“Thus, universitites are autonomous and the vice-chancellor is the leader of a higher education institution. As per the norm, he/she should be an eminent academecial, excellent administrator and also someone who has a high moral stature… At this stage, it is correct to say that a Vice Chancellor is the Kingpin of a University’s system and a keeper of the University’s conscience”.
ഗംഭീര്‍ധന്‍ ഗാധ്‌വി കേസില്‍ 2022 മാര്‍ച്ച് 3-ാം തീയതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ ബഹു. സുപ്രീംകോടതി നടത്തിയ പ്രസക്തമായ പരാമര്‍ശമാണ് മുകളില്‍ ഉദ്ധരിച്ചത്. ഒരു സര്‍വ്വകലാശാലയെ സംബന്ധിച്ചിടത്തോളം അതിന്റെ വൈസ് ചാന്‍സലര്‍ പദവി എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന് ഇതില്‍ നിന്നും വ്യക്തമാണ്. സര്‍വ്വകലാശാലയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായാണ് വൈസ് ചാന്‍സലറെ ബഹു.സുപ്രീംകോടതി വിശേഷിപ്പിക്കുന്നത്. അത്രമേല്‍ പ്രധാനപ്പെട്ട ഒരു പദവിയിലേയ്ക്ക് നിയമനം നടത്തുമ്പോള്‍ പരിഗണിക്കപ്പെടേണ്ട യോഗ്യതകളും അത്രത്തോളം പ്രധാനപ്പെട്ടതാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിന് പരിഗണിക്കപ്പെടുന്ന യോഗ്യതകളില്‍ വിദ്യാഭ്യാസ മേഖലയിലെ മികവിന് അവസാന പരിഗണന മാത്രമാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ, ഇത്തരം വൈസ് ചാന്‍സലര്‍മാര്‍ തലവന്മാരായിരിക്കുന്ന സമിതികള്‍ നടത്തുന്ന സര്‍വ്വകലാശാലാ നിയമനങ്ങള്‍ വിവാദമാകുന്നതില്‍ അത്ഭുതപ്പെടാനില്ല.
സമീപകാലത്തായി കേരളത്തില്‍ നടന്ന രാഷ്ട്രീയ ചര്‍ച്ചകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് നടന്നത്. വിഷയത്തില്‍ സര്‍വ്വകലാശാല ചാന്‍സലറുടെ പദവി വഹിക്കുന്ന ബഹു.ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ ഇടപെടലുകളും അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങളും ചര്‍ച്ച ചൂടുപിടിപ്പിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും വിഷയത്തില്‍ സജീവമായി ഇടപെട്ട് ചര്‍ച്ച സജീവമാക്കി. അവസാനം സര്‍വ്വകലാശാലാ ഭരണത്തിലും വൈസ് ചാന്‍സലര്‍ നിയമനത്തിലും ഗവര്‍ണ്ണര്‍ കയ്യാളുന്ന അധികാരം പരിമിതപ്പെടുത്തുന്നതിനാവശ്യമായ നിയമനിര്‍മ്മാണം നടത്തുന്നതില്‍ എത്തിനില്‍ക്കുകയാണ് കാര്യങ്ങള്‍. കേരള ഗവര്‍ണ്ണര്‍ പദവിയില്‍ നിന്നും തികച്ചും വ്യത്യസ്തവും സ്വതന്ത്രവുമാണ് സര്‍വ്വകലാശാലാ ചാന്‍സലറുടെ പദവി എന്ന അടിസ്ഥാന തത്ത്വം പോലും മനസ്സിലാക്കാതെ ഗവര്‍ണ്ണര്‍ക്കെതിരായ പ്രതികരണങ്ങളും വിമര്‍ശനങ്ങളും പല കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്ന് വന്നു. ഗവര്‍ണ്ണറുടെ മുന്‍കാല രാഷ്ട്രീയവും അത്തരക്കാര്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കി. മേല്‍ സാഹചര്യത്തില്‍ സംസ്ഥാന ഗവര്‍ണ്ണര്‍ പദവിയും സര്‍വ്വകലാശാലാ ചാന്‍സലര്‍ പദവിയും തമ്മില്‍ എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്.
