ന്യൂനപക്ഷമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഘടിത മതശക്തികളുടെ സങ്കുചിത താല്പര്യങ്ങള്‍ക്ക് കീഴടങ്ങുന്നതോ അവരെ പ്രീണിപ്പിച്ചു കൂടെനിര്‍ത്തുന്നതോ ആണ് ഏറെക്കാലമായി കേരളത്തില്‍ സിപിഎം അനുവര്‍ത്തിച്ചു വരുന്ന രാഷ്ട്രീയ അടവുനയം. ഇസ്ലാമിക സംഘടനകളുടെ ശക്തമായ സമ്മര്‍ദ്ദത്തിന് വഴങ്ങി മാധ്യമപ്രവര്‍ത്തകനായ വാഹനാപകടത്തില്‍ കെ.എം. ബഷീര്‍ മരിച്ച കേസില്‍ കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
2019 ഓഗസ്റ്റ് മൂന്നിനാണ് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് മേധാവിയായിരുന്ന കെ.എം. ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. ഈ കേസില്‍ കുറ്റാരോപിതനായ ശ്രീറാമിന്റെ നിയമനത്തിനെതിരെ സിറാജ് മാനേജ്മെന്റാണ് ആദ്യം എതിര്‍പ്പുയര്‍ത്തിയത്. പിന്നാലെ പത്രപ്രവര്‍ത്തക യൂണിയനും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. എന്നാല്‍ മതസംഘടനകള്‍ തെരുവിലിറങ്ങിയതോടെയാണ് കളക്ടറെ മാറ്റാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കൊച്ചി ആസ്ഥാനത്ത് ജനറല്‍ മാനേജരായാണ് ശ്രീറാമിന് പുതിയ നിയമനം നല്‍കിയിരിക്കുന്നത്.
ക്രിമിനല്‍ കേസില്‍ കുറ്റാരോപിതനായ ഒരു ഉദ്യോഗസ്ഥനെ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരമുള്ള ജില്ലാ കളക്ടറുടെ ചുമതലയിലേക്ക് നിയോഗിക്കാന്‍ പാടില്ലെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസം ഉണ്ടാവാനിടയില്ല. എന്നാല്‍ ഇത്തരമൊരു ധാര്‍മ്മിക ചിന്തയോ പൗരബോധമോ അല്ല മതസംഘടനകളെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചതെന്നത് വ്യക്തമാണ്. സങ്കുചിത മതബോധം തലയ്ക്കുപിടിച്ച് ലോകമെമ്പാടും ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുകയും നിരപരാധികളെ കൊന്നുതള്ളുകയും ചെയ്യുന്ന ഭീകരവാദികളെ എതിര്‍ക്കാനോ തള്ളിപ്പറയാനോ ഈ മതനേതൃത്വം ഒരിക്കല്‍ പോലും തയ്യാറായിട്ടില്ല. പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയായ അഫ്‌സല്‍ ഗുരുവിന്റെയും മുംബൈ ഭീകരാക്രമണക്കേസില്‍ പ്രതിയായ അജ്മല്‍ കസബിന്റെയും അനുസ്മരണ പരിപാടികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കപ്പെട്ടപ്പോള്‍ മതനേതൃത്വം കുറ്റകരമായ മൗനം പാലിക്കുകയായിരുന്നു. മാത്രമല്ല ക്രിമിനല്‍ കേസുകളിലോ അഴിമതി കേസുകളിലോ ഉള്‍പ്പെട്ട വ്യക്തികള്‍ സുപ്രധാനമായ ഭരണനിര്‍വ്വഹണ സ്ഥാനങ്ങളില്‍ അവരോധിക്കപ്പെട്ടപ്പോഴൊന്നും മതസംഘടനകള്‍ ഇതുപോലെ തെരുവിലിറങ്ങിയിട്ടില്ല എന്നോര്‍ക്കണം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇസ്ലാമിക മതദുശ്ശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്നത് ഇതാദ്യമായല്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ജില്ല വേണമെന്ന മുസ്ലിങ്ങളുടെ ആവശ്യത്തിന് മലപ്പുറം ജില്ലാ രൂപീകരണത്തിലൂടെ 1969 ലെ ഇഎംഎസ് നേതൃത്വത്തിലുള്ള സപ്തകക്ഷി സര്‍ക്കാരാണ് അംഗീകാരം നല്‍കിയത്. മാറാട് കേസില്‍ ഇരകള്‍ക്ക് നീതിവാങ്ങിക്കൊടുക്കുന്നതിന് പകരം സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വാദിച്ച് ഭീകരവാദികളെ രക്ഷപ്പെടുത്താനായിരുന്നു സിപിഎമ്മിന് താല്പര്യം. കൊടുംഭീകരനായ ഒസാമാ ബിന്‍ ലാദനെ പ്രകീര്‍ത്തിച്ചുകൊണ്ട് കവിതയെഴുതാന്‍ കേരളത്തിലെ മുന്‍ മന്ത്രി കൂടിയായ കമ്മ്യൂണിസ്റ്റ് നേതാവിന് ഒട്ടും മനസ്സാക്ഷിക്കുത്തുണ്ടായില്ല. മുസ്ലിം ലീഗിന് തീവ്രത പോരെന്ന് പറഞ്ഞ് രൂപീകരിക്കപ്പെട്ട ഐഎന്‍എല്‍ കേരളത്തിലെ സിപിഎമ്മിന്റെ എക്കാലത്തെയും ഉറച്ച സഖ്യകക്ഷിയാണ്. അവരുടെ പ്രതിനിധിയായി ഒരു മന്ത്രി ഇപ്പോഴത്തെ പിണറായി മന്ത്രിസഭയില്‍ അംഗമാണ്. അബ്ദുല്‍ നാസര്‍ മദനിയുടെ പിഡിപിയുമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായും എസ്ഡിപിഐയുമായും പോലും പരസ്യമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാന്‍ സിപിഎമ്മിന് മടിയുണ്ടായിട്ടില്ല.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റതോടെ സിപിഎം അവരുടെ മുസ്ലിം പ്രീണനമെന്ന രാഷ്ട്രീയ അടവുനയം അതിശക്തമായി പ്രയോഗവല്‍ക്കരിക്കുകയാണ്. 2017 ല്‍ ഹരിയാനയില്‍ തീവണ്ടിയാത്രക്കിടയിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തെ പിണറായി വിജയന്‍ സന്ദര്‍ശിക്കുകയും പത്ത് ലക്ഷം രൂപ സഹായമായി നല്‍കുകയും ചെയ്തു. എന്നാല്‍ ഇസ്രായേലില്‍ ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ സൗമ്യ സന്തോഷിന്റെ കുടുംബത്തിന് ഇത്തരം ആനുകൂല്യങ്ങളൊന്നും നല്‍കിയില്ല. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ പേരില്‍ മാത്രം മുന്‍ എംഎല്‍എയായ പി.സി. ജോര്‍ജ്ജിനെ കേരള പോലീസ് അതിരാവിലെ വീട്ടില്‍ ചെന്ന് അറസ്റ്റ് ചെയ്തു. ഇത് മതശക്തികളെ പ്രീണിപ്പിക്കാനല്ലാതെ മറ്റെന്തിനായിരുന്നു? മുജാഹിദ് ബാലുശ്ശേരി ഉള്‍പ്പെടെയുള്ള ഇസ്ലാമിക മതപ്രബോധകരുടെ വിദ്വേഷം വമിപ്പിക്കുന്ന പ്രസംഗങ്ങള്‍ക്കുനേരെ കണ്ണടച്ചു കൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പി.സി. ജോര്‍ജിനെ തുടര്‍ച്ചയായി വേട്ടയാടിയത്. 2017ല്‍ മകന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ ജാമ്യം ലഭിച്ച മദനിക്ക് കേരളത്തില്‍ സുരക്ഷയൊരുക്കാന്‍ പതിനെട്ടു ലക്ഷം രൂപ ആവശ്യമായിരുന്നു. ഇത് നല്‍കാനാവില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ നിലപാടെടുത്തതോടെ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയായ മദനിക്ക് സൗജന്യമായി സുരക്ഷയൊരുക്കുമെന്ന് പ്രഖ്യാപിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായി. വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടാനുള്ള തീരുമാനം മതസംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ നിരുപാധികം പിന്‍വലിക്കുകയായിരുന്നു. അതേസമയം തന്നെ മട്ടന്നൂര്‍ മഹാദേവ ക്ഷേത്രം ഉള്‍പ്പെടെയുള്ള ഹൈന്ദവ ക്ഷേത്രങ്ങള്‍ ബലപ്രയോഗത്തിലൂടെ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുകയും ചെയ്തു. ശബരിമലയില്‍ ഹൈന്ദവ വിശ്വാസികളെ തല്ലിച്ചതയ്ക്കാന്‍ ഉത്തരവിട്ട സര്‍ക്കാര്‍ തന്നെയാണ് ഒരുഭാഗത്ത് ന്യൂനപക്ഷ വിശ്വാസങ്ങളെ നിരന്തരം അത്യാദരവോടെ പരിഗണിച്ച് താലോലിക്കുന്നത്.
