മലയാളിയെ സംസ്‌ക്കാര സമ്പന്നമായ ഒരു പന്ഥാവിലേക്ക് നയിച്ചത് വായനയാണ്. പി.എന്‍.പണിക്കര്‍ പതിനേഴാമത്തെ വയസ്സില്‍ സ്വന്തം ഗ്രാമത്തില്‍ ഒരു വായനശാല നട്ടുനനച്ചു വളര്‍ത്തിയതുകൊണ്ടാണ് നിലാവിന്റെ ഇതളുകള്‍ വിരിയുന്നതു പോലെ മല കളും, കുന്നുകളും, പുഴകളും താണ്ടി കേരളത്തില്‍ വായനശാലകളുണ്ടായത്. ആ നിലാവ് തൊട്ടുണര്‍ത്തിയ വായന ഇന്നെവിടെ? വായനയില്‍ നിന്ന് നമ്മുടെ കുട്ടികള്‍ വഴിതെറ്റിപോകുന്നത് എന്തുകൊണ്ടാണ്? അവരെ നേര്‍വഴിക്ക് നടത്താന്‍ നേര്‍രേഖ വരച്ചിടാന്‍ നമ്മുടെ ഭരണകൂടങ്ങള്‍ക്ക് സാധിക്കുന്നുണ്ടോ?
മാതൃഭാഷയെ ആഴത്തില്‍ കാണുന്ന ഭരണകൂടങ്ങള്‍ക്ക് മാത്രമേ വായനയെ രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കു. അവരുടെ സഹായത്തിന് തലച്ചോറുള്ള എഴുത്തുകാര്‍ വേണം. ഈ കൂട്ടരുടെ ശരീര ഭാഷയില്‍ നിന്ന് ഒരു മലയാളി വായിച്ചെടുക്കുന്നത് മാതൃഭാഷയെ മാനസികമായി സംഘര്‍ഷഭരിതമാക്കുന്നു. ഭാഷയുടെ സൗന്ദര്യം ആവിഷ്‌ക്കരിക്കുന്ന സാഹിത്യകാരനും ഭരണകര്‍ത്താവും ഒരേ മണിപീഠങ്ങളില്‍ നിന്നുകൊണ്ട് അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം പഠിപ്പിക്കുന്നു. ഈ സങ്കുചിത ചിന്തയാണ് മലയാള ഭാഷയെ ദുരന്തത്തി ലേക്ക് നയിക്കുന്നത്. ഭാഷയില്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന മൂല്യബോധ ചൂഷണം ആരും ഗൗരവമായി എടുത്തിട്ടില്ല. ഭാഷാസ്രോതസ്സിനുള്ളിലെ അന്തര്‍വാഹിനിയായി പ്രവര്‍ത്തിക്കേണ്ടവരാണ് സര്‍ഗ്ഗപ്രതിഭകള്‍. കേരളത്തിലും വിദേശത്തും ബുദ്ധിജീവികള്‍ പോലും മൗനികളാണ്. അവരുടെ മനോഭാവം അത്യാഗ്രഹിക്ക് ഉള്ളതുകൂടി ഇല്ലാതാകുമെന്നാണ്. മാതൃഭാഷയുടെ അന്തര്‍ലീനമായ സാധ്യതകളെ ലോകമെങ്ങുമെത്തിക്കാനാണ് ശ്രമിക്കേണ്ടത് അല്ലാതെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കും കൊട്ടിഘോഷിക്കപ്പെടുന്ന കുറെ പരിപാടികള്‍ക്കും നിറം കൊടുത്തു വാര്‍ത്തയാക്കുകയല്ല വേണ്ടത്. ഇങ്ങനെ പോയാല്‍ വായന മുരടിക്കും മലയാള ഭാഷക്ക് സാര്‍വ്വത്രികമായ പ്രചാരം ലഭിക്കില്ല. വിദേശ രാജ്യങ്ങളിലെ എത്ര മലയാളി കുട്ടികള്‍ക്ക് മലയാളം വായിക്കാനറിയാം?
