എന്തുകൊണ്ടായിരിക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പലതവണ ഭരണത്തുടര്‍ച്ചയുണ്ടായ രാജ്യങ്ങളിലും, സംസ്ഥാനങ്ങളിലും എല്ലാം പിന്നീട് ഭരണം നഷ്ടപ്പെടുമ്പോള്‍ ജനങ്ങള്‍ അവരെ ആക്രമിക്കുന്നത്? എന്തിനാണ് അവരുടെ നേതാക്കളുടെ പ്രതിമപോലും തകര്‍ക്കുന്നത്? എന്തിനാണ് പാര്‍ട്ടി ഓഫീസുകള്‍ കത്തിക്കുന്നത്?
കേരളത്തിലെ സഹകരണ ബാങ്ക് തട്ടിപ്പുകള്‍ അതിന്റെ ശരിയായ ഉദാഹരണങ്ങളില്‍ ഒന്നുമാത്രമാണ്. ഇത്ര സംഘടിതമായി, കണ്ണില്‍ച്ചോരയില്ലാതെ, എല്ലാ നിയമവാഴ്ചകളെയും കാറ്റില്‍പറത്തി സര്‍ക്കാരും പാര്‍ട്ടിയും ‘പകല്‍ക്കൊള്ള’ ശാസ്ത്രീയമായി നടത്തുന്ന ഒരു സംസ്ഥാനം ലോകത്ത് വേറെകാണില്ല. ഈ ‘സഹകരണ വിപ്ലവം’ നടത്തി പാവപ്പെട്ട ജനങ്ങളുടെ പണം കൊണ്ട് ഉണ്ടാക്കിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫീസുകള്‍, നേതാക്കള്‍ക്കുള്ള മണിമന്ദിരങ്ങള്‍, പാര്‍ട്ടിയുടെ വ്യവസായ സ്ഥാപനങ്ങള്‍, വ്യക്തിഗതമായ സമ്പാദ്യങ്ങള്‍ എല്ലാം ജനങ്ങള്‍ തിരിച്ചെടുക്കുകയാണ് നേരത്തെ സൂചിപ്പിച്ച ‘റിവേഴ്സ് (ചാക്രിക) വിപ്ലവ’ത്തിലൂടെ ജനങ്ങള്‍ ചെയ്യുന്നത്. അത് നിയമപരമായി തെറ്റാണെന്നുതോന്നാമെങ്കിലും ധാര്‍മ്മികമായി വര്‍ത്തമാനകാലത്തിനു യോജിച്ചതും, അതുകൊണ്ടുതന്നെ ജനങ്ങളുടെ അവകാശവുമാണ്. അതാണ് യഥാര്‍ത്ഥത്തില്‍ ശരിയായ ‘ജനകീയ തെറ്റുതിരുത്തല്‍’
കേരള സഹകരണ ചരിത്രത്തിലെ സമാനതകളില്ലാത്ത തട്ടിപ്പായ ഇരിങ്ങാലക്കുട കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പുറത്തുവന്നിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. പതിനൊന്നായിരത്തോളം പേരുടെ 312 കോടി രൂപയുടെ നിക്ഷേപമാണ് ഒരു മുന്‍ മന്ത്രിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)യുടെ തൃശൂരിലെ നേതാവുമായ വ്യക്തിയുടെ പിന്‍ബലത്തോടെ ഇടത് ഭരണ സമിതിയിലെ ചില ഉന്നതരും, ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിയെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ഈ കേസിന്റെ കുറ്റപത്രം ഒരു വര്‍ഷമായിട്ടും സമര്‍പ്പിച്ചിട്ടില്ല എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രഹസ്യ പിന്തുണ ഈ പകല്‍കൊള്ളക്ക് ഉണ്ടായിരുന്നു എന്ന ചിന്തയ്ക്ക് പിന്‍ബലമേകുന്നു.
2021 ജൂലൈ 14 ലാണ് കരുവന്നൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന ബാങ്ക് കൊള്ളയുടെ വാര്‍ത്ത പുറത്തുവന്നത്. നീണ്ട പ്രവാസ ജീവിതത്തില്‍ നിന്ന് മിച്ചംപിടിച്ച പണം, റിട്ടയര്‍ ആയവരുടെ പെന്‍ഷന്‍ കാശ്, മകളുടെ കല്യാണം, വിദ്യാഭ്യാസം അങ്ങനെ പല ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേര്‍ന്ന് മുക്കിയത്. ഉന്നതതല സമിതി നടത്തിയ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകളാണ് ബാങ്കില്‍ കണ്ടെത്തിയത്. ബാങ്കിലെ വായ്പാ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവര്‍ത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് ഈ പരിശോധനയില്‍ കണ്ടെത്തി. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കോടികള്‍ കവര്‍ന്ന ജീവനക്കാരെയും, ഇടനിലക്കാരായ ആറുപേരെയും, ഇടതു ഭരണസമിതി അംഗങ്ങളായ പതിനൊന്ന് പേരെയും അറസ്റ്റ് ചെയ്തു. തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരില്‍ സസ്‌പെന്റ് ചെയ്ത പതിനാറ് സഹകരണ ഉദ്യോഗസ്ഥരെ മാസങ്ങള്‍ക്കുള്ളില്‍ തിരിച്ചെടുത്ത് സഹകരണ ബാങ്കിലെ പകല്‍ക്കൊള്ള ഞങ്ങളുടെ ജന്മാവകാശമാണെന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒരിക്കല്‍ക്കൂടി ജനങ്ങള്‍ക്കുമുന്നില്‍ വ്യക്തമാക്കി.
