സംയുക്ത ഹിന്ദുസൈന്യത്തിലെ ചില നായകന്മാര്‍ മിന്നല്‍പോലെ കുതിരകളെ പായിച്ച് ത്രിലോചനപാലയെ തേടിയെത്തി. അവര്‍ ശത്രുവിന്റെ ചോരയില്‍ കുളിച്ച അവസ്ഥയിലായിരുന്നു. സേനാനായകന്‍ പറഞ്ഞു.
”സുല്‍ത്താന്റെ ഏറ്റവും ശക്തരായ സൈന്യം ഘാസികളാണ്. അവര്‍ വലിയ നാശം വിതച്ചുകൊണ്ടിരിക്കുന്നു. ആനപ്പടയെ അത്രയും ഘാസികള്‍ക്കുനേരെ തിരിച്ചുവിട്ടാല്‍ അക്കാര്യത്തിനു പരിഹാരമാകും.”
ഒരു തുര്‍ക്കിയുടെ നെഞ്ചില്‍ കുത്തിതാഴ്ത്തിയ കുന്തം വലിച്ചൂരിയ ശേഷം ത്രിലോചനപാല പറഞ്ഞു.
”അപ്രകാരം ചെയ്തുകൊള്ളൂ.””
അധികം വൈകാതെ ഹിന്ദുസേനയുടെ ആനക്കൂട്ടം പടക്കളത്തിന്റെ മദ്ധ്യഭാഗത്തേയ്ക്കു നീങ്ങുന്നതു കണ്ടു. അവിടെയാണ് ഘാസികള്‍ പോരാടുന്നത്. ആ കാഴ്ചകണ്ട് സുല്‍ത്താന്‍ തേര്‍ത്തട്ടില്‍ എഴുന്നേറ്റുനിന്ന് ഉച്ചത്തില്‍ തക്ബീര്‍ വിളിച്ചു.
”അള്ളാഹുവേ… അവിടുന്നു കാത്തു. ഈ പാവം ദാസനെ അവിടന്നു കൈവിട്ടില്ലല്ലോ. അവിടത്തേക്കു നന്ദി. ആയിരം നന്ദി..” സുല്‍ത്താന്‍ ഉറക്കെ കയ്യടിച്ച് ആഹ്‌ളാദം പ്രകടിപ്പിച്ചു. സുല്‍ത്താന്റെ പിന്നിലിരുന്ന അഹ്‌മദ് മെയ്മാണ്ടി അത്ഭുതപ്പെട്ടു. ആനപ്പടയെ നേരിട്ടാല്‍ ഘാസികള്‍ തോല്ക്കുകയല്ലേ ഉള്ളൂ. പിന്നെന്തിനാണ് സുല്‍ത്താനു സന്തോഷം!
”അഹ്‌മദ് മെയ്മാണ്ടീ… തനിക്കിപ്പോള്‍ കാണാം എന്താണു സംഭവിക്കുന്നതെന്ന്.” സുല്‍ത്താന്‍ കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെ കയ്യടിച്ചു.
ആനപ്പട മൈതാനത്തിനു നടുവിലെത്തി ഘാസികളുമായുള്ള പോരു തുടങ്ങി. കുതിരപ്പുറത്തിരിക്കുന്ന ഘാസിയെ ആന തുമ്പിക്കൈകൊണ്ടു ചുറ്റിപ്പിടിച്ചു നിലത്തടിച്ചു. കുതിരകളുടെ നെഞ്ചിലേയ്ക്ക് ഇരുമ്പുമുന ഘടിപ്പിച്ച കൊമ്പുകുത്തിക്കയറ്റി. അതേസമയം ആനപ്പുറത്തിരിക്കുന്ന ഹിന്ദുസേനാനികള്‍ കുന്തം ചാണ്ടിയും അമ്പെയ്തും ഘാസികളുടെ നെഞ്ചു തുളച്ചു. കാറ്റടിക്കുമ്പോള്‍ കരിയിലകള്‍ പറക്കുംപോലെ ആനപ്പടയ്ക്കു മുന്‍പില്‍ ഘാസികള്‍ പറന്നുതുടങ്ങി.
പടക്കളത്തിനു നടുവില്‍ കുഴികള്‍ കുത്തി അതില്‍ കുന്തക്കാരെ ഇരുത്തി പലകകൊണ്ടു മൂടിയിട്ടുള്ളത് മുന്‍പുപറഞ്ഞു. ആന മുകളില്‍ എത്തിയിരിക്കുന്നത് കുഴിയിലിരിക്കുന്ന കുന്തക്കാരന്‍ മനസ്സിലാക്കി. മുകളിലെ പലക അവന്‍ മെല്ലെ ഇളക്കി. മാളത്തിലിരിക്കുന്ന സര്‍പ്പം തലപൊക്കി നോക്കുന്നതുപോലെ അവന്‍ നോക്കി. ആനയുടെ അടിവയര്‍ തലയ്ക്കു മുകളില്‍ കാണാം. ആനയുടെ പിന്‍കാലുകള്‍ക്കിടയില്‍ അടിവയറിലേയ്ക്കു അവന്‍ കുന്തം കുത്തിക്കയറ്റി. ആനയുടെ കിഡ്‌നി തുളച്ചുകൊണ്ട് ഇരുമ്പുമുന മുകളിലേക്കു കയറി. ചോരയും മൂത്രവും കുന്തപ്പിടിയിലൂടെ താഴേക്കൊഴുകി. (ആഫ്രിക്കയിലെ പിഗ്മികള്‍ ആനയെ വേട്ടയാടുന്നത് എങ്ങനെയാണെന്ന് പിതാവ് സബുക്തിജിന്‍ സുല്‍ത്താനു പറഞ്ഞുകൊടുത്തിട്ടുള്ളതാണ്. കിഡ്‌നി മുറിയുന്ന ആന പിന്നെ ജീവിച്ചിരിക്കില്ല.)
