കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെ പത്രങ്ങള്‍ ഗാന്ധി ഭക്തരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണല്ലോ. അതില്‍ ആരാണ് മുമ്പന്‍ എന്നു തീരുമാനിക്കാന്‍ ജിഹാദി കമ്മ്യൂണിസ്റ്റുകളും ഏതു കോണ്‍ഗ്രസ് എന്ന് അവര്‍ക്കു തന്നെ നിശ്ചയമില്ലാത്ത തരത്തില്‍ ഗാന്ധിയന്‍ ആശയങ്ങളെ നൂറു കഷണങ്ങളാക്കി നാനാവിധമാക്കിയ ഒരുപറ്റം കോണ്‍ഗ്രസ് നേതാക്കളും മത്സരിക്കുകയാണ്. ഇപ്പോള്‍ എത്ര കോണ്‍ഗ്രസ് ഉണ്ടെന്ന് കോണ്‍ഗ്രസുകാര്‍ക്കു തന്നെ നിശ്ചയമില്ല. അത്രയും ആദര്‍ശവാന്മാരാണ് അവര്‍! ഗാന്ധിജിയുടെ ആദ്ധ്യാത്മിക മഹത്വത്തെപ്പറ്റി പറയുന്നത് പിണറായി വിജയന്‍! സദാചാര നിഷ്ഠയെക്കുറിച്ച് എഴുതിപ്പിടിപ്പിക്കാന്‍ ഏതായാലും കോണ്‍ഗ്രസുകാര്‍ നിയോഗിച്ചത് കെ.സി.വേണുഗോപാലിനെ !
രാഷട്രപിതാവിനെ സ്വന്തമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്നതാണ് ഏ.കെ. ആന്റണിയുടെ വിലാപം. കോണ്‍ഗ്രസ് പാര്‍ട്ടി വില്പനച്ചരക്കാക്കിയ ഒരു നാമം മറ്റാരെങ്കിലും ഉരുവിടുന്നതു പോലും അവരുടെ മാര്‍ക്കറ്റ് ഇടിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. ഭയപ്പെടുന്നത് സംഭവിക്കുന്നു. ഇതു വരെ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ചവറ്റുകൊട്ടയിലെറിയുകയും അധികാരത്തിനും അഴിമതിക്കും മറ്റെല്ലാ വൃത്തികേടിനും മറയായി ഗാന്ധിജിയെ കൂട്ടുപിടിക്കുകയും ചെയ്തവര്‍ക്ക് എന്ത് ഗാന്ധിസം?
നൂറോളം തവണ ഭരണഘടനയില്‍ കൈകടത്തി അതിന്റെ അന്തസ്സത്തയെ പലപ്പോഴും മലിനമാക്കിയ കോണ്‍ഗ്രസ്സുകാരാണ് ഭരണഘടനയുടെ മാഹാത്മ്യം വാഴ്ത്തുന്നത്. എല്ലാവിധ ഫാസിസ്റ്റ് ഭീകരതയുടെ ദംഷ്ട്രകളും പുറത്തെടുത്ത നെഹ്‌റു-ഇന്ദിര ഭരണങ്ങളുടെ പങ്കു പറ്റിയ ആന്റണി എന്നും കപട ആദര്‍ശത്തിന്റെ മുഖമായിരുന്നല്ലോ. ഗാന്ധിജിക്കൊപ്പം മഹത്വം മറ്റാര്‍ക്കും കല്‍പ്പിക്കരുതെന്ന ദുര്‍വ്വാശി ഗാന്ധിജിക്കുണ്ടായിരുന്നില്ല. പക്ഷെ നെഹ്‌റുവിനും ഇന്ദിരക്കുമുണ്ടായിരുന്നു. അത് മറയ്ക്കാനായിരിക്കണം ആന്റണിയുടെ വിലാപം. ഗാന്ധിനിന്ദ കുറ്റമാക്കാന്‍ പറ്റുമോ എന്നാണ് അറുപത്തഞ്ചു വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് ചോദിക്കുന്നത്. ഇതില്‍പ്പരം കാപട്യം വേറെയുണ്ടോ? ഗാന്ധിയന്‍ ആദര്‍ശത്തെപ്പറ്റി ഊറ്റംകൊള്ളുന്ന ആന്റണിയും ചെന്നിത്തലയും വേണുഗോപാലും പക്ഷെ അവര്‍ നടപ്പാക്കിയ ഗാന്ധിസത്തെപ്പറ്റി ഒരക്ഷരം ഉരിയാടുന്നില്ല. മുല്ലപ്പള്ളിയുടെ വിലാപം വെടിവെച്ചുകൊന്നവര്‍ നക്കിക്കൊല്ലുന്നു എന്നാണ്. ‘സത്യമാണ് എന്റെ ഈശ്വരന്‍’എന്നു പ്രഖ്യാപിച്ച ഗാന്ധിജിയുടെ ‘പ്രതിനിധി’ക്ക് ഇനി ഇങ്ങനെയല്ലെ ഗാന്ധിജിയെ കൊല്ലാന്‍ കഴിയൂ. നക്കിക്കൊല്ലാന്‍ ശ്രമിക്കുന്നതിനെപ്പറ്റി വിലപിക്കുന്ന മുല്ലപ്പള്ളി ഇതുവരെ ആരാണ് നക്കിത്തീര്‍ത്തത് എന്നുകൂടി പറയണമായിരുന്നു.
ഗാന്ധിജിയുടെ പേരിലുള്ള കമ്മ്യൂണിസ്റ്റ് വിലാപമാണ് ഏറെ വിസ്മയകരം. ‘ഗാന്ധി എന്താക്കി, ഇന്ത്യ മാന്തി പുണ്ണാക്കി’ എന്നും, വാര്‍ദ്ധയിലെ കള്ള ദൈവം, കുരുടന്‍ മിശിഹ, ജയപ്രകാശ് നാരായണനെ ഉദരത്തില്‍ സംരക്ഷിക്കുന്ന കങ്കാരു, വ്യാജന്‍ തുടങ്ങിയ സവിശേഷ വാക്കുകള്‍ കൊണ്ടു സംബോധന ചെയ്യുകയും ആട്ടുകയും ചെയ്ത മൗദൂദിയന്‍ കമ്മ്യൂണിസ്റ്റുകള്‍ ഇപ്പോള്‍ പേടമാനിന്റെ നിഷ്‌ക്കളങ്കതയോടെ ഗാന്ധിയന്‍ അപദാനങ്ങള്‍ കീര്‍ത്തിക്കുമ്പോള്‍, ‘ആഹാ എന്തൊരു ഭക്തി’ എന്ന് അതിശയിച്ചു പോകും. രാജ്യത്തെ എങ്ങനെയൊക്കെ വിഭജിച്ച് തമ്മില്‍ത്തല്ലിക്കാമോ അങ്ങനെയൊക്കെ ചെയ്ത്, നാടിനെ ശിഥിലവും സംസ്‌കാര ശൂന്യവുമാക്കാന്‍ നിരന്തര പ്രയത്‌നം നടത്തുന്ന ജിഹാദി മാര്‍ക്‌സിസ്റ്റുകളും അവരുടെ അടിച്ചുതളിക്കാരായ സി.പി.ഐ.നേതാക്കളും സമീപകാലത്ത് കടുത്ത ദേശ സ്‌നേഹികളായി അഭിനയിക്കാന്‍ ശ്രമിക്കുന്നുണ്ട്; അത് തീരെ വിജയിക്കുന്നില്ലെങ്കിലും. മനുഷ്യത്വരഹിതമായ തത്വശാസ്ത്രങ്ങളെ തിരസ്‌ക്കരിക്കണമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട് എന്ന് കാനം രാജേന്ദ്രന്‍ പറയുന്നു. അത് കമ്മ്യൂണിസ്റ്റുകളെക്കുറിച്ചു തന്നെയാണ് പറഞ്ഞതെന്ന് ചിന്തിക്കാന്‍ കാനത്തിന്റെ സങ്കുചിത ബുദ്ധിക്കായില്ല. വിശ്വമാനവികതയുടെ മുഖാവരണമിട്ടു വന്ന് കോടിക്കണക്കിന് പാവങ്ങളെ – കുഞ്ഞുങ്ങളെയും വൃദ്ധരെയും സ്ത്രീകളെയുമടക്കം – അരിഞ്ഞും ചുട്ടും അടിച്ചും കൊന്ന കമ്മ്യൂണിസ്റ്റ് ചരിത്രം ഗാന്ധിജി അറിഞ്ഞിരുന്നില്ല. പക്ഷെ ധര്‍മ്മത്തിന്റെയും ആത്മീയതയുടെയും അംശം അല്‍പ്പം പോലും തീണ്ടിയിട്ടില്ലാത്ത കമ്മ്യൂണിസ്റ്റ് ഭൗതികവാദം ലോകത്തെ ഉഷ്ണിപ്പിക്കുമെന്നും ചുട്ടെരിക്കുമെന്നും ഗാന്ധിജിക്ക് അറിയാമായിരുന്നു.
