കടമ്മനിട്ടയുടെ രാഷ്ട്രീയത്തോട് ഇന്ന് പലര്‍ക്കും യോജിപ്പുണ്ടാകാനിടയില്ല. കാരണം അദ്ദേഹം പ്രതിനിധീകരിച്ച രാഷ്ട്രീയ നിലപാടുകള്‍ കേരളത്തെ പിന്നോട്ടു പിടിച്ചുവലിക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഇടതുപക്ഷാശയങ്ങളുടേതായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ കവിതകളോടു യോജിക്കാതിരിക്കാന്‍ കവിതയെ സ്‌നേഹിക്കുന്ന ആര്‍ക്കുമാകുമെന്നു തോന്നുന്നില്ല. അവയുടെ സൗന്ദര്യാത്മക മൂല്യത്തെ തള്ളിപ്പറയാനാവില്ല. കടമ്മനിട്ട വിപ്ലവാശയങ്ങള്‍ അവതരിപ്പിച്ച ഭാഷയും കാവ്യസങ്കേതങ്ങളും അത്യന്തം നൂതനമെങ്കിലും കാലാന്തരത്തില്‍ ക്ഷയിച്ചുപോകാനിടയില്ലാത്ത പേശീ ബലമുള്ളവയാണ്. വയലാര്‍ – ഓയെന്‍വി – പി. ഭാസ്‌കരന്‍ ചുവപ്പു കവിത്രയത്തെപ്പോലെ ദുര്‍ബ്ബലവും കേവലവുമായ ആവിഷ്‌കാരമല്ല കടമ്മനിട്ടയുടേത്. അത് കൂടുതല്‍ രൂഢമായ കാവ്യമര്‍മ്മജ്ഞതയുള്ള എഴുത്താണ്. അദ്ദേഹത്തിന്റേതുമാത്രമായ ഒരു കാവ്യഭാഷ സൃഷ്ടിക്കാനും ആധുനിക എഴുത്തുകാര്‍ക്ക് ഭാഷാപരമായി ഒരു വിളക്കുമരം പോലെ നിലകൊള്ളാനും അദ്ദേഹത്തിനു കഴിഞ്ഞു. എന്നാല്‍ ആ വഴിയില്‍ കൂടുതല്‍ മുന്നേറാന്‍ തക്ക കരുത്ത് തുടര്‍ന്നു വന്ന കവികള്‍ക്കുണ്ടായില്ല.
ആധുനികനെങ്കിലും കടമ്മനിട്ടയുടെ ഭാഷയ്ക്കു പാരമ്പര്യത്തിന്റെ മുഴക്കമുണ്ട്. ക്ലാസിക് പാരമ്പര്യവും നാട്ടുവഴക്കങ്ങളും സമഞ്ജസമായി സമ്മേളിക്കുന്നതാണ് ആ കാവ്യഭാഷ. തുടര്‍ന്നു വന്ന കവികളില്‍ ചുള്ളിക്കാടിന് ക്ലാസിക് പാരമ്പര്യങ്ങളില്‍ കടമ്മനിട്ടയ്ക്കുള്ളതുപോലെ ആഴത്തിലുള്ള അറിവുണ്ടെങ്കിലും നാട്ടുവഴക്കങ്ങളില്‍ കടമ്മനിട്ടയ്ക്കുള്ള അനുഭവമോ അറിവോ ഇല്ല എന്നതുകൊണ്ട് ആ കാവ്യ ഭാഷാപാരമ്പര്യത്തിന്റെ ഒരു മുഖമേ പ്രകടിപ്പിക്കാന്‍ പ്രാപ്തി ഉണ്ടായുള്ളൂ. കടമ്മനിട്ടയാകട്ടെ ക്ലാസിക് ബിംബങ്ങളെയും നാടന്‍ ബിംബങ്ങളെയും ഒരുപോലെ തന്റെ കവിതയില്‍ വാരി വിതറുന്നു.