മരണവേദനയോടെ ആന പരക്കം പാഞ്ഞു. നിരവധി ആനകള്‍ക്ക് ഒരേസമയം ഇങ്ങനെ മുറിവേറ്റു. ഭ്രാന്തു പിടിച്ച ആനകള്‍ പടക്കളം നിറയെ ഇളകി പാഞ്ഞു. അവ ചവുട്ടി അരച്ചത് അധികവും ഹിന്ദുസേനയെ. അവര്‍ നാലുപാടും ചിതറിയോടി. ഹിന്ദുവിന്റെ പ്രതിരോധം തകര്‍ന്നതറിഞ്ഞ് സമര്‍ത്ഥനായ നായകന്മാര്‍ക്കു കീഴില്‍ തുര്‍ക്കിപ്പടയെ വിഭജിച്ചുകൊടുത്ത് ഹിന്ദുസേനയെ പിന്തുടര്‍ന്നു കൊല്ലാന്‍ സുല്‍ത്താന്‍ കല്പിച്ചു. പഞ്ചാബിന്റെ വിശാലമായ സമതലങ്ങളിലെവിടെയും ചോരയണിഞ്ഞ ഹിന്ദുസേനയുടെ ജഡങ്ങള്‍ ചിതറിക്കിടന്നു.
അബ്ദുള്ളതായ് എന്ന സൈന്യാധിപന്റെ കീഴില്‍ 6000 അറബി സൈനികരെയും അര്‍സലന്‍ ജസീബ്ബ് എന്ന നായകന്റെ കീഴില്‍ ടര്‍ക്കി, പത്താന്‍, ഗസ്‌നി വംശത്തില്‍പെട്ട 2000 സൈനികരെയും സുല്‍ത്താന്‍ ഹിന്ദു വേട്ടയ്ക്കയച്ചു. അവര്‍ 8000 ഹിന്ദു സൈനികരെ പിന്‍തുടര്‍ന്നു കൊന്നുവെന്നും 30 ആനകളെയും വന്‍തോതില്‍ കൊള്ളമുതലും സുല്‍ത്താനു മുന്‍പില്‍ സമര്‍പ്പിച്ചുവെന്നും ചരിത്രത്തില്‍ കാണുന്നു.
*
ഹിന്ദുവിന്റെ ചോര എത്ര കുടിച്ചാലും സുല്‍ത്താന്റെ ദാഹം ശമിക്കില്ല. കൊള്ളമുതല്‍ എത്ര കിട്ടിയാലും സുല്‍ത്താന്റെ ആര്‍ത്തി അടങ്ങുകയില്ല. പഞ്ചാബിലെ ആക്രമണം കഴിഞ്ഞ് ഗസ്‌നിക്കു മടങ്ങുന്നതിനു പകരം ഇനി എവിടെയാണ് നിധിശേഖരമുള്ള ഹിന്ദുക്ഷേത്രം എന്ന് അന്വേഷിക്കുകയാണ് സുല്‍ത്താന്‍ ചെയ്തത്. കൊള്ളയും അടിമവേട്ടയും ഗസ്‌നിസുല്‍ത്താന്റെ മാത്രമായ ഒരു സ്വഭാവവൈകൃതമാണെന്നു കരുതേണ്ടതില്ല. സുല്‍ത്താന്റെ മതം അറേബ്യയിലെ ഒന്നോ രണ്ടോ ഗോത്രങ്ങളില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന ചെറിയൊരു ആള്‍ക്കൂട്ടമായിരുന്ന കാലത്ത് എന്താണു ചെയ്തതെന്ന് ഡോ.ടി. ജമാല്‍ അഹമ്മദ് എഴുതിയ ‘അറബികളുടെ ചരിത്രം’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നതിങ്ങനെ:
“മദീനയില്‍ മടങ്ങിയെത്തിയ മുഹമ്മദ് ബനൂനദീര്‍ ഗോത്രക്കാര്‍ കരാര്‍ ലംഘിച്ചതുകൊണ്ട് എല്ലാ സമ്പത്തും ഉപേക്ഷിച്ച് അവര്‍ നാടുവിട്ടു പോകണമെന്ന് ആജ്ഞാപിച്ചു. അതിന് അവര്‍ വിസമ്മതിച്ചപ്പോള്‍ അവരുടെ സമ്പത്തെല്ലാം മുസ്ലീങ്ങള്‍ പിടിച്ചെടുക്കുകയും അവരെ നിര്‍ബന്ധിച്ച് നാടുകടത്തുകയും ചെയ്തു. മറ്റൊരു ജൂതഗോത്രമായ ബനൂഖുറൈസാകള്‍ ഖുറൈഷികളുമായി സഖ്യത്തിലേര്‍പ്പെട്ട് മുസ്ലീങ്ങള്‍ക്കെതിരായി ഗൂഢ പ്രവര്‍ത്തനങ്ങള്‍ നടത്തി. ആ ഗോത്രത്തില്‍പ്പെട്ട പുരുഷന്മാരില്‍ ഭൂരിഭാഗവും മുസ്ലീങ്ങളുടെ വാളിനിരയായി; സ്ത്രീകളും കുട്ടികളും അവരുടെ അടിമകളായി മാറി.”