കരുവന്നൂര്‍ ‘സഹകരണം’ ഒരു ഒറ്റപ്പെട്ട സംഭവമല്ല…
കരുവന്നൂര്‍ സഹകരണബാങ്ക് വിഷയം വീണ്ടും ചൂടുപിടിച്ച ചര്‍ച്ചയാകുന്നത് ബാങ്കില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ച ഫിലോമിന ചികിത്സക്ക് പണമില്ലാതെ മരിക്കുന്നതോടുകൂടിയാണ്. നിക്ഷേപിച്ച പണം തിരികെ കിട്ടിയിരുന്നെങ്കില്‍ മികച്ച ചികിത്സ നല്‍കുമായിരുന്നുവെന്നാണ് മരിച്ച ഫിലോമിനയുടെ ഭര്‍ത്താവ് ദേവസ്സി പ്രതികരിച്ചത്. പണം ചോദിക്കുമ്പോള്‍ ബാങ്കിലെ ജീവനക്കാര്‍ മോശമായി പെരുമാറിയെന്നു പോലും ദേവസ്സി ആരോപിച്ചു. കിട്ടുമ്പോള്‍ തരാം എന്നായിരുന്നു ബാങ്ക് ജീവനക്കാര്‍ പറഞ്ഞതെന്ന് അദ്ദേഹം മാധ്യമങ്ങളോട് നിറകണ്ണുകളോടെ പറഞ്ഞു. കരുവന്നൂരിലെ 3 പേരും, മാവേലിക്കര സഹകരണബാങ്കിലെ 8 പേരോളവും നിക്ഷേപം തിരിച്ചുകിട്ടാത്തതിനാല്‍ മികച്ച ചികിത്സ കിട്ടാതെ മരണപ്പെട്ടിട്ടുണ്ട്.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ഒരു ഒറ്റപ്പെട്ട സംഭവമല്ല. തൃശ്ശൂരില്‍ തന്നെയുള്ള പറപ്പൂക്കര സഹകരണ ബാങ്ക്, അടാട്ട് കാര്‍ഷിക സഹകരണ ബാങ്ക്, മാവേലിക്കര സഹകരണ ബാങ്ക്, കാഞ്ഞാണിയിലുള്ള കാരമുക്ക് സര്‍വീസ് സഹകരണ ബാങ്ക്, കഞ്ഞിക്കുഴി സഹകരണ ബാങ്ക്, ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്ക്, വെള്ളൂര്‍ സഹകരണ ബാങ്ക്, നെടുങ്ങോലം സര്‍വീസ് സഹകരണ ബാങ്ക്, കാസര്‍ക്കോട് മുഗു സഹകരണ ബാങ്ക്, മലപ്പുറം എ.ആര്‍.നഗര്‍ സര്‍വീസ് സഹകരണ ബാങ്ക്, മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്ക്, ആലപ്പുഴ കുമാരപുരം സഹകരണ ബാങ്ക്, ഏറ്റുമാനൂര്‍ കാരാപ്പുഴ സഹകരണ ബാങ്ക്, കൊല്ലം കൊട്ടാരക്കര തമരംകൂടി സര്‍വീസ് സഹകരണബാങ്ക്, തിരുവനന്തപുരം ജില്ലയിലെ കണ്ടല സര്‍വ്വീസ് സഹകരണ ബാങ്ക് തുടങ്ങിയ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും ഈ തട്ടിപ്പ് നടന്നിട്ടുണ്ട്. കഴിഞ്ഞ 6 വര്‍ഷത്തിനിടെ 396 ബാങ്കുകളില്‍ ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്ന് സഹകരണ മന്ത്രി വി.എന്‍ വാസവന്‍ തന്നെ നിയമസഭയില്‍ ജൂലൈ 18-ാം തീയതി നല്‍കിയ മറുപടിയില്‍ പറയുന്നു. ക്രമപ്രകാരമല്ലാത്ത വായ്പ, വ്യാജ സ്ഥിരനിക്ഷേപ രസീത് ഉപയോഗിച്ചുള്ള വായ്പ, ഈടില്ലാത്ത വായ്പ, സ്വര്‍ണ്ണ വായ്പയിലെ തട്ടിപ്പുകള്‍, ഈടുവച്ച വസ്തുക്കളുടെ ക്രമപ്രകാരമല്ലാത്ത ലേലം തുടങ്ങിയ തട്ടിപ്പുകളാണ് നടന്നിട്ടുള്ളതെന്ന് അക്കമിട്ട് മന്ത്രിയുടെ മറുപടിയില്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ വളരെ കുറച്ച് ബാങ്കുകളിലെ മാത്രം വലിയ വായ്പ്പാ തട്ടിപ്പുകള്‍, അഴിമതികള്‍, മറ്റുചില സാമ്പത്തിക ക്രമക്കേടുകള്‍ എന്നിവ മാത്രമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. മുക്കുപണ്ടം വെച്ച് പണം കൈപ്പറ്റിയതും, കള്ളആധാരം വെച്ച് വായ്പ മേടിച്ചതും ഇനിയും വരുവാന്‍ പോകുന്നതേയുള്ളൂ.
ഇതുകൂടാതെ ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് കേരളത്തിലെ 164 സര്‍വീസ് സഹകരണ ബാങ്കുകള്‍കൂടി സാമ്പത്തിക പ്രതിസന്ധിയില്‍ ആകുമെന്ന്കൂടി സഹകരണ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം പറഞ്ഞുകഴിഞ്ഞു. ഇതിന്റെയര്‍ത്ഥം ഈ 164 സര്‍വീസ് സഹകരണ ബാങ്കുകളിലും അഴിമതിയോ, ക്രമക്കേടോ, വഴിമാറ്റി ചിലവാക്കാലോ, വരവില്‍ കവിഞ്ഞ വായ്പ്പനല്‍കല്‍, ദുരൂഹമായ സ്വര്‍ണ്ണവായ്പ നല്‍കല്‍ എന്നിങ്ങനെ അവിശ്വസനീയമായ അളവില്‍ പൊതുജനങ്ങളുടെ പണം സിപിഐ (എം) കയ്യിലാക്കിയിട്ടുണ്ട്. സിപിഐ (എം) ന്റെ ഭാഗ്യമെന്താണെന്നുവെച്ചാല്‍ കോണ്‍ഗ്രസ്സും, മുസ്ലിംലീഗുമെല്ലാം ഈ ‘ജനകീയകൊള്ള’ യുടെ കണ്ണികളയായിട്ടുണ്ട് എന്നതാണ്. അതുകൊണ്ടുതന്നെ പ്രതിപക്ഷങ്ങളുടെ രാഷ്ട്രീയ സമരങ്ങള്‍ കാര്യമായി പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നില്ല. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന, ആയിരക്കണക്കിന് കോടിരൂപ ജനങ്ങള്‍ക്ക് നഷ്ടപെട്ട, ഒമ്പതോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട, തെരുവുകള്‍ കത്തിപ്പടരേണ്ട ഈ വിഷയത്തെ പ്രതിപക്ഷം വലിയ ജനകീയ പ്രക്ഷോഭമാക്കുന്നതില്‍ പരാജയപ്പെടുകയോ അലംഭാവം കാണിക്കുകയോ, അല്ലെങ്കില്‍ ആ ശ്രമത്തില്‍ പരാജയപ്പെടുകയോ ചെയ്തു. ഇത് പ്രതിപക്ഷകക്ഷികളുടെ രാഷ്ട്രീയ ആത്മഹത്യയാണ്, നേതൃത്വത്തിന്റെ കഴിവുകേടാണ്. കാരണം അധ്വാനിച്ചുണ്ടാക്കിയ പണം അത്യാവശ്യത്തിന് ഉപയോഗിക്കുവാന്‍ കിട്ടാത്തപ്പോള്‍ ഉണ്ടാകാത്ത രോഷമൊന്നും സാധാരണ ജനങ്ങള്‍ക്ക് മറ്റുപലവിഷയങ്ങള്‍ക്കും കാണുകയില്ലല്ലോ.
