ഐക്യരാഷ്ട്ര സഭയും പലസ്തീനും ശ്രീലങ്കയുമടക്കമുള്ള വിദേശികള്‍ ഗാന്ധിജിയെ ആദരിച്ചു. ഒട്ടുമിക്ക സംസ്ഥാനങ്ങളും ഗാന്ധിയന്‍ ആശയങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ പ്രായോഗികമാതൃകകള്‍ പുതിയ പദ്ധതിയായി സ്വീകരിച്ചു. യഥാര്‍ത്ഥത്തില്‍ ഈ ഒക്ടോബര്‍ രണ്ട് ഇത്രയധികം ശ്രദ്ധിക്കപ്പെട്ടത് ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികമായതു കൊണ്ടല്ല. മറിച്ച് ആര്‍ക്കും ഇരുളില്‍ തള്ളാനാവത്ത വിധം തിളങ്ങുന്ന ചില ഗാന്ധിയന്‍ ആദര്‍ശങ്ങളെ ഭാരതം മെല്ലെമെല്ലെ സ്വീകരിക്കാന്‍ തുടങ്ങിയതിന്റെ പ്രതിഫലനമാണിത്. ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് പ്രാധാന്യവും പ്രചാരവും നല്‍കുന്ന ഒരു ഭരണകൂടം ഇപ്പോഴാണ് ഭാരതത്തിനു ലഭ്യമായത്.
ഈ ഗാന്ധിജയന്തിയില്‍ നാം കണ്ട ആവേശം യഥാര്‍ത്ഥത്തില്‍ 2014 ലെ ഗാന്ധിജയന്തിയുടെ ബാക്കിപത്രമാണ്. ഗാന്ധിജിയുടെ ”അഴിച്ചു വെച്ച കണ്ണടയെ” മുദ്രയാക്കിക്കൊണ്ട് അന്നാരംഭിച്ച സ്വച്ഛഭാരത് ദൗത്യം പ്രായോഗിക തലത്തില്‍ ആവുന്നത്രയും മുന്നോട്ടു പോയിരിക്കുകയാണ്. അഞ്ചു വര്‍ഷം കൊണ്ട് ഇത്തരമാരു വലിയ ലക്ഷ്യത്തിനു കൈവരിക്കാവുന്നതിന്റെ പരമാവധിയില്‍ ഇതെത്തിയിരിക്കുന്നു. ഗാന്ധിജിയുടെ ഹൃദയം ആര്‍ക്കു വേണ്ടിയാണോ നിരന്തരം തുടിച്ചതും വിലപിച്ചതും ആ സര്‍വ്വസാമാന്യ ജനങ്ങള്‍ സ്വച്ഛഭാരത് ദൗത്യത്തെ രണ്ടു കൈയും നീട്ടി സ്വീകരിച്ചത് കൊണ്ടാണ് ഈ വിജയം. ഈ വിജയം നല്‍കിയ ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തിലാണ് പ്രധാനമന്ത്രി പുതിയ പദ്ധതി മുന്നോട്ടു വെച്ചത്. ഇതിന്റെ തന്നെ ശക്തിയിലാണ് ഒഡിഷ, മേഘാലയ, ദില്ലി, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ ഗാന്ധിജയന്തി ദിനത്തില്‍ പുതിയ കാല്‍വെയ്പ്പുകള്‍ നടത്തിയത്. ഇതില്‍ ഏറ്റവും ശ്രദ്ധേയം നിര്‍ദ്ദിഷ്ട ഇനത്തില്‍പ്പെടുന്ന പ്ലാസ്റ്റിക് നിരോധിക്കാനുള്ള ഒഡിഷ സര്‍ക്കാരിന്റെ തീരുമാനമാണ്.
അല്പം വൈകിയാണെങ്കിലും കേവലപ്രചരണത്തിന്റെയും വാഗ്ദാനങ്ങളുടെയും അപഹാസ്യതലത്തില്‍ നിന്നും ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ചെറുതായെങ്കിലും നാം സ്വീകരിച്ചു തുടങ്ങിയത് നല്ല ലക്ഷണമാണ്. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ഒരേസമയം തന്നെ കാലികവും കലാതിവര്‍ത്തിയുമായതുകൊണ്ടാണ് ഇപ്പോഴും അവ പ്രസക്തമാവുന്നത്. ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാനശിലകളില്‍ ഊന്നിനിന്നുള്ള ചിന്തകളാണ് അദ്ദേഹം വെച്ചു പുലര്‍ത്തിയിരുന്നത് എന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ അന്നത്തെ ആവശ്യത്തിനും നമ്മുടെ ഇന്നത്തെ ആവശ്യത്തിനും ഉപകരിക്കുന്ന തരത്തില്‍ അവ ചിരന്തനമായത്.
ഭാരതത്തിലെ ജനസാമാന്യങ്ങള്‍ ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഗാന്ധിയന്‍ സങ്കല്‍പ്പങ്ങള്‍ക്ക് അവരുടെ ജീവിതത്തില്‍ എന്നും ഇടം കൊടുത്തിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ തിരിച്ചു പറയുന്നതായിരിക്കും എളുപ്പം. ഭാരതത്തിലെ ജനസാമാന്യങ്ങളുടെ ജീവിതവുമായി നേരിട്ട് ബന്ധമുള്ള ആശയങ്ങളായിരുന്നു ഗാന്ധിയന്‍ തത്വചിന്തയുടെ അടിസ്ഥാനം. ലളിത ജീവിതം, അഹിംസ എന്ന മാനസിക നില, വ്രതങ്ങള്‍, പശുരക്ഷ, ഗ്രാമ്യസംസ്‌കാരസംരക്ഷണം മുതലായവ അതില്‍ പെടും. ഈ ജനസാമാന്യത്തെ പ്രതിനിധാനം ചെയ്യുന്ന വിനോഭാജി മുതല്‍ അണ്ണാഹസാരെ വരെയുള്ളവര്‍ക്ക് ഇത് പിന്തുടരാന്‍ കഴിഞ്ഞു. ഐന്‍സ്റ്റീന്‍ മുതല്‍ ഒബാമ വരെയുള്ളവര്‍ ഇതില്‍ പങ്കു ചേര്‍ന്നപ്പോള്‍ നെഹ്‌റു മുതല്‍ ശശി തരൂര്‍ വരെയുളള ചിലര്‍ ഈ കണ്ണിയില്‍ നിന്നും അറ്റുപോവുകയും ചെയ്തു. ഈ വിടവു നികത്തുന്ന പ്രക്രിയയാണ് ഇപ്പോള്‍ ഭാരതത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ അറിയാനും അറിയിക്കാനും ജീവിതത്തിലേക്ക് പകര്‍ത്താനും ശ്രമിക്കുന്ന ഒരു രാഷ്ട്രീയ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ മോദിക്കും അങ്ങനെയൊരു ജനസമൂഹത്തെ വാര്‍ത്തെടുക്കാന്‍ സംഘപരിവാറിനും സാധിച്ചു.