ഗവര്‍ണ്ണറും ചാന്‍സലറും
ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 153 മുതല്‍ 161 വരെയുള്ള ഭാഗങ്ങളിലാണ് ഗവര്‍ണ്ണര്‍ നിയമനം, ഗവര്‍ണ്ണറുടെ അധികാരങ്ങള്‍ തുടങ്ങിയവ പ്രതിപാദിച്ചിരിക്കുന്നത്. ഭരണഘടനാപരമായി സംസ്ഥാനഭരണത്തിന്റെ തലവന്‍ ഗവര്‍ണ്ണറാണ്. എന്നാല്‍ അനുച്ഛേദം 163 പ്രകാരം, ഗവര്‍ണ്ണറെ ഉപദേശിക്കുന്നതിനും സഹായിക്കുന്നതിനും മുഖ്യമന്ത്രി തലവനായ മന്ത്രിസഭ നിലവിലുണ്ട്. ഭരണഘടന പ്രകാരം വിവേചനാധികാരം പ്രയോഗിക്കുവാന്‍ കഴിയുന്ന കാര്യങ്ങള്‍ ഒഴികെ മറ്റെല്ലാ ഭരണകാര്യങ്ങളിലും ഗവര്‍ണ്ണര്‍ മന്ത്രിസഭയുടെ ഉപദേശം അനുസരിക്കുവാന്‍ ബാധ്യസ്ഥനാണ്. കൂടാതെ, ഏതെങ്കിലും പ്രത്യേക നിയമപ്രകാരം ഗവര്‍ണ്ണറില്‍ നിക്ഷിപ്തമായിരിക്കുന്ന സ്വതന്ത്ര അധികാരങ്ങള്‍ ഗവര്‍ണ്ണര്‍ക്ക് മന്ത്രിസഭയുടെ ഉപദേശം കൂടാതെ തന്നെ വിനിയോഗിക്കാവുന്നതാണ്. ഗവര്‍ണ്ണര്‍ താത്വികമായ സംസ്ഥാന ഭരണ തലവനാണ്. എങ്കിലും അധികാരങ്ങള്‍ പ്രയോഗിക്കുന്നതില്‍ ഭരണഘടനാപരമായിത്തന്നെ നിയന്ത്രണങ്ങള്‍ ഉള്ളതിനാലാണ് ഗവര്‍ണ്ണര്‍ പദവി ആലങ്കാരികമായ പദവിയാണ് എന്ന് പൊതുവില്‍ പറഞ്ഞുവരുന്നത്.
എന്നാല്‍, സര്‍വ്വകലാശാലാ ചാന്‍സലര്‍ എന്ന പദവി ഭരണഘടനാദത്തമായ ഒരു പദവി അല്ല. മറിച്ച്, സര്‍വ്വകലാശാലാ നിയമങ്ങള്‍ പ്രകാരമുള്ള പ്രത്യേക പദവിയാണ്. എല്ലാ സംസ്ഥാന സര്‍വ്വകലാശാലകളും സംസ്ഥാന നിയമസഭ നിര്‍മ്മിച്ച പ്രത്യേക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന സ്വയംഭരണസ്ഥാപനങ്ങളാണ് (Autonomous bodies). സര്‍വ്വകലാശാലാ നിയമങ്ങള്‍ക്കു കീഴില്‍ സ്ഥാപനത്തിന്റെ തലവനായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പദവിയാണ് ചാന്‍സലര്‍. ചാന്‍സലര്‍ക്ക് സര്‍വ്വകലാശാലാ ഭരണത്തില്‍ ഇടപെടുവാനുള്ള അധികാരം ചര്‍ച്ചയ്ക്ക് വന്നത് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടായതിനാല്‍ ചാന്‍സലറുടെ അധികാരങ്ങള്‍ കണ്ണൂര്‍ സര്‍വ്വകലാശാലാ നിയമത്തിന്റെ (Kannur University Act, 1996) വിവിധ വകുപ്പുകളുടെ വെളിച്ചത്തില്‍ പരിശോധിക്കുന്നത് ഗുണകരമാകും. കണ്ണൂര്‍ സര്‍വ്വകലാശാല നിയമത്തിലെ 7-ാം വകുപ്പാണ് ചാന്‍സലറെ സംബന്ധിച്ച് പ്രതിപാദിക്കുന്നത്. കേരള ഗവര്‍ണ്ണറുടെ പദവി വഹിക്കുന്ന വ്യക്തി ആയിരിക്കും സര്‍വ്വകലാശാലാ ചാന്‍സലര്‍ എന്ന് 7-ാം വകുപ്പിലെ 1-ാം ഉപവകുപ്പില്‍ വ്യക്തമാക്കുന്നു. 