കരുവന്നൂരിലെ വിശേഷങ്ങള്‍..
‘കരുവന്നൂര്‍ ബാങ്കില്‍ എന്താണ് പ്രശ്‌നം’ എന്ന തലക്കെട്ടോടുകൂടിയ ഒരു നോട്ടീസ് സിപിഐ (എം) ന്റെ പിന്‍ബലത്തോടെ പ്രചരിപ്പിക്കുന്നുണ്ട് . ബാങ്കുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളില്‍ സാധാരണക്കാര്‍ക്കുണ്ടാകുന്ന രോഷം ശമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയതാണ് എങ്കിലും ചോദ്യോത്തര രീതിയില്‍ നല്‍കിയിരിക്കുന്ന വിശദീകരണങ്ങളില്‍ മിക്കതും വ്യാജവാദങ്ങളാണ്.
312 കോടിയുടെ തട്ടിപ്പ് എന്നത് പെരുപ്പിച്ച കണക്കാണ്. 312 കോടി ആ ബാങ്കിലെ ആകെ നിക്ഷേപത്തിന്റെ തുകയാണ്. മൊത്തം വിഴുങ്ങി എന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല. എന്നാണ് സിപിഎം വിശദീകരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 312.71 കോടി നിക്ഷേപവും 381.45 കോടി വായ്പയുമുള്ള കരുവന്നൂര്‍ ബാങ്കില്‍ 219.34 കോടിയുടെ തട്ടിപ്പുനടന്നിട്ടുണ്ട് (പേജ് നമ്പര്‍ 45, സഹകരണ ഉന്നതതല കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട്).
മറ്റൊരു വാദം അഴിമതിക്ക് കൂട്ടുനിന്ന ഭരണസമിതിയും ഉദ്യോഗസ്ഥരും ഓഡിറ്റ് വകുപ്പ് ജീവനക്കാരും നടപടി നേരിടുന്നുണ്ട് എന്നാണ്. എന്നാല്‍ സത്യത്തില്‍ കേസെടുത്തിട്ട് ഒരുവര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കിയില്ല. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 17 സഹകരണ ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു……. ആദ്യം അറസ്റ്റിലായ ആറുപ്രതികളില്‍ നാലുപേരും പുറത്തിറങ്ങി. അറസ്റ്റിലായ 10 ഭരണസമിതി അംഗങ്ങള്‍ എല്ലാവരും പുറത്തിറങ്ങി. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല.
മറ്റൊരു വിചിത്രമായ വാദം ‘ബാങ്കിനെപ്പറ്റി കേള്‍ക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് ഉണ്ടാകുന്ന ഭീതി മറികടക്കാന്‍കൂടിയാണ് പണം പിന്‍വലിക്കുന്നതിലുള്ള ഇത്തരം നിയന്ത്രണങ്ങള്‍. ക്രമേണ പിന്‍വലിക്കല്‍ തോത് ഉയര്‍ത്തും’ എന്നാണ്. ബാങ്ക് പ്രതിസന്ധിയിലാണെന്ന് പ്രഖ്യാപിച്ച 2021 ജൂലായ് മുതല്‍ നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ 10,000 രൂപ നല്‍കിയിരുന്നു. സപ്തംബറില്‍ ഇത് മാസത്തിലൊരിക്കലും നവംബര്‍ 15 മുതല്‍ 45 ദിവസത്തിലൊരിക്കലുമാക്കി. ഡിസംബര്‍ 20 മുതല്‍ മൂന്നുമാസത്തിലൊരിക്കലാക്കി. 2022 ജൂലൈമുതല്‍ നാലുമാസത്തില്‍ ഒരിക്കലാണ്. ഓഗസ്റ്റ് മുതല്‍ ആറുമാസത്തില്‍ ഒരിക്കലും. നോട്ട് നിരോധനസമയത്ത് ബാങ്കിന്റെ മുന്നില്‍ കാത്തുനിന്നു ജനങ്ങള്‍ മരിച്ചുവീഴുന്നു എന്നുപറഞ്ഞ് നിരന്തരം കേന്ദ്രസര്‍ക്കാരിനെ കളിയാക്കിയവര്‍ നടപ്പാക്കുന്ന സാമ്പത്തിക നടപടികളാണ് ഇവയെല്ലാം. ഇത്രയെല്ലാം ജനങ്ങളെ ഉപദ്രവിച്ചിട്ടും ജനങ്ങള്‍ തെരുവില്‍ ഇറങ്ങുന്നില്ല എന്നതും അവര്‍ക്ക് നീതിലഭിക്കും വരെ പ്രതിഷേധസമരം നയിക്കുവാന്‍ പ്രാപ്തിയുള്ള നേതൃത്വം ഇല്ല എന്നതും വിചിത്രവും അത്ഭുതകരവുമാണ്.