അതുപോലെതന്നെ മുസ്ലീം ഭരണത്തിനു കീഴില്‍ വസിക്കുന്ന മറ്റു മതവിശ്വാസികളില്‍ നിന്ന് ‘ജസിയ’ എന്ന മതനികുതി ഈടാക്കിത്തുടങ്ങിയതും പ്രവാചകനായ മുഹമ്മദിന്റെ കാലത്തുതന്നെയെന്ന് പ്രസ്തുത പുസ്തകത്തില്‍ പറയുന്നു. അത് ഇപ്രകാരമാണ് :
“ക്രിസ്ത്യാനികള്‍ കൂട്ടമായി താമസിച്ചിരുന്ന അല്‍യെമന്‍ എന്ന പ്രദേശത്തും അവര്‍ക്കു പരിപൂര്‍ണ്ണമായ മതസ്വാതന്ത്ര്യവും സംരക്ഷണവും നല്‍കപ്പെട്ടു. അവരോടും മുഹമ്മദ് ഒരു കരാര്‍ ഉണ്ടാക്കി. അതിന്‍പ്രകാരം അവര്‍ നാല്പത് ദിര്‍ഹം വീതം വിലയുള്ള രണ്ടായിരം വസ്ത്രങ്ങള്‍ ഭരണകൂടത്തിനു നല്‍കേണ്ടിയിരുന്നു, അവരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും ശത്രുക്കളുടെ ആക്രമണം തടയുന്നതിനുമുള്ള ചെലവു വഹിക്കാനാണ് ഇത് ഈടാക്കിയിരുന്നത്.”
ഇന്ത്യയിലെ മുസ്ലീം ഭരണാധികാരികള്‍ മതനികുതി കൊടുക്കാതെ വീഴ്ച വരുത്തുന്ന ഹിന്ദു കുടുംബങ്ങളെ പിടിച്ചുകെട്ടി അടിമച്ചന്തയില്‍ വില്പന നടത്തി നികുതിപ്പണം വസൂലാക്കിയിരിക്കുന്നു.
കൊള്ളയ്ക്കു വിധേയമാക്കേണ്ട അടുത്ത ഹിന്ദുക്ഷേത്രത്തെക്കുറിച്ച് ചാരന്മാര്‍ മുഹമ്മദ് ഗസ്‌നിക്കു മുന്‍പില്‍ സമര്‍പ്പിച്ച വര്‍ത്തമാനം ഇങ്ങനെ.
ഹിമാലയത്തിന്റെ താഴ്‌വാരങ്ങളില്‍ ത്രിഗര്‍ത്തം എന്നൊരു രാജ്യമുണ്ട്. (മഹാഭാരതത്തില്‍ പരാമര്‍ശിക്കപ്പെടുന്ന അതേ ത്രിഗര്‍ത്തം തന്നെയാണ് ഇവിടെ സൂചിപ്പിക്കുന്നത്). രവി, ബീയെസ്, സത്‌ലജ് എന്നീ മൂന്നു നദികള്‍ ഒഴുകുന്നതുകൊണ്ട് ത്രിഗര്‍ത്തം എന്ന പേരുവീണു (ഇന്നത്തെ ഹിമാചല്‍ പ്രദേശ്). ത്രിഗര്‍ത്ത രാജവംശത്തിലെ രജപുത്ര രാജാക്കന്മാര്‍ പണിതീര്‍ത്തിട്ടുള്ള കാങ്ഗ്ര (Kangra) എന്ന കോട്ട ഭീമന്റെ കോട്ട എന്നാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. കോട്ടക്കുള്ളില്‍ വജ്രേശ്വരി മാതാ മന്ദിര്‍ എന്നൊരു ദുര്‍ഗ്ഗാക്ഷേത്രമുണ്ട്. നാഗര്‍കോട്ട് ക്ഷേത്രം എന്നും അറിയപ്പെടും. പാണ്ഡവര്‍ പണികഴിപ്പിച്ചിട്ടുള്ളതാണ് ഈ പര്‍വ്വതക്ഷേത്രം. ഹിമാലയത്തിന്റെ പൗരുഷഗാംഭീര്യവും ദുര്‍ഗ്ഗാമാതാവിന്റെ മസൃണവാത്സല്യവും പ്രസാദമായി ലഭിക്കുന്ന ഈ പര്‍വ്വതക്ഷേത്രം തേടി മഹാരാജാക്കന്മാരും മഹായോഗികളും എത്തുന്നു. അവര്‍ കയ്യിലുള്ളതെല്ലാം ദേവിക്കു സമര്‍പ്പിച്ചു മടങ്ങുന്നു.
“അങ്ങനെ ഒരയ്യായിരം വര്‍ഷത്തെ നിധിശേഖരം നാഗര്‍കോട്ട് ക്ഷേത്രത്തിലുണ്ട് തിരുമനസ്സേ.” ചാരന്‍ പറഞ്ഞു.