7-ാം വകുപ്പ് 2-ാം ഉപവകുപ്പ് പ്രകാരം സര്‍വ്വകലാശാലയുടെ തലവന്‍ ചാന്‍സലറായിരിക്കും. സര്‍വ്വകലാശാലയിലെ ഏത് അധികാരിയുടേയും ഏത് നടപടിയും പരിശോധിക്കുവാനും സര്‍വ്വകലാശാലാ നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായ നടപടികള്‍ റദ്ദാക്കാനുമുള്ള അധികാരം 7-ാം വകുപ്പ് 3-ാം ഉപവകുപ്പ് ചാന്‍സലര്‍ക്ക് നല്‍കുന്നു. 3-ാം ഉപവകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് വിവാദമായ കണ്ണൂര്‍ സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ചാന്‍സലര്‍ നിലവില്‍ മരവിപ്പിച്ചിരിക്കുന്നതും അന്വേഷണം നടത്തുന്നതും. മാത്രമല്ല, അടിയന്തിര സാഹചര്യങ്ങളില്‍ സര്‍വ്വകലാശാലയിലെ ഏത് ഉദ്യോഗസ്ഥനേയും സസ്‌പെന്റ് ചെയ്യാനും ഉദ്യോഗത്തില്‍ നിന്ന് പുറത്താക്കാനുമുള്ള അധികാരം ചാന്‍സലര്‍ക്കുണ്ട്. സര്‍വ്വോപരി, സര്‍വ്വകലാശാലാ വൈസ് ചാന്‍സലറുടേയോ പ്രൊ-വൈസ് ചാന്‍സലറുടേയോ പേരില്‍ സാമ്പത്തിക തിരിമറി, പെരുമാറ്റദൂഷ്യം എന്നീ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടാല്‍ അന്വേഷണം നടത്തുവാനും കുറ്റം തെളിയുന്നപക്ഷം സ്ഥാനത്തുനിന്ന് പുറത്താക്കാനുമുള്ള അധികാരം ചാന്‍സലറില്‍ നിക്ഷിപ്തമാണ്. കണ്ണൂര്‍ സര്‍വ്വകലാശാലാ നിയമത്തിലെ 10-ാം വകുപ്പ് പ്രകാരം വൈസ്ചാന്‍സലറെ നിയമിക്കുന്നതും ചാന്‍സലറാണ്. മേല്‍പറഞ്ഞ അധികാരങ്ങളെല്ലാം തന്നെ ചാന്‍സലര്‍ക്ക് മന്ത്രിസഭയുടെ ഉപദേശം കൂടാതെ തന്നെ സ്വതന്ത്രമായി വിനിയോഗിക്കാവുന്നവയാണ്. എന്നിരിക്കെ, സര്‍വ്വകലാശാല ഭരണത്തില്‍ ഗവര്‍ണ്ണര്‍ അനാവശ്യമായി ഇടപെടുന്നു എന്ന വാദം തന്നെ അപ്രസക്തമാണ്. സര്‍വ്വകലാശാലാ ഭരണത്തില്‍ ഗവര്‍ണ്ണര്‍ എന്ന പദവിയിലിരുന്നുകൊണ്ടല്ല ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെടലുകള്‍ നടത്തുന്നത്. മറിച്ച്, സര്‍വ്വകലാശാലയുടെ ഭരണത്തലവനായ ചാന്‍സലര്‍ എന്ന നിലയ്ക്കാണ്. അത്തരം ഇടപെടലുകള്‍ ചാന്‍സലറുടെ കടമയാണ്.