ഭാരതത്തിലെ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ജീവിതത്തെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ളതായിരുന്നില്ല ഗാന്ധിജിയുടെ ഭാഷാനയങ്ങള്‍. നമ്മുടെ രഷ്ട്രഭാഷയെക്കുറിച്ചും രാഷ്ട്രപുനര്‍നിര്‍മ്മാണത്തില്‍ രാഷ്ട്രഭാഷയ്ക്കുള്ള പങ്കിനെക്കുറിച്ചും ആ പദവിക്ക് വേണ്ടിയുള്ള ഹിന്ദിയുടെ യോഗ്യതയെക്കുറിച്ചും ഗാന്ധിജിക്ക് വ്യക്തമായ വീക്ഷണമുണ്ടായിരുന്നു. ആ വീക്ഷണം ഉള്‍ക്കൊള്ളുന്ന ഒരു സമൂഹവും ഭരണകൂടവും സൃഷ്ടിക്കപ്പെട്ടപ്പോഴാണ് ഒരു നൂറ്റാണ്ട് മുമ്പ് ഗാന്ധിജി പറഞ്ഞ ആശയം ഭാരതം വീണ്ടും ചര്‍ച്ച ചെയ്യുന്നത്. ഭാരതത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരുന്ന ഇ.എം.എസ് തള്ളിപറഞ്ഞ ഗാന്ധിജിയെ ആ വിചാരധാരയിലെ വാലറ്റക്കാരനായ മുഖ്യമന്ത്രി പിണറായി വിജയന് അംഗീകരിക്കേണ്ടി വന്നതും ഈ പശ്ചാത്തലത്തിലാണ്. അന്നുമിന്നും ഗാന്ധിജിയുടെ മരണത്തെക്കുറിച്ച് മാത്രം സംസാരിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോഴും ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടില്ലെങ്കിലും ചെറിയ തോതില്‍ മാറ്റം കണ്ടു തുടങ്ങിയിട്ടുണ്ട്.
ഗാന്ധിജിയുടെ രാഷ്ട്രഭാഷാ സങ്കല്‍പം
ദക്ഷിണാഫ്രിക്കയില്‍ നിന്നും ഭാരതത്തില്‍ വന്ന ശേഷം ആദ്യകാലങ്ങളില്‍ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളില്‍ തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രഭാഷാ സങ്കല്പങ്ങള്‍ പങ്കുവെച്ചു തുടങ്ങിയിരുന്നു. ആദ്യകാലത്തെ ഒരു പ്രഭാഷണം അദ്ദേഹം തുടങ്ങുന്നത് തന്നെ ”ഭംഗിയായി ഹിന്ദി സംസാരിക്കാന്‍ കഴിയാത്തതില്‍ ഞാന്‍ ലജ്ജിക്കുന്നു” എന്നു പറഞ്ഞു കൊണ്ടായിരുന്നു. 1916 ഫെബ്രുവരി 5 ന് കാശ്മീരില്‍ നടത്തിയ ഇതേ പ്രഭാഷണത്തിലാണ് സാഹിത്യമില്ലാതെ സ്വാതന്ത്ര്യം നേടുക അസാധ്യമെന്നും, ആ സാഹിത്യത്തിന്റെ ഭാഷ ഹിന്ദിയാണെന്നും അദ്ദേഹം പറഞ്ഞത്. ഒരു പടികൂടി കടന്ന്, നാളെ ഇവിടെ സംസാരിക്കാന്‍ പോകുന്ന ജഗദീഷ് ചന്ദ്രബോസ് ബംഗാളിയിലോ ഇംഗ്ലീഷിലോ ആണ് സംസാരിക്കുന്നതെങ്കില്‍ തനിക്ക് അദ്ദേഹത്തോട് നീരസം തോന്നിയെക്കാമെന്നും അദ്ദേഹം തുറന്നു പറഞ്ഞു. 1916 മുതല്‍ മരണം വരെ ഗാന്ധിജി ഈ നിലപാടില്‍ അയവു വരുത്തിയിട്ടില്ല.
സ്വാതന്ത്ര്യസമരത്തില്‍ സജീവമാകുന്ന ആദ്യത്തെ മൂന്നു വര്‍ഷങ്ങളിലും സ്വാതന്ത്ര്യപ്രാപ്തിയുടെ തൊട്ടുമുന്‍പുള്ള മൂന്നു വര്‍ഷങ്ങളിലും നടത്തിയ പ്രഭാഷണങ്ങളില്‍ അദ്ദേഹം നമ്മുടെ രാഷ്ട്രത്തിന് ഒരു പൊതുഭാഷ ആവശ്യമാണെന്ന കാര്യത്തിനു ഊന്നല്‍ കൊടുത്തതായി കാണാം.
ഹിന്ദിക്കു മാത്രമേ ഭാരതത്തിന്റെ രാഷ്ട്രഭാഷയാകാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം നിരവധി തവണ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട് (1917 മെയ് 28, 1917 ഒക്ടോബര്‍ 20, 1917 നവംബര്‍ 11, 1936 ആഗസ്റ്റ് 1, 1945 ഡിസംബര്‍ 20 തിയ്യതികളിലെ പ്രഭാഷണങ്ങളും എഴുത്തുകളും). ഇന്നു മുഴങ്ങിക്കേള്‍ക്കുന്ന തരത്തിലുള്ള ആരോപണങ്ങള്‍ അന്നും ഉണ്ടായിരുന്നു. അവയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയില്ലെന്ന് മാത്രമല്ല കൃത്യമായ മറുപടി നല്‍കി അവയെ അതിജീവിക്കുകയും ചെയ്തു. തനിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചവരില്‍ പലര്‍ക്കും നേരിട്ട് മറുപടി എഴുതിക്കൊണ്ട് ഹിന്ദിയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അദ്ദേഹം വ്യക്തമാക്കി. 1936 ഒക്ടോബര്‍ 19 നു ബീഹാറിലെ ഡോ. മഹമൂദിന് അദ്ദേഹം ഇങ്ങനെ എഴുതി, ”വളരെയധികം മനോവിഷമത്തിലാണ് ഞാന്‍ ഈ കത്തെഴുതുന്നത്. എന്റെ ഭാഗം പ്രതിരോധിക്കാനായി ഒരുപാട് പറയാനൊന്നും ഞാന്‍ മുതിരുന്നില്ല. താങ്കള്‍ കാര്യങ്ങള്‍ പൂര്‍ണ്ണമായും ഗ്രഹിച്ചിട്ടില്ല എന്നു തോന്നുന്നു. മൗലാനാ അബ്ദുള്‍ ഹഖ് പറഞ്ഞ വസ്തുതകള്‍ അപൂര്‍ണ്ണമാണ്. ഞാന്‍ ഹിന്ദി സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങിയിട്ട് പത്തു വര്‍ഷത്തോളമായി. ഹിന്ദിയെക്കുറിച്ചുള്ള എന്റെ ഈ വീക്ഷണങ്ങള്‍ 1908 മുതലുള്ളതാണ്. ഇക്കാര്യം വിശദമായി ഞാന്‍ ഹരിജനില്‍ എഴുതിയിട്ടുണ്ട്. ദയവായി അത് വായിച്ചാലും”. ഹിന്ദി രാഷ്ട്രഭാഷയാക്കണം എന്നഭിപ്രായപ്പെട്ടാല്‍ അത് വര്‍ഗീയമോ വിദ്വേഷകരമോ ആവുകയില്ലെന്ന് അദ്ദേഹം ഹരിജനില്‍ എഴുതി. അക്കാലത്തെ കമലഹാസനായിരുന്ന മൗലാനാ അബ്ദുല്‍ ഹഖ് ഗന്ധിജിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കുള്ള മറുപടിയെന്നോണമായിരുന്നു ഈ വാക്കുകള്‍. ഹിന്ദി പ്രചാരണത്തില്‍ മുഴുകിയിരുന്ന അമൃത കൗറിന് എഴുതിയ കത്ത് ഇതിനോട് കൂട്ടി വായിച്ചാല്‍ ഈ ആരോപണങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനം അതിദൃഡവും ദാര്‍ശനിക പിന്‍ബലമുള്ളതുമാണെന്നും മനസിലാവും. ”നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഹിന്ദി പ്രചാരണത്തോടുള്ള മുസ്ലീങ്ങളുടെ നിസ്സഹകരണത്തില്‍ ഞാന്‍ വ്യാകുലപ്പെടുകയില്ല. നമ്മുടെ ഉദ്ദേശ്യം ശുദ്ധവും കൃത്യവും സത്യസന്ധവും അവരുടെ സംശയങ്ങള്‍ ശരി വെക്കാത്തതുമാണെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ അവര്‍ നമ്മോടു സഹകരിക്കും”, എന്ന വാക്കുകള്‍ പ്രസ്തുതവിഷയത്തില്‍ അദ്ദേഹം സ്വീകരിച്ചിരിച്ചിട്ടുള്ള ഉറച്ച നിലപാടിന്റെയും വെള്ളം ചേര്‍ക്കാനാവാത്ത വിധമുള്ള പ്രതിബദ്ധതയുടെയും ശുഭാപ്തി വിശ്വാസത്തിന്റെയും ദൃഷ്ടാന്തങ്ങളാണ് (1937 ജൂലൈ 14).