വായന ഒരിക്കലും പൂര്‍ണ്ണമല്ല. അത് യാത്രപോലെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വായനയില്‍ക്കൂടി ലഭിക്കുന്ന അറിവ് ജീവിതത്തെ മൂല്യബോധത്തോടെ ചിട്ടപ്പെടുത്തിയെടുക്കാന്‍ വളരെ സഹായിക്കുക മാത്ര മല്ല അത് നമ്മെ എത്തിക്കുന്നത് ഉയരങ്ങളിലാണ്. ഈ രംഗത്ത് നമ്മള്‍ എത്ര മികവുള്ളവരായാലും നമ്മുടെ മനസ്സില്‍ ആഴത്തില്‍ വേരുറക്കുന്നതാണ് വായന. അത് ആര്‍ജ്ജിച്ചെടുത്തവരാണ് നമ്മള്‍ കണ്ടിട്ടുള്ള മഹാന്മാര്‍. ചിന്തകനായ കണ്‍ഫ്യൂഷ്യസ് പറയുന്നു.’ചിന്ത കൂടാതെയുള്ള പഠനം നിഷ്ഫലമാണ്.പഠനം കൂടാതെയുള്ള ചിന്ത അപകടകരവും. തെറ്റുകളില്‍ വീഴാതിരിക്കുന്നതിലല്ല വീഴ്ച്ചയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതി ലാണ് മനുഷ്യന്റെ മഹത്വം’. ഈ ചിന്താശകലങ്ങള്‍ നമുക്ക് തരുന്നത് വായനയാണ്. അതുകൊണ്ടാണ് ചിന്തകനായ പ്ലേറ്റോ പറഞ്ഞത് ‘തങ്ങള്‍ക്ക് മനസ്സിലാകാത്ത കാര്യങ്ങളെപ്പറ്റി, അനീതികളെപ്പറ്റി ആധികാരികമായി എഴുതുന്നവരാണ് സര്‍ഗ്ഗ സാഹിത്യകാരന്മാര്‍, കവികള്‍.
പി.എന്‍.പണിക്കര്‍ വായിച്ചുവളരാന്‍ നമ്മെ പഠിപ്പിച്ചത് നാം കാട്ടികൂട്ടുന്ന അറിവില്ലായ്മ, സാമൂഹിക രംഗത്തെ പാപ്പരത്വം കണ്ടുകൊണ്ടാണ്. മാര്‍ച്ച് ഒന്ന് 1909-ല്‍ നിലമ്പൂരിലാണ് അദ്ദേഹം ജനിച്ചത്. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവായി അദ്ദേഹം അറിയപ്പെടുന്നു. മലയാളഭാഷയുടെ പിതാവ് തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛന്‍, മലയാള പത്രപ്രവര്‍ത്തനത്തിന്റെ പിതാവ് ചെങ്കുളത്തു് കുഞ്ഞിരാമമേനോന്‍ ഇങ്ങനെ നല്ല നല്ല പിതാക്കന്മാരുടെ പാതകളാണ് നമ്മള്‍ പിന്തുടരുന്നത്. പി.എന്‍.പണിക്കര്‍ ഗ്രന്ഥശാല ആരംഭിക്കുന്നത് 1945-ലാണ്. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ‘വായിച്ചു വളരുക. അറിവ് നേടാനാണ് നാം വായിക്കുന്നത്’. ജൂണ്‍-19, 1995-ന് അദ്ദേഹം ഈ ലോകത്തോട് വിടപറയുമ്പോള്‍ 6000-ത്തിലധികം ഗ്രന്ഥശാലകള്‍ കേരളത്തിലെങ്ങും അദ്ദേഹംവഴി ഉടലെടുത്തു. മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ ഗ്രന്ഥശാല സംഘ ത്തിന്റെ സെക്രട്ടറിയായിരിന്നു. പിന്നീടത് കേരളസര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്ത്യയിലെ ആദ്യ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി തിരുവനന്തപുരത്താണ്. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറിയുള്ളത് കൊല്‍ക്കത്തയിലെ ആലിപ്പൂരിലാണ്. കേരളത്തിലാകമാനം ഒരു വിപ്ലവകരമായ സാമുഹ്യ സാംസ്‌ക്കാരിക മാറ്റമാണ് ഗ്രന്ഥശാലകള്‍ വഴി അദ്ദേഹമുണ്ടാക്കിയത്. 1975-ല്‍ യുനെസ്‌കോയുടെ ‘കൃപസ്‌കയ പുരസ്‌ക്കാരം’ ലഭിച്ചു. 2004-ല്‍ കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിന്റെ പേരില്‍ അഞ്ചു രൂപയുടെ പോസ്റ്റല്‍ സ്റ്റാമ്പ് ഇറക്കി ആദരിച്ചു. കേരളവും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ആത്മാവിനെ അറിവിന്റെ മൂല്യബോധത്തില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ തറക്കല്ലിട്ടവരാണ് നമ്മുടെ ആദിമ സര്‍ഗ്ഗപ്രതിഭകളായ വ്യാസമഹര്‍ഷി, വാല്മികിമഹര്‍ഷി തുടങ്ങിയവര്‍. ഇന്ന് ഇന്ത്യയുടെ മുക്കിലും മൂലയിലും എഴുത്തും വായനയുമില്ലത്ത ജനകോടികള്‍ ജീവിക്കുന്നു. മനുഷ്യമനസ്സിന്റെ ചാലക ശക്തിയാണ് വായന എന്നറിഞ്ഞിട്ടും ഇന്ത്യയുടെ ആത്മാവിനെ വരിഞ്ഞുമുറുക്കി ബോധപൂര്‍വ്വം പാവങ്ങളെ അറിവില്ലായ്മയുടെ പടുകുഴിയിലേക്ക് ഭരണകൂടങ്ങള്‍ തള്ളിവിടുന്നു. മനുഷ്യമനസ്സിന്റെ പ്രേരണകള്‍ ആത്മാവിന്റെ പാതയിലാണ് സഞ്ചരിക്കുന്നത്. അവര്‍ യാഥാര്‍ഥ്യത്തിലേക്ക് സഞ്ചരിക്കുമെന്നറിഞ്ഞിട്ടാണ് അവര്‍ക്ക് മതിയായ വായന സാഹചര്യങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിക്കാത്തത്. അറിവുള്ളവരായാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ മാത്രമല്ല ജാതിമതരാഷ്ട്രിയം കൂട്ടിക്കുഴച്ചുള്ള കച്ചവട ജനാധിപത്യവും അവസാനിക്കും. ഈ കൂട്ടരേ പാടി പുകഴ്ത്തുന്ന എഴുത്തുകാര്‍ക്ക് പ്രതിഫലവും കിട്ടുന്നുണ്ട്. അവരുടെ കര്‍ത്തവ്യബോധം മതരാഷ്ട്രീയ പ്രമാണിമാര്‍ക്ക് പണയം വെച്ചിരിക്കുന്നു. സത്യം പറയുന്നവന് അപകീര്‍ത്തി, ഭീഷണി, വെടിയുണ്ടകള്‍ ലഭിക്കുന്ന കാലമാണല്ലോ.