2010 മുതലാണ് കരുവന്നൂര്‍ ബാങ്കില്‍ തട്ടിപ്പ് ആരംഭിക്കുന്നത്. സി.പി.എം ഭരിക്കുന്ന ബാങ്കിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിക്കപ്പെട്ട ജീവനക്കാരും പാര്‍ട്ടിയുടെ ഭാരവാഹികളായതോടെ ക്രമക്കേട് അനുസ്യൂതം തുടരുകയായിരുന്നു. കേസില്‍ മുഖ്യപ്രതികളായി ചേര്‍ത്തിട്ടുള്ള ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ കെ.എം.ബിജു, കരീം എന്നിവര്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റി അംഗവുമാണ്. ബാങ്ക് കമ്മീഷന്‍ ഏജന്റായി നിയമിച്ച കിരണ്‍ പാര്‍ട്ടിയുടെ ഒത്താശയോടെയാണ് ഈ സ്ഥാനത്ത് എത്തിയത്. കേസില്‍ മുഖ്യപ്രതിയായ കിരണിന്റെ മാത്രം അക്കൗണ്ടിലേക്ക് ബാങ്കില്‍ നിന്ന് 22.85 കോടിയാണ് എത്തിയത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത 2021 ജൂലായ് 14 മുതല്‍ ബാങ്കിന് മുന്നില്‍ 10,000 രൂപയ്ക്കായി കാത്ത് നില്‍ക്കുന്ന നിക്ഷേപകരുടെ നീണ്ട നിരയായിരുന്നു. നിക്ഷേപം തിരികെ കിട്ടാന്‍ ടോക്കണ്‍ എടുക്കണം. ടോക്കണ്‍ വാങ്ങാനായി പുലര്‍ച്ചെ തന്നെ എത്തി വരി നില്‍ക്കുന്നവരുടെ ദയനീയ കാഴ്ച കേരളജനത കണ്ടതാണ്. ദിവസം പരമാവധി 25 പേര്‍ക്ക് 10000 രൂപ നല്‍കാമെന്നായിരുന്നു ബാങ്കിന്റെ ആദ്യവാഗ്ദാനം. എന്നാല്‍ നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ 10000 രൂപ മാത്രമേ നല്‍കൂ എന്നായിരുന്നു പിറ്റേദിവസം മുതല്‍ ബാങ്കിന്റെ നിയമമെന്ന പേരില്‍ ജനങ്ങളെ അറിയിച്ചത്.
40 വര്‍ഷമായി സി.പി.എം. ഭരണസമിതി കയ്യാളുന്ന ബാങ്കില്‍ 2015-16 സാമ്പത്തിക വര്‍ഷം 501 കോടിയുടെ നിക്ഷേപമുണ്ടായിരുന്നു. ഒരു പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കില്‍ പ്രതീക്ഷിക്കാവുന്നതിലേറെയായിരുന്നു ഇത്. എന്നാല്‍ പിന്നീട് ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ താളപ്പിഴകള്‍ തുടങ്ങി. ഇത് മണത്തറിഞ്ഞ നിക്ഷേപകര്‍ വര്‍ഷം തോറും നിക്ഷേപം പിന്‍വലിച്ച് തുടങ്ങി. 2016-17-ല്‍ നിക്ഷേപം 424 കോടിയായി. 2017-18-ല്‍ ഇത് 405 കോടിയായും അടുത്ത വര്‍ഷം 340 കോടിയായും കുറഞ്ഞു. 104 കോടിയുടെ തട്ടിപ്പ് നടന്നെന്ന് സഹകരണ വകുപ്പ് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്ത അവസാനത്തെ സാമ്പത്തിക വര്‍ഷം നിക്ഷേപം 301 കോടിയായിരുന്നു. തട്ടിപ്പ് പരസ്യമായതോടെ ബാങ്കിന്റെ യഥാര്‍ത്ഥ മുഖം പുറത്തായി.

ബാങ്ക് അക്കൗണ്ടന്റും കേസ്സില്‍ പ്രതിയുമായ സി.കെ.ജില്‍സിന് ബാങ്കില്‍ മൂന്ന് സി ക്ലാസ് അംഗത്വമുണ്ടായിരുന്നു. ബാങ്കിന്റെ റബ്‌കോ ഏജന്‍സിയുടെ കമ്മീഷന്‍ ഏജന്റും കേസില്‍ പ്രതിയുമായ ബിജോയിയുടെ അക്കൗണ്ടിലൂടെ നടന്നത് 50 കോടിയുടെ ഇടപാടാണ്. കിരണ്‍ എന്ന മറ്റൊരു പ്രതി പെരിഞ്ഞനത്ത് പ്രാദേശിക ചാനല്‍ നടത്തിവരികയായിരുന്നു. സിപിഎമ്മിലെ നേതാക്കളുമായുള്ള ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ബാങ്കിന്റെ കമ്മീഷന്‍ ഏജന്റായത്. ഒരു കോടിയുടെ വായ്പ തരപ്പെടുത്തിക്കൊടുക്കുന്നതിന് അഞ്ച് ശതമാനമാണ് കമ്മീഷനായി കിട്ടിയിരുന്നത്. ബാങ്കില്‍ അംഗത്വം പോലുമെടുക്കാത്ത കിരണ്‍ പിന്നീട് തട്ടിപ്പിലേക്ക് പ്രവേശിക്കുകയായിരുന്നു. കേസ്സില്‍ മുഖ്യപ്രതിയായ കിരണിന്റെ മാത്രം അക്കൗണ്ടിലേക്ക് ബാങ്കില്‍ നിന്ന് 46 ആളുടെ പേരിലെടുത്ത 22.85 കോടിരൂപ എത്തിയത് സെക്രട്ടറിയും ഭരണ നേതൃത്വവും അറിഞ്ഞില്ല എന്ന് ഏതായാലും കരുതാനാവില്ലലോ?