‘പുസ്തക ജ്ഞാനവും വച്ച്
ചോരയുള്ള മനുഷ്യരെ
വാഴയെപ്പോലറുപ്പിച്ചു
ഞാനാം പാതാളഭൈരവന്‍’
എന്ന് ഒരു പഴയകാല കമ്മ്യൂണിസ്റ്റായ മഹാകവി അക്കിത്തം എഴുതി വച്ചിട്ടുണ്ട്.
കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തനമാരംഭിച്ച് ഹിന്ദു മഹാസഭയില്‍ അവസാനിപ്പിച്ച്, വീണ്ടും പുതിയ വഴിതേടിയ ഗോഡ്‌സെയെ ആര്‍.എസ്.എസ്സുകാരനാക്കാന്‍ പെടാപ്പാടു പെടുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ചരിത്രവും ചാരിത്ര്യവും ജനങ്ങളില്‍ നിന്ന് ഇനി മറയ്ക്കാന്‍ പറ്റില്ലെന്ന് അവര്‍ക്കു തന്നെ അറിയാം. ഗാന്ധിജിയെ കൊന്ന ഗോഡ്‌സെ അവസാനം പ്രവര്‍ത്തിച്ച ഹിന്ദുമഹാസഭയുടെ അധ്യക്ഷനായിരുന്ന നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയെ നെഹ്‌റു എന്തിനായിരുന്നു ഗാന്ധി വധം നടന്ന ഉടനെ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയാക്കിയത് ? എന്തെങ്കിലും ഉപകാരസ്മരണയായിരുന്നോ ?ഏ.കെ.ആന്റണിക്ക് ആ രഹസ്യം അറിയുമായിരിക്കുമല്ലോ. അതു മറച്ചുവയ്ക്കാനായിരുന്നോ നാളുകളായി പൊതുജീവിതത്തില്‍ നിന്ന് വിട്ടു നിന്നിരുന്ന സവര്‍ക്കറെ നെഹ്‌റുവിന്റെ താല്‍പ്പര്യാര്‍ത്ഥം അറസ്റ്റു ചെയ്ത് പീഡിപ്പിച്ചത്? ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും കുടുംബാംഗങ്ങളുടെയും രാഷ്ട്രീയ ഭാവിക്ക് വെല്ലുവിളിയാകുമെന്ന് അദ്ദേഹം കരുതിയവരെ മുഴുവന്‍ ഉന്മൂലനം ചെയ്യാനുള്ള ഉപകരണമാക്കുകയായിരുന്നു ഗാന്ധി വധത്തെ. അതിപ്പോഴും തുടരാനാഗ്രഹിക്കുന്നു എന്നു മാത്രം. ആര്‍.എസ്.എസ്സിനെ നിരോധിച്ച പട്ടേലിനെയും നെഹ്‌റുവിനെയും ഗതികേടുകൊണ്ട് പ്രകീര്‍ത്തിക്കാന്‍ മെനക്കെടുന്ന ജിഹാദി കമ്മ്യൂണിസ്റ്റുകള്‍, എന്തുകൊണ്ടാണ് നിരോധനം നിരുപാധികം പിന്‍വലിച്ചതെന്നു കൂടി പറയാമോ? ഈ ചോദ്യം സത്യത്തെ തീരെ ഇഷ്ടപ്പെടാത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കും കൂടി ബാധകമാണ്.
