സംസ്ഥാനത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷം ചിത്രങ്ങളിലൂടെ……
തിരുവനന്തപുരം: സ്വത്വബോധത്തിന്റെ മയില്‍പ്പീലി ചൂടി സാംസ്‌കാരിക കേരളം ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. ‘സ്വത്വം വീണ്ടെടുക്കാം സ്വധര്‍മ്മാചരണത്തിലൂടെ’ എന്ന സന്ദേശവുമായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പതിനായിരത്തിലധികം കേന്ദ്രങ്ങളില്‍ മഹാശോഭായാത്രകളായും ഉപയാത്രകളായും ലക്ഷക്കണക്കിനാളുകളാണ് പരിപാടിയില്‍ അണിനിരന്നത്. കൃഷ്ണവേഷം ധരിച്ച ബാലികാ ബാലന്മാരും നയനമനോഹരമായ നിശ്ചലദൃശ്യങ്ങളും ഉറിയടിയും കലാപരിപാടികളും സാംസ്‌കാരിക സമ്മേളനങ്ങളും ശോഭായാത്രയ്ക്ക് മിഴിവേകി.
തിരുവനന്തപുരം നഗരത്തിലെ ശോഭായാത്രകള്‍ പാളയം മഹാഗണപതി ക്ഷേത്ര സന്നിധിയില്‍ സംഗമിച്ച് അനന്തപദ്മനാഭ സന്നിധിയിലൂടെ പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിച്ചു. ഗായകന്‍ ജി. വേണുഗോപാല്‍ കൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തിക്കൊണ്ട് ശോഭായാത്ര ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ശ്രീകൃഷ്ണ ജയന്തി സന്ദേശം നല്‍കി. സംവിധായകന്‍ രാജസേനന് ഗോകുലപതാക കൈമാറി. ആര്‍എസ്എസ് അഖിലഭാരതീയ ധര്‍മ്മജാഗരണ്‍ പ്രമുഖ് ശരത് ഡോളെ, സഹപ്രമുഖ് ശ്യാംകുമാര്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
എറണാകുളം നഗരത്തില്‍ നടന്ന ശോഭായാത്രയില്‍ വൈറ്റില ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതി സ്വാമി ഭുവനാത്മാനന്ദ, സ്വാമി വിശ്വരൂപാനന്ദ സരസ്വതി, മാതാജി സത്യപ്രിയാനന്ദ സരസ്വതി, മാതാജി അമുതാനന്ദ സരസ്വതി, മാതാജി മേധാനന്ദപുരി, മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകരായ എസ്. സേതുമാധവന്‍, എ. ഗോപാലകൃഷ്ണന്‍, ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ആഘോഷ സമിതിയുടെ അധ്യക്ഷന്‍ ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ. കൃഷ്ണന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ ശ്രീകൃഷ്ണ ജയന്തി സന്ദേശം നല്‍കി.
കോട്ടയം നഗരത്തില്‍ മഹാശോഭായാത്രാ സംഗമം റബ്ബര്‍ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സവാര്‍ ധനാനിയ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് അഖിലഭാരതീയ സമ്പര്‍ക്ക പ്രമുഖ് രാംലാല്‍ ഗോകുല പതാക കൈമാറി. ഗോവ രാജ്യസഭാംഗം വിനയ് ദിനു തെണ്ടുല്‍ക്കര്‍ ആശംസയര്‍പ്പിച്ചു. ചാലക്കുടി നഗരത്തിലെ സാംസ്‌കാരിക സമ്മേളനം പ്രശസ്ത സിനിമാതാരം ശ്രീലേഖ ഉദ്ഘാടനം ചെയ്തു. മഞ്ചേരി നഗരത്തില്‍ പ്രശസ്ത സീരിയല്‍ താരം സ്‌നിഷാ ചന്ദ്രന്‍ പങ്കെടുത്തു.
കോഴിക്കോട് ശ്രീകണ്‌ഠേശ്വര മഹാദേവക്ഷേത്ര പരിസരത്ത് നടന്ന മഹാശോഭയാത്ര തോല്‍പ്പാവക്കൂത്ത് ആചാര്യന്‍ പദ്ശ്രീ രാമചന്ദ്ര ഉദ്ഘാടനം ചെയ്തു. വടകരയില്‍ പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ ഗോകുലപതാക കൈമാറി ശോഭായാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സിനിമാനടന്‍ ബാബുനമ്പൂതിരി, ഇല്ലിക്കെട്ട് നമ്പൂതിരി, പി.പി. ശ്രീധരനുണ്ണി, സ്വാമി സത്യാനന്ദപുരി, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ ശോഭായാത്ര ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മഹാനഗരം സംഘടിപ്പിച്ച ശ്രീകൃഷ്ണ കലാസന്ധ്യ എം.ടി. വാസുദേവന്‍ നായരുടെ മകളും പ്രശസ്ത നര്‍ത്തകിയുമായ അശ്വതി. വി നായര്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കൂത്തുപറമ്പില്‍ തൊക്കിലങ്ങാടി ക്രിസ്തുരാജ് ഹോസ്പിറ്റലിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ സിന്‍സി മറിയ ഗോകുല പതാക കൈമാറി. പാനൂരില്‍ നോവലിസ്റ്റ് ജയപ്രകാശ് പാനൂര്‍ ശോഭായാത്ര ഉദ്ഘാടനം ചെയ്തു. മാഹിയിലെ ശ്രീകൃഷ്ണജയന്തി ശോഭായാത്ര അഡ്വ. അബ്ദുള്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.