ഗാന്ധിജിയുടെ വാദങ്ങള്‍
ഹിന്ദി പഠിക്കുകയെന്നത് വളരെ എളുപ്പമാണെന്നും ഭീരുത്വം കാരണമാണ് നാം ഹിന്ദിയെ നമ്മുടെ ദേശീയ വ്യവഹാരഭാഷ ആക്കാത്തതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ”ഭാരതത്തിന് ഒരു ദേശീയ ഭാഷ ഉണ്ടായിരിക്കണം , അത് ഹിന്ദിയായിരിക്കണം എന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. നമ്മുടെ ദേശീയവ്യവഹാരവും ആശയ വിനിമയും ഹിന്ദിയില്‍ നടത്തുക എന്നത് നമ്മുടെ കടമ തന്നെയാണ് (മുസാഫര്‍പൂര്‍ ,1917 നവംബര്‍ 11)”. ഹിന്ദി രാഷ്ട്രഭാഷയാക്കണം എന്ന ആവശ്യത്തിന് വ്യക്തമായ ഒരു ആശയ അടിത്തറ ഉണ്ടായിരുന്നു. ഭാഷ അതുപയോഗിക്കുന്ന ജനതയുടെ തനിമയെ പ്രതിഫലിപ്പിക്കുന്നു. ജനതയുടെ ജീവിതത്തില്‍ നിന്നുമാണ് ഭാഷ രൂപപ്പെടുന്നത്. അതുകൊണ്ട് ഭാഷ നശിക്കുന്നതോടെ ജനതയുടെ വ്യക്തിത്വവും നശിക്കും. ഭാരതത്തിലെ ബഹുഭൂരിപക്ഷം സാധാരണക്കാരുടേയും ജീവിതവും അവരുടെ സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന ഭാഷ ഹിന്ദിയാണ് എന്നാണ് ഗാന്ധിജിയുടെ അടിസ്ഥാന സങ്കല്‍പം. നമ്മുടെ ദേശീയതയുടെ വളര്‍ച്ചയ്ക്ക് ഹിന്ദി രാഷ്ട്രഭാഷയവേണ്ടത് അത്യാവശ്യമാണെന് അദ്ദേഹം പറഞ്ഞു. കാരണം നമ്മുടെ ദേശീയതയുടെ അടിത്തറ ഇവിടുത്തെ സാമാന്യജനതയാണ്, അവരുടെ ഭാഷ ഹിന്ദിയാണ് (1925 മാര്‍ച്ച് 24). രാഷ്ട്രഭാഷ സംബന്ധിച്ച് ഏകദേശം നാല്‍പതു വര്‍ഷത്തോളം ഗാന്ധിജിയുടെ മനസ്സിലുണ്ടായിരുന്ന സങ്കല്‍പം ഇതാണ്.
നമ്മളംഗീകരിച്ചാലും ഇല്ലെങ്കിലും ഹിന്ദി നമ്മുടെ രാഷ്ട്രഭാഷ ആയിക്കഴിഞ്ഞു എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ആരാലും വേര്‍പെടുത്താനാവാത്ത വിധം നൂറ്റാണ്ടുകളെ അതിജീവിച്ചു കൊണ്ട് ഹിന്ദി ഭാരതത്തിന്റെ ഭൂരിഭാഗം പ്രദേശത്തും നില നില്‍ക്കുന്നത് ഇതുകൊണ്ടാണ്. ഭാരതത്തെ അടിമയാക്കി ഭരിച്ച് ഇവിടെ തങ്ങളുടെ മതം വ്യാപിപ്പിച്ചവര്‍ക്ക് പോലും ഭാരതീയ ഭാഷകളെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. മുഗളന്മാരുടെ ഭരണത്തിനും ഹിന്ദിയെ ഇല്ലായ്മ ചെയ്യാന്‍ സാധിച്ചിട്ടില്ല. മറിച്ച് അവരുടെ ഭാഷ ഹിന്ദിയ്ക്ക് വഴങ്ങി കൊടുക്കുകയായിരുന്നു. അതുകൊണ്ടാണ് തങ്ങളുടെ ലിപിയില്‍ ഹിന്ദി എഴുതാന്‍ അവര്‍ നിര്‍ബ്ബന്ധിതരായത്., മുസ്ലീം രാജാക്കന്മാര്‍ക്ക് പോലും പേര്‍ഷ്യനോ അറബിയോ തങ്ങളുടെ ഭരണകാലത്ത് രാഷ്ട്രഭാഷയാക്കാന്‍ സാധിച്ചിട്ടില്ല എന്നദ്ദേഹം പറയുന്നു Muslim kings could not make Persian or Arabic the national language. They accepted the Hindi grammer and, employing the Urdu script, used more persian words. They could not use a foreign tongue in their dealings with the maasses (ഗുജറാത്ത് വിദ്യാഭ്യാസ സംഗമത്തിലെ പ്രഭാഷണം 1917 ഒക്ടോബര്‍ 20). സാധാരണക്കാരന്റെ ഭാഷ അവനില്‍നിന്നും വേര്‍പെടുത്തി അവന്റെ നാവില്‍ ഇംഗ്ലീഷിനെ പ്രതിഷ്ഠിക്കാന്‍ ബ്രിട്ടീഷുകാര്‍ക്കും സാധിച്ചിട്ടില്ല. ഭാഷ ഉപയോഗിച്ച് ഭാരതീയ സമൂഹത്തില്‍ ഒരു വിടവുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞുവെന്നു മാത്രം.