അന്വേഷണങ്ങള്‍…പ്രഹസനങ്ങള്‍
കരുവന്നൂര്‍ ബാങ്ക് കൈവിട്ട കളിയാണെന്ന് മനസ്സിലാക്കി 2019-ല്‍ അന്വേഷണത്തിനെത്തിയ സഹകരണ വകുപ്പിന്റെ അന്വേഷണ സംഘത്തിന് മുന്നില്‍ ഭരണസമിതി പ്രസിഡന്റും ബ്രാഞ്ച് മാനേജരും നല്‍കിയ മൊഴി ഞെട്ടിക്കുന്നതാണ്. ജീവനക്കാരുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസിന് സഹായിക്കും വിധം ബാങ്കില്‍ നിന്ന് വായ്പ അനുവദിച്ചിട്ടുണ്ടെന്നായിരുന്നു പ്രസിഡന്റിന്റെ മൊഴി. ഇക്കാര്യം അന്വേഷണ റിപ്പോര്‍ട്ടിന്റെ 28-ാം പേജില്‍ പ്രതിപാദിച്ചിട്ടുണ്ട്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ബിനാമി ഇടപാടുണ്ടെന്നും പ്രസിഡന്റും മാനേജരും മൊഴി നല്കിയിരുന്നു. 2011 മുതല്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസിനും മറ്റുമായും ബാങ്കില്‍ നിന്ന് ബിനാമി വായ്പയെടുക്കാറുണ്ടെന്നും പിന്നീട് മാര്‍ച്ച് അവസാനം വായ്പ പുതുക്കേണ്ട ഘട്ടത്തില്‍ ബിനാമി ഇടപാട് മറയ്ക്കുന്നതിനായി പഴയവസ്തു പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്താറുണ്ടെന്നും ബാങ്ക് മാനേജര്‍ എം.കെ. ബിജു കരീം അന്വേഷണ കമ്മീഷന് മൊഴി നല്കിയിട്ടുണ്ട്. ഭരണസമിതി ബിനാമി ഇടപാടിന് കൂട്ടുനിന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. നോട്ട് നിരോധനം വരെ റിയല്‍ എസ്റ്റേറ്റിലേക്ക് കോടികള്‍ ഇറക്കി, എന്നാല്‍ നോട്ട് നിരോധനത്തോടെ കള്ളപ്പണം റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തില്‍ നിന്ന് ഏതാണ്ട് പൂര്‍ണ്ണമായി അപ്രത്യക്ഷമായതോടുകൂടി മുതല്‍ മുടക്കിയ തട്ടിപ്പുപണം പിന്നീട് തിരിച്ചു പിടിക്കാന്‍ കഴിയാതെ പോയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. അല്ലെങ്കില്‍ നാട്ടുകാരുടെ സമ്പാദ്യം യാതൊരു ഈടും ജാമ്യവുമില്ലാതെ സിപിഎം നേതാക്കള്‍ തങ്ങളുടെ മൂലധനമാക്കി ഈ നാടിനെ സമ്പന്നമാക്കിയേനെ. ഇങ്ങിനെ ‘മൂലധനത്തെ ദാസ’ന്മാരാക്കുവാനുള്ള ‘ദാസ് കാപിറ്റല്‍’ സമ്പ്രദായത്തെയാണ് നരേന്ദ്രമോദി 2016 നവംബര്‍ 8ന് രാത്രി 8 മണിക്കുള്ള ഒരൊറ്റ ഉത്തരവിലൂടെ തകര്‍ത്തുകളഞ്ഞത്. കാരണം നിക്ഷേപമായി കള്ളപ്പണം ബാങ്കില്‍ എത്തിയെങ്കിലും വായ്പ്പയെടുത്ത് മേടിച്ചുകൂട്ടിയ സ്ഥലങ്ങളും എസ്റ്റേറ്റ് ഭൂമികളും മാളുകളും റിസോര്‍ട്ടുകളും മറിച്ച് വില്‍ക്കുവാന്‍ കള്ളപ്പണം ഇല്ലാതായതോടുകൂടി ‘മാര്‍ക്‌സിസ്റ്റ് കൊള്ള’ പുറത്തായി.
ഈ തട്ടിപ്പിനെതിരെ നിലകൊണ്ട ബാങ്ക് എക്‌സറ്റന്‍ഷന്‍ കൗണ്ടറിലെ ഇന്‍ ചാര്‍ജ്ജും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ യുവനേതാവുമായിരുന്ന എം.വി. സുരേഷിനെ കള്ളക്കേസില്‍ കുടുക്കി ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തങ്ങള്‍ക്കെതിരെ നിലപാടെടുക്കുന്നവര്‍ക്കുള്ള താക്കീതാണിതെന്ന് പരസ്യമായി പറയുകയും ചെയ്തു. സത്യസന്ധനായിരുന്ന എം.വി.സുരേഷ് തണ്ടാരത്തറ ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു. അദ്ദേഹത്തെ ഉടന്‍തന്നെ പാര്‍ട്ടിയില്‍ നിന്നും കൂടി പുറത്താക്കികൊണ്ടാണ് സിപിഎം ഈ ‘പകല്‍കൊള്ളക്കുള്ള’ തങ്ങളുടെ പിന്തുണ അര്‍ത്ഥശങ്കയില്ലാത്തവിധം പ്രഖ്യാപിച്ചത്. നിരന്തരം ഈ പകല്‍കൊള്ളക്കെതിരെ ഏകാംഗ സമരം നടത്തുകയും ഇത് കോടതിയിലും ജനങ്ങള്‍ക്കുമുന്നിലും, മാധ്യമങ്ങള്‍ക്കുമുന്നിലും എത്തിക്കുകയും ചെയ്തതിന്റെ എല്ലാം ഒരു പ്രധാനകാരണം സുരേഷിന്റെ നിരന്തരമായ അഴിമതിവിരുദ്ധ പോരാട്ടമാണ്. ഇവിടെ ഒരു കണക്കിന് കമ്മ്യൂണിസ്റ്റ് സിദ്ധാന്തം ശരിയാണെന്ന് വേണമെങ്കില്‍ വാദിക്കാം. കാരണം തിസീസിന്റെ (സഹകരണ സംരംഭം) ഉള്ളില്‍ ആന്റി തീസിസ് (കമ്മ്യൂണിസ്റ്റ്് നേതൃത്വം ) ഇടപെട്ടതിലൂടെ ഉണ്ടായ ഉല്‍പ്പന്നമാണ് ഈ പകല്‍കൊള്ള. അതിനെ നേരിടുവാനുള്ള അതിന്റെ ഉള്ളിലെ തന്നെയുള്ള ‘സിന്തെസിസ്’ ആണ് എം.വി. സുരേഷും അതിനെതിരെ നിലകൊള്ളുന്ന എല്ലാവരും. സിന്തെസിസ് ഉത്ഭവിക്കുകയും അത് ആന്റി തീസിസിനെ തകര്‍ക്കുകയും ചെയ്യും എന്ന മാര്‍ക്‌സിയന്‍ സിദ്ധാന്തം ഇവിടെയെങ്കിലും ശരിയായിവരണമേയെന്നാണ് ചില സത്യസന്ധരായ മാര്‍ക്‌സിസ്റ്റുകാരുടെ പ്രാര്‍ത്ഥന.