ബഹുസൃഷ്ടിപടുത്വം(Prolificity) ഇല്ലാത്തതുകൊണ്ടാവാം വേണ്ടത്ര ഗൗരവത്തോടെ കടമ്മനിട്ടക്കവിതയെ നിരൂപകര്‍ സമീപിക്കാത്തത്. മലയാളത്തിലെ പ്രമുഖ കവികളെല്ലാം ധാരാളം എഴുതിക്കൂട്ടിയവരാണല്ലോ. തീരെ കുറച്ചെഴുതിയ കടമ്മനെ പലരും ചെറിയ കവി എന്നു തെറ്റിദ്ധരിച്ചുപോയി. നഗരവാസികളായ നമ്മുടെ നിരൂപകര്‍ക്ക് മന്ത്രവാദവും കൊസ്രാക്കൊള്ളിയും പച്ചമരുന്നും പടയണിയും ഒക്കെച്ചേര്‍ന്ന അദ്ദേഹത്തിന്റെ നാടന്‍ പാരമ്പര്യത്തെ തിരിച്ചറിയാനോ വിലയിരുത്താനോ തക്ക അനുഭവപരിചയമില്ല എന്നത് തികച്ചും യാഥാര്‍ത്ഥ്യമാണ്. തീക്ഷ്ണമായ ജീവിതസാഹചര്യങ്ങളിലൂടെ സഞ്ചരിക്കേണ്ടി വന്ന കവിയാണദ്ദേഹം. ആ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ വാറ്റിയെടുത്ത കവിതയെ അനുഭവശൂന്യരായ നിരൂപകര്‍ക്കു തിരിച്ചറിയാന്‍ പോലുമായില്ല. ‘പുരുഷസൂക്തം’ എന്ന ദീര്‍ഘ കവിത മാത്രം മതി ആ പ്രതിഭയുടെ ആഴം മനസ്സിലാക്കാന്‍.
കടമ്മനിട്ടയുടെ രചനാവഴികളിലൂടെ നിരന്തരം അന്വേഷണം നടത്തുന്ന നിരൂപകന്‍ കെ.എസ്. രവികുമാര്‍ ഭാഷാപോഷിണിയിലെഴുതുന്ന (ജൂലായ് ലക്കം) അദ്ദേഹത്തിന്റെ ജീവചരിത്രം (കവിതയുടെ കനലാട്ടം) താല്പര്യത്തോടെ വായിക്കുന്ന ഒരാളാണ് ഈ ലേഖകന്‍. കാരണം ഞങ്ങളുടെ കൗമാരത്തെ തീപിടിപ്പിച്ച കവിയാണു കടമ്മനിട്ട. കവിതയോടുള്ള താല്പര്യത്തെ ജ്വലിപ്പിക്കാന്‍ അദ്ദേഹത്തിന്റെ രചനകള്‍ക്കും ചൊല്ലലിനും കഴിഞ്ഞിട്ടുണ്ട്.
കെ.എസ്. രവികുമാര്‍ കടമ്മനിട്ടയുടെ കാവ്യ വ്യക്തിത്വത്തെക്കുറിച്ചു പറയുമ്പോള്‍ രചനാപരമായ അദ്ദേഹത്തിന്റെ സത്യസന്ധതയെക്കുറിച്ചു പറയുന്നു. എഴുത്തും വ്യക്തിജീവിതവും തമ്മില്‍ സമരസപ്പെടുത്താന്‍ കഴിഞ്ഞ എഴുത്തുകാരനാണ് കടമ്മനിട്ട എന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. രവികുമാര്‍ എഴുതുന്നു: എഴുത്തും വ്യക്തിജീവിതവും രണ്ടാകുമ്പോള്‍ അത് ആത്മവഞ്ചനയാകുന്നു എന്നത് കടമ്മനിട്ടയുടെ അടിസ്ഥാനവിശ്വാസം ആയിരുന്നു. ഇത്തരം വിലയിരുത്തലുകള്‍ യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്നവയാണോ? എഴുത്തുകാരന്‍ തന്റെ ആത്മാവിനെ ആവിഷ്‌ക്കരിക്കുകയാണു ചെയ്യുന്നതെന്ന ധാരണയൊക്കെ കാല്പനിക കാലഘട്ടത്തിന്റെ സംഭാവനയല്ലേ… ”നോവുതിന്നും കരളിനേ പാടുവാനാവൂ നിത്യമധുരമായാര്‍ദ്രമായ്” എന്ന് ജി പാടിയ പോലെയുള്ള സങ്കല്പങ്ങള്‍ ഇന്ന് ലോകം നിരസിച്ചുകഴിഞ്ഞു. എഴുത്തുകാരന്റെ വ്യക്തിത്വത്തിന്റെ നേര്‍ചിത്രം രചനയില്‍ അന്വേഷിക്കുന്നത് വ്യര്‍ത്ഥവ്യായാമമാണ്. ആധുനികതയുടെ ആരംഭത്തില്‍തന്നെ ടി.