ബ്രിട്ടീഷുകാര്‍ എങ്ങനെയാണോ ഹിന്ദു-മുസ്ലീം മത ചിന്തകള്‍ ആളിക്കത്തിച്ചു ഇവിടുത്തെ ജനതയെ വിഭജിച്ചു നിര്‍ത്തിയത്, അത്രതന്നെ വിഭജന ശേഷിയുള്ള ഒരു സങ്കേതമാണ് ഭാഷ എന്നദ്ദേഹം പറയുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്ന ബഹുഭൂരിപക്ഷം പേരും ഇംഗ്ലീഷ് അറിയാത്ത -ഹിന്ദി സംസാരിക്കുന്ന- സാധാരണക്കാരെ രണ്ടാംതരം പൗരന്മാരായാണ് കണക്കാക്കുന്നത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്മാരെ പരിശീലിപ്പിക്കുന്നത് തന്നെ ഈ രീതിയിലാണ്. അങ്ങനെ പാവപ്പെട്ടവനെയും പണക്കാരനെയും തമ്മില്‍ വേര്‍തിരിക്കാന്‍ ഇംഗ്ലീഷ് ഹേതുവായിട്ടുണ്ട്. ഇപ്പോഴും ഈ സ്ഥിതിയില്‍ മാറ്റമൊന്നുമില്ല. എല്ലാ ഭാരതീയരും അഭിമാനത്തോടെ ഉപയോഗിക്കുന്ന ഒരു ദേശീയഭാഷ ഉണ്ടാവുകയെന്നതാണ് ഇതിനുള്ള പ്രതിവിധിയെന്നു ഗാന്ധിജി കരുതി. യഥാര്‍ത്ഥത്തില്‍ അന്നദ്ദേഹമനുഭവിച്ച ഏറ്റവും വലിയ പ്രതിസന്ധി സ്വാതന്ത്ര്യ സമരനിരയിലെ ഹിന്ദു-മുസ്ലീം അനൈക്യമായിരുന്നു. അത്രതന്നെ ഗൗരവമുള്ള ഒരു പ്രതിസന്ധിയായാണ് അദ്ദേഹം ഹിന്ദി-ഇംഗ്ലീഷ് വേര്‍തിരിവിനെയും കണ്ടത്. സ്വാതന്ത്ര്യത്തിനു ശേഷവും നമ്മുടെ ജനത വേര്‍പെട്ടു നില്‍ക്കാനുള്ള ഒരു കാരണമായി ഭാഷ മാറുമെന്ന് അദ്ദേഹത്തിന്റെ ഉള്‍ക്കണ്ണുകള്‍ പറഞ്ഞു കാണും. ഈ പ്രശ്‌നം പരിഹരിക്കുവാനുള്ള ഒരേയൊരു മാര്‍ഗ്ഗമായി അദ്ദേഹം കണ്ടത് നമുക്കൊരു രാഷ്ട്രഭാഷ ഉണ്ടായിരിക്കുക എന്നതാണ്. നമുക്ക് രാഷ്ട്രീയ അധികാരമുണ്ടായിരുന്നെങ്കില്‍ ഇതു പരിഹരിക്കാമായിരുന്നു എന്നുമദ്ദേഹം പറഞ്ഞു (1917).
ഏതെങ്കിലുമൊരു ഭാഷ രാഷ്ട്രഭാഷയായി സ്വീകരിക്കപ്പെടണം എന്നതായിരുന്നു അദ്ദേഹത്തിന്റെ അടിയുറച്ച കാഴ്ചപ്പാട് . രാഷ്ട്രഭാഷയ്ക്ക് വേണ്ടി വളരെ ലളിതമായ അഞ്ചു യോഗ്യതകള്‍ അദ്ദേഹം നിര്‍ണ്ണയിക്കുന്നു.
1. ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ.
2. എല്ലാ ഭാരതീയര്‍ക്കും പഠിക്കാന്‍ എളുപ്പമുള്ള ഭാഷ.
3. നമ്മുടെ രാഷ്ട്രീയവും മതപരവുമായ ചിന്തകളെ പ്രതിഫലിപ്പിക്കുന്ന ഭാഷ.
4. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായ ഭാഷ.
5. താത്കാലിക പരിതസ്ഥിതികളെ കണക്കിലെടുക്കാതെ തെരഞ്ഞെടുത്താലും നിലനില്‍ക്കാന്‍ കെല്പുള്ള ഭാഷ.
തന്റെ അഞ്ചു കാര്യങ്ങളും പൂര്‍ണ്ണമായി നിര്‍വ്വഹിക്കാന്‍ ഇംഗ്ലീഷിനു സാധിക്കുകയില്ലെന്ന് ഗാന്ധിജി തറപ്പിച്ചു പറയുന്നുണ്ട്. ഈ അഞ്ചാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ഹിന്ദിയോടു കിടനില്‍ക്കാന്‍ മറ്റു ഭാഷകള്‍ക്ക് ത്രാണിയില്ലെന്ന് ഗാന്ധിജി വ്യക്തമാക്കുന്നു. ഇംഗ്ലീഷ് പരാജയപ്പെട്ടിടത്ത് ഹിന്ദി വിജയിക്കുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു.
ഈ ആശയങ്ങള്‍ വെറുതെ സൈദ്ധാന്തികമായി പറഞ്ഞു പോവുന്നതിനു പകരം തന്റെ സ്വതസിദ്ധമായ ശൈലിക്കനുസരിച്ചു ഹിന്ദിയെ രാഷ്ട്രഭാഷയാക്കാനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ കൂടി ഗാന്ധിജി പരസ്യമായി പങ്കുവെച്ചിട്ടുണ്ട്. മറാഠിയില്‍ പ്രയോഗത്തിലിരിക്കുന്നത് പോലെയുള്ള ഹിന്ദി പഠന സഹായികള്‍ എല്ലാ ഭാഷകളിലും പ്രചരിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദിക്ക് തനതായ ഒരു ബൃഹദ് വ്യാകരണ ഗ്രന്ഥം അച്ചടിക്കണമെന്ന് അദ്ദേഹം ഹിന്ദി പ്രചാര സഭയോട് ആവശ്യപ്പെട്ടിരുന്നു. നിയമ നിര്‍മ്മാണ സഭകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഭാരതീയര്‍ ഹിന്ദി ഉപയോഗിക്കണം. കോണ്‍ഗ്രസ് സമ്മേളനങ്ങളിലും കോടതികളിലും ഹിന്ദി മാത്രമേ ഉപയോഗിക്കാവൂ. പ്രാദേശിക തലത്തില്‍ ഹിന്ദി പഠിപ്പിക്കാന്‍ ആളുകള്‍ മുന്നോട്ടു വരണം . ഇതൊരു മിഷണറി പ്രവര്‍ത്തനമായി എടുത്ത് അതിന് വേണ്ടി സമയം നല്‍കാന്‍ ത്യാഗസന്നദ്ധരായ യുവാക്കള്‍ മുന്നോട്ടു വരണമെന്നും ഗാന്ധിജി ആഗ്രഹിച്ചു.
ഗാന്ധിജിയുടെ ഹിന്ദി ഉറുദു വീക്ഷണം
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ മറച്ചു പിടിച്ചുകൊണ്ട് ഗാന്ധിജി ഹിന്ദുസ്ഥാനി ഭാഷയ്ക്ക് വേണ്ടിയാണ് വാദിച്ചതെന്നു മാത്രം ചില ജീവചരിത്രകാരന്മാര്‍ പ്രചരിപ്പിക്കുന്നുണ്ട്. ശരിയാണ്, ഗാന്ധിജി ഹിന്ദുസ്ഥാനി ഭാഷയെക്കുറിച്ചാണ് സംസാരിച്ചത്. എന്നാല്‍ തന്റെ ഹിന്ദുസ്ഥാനിയെന്നത് ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നത് പോലെ ഹിന്ദിയും ഉറുദുവും ചേര്‍ന്ന ഭാഷയാണ് എന്നദ്ദേഹം പറയുന്നുണ്ട്. പ്രായാഗിലെ ഹിന്ദിയോ ലക്‌നൌവിലെ ഉറുദുവോ അല്ല. സംസ്‌കൃതവും പേര്‍ഷ്യനും കലരാത്ത സാധാരണക്കാരന്റെ ഹിന്ദിയാണ് തന്റെ ഹിന്ദുസ്ഥാനി എന്നദ്ദേഹം ഉറപ്പിക്കുന്നു.