നോട്ട് നിരോധനകാലത്തെ സഹകരണ ചാകര
മാനേജ്‌മെന്റ് പഠനപുസ്തകത്തിലെ ആദ്യ പാഠപുസ്തകങ്ങളില്‍ സാധാരണയായി കാണുന്ന ഒരു ഭാഗമാണ് ടണഛഠ അനാലിസിസ്. ഇതില്‍ പറയുന്നത് എല്ലാ അവസരങ്ങളും ഒരു ഭീഷണികൂടിയാണ്. അതുപോലെതന്നെ എല്ലാഭീഷണികളും മറ്റൊരുവിധത്തില്‍ ഓരോ അവസരങ്ങളും ആണ്. നോട്ട് നിരോധനം പോലും ലാഭകരമായ ഒരു ബിസിനസ്സ് അവസരമാക്കിമാറ്റിയത് കേരളത്തിലെ സഹകരണ ബാങ്കുകളും സി.പി.എം നേതാക്കളുമാണ്. കള്ളപ്പണം വെളുപ്പിക്കുവാന്‍ നിവൃത്തിയില്ലാത്ത ആളുകള്‍ക്ക് ഒരു രക്ഷാമാര്‍ഗ്ഗമായിരുന്നു സഹകരണ ബാങ്കുകള്‍. നിരന്തരം ചെറിയ തട്ടിപ്പുകള്‍ നടത്തി ജീവിച്ചുപോന്നിരുന്ന സഹകരണ ബാങ്കുകള്‍ക്ക് കിട്ടിയ ചാകരയായിരുന്നു നോട്ട് നിരോധനം. മറ്റു ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ സാധിക്കാത്ത പണം ഒരു കണക്കുകളിലും പെടാതെ നിക്ഷേപിക്കുകയും പുതിയ നോട്ടാക്കി മാസങ്ങള്‍ക്കുള്ളില്‍ തിരികെ കൊണ്ടുപോകുകയും ചെയ്യുക എന്നത് സഹകരണ ബാങ്കുകളിലെ നോട്ട് നിരോധനകാലത്തെ പൊതുരീതിയായിരുന്നു. ഇതുകൂടാതെ തിരുവന്തപുരത്തെ സെക്രട്ടറിയേറ്റിലെ ചില സഹകരണ ബാങ്കുകള്‍ ചിട്ടിനിക്ഷേപമായി മുന്‍കാലപ്രാബല്യത്തോടെ, പഴയ തീയതികളില്‍ രശീതി നല്‍കി വന്‍തോതില്‍ പണം ബാങ്കില്‍ നിക്ഷേപിക്കുകയും മാസങ്ങള്‍ക്കുള്ളില്‍ ചിട്ടിവിളിച്ചു പണം കിട്ടിയ രീതിയില്‍ തിരികെ കൊണ്ടുപോകുകയും ചെയ്തു എന്ന ആരോപണവും അന്വേഷണ ഏജന്‍സികളുടെ മുന്നിലുണ്ട്.
കരുവന്നൂര്‍ ബാങ്കിലേക്ക് നോട്ടുനിരോധന കാലത്തുമാത്രം വന്നത് 100 കോടിയോളം രൂപയാണ്. എന്നാല്‍ സോഫ്റ്റ് വെയറില്‍ വ്യാപകമായ ദുരുപയോഗം നടത്തി ആ കാലഘട്ടത്തിലെ ഡേ ഓപ്പണ്‍ – ഡേ എന്‍ഡ് സംവിധാനം ഇല്ലാതാക്കി. അതുകൊണ്ടു ഇനി ഏതു സമയത്ത്, എത്രരൂപയാണ് നിക്ഷേപിച്ചതെന്നും, എപ്പോഴാണ് പിന്‍വലിച്ചതിനും ഇനി കണ്ടെത്തുക അന്വേഷണ ഏജന്‍സികള്‍ക്ക് അത്ര എളുപ്പമാകില്ല. അന്താരാഷ്ട്ര പ്രശസ്തിയും, വിശ്വസ്തതയും ഉള്ള ഇന്ത്യന്‍ കമ്പനികളെ വരെ ഒഴിവാക്കി സഹകരണ ബാങ്കുകളിലെ സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ച് നല്‍കിയത് നിലവാരമില്ലാത്ത മാര്‍ക്‌സിസ്റ്റ് നേതാക്കളുടെ ബിനാമി കമ്പനികളാണ് എന്ന് പണ്ടേ ആരോപണമുണ്ട്. ഇത്തരം കമ്പനികളെ എളുപ്പത്തില്‍, പണംനല്കി സ്വാധീനിച്ച് ഒരുപക്ഷെ അവര്‍ തന്നെ ട്രാന്‍സെക്ഷന്‍സ് മുഴുവന്‍ തേച്ചുമായ്ച്ചു കളഞ്ഞും കാണാം. ഇതുകൂടാതെ നോട്ട് നിരോധനകാലത്തെ ഇടപാടുകള്‍ എല്ലാ ബാങ്ക് ഉദ്യോഗസ്ഥന്മാരുടെയും ബാധ്യതയാക്കുവാന്‍ പ്യൂണ്‍ ഉള്‍പ്പടെ 18 പേരെ അഡ്മിന്മാരാക്കി ബാങ്കില്‍ ആദ്യമേ ‘സോഷ്യലിസം’ മാര്‍ക്‌സിസ്റ്റുനേതാക്കള്‍ നടപ്പിലാക്കി. മറ്റുബാങ്കുകളെപോലെ കോര്‍ ബാങ്കിങ്ങില്‍ ഉള്‍പ്പെടാതെ സഹകരണമേഖലയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കറവപ്പശുവാക്കി മാറ്റി നിര്‍ത്തിയത് ഇത്തരം സമാന്തര സമ്പത്ത് വ്യവസ്ഥ സൃഷ്ടിക്കാനാണ്.