വൈസ് ചാന്‍സലര്‍ നിയമനം
കേരളം സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണ്ണര്‍ സ്വീകരിച്ച നടപടികളാണ് മറ്റൊരു വിവാദത്തിന് കാരണമായത്. വൈസ്ചാന്‍സലര്‍ നിയമനം പൂര്‍ണ്ണമായും ചാന്‍സലറുടെ അധികാര പരിധിയില്‍പ്പെടുന്ന കാര്യമാണ്. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (University Grants Committee) നിബന്ധനകള്‍ക്കും കേരള യൂണിവേഴ്‌സിറ്റി നിയമത്തിലെ(Kerala University Act, 1974) വകുപ്പുകള്‍ക്കും വിധേയമായി ഒരു സമിതി (Search- cum- selection committee) രൂപീകരിച്ച് ആ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് നിയമനം നടത്തേണ്ടത്. ഭരണഘടനയുടെ 7-ാം പട്ടിക പ്രകാരം വിദ്യാഭ്യാസം പൊതുവിലും സര്‍വ്വകലാശാലകള്‍ പ്രത്യേകിച്ചും കണ്‍കറന്റ് ലിസ്റ്റില്‍ (concurrent list) ഉള്‍പ്പെടുത്തിയിരിക്കുന്നു. 254-ാം അനുച്ഛേദപ്രകാരം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് പാര്‍ലമെന്റും സംസ്ഥാന നിയമസഭയും നിയമം നിര്‍മ്മിക്കുകയും പ്രസ്തുത നിയമത്തിലെ ഏതെങ്കിലും വകുപ്പുകള്‍ പരസ്പര വിരുദ്ധമാവുകയും ചെയ്താല്‍ പാര്‍ലമെന്റ് നിര്‍മ്മിച്ച നിയമത്തിലെ വകുപ്പുകള്‍ നിലനില്‍ക്കുകയും സംസ്ഥാന നിയമത്തിലെ വിരുദ്ധ വകുപ്പുകള്‍ അസാധു ആവുകയും ചെയ്യും. ആയതിനാല്‍ 1956ലെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ആക്ടിലെ വകുപ്പുകള്‍ പ്രകാരം പുറപ്പെടുവിക്കുന്ന റഗുലേഷനുകളും (UGC regulation) സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ പ്രസക്തമാണ്. യൂണിവേഴ്‌സിറ്റി ആക്ടും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ റഗുലേഷനുകളും തമ്മില്‍ വൈരുദ്ധ്യം ഉണ്ടായാല്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ റഗുലേഷന്‍ നിലനില്‍ക്കും എന്നതാണ് യാഥാര്‍ത്ഥ്യം.
കേരള യൂണിവേഴ്‌സിറ്റി ആക്ടിലെ 10-ാം വകുപ്പിലാണ് വൈസ് ചാന്‍സലര്‍ നിയമനത്തെ സംബന്ധിച്ച വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നിലവിലെ വ്യവസ്ഥ പ്രകാരം ചാന്‍സലര്‍ നിയമിക്കുന്ന മൂന്ന് അംഗങ്ങളുള്ള ഒരു സമിതിയാണ് (Search-cum-selection committee) വൈസ് ചാന്‍സലറാവാന്‍ യോഗ്യതയുള്ള വ്യക്തിയെ കണ്ടെത്തേണ്ടത്. സമിതിയിലെ മൂന്ന് അംഗങ്ങളില്‍ ഒന്നാമന്‍ യു.ജി.സി ചെയര്‍മാന്റെ നോമിനിയും രണ്ടാമന്‍ യൂണിവേഴ്‌സിറ്റി സെനറ്റിന്റെ നോമിനിയും മൂന്നാമന്‍ ചാന്‍സലറുടെ നോമിനിയും ആയിരിക്കും. മൂന്ന് അംഗങ്ങളും ഐകകണ്‌ഠ്യേന ഒരാളെ വൈസ് ചാന്‍സലറായി നാമനിര്‍ദ്ദേശം ചെയ്താല്‍ ചാന്‍സലര്‍ അയാളെ നിയമിക്കേണ്ടതാണ്. എന്നാല്‍ സമിതിയില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകുന്ന പക്ഷം യോഗ്യരായ മൂന്ന് വ്യക്തികളുടെ പട്ടിക ചാന്‍സലര്‍ക്ക് സമര്‍പ്പിക്കേണ്ടതും അതില്‍ നിന്നും ഒരാളെ ചാന്‍സലര്‍ക്ക് വൈസ് ചാന്‍സലറായി നിയമിക്കാവുന്നതുമാണ്. മേല്‍ പറഞ്ഞ രണ്ട് രീതിയിലും ശുപാര്‍ശ നല്‍കാന്‍ സമിതിക്ക് സാധിക്കാതെ വന്നാല്‍ സമിതിയിലെ ഓരോ അംഗത്തിനും മൂന്ന് യോഗ്യരായ വ്യക്തികളെ ഉള്‍ക്കൊള്ളിച്ച് ഓരോ പട്ടിക തയ്യാറാക്കി ചാന്‍സലര്‍ക്ക് സമര്‍പ്പിക്കാവുന്നതും, ചാന്‍സലര്‍ ആ പട്ടികയില്‍ നിന്നും നിയമനം നടത്തേണ്ടതുമാണ്.