അതേസമയം തന്നെ, ഹിന്ദിയും ഉറുദുവും വ്യത്യസ്ത ഭാഷകളല്ല എന്നും അദ്ദേഹം പറയുന്നു. വാമൊഴിയായി ഹിന്ദിയും ഉറുദുവും യഥേഷ്ടം ഉപയോഗിക്കാം, ലിപി ദേവനാഗരിയായിരിക്കും, ഇതായിരുന്നു ഗാന്ധിജിയുടെ ഹിന്ദുസ്ഥാനി ഭാഷCall it Hindi or Urdu as you like, the language of the people in North India is the same thing: ഗുജറാത്ത് വിദ്യാഭ്യാസ സംഗമത്തിലെ പ്രഭാഷണം 1917 ഒക്ടോബര്‍ 20). ലിപി ദേവനാഗരി തന്നെ ആയിരിക്കണം എന്നദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഹിന്ദി സംസാരിക്കാത്ത പ്രവിശ്യകളില്‍ ഈ ലിപിയിലാണ് ഭാഷ പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം നിരന്തരം പറഞ്ഞിരുന്നു. ചുരുക്കത്തില്‍ ഉത്തര ഭാരതത്തിലെ സംസാരഭാഷ ഹിന്ദി ലിപിയില്‍ എഴുതുന്നതാണ് ഗന്ധിജിയുടെ ഹിന്ദുസ്ഥാനി . അതായത് ഇന്നത്തെ ശുദ്ധഹിന്ദി.
മാതൃഭാഷയും ഹിന്ദിയും
ഹിന്ദി രാഷ്ട്രഭാഷയാക്കണം എന്നു ഗാന്ധിജി വാദിച്ചത് മാതൃഭാഷകളെ (പ്രാദേശിക ഭാഷകള്‍ എന്ന് പ്രയോഗിക്കാത്തത് മനഃപൂര്‍വ്വമാണ്) തിരസ്‌കരിച്ചു കൊണ്ടല്ല. ഇംഗ്ലീഷിനെ ദേശീയവല്‍ക്കരിക്കാനുള്ള വൈസ്രോയി ചെംസ്‌ഫോര്‍ഡിന്റെ നേതൃത്വത്തിലുള്ള നീക്കത്തെയായിരുന്നു അദ്ദേഹം എതിര്‍ത്തത്. പ്രവിശ്യകള്‍ തങ്ങളുടെ മാതൃഭാഷകളെ പോലും തിരസ്‌കരിച്ചു കൊണ്ട് ഇംഗ്ലീഷിനെ സ്വീകരിക്കാന്‍ തുനിയരുത് എന്നദ്ദേഹം ആണയിട്ടു പറഞ്ഞു. ഒരു പ്രദേശത്തിന്റെ തനിമയും സംസ്‌കാരവും കുടികൊള്ളുന്നത് മാതൃഭാഷയില്‍ ആണെന്ന കാര്യത്തില്‍ കാറല്‍ മാര്‍ക്‌സിനു പോലും സംശയമില്ലെങ്കില്‍ പിന്നെ ഗാന്ധിജിക്ക് അക്കാര്യത്തില്‍ ആശങ്ക കാണുമെന്നു ചിന്തിക്കാന്‍ ന്യായമില്ല. 1917-ല്‍ ഗുജറാത്തില്‍ വിദ്യാഭ്യാസത്തെക്കുറിച്ച് നടത്തിയ പ്രഭാഷണത്തില്‍ പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയില്‍ ആയിരിക്കമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നുണ്ട്. വ്യക്തിയുടെ ത്വരിതവികാസത്തിന് മാതൃഭാഷയിലൂടെയുള്ള പ്രാഥമികവിദ്യാഭ്യാസം മറ്റെന്തിനെക്കാളും ഗുണം ചെയ്യുമെന്നത് സര്‍വ്വസമ്മതമാണ്. വിദ്യാഭ്യാസം പട്ടിണിപാവങ്ങള്‍ക്ക് പോലും പ്രാപ്യമാവുന്ന തരത്തിലായിരിക്കണം. അതിന് മാതൃഭാഷ മാധ്യമമാവേണ്ടത് അനിവാര്യമാണ്. മറ്റെല്ലാം വഴിയെവരും എന്നായിരുന്നു അദ്ദേഹത്തിന്റെ ആശയം. ഇംഗ്ലീഷു പഠിക്കുന്നത് വലിയ നേട്ടമാണെന്ന ചിന്ത മാറണം. ഒരു സാഹിത്യഭാഷ എന്നതില്‍ കവിഞ്ഞു ഇംഗ്ലീഷിനു ഭാരതീയരുടെ ജീവിതത്തില്‍ സ്വാധീനമുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. മഹാകവി ടാഗോറിന് നോബല്‍ സമ്മാനം കിട്ടിയത് ഇംഗ്ലീഷ് സാഹിത്യത്തിനായിരുന്നില്ല, ബംഗാളി സാഹിത്യത്തിനായിരുന്നു എന്നദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഒരുപടി കൂടികടന്ന് , മാതൃഭാഷയിലുള്ള പ്രാഥമിക വിദ്യാഭ്യാസം രാഷ്ട്രത്തിന്റെ ആയിരക്കണക്കിന് മനുഷ്യവര്‍ഷങ്ങള്‍ ലാഭിക്കുമെന്ന് ഗാന്ധിജി പറഞ്ഞു. ഒരു കുട്ടി ഇംഗ്ലീഷില്‍ 16 വര്‍ഷം കൊണ്ട് പഠിക്കുന്ന കാര്യങ്ങള്‍ മാതൃഭാഷയില്‍ 10 വര്‍ഷം കൊണ്ട് പഠിച്ചെടുക്കുമെന്ന് ഗാന്ധിജി പറയുന്നു. ഇങ്ങനെയുള്ള ആയിരക്കണക്കിന് കുട്ടികളുടെ ആറു വര്‍ഷങ്ങള്‍ രാഷ്ട്രപുരോഗതിക്കു നൂറു വര്‍ഷങ്ങളുടെ ഗുണം ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അന്നത്തെ സാഹചര്യത്തില്‍ ഈ വാക്കുകള്‍ പൂര്‍ണ്ണമായും ശരി വെക്കാവുന്നതാണ്. വര്‍ഷക്കണക്കുകള്‍ മാറ്റിവെച്ചാലും ഈ ആശയത്തിന്റെ ഉദ്ദേശ്യം വളരെ വ്യക്തവും, ഇന്നും പ്രസക്തവുമാണ്.