പട്ടുവിരിച്ച തല്പത്തില്‍ മടക്കിവച്ചിരുന്ന കറുത്തു മെലിഞ്ഞ കാലുകള്‍ നിവര്‍ത്തി ചാടി എഴുന്നേറ്റുനിന്ന് സുല്‍ത്താന്‍ സന്തോഷംകൊണ്ടു കൂവിപ്പോയി.
”നമ്മുടെ നിധി ഇക്കാലമത്രയും നമ്മെ കാത്തുകിടന്നു മുഷിഞ്ഞിട്ടുണ്ടാകും. അങ്ങോട്ടു പോകാന്‍ പിന്നെ എന്തിനു താമസം മാലിക് അയാസേ?”” സുല്‍ത്താന്‍ അക്ഷമനായി.
”മരുഭൂമിയില്‍ ജീവിച്ച നമ്മുടെ സൈന്യം ഹിമാലയത്തിലെ തണുപ്പില്‍ എത്തുമ്പോള്‍ വിറങ്ങലിച്ചുപോകും. വേണ്ടത്ര കമ്പിളി വസ്ത്രങ്ങള്‍ ശേഖരിച്ചുകൊണ്ടുപോകാനുള്ള താമസമേയുള്ളൂ തിരുമനസ്സേ.”” മാലിക് അയാസ് പറഞ്ഞു.
സുല്‍ത്താന്‍ ഉറക്കെ ചിരിച്ചു.
”താനെന്തൊരു ചെറുപയ്യന്‍ അയാസേ. അവിശ്വാസികളുടെ ദേശത്തുകൂടെ പത്തഞ്ഞൂറു നാഴിക പോകണ്ടയോ. വഴിക്കുള്ള സകല കമ്പിളിനെയ്ത്തുകാരേം കൊള്ള ചെയ്തങ്ങുപോയാല്‍ പോരേ..” പുതിയ ആശയം കിട്ടിയതുപോലെ മാലിക് അയാസിന്റെ മുഖം വിടര്‍ന്നു.
പട പുറപ്പെടാന്‍ പിന്നെ വൈകിയില്ല. ഹിന്ദുഹൃദയഭൂമിയില്‍ ഒരു ക്ഷേത്രധ്വംസകനെ ആരും പ്രതീക്ഷിക്കാതിരുന്നതുകൊണ്ട് ക്ഷേത്രത്തിനു കാര്യമായ കാവല്‍ ഇല്ലായിരുന്നു. എങ്കിലും സുല്‍ത്താന്റെ സൈന്യം ക്ഷേത്രത്തിന്റെ പരിസരത്ത് കണ്ടവരെയൊക്കെ കൊന്നു. സമീപഗ്രാമങ്ങള്‍ കൊള്ളചെയ്ത് ധാന്യങ്ങളും പശുക്കളെയും കടത്തിക്കൊണ്ടുവന്നു. അസ്ഥി പൊടിയുന്ന ഹിമാലയന്‍ തണുപ്പില്‍ ആഴികൂട്ടി അതിനു ചുറ്റുമിരുന്ന് തുര്‍ക്കിപ്പട തണുപ്പകറ്റി. പശുക്കളെ തീക്കുഴിയിലേക്കു തള്ളി ചുട്ടെടുത്തു ഭക്ഷിച്ചു.
കോട്ടക്കു മുകളില്‍നിന്ന് ഈ കാഴ്ചകള്‍ കണ്ട ബ്രാഹ്‌മണര്‍ ഭയ പാരവശ്യം കൊണ്ടു പരക്കം പാഞ്ഞു. രണ്ടുദിവസം കോട്ടവാതില്‍ തുറക്കാതെ അവര്‍ അകത്തുതന്നെ കഴിച്ചുകൂട്ടി. മൂന്നാംദിവസം തുര്‍ക്കിപ്പട സാമ്പിള്‍ വെടിക്കെട്ടുപോലെ നാഫ്ത മുക്കി തീകൊളുത്തിയ കുറെ പരുത്തി ഗോളങ്ങളും തീയമ്പുകളും കോട്ടക്കുള്ളിലേക്കു വിക്ഷേപിച്ചു. ഉല്‍കണ്ഠകൊണ്ടു വീര്‍പ്പുമുട്ടിയിരുന്ന ബ്രാഹ്‌മണര്‍ ഉടന്‍തന്നെ കോട്ടവാതില്‍ തുറന്നു. പതിവുപോലെ കണ്ണില്‍കണ്ട മനുഷ്യജീവികളെയൊക്കെ വെട്ടിക്കൊന്ന ശേഷം തുര്‍ക്കിപ്പട സുല്‍ത്താന്റെ ആഗമനത്തിനു വഴിയൊരുക്കി.
കലവറകള്‍ തല്ലിത്തുറക്കാനുള്ള കരുത്തന്മാരുമായി സുല്‍ത്താന്‍ കോട്ടക്കുള്ളിലെ ദേവീക്ഷേത്രത്തില്‍ പ്രവേശിച്ചു. പതിവുപോലെ വിഗ്രഹങ്ങളെല്ലാം അടിച്ചുതകര്‍ത്തു. അലങ്കാരപ്പണികളൊക്കെ ഇരുമ്പുമുനകള്‍ ഉപയോഗിച്ചു പൊളിച്ചുമാറ്റി.