നോട്ട് നിരോധനത്തെ പുറമേക്ക് എതിര്‍ത്തുവെങ്കിലും ഈ ഒരവസരത്തിനു കാത്തുനില്‍ക്കുകയായിരുന്ന പോലെയാണ് കമ്മൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും അടിമകളായ ഉദ്യോഗസ്ഥരും പിന്നീട് പെരുമാറിയത്. ഇവര്‍ ഇരുകൂട്ടരും 2016 നവംബര്‍ 8 മുതല്‍ കള്ളപ്പണക്കാരുടെ കാണപ്പെട്ട ദൈവങ്ങളായി. പാവപ്പെട്ട ജനങ്ങള്‍ക്ക് മരണാവശ്യത്തിനുപോലും വായ്പ്പനല്‍കാത്ത ഈ ഇരുവിഭാഗവും കള്ളപ്പണ ഇടപാടുകള്‍ക്കായി രാത്രിയുംപകലും ബാങ്കുകളുടെ വാതിലുകള്‍ തുറന്നിട്ടുകൊടുത്തു. അങ്ങിനെ മാസങ്ങള്‍കൊണ്ട് ഒരു ചെറിയ ഗ്രാമത്തിലെ സഹകരണബാങ്കില്‍ 100 കോടി നിക്ഷേപം നടന്നു. എന്നിട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ് ) പാര്‍ട്ടി ഇപ്പോഴും പറയുന്നത് അതില്‍ ഒരു അപാകതയും ഇല്ല എന്നും നമ്മള്‍ അത് ശരിയായി മനസ്സിലാക്കണമെന്നുമാണ്.
നോട്ട് നിരോധിച്ച വര്‍ഷം കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപം കുന്നുകൂടി എന്ന ആരോപണം മാന്യരായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അണികള്‍ക്കുപോലുമുണ്ട്. നോട്ടുനിരോധനം ഏര്‍പ്പെടുത്തിയ 2016-ല്‍ കരുവന്നൂര്‍ സഹകരണബാങ്കിലെത്തിയത് റെക്കോഡ് നിക്ഷേപമായിരുന്നു. 2015-16 സാമ്പത്തികവര്‍ഷം 405.51 കോടി നിക്ഷേപമുണ്ടായിരുന്നത് പിന്നീട് 2016-17-ല്‍ 501 കോടിയായി ഉയര്‍ന്നു. 96 കോടിയാണ് ഒറ്റവര്‍ഷം കൂടിയത്. 2014-15 വര്‍ഷം ബാങ്കിലെ നിക്ഷേപം 354 കോടിയായിരുന്നു. തൊട്ടുമുന്നിലെ വര്‍ഷമുണ്ടായ വര്‍ദ്ധന 51 കോടിയുടേത് മാത്രമായിരുന്നു. എന്നാല്‍ നോട്ട് നിരോധിച്ച വര്‍ഷം നിക്ഷേപ വര്‍ദ്ധനവ് 96 കോടിയിലേക്കെത്തിയെന്നത് അവിശ്വസനീയമായതും അസ്വാഭാവികമായതുമായ വളര്‍ച്ചയാണ്. ആ കണക്കുകളാണ് തികച്ചും ശാസ്ത്രീയമായ രീതിയിലൂടെ അവര്‍ എന്നെന്നേക്കുമായി തേച്ചുമായ്ച്ചുകളഞ്ഞത്. കൂടാതെ മോഷ്ടിച്ച പണം പങ്കുവെച്ചില്ലെങ്കിലും ബാങ്കിലെ പാസ്സ്വേര്‍ഡ് ബാങ്കിലെ മുഴുവനും തൊഴിലാളികള്‍ക്കും പങ്കുവെച്ചുകൊണ്ടു സഖാക്കള്‍ സോഷ്യലിസത്തിലേക്കുള്ള ആദ്യപടി നടപ്പിലാക്കി. കമ്മ്യൂണിസ്റ്റുകാരും സേവന മനസ്‌കരുമായ ഭരണസമിതി അംഗങ്ങള്‍ ബാങ്കിലെ അരക്ഷിതാവസ്ഥയും പ്രതിസന്ധിയും മനസ്സിലാക്കി പാവപ്പെട്ട കള്ളപ്പണക്കാരോട് നേരത്തേ പണം മറ്റു ബാങ്കുകളിലേക്ക് മാറ്റുവാന്‍ നിര്‍ദ്ദേശം നല്കിക്കാണണം. എന്തായാലും പ്രതിസന്ധി തുടങ്ങുന്നതിനു മുന്‍പുതന്നെ 2016 -17 വര്‍ഷത്തില്‍ ഏതാണ്ട് 500 കോടി രൂപയുടെ നിക്ഷേപം ഉണ്ടായത്ത് 2017- 18-ല്‍ നിക്ഷേപം 405 കോടിയായി കുത്തനെ ഇടിയുകയും ചെയ്തു. നോട്ട് നിരോധിച്ച വര്‍ഷം നിക്ഷേപിച്ച മുഴുവന്‍ തുകയും അതേ വര്‍ഷംതന്നെ പിന്‍വലിച്ചു. എന്നാല്‍ ഇതിന് അടുത്തവര്‍ഷം നിക്ഷേപം 340 കോടിയായും കുറഞ്ഞു. 300 കോടിയുടെ തട്ടിപ്പ് നടന്നെന്ന് കണ്ടെത്തി കേസ്സെടുത്ത 2021-ല്‍ നിക്ഷേപം 301 കോടിയായിരുന്നു.