അത്ഭുതകരമായ മറ്റൊരു കാര്യം ഈ ആശയം പങ്കുവെച്ച അതേ വേദിയില്‍ തന്നെ അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഹിന്ദി രാഷ്ട്രഭാഷയാക്കണം എന്നദ്ദേഹം പ്രസംഗിച്ചത്. ധാരാളം ദ്രാവിഡര്‍ ഹിന്ദി സംസാരിക്കുന്നത് താന്‍ കേട്ടിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശിലെ തെലുങ്ക് സംസാരിക്കുന്ന ജനതയുടെ ഹിന്ദിയോടുള്ള അഭിനിവേശത്തെയും ആദ്ദേഹം പ്രശംസിച്ചു. അനുകരണീയമായ മാതൃകയാണ് അതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഹിന്ദി പഠിക്കാനും പഠിപ്പിക്കാനും ഭാരതത്തിന്റെ ദക്ഷിണഭാഗത്തുള്ള സംസ്ഥാനങ്ങള്‍, പ്രത്യേകിച്ചും മദ്രാസില്‍ പരിശ്രമങ്ങള്‍ ഉണ്ടാവണം. ദേശീയോദ്ഗ്രഥനത്തിനുള്ള നമ്മുടെ കടമയായി ഇതിനെ കാണണം. സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ചില വിഷമതകള്‍ ഉണ്ടാവുമെങ്കിലും ചില സാധ്യതകളും ഇക്കാര്യത്തില്‍ ഉണ്ട്. ദേശീയ തലത്തിലുള്ള നിര്‍ബന്ധങ്ങള്‍ക്കും നിയമങ്ങള്‍ക്കും കാത്തു നില്‍ക്കാതെ ഇക്കാര്യം സ്വയം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് എളുപ്പം സാധിക്കും. ബ്രിട്ടീഷുകാരുടെ ഇംഗ്ലീഷുവല്‍ക്കരണത്തെ ഫലപ്രദമായി ചെറുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങളുടെ വേദികളില്‍ വെച്ച്, പ്രത്യേകിച്ചും മദ്രാസില്‍, ഹിന്ദിയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം ഹിന്ദി പ്രചാരസഭയുടെ വേദികളില്‍ ഹിന്ദിയുടെ രാഷ്ട്രഭാഷാസ്ഥാനത്തെക്കുറിച്ച് പറയുന്നതോടൊപ്പം മാതൃഭാഷയുടെ ജൈവികമായ പ്രാധാന്യത്തെക്കുറിച്ച് പറയുകയും ചെയ്തിട്ടുണ്ട് (1918ലെ ഹിന്ദി സാഹിത്യ സമ്മേളനം, ഇന്‍ഡോര്‍). ഗാന്ധിജിയുടെ ഹിന്ദിപ്രേമം മാതൃഭാഷയ്ക്ക് വിരുദ്ധമായിരുന്നില്ല. അതിനെ നിലനിര്‍ത്തിക്കൊണ്ടു തന്നെ ഒരു രാഷ്ട്രം ഒരു ഭാഷ എന്നതിന്റ ആനുകാലികവും അനുകാലികവുമായ പ്രസക്തിയായിരുന്നു അദ്ദേഹത്തിന്റെ ചിന്താവിഷയം.
സമകാലീനരായ മഹാന്മാരുടെ വീക്ഷണങ്ങള്‍
ഹിന്ദി രാഷ്ട്രഭാഷയാക്കണം എന്ന് പ്രസംഗിക്കുകയോ എഴുതുകയോ ചെയ്യുന്ന സമയങ്ങളില്‍ അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരായ മറ്റു ചില മഹാന്മാരുടെ ആശയങ്ങളുടെ പിന്‍ബലം തേടിയിരുന്നു. ഭാഷ കൊണ്ട് മറാഠിയായിരുന്ന ലോകമാന്യ തിലകനും ഇംഗ്ലീഷുകാരിയായിരുന്ന ആനിബസന്റും ഹിന്ദിക്ക് വേണ്ടി വാദിക്കുന്ന കാര്യം ഗാന്ധിജി ചൂണ്ടിക്കാട്ടി. തിലകന്‍ പറയുക മാത്രമല്ല ഹിന്ദിയില്‍ പത്രം തുടങ്ങി അതു പ്രാവര്‍ത്തികമാക്കുകയും ചെയ്ത കാര്യം ഗാന്ധിജി ഉദാഹരിക്കുന്നുണ്ട്. വൈസ്രോയിയേക്കാള്‍ നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ കഴിവുള്ള വ്യക്തിയാണ് മദന്‍ മോഹന്‍ മാളവ്യാജി എന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടു. അതേ മാളവ്യാജി ഹിന്ദി രാഷ്ട്രഭാഷയാക്കണം എന്നു പറഞ്ഞ കാര്യവും ഗാന്ധിജി ഒന്നിലധികം തവണ ഉദ്ധരിച്ചിട്ടുണ്ട്. ഇംഗ്ലീഷു വിദ്യാഭ്യാസം നേടിയ അക്കാലത്തെ പല ദേശീയവാദികളും അതു സ്വാതന്ത്ര്യസമരത്തിന് വേണ്ടിയാണ് ഉപയോഗിച്ചത്. ഇംഗ്ലീഷു പോലെ തന്നെ ഹിന്ദിയും സ്വാതന്ത്ര്യസമരത്തിന് ഉപയോഗിക്കണം എന്നതായിരുന്നു ഗാന്ധിജിയുടെ വീക്ഷണം.
ഗാന്ധിയന്‍ ആശയങ്ങളുടെ ഐച്ഛിക സ്വീകരണം
ഗാന്ധിജിയുടെ ആശയങ്ങള്‍ക്കുള്ള ദാര്‍ശനികമായ ആഴംകൊണ്ടും പ്രായോഗികവല്‍ക്കരണത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള വൈയക്തികമായ കാഠിന്യം കൊണ്ടും ഗാന്ധിജിയുടെ ആശയങ്ങളില്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രം സ്വീകരിക്കുക എന്ന ശൈലി നെഹ്‌റുവിന്റെ കാലം മുതല്‍ പലരും അനുവര്‍ത്തിച്ചു പോരുന്നതാണ്. ഗാന്ധിത്തൊപ്പി ധരിച്ചു ഗാന്ധിവിരുദ്ധ ജീവിതം നയിക്കുന്നത് പോലെ തന്നെ അപൂര്‍ണ്ണമാണ് ഗാന്ധിയന്‍ ആശയങ്ങളുടെ ഐച്ഛിക സ്വീകരണവും. ഗാന്ധിയന്‍ ആശയങ്ങള്‍ വിവിധങ്ങളാണെങ്കിലും ആദര്‍ശം തനതായ അസ്ഥിത്വമുള്ള ഒന്നാണ്. ആ അസ്തിത്വത്തെ ഒഴിവാക്കിക്കൊണ്ട് തങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ഗാന്ധിജിയെക്കുറിച്ച് സംസാരിക്കാന്‍ മടികാണിക്കുന്നില്ല. ഈ ഐച്ഛിക സ്വീകരണത്തിന്റെ ഏറ്റവും പുതിയ ഇരയാണ് അദ്ദേഹത്തിന്റെ രാഷ്ട്രഭാഷാ സങ്കല്പങ്ങളുടെ തിരസ്‌കാരം. മുന്‍ കാലങ്ങളില്‍ ഗാന്ധിജിയെ തിരസ്‌കരിച്ചത് പോലെ തന്നെയാണ് ഇക്കാലത്ത് ചില ഗാന്ധിയന്‍ ആശയങ്ങളെ മാത്രം തെരഞ്ഞുപിടിച്ചു തിരസ്‌കരിക്കുന്നത്. ഗാന്ധിജിയുടെ രാഷ്ട്രഭാഷാ സങ്കല്‍പ്പത്തോടും സൊ കോള്‍ഡ് ഗന്ധിയന്മാര്‍ അനുവര്‍ത്തിച്ച നയം ഇതാണ്.