പൗരാണികമായ നിധിയറകള്‍ തുറന്നപ്പോള്‍ സുല്‍ത്താന് ആര്‍ത്തിമൂത്തു ഭ്രാന്തുപിടിക്കുമെന്നു തോന്നി. ക്ഷേത്രത്തില്‍നിന്നു സുല്‍ത്താന്‍ കൊള്ളചെയ്ത അമൂല്യവസ്തുക്കളുടെ പട്ടിക ‘താരിഖ് ഇ യാമിനി’ എന്ന പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്.
7 ലക്ഷം സ്വര്‍ണനാണയങ്ങള്‍, 800 മൗണ്ട് തൂക്കംവരുന്ന (1 മൗണ്ട് 37 കിലോഗ്രാം) സ്വര്‍ണ, വെള്ളി പാത്രങ്ങള്‍, 200 മൗണ്ട് ശുദ്ധ സ്വര്‍ണം, 2000 മൗണ്ട് ശുദ്ധീകരിച്ച വെള്ളി, വ്യത്യസ്ത ഇനങ്ങളില്‍പെട്ട വജ്രക്കല്ലുകള്‍ 20 മൗണ്ട്.
ഗസ്‌നി സുല്‍ത്താന്റെ നാഗര്‍കോട്ട് ക്ഷേത്രധ്വംസനം അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി. സങ്കല്പത്തിലൊതുങ്ങാതിരുന്ന നിധിയുമായി അദ്ദേഹം ഉടന്‍തന്നെ ഗസ്‌നിയിലേയ്ക്കു മടങ്ങി. ഗസ്‌നി നഗരത്തിലെ പ്രദര്‍ശന മന്ദിരത്തില്‍ നാഗര്‍കോട്ടു ക്ഷേത്രത്തിലെ നിധികൂമ്പാരം മൂന്നുദിവസം പ്രദര്‍ശനത്തിനു വച്ചു. പാവപ്പെട്ട ജനങ്ങള്‍ മൂന്നുദിവസവും അതുകണ്ടു മനംകുളിര്‍ത്ത് അതുവഴി ചുറ്റിത്തിരിഞ്ഞു നടന്നുവത്രെ. നാഗര്‍കോട്ടു ക്ഷേത്രത്തിലെ സങ്കല്പത്തിനതീതമായ നിധിവേട്ടമൂലം ഹിന്ദുസ്ഥാനിലെ ക്ഷേത്രങ്ങള്‍ കൊള്ള ചെയ്യാനുള്ള സുല്‍ത്താന്റെ ആര്‍ത്തി കൂടുതല്‍ മൂര്‍ച്ചപ്പെട്ടുവെന്ന് ചരിത്രകാരന്‍ ഫെരിഷ്ഠ (Ferishta) എഴുതുന്നു.
താനേശ്വരത്തിന്റെ നാശം
എ.ഡി 1010 ല്‍ മുഹമ്മദ് ഗസ്‌നി ഹിന്ദുസ്ഥാനില്‍ മടങ്ങിവന്നു. ഇത്തവണ ഒരു പകപോക്കലാണ് ലക്ഷ്യം. രാജാ അനന്തപാലയെ മുള്‍ട്ടാനിലെ ഫത്തേ ദാവൂദ് ചതിച്ചുവെന്നും സുല്‍ത്താനു കീഴടങ്ങി സുന്നിവിശ്വാസം സ്വീകരിച്ചുവെന്നും അങ്ങനെ സുല്‍ത്താന്റെ കോപത്തിനു പാത്രമാകാതെ രക്ഷപ്പെട്ടെന്നും മുന്‍പു പറഞ്ഞിട്ടുണ്ട്. പക്ഷേ രണ്ടുലക്ഷം സ്വര്‍ണനാണയങ്ങള്‍ പ്രതിവര്‍ഷം കപ്പം കൊടുക്കുന്നതില്‍ ദാവൂദ് പരാജയപ്പെട്ടു. സുല്‍ത്താന്റെ പ്രതിനിധികള്‍ വന്നു ഭീഷണി മുഴക്കി. പക്ഷേ പണം സമാഹരിക്കാന്‍ ദാവൂദിന് കഴിഞ്ഞില്ല. കോപാക്രാന്തനായ സുല്‍ത്താന്‍ ഖൈബര്‍ ചുരമിറങ്ങി മുള്‍ട്ടാനിലേയ്ക്കു പടപുറപ്പെട്ടു. കാര്യമായ പ്രതിരോധമൊന്നും സുല്‍ത്താനു നേരിടേണ്ടിവന്നില്ല.