മുഖ്യമന്ത്രിയായിരിക്കെയാണ് 2010 ജൂലൈ 24 ന് വി.എസ്. അച്യുതാനന്ദന്‍ കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് ഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അടുത്തിടെ ഇക്കാര്യം മുന്‍ എംഎല്‍എയായ ജോര്‍ജ് എം. തോമസ് ആവര്‍ത്തിച്ചപ്പോള്‍ സിപിഎം അതിനെതിരെ രംഗത്ത് വരികയും അദ്ദേഹത്തെ പരസ്യമായി ശാസിക്കുകയും ചെയ്തു. മുസ്ലിം വിഭാഗത്തെ പ്രീണിപ്പിക്കാന്‍ ‘കോണ്‍ഗ്രസ് നേതൃത്വത്തില്‍ മുസ്ലിങ്ങളില്ല’ എന്ന് പോലും പ്രസ്താവിക്കാന്‍ സിപിഎമ്മിന്റെ മുന്‍നിര നേതാക്കള്‍ തയ്യാറായി. ഇക്കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം വൈപ്പിന്‍ മണ്ഡലത്തില്‍ ഡിവൈഎഫ്‌ഐ എടവനക്കാട് മേഖല കമ്മിറ്റി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ മന്നത്ത് പത്മനാഭനെ ഒഴിവാക്കുകയും മാപ്പിള കലാപകാരിയായ വാരിയംകുന്നനെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. കണ്ണൂരില്‍ സിപിഎം നേതൃത്വത്തില്‍ ഇസ്ലാമിക് ബാങ്കിങ് ആരംഭിക്കാന്‍ പോകുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കൂടാതെ തളിപ്പറമ്പിലെ അന്യാധീനപ്പെട്ട വഖഫ് ഭൂമി സംരക്ഷണം ഏറ്റെടുക്കാന്‍ സിപിഎം നേതൃത്വത്തില്‍ വഖഫ് സ്വത്ത് സംരക്ഷണ സമിതി രൂപീകരിച്ചിരുന്നു. കഴിഞ്ഞ മെയ് മാസം കര്‍ണാടകയിലെ സിപിഎം സംസ്ഥാന ഘടകം മംഗലാപുരത്ത് പ്രത്യേക മുസ്ലിം സമ്മേളനം പോലും സംഘടിപ്പിച്ചിരുന്നു. ഏറ്റവുമൊടുവില്‍ സിപിഎമ്മിന്റെ വിവിധ ഘടകങ്ങളില്‍ മതതീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞത് സിപിഎം സഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പാണ്. ഇതൊക്കെ സിപിഎം സ്വീകരിച്ചു വരുന്ന മുസ്ലിം പ്രീണന രാഷ്ട്രീയത്തിന്റെ ചില ദൃഷ്ടാന്തങ്ങള്‍ മാത്രമാണ്.
പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ പൗരത്വഭേദഗതി നിയമം അവതരിപ്പിച്ചപ്പോള്‍ അതിനെതിരെ കേരളത്തില്‍ ഇസ്ലാമിക സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തുകയും തെരുവിലിറങ്ങുകയും ചെയ്തു. നിയമം നടപ്പിലായാല്‍ മുസ്ലിങ്ങള്‍ക്ക് പൗരത്വം നഷ്ടമാകുമെന്നായിരുന്നു പ്രചാരണം. സിപിഎമ്മും കോണ്‍ഗ്രസും അതിന് ശക്തമായ പിന്തുണ നല്‍കി. തങ്ങളുടെ മതപരമായ ആവശ്യങ്ങള്‍ തെരുവില്‍ പ്രക്ഷോഭം നടത്തി നേടിയെടുക്കുകയെന്ന രീതിയാണ് ഇസ്ലാമിക സംഘടനകള്‍ ഇപ്പോള്‍ അവലംബിച്ചു വരുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലംമാറ്റം. സംഘടിത മതശക്തികളെ തെരുവിലിറക്കിയും അവരുടെ മതപരമായ ദുശ്ശാഠ്യങ്ങള്‍ക്ക് കീഴടങ്ങിയും സമൂഹത്തില്‍ മതപരമായ ധ്രുവീകരണം സൃഷ്ടിച്ച് ഭരണത്തുടര്‍ച്ച ഉറപ്പാക്കുകയെന്ന താല്‍ക്കാലിക രാഷ്ട്രീയ നേട്ടമാണ് സിപിഎം ലക്ഷ്യമായി സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം മതപ്രീണനങ്ങള്‍ കേരളത്തിന്റെ സാമൂഹിക സന്തുലനത്തിന് വരുത്തുന്ന അപകടം വളരെ വലുതായിരിക്കും…