സച്ചിദാനന്ദനെപ്പോലുള്ളവരും ജിഹാദികളും കമ്മ്യൂണിസ്റ്റുകളും ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് മറ്റുള്ളവരും ചെയ്യാന്‍ സാധ്യത എന്ന വെപ്രാളമാണ് അവരുടെ ഈ അലമുറയിടലിനു കാരണം. ഏതായാലും ഒരു കാര്യത്തില്‍ അവര്‍ക്കു സന്തോഷിക്കാം; അവരുടെ പാളയത്തില്‍ ഇതുവരെ കയറി നില്‍ക്കാന്‍ കൂട്ടാക്കാത്ത എം.എന്‍.കാരശ്ശേരിയെപ്പോലുള്ളവരിലും അവരുടെ ദുഷ്പ്രചാരണം ഫലിക്കുന്നുണ്ട് എന്ന കാര്യത്തില്‍. അല്ലെങ്കില്‍ ഇത്തരം ഗുരുതരമായ വിഷയത്തില്‍ വസ്തുതാപരമായ കാര്യങ്ങള്‍ സത്യസന്ധമായി അന്വേഷിക്കാതെ ഇത്ര തരംതാണ വ്യാജ പ്രചാരണത്തിന് കാരശ്ശേരി മാഷെപ്പോലുള്ളവര്‍ കൂട്ടുനില്‍ക്കില്ലല്ലോ.
ഒരു കാര്യത്തില്‍ നമുക്ക് സന്തോഷിക്കാം. നീചമായ രാഷ്ട്രീയ നേട്ടത്തിനാണെങ്കിലും ഗാന്ധിഭക്തിയും ദേശഭക്തിയും ആവര്‍ത്തിച്ച് ഉരുവിട്ട് യഥാര്‍ത്ഥ ഗാന്ധിയന്മാരും രാജ്യസ്‌നേഹികളുമായി എന്നെങ്കിലും ഇവര്‍ മാറിയാല്‍ അതൊരു വലിയ നേട്ടമല്ലെ!
ഗോഡ്‌സെ എന്ന ആര്‍.എസ്.എസ്സുകാരന്‍ ഗാന്ധിജിയെ കൊന്നു എന്നു പറയുന്നതിലും ഗോഡ്‌സെയെന്ന മുന്‍ കോണ്‍ഗ്രസുകാരന്‍ ഗാന്ധിജിയെ വെടിവച്ചു കൊന്നു എന്നതാവും കൂടുതല്‍ ശരിയാവുക. ഉത്തരം കോണ്‍ഗ്രസുകാര്‍ പറയട്ടെ.