മുന്‍പ് സുല്‍ത്താന്‍ മുള്‍ട്ടാനിലെത്തിയപ്പോള്‍ ഇസ്മായിലികളും ഷിയാകളും സുന്നി വിശ്വാസത്തിലേയ്ക്കു മാറിയിരുന്നു. എന്നാല്‍ വീണ്ടും അവരൊക്കെ കരാമത്തുകള്‍ (വിശ്വാസഭ്രംശം സംഭവിച്ചവര്‍) ആയിത്തന്നെ തുടരുന്നതുകണ്ടു സുല്‍ത്താന്റെ രോഷം ഇരട്ടിച്ചു. അദ്ദേഹം ആദ്യംതന്നെ ദാവൂദിനെ തടവുകാരനാക്കി. തുടര്‍ന്ന് കരാമത്തുകളെ കൂട്ടക്കൊല ചെയ്യാന്‍ തുടങ്ങി. സുല്‍ത്താന്റെ ദര്‍ബ്ബാറിലേയ്ക്ക് ‘കുറ്റവാളികളെ’ ബന്ധിച്ച് കൊണ്ടുവന്നു. അവരൊന്നും കള്ളന്മാരോ പിടിച്ചുപറിക്കാരോ ആയിരുന്നില്ല. സുന്നി മുസ്ലീം വിഭാഗത്തില്‍നിന്നു മാറി എന്നുമാത്രമാണ് അവരുടെ കുറ്റം. ശിക്ഷ ഉടന്‍തന്നെ നിശ്ചയിക്കപ്പെട്ടു. അവരെ അംഗഹീനരാക്കണം. ചിലരുടെ ഒരു കൈ, മറ്റു ചിലരുടെ രണ്ടു കയ്യും മുറിച്ചുകളയാനായിരുന്നു വിധി. കൊട്ടാരത്തിന്റെ മുറ്റത്തുതന്നെ ഭീകരരൂപിയായ ഒരു അറബി കനത്ത വാളുമായി നില്ക്കുന്നുണ്ട്. അവന്റെ മുന്‍പില്‍ അരയൊപ്പം ഉയരത്തില്‍ ഇറച്ചിവെട്ടുന്ന തടി സ്ഥാപിച്ചിട്ടുണ്ട്. കൈകള്‍ മുറിച്ചുമാറ്റാന്‍ വിധിക്കപ്പെട്ടവരെ തുര്‍ക്കിസൈനികര്‍ പിടിച്ചുകൊണ്ടുവന്ന് അവന്റെ കൈകള്‍ ഇറച്ചിത്തടിയില്‍ ബലമായി വച്ചു കൊടുക്കും. ഒറ്റവെട്ടിന് കൈകള്‍ തെറിച്ചു താഴേയ്ക്കു വീഴും. തല വെട്ടാനുള്ളവരുടെ കഴുത്ത് ഇപ്രകാരം തന്നെ താഴേയ്ക്കു പിടിച്ചുവയ്ക്കുന്നു. അങ്ങനെ അറ്റുവീണ തലകളും കൈകാലുകളും ചൂഴ്‌ന്നെടുക്കപ്പെടുന്ന കണ്ണുകളുംകൊണ്ട് കൊട്ടാരമുറ്റം നിറയും. അംഗഹീനരാക്കപ്പെട്ട ആളുകള്‍ നിലവിളിച്ചുകൊണ്ട് ഓടുന്ന കാഴ്ചയാണ് ഹൃദയഭേദകം. ദാവൂദിനെ ബന്ധിച്ച് ഘോറിലെ ജയിലിലേക്കയച്ചു. അയാള്‍ പിന്നീടൊരിക്കലും പുറംലോകം കണ്ടില്ല. ജയിലില്‍ കിടന്നു മരിച്ചു.
ഹിന്ദുസ്ഥാനില്‍ താനേശ്വര്‍ എന്നൊരു സുപ്രസിദ്ധമായ ക്ഷേത്രമുണ്ടെന്ന് സുല്‍ത്താന്റെ ചെവിയില്‍ വാര്‍ത്തയെത്തി. നാഗര്‍കോട്ടില്‍നിന്നു കിട്ടിയതിലും അധികമായിരിക്കും താനേശ്വരത്തെ നിധിവേട്ട. സുല്‍ത്താന്റെ മോഹങ്ങള്‍ വാനോളം ഉയര്‍ന്നു.
ഡല്‍ഹിയില്‍നിന്നു 160 കി.മീ. വടക്കുമാറി കുരുക്ഷേത്ര ജില്ലയിലാണ് താനേശ്വര്‍. ഋഗ്വേദത്തില്‍ പരാമര്‍ശിക്കപ്പെടുന്ന സരസ്വതീനദിയുടെ തീരത്തു സ്ഥിതിചെയ്യുന്ന അതിപുരാതന ഹിന്ദു തീര്‍ത്ഥാടനകേന്ദ്രം. ഇന്നത്തെ ഹരിയാന സംസ്ഥാനത്താണ് താനേശ്വറിന്റെ സ്ഥാനം. ‘സ്ഥാനീശ്വര’ എന്ന സംസ്‌കൃതപദത്തില്‍ നിന്നു രൂപപ്പെട്ടതാണത്രേ താനേശ്വര എന്ന പേര്. അര്‍ത്ഥം ഈശ്വരന്റെ സ്ഥാനം’ എന്ന്.
എ.ഡി 7-ാം നൂറ്റാണ്ടില്‍ ഉത്തരേന്ത്യ മുഴുവനായും അടക്കിഭരിച്ചിരുന്ന വര്‍ദ്ധന രാജവംശത്തിലെ കീര്‍ത്തിമാനായ രാജാവ് ഹര്‍ഷവര്‍ദ്ധനന്റെ രാജധാനി ഇവിടെയായിരുന്നു. ഭാരതചരിത്രത്തിലെ നക്ഷത്രപ്പൊട്ടുകളായ ഹര്‍ഷചരിതവും അതിന്റെ രചയിതാവായ ബാണഭട്ടനും വിലസിയ രാജധാനി. കൊട്ടാരക്കെട്ടുകള്‍ നിലകൊണ്ടിരുന്ന ഒരു കിലോമീറ്റര്‍ നീളവും 750 മീറ്റര്‍ വീതിയും വരുന്ന തറ (Mount of Harsha) ഇപ്പോഴും അവിടെയുണ്ട്. കാട്ടുക്കൊള്ളക്കാരനായ സുല്‍ത്താന് പൗരാണിക സംസ്‌കാരമെന്നോ ചരിത്രമെന്നോ പറഞ്ഞാല്‍ എന്തു മനസ്സിലാകും!