എസ് ഏലിയട്ട് അക്കാര്യം സൂചിപ്പിച്ചിരുന്നു…. “It is not the expression of personality but an escape from personality”(Tradition and Individual Talent). കലാസൃഷ്ടി എഴുത്തുകാരന്റെ ആത്മതത്വത്തിന്റെ നേരായ ആവിഷ്‌കാരം ആകണമെന്ന് ഒരു നിര്‍ബ്ബന്ധവുമില്ല; ആയിക്കൂടെന്നുമില്ല. ഗീതാഞ്ജലിയിലൂടെ വലിയ മിസ്റ്റിക് ആയി പ്രത്യക്ഷപ്പെട്ട ടാഗൂര്‍ വ്യക്തിജീവിതത്തില്‍ നല്ല ലൗകികനായിരുന്നു എന്ന് ഏവര്‍ക്കുമറിയാം. കവിതയില്‍ വലിയ നിരീശ്വരവാദിയും വിപ്ലവകാരിയുമൊക്കെയായി പ്രത്യക്ഷപ്പെട്ട വയലാര്‍ ജീവിതത്തില്‍ അങ്ങനെയൊന്നുമായിരുന്നില്ലെന്നാണ് അദ്ദേഹത്തോട് അടുത്തു നിന്ന ചിലര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചിലപ്പോള്‍ വിഗ്രഹധ്വംസകനായും മറ്റു ചിലപ്പോള്‍ കടുത്ത ആത്മീയവാദിയായും കവിതയില്‍ മാറിമാറി പ്രത്യക്ഷപ്പെട്ടിട്ടുള്ള ചങ്ങമ്പുഴയുടെ സ്വത്വം ഏതില്‍ നിന്നാണു നാം കണ്ടെടുക്കുക?
മനഃശാസ്ത്രനിരൂപണത്തിന്റെ കാലത്താണ് കൃതികളില്‍ എഴുത്തുകാരന്റെ മാനസികഭാവങ്ങള്‍ അന്വേഷിച്ചു പോകാന്‍ തുടങ്ങിയത്. അപ്പോള്‍ Psychological criticism അല്ലെങ്കില്‍ Psychoanalytical criticism ഈഡിപ്പസ് കോംപ്ലെക്‌സും Oedipus complex) ഇലക്ട്രാകോംപ്ലെക്‌സും(Electra complex) ഒക്കെ അന്വേഷിക്കുക പതിവായി. എഴുത്തുകാരന് വല്ല മാനസികരോഗവുമുണ്ടെങ്കില്‍ അതിന്റെ മുദ്രകള്‍ കൃതിയില്‍ ഉണ്ടാവും എന്ന കാര്യത്തില്‍ സംശയമില്ല. എഴുത്തില്‍ മാത്രമല്ല ഒരു മനോരോഗി വരയ്ക്കുന്ന ചിത്രത്തിലും സംഭാഷണങ്ങളിലും പ്രവൃത്തികളിലുമെല്ലാം മനോനിലയുടെ സൂചനകള്‍ ഉണ്ടാവും. നിരൂപകന്‍ കൃത്യമായി മനഃശാസ്ത്രം പഠിച്ച ആളാകണമെന്നില്ലല്ലോ. അഥവാ പഠിച്ചയാളാണെങ്കില്‍ത്തന്നെ നന്നായി സാഹിത്യം കൈകാര്യം ചെയ്യാന്‍ കഴിവുള്ളയാള്‍ ആകണമെന്നുമില്ല. അത്തരം അന്വേഷണങ്ങള്‍ എഴുത്തുകാരന്റെ മനോരോഗം കണ്ടെത്താന്‍ സഹായിക്കും എന്നല്ലാതെ കൃതിയുടെ സാഹിത്യമൂല്യം വിലയിരുത്തുന്നതിനുകാര്യമായ പ്രയോജനമൊന്നും ചെയ്യണമെന്നില്ല. അതിനാല്‍ത്തന്നെ മനഃശാസ്ത്ര നിരൂപണം ഇന്ന് ഏകേദശം കൂമ്പടഞ്ഞു പോയിരിക്കുന്നു.