ഗാന്ധി മാഹാത്മ്യം പാടി നടക്കുന്ന കോണ്‍ഗ്രസ് ഗാന്ധിജിയുടെ ഏത് ആദര്‍ശമാണ് ഇത്രയും കാലം അവര്‍ ഭരിച്ചിട്ടും നടപ്പാക്കിയത് ? സ്വദേശി, ഗ്രാമ സ്വരാജ്, ഭഗവദ് ഗീതയും സംസ്‌കൃതവും വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തല്‍, ശുചിത്വം, ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും, ഗോഹത്യാ നിരോധനം, മദ്യവിമുക്തരാജ്യം, പ്രകൃതിസംരക്ഷണം തുടങ്ങി ഏതായിരുന്നു ഇതുവരെ കോണ്‍ഗ്രസ് നടപ്പാക്കിയത് ? ഗാന്ധിയന്‍ സിദ്ധാന്തങ്ങള്‍ മുഴുവന്‍ അറബിക്കടലില്‍ വലിച്ചെറിയുകയും ഗാന്ധി നാമം പാടിനടന്ന് ജനങ്ങളെയും ലോകത്തെത്തന്നെയും വഞ്ചിക്കുകയുമാണ് നെഹ്രുവിന്റെ കാലം മുതലേ ചെയ്തു പോന്നിട്ടുള്ളത്.
സ്വാതന്ത്ര്യം കിട്ടാന്‍ പോകുന്നു എന്നു തീര്‍ച്ചയായ വേളയില്‍ ഗാന്ധിജി ജവഹര്‍ലാല്‍ നെഹ്‌റുവിന് ഒരു കത്തെഴുതി. ഞാന്‍ താങ്കളെ എന്റെ പിന്‍ഗാമിയായി പ്രഖ്യാപിക്കുന്നു. അതിനാല്‍ സ്വതന്ത്ര ഭാരതത്തെക്കുറിച്ചുള്ള എന്റെ ആശയങ്ങളും സങ്കല്പങ്ങളും ഞാന്‍ എന്റെ പിന്‍ഗാമിയുമായി പങ്കു വയ്ക്കുകയാണ് എന്നു പറഞ്ഞു കൊണ്ടായിരുന്നു കത്ത്. ആ കത്തിന് മറുപടി എഴുതിയ നെഹ്‌റു ഗാസിസത്തെ അപ്പാടെ തള്ളിപ്പറഞ്ഞു. അങ്ങയുടെ ആശയങ്ങള്‍ ഒരിക്കലും കോണ്‍ഗ്രസ് ഗൗരവമായി എടുത്തിട്ടില്ല. ഇത്തരം അപ്രായോഗികമായ കാര്യങ്ങള്‍ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നതു പോലും ആശാസ്യമല്ല എന്നാണ് എന്റെ അഭിപ്രായം. ഇതായിരുന്നു പിന്‍ഗാമിയുടെ മറുപടി ! നേര്‍ പിന്‍ഗാമി തന്നെ തള്ളിപ്പറഞ്ഞപ്പോള്‍ പിന്നാലെ വന്ന ഭൂമിക്കള്ളന്മാരും കള്ളു കച്ചവടക്കാരും പിന്തുടരുമെന്ന് പ്രതീക്ഷിക്കാമോ ?