ഇ.ഡി. റെയ്ഡ്
കൊട്ടിഘോഷിക്കുന്ന ഇ.ഡി റെയ്ഡിലും തെളിവുകള്‍ കിട്ടുവാനുള്ള സാധ്യത വിരളമാണ്. ഇത്രയും ശാസ്ത്രീയമായി ‘ബാങ്ക് കൊള്ള’ നടത്തുവാന്‍ സാമര്‍ത്ഥ്യമുള്ള ഒരു ‘മാസ്റ്റര്‍ ബ്രയിനും’ അവരുടെ കൂലിപ്പട്ടാളവും തട്ടിപ്പു പുറത്തായതായി വര്‍ഷങ്ങള്‍ക്കുശേഷവും തങ്ങള്‍ക്കെതിരാകുവാന്‍ സാധ്യതയുള്ള തെളിവുകള്‍ അവിടെ അവശേഷിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതിലും വലിയ മണ്ടത്തരം വേറെയുണ്ടോ? ഇനി അഥവാ അങ്ങിനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ത്തന്നെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അതും പ്രത്യേകം ശ്രദ്ധയോടെ തന്റെ മുതലാളിമാര്‍ക്ക് പട്ടില്‍പൊതിഞ്ഞു നല്‍കുവാനാണല്ലോ സാധ്യത. തട്ടിപ്പ് നടത്തിയ സംഘം കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കിലെ വിവരങ്ങള്‍ എല്ലാം ഒരു വിദഗ്ദ്ധ ഐ.ടി. സംഘത്തിന്റെ സേവനം ഉപയോഗപ്പെടുത്തി ഒരിക്കലും ഡേറ്റകള്‍ തിരിച്ചെടുക്കാനാവാത്ത രീതിയില്‍ അതത് സമയങ്ങളില്‍ നശിപ്പിച്ച് കളഞ്ഞിരുന്നു എന്നും സഹകരണ സംഘത്തിലെ മറ്റു നല്ലവരായ ജീവനക്കാര്‍ പോലും പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ശരിയായ തെളിവുകളുടെ, രേഖകളുടെ പിന്‍ബലമില്ലാതെ, കോടതിയില്‍ പോകുന്ന ഇത്തരം സാമ്പത്തികത്തട്ടിപ്പുകേസുകളില്‍ നിന്ന് കുറ്റവാളികള്‍ നിസ്സാരമായി രക്ഷപ്പെടുവാനാണ് സാധ്യത എന്നും വിചാരിക്കുന്നവര്‍ ഏറെയാണ്.
മാതൃകയാണോ പിണറായി സര്‍ക്കാര്‍
നിക്ഷേപം നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കും എന്ന പ്രഖ്യാപനം മാതൃകാപരമാണ് എന്നാണ് പൊതുവെ സര്‍ക്കാര്‍ ജനങ്ങളെ വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നത്. എന്നാല്‍ കരുവന്നൂര്‍ ബാങ്കിന്റെ ആസ്തി പണയംവെച്ച് 40 കോടിയെടുത്ത് താത്കാലികമായി നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. ഇത് സഹകരണതത്വത്തിനും സഹകരണ മാതൃകയ്ക്കും വിരുദ്ധമാണ്. കാരണം ബാങ്കിന്റെ ആസ്തി എന്നാല്‍ കരുവന്നൂരിലെ പാവപ്പെട്ടവരായ കര്‍ഷകരുടെയും തൊഴിലാളികളുടെയും സമ്പത്താണ്. സൊസൈറ്റിയിലെ മെമ്പര്‍മാരുടെ മെമ്പര്‍ഷിപ്പിന്റെയും നിക്ഷേപത്തിന്റെയും അധ്വാനത്തിന്റെയും നീക്കിയിരുപ്പും ആ സമൂഹത്തിന്റെ മൂലധനവുമാണ്. അത് തട്ടിപ്പുകാരായ മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ ഉണ്ടാക്കിവെച്ച കടവും നഷ്ടവും നികത്തുവാനുള്ളതല്ല എന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞു പറയുമെന്നുതന്നെയാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്. കാരണം മൂത്തമകന്‍ വീട്ടില്‍നിന്നും മോഷ്ടിച്ച പണം സര്‍ക്കാര്‍ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കും. അതിനായി തറവാട് പണയംവെക്കുമെന്ന് മാത്രം എന്നു പറയുന്നപോലെയാവില്ലേ ഇത്? മറ്റൊരു വിചിത്രോപാധി സര്‍ക്കാര്‍ ഹൈക്കോടതിക്കുമുന്നില്‍ വെച്ചിട്ടുള്ളത് വീണ്ടും നിക്ഷേപം വാങ്ങിച്ചിട്ട് ഈ തട്ടിപ്പിനിരയായവര്‍ക്ക് പണം തിരിച്ചു നല്‍കുമെന്നാണ്. ഇത് വലത്തേകാലിലെ മന്ത് ഇടത്തേകാലിലേക്ക് മാറ്റുന്നതുപോലെ മാത്രമേ ആകൂ. ഈ മാതൃക മറ്റുബാങ്കിലും മോഷ്ടാക്കളായ ഉദ്യോഗസ്ഥര്‍ക്കും ഭരണ സമിതിയംഗങ്ങള്‍ക്കും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കും ഈ തട്ടിപ്പു പൂര്‍വാധികം ശക്തിയായി നടത്തുവാന്‍ പ്രചോദനമല്ലേ ആവുകയുള്ളൂ?
‘സര്‍ ചക്രവര്‍ത്തിമാരുടെ തകര്‍ക്ക പ്പെടേണ്ടതല്ലാതായിട്ടുള്ള എന്തെങ്കിലും ഒന്ന് ഉണ്ടെങ്കില്‍ അത് സഹകരണപ്രസ്ഥാനം മാത്രമാണ്’എന്ന ലെനിന്റെ പ്രസിദ്ധമായ വാചകം മനസ്സിലുള്ള കമ്മ്യൂണിസ്റ്റുകള്‍ നിശബ്ദമായി കരയുന്നുണ്ടാകും. കാരണം ഇവിടെ പിണറായി വിജയനും മാര്‍ക്‌സിസ്റ്റ് കൊള്ളക്കാരും കൂടി തകര്‍ക്കുന്നത് ലെനിന്റെ മഹത്തായ സ്വപ്‌നങ്ങള്‍ കൂടിയാണ്. ജനങ്ങളുടെ ‘പ്രതിവിപ്ലവം’ തന്നെയാണ് ഈ കൊള്ളക്കുള്ള ശരിയായ മറുപടി.