എഴുത്തുകാരന്റെ മനോനില എന്തു തന്നെയായാലും കൃതിയില്‍ അതെങ്ങനെ ആവിഷ്‌കരിച്ചിരിക്കുന്നു, അത് വായനക്കാരനെ എങ്ങനെ സ്വാധീനിക്കുന്നു എന്നതേ ചര്‍ച്ചാവിഷയമാക്കേണ്ടതുള്ളൂ. ഉത്തരാധുനിക നിരൂപകര്‍ നല്‍കുന്നതു പോലെ ടെക്സ്റ്റിനും, ഇന്റര്‍ടെക്‌സ്റ്റ്വാലിക്കുമൊന്നും അമിത പ്രാധാന്യം നല്‍കേണ്ടതില്ല. നിരൂപണത്തിലെ ഒരു പുതിയ സങ്കേതം എന്ന നിലയ്ക്ക് അവ പ്രസക്തം തന്നെ. കൃതികളുടെ പാഠാന്തരബന്ധങ്ങള്‍ അന്വേഷിക്കുന്നത് ഒരു പുതിയ കാര്യമൊന്നുമല്ല. മുന്‍കാലങ്ങളിലും നിരൂപകര്‍ അവ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വ്യത്യസ്ത പാരായണ രീതികളും പുതിയതല്ല. എന്നാല്‍ അവയ്ക്കു നല്‍കുന്ന ഊന്നല്‍ പുതുതാണ്. കെ.എസ്. രവികുമാര്‍ പറയുന്നതുപോലെ രചനയും എഴുത്തുകാരന്റെ വ്യക്തിത്വവും പൂര്‍ണമായും പൊരുത്തപ്പെടുന്ന ഒരവസ്ഥയില്ല. കടമ്മനിട്ടയും അതില്‍ നിന്നു വ്യത്യസ്തനാകാനിടയില്ല.
1957ല്‍ പുറത്തിറങ്ങിയ പ്രശസ്ത ചലച്ചിത്രമാണ് ‘ണശഹറ ടൃേമംയലൃൃശല’െ. ഇഗ്മര്‍ ബര്‍ഗ്മാന്റെ ഈ പ്രശസ്ത രചന രാജ്യാന്തര പ്രശസ്തി നേടിയ ഒന്നാണ്. നമ്മുടെ നാട്ടിലും ചലച്ചിത്രമേളകളില്‍ അത് പ്രദര്‍ശിപ്പിച്ചു കണ്ടിട്ടുണ്ട്. വാര്‍ദ്ധക്യം, ഏകാന്തത, ഒറ്റപ്പെടല്‍ എന്നിവയൊക്കെ ഇതിവൃത്തമായിട്ടുള്ള ഈ സൃഷ്ടി, ലോകം മുഴുവനും പ്രശംസിക്കപ്പെട്ട ചലച്ചിത്രമാണ്. അതിലെ വിശ്രുതമായ സ്വപ്‌നദൃശ്യത്തെ മനസ്സില്‍ കണ്ടുകൊണ്ട് കെ.ജയകുമാര്‍ എഴുതിയിരിക്കുന്ന കവിതയാണ് ‘സൂചികളില്ലാത്ത ക്ലോക്ക്’ (ഭാഷാ പോഷിണി). നല്ല പദ്യകവിതകള്‍ എഴുതിയിരുന്ന, നല്ല ഗാനങ്ങളും എഴുതിയിട്ടുള്ള കവി ഇപ്പോള്‍ ഗദ്യകവിതകളുമായി ഒരു ‘കൂടുവിട്ടു കൂടുമാറ്റം’ നടത്താന്‍ തുടങ്ങിയിരിക്കുന്നു. നേരത്തെയും അദ്ദേഹത്തിന്റെ ചില ഗദ്യകവനങ്ങള്‍ കണ്ടിട്ടുണ്ട്. സ്വയം നവീകരിക്കാനുള്ള ശ്രമം അഭിനന്ദനീയം തന്നെ. പദ്യത്തില്‍ ഇപ്പോഴും നല്ല കവിതകള്‍ എഴുതുന്നവരുണ്ട് എന്നത് കവി ശ്രദ്ധിക്കുന്നില്ലെന്നു തോന്നുന്നു. സ്വന്തം ശൈലി നിലനിര്‍ത്തി പോകുന്നതാണ് നല്ലത്. പരകായപ്രവേശം പലപ്പോഴും ദുര്‍ബ്ബലമായിത്തീരുകയാണു പതിവ്. ആധുനികാനന്തരകാലം ഗദ്യത്തിന്റേതു മാത്രമാണ് എന്ന ധാരണ ശരിയല്ല. അത് വൈവിധ്യത്തിന്റേതാണ്. പദ്യത്തിനും ഒരു ഇടം ഉത്തരാധുനികഘട്ടത്തില്‍ ഒഴിഞ്ഞുകിടപ്പുണ്ട്. രൂപം തീരുമാനിക്കുന്നത് ഉള്ളടക്കമാണ്. ചില ഇതിവൃത്തങ്ങള്‍ക്ക് ഗദ്യമേ വഴങ്ങൂ; ചിലതിനുപദ്യവും. ഗദ്യം കവിതയുടെ പൊതു രൂപമാണെന്ന ധാരണ ശരിയല്ല. പദ്യം സമ്പൂര്‍ണമായി മരിക്കാന്‍ പോകുന്നുമില്ല. പ്രസ്ഥാനങ്ങള്‍ ഒരു കാലഘട്ടം കഴിയുമ്പോള്‍ ദുര്‍ബ്ബലമാകും. ആ നേരങ്ങളില്‍ എഴുത്തിലെ നൈസര്‍ഗിക രൂപങ്ങള്‍ തലപൊക്കും. കവിതയുടെ നൈസര്‍ഗിക രൂപം പദ്യമാണ്. ഗദ്യമല്ല.