ഗാന്ധിജിയുടെ ജീവന്റെ പേരില്‍ അന്തരീക്ഷ മലിനീകരണം നടത്തുന്ന കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകളും മറ്റു ചിലതിനുകൂടി ഉത്തരം പറയണം. ഭാരത വിഭജനം നടത്തരുതെന്നു ഉറക്കെ വിളിച്ചു പറഞ്ഞ ഗാന്ധിജിയെ നിങ്ങള്‍ എന്തുകൊണ്ട് അനുസരിച്ചില്ല? വിഭജനം ഒഴിവാക്കാന്‍ മുഹമ്മദലി ജിന്നയെ അഖണ്ഡ ഭാരതത്തിന്റെ പ്രധാനമന്ത്രിയാക്കാനുള്ള ഗാന്ധിജിയുടെ നിര്‍ദ്ദേശം നിങ്ങള്‍ എന്തുകൊണ്ടു തള്ളിക്കളഞ്ഞു? കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ പലവട്ടം ഗാന്ധിജിയോട് തട്ടിക്കയറുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത ഗോഡ്‌സെയെ നിങ്ങള്‍ എന്തുകൊണ്ട് നിരീക്ഷിച്ചില്ല ? 1948 ജനവരി 20 ന് ഗാന്ധിജിക്കു നേരെ ബോംബെറിഞ്ഞു വധിക്കാന്‍ ശ്രമിച്ചിട്ടും നെഹ്‌റു എന്തുകൊണ്ട് വേണ്ടത്ര സുരക്ഷയും പരിശോധനയും നടത്തിയില്ല? ഗാന്ധിജിയെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്ന കാര്യം തനിക്കറിയാമെന്നും അതിനെപ്പറ്റി നെഹ്‌റുവുമായി സംസാരിക്കാനുണ്ടെന്നും കോണ്‍ഗ്രസുകാരന്‍ തന്നെയായ പ്രൊഫ: ജെ.സി. ജയിന്‍ പറഞ്ഞിട്ടും എന്തുകൊണ്ട് നേതാക്കള്‍ അദ്ദേഹത്തെ പരിഹസിച്ചു പറഞ്ഞയച്ചു ? (പ്രൊഫ. ജയിന്‍ ആണ് ഗാന്ധി വധക്കേസിലെ ദൃക്‌സാക്ഷി). ഗോഡ്‌സെ ആദ്യം കോണ്‍ഗ്രസ് ആയിരുന്നു എന്ന സത്യം നിങ്ങള്‍ എന്തുകൊണ്ട് മറച്ചു വച്ച് ആര്‍.എസ്.എസ്സിനെതിരെ നുണ പറഞ്ഞുനടന്നു? ഗാന്ധിജിയുടെ മരണത്തിന്റെ ചൂടാറുംമുന്നെ ആ സമയം ഹിന്ദു മഹാസഭയുടെ അദ്ധ്യക്ഷനായിരുന്ന നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയെ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയും പിന്നീട് എം.പി.യുമാക്കിയത് എന്ത് ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു? ആദ്യം നെഹ്‌റുവും പിന്നീട് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും ചാറ്റര്‍ജിയെ എം.പിയാക്കി. ഈ കൂട്ടുകച്ചവടം എന്തിനായിരുന്നു? ഇതിനെല്ലാം മറുപടി പറയാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ഉത്തരവാദിത്തമുണ്ട്.
ഡോ: മോഹന്‍ ഭാഗവതിന്റെ ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ജനാധിപത്യത്തെ മാതൃഭൂമി പത്രം ചോദ്യം ചെയ്തിരിക്കുന്നു എന്നാണ് അശോകന്‍ ചെരുവിലിന്റെ സങ്കടം. ജനാധിപത്യത്തെപ്പറ്റി വാചകമടിക്കുകയും തങ്ങള്‍ എതിര്‍ക്കുന്നവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ അനുവദിക്കരുതെന്നു പറയുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ജനാധിപത്യ ബോധം എത്ര നികൃഷ്ടമായിരിക്കുന്നു! വിരുദ്ധാശയക്കാരന്റെ ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രം ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന വി.