ഹിന്ദിയും പ്രാദേശിക വാദവും
നമ്മുടെ ദേശീയഗാനവും ഗീതവും ബംഗാളിയിലാണ്. സങ്കുചിത മത-രാഷ്ട്രീയ താത്പര്യങ്ങള്‍ വെച്ചു പുലര്‍ത്തുന്ന ചില പിന്‍തിരിപ്പന്‍ ശക്തികള്‍ക്കൊഴികെ ഏതുഭാഷ സംസാരിക്കുന്ന പൊതുജനങ്ങള്‍ക്കും ഇതില്‍ മനോവിഷമമില്ല. ഇവയൊക്കെ ദേശീയ ചിഹ്നങ്ങളായി കാണുന്നത് കൊണ്ടാണ് അങ്ങനെ തോന്നാത്തത്. കടുവ, മയില്‍, താമര, അശോകസ്തംഭം, ധര്‍മ്മചക്രം എന്നിവയോടോന്നും പൊതുവേ ഭാരതീയര്‍ക്ക് അതൃപ്തിയില്ല. ഹിന്ദിയെ എതിര്‍ക്കുന്ന കുപ്രചരണക്കാര്‍ക്കും ഇക്കാര്യത്തില്‍ എതിര്‍പ്പില്ല, കാരണം ഇവയൊന്നും വോട്ടു ബാങ്ക് സൃഷ്ടിക്കുന്നില്ല. എന്നാല്‍ ഹിന്ദിയുടെ കാര്യത്തില്‍ അങ്ങനെയല്ല. തങ്ങളുടെ വോട്ടു ബാങ്ക് സജീവമാക്കി നിര്‍ത്താനുള്ള ചിലരുടെ ആയുധമാണ് ഹിന്ദിവിരുദ്ധത. ഇതുകൊണ്ട് യഥാര്‍ത്ഥത്തില്‍ നഷ്ടം ഉണ്ടായിരിക്കുന്നത് അതാതു സംസ്ഥാനങ്ങളിലെ അഭ്യസ്തവിദ്യരായ ജനങ്ങള്‍ക്കാണ്. തൊഴില്‍ സംബന്ധിയായ ആവശ്യാനുസരണം അന്തര്‍ സംസ്ഥാന കുടിയേറ്റങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് പുതിയ തലമുറയാണ് ഇത്തരം രാഷ്ട്രീയവ്യായാമങ്ങളുടെ ദോഷങ്ങള്‍ അനുഭവിക്കുന്നത്. സായുധസേനകളിലും, കേന്ദ്ര സര്‍ക്കാര്‍ സേവനങ്ങളിലും, ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇക്കാര്യം എളുപ്പത്തില്‍ മനസ്സിലാവും.
ഗുജറാത്തിയായിരുന്ന ഗാന്ധിജിയുടെ ഹിന്ദിപ്രേമം തദ്ദേശ ഭാഷകള്‍ക്ക് എതിരാണെന്ന് പറയാനും മടിക്കാത്ത വിധം പ്രാദേശികവാദം അതിന്റെ ഏറ്റവും സങ്കുചിതമായ തലങ്ങളില്‍ എത്തിയിരിക്കുകയാണ്. മഹാരാഷ്ട്ര , കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, ഉത്തര പൂര്‍വ്വ ഭാരതം എന്നിടങ്ങളില്‍ കെട്ടടങ്ങിയ പ്രാദേശികവാദം തമിഴ്‌നാട്ടിലും കേരളത്തിലും ബംഗാളിലും നിലനിര്‍ത്താനാണ് കമലഹാസനെയും പിണറായി വിജയനെയും പോലെയുള്ള സങ്കുചിത രാഷ്ട്രീയക്കാരും കേരളത്തിലെ ചില സൈബര്‍ മതമൗലികവാദികളും പരിശ്രമിക്കുന്നത്. അതിന്റെ ഉത്തമ ഉദാഹരണമാണ്, ഹിന്ദിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ശേഷമുണ്ടായ വിവാദങ്ങള്‍. ഹിന്ദിയെക്കുറിച്ച് അദ്ദേഹത്തിന്റെ ഹിന്ദിയിലുള്ള പ്രസംഗം ഹിന്ദി അറിയാത്തവര്‍ കേട്ട് മനസിലാക്കിയിട്ടാണ് ഈ കോലാഹലങ്ങള്‍ എന്നതാണ് അത്ഭുതം.
ഗാന്ധിജിയെ പ്രതിധ്വനിപ്പിച്ച ആഭ്യന്തര മന്ത്രിയുടെ ഗതി
നൂറു വര്‍ഷം മുമ്പ് ഗാന്ധിജി പറഞ്ഞ അതേ കാര്യം തന്നെയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ഹിന്ദി ദിവസത്തില്‍ തന്റെ പ്രഭാഷണത്തില്‍ പറഞ്ഞത്. ഹിന്ദിവിരോധം കൊണ്ടോ അമിത് ഷായോടുള്ള വിരോധം കൊണ്ടോ എന്ന് വേര്‍തിരിച്ചു മനസിലാക്കാനാവാത്ത വിധം അദ്ദേഹത്തിന് നേരെ വിമര്‍ശന ശരങ്ങളുയര്‍ന്നു. അമിത് ഷാ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നു, ഭാരതത്തിന്റെ ബഹുസ്വരത നഷ്ടമാകുന്നു, മാതൃഭാഷകളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നു എന്നൊക്കെയായിരുന്നു വാദം. എന്നാല്‍ തന്റെ 28 മിനിട്ട് നേരത്തെ പ്രസംഗത്തില്‍ ഒരിടത്ത് പോലും ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന സ്വരത്തില്‍ നേരിട്ടോ വ്യംഗ്യമായോ അദ്ദേഹം സംസാരിച്ചിട്ടില്ല. മാതൃഭാഷയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു എന്ന ആരോപണത്തിന് യാതൊരു മൂല്യവുമില്ലെന്ന് അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടാല്‍ മനസിലാവും. ഇക്കാര്യത്തില്‍ ഒരു സംശയത്തിനിട നല്‍കാത്തവിധം മാതൃഭാഷയുടെ പ്രാധാന്യം മൂന്നു തവണയാണ് അദ്ദേഹം ആവര്‍ത്തിച്ചത്. ആഭ്യന്തര മന്ത്രിയുടെ പ്രസംഗവും ഗാന്ധിജിയുടെ വീക്ഷണവും തമ്മിലുള്ള അടുപ്പം താഴെ കൊടുത്തിരിക്കുന്നു.