വാലസ് സ്റ്റീവന്‍സ് (Wallace Stevens) (വാലക് എന്ന ഉച്ചാരണം ശരിയാണെന്നു തോന്നുന്നില്ല) അമേരിക്കക്കാര്‍ക്കു പ്രിയപ്പെട്ട കവികളില്‍ ഒരാളാണ്. മറ്റുഭാഷക്കാര്‍ക്കു വായിച്ചെടുക്കാന്‍ കുറച്ചൊക്കെ ബുദ്ധിമുട്ടുള്ളവയാണ് അദ്ദേഹത്തിന്റെ രചനകള്‍. സ്റ്റീവന്‍സിന്റെ ഏറ്റവും പ്രശസ്തമായ രചനയാണ് 16 വരി മാത്രമുള്ള ‘Emperor of Icecream’. ആ കവിതയുടെ മലയാളത്തിലെ സ്വതന്ത്രാവിഷ്‌കാരമാണ് ടി.പി. രാജീവന്റെ ‘പാലടത്തമ്പുരാന്‍’ – അങ്ങനെയാണെന്ന വിവരം (ഭാഷാപോഷിണി) കവിതയുടെ താഴെ നല്‍കുന്നുണ്ട്.
ലോകത്തെവിടെയും മരണം കവികളുടെ പ്രിയവിഷയമാണല്ലോ! ഇവിടെയും മരണം തന്നെയാണ് വിഷയം. വളരെ തിരക്കിട്ട അടുക്കള വിശേഷങ്ങള്‍ പറയുന്ന ആദ്യ പകുതിയും തുടര്‍ന്ന് വൃദ്ധയും ദരിദ്രയുമായ ഒരു സ്ത്രീയുടെ മരണവുമാണ് സ്റ്റീവന്‍സിന്റെ കവിതയിലെ വിഷയം. സായിപ്പിന്റെ കവിതയില്‍ ഐസ്‌ക്രീമാണെങ്കില്‍ രാജീവന്‍ പാലടയാക്കി മാറ്റിയിരിക്കുന്നു. മലയാളികള്‍ക്ക് ഇന്നു പാലടയേക്കാള്‍ പരിചയം ഐസ്‌ക്രീമാണ് എന്ന വസ്തുത കവി ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. ‘ഐസ്‌ക്രീം’ ഇന്നൊരു മലയാള വാക്കു തന്നെ. പാലട അന്വേഷിച്ചു കവി ബുദ്ധിമുട്ടേണ്ടിയിരുന്നില്ല. കവി കൂടുതല്‍ കേരളീയമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചിരിക്കുന്നു. മാത്രവുമല്ല ഇംഗ്ലീഷ് കവിതയില്‍ നിന്നു വ്യത്യസ്തമായി മരണവീട്ടിലെ അന്തരീക്ഷം കൂടുതല്‍ വിശദമായി ചിത്രീകരിച്ചിരിക്കുന്നു. സ്റ്റീവന്‍സിന്റെ കവിതയുടെ സ്വാധീനം ഉണ്ടെന്നല്ലാതെ അതുമായി കാര്യമായ ബന്ധമൊന്നും ഈ കവിതയ്ക്കില്ല. രണ്ടിലും മരണമാണ് വിഷയമെന്നേയുള്ളൂ. മലയാളികള്‍ക്ക് അത്ര പരിചയമില്ലാത്ത ഈ അമേരിക്കന്‍ കവിയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ ഇക്കവിത കാരണമാകട്ടെ. 1955-ല്‍ തന്നെ മരിച്ചുപോയ കവിയാണ് സ്റ്റീവന്‍സ്.