കെ.ജോസഫും പാര്‍ട്ടിയുമാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കള്‍ എന്നതാണ് വര്‍ത്തമാനകാല കേരളം നേരിടുന്ന ശാപം. പി. രാജീവിന്റെ വിലാപം വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയായിപ്പോയി. സാഹിത്യ മോഷണത്തിലൂടെയും ജിഹാദികളുടെ കൂട്ടിക്കൊടുപ്പുകാരനെന്ന നിലയിലും കുപ്രസിദ്ധിയാര്‍ജ്ജിച്ച സുനില്‍ പി.ഇളയിടത്തിന്റെ ഗാന്ധിസ്‌നേഹത്തിന്റെ ദുര്‍ഗന്ധം മലയാളികള്‍ക്ക് സുപരിചിതമായിക്കഴിഞ്ഞിരിക്കുന്നു. സച്ചിദാനന്ദന്റെ വിലാപത്തിന്റെ തീവ്രത നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. ആര്‍.എസ്.എസ്സിനെയും നരേന്ദ്ര മോദിയെയും എതിര്‍ക്കാന്‍ വേണ്ടി മാത്രം ദശലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് ഘശലേൃമൃ്യ എലേെ നടത്തിയിട്ടും നാലണക്കു പ്രയോജനമില്ലാതെ പോയതിന്റെ സങ്കടവും ദേഷ്യവും കരഞ്ഞു തീര്‍ക്കുന്നു എന്നു മാത്രം. ഗാന്ധിജിയുടെ ഓര്‍മ്മകളെപ്പോലും ആര്‍.എസ്.എസ്. ഭയപ്പെടുന്നു എന്നാണ് രമേശ് ചെന്നിത്തലയുടെ കണ്ടുപിടുത്തം. അതിനര്‍ത്ഥം അവര്‍ ഗാന്ധിജിയുടെ ഓര്‍മ്മകളെ താലോലിക്കുന്നു എന്നാണല്ലോ. അതിന്റെ പ്രതിഫലനമായിരിക്കുമോ ചെന്നിത്തലയുടെ ഇപ്പോഴത്തെ നേതാവ് രാഹുല്‍ ഗാന്ധി ഇടയ്ക്കിടക്ക് അജ്ഞാത വ്യക്തികളെ കാണാനും ഉല്ലസിക്കാനും വിദേശ രാജ്യങ്ങളിലേക്ക് ഊളിയിടുന്നത് ?
ഏ.കെ.ആന്റണിയുടെ വാദം ‘ഗാന്ധിജി അവര്‍ക്ക് (ആര്‍.എസ്.എസ്സിന്) പല സ്വാതന്ത്ര്യ സമര സേനാനികളില്‍ ഒരാള്‍ മാത്രമാണ്’ എന്നാണ്. എത്ര വിചിത്രവും വികലവുമാണ് ഈ പ്രസ്താവന. മറ്റാരെയും സ്വാതന്ത്ര്യ സമര സേനാനികളായി ആദരിക്കുകയോ അംഗീകരിക്കുകയോ ചെയ്യരുതെന്ന ഹീന ബുദ്ധികളായി സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് അധ:പതിച്ചതിന്റെ ശരിയായ ഉദാഹരണമാണിത്. ‘എല്ലാ വിഭാഗം ജനങ്ങളെയും ഒന്നായി കാണാനുള്ള വിശാലമായ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഗാന്ധിജിയുടെ ഓരോ ചുവടുവയ്പ്പും’ എന്ന പിണറായി വിജയന്റെ വിലയിരുത്തല്‍ വാസ്തവത്തില്‍ ബുദ്ധിഭ്രമം ഉണ്ടാക്കും. കാരണം, എത്ര നിസ്സാര കാര്യങ്ങളും ജാതിയുടെയും മതത്തിന്റെയും ഉപജാതിയുടെയും വരെ പേരിലാക്കി നാട്ടില്‍ വര്‍ഗീയ കലാപങ്ങളും ജാതി വഴക്കുകളും നിരന്തരം നടത്തി വോട്ടും അധികാരവും നേടിക്കൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റു നേതാവു തന്നെ ഇതു പറയുമ്പോള്‍ സാക്ഷര കേരളം ലജ്ജിക്കണം. അശാന്തന്റെ മരണവും വടയമ്പാടി ക്ഷേത്ര പ്രശ്‌നവും തലശ്ശേരി ഫസല്‍ വധവും ശബരിമല പ്രശ്‌നവും ഒക്കെ പിണറായിയും കൂട്ടാളികളും എങ്ങനെയൊക്കെ പ്രചരിപ്പിച്ചു എന്ന് മലയാളികള്‍ മറന്നിട്ടില്ല.