വായനയെ ഹൃദയത്തോടെ ചേര്‍ത്ത് പിടിച്ചു ജീവിക്കുന്നവരാണ് ബ്രിട്ടീഷു്കാര്‍. അതിന് അടിത്തറയിട്ടത് 1066-1087-ല്‍ ഇംഗ്ലണ്ട് ഭരിച്ച വില്യം ഒന്നാമന്‍ രാജാവാണ്. സമൂഹത്തില്‍ എഴുത്തും വായനയും അദ്ദേഹം നിര്‍ബന്ധമാക്കി. അതാണ് ബ്രിട്ടന്റെ ഓരോ കോണിലും ലൈബ്രറികള്‍ കാണാന്‍ സാധിക്കുന്നത്. ലോകമെങ്ങും ഇംഗ്ലീഷ് ഭാഷയും സാഹിത്യവും വളര്‍ത്തുന്നതില്‍ രാജകുടുംബത്തിന്റെ പങ്ക് വളരെ വലു താണ്. രാജകുടുംബത്തില്‍ നിന്ന് തന്നെ പല സാമൂഹ്യവിഷയങ്ങളെ കോര്‍ത്തിണക്കിയുള്ള ആദ്യ പുസ്തകം ‘ഡോമസ് ഡോ ഡേ’ പുസ്തകം പുറത്തിറങ്ങി. മാത്രവുമല്ല ബ്രിട്ടീഷ് അധീനതയിലുള്ള എല്ലാ രാജ്യങ്ങളോടും കര്‍ശനമായി അറിയിച്ചു. ‘ഇറങ്ങുന്ന ആദ്യ പുസ്തകം ഇംഗ്ലണ്ടിന് നല്‍കണം’. അങ്ങനെയാണ് ലോകത്തു് മുന്‍നിരയില്‍ നില്‍ക്കുന്ന ബ്രിട്ടീഷ് ലൈബ്രറിയില്‍ നമ്മുടെ മഹാഭാരതവും, രാമായണവും, മലയാളിയുടെ താളിയോല ഗ്രന്ഥങ്ങളും ഇന്ദുലേഖയൊക്കെ എനിക്കും കാണാന്‍ സാധിച്ചത്. ആ പൂര്‍വ്വപിതാക്കന്മാരുടെ പാത ഇന്നത്തെ ഭരണകൂടങ്ങളും പിന്തുടരുന്നു. ഒരു സമൂഹത്തിന്റെ വളര്‍ച്ചയില്‍ പ്രധാനപങ്കുള്ളവരാണ് ഭാഷാ രംഗത്തുള്ള സര്‍ഗ്ഗപ്രതിഭകള്‍. ഒരു ഭരണകൂടം എങ്ങനെ ഇടപെടുന്നുവെന്ന് ബ്രിട്ടന്‍ ഭരിച്ചിരുന്ന ഹെന്‍ഡ്രി എട്ടാമന്‍ രാജാവിനെ പഠിച്ചാല്‍ മതി. നമ്മുടെ ജവഹര്‍ലാല്‍ നെഹ്‌റു പഠിച്ച കേംബ്രിഡ്ജ് ഡ്രിനിറ്റി കോളേജ് സ്ഥാപിച്ചത് ഈ രാജാവാണ്. ലോകത്തു് ആദ്യമായി പാവപ്പെട്ട കുട്ടികളില്‍ നിന്ന് ഫീസ് വാങ്ങാതെ പഠിപ്പിച്ചു. അത് പല രാജ്യങ്ങള്‍ക്കും മാതൃകയായി മാറി. ആ കുട്ടത്തില്‍ ഒരു പാവപ്പെട്ട കുട്ടിയുണ്ടായിരുന്നു. ഗുരുത്വാകര്‍ഷണ സിദ്ധാന്തം കണ്ടുപിടിച്ച മഹാനായ ഐസക്ക് ന്യൂട്ടന്‍. ലൈബ്രറി തൂത്തും തുടച്ചുമാണ് അദ്ദേഹം ചിലവിനുള്ള കാശുണ്ടാക്കിയത്. അവധി ദിനങ്ങളില്‍ ഇവിടെ വന്നിരുന്ന് ധാരാളം വായിക്കുമായിരുന്നു. നമ്മുടെ എത്ര കുട്ടികള്‍ക്ക് ഇതിന് സാധിക്കുന്നു? നമ്മുടെ സ്‌കൂളുകള്‍, വായനശാലകള്‍ വഴി കുട്ടികള്‍ക്ക് പുസ്തകം ദാനമായി കൊടുത്താല്‍ വായനയിലവര്‍ ധനമുള്ളവരായി മാറും. വായന ഒരു മനുഷ്യനെ ഏറ്റവും കൂടുതല്‍ ഉയരങ്ങളിലെത്തിക്കുന്നതാണ്. മലയാളി വായനാദിനം ആചരിക്കുമ്പോള്‍ മലയാളിയുടെ വായന എത്രമാത്രം വികാസം പ്രാപിച്ചുവെന്ന് അഴിച്ചു പെറുക്കി അരിച്ചരിച്ചു പരിശോധിക്കുന്നത് നല്ലതാണ്. അത് വിശദീകരിക്കാനും വിശകലനം ചെയ്യാനും വായനയുടെ പുതിയ ദര്‍ശനതലങ്ങള്‍ നല്‍കാനും സാം സ്‌ക്കാരിക വകുപ്പ് തായ്യാറാകണം. അത് ഉയര്‍ത്തിക്കാട്ടാതെ വായനയെ ചൈതന്യധന്യമാക്കാന്‍ സാധിക്കില്ല.