സുല്‍ത്താന്‍ മുഹമ്മദിന്റെ നിരന്തരമായ ആക്രമണം മൂലം രാജ്യവും ശക്തിയും ക്ഷയിച്ച് ഒരു തുണ്ടു ഭൂമിയില്‍മാത്രം ഒതുങ്ങിപ്പോയെങ്കിലും ഹിന്ദുഷാഹിരാജാവ് അനന്തപാലയ്ക്ക് താനേശ്വറിന്റെ വിലയറിയാം. സുല്‍ത്താന്‍ വരുന്നു എന്നറിഞ്ഞ് അദ്ദേഹം അതീവ ദുഃഖിതനായി. പഞ്ചാബില്‍ തനിക്കു ശേഷിച്ചിട്ടുള്ള ചെറിയ നാട്ടുരാജ്യത്തുകൂടിയാണ് സുല്‍ത്താനു താനേശ്വരത്തേയ്ക്കു കടന്നുപോകേണ്ടത്. തന്റെ രാജ്യത്തിന്റെ പടിവാതിലില്‍ സൈന്യത്തെ എത്തിച്ചശേഷം സുല്‍ത്താന്‍ അനന്തപാലയ്‌ക്കൊരു സന്ദേശമയച്ചു.
”എന്റെ പട പോകുന്നത് താനേശ്വരത്തേയ്ക്കു മാത്രമാണ്. താങ്കളെ ആക്രമിക്കണമെന്നോ കൊള്ള ചെയ്യണമെന്നോ എനിക്കു യാതൊരുദ്ദേശ്യവുമില്ല. സ്വസ്ഥമായി എന്റെ സൈന്യം താങ്കളുടെ രാജ്യത്തുകൂടി കടന്നുപോകാന്‍ അനുവദിക്കുക. താങ്കളുടെ സൈന്യത്തില്‍ നിന്നു വിശ്വസ്തരായ ഏതാനുംപേരെ വഴികാട്ടികളായി എനിക്കു തരുക.”
ഈ സന്ദേശം കിട്ടിയപ്പോള്‍തന്നെ അനന്തപാല തന്റെ രാജ്യത്തെ വന്‍കിട കച്ചവടക്കാരെയെല്ലാം വിളിച്ചുകൂട്ടി ഇപ്രകാരം നിര്‍ദ്ദേശിച്ചു.
”സുല്‍ത്താന്റെ സൈന്യത്തിനു വേണ്ടത്ര ധാന്യം, ധാന്യപ്പൊടി, എണ്ണ, ഉപ്പ് അങ്ങനെ എന്തൊക്കെയാണോ ആവശ്യം അതെല്ലാം കൊടുക്കുക. ഒരു ചെറിയ നാണയം പോലും അതിന്റെ വിലയായി വാങ്ങരുത്.”
തുടര്‍ന്ന് അനന്തപാല തന്റെ സഹോദരന്റെ നേതൃത്വത്തില്‍ 2000 വരുന്ന കുതിരപ്പടയെ സുല്‍ത്താന്റെ സമീപത്തേയ്ക്കയച്ചു. ഒപ്പം കൊടുത്തയച്ച സന്ദേശം ഇപ്രകാരമാണ്.
”എന്റെ സ്വന്തം സഹോദരന്‍ നയിക്കുന്ന ഈ സൈന്യം അങ്ങയുടെ സേവനത്തിനുള്ളതാണ്. അങ്ങ് ആവശ്യപ്പെടുന്ന എന്തും അതുപടി നിര്‍വ്വഹിക്കുവാന്‍ ഈയുള്ളവന്‍ തയ്യാറാണ്. ഒപ്പംതന്നെ വിനയപൂര്‍വ്വം ഒരപേക്ഷ സമര്‍പ്പിച്ചുകൊള്ളട്ടെ. താനേശ്വരം ഞങ്ങളുടെ ഹൃദയമാണ്. ജീവനുള്ള മനുഷ്യരുടെ ഹൃദയം പറിച്ചെടുക്കുന്നതിനു തുല്യമാണ് അങ്ങ് താനേശ്വരം തകര്‍ക്കുന്നത്. മുസല്‍മാന്മാരുടെ വിശ്വാസത്തില്‍ ഹിന്ദുക്കളുടെ ആരാധനാവിഗ്രഹങ്ങള്‍ തകര്‍ക്കുന്നത് അനുഷ്ഠാനപരമായ ചടങ്ങാണെങ്കില്‍ അങ്ങ് നാഗര്‍കോട്ടു ക്ഷേത്രവും വിഗ്രഹങ്ങളും തകര്‍ത്തതിലൂടെ ആ ചടങ്ങ് നിര്‍വ്വഹിച്ചതായി കണക്കാക്കിക്കൂടേ? ഞങ്ങളുടെ ആചാര്യന്മാര്‍ ആയിരക്കണക്കിനു വര്‍ഷമായി ആരാധിക്കുന്ന താനേശ്വരത്തെ വെറുതെ വിട്ടുകൂടെ? പകരം ഈ പടനീക്കത്തിന് അങ്ങേയ്ക്കുണ്ടായ മുഴുവന്‍ ചെലവും ഈയുള്ളവന്റെ ഖജനാവില്‍നിന്നു തരാവുന്നതാണ്. താനേശ്വരത്തെ ജനങ്ങളുടെ മേല്‍ അങ്ങ് ഒരു പുതിയ നികുതി ചുമത്തിക്കൊള്ളൂ. അതു മുടക്കം വരാതെ പിരിച്ചുതരാമെന്ന് ഉറപ്പുതരുന്നു. കൂടാതെ എല്ലാവര്‍ഷവും 50 ആനകളെ വീതം അങ്ങയുടെ ദര്‍ബാറില്‍ ഈയുള്ളവന്‍ സമര്‍പ്പിച്ചുകൊള്ളാം. ദയവായി അങ്ങു ഞങ്ങളുടെ ക്ഷേത്രത്തെ ഒഴിവാക്കിയാലും.”