ഏതായാലും ആര്‍.എസ്.എസ്. സര്‍സംഘചാലകന്റെ ലേഖനം കൊണ്ട് ഏറെ ഗുണങ്ങളുണ്ടായിട്ടുണ്ട്. ചില കോണ്‍ഗ്രസ്സുകാരെങ്കിലും ഗാന്ധിജിയെ ഓര്‍ക്കാന്‍ അത് അവസരമുണ്ടാക്കി. ജനാധിപത്യത്തിന്റെ മാഹാത്മ്യം ഭാരതീയരെ ബോധ്യപ്പെടുത്താന്‍ ശ്രീമതി ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ നടപ്പാക്കിയിരുന്നല്ലോ. അതിനെതിരെ ആര്‍.എസ്.എസ്സിന്റെ നേതൃത്വത്തില്‍ ലോക സംഘര്‍ഷസമിതിയുടെ പേരിലാണ് ഭാരതം മുഴുവന്‍ അഹിംസാ സമരം നടത്തിയത്. അന്ന് സമരമുഖത്ത് പേലീസിന്റെ ക്രൂര മര്‍ദ്ദനമേല്‍ക്കുമ്പോള്‍ വിളിച്ചിരുന്ന മുദ്രാവാക്യം ‘ഭാരത് മാതാ കീ ജയ്, മഹാത്മാഗാന്ധി കീ ജയ് ‘ എന്നിങ്ങനെയായിരുന്നു. അതുകേട്ട കെ.കരുണാകരന്റെ പോലീസ് പറഞ്ഞത്, ”ചത്ത ഗാന്ധിക്ക് കീജേ വിളിക്കാതെ ജീവിച്ചിരിക്കുന്ന ഗാന്ധിക്ക് ജയ് വിളിക്കെടാ” എന്നായിരുന്നു. 1947 ആഗസ്റ്റ് 15 ന് മുമ്പുതന്നെ കോണ്‍ഗ്രസ് മഹാത്മാഗാന്ധിയെ കളഞ്ഞിരുന്നു. പിന്നീടിങ്ങോട്ട്, ശ്രീമതി സോണിയയുടെ വാക്കുകളില്‍ പറഞ്ഞാല്‍, ഗാന്ധിജിയുടെ പേര് ദുരുപയോഗം ചെയ്ത നവ’ഗാന്ധി’മാരുടെ കൈകളിലമര്‍ന്നു ഭാരതം. അതുകൊണ്ടാണ് ‘ചത്ത ഗാന്ധിയെ’ വിട്ടു കളയാന്‍ പറഞ്ഞത്. അത് തിരിച്ചറിയാന്‍ ഈ ചര്‍ച്ച പ്രയോജനപ്പെട്ടു.
സംസ്‌കാര ശൂന്യത പ്രചരിപ്പിക്കാന്‍ വിദ്യാലയങ്ങളും അക്കാദമികളും ഭരണകൂടത്തെത്തന്നെയും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ജിഹാദി കമ്മ്യൂണിസ്റ്റുകള്‍ സദാചാരവും സംസ്‌ക്കാരവും പറഞ്ഞ മഹാത്മാഗാന്ധിയെ ‘ഗാന്ധിജി’എന്ന് ആദ്യമായി സംബോധന ചെയ്യാനെങ്കിലും തയ്യാറായല്ലോ. അതൊരു നിസ്സാര പരിണാമമല്ല. അതും ഈ ചര്‍ച്ചയുടെ ഗുണഫലമാണ്. നിറം കെട്ടുപോയ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് അല്‍പ്പമെങ്കിലും തെളിച്ചം കിട്ടാന്‍ ഗാന്ധിമാര്‍ഗം ഉപയോഗപ്പെടും; തീര്‍ച്ച.