ഒരു ദേശത്തിന്റെ വളര്‍ച്ചയും സാമൂഹ്യ സാംസ്‌ക്കാരിക പുരോഗതിയും കൈവരിക്കുന്നത് അറിവിലൂടെയാണ്. ആ അറിവ് കേരളം നേടിയിട്ടുള്ളത് പുസ്തകങ്ങളിലൂടെയാണ്. അതിന് നമ്മുടെ വായനശാലകള്‍ വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ ഓരോ വാര്‍ഡുകളിലും ഒരു ഗ്രന്ഥശാലയുണ്ടാക്കാന്‍ കേരള സര്‍ക്കാര്‍ മുന്നോട്ട് വരണം. മുന്‍പുണ്ടായിരുന്ന വായനാശീലം യൗവ്വനക്കാരില്‍ കുറഞ്ഞതുമൂലം നമ്മുടെ നാട്ടില്‍ ജാതിമത ചിന്തകള്‍,അന്ധത,അനീതി, അഴിമതി, വര്‍ഗ്ഗീയത, പണാധിപത്യം, അധികാരചൂഷണം തുടങ്ങിയ ധാരാളം ജീര്‍ണ്ണതകള്‍ കാണുന്നുണ്ട്. ഇതൊക്കെ സംഭവിക്കുന്നത് വായനയുടെ കുറവും വിജ്ഞാന യാപനം ഇല്ലാത്തതുമാണ്. ജനങ്ങളെ മദ്യപന്മാരാക്കി വളര്‍ത്താതെ അറിവില്‍ വളര്‍ത്തുകയാണ് വേണ്ടത്.
പുതിയ സാങ്കേതിക വിദ്യകള്‍ കണ്മുന്നില്‍ തുറന്നിടുമ്പോള്‍ വായന നമ്മില്‍ വികസിക്കുന്നുണ്ടോ എന്നൊരു ചോദ്യമുയരുന്നുണ്ട്. സാഹിത്യ സൃഷ്ടികള്‍ ആത്മാവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതാണ്. സമൂഹത്തില്‍ ചൂഴ്ന്നു നില്‍ക്കുന്ന ധാരാളം തിന്മകളുണ്ട്. ആ കൂട്ടരേ നശ്ശിപ്പിക്കാന്‍ മൂര്‍ച്ചയേറിയ ആയുധം ലോകചരിത്രത്തില്‍ സാഹിത്യമാണ്. ലോകത്തുണ്ടായ വിപ്ലവങ്ങള്‍ അതിനുദാഹരണങ്ങളാണ്. ആധുനികത അവകാശപ്പെടുന്നവര്‍ക്ക് ഇതിന് സാധിക്കുന്നുണ്ടോ എന്നത് ഒരു ചോദ്യചിഹ്നമാണ്. ആധുനികത്വത്തിന്റെ ചൈതന്യമുള്ള സൃഷ്ടികള്‍ ഇന്നല്ല ഇതിന് മുന്‍പും മലയാള ഭാഷക്ക് ലഭിച്ചിട്ടുണ്ട്. അത് ചൂഷണം, ഹിംസ, അനീതി, അന്ധതക്കെതിരെയുള്ള പോരാട്ടമായിരിന്നു.
പൗരാണികാലത്തായാലും ആധുനിക കാലത്തായാലും ആധുനികരായാലും അത്യാധുനികരായാലും ഒരു വ്യക്തിയുടെ മാഹാത്മ്യം നിലകൊള്ളുന്നത് അവന്റെ അറിവിലാണ്. അറിവുണ്ടാകണമെങ്കില്‍ നല്ല സാഹി ത്യകൃതികള്‍ വായിക്കണം. ഇന്നത്തെ സ്‌കൂള്‍ കുട്ടികളടക്കം ഇന്റര്‍നെറ്റില്‍ നിന്ന് പകര്‍ത്തുകയാണ്. വായിച്ചു പഠിക്കേണ്ടതില്ല. ഈ വിദ്യാവിവരണത്തിലൂടെ അറിവിനെ അളന്നെടുക്കാന്‍ സാധിക്കുമോ? ഇതിനെയാണോ ആധുനികതയെന്ന് വിശേഷിപ്പിക്കുന്നത്?
ഇംഗ്ലീഷ് സാഹിത്യകാരനായ ക്രിസ്റ്റഫര്‍ മോര്‍ളി പറയുന്നത്’പുസ്തകങ്ങളില്ലാത്ത മുറി ആത്മാവില്ലാത്ത ശരീരം പോലെയാണ്’.ഇവിടെയാണ് നമ്മുടെ ആത്മാവിനെ തട്ടിയുണര്‍ത്താന്‍ വായന പരസ്പ്പര സ്‌നേഹ ബഹുമാനത്തിന്റെ വക്താവായി മാറുന്നത്.കരുത്തുള്ള വാക്കുകള്‍ വേണമെങ്കില്‍ വായന വേണം.