യൂണിവേഴ്‌സിറ്റി നിയമത്തിലെ വ്യവസ്ഥകള്‍ക്ക് പുറമെ, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ നിബന്ധനകള്‍ക്കും വിധേയമായാണ് വൈസ് ചാന്‍സലര്‍ നിയമനം നടത്തേണ്ടത്. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍, പ്രൊ. വൈസ് ചാന്‍സലര്‍, അദ്ധ്യാപകര്‍, ലൈബ്രേറിയന്‍ തുടങ്ങിയവര്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട അടിസ്ഥാന യോഗ്യത 2010-ലെ യു.ജി.സി. റഗുലേഷനിലാണ് ക്രമപ്പെടുത്തിയത്. പ്രസ്തുത റഗുലേഷന്‍ നിരവധി തവണ ഭേദഗതി ചെയ്തിട്ടുണ്ട്. അവസാന ഭേദഗതി നടത്തിയത് 2018ലാണ്. അതുകൊണ്ട് തന്നെ, നിലവില്‍ വൈസ് ചാന്‍സലര്‍ നിയമനം നടത്തുമ്പോള്‍ പരിഗണിക്കേണ്ടത് 2018-ലെ യു.ജി.സി റഗുലേഷനാണ്. പ്രസ്തുത റഗുലേഷനിലെ ക്ലോസ് (7.3) പ്രകാരം ഉയര്‍ന്ന കഴിവും മാന്യതയും ധാര്‍മ്മികതയും സ്ഥാപനത്തോടുള്ള കൂറും ഒത്തുചേര്‍ന്ന ഒരു വ്യക്തിയെ വേണം വൈസ് ചാന്‍സലറായി നിയമിക്കേണ്ടത്. നിയമിതനാകുന്ന വ്യക്തി പ്രഗത്ഭനായ ഒരു വിദ്യാഭ്യാസ വിചക്ഷണനും പത്ത് വര്‍ഷത്തില്‍ കുറയാത്ത സര്‍വ്വകലാശാല പ്രൊഫസര്‍ തസ്തികയില്‍ അദ്ധ്യാപന പരിചയമോ ഗവേഷണ പരിചയമോ ഉള്ള ആളുമായിരിക്കണം. കൂടാതെ വൈസ് ചാന്‍സലര്‍ നിയമനത്തിനായി രൂപീകരിക്കുന്ന സമിതിയുടെ (Search-cum-selection committee) ഘടനയും റഗുലേഷനില്‍ കൃത്യമായി വിവരിക്കുന്നു. മൂന്ന് മുതല്‍ അഞ്ച് വരെ അംഗങ്ങള്‍ അടങ്ങിയ സമിതിയില്‍ ഉള്‍പ്പെടുത്തുന്നത് വ്യക്തികളുടെ ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രാഗത്ഭ്യം പരിഗണിച്ചായിരിക്കണം. ഇത്തരത്തില്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുന്ന വ്യക്തികള്‍ യൂണിവേഴ്‌സിറ്റിയുമായോ യൂണിവേഴ്‌സിറ്റിയ്ക്ക് കീഴിലുള്ള കോളേജുകളുമായോ യാതൊരു തരത്തിലുള്ള ബന്ധവും ഉള്ളവരാകുവാന്‍ പാടില്ല.