തന്റെ പ്രസംഗത്തില്‍ ഒരിടത്ത് പോലും ഗാന്ധിജി പറഞ്ഞത് പോലെ ഹിന്ദി രാഷ്ട്രഭാഷയാക്കണം എന്ന് അമിത് ഷാ കടുപ്പിച്ചു പറഞ്ഞിട്ടില്ല. മാത്രമല്ല, എല്ലാ തവണയും ഭരണഭാഷ എന്ന പദം തന്നെയാണ് അദ്ദേഹം ഉപയോഗിച്ചത്. ഹിന്ദി പ്രചരിപ്പികുകയെന്നാല്‍ മറ്റു ഭാഷകളെ ഇല്ലായ്മ ചെയ്യുക എന്ന് ഒരിക്കലും അര്‍ത്ഥമാക്കുന്നില്ല എന്നദ്ദേഹം തറപ്പിച്ചു പറഞ്ഞതാണ്. നമ്മുടെ ഭരണഘടനയില്‍ 9 വകുപ്പുകളാണ് ഭാഷയെക്കുറിച്ച് വിശദീകരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഭാഷ ഭാവിയില്‍ സങ്കീര്‍ണ്ണതയുള്ള ഒരു പ്രശ്‌നമായി മാറാതിരിക്കാനാണ് വളരെ കൃത്യമായും സ്പഷ്ടമായും അതിനെക്കുറിച്ച് വിശദീകരിക്കാന്‍ നമ്മുടെ പൂര്‍വികര്‍ തയ്യാറായത്. ഭരണഘടനയില്‍ പൗരത്വവും രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയെയും ഹൈക്കോടതികളെയും നിര്‍വചിക്കുന്ന അത്രത്തോളം എണ്ണത്തിലും ഗൗരവത്തിലുമാണ് ഭാഷയെ സംബന്ധിച്ച വകുപ്പുകളും നല്‍കിയിട്ടുള്ളത്. 1965 മുതല്‍ ദേവനാഗരി ലിപിയിലുള്ള ഹിന്ദിയായിരിക്കണം നമ്മുടെ ഔദ്യോഗിക ഭാഷയെന്നു ഭരണഘടന നിര്‍ദേശിക്കുന്നു (വകുപ്പ് – 343). മാത്രമല്ല ഹിന്ദിയുടെ പ്രചരണം കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഭരണഘടന പറയുന്നു (വകുപ്പ് – 351). മഹാത്മാഗാന്ധിയും ഭരണഘടനയും നിര്‍ദേശിച്ച തത്വങ്ങളെ പങ്കുവെച്ച ആഭ്യന്തരമന്ത്രി ഭാരതത്തിന്റെ ബഹുസ്വരത തകര്‍ക്കുന്നു എന്ന് പ്രചരിപ്പിക്കപ്പെടുകയാണ്. എന്ത് കാരണം കൊണ്ടായാലും , ഭാഷ ഭാരതത്തെ ഒന്നിപ്പിക്കുന്ന ഘടകമായി തീരാതിരിക്കണം എന്ന് നിശ്ചയമുള്ളവരാണ് കുപ്രചാരണ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
ഹിന്ദിയോടു തനിക്കുള്ള സ്‌നേഹം നിസ്സീമമാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഭാരതത്തെ കുഴക്കുന്ന ഈ വലിയ സമസ്യക്കുള്ള ഉത്തരം കണ്ടെത്താന്‍ സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ഗാന്ധിജി ഒരു ഹിന്ദി സാഹിത്യസമ്മേളനത്തില്‍ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. ഹിന്ദിക്ക് മാത്രമേ നമ്മുടെ രാഷ്ട്രഭാഷാപദവി അലങ്കരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം എണ്ണമറ്റ അവസരങ്ങളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ”മദ്രാസിന് ഇത്തിരി ബുദ്ധിമുട്ടുണ്ടാവുമെങ്കിലും അതു സഹിച്ചു കൊണ്ട് ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയാക്കണം” എന്നുപോലും ഗാന്ധിജി സ്പഷ്ടമാക്കിയിട്ടുണ്ട് ”Thus we see that Hindi alone can become our natiional language, though the matter presents some difficulty to the educated classes of Madras” (Selected works, Vol-14, Page-25). ഭാരതത്തിന്റെ ആഭ്യന്തര മന്ത്രി ഭരണഘടന അനുശാസിക്കുന്ന തന്റെ കര്‍ത്തവ്യം പ്രഖ്യാപിച്ചപ്പോള്‍ പിന്‍വാതിലിലൂടെ ഹിന്ദി കൊണ്ടു വരുന്നു എന്ന് വിലപിച്ച കമലഹാസനും പിണറായി വിജയനുമൊക്കെ ഗാന്ധിയന്‍ ആശയങ്ങള്‍ വായിക്കുന്ന കാലം വരെ ഇത്തരം പ്രശ്‌നങ്ങള്‍ ഭാരതത്തില്‍ തുടരുമെന്നു തോന്നുന്നു. ഹിന്ദിക്ക് രാഷ്ട്രഭാഷാ പദവി നല്‍കുന്നതിനു വേണ്ടി എന്റെ ജീവിതകാലം മുഴുവന്‍ പട പൊരുതാനും ഞാന്‍ ഒരുക്കമാണെന്ന് ഗാന്ധിജി പറഞ്ഞു, – It is our duty to carry out our national work through Hindi. Among ourselves , we should hear only Hindi words, our councils too. I shall struggle my all life to bring this about (Selected works, Vol-14, Page-81).
ഗാന്ധിജി തന്റെ ജീവിതം സമര്‍പ്പിക്കുമെന്ന് പറഞ്ഞ ഒരാശയത്തിന് നമ്മുടെ ദേശീയ ജീവിതത്തില്‍ എന്തുമാത്രം പ്രാധാന്യമുണ്ടെന്നു മനസിലാക്കണം. അപ്പോഴാണ് നാം ഗാന്ധിജിയെ ആദരിച്ചു തുടങ്ങുന്നത്. ഗാന്ധിജിയെ രാഷ്ട്രപിതാവായി ഭരണഘടന അവരോധിച്ചതല്ല. നേതാജി സുഭാഷ് ചന്ദ്ര ബോസാണ് ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്നാദ്യമായി അഭിസംബോധന ചെയ്തത്. അതിന് ശേഷം സരോജിനി നായിഡുവും ഒരു പൊതു സമ്മേളനത്തില്‍ വെച്ച് ഗാന്ധിജിയെ ഇങ്ങനെ വിളിച്ചു. രണ്ടും സ്വാതന്ത്ര്യം നേടുന്നതിന് മുമ്പായിരുന്നു. പിന്നീട് ഗാന്ധിജിയുടെ മരണശേഷം നെഹ്‌റുവും ഇതാവര്‍ത്തിച്ചു. ഇന്ന് ഒരു ഭരണഘടനയും പറയാതെ ഭാരതത്തിലെ കൊച്ചുകുട്ടികള്‍ പോലും അദ്ദേഹത്തെ അങ്ങനെ വിളിക്കുന്നു. ഇതാണ് നമ്മുടെ സംസ്‌കാരം. ബഹുസ്വരതയും വൈവിധ്യവും ഫെഡറലിസവും ഒക്കെ ഈ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതുള്‍ക്കൊള്ളാതെ ഗാന്ധിജിയെ ഉള്‍ക്കൊള്ളാന്‍ സാധ്യമല്ല. ഗാന്ധിജിയുടെ ഭാഷാസങ്കല്പങ്ങളെ തിരസ്‌കരിച്ചുകൊണ്ട് ഗാന്ധിയന്മാരും ഗാന്ധി ആരാധകരുമാണെന്നു വാദിച്ചുകൊണ്ട് അദ്ദേഹത്തെ അപമാനിക്കുന്നതില്‍ നിന്നും സംസ്‌കാരവും സന്മനസ്സും താത്പര കക്ഷികള്‍ പിന്മാറണം. തങ്ങള്‍ അവകാശപ്പെടും പോലെ ഗാന്ധിജിയെയും ഭരണഘടനയെയും ആദരിക്കുന്നുവെങ്കില്‍ അവരുടെ രാഷ്ട്രഭാഷാസങ്കല്പവും ഉള്‍ക്കൊള്ളണം. ഇതു മാത്രമാണ് ഭാഷാവിഘടനവാദം ഇല്ലായ്മ ചെയ്യാനുള്ള പോംവഴി.
റഫറന്‍സ് :
ഗാന്ധിജിയുടെ
തെരഞ്ഞെടുത്ത കൃതികള്‍
ഭാഗം : 13,14, 26, 56, 63, 65, 82