ഇത്രയും താഴ്മയോടെ ഒരു രാജാവു നടത്തുന്ന അപേക്ഷ നിരസിക്കുവാന്‍ ഭാരതത്തിലെ ഒരു ചക്രവര്‍ത്തിക്കുപോലും കഴിയുകയില്ല. എന്നാല്‍ ഒരുലക്ഷം ഔറംഗസേബുമാര്‍ ഒരു വ്യക്തിയിലേക്കു സന്നിവേശിച്ചാല്‍ എന്തായിത്തീരുമോ അതാണ് മുഹമ്മദ് ഗസ്‌നി. അയാള്‍ കൊടുത്ത മറുപടി ഇങ്ങനെ.
“മുസല്‍മാന്‍മാരുടെ മതത്തില്‍ എഴുതിവച്ചിട്ടുണ്ട് അവിശ്വാസികളുടെ ആരാധനാസ്ഥലം തകര്‍ക്കുന്നത് പ്രശംസാര്‍ഹമായ ഒരു പ്രവൃത്തിയാണെന്നും അങ്ങനെ ചെയ്യുന്നവര്‍ക്ക് അന്തിമവിധി ദിവസം പതിന്മടങ്ങായി പ്രതിഫലം ലഭിക്കുമെന്നും. ഹിന്ദുസ്ഥാനിലെ മുഴുവന്‍ വിഗ്രഹങ്ങളും ക്ഷേത്രങ്ങളും തകര്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അപ്പോള്‍ താനേശ്വരത്തേയ്ക്കു പോകുന്നതില്‍നിന്നും എന്നെ തടയാന്‍ എനിക്കെങ്ങനെ കഴിയും?”
തുടര്‍ന്ന് ഗസ്‌നിപ്പട മുന്‍പോട്ടുതന്നെ കുതിച്ചു. അന്ന് ഡല്‍ഹിയിലെ ഭരണാധികാരി ദുര്‍ബലനായ ഒരു രാജാവായിരുന്നു. സുല്‍ത്താന്റെ വരവിനെക്കുറിച്ച് അദ്ദേഹം അറിഞ്ഞപ്പോള്‍ തന്നെ വൈകി. സുല്‍ത്താന്റെ പെരുംപടയെ തടഞ്ഞുനിര്‍ത്താന്‍ തനിക്കാവില്ലെന്ന് അദ്ദേഹത്തിനറിയാം. ഒരു സംയുക്ത സൈന്യത്തിന്റെ രൂപീകരണത്തിനായി ഡല്‍ഹി രാജാവിന്റെ ദൂതന്മാര്‍ സമീപ രാജ്യങ്ങളിലേയ്‌ക്കെല്ലാം പാഞ്ഞു. പക്ഷേ അവര്‍ എന്തെങ്കിലും ചെയ്യുംമുന്‍പുതന്നെ സുല്‍ത്താന്‍ താനേശ്വരത്തെത്തി.
പ്രതിരോധമില്ലാതെ തുറന്നുകിടക്കുന്ന താനേശ്വരം ക്ഷേത്രനഗരമാണ് മുഹമ്മദ് ഗസ്‌നി കണ്ടത്. ആര്‍ത്തിപൂണ്ട ചെന്നായ്ക്കള്‍ പാഞ്ഞുകയറി. അവിടത്തെ മുഖ്യ വിഗ്രഹം ഒഴിച്ച് ഉപക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളെല്ലാം തല്ലി ഉടയ്ക്കാന്‍ സുല്‍ത്താന്‍തന്നെ നേതൃത്വം നല്‍കി. പ്രധാന വിഗ്രഹത്തെക്കുറിച്ച് മുഹമ്മദ് ഗസ്‌നി പറഞ്ഞു.
”അത് ഗസ്‌നിയിലേയ്ക്കു കൊണ്ടുപോകണം. എല്ലാവരും ചവുട്ടിക്കടന്നു പോകുന്നവിധം ജുമാമസ്ജിദിനു മുന്‍പില്‍ (ഫ്രൈഡേ മോസ്‌ക്ക്) നിരത്തില്‍ കുഴിച്ചിടണം.””