നിലവിലുള്ള യൂണിവേഴ്‌സിറ്റി നിയമവും യു.ജി.സി റഗുലേഷനും അനുസരിച്ച് വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ചാന്‍സലര്‍ക്ക് സ്വതന്ത്രമായ അധികാരങ്ങളുണ്ട്. സര്‍വ്വകലാശാലാ നിയമത്തിനും, യു.ജി.സി ചട്ടങ്ങള്‍ക്കും വിധേയമായി അദ്ദേഹത്തിന് അധികാരങ്ങള്‍ ഉപയോഗിക്കാം. മാത്രമല്ല നിയമനം നടക്കുന്നത് നിയമാനുസൃതമാണെന്നും നിയമിതനാകുന്ന വ്യക്തി മതിയായ യോഗ്യതകളുള്ള ആളാണെന്നും ഉറപ്പ് വരുത്തുന്നതിനുള്ള കടമയും ചാന്‍സലര്‍ക്കുണ്ട്. ചാന്‍സലറുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുന്നതിനായി സര്‍വ്വകലാശാലാ നിയമങ്ങള്‍ ഭേദഗതി ചെയ്യുവാനാണ് സര്‍ക്കാര്‍ അടിയന്തിരമായി നിയമസഭാ സമ്മേളനം വിളിക്കുകയും ഭേദഗതി ബില്‍ {The University laws (Amendment) Bill, 2022} സഭയില്‍ അവതരിപ്പിക്കുകയും ചെയ്തത്.
യൂണിവേഴ്‌സിറ്റി നിയമ ഭേദഗതി ബില്‍ 2022
കേരള സര്‍വ്വകലാശാല, കോഴിക്കോട് സര്‍വ്വകലാശാല, മഹാത്മാഗാന്ധി സര്‍വ്വകലാശാല, ശ്രീശങ്കര സംസ്‌കൃത സര്‍വ്വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല എന്നീ സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ചാന്‍സലറുടെ അധികാരം പരിമിതപ്പെടുത്തി സര്‍ക്കാരിന് താത്പര്യമുള്ള വ്യക്തിയെ വൈസ് ചാന്‍സലറായി നിയമിക്കുക എന്നതാണ് ഭേദഗതിയുടെ താത്പര്യം. നിയമന സമിതിയിലെ അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്നും അഞ്ചായി ഉയര്‍ത്തുകയാണ് ഭേദഗതിയിലൂടെ പ്രധാനമായും വരുത്തുന്ന മാറ്റം. അഞ്ചംഗ സമിതിയില്‍ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സമിതിയുടെ വൈസ് ചെയര്‍മാന്‍, ചാന്‍സലറുടെ നോമിനി, സംസ്ഥാന സര്‍ക്കാരിന്റെ നോമിനി, യു.ജി.സി. ചെയര്‍മാന്റെ നോമിനി, സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്റെ നോമിനി എന്നിവരാണ് ഉള്‍പ്പെടുന്നത്. ഭേദഗതി പ്രകാരം അഞ്ചംഗ സമിതിയിലെ ഭൂരിപക്ഷം അംഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തിയെ വൈസ് ചാന്‍സലറായി നിയമിക്കുവാന്‍ ചാന്‍സലര്‍ നിര്‍ബ്ബന്ധിതനാവും. സമിതിയിലെ അംഗങ്ങളില്‍ ചാന്‍സലര്‍ നോമിനിയും യു.ജി.സി നോമിനിയും ഒഴികെയുള്ള മൂന്ന് അംഗങ്ങളും സര്‍ക്കാരിന്റെ താത്പര്യത്തിന് അനുസൃതമായി പ്രവര്‍ത്തിക്കും എന്ന് ഉറപ്പുള്ളതിനാല്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന വ്യക്തിയെത്തന്നെ വൈസ് ചാന്‍സലറായി എളുപ്പത്തില്‍ നിയമിക്കുവാന്‍ കഴിയും.
സര്‍വ്വകലാശാലകളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കേണ്ടത് നാടിന്റെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും അത്യാവശ്യമാണ്. സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ഭേദഗതി രണ്ട് രീതിയില്‍ യു.ജി.സി. നിബന്ധനകള്‍ക്ക് എതിരാണ്. ഒന്നാമതായി, നിയമന സമിതിയിലെ അഞ്ച് അംഗങ്ങളില്‍ ഒരാള്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ സമിതി വൈസ് ചെയര്‍മാനാണ്. ഉന്നത വിദ്യാഭ്യാസ സമിതി വൈസ് ചെയര്‍മാന്‍ സര്‍വ്വകലാശാലകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പദവിയാണ്. അതുകൊണ്ടുതന്നെ ഈ പദവി വഹിക്കുന്ന വ്യക്തി വൈസ് ചാന്‍സലര്‍ നിയമന സമിതിയില്‍ അംഗമാകുന്നത് യു.ജി.സി. റഗുലേഷന് വിരുദ്ധമാണ്. രണ്ടാമതായി, യു.ജി.സി. നിബന്ധന പ്രകാരം നിയമനത്തിന് യോഗ്യരായ വ്യക്തികളുടെ പട്ടിക തയ്യാറാക്കി ചാന്‍സലര്‍ക്ക് സമര്‍പ്പിക്കുക എന്നതാണ് സമിതിയുടെ ഉത്തരവാദിത്തം. സമിതിയിലെ ഭൂരിപക്ഷം അംഗങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന വ്യക്തിക്ക് നിയമനം നല്‍കണം എന്ന പുതിയ വ്യവസ്ഥ ചാന്‍സലറുടെ നിയമനാധികാരം കവര്‍ന്നെടുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ്. യു.ജി.സി. നിബന്ധനകള്‍ക്ക് വിരുദ്ധമായ ഈ വ്യവസ്ഥ കോടതികളില്‍ ചോദ്യം ചെയ്യപ്പെടും എന്നതില്‍ സംശയമില്ല.
ഗംഭീര്‍ധന്‍ ഗാധ്‌വി കേസില്‍, വൈസ് ചാന്‍സലര്‍ നിയമനത്തിലുള്ള സമിതിയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ബഹു. സുപ്രീം കോടതി താഴെപ്പറയും പ്രകാരം നിരീക്ഷണം നടത്തി.
“Further, in our view, the search /selection committee plays a vital and significant role in the selection of the Vice-Chancellor, yet the selected vice-chancellor’s peformance in the Universities vary from university to university. Therefore, the members of the search committee, who are given the privilege and honour of selecting and suggesting names for the appointment of vice-chancellor one directly or indirectly responsible for the achievement of the university.”
സര്‍വ്വകലാശാലകളുടെ നേട്ടത്തിനും കോട്ടത്തിനും പ്രത്യക്ഷമായും പരോക്ഷമായും നിയമന സമിതിയിലെ അംഗങ്ങളാണ് ഉത്തരവാദികള്‍ എന്നാണ് കോടതി നിരീക്ഷിക്കുന്നത്. ഇത്രയും പ്രധാനപ്പെട്ട ഉത്തരവാദിത്തം രാഷ്ട്രീയ താത്പര്യം നോക്കി അനര്‍ഹരെ ഏല്പിക്കുന്നത് സര്‍വ്വകലാശാലകളുടെ നന്മയെ കരുതിയല്ല. ഇത്തരം ഒരു നിയമനിര്‍മ്മാണം അതിന്റെ അവസാന ഘട്ടത്തില്‍ എത്തിയിട്ടും നമ്മുടെ നാട്ടിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധര്‍ കുറ്റകരമായ മൗനം പാലിക്കുന്നത് ഭയാവഹമാണ്. ഗവര്‍ണ്ണര്‍ നടത്തുന്ന ഇടപെടലുകളെ രാഷ്ട്രീയ ഇടപെടലുകളായി മുദ്രകുത്തി തഴയാതെ അദ്ദേഹത്തോടൊപ്പം നിന്ന് ചെറുത്തു നില്പിന് കരുത്തു പകരേണ്ടത് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്ത് അവശേഷിക്കുന്ന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് അത്യാവശ്യമാണ്.